ദയാ ദുർഗ: ഭാഗം 9

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""അത്തരം മോഹങ്ങളൊന്നും എനിക്കില്ല ഗോപികേ..... രവീന്ദ്രനെന്ന ദുസ്വപ്നമില്ലാതെ ഒരു രാത്രി... ഒരു രാത്രിയെങ്കിലും മനസമാധാനത്തോടെ കിടന്നുറങ്ങണം.... അതീ ജന്മം സാധ്യമാകുമെന്നും തോന്നുന്നില്ല.... മരണം വരെ അയാളെയും , അയാളെന്നിൽ ചെയ്ത ക്രൂരതകളെയും മറക്കാൻ എന്നെ കൊണ്ടാവില്ല .. ഒരിക്കലും.... ഒരിക്കലും കഴിയില്ല....."" ഗോപിക മറുപടിയൊന്നും പറഞ്ഞില്ല... അല്ലെങ്കിലും എന്ത് പറയാനാണ്!! ആ പെണ്ണിന്റെ നെഞ്ചിലാളുന്ന അഗ്നിയണയ്ക്കാൻ പോരുന്ന വാക്കുകളൊന്നും അവളുടെ പക്കലുണ്ടായികില്ല ...!! ഏറെ നിമിഷങ്ങൾ തീർത്തും നിശബ്ദമായി കടുന്നു പോയി ........ """ഓ... അവളിവിടെ ഉണ്ട്......ദാ ഞാൻ കൊടുക്കാം.....""" ശരണിന്റെ ശബ്ദം..... ഇരുവരും പിന്തിരിഞ്ഞു നോക്കി..... ശരൺ ഫോണിലുള്ള തന്റെ സംഭാഷണം തുടർന്ന് കൊണ്ട് ഗോപികയ്ക്കരികിൽ വന്ന് നിന്ന് ഇടം കയ്യാൽ അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു.....

ദയ ഇരുവരെയും ഒന്ന് നോക്കി... പിന്നീടൊരു യാത്ര പോലും പറയാതെ കുളപ്പടവുകൾ തിരികെ കയറി വീട്ടിലേക്ക് നടന്നു.... പതിവ് പോലെ ഗോപിക അവളെ തടഞ്ഞില്ല.... പിൻ വിളി വിളിച്ചില്ല.... അത്രയധികം നൊമ്പരത്തോടെ അവൾ നടന്നകലുന്നത് നോക്കി മൂകമായി നിന്നു..... ""ദേ നിന്റെ ആള്......""" ദയ പോയത് ശ്രദ്ധിക്കാതെ ശരൺ തന്റെ കയ്യിലെ ഫോൺ ആവേശത്തോടെ ഗോപികയ്ക്ക് നേരെ നീട്ടി..... അവൾ അസ്വസ്ഥതയോടെ അത് നിരസിച്ചു.... ശരണിന്റെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു .... ""ഗോപു..."""?? '""എന്നെ ഒന്ന് വെറുതെ വിട് ശരണേട്ടാ.."" നീരസ്സത്തോടെയാണ് പറഞ്ഞതെങ്കിലും സങ്കടം കൊണ്ടവളുടെ വാക്കുകൾ ഇടറി പോയിരുന്നു.... ഗോപികയുടെ കണ്ണുകൾ നിറയുന്നത് കണ്ട് ശരൺ തന്റെ കയ്യിലുള്ള സെൽഫോൺ ചെവിയോട് ചേർത്തു.... ""ഞാൻ... ഞാൻ വിളിക്കാം "".....

