ദയാ ദുർഗ: ഭാഗം 5

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ദയക്ക് സാവിത്രിയുടെ കണ്ണുകൾ തന്നെ ഉടലോടെ ചുട്ടെരിക്കുന്നത് പോലെ തോന്നി... അവൾ ഉമിനീർ കുടിച്ചിറക്കി ഇടം കണ്ണാലെ അവരെയൊന്ന് നോക്കി ഭീതിയോടെ പിന്തിരിഞ്ഞ് നിന്നു..... നിമിഷനേരത്തിനുള്ളിൽ സ്വാതിയും അടുക്കളയിലേക്കെത്തി...... """കണ്ണേട്ടൻ ന്താ ഇവിടെ നിൽക്കണത്??""" അവൾ സൗമ്യമായി ആരാഞ്ഞു..... ""ഒന്നുല്ല.... വെറുതെ......"' അയാൾ മിതമായ പുഞ്ചിരിയോടെ സ്വാതിക്ക് മറുപടി നൽകി..... തനിക്ക് നേരെ നീണ്ട കൈലാസിന്റെ പുഞ്ചിരിയിൽ അവൾ മതി മറന്ന് നിന്നു..... അയാളുടെ സൗന്ദര്യം ആ പെണ്ണിനെ അത്യധികം ആകർഷിച്ചിരുന്നു..... ദയ തിളപ്പിച്ചാറ്റിയ ചായ ഓരോ ഗ്ലാസ്സുകളിലേക്കായി പകർന്ന് ആദ്യം ഗോപുവിന് നൽകി.... പിന്നീട് ശരണിനും... കൈലാസിനരികിൽ എത്തിയപ്പോൾ സ്വാതി അവളിൽ നിന്നും ഗ്ലാസ്സ് വാങ്ങി കൈലാസിന് നേരെ നീട്ടി...... അവൻ നറു ചിരിയോടെ അത് വാങ്ങി ചുണ്ടോട് ചേർത്തു.... """എങ്ങനെയുണ്ട് കണ്ണേട്ടാ???""" ""നൈസ്...."" കൈലാസ് ഗ്ലാസ്സ് അല്പം പൊക്കി പുരികം ഉയർത്തി പ്രശംസിച്ചു.. സ്വാതിയുടെ കണ്ണുകൾ തിളങ്ങി...... ചുണ്ടുകൾ ഉത്സാഹത്തോടെ വിടർന്നു...

""സ്വാതി ചേച്ചി ഇത്രമാത്രം എക്സൈറ്റഡ് ആവുന്നതെന്തിനാ?? ഇത് ദച്ചു ഉണ്ടാക്കിയ ചായ അല്ലെ......???"" സ്വാതി ഉത്തരമില്ലാതെ ജാള്യതയോടെ കൈലാസിനെ നോക്കി..... എന്നാൽ അയാളുടെ കണ്ണുകൾ ദയയിലായിരുന്നു..... ദയ ആകട്ടെ ഇതൊന്നും കേൾക്കാതെയും , കാണാതെയും മറ്റേതോ ലോകത്തും....... ""ദച്ചു വാ...... കാലിന് വയ്യാത്തതല്ലേ... ഇവിടെയിങ്ങനെ അധികം നിൽക്കണ്ട.......""' കയ്യിലെ ഒഴിഞ്ഞ ഗ്ലാസ്സ് റാക്കിന് മീതെ വച്ച് കൈലാസ് അധികാരത്തോടെ ഇടത് കയ്യാൽ ദയയുടെ വലത്തെ കൈതണ്ടയിൽ കൈ ചേർത്തു...... അവൾ ഞെട്ടി അയാളിൽ നിന്നും കൈകൾ വേർപ്പെടുത്തി ..... കൈലാസിന്റെ പ്രവർത്തി രസിക്കാതെ സാവിത്രിയും സ്വാതിയും മുഷിച്ചിലോടെ പരസ്പരം നോക്കി... """വേ... വേണ്ടാ.....നിക്ക് കൊഴപ്പൊന്നുല്ല...... സാർ പൊയ്ക്കോളൂ......""" """സാറോ......??""" ഗോപികയുടെ ശബ്ദം കടുത്തു..... ദയ മറുപടിയൊന്നും പറയാതെ ദാവണി ശീലയ്ക്കറ്റം ചൂണ്ട് വിരലാൽ ചുഴറ്റി അങ്ങനേ നിന്നു..... അവൾക്കാകെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു....... എല്ലാവരിൽ നിന്നും അകന്ന് തന്റേതായ ലോകത്ത് ചുരുങ്ങി കൂടാനാണ്‌ അവൾക്കിഷ്ടം....

