പ്രിയം: ഭാഗം 1

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പ്ഫ ചെറ്റേ.. ഇറങ്ങേടാ എന്റെ പെരേന്ന്.. അകത്തു നിന്നുള്ള ഉച്ചത്തിലുള്ള പറച്ചിൽ കേട്ടതും മുൻപോട്ട് പടികയറാനായി ഉയർത്തിയ കാലിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും അവൻ മാറി മാറി നോക്കി പോയി.. അവളുടെ ചുണ്ടിൽ അത്ര നേരം കൂടിയൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരുന്നു.. കയറിക്കോളൂ.. അവൾ പതുക്കെ ചുണ്ട് ചലിപ്പിച്ചു.. അവൻ അകത്തേയ്ക്ക് കയറി.. ഓടിട്ട ഒരു കുഞ്ഞ് വീട്.. ഉമ്മറത്ത് ഒരു പഴയ പ്ലാസ്റ്റിക്ക് കസേര കിടപ്പുണ്ട്. അവനതിൽ ഇരിക്കാതെ അരപ്ലേസിലേയ്ക്ക് ഇരുന്നു.. ഇറങ്ങി പോടാ.. പോവാൻ.. അതും പറഞ്ഞു അകത്തുനിന്നൊരു സ്ത്രീ ഒരു ചെറുപ്പക്കാരനെ തള്ളി കൊണ്ടുവന്നു പുറത്തേയ്ക്ക് ഇട്ടു.. അവനത് കണ്ടതും ഇരുന്നിടത്തുനിന്നും എഴുന്നേറ്റുപോയി.. അവൾ തെല്ലും ഞെട്ടലില്ലാതെ രണ്ടാളെയും നോക്കുന്നുണ്ട്.. അവനാ സ്ത്രീയെ നോക്കി.. പഴയ ഒരു ഒഴുക്കൻ സാരിയാണ് വേഷം.. അതു തന്നെ ആകെപ്പാടെ വല്ലാതെയാണ് ഉടുത്തിരുന്നത് . പോരാത്തതിന് മുട്ടൊപ്പം പാവാട കൂട്ടി ഉയർത്തിവെച്ചിട്ടുമുണ്ട്.. ഉച്ചിയിൽ കെട്ടിയെങ്കിലും അവരുടെ മുടി മുഴുവൻ മുഖത്തുണ്ട്... ആ ചെറുപ്പക്കാരൻ അവരെ നോക്കി കലിയോടെ എഴുന്നേറ്റ് നിന്നു.. കാക്കിയാണ് വേഷം..

ഓട്ടോ ഡ്രൈവർ ആകാം.. അഴിഞ്ഞു തുടങ്ങിയ മുണ്ടൊന്ന് അഴിച്ചു വീണ്ടും കെട്ടി അവൻ അവരെ നോക്കി.. തള്ളേ.. ഞാൻ.. ആ പടിക്കിപ്പറം കയറിയാൽ നിന്റെ മുട്ടുകാലു ഞാൻ ചവിട്ടിയൊടിക്കും.. നൊന്ത് പെറ്റ കണക്കൊക്കെ ഞാൻ മറക്കുമെടാ.. അല്ലേലും നിന്നെ പോലെയുള്ളതൊക്കെ രണ്ടു കാലേല് നിവർന്ന് നിൽക്കുന്നതിലും ഭേദം കിടന്ന കിടപ്പാ.. ചെലവിന് തന്നാൽ മതിയല്ലോ.. ഇടിഞ്ഞു പൊളിയാറായ ആ പഴയ വീട് അവരുടെ ശബ്ദത്തിൽ ഒന്നുലഞ്ഞത് പോലെ അവനു തോന്നി.. കാണിച്ചു തരാം തള്ളേ ഞാൻ.. തള്ളേം മക്കളേം.. ഒന്നിനേം സമാധാനത്തോടെ കിടക്കാൻ സമ്മതിക്കത്തില്ല ഞാൻ.. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അയാൾ കുറച്ചു മാറ്റി നിർത്തിയിട്ട ഓട്ടോയിലേയ്ക്ക് കയറി ഓട്ടോ ഓടിച്ചുപോയി.. നാശം.. അവനെ നോക്കി അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് വരാന്തയിൽ നിൽക്കുന്ന അവളെയും അവനെയും അവർ കണ്ടത്.. അത്ര നേരം ദേഷ്യം ആളി കത്തിയ ദേഷ്യം മാറി ആ കണ്ണിൽ മറ്റെന്തോ ഭാവം വിരിഞ്ഞത് അവൻ ശ്രദ്ധയോടെ നോക്കിക്കണ്ടു.. എന്താ മോളെ.. എന്താ ഇതൊക്കെ.. അയ്യോ.. അവർ അവൾക്കരികിൽ വന്നു കയ്യിലെ മുറിവും നെറ്റിയിലെ വെച്ചുകെട്ടും എല്ലാം തൊട്ടുനോക്കി..