ധൃതിപെട്ട് സംഭാഷണമവസാനിപ്പിച്ചവൻ ഫോൺ ഷർട്ടിന്റെ കീശയിലിട്ട് മിഴികൾ കൂർപ്പിച്ച് ഗോപികയെ നോക്കി.... ""എന്താടി?? എന്താ നിന്റെ കണ്ണ് കലങ്ങിയിരിക്കുന്നത്??? "" വെപ്രാളം കലർന്ന ശരണിന്റെ ശബ്ദത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെയവൾ വിതുമ്പലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..... ശരണിനുള്ളിലെ പരവേശം വീണ്ടും അധികരിച്ചു ..... അത്രയും ഗൗരവുമുള്ള പ്രശ്നങ്ങൾക്കല്ലാതെ ഗോപികയുടെ കണ്ണ് നനയില്ലെന്നവന് വ്യക്തമായിട്ടറിയാം.... കരുത്തും ആത്മ ബലവും ആവോളമുള്ള പെണ്ണാണവൾ... ആർക്ക് മുമ്പിലും തന്റേടത്തോടെ തലയുയർത്തി നിന്ന് തന്റെ അഭിപ്രായം പറയാനും.. ഇഷ്ടമില്ലാത്തത് കണ്ടാൽ പ്രതികരികരിക്കാനും മടിയില്ലാത്ത ഉശിരുള്ള പെണ്ണ്......!! ""എന്താ ഗോപു??"" വലത് കൈവെള്ള ഗോപികയുടെ കവിളിൽ ചേർത്ത് ശരൺ ആർദ്രമായി ചോദിച്ചു ... """ദച്ചു... അവള്... അവള്... പാവാ ശരണേട്ടാ......""" """അല്ലെന്നിപ്പോ ആരാ പറഞ്ഞത്?? അതിനാണോ നീ കരയുന്നത്??""

""അല്ല....."" ""പിന്നെ??"" ഗോപിക ഒരു ബലത്തിനെന്നോണം തന്റെ കൈകളാൽ ശരണിന്റെ കൈതണ്ടയിൽ മുറുകെ പിടിച്ച് മനസ്സിലുള്ളതെല്ലാം അയാളോട് പങ്ക് വച്ചു.... കേട്ട് കഴിഞ്ഞപ്പോൾ ശരണിലും വേദന ... ദയയോടുള്ള സഹതാപം ഒപ്പം രവീന്ദ്രനോടുള്ള അതിരിൽ കവിഞ്ഞ രോഷവും.....!! ""ദയയെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ... പക്ഷേ അതിത്രത്തോളം ഭീകരമായിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..... നീ ചെന്ന് ദയയെ വിളിച്ച് വാ ഗോപു.... ആ നെറിക്കെട്ടവനെ ഇനിയിവിടെ വച്ചോണ്ടിരിക്കരുത്... തല്ലി കൊന്നീ കുളത്തിൽ കെട്ടി താഴ്ത്തണം.....'"" ക്രോധത്തോടെ കല്പടവുകൾ കയറാനൊരുങ്ങിയ ശരണിനെ ഗോപിക തടഞ്ഞു... അയാൾ സംശയപ്പൂർവ്വം നെറ്റിചുളിച്ചവളെ നോക്കി.... """വേണ്ട ശരണേട്ടാ...... ഇപ്പൊ നമ്മളിത് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല..... ഇവിടുള്ളവരുടെ മുമ്പിൽ അയാൾ മാന്യനാണ്‌..... ഒരു കുറവും ഇല്ലാത്ത തികഞ്ഞ കുടുംബ സ്നേഹി......

നമ്മളിപ്പോ എന്തൊക്കെ വിളിച്ചു പറഞ്ഞാലും അയാൾ സ്വയം ന്യായീകരിച്ച് രക്ഷപ്പെടും... ഒപ്പം നിൽക്കാൻ അയാളുടെ ഭാര്യയും മക്കളും ഉണ്ടാകും .....""" """അതുകൊണ്ട്?? ആരും ഒന്നും അറിയണ്ട എന്നാണോ നീ??"" ""അല്ല...എല്ലാം എല്ലാവരും അറിയണം..... പക്ഷേ ആ സമയത്തൊരിക്കലും അയാൾക്ക് ന്യായീകരണങ്ങൾ നിരത്തി രക്ഷപ്പെടാൻ കഴിയരുത്.... അയാളുടെ ഭാര്യയും മക്കളും അടക്കം ഈ വീട്ടിലുള്ള എല്ലാവരും അത് വിശ്വസിക്കണം..... അവസരം നമുക്ക് കിട്ടും ശരണേട്ടാ .... ഉറപ്പായും കിട്ടും......."" ആത്മവിശ്വാസത്തോടെ പറഞ്ഞവളെ നോക്കി ശരൺ ദീർഘമായി നിശ്വസിച്ചു..... മനസ്സിലെ ഭാരം ശരണിനോട് പങ്ക് വച്ചപ്പോൾ പകുതി ആശ്വാസം തോന്നി ഗോപികയ്ക്ക്... എന്നാൽ അപ്രതീക്ഷിതമായി ശരണിനൊപ്പം മറ്റൊരാൾ കൂടെ എല്ലാം കേൾക്കുന്നുണ്ടെന്നവൾ അറിഞ്ഞില്ല...... ദയയെ അറിഞ്ഞ്...