വർഷങ്ങളായുള്ള ശീലവും അത് തന്നെയാണല്ലോ .....!!! """ചിന്തിച്ച് നിൽക്കാതെ ഇങ്ങ് വന്നേ നീ..."'' ഗോപിക ദയയുമായി മുന്നോട്ട് നടന്നു..... പിന്നാലെ കൈലാസും , ശരണും.... സ്വാതി തന്റെ അമ്മയെ നോക്കി കണ്ണു നിറച്ചു..... തന്നെ വക വയ്ക്കാതെയുള്ള കൈലാസിന്റെയും , ഗോപികയുടെയുടെയും സമീപനം അവളെ വല്ലാതെ നോവിച്ചിരുന്നു.... ഒപ്പം തന്നേക്കാൾ ഏറെ അവർ ദയയെ പരിഗണിക്കുന്നതും കൂടെ കണ്ടപ്പോൾ ഉള്ളിലുള്ള നോവ് ആ സാധു പെണ്ണിനോടുള്ള അടങ്ങാത്ത വൈരാഗ്യമായി മാറി ......... ഗോപിക ദയയോടെന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു .... ചെന്നൈ നഗരത്തെ കുറിച്ചും , ജീവിത രീതികളെകുറിച്ചുമെല്ലാം അവൾ വാ തോരാതെ കഥകൾ പറഞ്ഞു.... ഇടയ്ക്കിടെ സ്വയം തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കും...... താത്പര്യം തോന്നിയില്ലെങ്കിലും ദയ തന്റെ അസ്വസ്ഥത പ്രകടിപ്പിക്കാതെ അവൾക്കൊപ്പം ഇരുന്ന് കൊടുത്തു..... കൈലാസ്സും ശരണും , തങ്ങൾ കൊണ്ട് വന്ന ബാഗിലെ വസ്ത്രങ്ങളും , സാധനങ്ങളും മുറിയിൽ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു ... ഇടയ്ക്കവർ ഗോപികയെ നോക്കും.... കുറച്ച് നേരമെങ്കിലും മൗനം പാലിച്ചൂടെ എന്നൊരു ധ്വനി ഓരോ നോക്കിലും കലർന്നിട്ടുണ്ടെന്ന് തോന്നി ദയക്ക്..... """മതിയാക്ക് ന്റെ ഗോപു..... അതിനെ ഒന്ന് വെറുതെ വിട് നീ......"""

ഗതിക്കെട്ടിട്ടാവണം.... , ശരൺ ദയനീയമായി പറഞ്ഞു...... ഗോപിക സംസാരം നിർത്തി ശരണിനെ കടുപ്പിച്ച് നോക്കി.... യാദൃശ്ചികമായി ദയയുടെ നോട്ടം ശരണിൽ നിന്നും കൈലാസിലേക്ക് നീണ്ടു.... ചുണ്ടിലൊരു പുഞ്ചിരിയുമായി അയാൾ ദയയെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നു....... അവൾക്കുള്ളാകെ അസുഖകരമായൊരു പരവേശം ഉടലെടുത്തു.... ദയ പതിയെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഗോപികയെ നോക്കി...... """ഞാൻ ചെല്ലട്ടെ... അവിടെ ഒരുപാട് ജോലി ണ്ട്.... ഉച്ചത്തേക്കുള്ളതൊന്നും ആയിട്ടില്ല......""" തിരിച്ചൊരു മറുപടിക്ക് കാത്ത് നിൽക്കാതെയവൾ വേഗത്തിൽ മുന്നോട്ട് നടന്നു..... പിന്നിൽ നിന്നും ഗോപുവിന്റെ വിളി കേൾക്കാം.... ചെവി നൽകിയില്ല.... പിന്തിരിഞ്ഞു നോക്കിയാൽ അവൾ പിടിച്ച് നിർത്തുമെന്ന് തീർച്ചയാണ്.....!! വാതിൽക്കലെത്തിയപ്പോൾ ദയ ഇടം കണ്ണാലെ കൈലാസിനെ ഒന്ന് നോക്കി.... ദയയിലേക്കുള്ള അയാളുടെ നോട്ടം അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല... എന്തിനാണിങ്ങനെ നോക്കുന്നതെന്ന് ചോദിക്കണമെന്നുണ്ട്..... പക്ഷേ മറ്റൊരാളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം മുട്ടിക്കാൻ ദയക്കറിയില്ലല്ലോ.... അതിനുള്ള ധൈര്യമുണ്ടായിരുന്നെങ്കിൽ ഈ വീട്ടിലുള്ളവരെല്ലാം എന്നേ തനിക്ക് മുന്നിൽ വാക്കുകളില്ലാതെ വിയർത്തേനെ.....!!

