ദയാ ദുർഗ: ഭാഗം 8

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

മുന്നിലുള്ള കുളത്തിൽ തെളിഞ്ഞു കാണുന്ന തന്റെ പ്രതിബിംബത്തിലക്കുറ്റ് നോക്കി തന്റേതായ ചിന്തകളിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ദയ...... അരികിൽ ഗോപികയുമുണ്ട്.... ""എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് ദച്ചു......"" ഇരുവർക്കുമിടയിലെ നിശബ്ദതയ്ക്ക് ഗോപികയുടെ സൗമ്യമാർന്ന സ്വരം തടയിട്ടപ്പോൾ ക്ഷണ മാത്രയിൽ ദയയുടെ നീളമേറിയ വലിയ മിഴികൾ നേർത്ത പിടച്ചിലോടെ ഗോപികയിലെത്തി നിന്നു ....... ""നിന്നെ ഞങ്ങൾ കൊണ്ട് പോയിക്കോട്ടെ??"" ""എങ്ങട്??"" സംശയപ്പൂർവ്വം ദയ ശബ്ദം താഴ്ത്തി ചോദിച്ചു..... ""ചെന്നൈക്ക്.... വെറുതെ കൊണ്ട് പോകുവല്ല..... എന്റെ ഏട്ടന്റെ പെണ്ണായിട്ട്.... എന്റെ ഏട്ടത്തിയമ്മയായിട്ട്........"" ഗോപികയുടെ വാക്കുകൾ അവസാനിച്ചപ്പോൾ ദയക്കുച്ചത്തിൽ ചിരിക്കാൻ തോന്നി...... ""നല്ല തമാശ......"" ആത്മഗതത്തോടെയവൾ അടുത്ത് കിടന്നൊരു കുഞ്ഞ് കല്ലെടുത്ത് കുളത്തിലേക്കെറിഞ്ഞു..... തെളിനീരിൽ പ്രതിഫലിച്ച തന്റെ ചിത്രത്തിലൂടെ ഓളം വെട്ടുന്നത് കൗതുകത്തോടെ നോക്കി കണ്ടു..... """കളിയല്ല ദച്ചു ..... ഏട്ടന് നിന്നെ ശരിക്കും ഇഷ്ടമാണ്....

ഏട്ടനടുത്ത് വരുമ്പോഴെല്ലാം നീ ഒഴിഞ്ഞ് മാറുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്... അത് കൊണ്ടാണ് എട്ടന് മുന്നേ നിന്നോടീ കാര്യം ഞാൻ സൂചിപ്പിച്ചത്....."""" ഗോപികയുടെ വാക്കുകളിൽ നിറഞ്ഞ ഗൗരവത്തിലൂടെ അവൾ തന്നോട് കളി പറയുകയല്ലെന്ന് ദയക്ക് ബോധ്യമായി.... ഇരുവരെയും തിരക്കി വന്ന കൈലാസ് ഗോപികയുടെ സംസാരം കേട്ട് കുളപ്പുരയുടെ അര മതിലിന് പിന്നിൽ പതുങ്ങി നിന്നു... അയാളിൽ ദയയുടെ മറുപടിയെന്താകുമെന്നറിയാനുള്ള ആകാംഷ... ""നീയെന്താ ദച്ചു ഒന്നും മിണ്ടാത്തത്???""" ദയ പരിഭ്രമത്താൽ ശിരസ്സ് ഇരുവശത്തേക്കും ചലിപ്പിച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.... അതേ നിമിഷം ഗോപിക ദയയുടെ വലത് കൈ തണ്ടയിൽ മുറുകെ പിടിച്ച് അവളെ തടഞ്ഞു നിർത്തി ..... """എനിക്കറിയാം നിനക്കിവിടെ കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ടെന്ന്.....""" കുറച്ച്.....!!! ദയക്കല്പം ദേഷ്യം വന്നു...... ചുണ്ടിലൂറിയ പുച്ഛത്തോടെയവൾ ഗോപികയെ ഉറ്റ് നോക്കി.... അറിയാതെയാണെങ്കിലും തന്റെ സഹനങ്ങളെ ഒരാൾ വില കുറച്ച് കണ്ടതിലുള്ള നീരസ്സമാകാം!!!! ""