അവളുടെ വേദനകളും യാതനകളും അറിഞ്ഞ് മറ്റൊരാൾ കൂടെ.... മുറിയ്ക്കൊരു കോണിൽ കൂനി കൂടി ഇരുന്നു ദയ....... ""ഏട്ടന് നിന്നെ ശരിക്കും ഇഷ്ടാ...."" ഓരോ മാത്രയും കാതുകളിൽ ഗോപികയുടെ വാക്കുകൾ അലയൊലികൾ തീർക്കുന്നു.... ഇഷ്ടം.....!! എന്തിഷ്ടമായിരിക്കും.....??!! എങ്ങനെയുള്ള ഇഷ്ടമായിരിക്കും..!!? വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാതെ ചോദ്യങ്ങൾ അവളുടെ ചിന്തകളെ അലട്ടി കൊണ്ടേയിരുന്നു ...... 🌼🌼🌼🌼🌼 അലക്കിയ തുണികൾ മുറ്റത്തെ അയയിൽ വിരിച്ച് ഇടുമ്പോഴാണ് ഉമ്മറത്തൊരു കാർ എത്തി നിന്നത്... പ്രൗഢി വിളിച്ചോതുന്ന ആ തൂ വെള്ള വാഹനത്തിലേക്കൊരു മാത്ര കണ്ണ് പായിച്ചവൾ വീണ്ടും തന്റെ ജോലിയിലേക്ക് ശ്രദ്ധി കേന്ദ്രീകരിച്ചു... ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന പോലെ !!! കാറിൽ നിന്നും മധ്യ വയസ്ക്കരായ ഒരു സ്ത്രീയും പുരുഷനും ഇറങ്ങി ചുറ്റുപാടുമൊന്ന് വീക്ഷിച്ചു ........

ദയ ബക്കറ്റിലുള്ള തുണികളെല്ലാം വിരിച്ചിട്ട് തിരികെ നടക്കാനൊരുങ്ങിയതും പിറകിൽ നിന്നും മധുരമാർന്ന സ്ത്രീ ശബ്ദം അവളെ തേടിയെത്തി.... ""കുട്ടീ...... "" വിളി കേട്ടപ്പോൾ തന്നെയവൾ പിന്തിരിഞ്ഞു ... മുന്നിൽ സുന്ദരിയായൊരു സ്ത്രീ.... എന്തുകൊണ്ടോ ദയയ്ക്കവരിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല... നേത്രഗോളങ്ങൾ അവരുടെ തിരുനെറ്റിയിലെ രക്തവർണ്ണമാർന്ന വട്ടപൊട്ടിലും , മൂക്കിൻ തുമ്പിൽ തിളങ്ങുന്ന വൈര കൽ മൂക്കുത്തിയിലുമെല്ലാം തട്ടി തടഞ്ഞു നിന്നു.... വൃത്തിയിൽ ഞൊറിഞ്ഞുടുത്ത കുങ്കുമ നിറമുള്ള സാരിയിൽ അവരെയൊരു ദേവിയെ പോലെ തോന്നിച്ചു ദയ്ക്ക്... ""മോളീ വീട്ടിലെയാണോ??"" വാത്സല്യം കലർന്ന പുഞ്ചിരിയോടെ ആ സ്ത്രീ ചോദിച്ചപ്പോൾ ദയ അതെയെന്ന് തലയാട്ടി ..... """മഹിയമ്മേ........""" ഉച്ചത്തിൽ അലറി കൊണ്ട് ഗോപിക നടുത്തളത്തിലൂടെ പുറത്തേക്ക് പാഞ്ഞ് വന്ന് അവരെ ഇറുകെ ചുറ്റി പിടിച്ചു......