കോണി പടികൾ ഇറങ്ങുമ്പോൾ വേദനയാൽ കാലുകൾ വിറച്ചു.... അവൾ കൈ വരിയിൽ കൈകൾ അമർത്തി പിടിച്ച് ഓരോ പടികളായി സാവധാനം ഇറങ്ങി..... ഏറ്റവും താഴത്തെ പടിയിലേക്കിറങ്ങിയതും അരയിൽ ആരുടെയോ കണം കൈ മുറുകി... ഒപ്പം ചുണ്ടുകളെ അമർത്തി പൊതിഞ്ഞൊരു കൈ തലവും..... """ആളോളൊക്കെ ആയി... ഇനി വല്യമ്മാമയ്ക്കെപ്പോഴും ഈ ദയകുട്ടിയെ ഇങ്ങനെ കയ്യിൽ കിട്ടില്ല......""" കാതോരം രവീന്ദ്രന്റെ നേർത്ത വാക്കുകൾ മുഴങ്ങിയ നിമിഷം ദയ ഞെട്ടലോടെ ഒരു വേള നിശ്ചലയായി.... കണ്ണുകൾ പുറത്തേക്ക് തുറിച്ചു.... പരാജയപ്പെടുമെന്നറിഞ്ഞിട്ടും അവൾ എതിർക്കാനായി അയാളുടെ കൈപിടിയിൽ കിടന്ന് കുതറി കൈ കാലിട്ടടിച്ചു...... ""രവീന്ദ്രൻ അവളെയുമേന്തി കോണി കൂടിനുള്ളിലെ ഇരുട്ടിലേക്ക് മറഞ്ഞു നിന്നു..... ദയയുടെ പ്രതിരോധം അധികരിച്ചപ്പോൾ ക്രോധത്തോടെ അയാളുടെ നഖങ്ങൾ അവളുടെ ഉദരത്തിലാഴ്ത്തി ..... ദയയുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു ..... ചർമ്മം നീറി പുകഞ്ഞു.... """ശബ്ദിക്കരുത്........ അറിയാലോ നിനക്കെന്നെ........???""" അയാൾ ഭീഷണി മുഴക്കിയപ്പോൾ അവൾ നിശബ്ദയായി...... """നല്ല കുട്ടി...... അധികമൊന്നും വേണ്ട... ഇവരൊക്കെ പോകുന്നത് വരെ ഇടയ്ക്ക് നിന്നെ ഇങ്ങനെയൊന്ന് തലോടി സ്നേഹിച്ചാൽ മതി വല്യമ്മാമയ്ക്ക്.....

അതിന് നീ ഒന്ന് സഹകരിക്കണം......""" പറയുമ്പോൾ അയാളുടെ ഇടത് കൈ വിരലുകൾ അവളുടെ ശരീരത്തിലൂടൊഴുകി നടന്നു...... ചുണ്ടുകൾ കാമത്തോടെ അവളുടെ പിൻകഴുത്തിനെ രുചിച്ചു....... ദയക്കൊന്ന് ശബ്ദിക്കാൻ പോലുമായില്ല... അയാളുടെ വലത് കൈ വെള്ള അവളുടെ ചുണ്ടുകൾക്ക് മീതെ കഠിനമായി മറ തീർത്തിരുന്നു.... കണ്ഠത്തിൽ നിന്നുതിർന്ന തേങ്ങലുകൾ പോലും അയാളുടെ ഉള്ളം കയ്യിൽ തട്ടി ബലഹീനമായി പോയി...... എങ്കിലും രക്ഷയ്ക്കായി തന്റെ മെല്ലിച്ച കൈകൾ കൊണ്ടവൾ അയാളെ ആഞ്ഞാഞ്ഞ് പ്രഹരിച്ചു നോക്കി...... അപ്പോഴെല്ലാം അയാളുടെ കൈകൾ അവളുടെ ചർമ്മത്തിൽ തീവ്രമായ വേദനകൾ തീർത്ത് കൊണ്ടിരുന്നു.... കണ്ണുകൾ നിസ്സഹായതയോടെ അണ പൊട്ടിയൊഴുകി...... അവ രവീന്ദ്രന്റെ പുറം കയ്യെ നനച്ച് കുതിർത്തിട്ടും അയാൾക്കാ പെണ്ണിനോടൊരിറ്റ് അലിവ് പോലും തോന്നിയില്ല....... ഒരുപക്ഷെ അയാളിൽ ഒരു മനുഷ്യന്റെ ഹൃദയമുണ്ടായിരിക്കില്ല....!!! അല്പ നേരം കൈകളാൽ അവളെ കാമിച്ച ശേഷം രവീന്ദ്രൻ ദയയിലെ പിടി അയച്ച് മുന്നോട്ട് തള്ളി...... അവൾ നിയന്ത്രണം തെറ്റി തറയിലേക്ക് കമിഴ്ന്നടിച്ച് വീണു...... രവീന്ദ്രൻ ചുറ്റിലുമൊന്ന് കണ്ണോടിച്ച് ചൂണ്ട് വിരലാൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ വടിച്ചെടുത്ത് നടന്നകന്നു....

