ദയാ ദുർഗ: ഭാഗം 7

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""ഏട്ടാ ഒരെണ്ണം കൂടെ...."" ഗോപു പറഞ്ഞപ്പോൾ കൈലാസ് ദയയിലെ പിടി ഒന്ന് കൂടെ മുറുക്കി..... ദയ ചുമലിളക്കി പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും അയാളവളെ വിടാതെ പിടിച്ചു..... """മ്മ്മ്.... എടുക്ക്.....""" ബുദ്ധിമുട്ടോടെയാണെങ്കിലും ദയ കൈലാസിനൊപ്പം ഇരുന്നു കൊടുത്തു..... ഫ്ലാഷ് മിന്നി തെളിഞ്ഞതിനടുത്ത നിമിഷമവൾ കൈലാസിന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് ധൃതിയിൽ രണ്ട് പടവുകൾ കയറി ഒരിടത്തായൊതുങ്ങി നിന്നു .... കൈലാസിൽ നിന്നും ശാരീരികമായൊരു അകലം..... അതായിരുന്നു അവളുടെ ആവശ്യം ...... ദയയുടെ ഒഴിഞ്ഞ് മാറ്റം കൈലാസിനെ പോലെ ഗോപികയും , ശരണും ശ്രദ്ധിക്കുകയുണ്ടായി .... ""ഞാൻ...... പോകുവാ....."""

എന്നത്തേയും പോലെ മുഖം കുനിച്ച് രണ്ട് വാക്കുകളിൽ സംഭാഷണമൊതുക്കി ദയ പടിക്കെട്ടുകൾ ഓടി കയറി തിരികെ വീട്ടിലേക്ക് നടന്നു....... ഗോപിക പലവുരു വിളിച്ചെങ്കിലും ദയയൊന്ന് പിന്തിരിഞ്ഞ് നോക്കാൻ പോലും കൂട്ടാക്കിയില്ല..... """ഈ കുട്ടിയെന്താ ഇങ്ങനെ??""" ശരൺ ശബ്ദം താഴ്ത്തി ഗോപിക‌യെ നോക്കി ചോദിച്ചു.... """"എനിക്കറിയില്ല........ ഒരു പ്രത്യേക സ്വഭാവമാണ് അവൾക്ക്...""" ഗോപികയുടെ സ്വരത്തിൽ നിരാശ.... കൈലാസിന്റെ മുഖവും മ്ലാനമായിരുന്നു.... അയാൾക്ക് ദയയോട് അടുക്കണമെന്നുണ്ട്... കല്പടവുകളിൽ അവളോട് ചേർന്നിരുന്ന് വാ തോരാതെ സംസാരിക്കണമെന്നും , പ്രണയം പങ്കിടണമെന്നുമുണ്ട്..... പക്ഷേ ദയയുടെ സമീപനം കൈലാസിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു... തിരികെ നടക്കുന്നതിനിടയിൽ ദയ കൈലാസിനെ കുറിച്ചോർത്തു..... അയാളുടെ വാക്കിലും , നോക്കിലും , പ്രവർത്തിയിലുമെല്ലാം എന്തൊക്കെയോ അസ്വഭാവികത തോന്നുന്നു ...

തന്നിലേക്കൊരു കടന്നു കയറ്റം അയാൾ ആഗ്രഹിക്കുന്നുണ്ടോ??? വല്യമ്മാമയെ പോലെ തന്നെയായിരിക്കുമോ അയാളും ......!!! അവൾക്ക് പേടി തോന്നി അതിനനുശ്രിതമായി കാലുകൾക്ക് വേഗതയുമേറി.... അടുക്കളപ്പുറത്ത് ചുമരിൽ ചാരി വല്യമ്മ നിൽപ്പുണ്ട്.... അവർക്കിരുവശത്തുമായി സിദ്ധേട്ടനും , സ്വാതിയും..... ഇന്നൊരങ്കം ഉറപ്പാണ്..... രണ്ട് ദിവസം മുമ്പ് ഇനി ഗോപികയുടെയോ , കണ്ണേട്ടന്റെയോ കൂടെ തന്നെ കണ്ട് പോകരുതെന്ന മുന്നറിയിപ്പ് സ്വാതിയുടെ വക കിട്ടിയിരുന്നു........ ഒപ്പം അടുക്കളക്കാരി വീട്ടുക്കാരിയാകാൻ ശ്രമിക്കരുതെന്ന താക്കീതും...... """എന്താടി അസത്തെ നീ അവിടെ നിന്ന് താളം ചവിട്ടുന്നത്???....."""