കഴിഞ്ഞ പതിനഞ്ച് വർഷമായി ആരോരും തുണയില്ലാതെ ദയ ഈ വീട്ടിൽ ഒരു പുഴുത്ത പട്ടിയ്ക്ക് സമമായി നരഗിക്കുകയാണെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ??? ഇവിടുള്ളവർ എന്നെ ശാരീരികമായും , മാനസികമായും , ലൈംഗികമായും ചൂഷണം ചെയ്യുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ??? ഈ വീട്ടിലെ പല ഇടങ്ങളും , മുറികളും , മനുഷ്യരും എന്റെ ചിന്തകളെയും , ഹൃദയത്തെയും ഓരോ നിമിഷവും വേട്ടയാടുകയാണെന്ന് പറഞ്ഞാൽ നിനക്ക് ഉൾക്കൊള്ളാനാകുമോ?? പറ.......... പറയാൻ......""" സമനില തെറ്റിയവളെ പോലെ ദയ അലച്ചു.... ഗോപികയും , കൈലാസും ഒരുപോലെ ആ പെണ്ണിന്റെ വാക്കുകളിൽ തറഞ്ഞ് നിൽക്കുകയായിരുന്നു.... """ദച്ചു...... "" ഗോപികയുടെ ശബ്ദം വിറച്ച് പോയി ..... ദയ ഞെട്ടലോടെ ചുറ്റിലും കണ്ണോടിച്ചു... ഏതോ ഓർമ്മയിൽ പറഞ്ഞു പോയതാണ്... ഈ വീട്ടിലുള്ള ആരെങ്കിലും കേട്ടാൽ ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കിയെന്ന് പറഞ്ഞ് തന്നെ ജീവനോടെ കുഴിച്ച് മൂടും... ഒരിക്കെ വല്യമ്മാമയുടെ സ്വഭാവ ദൂഷ്യം പുറത്ത് പറയാൻ ശ്രമിച്ചതിന് വല്യമ്മ സിദ്ധേട്ടന്റെ ബെൽറ്റ്‌ കൊണ്ട് തന്നെ തല്ലി ചതച്ചിട്ടുണ്ട്.....

രണ്ട് ദിവസം വെള്ളവും വറ്റും തരാതെ മുറിയിൽ പൂട്ടിയിട്ടിട്ടു ... ഒരു പതിനാല് വയസ്സ്ക്കാരിയോട് ചെയ്യാൻ കഴിയുന്നതിലും വലിയ ക്രൂരത.... ഒരു തുള്ളി വെള്ളത്തിനായി ഇരന്നിട്ടും അവർ തന്നെ തിരിഞ്ഞ് നോക്കിയില്ല.... ഉറക്കെ കരഞ്ഞപ്പോൾ ചട്ടുകം ചുട്ട് പഴുപ്പിച്ച് തുടയിൽ വച്ച് പൊള്ളിച്ചു.... ഓർമയിൽ ദയയുടെ ഉടലാകെ വിറച്ചു... കൈകൾ ദാവണി പാവാടയ്ക്ക് മുകളിലൂടെ വലത് കാൽ തുടയെ ഒന്ന് തഴുകി..... ""ദച്ചു... പറ...."" """ഒ... ഒന്നുല്ല.... ഞാൻ എന്തോ... പെട്ടന്ന്......""" ഓടി പോകാൻ തുനിഞ്ഞ ദയയെ ഗോപിക പിടിച്ച് യഥാ സ്ഥാനത്തിരിത്തിച്ചു ... """എന്നോട് പറ ദച്ചു .....എന്താ.. എന്താ നിന്റെ പ്രശ്നം?? നീ ഇപ്പൊ പറഞ്ഞതൊക്കെ സത്യമാണോ???""" അല്ലെന്ന് പറഞ്ഞാൽ കള്ളമാകും... ആരെങ്കിലുമൊരാൾ അറിയട്ടെ ഈ പെണ്ണിന്റെ ജീവിതത്തെ കുറിച്ച്.... എന്നെങ്കിലും എവിടെയെങ്കിലും ചത്ത്മലച്ച് കിടക്കുമ്പോൾ അവൾ ഇത്രയുമൊക്കെ അനുഭവിച്ചിരുന്നെന്നുറക്കെ പറയാൻ ഒരു മനുഷ്യ ജീവിയെങ്കിലും ഈ ഭൂമിയിൽ ഉണ്ടാകട്ടെ..... ""ദച്ചു....ഇങ്ങനെ ചിന്തിച്ചിരിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറ....