പോകുന്ന പോക്കിൽ വീണ് കിടക്കുന്ന ദയയെ പുച്ഛത്തോടെ നോക്കാനും അയാൾ മറന്നില്ല..... ദയ നിലത്ത് കൈകളൂന്നി എഴുന്നേറ്റ് മുറിയിലേക്ക് നടന്നു... അകത്തേക്ക് പ്രവേശിച്ച നിമിഷം തന്നെ വാതിൽ പൊളികൾ അടച്ച് കുറ്റിയിട്ട് മാറിൽ നിന്നും ദാവണി ശീല മാറ്റി മുറിക്കൊരു കോണിലേക്ക് വലിച്ചെറിഞ്ഞു.... മേനിയിലാകെ അയാളുടെ വിരലുകൾ തീർത്ത ക്ഷതങ്ങൾ ചുവന്ന് തിണർത്തിട്ടുണ്ട്... അല്പ നേരം നിസ്സംഗമായി നിന്നു പിന്നീട് ഉള്ളം കൈകളാൽ മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു... അയാളുടെ വിയർപ്പിന്റെ ദുർഗന്ധം തന്നിലേക്ക് പടർന്ന് പിടിക്കുന്ന പോലെ തോന്നി ദയക്ക്.... അവൾ വലത് കൈതലം കൊണ്ട് നെറ്റിയിൽ പ്രഹരമേൽപ്പിച്ച് ചുമരിലൂടൂർന്ന് നിലത്തേക്കിരുന്നു...... ഇത്തരമൊരു ദുർവിധി ഭൂമിയിലൊരു സ്ത്രീക്കും ഉണ്ടായിക്കാണില്ല....!!!! വേദനയോടെ ആ പെണ്ണിന്റെ ഹൃദയം നൂറായിരമാവർത്തി തന്റെ വിധിയേ പഴിച്ചു കൊണ്ടിരുന്നു..... അല്ലെങ്കിലും ചില സാഹചര്യങ്ങളിൽ മനുഷ്യർ അങ്ങനെയാണ്.... ഒന്നും ചെയ്യാതെ എല്ലാം വിധിയാണെന്ന് കരുതി പരിതപിക്കും..... പിന്നീടൊരുന്നാൾ അന്നെന്നെ കൊണ്ടൊന്നിനും കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഖേദിക്കും ......!!! ഏറെ നേരമവൾ ഓരോന്നൊക്കെയോർത്ത് കണ്ണുനീരൊഴുക്കി ഒരേ ഇരുപ്പിരുന്നു....

വാതിൽ പൊളികളിൽ ആരുടെയോ കൊട്ട് വീണപ്പോഴാണ് സ്വബോധത്തിലേക്ക് തിരികെയെത്തിയത്..... വേഗം എഴുന്നേറ്റ് അലമാര തുറന്ന് പിന്നി കീറിയ മറ്റൊരു ദാവണി ശീലയെടുത്ത് ചുറ്റി കണ്ണും മുഖവും അമർത്തി തുടച്ച് വാതിൽ തുറന്നു..... ചുമലിൽ വസ്ത്രങ്ങളുമായി ഇരു കൈകളും അരയിൽ താങ്ങി ഗോപിക നിൽക്കുന്നു... ""എനിക്കൊന്ന് കുളിക്കണായിരുന്നു...""" ""ഞാൻ...വെള്ളം ചൂടാക്കി കുളിമുറിയിൽ കൊണ്ട് വയ്ക്കാം......"" """അതൊന്നും വേണ്ട..... ഇവിടെ കുളമുണ്ടെന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട് .......'"" """കുളമൊന്നും ഇപ്പൊ ആരും ഉപയോഗിക്കാറില്ല..... മാത്രല്ല നല്ല ആഴള്ള കുളമാണ് ....""" ""അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം കുട്ടീ ...നീയൊന്ന് എന്റെ കൂടെ വന്നാൽ മതി....പ്ലീസ്....."" ഗോപിക ദയയുടെ കയ്യിൽ കൈ ചേർത്ത് ചിണുങ്ങി ....... സമ്മതമറിയിക്കുകയല്ലാതെ ദയക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.. അല്ലെങ്കിലും ആരെയും എതിർത്ത് ശീലമില്ലല്ലോ....!!!! മര പണിയിൽ തീർത്ത കുളക്കടവിലേക്കുള്ള വാതിൽ പൊളികൾ തള്ളി തുറന്ന് ദയയും ഗോപികയും ഉള്ളിലേക്ക് പ്രവേശിച്ചു.... അതി വിശാലമായ ചതുരാകൃതിയിലുള്ള കുളമായിരുന്നു അത്.... കുറച്ച് നേരം അവിടമാകെ നോക്കി കണ്ട് രണ്ട് പേരും നാലഞ്ച് പടവുകളിറങ്ങി ഒരിടത്തിരുന്നു......