മുറുകിയ മുഖത്തോടെ സാവിത്രി ആക്രോശിച്ചു ... ദയയ്ക്കുള്ളിൽ ഭീതി നിറഞ്ഞു.... കൈ കാലുകൾ വിറച്ച് തുടങ്ങി.... സാവിത്രിയേക്കാൾ അവൾക്ക് ഭയം സിദ്ധുവിനെയാണ്.... അയാൾ യാതൊരു ദാക്ഷണ്യവുമില്ലാതെ ശരീരം നോവിപ്പിക്കും..... പലപ്പോഴും ചത്ത് പോകുമെന്ന് തോന്നിയിട്ടുണ്ട്..... പക്ഷേ മരണത്തിന്റെ വക്കിലെത്തുമ്പോൾ ജീവിതത്തിലേക്ക് പിടിച്ച് കയറ്റും..... അത് തന്നോടുള്ള കാരുണ്യമോ , സ്നേഹമോ ഒന്നുമല്ല.... ദയ ചത്തൊടുങ്ങിയാൽ പിന്നെ കൈത്തരിപ്പ് തീർക്കാൻ മറ്റൊരു ശരീരം അമ്മയ്ക്കും മക്കൾക്കും ഈ വീട്ടിൽ കിട്ടില്ലല്ലോ.... ഈ വീട്ടിലോ.....!!! മ്മ്ഹ്...ഈ ദേശത്തുണ്ടാകുമോ തന്നെ പോലെ നിവർത്തിക്കെട്ടൊരു പെണ്ണ്....?? ഈ ഭൂമിയിലുണ്ടാകുമോ ഇത്രത്തോളം സഹനശക്തിയുള്ളൊരു പെണ്ണ്......?? ഉണ്ടാകില്ല.....!!

ചിന്തിച്ചു നിൽക്കെ സിദ്ധാർഥിന്റെ കൈ വിരലുകൾ ദയയുടെ മുടിയിൽ മുറുകി.... ""നിന്നോട് പറഞ്ഞതല്ലേ അവർക്കൊപ്പം നിന്നെയിനി കണ്ട് പോകരുതെന്ന്....."" ദയയെ അന്വേഷിച്ചെത്തിയ ഗോപിക സിദ്ധാർഥിന്റെ ഗാംഭീര്യമാർന്ന സ്വരം ശ്രവിച്ച് ഒരുവേള നിന്നു..... അയാൾ ദയയെ ഉപദ്രവിക്കുകയാണെന്ന് മനസ്സിലായതും അവൾ അവർക്കരികിലേക്ക് പാഞ്ഞു... ""സിദ്ധാർഥേട്ടാ ......"" ഗോപിക ശാസനയോടെ ഉറക്കെ വിളിച്ചു...... സിദ്ധാർഥ് ദയയിൽ നിന്നും കൈകൾ വേർപ്പെടുത്തി ഈർഷ്യയോടെ ഗോപികയെ നോക്കി.... ഗോപികയുടെ മുഖം ക്രോധത്താൽ ചുവന്നിരുന്നു ...... """നിങ്ങളാരാ ഇവളെ ഉപദ്രവിക്കാൻ?? ഹേ??"""

