ദയാ ദുർഗ: ഭാഗം 49

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

അഖിലേഷേട്ടന്റെ കയ്യിൽ നിന്നും ശ്രീയേട്ടനവളെ ഏറ്റു വാങ്ങിയ നിമിഷം...!! ആ നിമിഷം താനവളുടെ അമ്മയാണെന്ന് പോലും അറിയാതെ ചിന്തിച്ചു പോയി... പിന്നീടങ്ങോട്ട് ഓരോ ദിവസവും ആ പൊന്നിനെ സ്നേഹിക്കാനും , ഓമനിക്കാനും തന്റെ ഹൃദയം വെമ്പൽ കൊള്ളുകയായിരുന്നു... അവളെ ഓർത്ത്..... അവളുടെ കളി ചിരികളെയോർത്ത് മാത്രമാണ് തന്റെയോരോ ദിനങ്ങളും ആരംഭിക്കുന്നതും , അവസാനിക്കുന്നതും......!!! ""എന്താണ്... ഇത്രമാത്രം ആലോചിക്കാൻ??"" മിഴികൾ തുറന്ന് ചിന്തയോടെ തന്റെ നെഞ്ചിൽ തല ചായ്‌ച്ചിരിക്കുന്ന ദയയോടായി ശ്രീറാം ചോദിച്ചു.... ""ഒന്നുമില്ല...."" അവൾ അലസമായി മറുപടി നൽകി ശ്രീറാമിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി...തുടർന്നൊരു സംഭാഷണത്തിന് തനിക്കൊട്ടും താത്പര്യമില്ലെന്ന് ആ പ്രവർത്തിയിലൂടെ പറയാതെ പറഞ്ഞു..... ശ്രീറാമിനത് മനസ്സിലായി....അവൻ ദയയെ ഒന്നുകൂടെ തന്റെ നെഞ്ചിലേക്കടക്കി മുറുകെ പുണർന്നു ... അവന്റെ നീണ്ട വിരലുകൾ പ്രേമത്തോടെ അവളുടെ കറുത്ത തല മുടിയിലൂടെ ചലിച്ചു... ഇടയ്ക്കവ തിങ്ങി നിറഞ്ഞ മുടിയിഴകൾക്കിടയിലൂടെ അവളുടെ തലയോട്ടിയിലേക്കൂളിയിട്ടിറങ്ങി....

നേരം കടന്നിട്ടും നിധി മോളെ കുറിച്ചുള്ള ദയയുടെ ചിന്തകൾ അവസാനിച്ചില്ല... അവളെ തനിക്ക് സ്വന്തമായി വേണമെന്ന് അവളുടെ ഹൃദയം ശാഠ്യം പിടിച്ചു..... പിന്നീടുള്ള ഒരു മണിക്കൂർ അവൾ അത് തന്നെയാർത്ത് കൊണ്ടിരുന്നു.... നിധിമോളെ കൂടെ കൂട്ടിയാലുള്ള സൗഭാഗ്യങ്ങളെ കുറിച്ചും , ഭവിഷ്യത്തുക്കളെ കുറിച്ചും അവൾ തല പുകഞ്ഞാലോചിച്ചു.... എപ്പോഴോ കണ്ണുകളടഞ്ഞു പോയി.... മിഴി മൂടിയ ഇരുട്ടിലും ആ കുരുന്നിന്റെ പാൽ പുഞ്ചിരി അവളെ സന്തോഷിപ്പിച്ചു... എന്നും തുരു തുരെ ചുംബിക്കുന്ന അവളുടെ വെളുത്ത് ചുവന്ന കുഞ്ഞ് കൈതണ്ടയും , വിരലുകളും , കാൽപാദങ്ങളും മിഴിവുള്ള ചിത്രങ്ങളായി അവളിൽ വാത്സല്യം നിറച്ചു..... ഉച്ചയൂണും , വൈകുന്നേരത്തെ ചുടു ചായയും അവർ പുറത്ത് നിന്ന് കഴിച്ചു.... അവയോരോന്നും ദയക്ക് വളരെ പുതുമയുള്ള അനുഭവങ്ങളായിരുന്നു ... ഭക്ഷണം കഴിക്കാൻ കയറിയ ആഡംബര സൗധം അവളെ അതിശയപ്പെടുത്തി ... വിളമ്പിയ വിഭവങ്ങളെ കൗതുകത്തോടെ നോക്കി.... ഗോപികയും , കൈലാസ്സും, ശരണും ചേർന്ന് നിർബന്ധിച്ച് കഴിപ്പിച്ച ഭക്ഷണങ്ങൾ നാവിൽ പുതു രുചിയുണർത്തി......