""തനിക്കിവിടന്ന് കുളിച്ചൂടെടോ.....???""" പണ്ട് കുളിയും തേവാരവുമൊക്കെ ഇവിടെ നിന്ന് തന്നെയായിരുന്നു.... ഒരു ദിവസം കാവിലുത്സവം നടക്കണ സമയത്ത് പുലർച്ചെ കുളിക്കാൻ വന്നപ്പോ തനിക്ക് പിന്നാലെ ഒളിച്ചും പാത്തും വല്യമ്മാമയും ഉണ്ടായിരുന്നു... അന്ന് അയാളിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെയാണെന്ന് തനിക്ക് മാത്രമേ അറിയുള്ളൂ..... അതിന് ശേഷം ഈ വഴി വന്നിട്ടില്ല...... മനസ്സ് നിറയെ ഭീതിയാണ്... ഏത് നിമിഷമാണയാളുടെ കയ്യിൽ അകപ്പെടുന്നതെന്നറിയില്ല......!!! """താനെന്താ ഓർക്കുന്നത്???"" ദയയുടെ കാൽമുട്ടിൽ പിടിച്ച് കുലുക്കി ഗോപിക ചോദിച്ചു..... ദയ ഒന്നുമില്ലെന്നർത്ഥത്തിൽ തലയനക്കി... ""തനിക്കെന്തേലും വിഷമമുണ്ടോടോ??"" ഗോപികയുടെ ചോദ്യം കേട്ടപ്പോൾ ദയക്ക് തമാശ തോന്നി.. ദുരിത ചുഴിയിലകപ്പെട്ട് ശ്വാസം മുട്ടുന്നവളോട് വിഷമമുണ്ടോ എന്ന്....!!! """താനെന്താടോ ഇത്രമാത്രം ചിന്തിച്ചു കൂട്ടുന്നത്?""" ആ ചോദ്യത്തിനും മറുപടിയില്ലെന്ന് കണ്ടതും ഗോപിക മുഷിച്ചിലോടെ പടവിൽ നിന്നെഴുന്നേറ്റ് ഏറ്റവും താഴത്തെ പടിയിലേക്കിറങ്ങി കാലൊന്ന് നനച്ചു....

എന്നിട്ടൊറ്റ കുതിപ്പിന് കുളത്തിലേക്ക് ചാടി..... ദയ വെപ്രാളത്തോടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കുളത്തിലേക്കുറ്റ് നോക്കി ... ആഴമുള്ള കുളമാണ്..... നീന്താൻ പോലും അറിവുണ്ടാകില്ല......!! ""ഗോപികേ........"" ദയയുടെ നേർത്ത ശബ്ദം വിറ പൂണ്ടു ... അനക്കമൊന്നുമില്ലെന്ന് കണ്ടതും ദയ ഭയപ്പാടോടെ പടികൾ ഓടിയിറങ്ങി.... """ദേ ന്നെ പേടിപ്പിക്കല്ലേ ട്ടോ ....""" ചിലമ്പിച്ച ശബ്ദത്തിൽ അല്പം പരിഭവം കലർത്തി വീണ്ടും പറഞ്ഞു.... അടുത്ത നിമിഷം ഗോപിക മുങ്ങി നിവർന്ന് പടവിലേക്ക് നീന്തി കയറി... ""പേടിച്ച് പോയോ????"" പടവിലേക്കിരുന്നവൾ കുസൃതിയോടെ ചോദിച്ചു.... തിരികെ മറുപടിയായി ദയ ഒന്ന് മൂളി .... ആ നിമിഷവും അവളുടെ കൈ കാലുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു.. ഒരുപക്ഷെ അവൾ അത്രമേൽ ഭയപ്പെട്ട് കാണണം......!!!!!............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story