""" ക്ഷമകെട്ട് ഗോപിക ശബ്ദമുയർത്തി ദയയെ പിടിച്ചുലച്ചു... """പറഞ്ഞതൊക്കെ സത്യമാണ്....."" തീർത്തും നിസ്സംഗമായി.... നിർവികാരമായി.. മറ്റൊരിടത്തേക്ക് മിഴികളൂന്നിയവൾ പറഞ്ഞു...... ""എന്ന് വച്ചാൽ......??""" """ആറാം വയസ്സിൽ ഒരാളുടെ ഭോഗ വസ്തുവായൊരു പെൺകുട്ടി.... അതാണ്‌ ദയ..... ദയാ ദുർഗ്ഗ......"" """ആരാ... ആരാ നിന്നെ ......???""" ആ ചോദ്യമുതിർത്തപ്പോൾ ഗോപികയുടെ തൊണ്ടയിടറി.... മേനിയാകെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി.... ദയയുടെ പുറം കൈക്ക് മീതെ ചേർത്ത് വച്ച ഗോപികയുടെ വലത് കൈ തലം ദയയെ ഒന്ന് ഇറുകെ പിടിക്കാൻ പോലുമാകാതെ നിർജീവമായി കിടന്നു ....... ""വല്യമ്മാമ........."" ഗോപിക ഉമിനീർ വിഴുങ്ങി ദയയിൽ നിന്നും ലേശം നീങ്ങിയിരുന്നു.... ഇരുവർക്കുമിടയിൽ കടുത്ത നിശബ്ദത... ഗോപികയിൽ തനിക്കരികിലിരിക്കുന്ന സാധു പെണ്ണിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന കടുത്ത ചിന്ത.... ദയയിലാവട്ടെ ഇരുട്ടിലായ തന്റെ ജീവിതത്തെ കുറിച്ചോർത്തുള്ള തീവ്രമായ ദുഃഖവും ..... പുറത്ത് കൈലാസ് അല്പ നേരം ദയയെ കുറിച്ചോർത്ത് പരിതപിച്ചു...

അതിൽ കൂടുതൽ എന്ത് ചെയ്യാൻ !!! പിന്നീട് ദീർഘമായൊന്ന് നിശ്വസിച്ച് മരവിച്ച മനസ്സോടെ തിരികെ വീട്ടിലേക്ക് മടങ്ങി... """നീ എന്ത് കൊണ്ട് ഇതൊന്നും ആരോടും പറഞ്ഞില്ല ദച്ചു???""" ഏറെ നേരത്തെ മൗനത്തിന് വിരാമമിട്ട് കൊണ്ട് ഗോപിക നന്നേ ശബ്ദം താഴ്ത്തി ചോദിച്ചു... """ആരോടാ ഞാൻ പറയേണ്ടത്??? എന്താ ഞാൻ പറയേണ്ടത്.....??? ഒരു പ്രായം വരെ അയാൾ എന്താണ് എന്നിൽ ചെയ്യുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു ഗോപികേ..... ഈ വലിയ വീട്ടിൽ എന്നോടൊന്ന് ചിരിക്കേം , മിണ്ടേം ചെയ്യുന്ന ഏക മനുഷ്യൻ അയാളായിരുന്നു..... എന്നെ ശകാരിക്കുന്നില്ല ... ശരീരം നോവിക്കുന്നില്ല ... ദേഹം പൊള്ളിക്കുന്നില്ല ... പട്ടിണിക്കിടുന്നില്ല ...... പകരം എന്നെ കാണുമ്പോഴെല്ലാം പുഞ്ചിരിക്കും... തലോടും .... ചേർത്ത് നിർത്തി ചുംബിക്കും.... ഇതിൽ എവിടെയാണ് ആറേഴ് വയസ്സുള്ളൊരു പെൺകുട്ടിക്ക് കാമം കണ്ടെത്താനാകുന്നത്.....??""" ദയ ഇരു കൈകളും മുഖത്തോട് ചേർത്ത് വിങ്ങി പൊട്ടി...... ഒരു പെണ്ണിന്റെ വർഷങ്ങളായുള്ള നിസ്സഹായത...... ദയക്കൊപ്പം ഗോപികയും വിതുമ്പി....