അവൾ കൂസലേതും കൂടാതെ തന്റേടത്തോടെ അയാൾക്ക് നേരെ ശബ്ദമുയർത്തി..... സിദ്ധാർഥിന്റെ കണ്ണുകൾ മിഴിഞ്ഞു.... ഗോപികയിൽ നിന്നും അത്തരമൊരു നീക്കമോ , നേർക്കുനേർ നിന്നൊരു ചോദ്യമോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല.... """മോളെ ഇവിടെ ഒരുപാട് ജോലിയുള്ളപ്പോ ഇവൾ.......""" സാവിത്രി മകന് വക്കാലത്തുമായി എത്തി..... ""വല്യമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ദച്ചു ഈ വീട്ടിലെ വാല്യക്കാരിയല്ലെന്ന്.... ഞാനാ ദച്ചുവിനെ ഞങ്ങൾക്കൊപ്പം കൂട്ടിയത്... ആർക്കെങ്കിലും എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് പറഞ്ഞ് തീർക്കാം......മനസ്സിലായോ??""" മറുപടിയായി ആരും ഒന്നും മിണ്ടിയില്ല..... """വാ ഇങ്ങോട്ട്......."""

മൂകമായി തല കുനിച്ച് നിൽക്കുന്ന ദയയെ പിടിച്ചു വലിച്ചവൾ അകത്തളത്തിലേക്ക് കയറി പിന്നീട് പിന്തിരിഞ്ഞ് എല്ലാവരെയുമൊന്ന് നോക്കി ..... """ഇനി മുതൽ ദച്ചു ഈ വീട്ടിലെ അടുക്കളയിൽ കയറുമെന്ന് ആരും പ്രതീക്ഷിക്കണ്ട...... ആരും.........""" അവസാന വാചകം അത്രയേറെ ഉറപ്പോടെ , വാശിയോടെ അവൾ സാവിത്രിയെ നോക്കി പറഞ്ഞ് ദയയുമായി മുന്നോട്ട് നടന്നു ..... മുറിയിൽ പ്രവേശിച്ച ഉടനെ വാതിൽ പൊളികൾ വലിച്ചടച്ച് ഗോപിക ദേഷ്യത്താൽ ദയ‌യെ നോക്കി , ശേഷം ഒന്നും മിണ്ടാതെ അടുത്തുള്ള കസേരയിലേക്കിരുന്ന് മിഴികൾ മൂടി .... ദയ ഗോപികയെ തന്നെ ഉറ്റ് നോക്കി ഒരേ നിൽപ്പ് നിന്നു ...... അവൾക്ക് ഗോപികയോടെന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്....

പക്ഷേ എവിടെ തുടങ്ങുമെന്നോ... എങ്ങനെ പറയുമെന്നോ ... , എന്താണ് പറയേണ്ടതെന്നോ... , തുടങ്ങി ഒരുപാട് സംശയങ്ങൾ ....!!! ബുദ്ധിയുറച്ച പ്രായം മുതൽ ആരോടും ഉള്ളിലുള്ളതൊന്നും തുറന്ന് പറഞ്ഞിട്ടില്ല..... കേൾക്കാനായി ഈ വീട്ടിലാരും ശ്രമിച്ചിട്ടുമില്ല......... ""എന്താ ദയാ നിന്റെ പ്രശ്നം????""" തമ്മിൽ പുണർന്ന മിഴിയിമകളെ വേർപ്പെടുത്താതെ ഗോപിക ദയക്ക് നേരെ ചോദ്യമുതിർത്തു..... തമ്മിൽ കണ്ട നിമിഷം മുതൽ ദച്ചു എന്ന് മാത്രം അഭിസംബോധന ചെയ്തവൾ ഇന്നാദ്യമായി തന്നെ ദയ എന്ന് വിളിച്ചിരിക്കുന്നു....!!! ദയക്ക് വല്ലാതെ വിഷമം തോന്നി..ഒപ്പം കണ്ണുകളും നിറഞ്ഞു... ""ഞാൻ ചോദിച്ചത് നീ കേട്ടില്ലേ??"""