പിന്നീടവരുടെ ഇരു കവിളുകളിലും , നെറ്റിയിലും മാറി മാറി ചുംബനങ്ങൾ അർപ്പിച്ച ശേഷം തൊട്ടരികിൽ നിൽക്കുന്ന മധ്യവയസ്ക്കനേയും പുണർന്നു .... ""പപ്പാ.......ഐ മിസ്സ്ഡ് യു......""" പരിഭവിച്ച് കൊണ്ട് തന്നോടൊട്ടി ചിണുങ്ങുന്നവളെ അയാൾ സ്നേഹപ്പൂർവ്വം തലോടിയ ശേഷം നെറുകിൽ അമർത്തി ചുംബിച്ചു...... '"ഐ മിസ്സ്ഡ് യൂ റ്റൂ സ്വീറ്റ്ഹാർട്ട്..."" """ഡി... ഡി... മതിയെടി... എന്റെ അച്ഛനേം അമ്മേനേം വല്ലപ്പോഴും എനിക്കൊന്ന് താ നീ......"" പടിക്കെട്ടുകൾ ഇറങ്ങി വന്ന് ശരണും കൈലാസ്സും ആ സ്ത്രീയ്ക്കിരുവശത്തായി നിന്ന് അവരെ പുണർന്നു..... ഗോപിക ഒരു കുഞ്ഞിനെ പോൽ ചിണുങ്ങി വീണ്ടും അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാരി.... ദയക്കെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു.... ഒരച്ഛനും അമ്മയും.... അവരെ സ്നേഹിക്കുന്ന.. കെട്ടി പുണരുന്ന... ചുംബിക്കുന്ന.... മൂന്ന് മക്കൾ...... അവിടെ തനിക്ക് സ്ഥാനമില്ല...... ആ ചിത്രത്തിൽ പോലും തനിക്കിടമില്ല.... ദയയ്ക്കുള്ളം അതി കഠിനമായി വേദനിച്ചു ....

ഒരു വേള അവൾ തന്റെ നഷ്ടങ്ങളെ കുറിച്ചോർത്തു .... അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കിൽ താനും ഇതുപോലെ കൊഞ്ചിയേനെ.. പരിഭവിച്ചേനെ.... തന്റെ അമ്മ തന്നെ ചുംബിച്ചിട്ടുണ്ടായിരിക്കുമോ...!! തീർച്ചയായും ഉണ്ടാകും.... ജീവൻ പറിച്ച് നൽകിയ കുഞ്ഞുങ്ങളെ ഒരിക്കലെങ്കിലും ചുംബിക്കാത്ത അമ്മമാരുണ്ടാകുമോ....!! പിന്നെ അച്ഛൻ....!! അച്ഛൻ തന്റെ മുഖമെങ്കിലും കണ്ട് കാണുമോ!! അറിയില്ല......!! അവരിലാരെങ്കിലും ഒരാൾ കൂടെയുണ്ടായിരുന്നെങ്കിൽ ജീവിതം ഇത്രമാത്രം ദുസ്സഹമാകില്ലായിരുന്നിരിക്കണം..... ഭാരമേറിയ ചിന്തകളോടെ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയ നിമിഷം ആരുടെയോ കൈകൾ അവളുടെ കൈത്തണ്ടയിൽ മുറുകി.... ഞെട്ടി തല ചെരിച്ച് നോക്കിയപ്പോൾ അരികിൽ ശരൺ..... ""എന്റെ അച്ഛനും അമ്മയും വന്നിട്ട് അവരെ പരിചയപ്പെടാതെ പോകുവാണോ നീ???""" ആദ്യമായിട്ടായിരുന്നു ശരൺ ദയയുമായൊരു സംഭാഷണത്തിലേർപ്പെടുന്നത്.... ദയ ഉത്തരമില്ലാതെ അതേ നിൽപ്പ് നിന്നു.... ""വാ......""