""അയാളുടെ സ്പർശനങ്ങളെല്ലാം അരോചകമായി തോന്നി തുടങ്ങിയപ്പോൾ ഞാൻ എതിർക്കാനായി ശ്രമിച്ചു പക്ഷേ അപ്പോഴെല്ലാം അയാളോരോന്ന് പറഞ്ഞെന്നെ ഭീഷണിപ്പെടുത്തും .... മുത്തശ്ശനോട്‌ പറയാൻ ഞാൻ പലവുരു ശ്രമിച്ചിട്ടുണ്ട്... പക്ഷേ അന്നൊന്നും എന്നെ ഒന്ന് നോക്കാൻ പോലും അദ്ദേഹം തയ്യാറായിരുന്നില്ല.... ഏതോ അടിയാൻ ചെക്കന്റെ ബീജമല്ലേ ഈ ദയ ... കാണുന്നതേ അയിത്തം ...!! ഒരിക്കെ സഹിക്കെട്ട് വല്യമ്മയോട് പറഞ്ഞു.... അതിനുള്ള സമ്മാനം എന്റെ ഈ കാൽ തുടയിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്... സഹിക്കാനാകാതെ വരുമ്പോ വീണ്ടും വീണ്ടും പറഞ്ഞ് നോക്കും ... അപ്പോഴെല്ലാം ജീവൻ പോകുമാറ് ഉപദ്രവിക്കും...... പട്ടിണിക്കിടും..... മരിക്കാൻ ഒരുപാട് തവണ ശ്രമിച്ചതാ.... പക്ഷേ എന്നെ പോലൊരുത്തിക്ക് അതിനുള്ള ധൈര്യവും ഈശ്വരൻ തന്നില്ല ..... വർഷങ്ങളായി ഓരോ രാത്രിയും ഉറങ്ങാതെ കഴിച്ച് കൂട്ടുകയാ ഞാൻ..... ഒന്ന് മയങ്ങിയാൽ ദുസ്വപ്നമായി എത്തുന്നത് കുത്തിയൊലിക്കുന്ന മഴയുള്ള ഒരു രാത്രിയാണ് ....... വെറും ആറ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എന്റെ ഉടലിൽ നിന്നും അടർന്നു മാറുമ്പോഴുള്ള അയാളുടെ പൈശാചിക മുഖം എന്റെ കണ്ണുകളിൽ ഒട്ടും മങ്ങലേൽക്കാതെ തെളിയും .... ഉമിനീരിറ്റ് വീഴുന്ന മലർന്ന ചുണ്ടുകളും , വീർത്ത കൺ തടങ്ങളും ,

അവയ്ക്കിടയിലെ ചുവന്ന മിഴികളും... ഒരു ചെന്നായക്ക് സമമായുള്ള പല്ലുകളും... എല്ലാം... എല്ലാം എന്നെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുകയാണ്... ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും യാതൊരു ഉൾകുത്തലുമില്ലാതെ ഇപ്പോഴും തക്കം കിട്ടുമ്പോൾ അയാളെന്നെ വേട്ടയാടുകയാണ്.... തൊട്ടും , പിടിച്ചും , തലോടിയും എന്നെ......എന്നെ അയാൾ.......... ഇടർച്ചയോടെ വാക്കുകൾ അവസാനിപ്പിച്ചവൾ ഉറക്കെ നിലവിളിച്ച് കരഞ്ഞു...... എത്ര വർഷങ്ങൾ.....!! എത്രയെത്ര ദുരനുഭവങ്ങൾ....!! ഇതിൽ കൂടുതൽ പിടിച്ച് നിൽക്കാനുള്ള കരുത്ത് ഒരു സാധാരണ സ്ത്രീയിൽ ഉണ്ടായിരിക്കില്ല.... അല്ലെങ്കിലും ഇതിൽ കൂടുതൽ ഏതെങ്കിലും മനുഷ്യ ജീവി സഹിക്കുമോ?? ഗോപിക നിറഞ്ഞൊലിക്കുന്ന മിഴികളോടെ ദയയെ നോക്കി ഇരുന്നു... ഒരു നേർത്ത തലോടൽ കൊണ്ട് പോലും അവളെ ആശ്വസിപ്പിക്കാൻ ഗോപികയ്ക്ക് മനസ്സ് വന്നില്ല.... ഉള്ളിലെ നൊമ്പരങ്ങളെല്ലാം എരിഞ്ഞടങ്ങുന്നത് വരെ അവൾ മതി വരുവോളം കരയട്ടെയെന്ന് ആ പെണ്ണും കരുതി......

ആർത്തിരമ്പിയ സങ്കട കടൽ നേർത്ത തേങ്ങലുകളായ് പരിണമിച്ചപ്പോൾ ഗോപിക തന്റെ കൈ വെള്ളയാൽ ദയയുടെ ഇരു മിഴികളിലെയും കണ്ണുനീരൊപ്പി.... """നീ വിഷമിക്കണ്ട.....ഇനി നിനക്കൊപ്പം ഞാനും , എന്റെ ഏട്ടനുമുണ്ടാകും.... ഏട്ടൻ നിന്നെ ഒരു കുറവുമില്ലാതെ നോക്കും.......എനിക്കുറപ്പുണ്ട്....""" ""അത്തരം മോഹങ്ങളൊന്നും എനിക്കില്ല ഗോപികേ..... രവീന്ദ്രനെന്ന ദുസ്വപ്നമില്ലാതെ ഒരു രാത്രി... ഒരു രാത്രിയെങ്കിലും മനസമാധാനത്തോടെ കിടന്നുറങ്ങണം.... അതീ ജന്മം സാധ്യമാകുമെന്നും തോന്നുന്നില്ല.... മരണം വരെ അയാളെയും , അയാളെന്നിൽ ചെയ്ത ക്രൂരതകളെയും മറക്കാൻ എന്നെ കൊണ്ടാവില്ല .. ഒരിക്കലും.... ഒരിക്കലും കഴിയില്ല............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story