ഗോപിക അരിശത്തോടെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു.... അപ്പോഴും ദയ മറുപടിയില്ലാതെ മുഖം കുനിച്ച് അതേ നിൽപ്പായിരുന്നു... ഗോപികയുടെ ക്രോധം അതിന്റെ ഉച്ചസ്ഥായിലെത്തി.... ""എന്ത് ചോദിച്ചാലും ഇങ്ങനെ പൊട്ടിയെ പോലെ നിന്നോളണം.... ഇറങ്ങി പോ എന്റെ മുറീന്ന്....""" ഗോപിക ശബ്ദമുയർത്തിയപ്പോൾ ദയ വിറച്ചു പോയി .... ഉള്ളിലെ സങ്കടങ്ങൾ അതിര് ലംഗിച്ച് പുറത്തേക്ക് പ്രവഹിച്ചു .......... ""ഞാൻ..........."" വിതുമ്പലോടെ പറഞ്ഞ് തുടങ്ങിയതും വാതിൽ തള്ളി തുറന്ന് ശരണും കൈലാസ്സും അകത്തേക്ക് പ്രവേശിച്ച് ദയയെയും , ഗോപികയേയും മാറി മാറി നോക്കി.... """എന്താ ഗോപു.....എന്ത് പറ്റി???എന്തിനാ നീ ഒച്ചയെടുത്തത്.....??"""

ശരൺ അല്പം വേവലാതിയോടെ ഗോപികയോടായി ചോദിച്ചു... അവളപ്പോഴും കലിയടങ്ങാതെ ദയയെ നോക്കി ദഹിപ്പിക്കുകയായിരുന്നു .... ഗോപികയുടെ കണ്ണുകളെ നേരിടാനാകാതെ ദയ മെല്ലെ മുറിയിൽ നിന്നും പുറത്തേക്ക് കടന്നു... വേഗത്തിൽ കോണിപടികൾ ഓരോന്നായി ഇറങ്ങി തന്റെ മുറിക്ക് മുമ്പിലെത്തിയപ്പോൾ വാതിൽക്കൽ രവീന്ദ്രൻ നിൽക്കുന്നു..... അയാൾ ദയയെ നോക്കി പുഞ്ചിരിച്ചു.... ""വാ മോളെ.....വല്യമ്മാമയ്ക്ക് നിന്നോട് ലേശം സംസാരിക്കാനുണ്ട്......""" ദയ ഇല്ലെന്ന് തലയാട്ടി പിന്തിരിഞ്ഞോടാൻ തുനിഞ്ഞതും ദാവണി ശീല തുമ്പിൽ അയാളുടെ പിടി വീണു..... """ഈ വല്യമ്മാമേടെ കയ്യീന്ന് ദയ കുട്ടി രക്ഷപെടില്ലെന്ന് അറിഞ്ഞൂടെ???"""

അയാളവളെ വലിച്ച് തന്റെ ദേഹത്തോട് ചേർത്ത് നിർത്തി ഇറുകെ പുണർന്നു... ""കയ്യെടുക്കെടാ ചെറ്റേ....."" ക്രോധത്തോടെ ഉറക്കെ അലറിയവൾ കൈ മുട്ടിനാൽ അയാളുടെ വയറിൽ ആഞ്ഞൊരു പ്രഹരമേൽപ്പിച്ച ശേഷം ഇടനാഴിയിലേക്ക് തള്ളി........ രവീന്ദ്രൻ നിലത്തേക്ക് മലർന്നടിച്ച് വീണു.... ദയയുടെ പ്രഹരമേൽപ്പിച്ച കഠിനമായ വേദനയിൽ അയാൾക്കൊന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.... മാറിൽ നിന്നും ഊർന്നു പോയ ദാവണി ശീല മുറുകെ ചുറ്റിയവൾ രവീന്ദ്രനെ നോക്കി..... പെട്ടന്നുള്ള പ്രേരണയിൽ ചെയ്തു പോയതാണ്.... അയാൾ എഴുന്നേൽക്കും മുമ്പേ രക്ഷപ്പെടണം..... ഇല്ലെങ്കിൽ ഇനിയൊരു അതിജീവനം അസാധ്യമായിരിക്കും......!! ദയ ഉടനടി മുറിക്കുള്ളിലേക്ക് കയറി വാതിൽ പൊളികൾ അടച്ച് കുറ്റിയിട്ടു....