അവളുടെ കൈകളിൽ മുറുകെ പിടിച്ചയാൾ അവർക്കരികിൽ കൊണ്ട് നിർത്തി..... ""ഇത് എന്റെ അമ്മ.....‘മഹാലക്ഷ്മി’..."" ""അച്ഛൻ...‘ ഉദയ് ശങ്കർ ’..."" അവർ ഇരുവരും ദയയെ നോക്കി പുഞ്ചിരിച്ചു.. അവൾ പുഞ്ചിരിച്ചില്ല പകരം സൗമ്യമായൊന്ന് തലയനക്കി ..... ""എന്താ മോൾടെ പേര്??"" ""ദയ...."" ശരണിന്റെ അമ്മ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ ദയയെ തഴുകാൻ കൈ നീട്ടിയതും അവൾ അത് നിരസിച്ച പോൽ പിന്നോട്ടൊരടി നീങ്ങി.... ""തൊടണ്ട.... അപ്പടി മുഷിഞ്ഞിരിക്കാ..."" കുടുംബാംഗങ്ങൾ ഓരോരുത്തരായി ഉമ്മറത്തേക്കെത്തി തുടങ്ങിയപ്പോൾ ദയ പതിയെ ഉൾവലിഞ്ഞ് അകത്തേക്ക് നീങ്ങി.... അവർക്കൊപ്പം നിൽക്കാൻ തനിക്കനുവാദമില്ല.... അഥവാ നിന്നാൽ വാക്കുകളാൽ വല്യമ്മ തന്നെ നൂറായിരമാവർത്തി അപമാനിക്കും...!! അടുക്കളയിൽ കയറി ചായക്ക് വെള്ളം വച്ച് ദയ ഉമ്മറത്തേക്ക് ചെവിയോർത്തു......

""മോളെ ദച്ചു......"" അടുക്കള വാതിൽക്കൽ വന്ന് നിന്ന് രവീന്ദ്രൻ ദയയെ വിളിച്ചു.... അവൾ ഞെട്ടി പിന്തിരിഞ്ഞു.... നോട്ടം അയാൾക്ക് പുറകിലേക്ക് നീണ്ടു.. ആരുമില്ല.....!! എല്ലാവരും മുറുകിയ സംസാരത്തിലാണ്..... അയാൾ അവൾക്കരികിലേക്ക് നീങ്ങുന്നതിനനുസരിച്ച് ദയ പിന്നോക്കം ചുവടുകൾ നീക്കി..... ""അ.. അടുത്തേക്ക് വരണ്ട.... ഞാൻ... ഞാൻ.... വിളിച്ചു കൂവും......"" പതർച്ചയോടെയാണെങ്കിലും ദയ അയാളുടെ കണ്ണുകളിൽ ഉറ്റ് നോക്കി പറഞ്ഞു...... രവീന്ദ്രന്റെ കണ്ണും മനസ്സുമൊന്നുലഞ്ഞു.. ഒരു പെണ്ണിന്റെ തീക്ഷ്ണമാർന്ന നോട്ടത്തിൽ ഉരുകിയൊലിക്കാൻ പാകത്തിനാത്മബലവും , കാമവും മാത്രമേ അയാളെ പോലെയുള്ള നെറികെട്ടവൻമാർക്കുള്ളിലുള്ളൂ..... പല സ്ത്രീകളും അത് മനസ്സിലാക്കാതെ പോകുന്നു.....!! "നിങ്ങളെന്താ ഇവിടെ.....???" പിറകിൽ നിന്നുമൊരു പുരുഷ ശബ്ദം... രവീന്ദ്രൻ ഞെട്ടി പരിഭ്രമത്തോടെ പിന്തിരിഞ്ഞു.............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story