അവർക്കൊപ്പം ഓരോ നിമിഷമാസ്വദിക്കുമ്പോഴും നിധി അവളിൽ വലിയൊരു നോവായി തങ്ങിനിൽപ്പുണ്ടായിരുന്നു..... തറവാട്ടിലെത്തിയപ്പോഴേക്കും അർദ്ധ രാത്രി കഴിഞ്ഞിരുന്നു.... ഉറങ്ങി കിടക്കുന്ന ദയയെയും , ഗോപുവിനെയും ശ്രീറാമും , കൈലാസ്സും ചേർന്ന് ഉണർത്താതെ ഇരു മുറികളിലാക്കി...... ദയയും ,ശ്രീറാമും ഒരു മുറിയിലും , തൊട്ടടുത്ത മുറിയിൽ കൈലാസും ഗോപികയും ശരണും ചേർന്ന് ആ രാത്രി നിദ്ര പൂകി ... 🦋🦋🦋 ദയ ഉറക്കമെഴുന്നേറ്റപ്പോൾ അരികിൽ ആരെയും കണ്ടില്ല... മന്ദിപ്പോടെ കണ്ണുകൾ തിരുമ്മി ചുറ്റും നോക്കിയപ്പോൾ അവൾക്ക് ബോധം നഷ്ടപ്പെടുമാറ് ഭയം തോന്നി.... സിദ്ധേട്ടന്റെ മുറി....!! വീണ്ടും താൻ കഴിഞ്ഞ കാലങ്ങളിലേക്ക് പറിച്ച് നട്ടുവോ...!! തനിക്ക് ചുറ്റുമുണ്ടായിരുന്നവരെല്ലാം ഹൃദയത്തെ കുളിരണിയിക്കുന്ന സുന്ദര സ്വപ്നത്തിലെ കഥാപാത്രങ്ങൾ മാത്രമായിരുന്നോ.....!! ഭ്രാന്തെടുത്തത് പോലെ മെത്തയിൽ നിന്നും പിടഞ്ഞെഴുന്നേറ്റവൾ പുറത്തേക്ക് പാഞ്ഞു..... കോണി പടികൾ ഓടിയിറങ്ങി ഇരുട്ട് പടർന്ന ഇടനാഴിയിലേക്ക് പ്രവേശിച്ച നിമിഷം കാലുകൾ പിടിച്ച് കെട്ടിയത് പോലെ അവളവിടെ സ്തംഭിച്ച് നിന്നു പോയി.... നേത്രഗോളങ്ങൾ ഭയചകിതമായി വലത് വശത്തെ മുറിയിലേക്ക് നീണ്ടു...

കുത്തിയൊലിക്കുന്ന മഴയുടെ ഇരമ്പലും , പാദസ്വര കിലുക്കവും , ഏതോ മനുഷ്യ മൃഗത്തിന്റെ അട്ടഹാസവും , അലറി കരച്ചിലും ഒരുപോലെ അവളുടെ കാതുകളിൽ മുഴങ്ങി..... കോണി കൂടിനടിയിലുള്ള ഒഴിഞ്ഞ ഇടത്തിൽ നിന്നും കറു കറുത്ത രോമങ്ങൾ നിറഞ്ഞ വണ്ണമേറിയ ഒരു കൈ നീണ്ടു വരുന്നത് പോലെ തോന്നിയ നിമിഷമവൾ കിതപ്പോടെ മുന്നോട്ട് ചലിച്ചു..... പിന്തിരിഞ്ഞു നോക്കി അടുക്കള വാതിൽക്കലെത്തിയ മാത്ര എതിരെ വന്ന ശ്രീറാമുമായി ദയ കൂട്ടി ഇടിച്ചു.... ഒരു നിമിഷം പോലും വൈകാതെ ശ്രീറാം പിന്നോക്കം മറിഞ്ഞു... അവനൊപ്പം അവളും..... ""എന്താണിത് ദുർഗ്ഗ??"" ഒരു കൈയ്യാൽ തലയുടെ പിൻവശമുഴിഞ്ഞ് , മറു കൈയ്യാൽ ദയയെ പിടിച്ചെഴുന്നേൽപ്പിച്ച് അല്പം കടുപ്പമായി തന്നെ ചോദ്യമെയ്തു ശ്രീറാം...... എന്നാൽ ദയയത് ശ്രദ്ധിച്ചില്ല.... പകരം ബുദ്ധി മന്ദിച്ചവളെ പോലെ അവനെ നോക്കി നിറ കണ്ണുകളോടെ വെറുതെ ചിരിച്ചു.. പിന്നീടുറക്കെ കരഞ്ഞു കൊണ്ടവനെ മുറുകെ പുണർന്നു..... ഹൃദയം നിലച്ച പോൽ ഒരു മാത്ര തറഞ്ഞ് നിന്നു ശ്രീറാം..... ""ഞാൻ പേടിച്ചു പോയി.....ഞാൻ തനിച്ചായെന്ന്......."" അവസാന വാക്കുകൾ വളരെ നേർത്ത് നിശബ്ദമായി .....