""ഡീ... നിന്നെ എന്റെ കയ്യിൽ കിട്ടും....... കുറിച്ച് വച്ചോ നീയി......"" രവീന്ദ്രൻ വാതിൽ പൊളിയോട് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി ദയക്ക് മുന്നറിയിപ്പ് നൽകി..... അവൾക്ക് പതിവ് പേടി തോന്നിയില്ല പകരം അയാളിൽ നിന്നും രക്ഷപെട്ടല്ലോ എന്നോർത്ത് ആശ്വാസം തോന്നി.... നിമിഷങ്ങൾ കടന്നപ്പോൾ വാതിൽ പൊളിയിൽ ആരുടെയോ അമർത്തിയുള്ള കൊട്ട് കേട്ടു.... ഇതുവരെ ഇല്ലാതിരുന്ന ഭയം ദയയിൽ വീണ്ടും ഉടലെടുത്തു.... ""വല്യമാമ്മയായിരിക്കുമോ.....!!!! """ ദയ വാതിലിനരികിലേക്ക് ചേർന്ന് നിന്ന് വെളിയിലേക്ക് കാതോർത്തു.... ""ആ... ആരാ....???""" ""ഗോപുവാ......""" ആശ്വാസത്തിന്റെ പ്രതീകമായി ദയയിൽ നിന്നുമൊരു നെടുവീർപ്പുയർന്നു.... അവൾ വേഗത്തിൽ വാതിൽ തുറന്നതും ഗോപിക അകത്തേക്ക് കയറി ദയയെ കെട്ടിപ്പുണർന്നു....

ആദ്യമായിട്ടാണ് അറപ്പും വെറുപ്പും കൂടാതെ ഒരാൾ തന്നെ ചേർത്ത് നിർത്തുന്നതെന്ന് ദയ ഓർത്തു..... പലപ്പോഴും സ്വാതിയുടെയും സിദ്ധാർഥേട്ടന്റെയും അരികിലൂടെ കടന്ന് പോകുമ്പോൾ വിയർപ്പ് നാറുന്നെന്ന് പറഞ്ഞവർ തന്നെ അതിക്ഷേപിക്കാറുണ്ടായിരുന്നു.... ചവറ് കൊണ്ട് പോകുന്ന മുനിസിപ്പാലിറ്റി വണ്ടിക്ക് പോലും ഇത്രയും നാറ്റം കാണില്ലെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും... ""ഐ ആം റിയലി സോറി...... എനിക്ക് പെട്ടന്ന് ദേഷ്യം വരും...... സിദ്ധാർഥേട്ടൻ നിന്നെ വേദനിപ്പിക്കുന്നത് കണ്ടപ്പോൾ ......എനിക്ക്.....പിന്നെ നീ ഒന്നും മിണ്ടാതെ...... അതാ.....ഞാൻ.....""" ഇടർച്ചയോടെ വാക്കുകൾ പെറുക്കി കൂട്ടി ഉരുവിടുമ്പോൾ ഗോപികയുടെ കണ്ണുനീർ ദയയുടെ ചുമലിലേക്കിറ്റിറ്റു വീണു...... തനിക്ക് വേദനിക്കുമ്പോൾ മറ്റൊരാൾക്കും വേദന തോന്നുന്നു..... അതിനർത്ഥം താനും സ്നേഹിക്കപ്പെടുന്നു ..... പരിഗണിക്കപ്പെടുന്നു ..... ആദ്യമായി....!!!! ഉള്ളിലുറഞ്ഞ സന്തോഷത്താൽ ഗോപികയെ തിരിച്ച് പുണരാൻ പോലും ദയയുടെ കൈകൾ ഉയർന്നില്ല..........  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story