ശ്വാസം മാത്രം പുറത്തേക്ക് പ്രവഹിച്ചു..... ""ദുർഗ്ഗ....സങ്കടപ്പെടരുത്.....ഇവിടേക്ക് വരുന്നതിന് മുമ്പ് ഞാൻ പറഞ്ഞതൊക്കെ താൻ മറന്നു പോയോ??"" ശ്രീറാം കനിവോടെ അവളുടെ തലമുടിയെ തഴുകി , മൂർദ്ധാവിൽ സ്നേഹപൂർവ്വം ചുംബിച്ചു ..... ""നമുക്കിവിടെ വേണ്ട... പോകാം... വേറെ എവിടേക്കെങ്കിലും.... എന്നെ കൊണ്ട് പോകുമോ??"" പഴയത് പോലെ ദയ തീർത്തുമൊരു ഭീരുവായി മാറി.... ശബ്ദം ദുർബലമായി... ""പറ്റില്ല... ഇനിയുള്ള രണ്ടാഴ്ച്ച നമ്മളിവിടെ തന്നെയുണ്ടാകും ...."" ശ്രീറാം അറുത്ത് മുറിച്ചു പറഞ്ഞപ്പോൾ ദയയുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു... അതവന്റെ ഇടനെഞ്ചിലേക്ക് കുത്തിയിറങ്ങി..... ""എന്നും ഇത് പോലെ തുടർന്നാൽ മതിയോ ദുർഗ്ഗ?? ഭയമില്ലാതെ , മാനസിക സമ്മർദ്ദമില്ലാതെ ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കണ്ടേ നമുക്ക്?? കൂടെ ഞാനില്ലേ?? എന്നെ വിശ്വാസമില്ലേ തനിക്ക്??""" ശ്രീറാമവളുടെ വിടർന്ന കണ്ണുക്കളിലേക്കുറ്റ് നോക്കി..അവന്റെ പൗരുഷമാർന്ന സ്വരം ആർദ്രതയുള്ളതായി ..... ""എന്നേക്കാൾ....."" ദയയുടെ ശബ്ദമുറച്ചു... ശ്രീറാം നിറഞ്ഞ ചിരിയോടെ അവളുടെ ഇടത് കവിളിൽ ചുംബിച്ചു.... വലത് കയ്യുടെ തള്ള വിരലാൽ അവളുടെ നീണ്ട കഴുത്തിനൊരു വശത്ത് അനുരാഗത്തോടെ തഴുകി..... ദയ ഇക്കിളിയെടുത്ത് കുലുങ്ങി ചിരിച്ചു.... ശ്രീറാമിനെയത് രസിപ്പിച്ചു... ദുർഗ്ഗയുടെ നിറഞ്ഞ ചിരി...!! അതായിരുന്നു അവന്റെ സന്തോഷം... അവന്റെ ലോകം.....

തന്റെ പ്രണയത്തിലും പ്രണയിനിയിലുമടിമപ്പെട്ടു പോയൊരു മനുഷ്യനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അവന്റെ ചേഷ്ടകൾ... ദയയെ ചുറ്റിപിടിച്ചെടുത്തുയർത്തി ഇഷ്ടിക പാകിയ റാക്കിലേക്കിരുത്തി ശ്രീറാംവീണ്ടുമവളിൽ ചുംബനങ്ങൾ അർപ്പിച്ചു ..... വളരെ നേർമയിൽ അവന്റെ മീശ രോമങ്ങൾ ആ തുടുത്ത കവിളിലിട്ടുരച്ച് പിന്നെയും , പിന്നെയുമവളെ കുടു കുടെ ചിരിപ്പിച്ചു.... അല്പം മുമ്പേ കാണിച്ച വിഭ്രാന്തികളെ വിസ്മരിച്ച് ദയ അവന്റെ അധരങ്ങളുടെ ചൂടിൽ സ്വയം മറന്നു.. സ്പർശനങ്ങളിൽ തരളിതയായി.... ഇരുവരിലും പ്രണയമലതല്ലി... ഉപാദികളില്ലാത്ത... നിസ്വാർത്ഥമായ.... പ്രണയം....!! 🦋🦋🦋 ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു.... ദയയുടെ പരീക്ഷകളാരംഭിച്ചു.... വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിയ സ്കൂൾ മുറ്റത്തേക്ക് വീണ്ടുമവൾ ഒരു കുഞ്ഞിന്റെ ആവേശത്തോടെ , സന്തോഷത്തോടെ.. പ്രവേശിച്ചു.... അവളെ സ്കൂളിലെത്തിക്കുന്നതും , തിരികെ കൊണ്ട് വരുന്നതും കൈലാസ്സായിരുന്നു ..... ചില ദിവസങ്ങളിൽ ഗോപികയും അവർക്കൊപ്പം കൂടും.... തന്നേകൊണ്ടാവും വിധം ഓരോ പരീക്ഷകളിലും മികവ് പുലർത്താൻ ദയ ശ്രമിച്ചിരുന്നു ....ശക്തമായ പിന്തുണയുമായി ശ്രീറാമും അവൾക്കൊപ്പമുണ്ടായി.....

അവസാന പരീക്ഷയും കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ഉമ്മറപടിയിൽ ശ്രീറാമിനൊപ്പം അവൾ സിദ്ധാർഥിനെ കണ്ടു... അപ്രതീക്ഷിതമായ ആ കാഴ്ച്ചയിൽ ദയ നടുങ്ങി പോയി.... കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി.... ഇനിയീ ജന്മം കാണില്ലെന്ന് കരുതിയ വ്യക്തി..... അയാളുടെ അച്ഛനെ കൊന്നതിന്റെയും , കുടുംബം തകർത്തതിന്റെയും തീരാ പക നിശ്ചയമായും അയാൾക്ക് തന്നോടുണ്ടാകും....!! ദയയുടെ ഉടലൊന്നാകെ വിറച്ചു.... സിദ്ധാർഥിൽ നിന്നും രക്ഷ തേടാൻ മിഴികൾ പരിഭ്രാന്തമായി നാല് ഭാഗത്തേക്കും ധൃതിയിൽ സഞ്ചരിച്ചു .... ""ഇറങ്ങ് ദച്ചു..."" ദയയുടെ മുഖഭാവങ്ങളെല്ലാം വീക്ഷിച്ച് കൈലാസ് സൗമ്യമായി പറഞ്ഞു...... മറുപടിയായി അവൾ ഇല്ലെന്ന് തലയനക്കി.... അവനെത്ര തന്നെ നിർബന്ധിച്ചിട്ടും അവൾ ഇറങ്ങാൻ കൂട്ടാക്കിയില്ല...ഒടുക്കം ഗത്യന്തരമില്ലാതെ കൈലാസ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി ശ്രീറാമിനോട് കാര്യമവതരിപ്പിച്ചു... ""അയാൾ തന്നെ കാണാനാണ് ദുർഗ്ഗ വന്നിരിക്കുന്നത്..."" ദയ ഇരിക്കുന്ന വശത്തെ ഡോർ തുറന്ന് പിടിച്ച് ശ്രീറാം പറഞ്ഞു.... ""എ... എന്തിനാ??"" ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ സിദ്ധാർഥിനെ വലയം ചെയ്തു..

. അയാൾ കാറിലേക്ക് തന്നെ ഉറ്റ് നോക്കി നിൽക്കുന്നത് കാണെ ദയയിൽ ഭയമേറി..... ""തന്നോട് സംസാരിക്കാൻ....വാ...."" ""ഞാനില്ല.... എനിക്ക് പേടിയാ..."" ""അങ്ങനെയൊന്നും അല്ല ദുർഗ്ഗാ.. കമോൺ....താൻ അയാളെ ഫേസ് ചെയ്തേ പറ്റൂ.... വാ ..."" ശ്രീറാമവളെ നിർബന്ധിച്ച് പുറത്തിറക്കി..... പതിയെ സിദ്ധാർഥ് ദയക്കരികിലേക്ക് ചുവടുകൾ വച്ച് തുടങ്ങിയപ്പോൾ ഭയത്തിന്റെ മുൾമുനയിൽ നിന്നവളവനെ വീക്ഷിച്ചു.....ഒരു മുണ്ടും ഷർട്ടുമാണ് വേഷം.... ആളൊന്ന് മെലിഞ്ഞിട്ടുണ്ട്... അലക്ഷ്യമായി വളർന്നിരിക്കുന്ന താടിയും മുടിയും.... മുമ്പുണ്ടായിരുന്ന തേജസ്സോ , ഉശിരോ ആ മുഖത്തിപ്പൊഴില്ലെന്ന് അവൾക്ക് തോന്നി..... ""നീ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാനായിട്ടാ ഞാൻ..... ഉപദ്രവിക്കാനൊന്നും അല്ല...."" ശ്രീറാമിന്റെ മറവിലേക്ക് പതുങ്ങുന്ന ദയയെ നോക്കി സിദ്ധാർഥ് വല്ലായ്മയോടെ പറഞ്ഞു..... അവളവന്റെ കണ്ണുകളിലേക്ക് നോക്കി... അവ കലങ്ങി ചുവന്നിരിക്കുന്നു... ""ഞാൻ............. മാപ്പ്......."" സിദ്ധാർഥ് അവൾക്ക് മുന്നിൽ കൈകൾ കൂപ്പി.... അവന്റെ വാക്കുകളിൽ ദയയുടെ ചൊടികൾ പുച്ഛത്തോടെ ചുളിഞ്ഞു.... ""സ്വാതിയും , അമ്മയും വരാനിരുന്നതാ.. പക്ഷെ നിന്നെ ഫേസ് ചെയ്യാനുള്ള മടി കൊണ്ട്........"

"സിദ്ധാർഥ് വാക്കുകൾ അർദോക്തിയിൽ നിർത്തി.... ""അത് വളരെ നന്നായി....."" ഉള്ളിലുറഞ്ഞ് കൂടിയ ധൈര്യത്തിൽ ദയയുടെ നാവ് ചലിച്ചു..... ശ്രീറാമും , സിദ്ധാർഥും ഒരുപോലെ അവളെ അതിശയത്തോടെ നോക്കി... ""നീയും വരരുതായിരുന്നു......"" അവൾ വിദ്വേഷത്തോടെ തുറന്നടിച്ചു... സിദ്ധാർഥ് ചലനമറ്റ് നിന്നു.... ""ദയാ....ഞാൻ......"" ""ദുർഗ്ഗ......"" അവളവനെ തിരുത്തി..... ഇനിയൊന്നും പറയാനില്ലാത്തത് പോലെ സിദ്ധാർഥ് നിന്നുരുകി... ക്രൂരമായ ആത്മസംതൃപ്ത്തിയോടെ ദയയവനെ ഉറ്റ് നോക്കി പിന്നെ അകത്തേക്ക് കയറി പോയി ... സിദ്ധാർഥും , ശ്രീറാമും പരസ്പരം നോക്കി..... ""നാളെ ഞങ്ങൾ മടങ്ങും.....ഇനിയൊരിക്കലും കാണാനിടവരാതെയിരിക്കട്ടെ...."" സിദ്ധാർഥിന്റെ ചുമലിൽ തട്ടി ശ്രീറാമും പിന്തിരിഞ്ഞു നടന്നു.... ഇടയ്ക്കൊരു വേള നിന്ന് അവനെയൊന്ന് പിന്തിരിഞ്ഞു നോക്കി പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു... ""ആർക്ക് വേണ്ടി മാപ്പിരക്കാനായാലും ഇനിയവളെ തേടി വരരുത്.... അമ്മയോടും , സഹോദരിയോടും പറഞ്ഞേക്ക്.... ഒപ്പം അഴികൾക്കുള്ളിലായ തന്റെ അച്ഛനോടും.... നിങ്ങളിൽ നിന്നും പശ്ചാതാപമോ , പ്രായശ്ചിത്തമോ , കരുണയോ , സ്നേഹമോ അവൾക്കിനി വേണ്ടെന്ന് ഓർമയിൽ വച്ചോളൂ..... എന്നെങ്കിലും ഈ വാക്കുകൾ മറന്നാൽ ഈ നിമിഷം വരെ ഞാൻ കാണിച്ച മാന്യത പിന്നീടൊരിക്കലും എന്റെ പെരുമാറ്റത്തിൽ നിങ്ങൾ കാണുകയില്ല...."" സിദ്ധാർഥിന്റെ മറുപടിക്ക് കാതോർക്കാതെയവൻ ഉമ്മറ പടികൾ കയറി അകതളത്തിലേക്ക് പ്രവേശിച്ചു.... ചെയ്ത് പോയ അപരാധങ്ങളിൽ നീറിപുകയുന്ന മനസ്സുമായി സിദ്ധാർഥ് ആ നാല്കെട്ടിന്റെ വെളിയിലേക്കും.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story