എന്താ കുഞ്ഞേ പറ്റിയത്.. അവർ ഭയത്തോടെ ചോദിച്ചു.. ഒരു കുഞ്ഞ് ആക്സിഡന്റ് പറ്റി ചെറ്യമ്മേ.. അവൾക്ക് അപ്പോഴും അതേ പുഞ്ചിരി.. എന്റീശ്വരന്മാരെ.. എന്താ പറ്റിയെ. ആസ്പത്രീല് പോയോ നീ.. ഇവിടെ വെച്ചാ.. എല്ലാം കൂടെ ഒന്നിച്ചു ചോദിക്കാതെ ചെറിയമ്മേ.. ഞാൻ പറയാം.. നമ്മുടെ ഓട്ടോ സ്റ്റാൻഡിന്റെ എതിർവശത്തൂന്ന് റോഡ് മുറിച്ചു വന്നതാ..അപ്പൊ ഈ സാറിന്റെ കാറൊന്ന് തട്ടി.. കുഴപ്പം എന്റേതായിരുന്നു.. ഞാൻ പറഞ്ഞതാ കുഴപ്പമില്ലെന്ന്.. എന്നിട്ടും നിർബന്ധിച്ചു ആ മാതേൽ കൊണ്ടുപോയി.. അവിടുത്തെ കോൺഡ്രിറിബ്യൂഷനാ ഇതൊക്കെ.. അവൾ വെച്ചു കെട്ട് തൊട്ട് തെല്ല് അഹംഭാവത്തോടെ പറഞ്ഞു.. പിന്നെ ചെറുങ്ങനെ ചിരിച്ചു.. അവിടുന്നു വിടാതെ ഇങ്ങോട്ട് കൊണ്ടുവന്നതാ.. വീട്ടിലാക്കാൻ.. സാറേതായാലും വന്നതല്ലേ.. ഇരിക്ക് ചായ എടുക്കാം.. അമ്മൂട്ടീ.. മോളെ ഒരു ഗ്ലാസ് ചായ എടുത്തേ.. അവൾ പറഞ്ഞുകൊണ്ട് നിൽക്കുന്നതിനിടയിൽ തന്നെ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.. അവനവളെ നോക്കി.. ഇത്ര നേരവും മിണ്ടാതെ നിന്നവളാണ്..വല്ലാത്ത ശബ്ദം.. അത്..ചായ.. മോളെ.. ചായപ്പൊടിയിരുന്ന പാത്രം ആ ദ്രോഹി പൊട്ടിച്ചു.. ആ സ്ത്രീ തലകുനിച്ചു.. അത് സാരമില്ല.. അവൻ പറഞ്ഞു..

സാറിന്റെ പേരെന്താ.. അവർ ചോദിച്ചു.. അനന്തൻ.. അവൻ ചെറു ചിരിയോടെ പറഞ്ഞു.. ഇയാളുടെ പേര് ഞാനും ചോദിച്ചില്ല.. മാളവിക.. അവൾ ചെറു ചിരിയോടെ മറുപടി നൽകി.. എന്നാൽ താൻ പോയി റെസ്റ്റ് എടുക്ക്.. പിന്നെ മരുന്ന് മറക്കേണ്ട.. അവൾ പുഞ്ചിരിച്ചു. അവൻ പേഴ്‌സ് എടുത്ത് 500ഇന്റെ കുറച്ചു നോട്ടെടുത്ത് അവൾ നീട്ടി.. ഇത് വേണ്ട സർ.. തെറ്റ് എന്റെയായിട്ടും സർ നല്ല മനസ്സിന് ഇത്രേയൊക്കെ ചെയ്തു.. ആശുപത്രിയിൽ തന്നെ നല്ല ഒരു അമൗണ്ട് ആയി കാണുമല്ലോ.. അത് തന്നെ അധികമാണ്.. അവൾ പറഞ്ഞു.. അതല്ല.. ഇവിടെ എന്തെങ്കിലും.. ഇവിടെ എന്ത്.. ഈ വീടിന്റെ കോലം കണ്ടിട്ടാണെങ്കിൽ ഞങ്ങൾ 4,5 പേര് കൊല്ലങ്ങളായി ഇവിടെയാണ് കഴിയുന്നത്.. ആഹരത്തിനുള്ള വകയൊക്കെ ജോലി ചെയ്ത് ഉണ്ടാക്കുന്നുണ്ട് ഞാൻ.. ദയവ് ചെയ്ത് ഔദാര്യം കാട്ടരുത്.. എനിക്കത് ഇഷ്ടമല്ല.. അവനവളെ നോക്കി.. ഒരു കൊച്ച് പെണ്ണ്.. ഏറിയാൽ 24 വയസ്സ് വരും.. സാരിയാണ് വേഷം. വേഷം കണ്ടിട്ട് ഏതോ തുണിക്കടയിൽ ജോലി ചെയ്യുകയാണെന്ന് തോന്നുന്നു.. അവൻ പുഞ്ചിരിച്ചു.. ഞാൻ അങ്ങനെ കരുതിയതല്ല.. എന്തായാലും വിട്ടേക്കൂ.. താൻ റെസ്റ്റെടുക്ക്.. ഡ്രെസ്സിലും ഒക്കെ ചോരയാണ്.. അവൻ പറഞ്ഞു.. അവൾ അവനായി ഒരു പുഞ്ചിരി നൽകി അകത്തേയ്ക്ക് പോയി..

ഒന്നും തോന്നരുത് സർ.. എന്റെ മൂത്ത സന്താനമാണ് അത്.. ഇവളുടെ മൂത്തത്..എല്ലാ കുടുംബത്തിലും കാണുമല്ലോ സ്വസ്ഥത കളയാൻ ഒരെണ്ണം.. അതാ വകുപ്പിൽ ഉള്ളതാ.. അവർ ചമ്മിയ ചെറു ചിരിയോടെ പറഞ്ഞു.. അവനും ചിരിച്ചു.. അല്ല മോനെ ഞാൻ കണ്ടിട്ടില്ലല്ലോ.. ഇവിടെ ഉള്ളതല്ലേ.. അവർ സംശയത്തോടെ ചോദിച്ചു.. ആണ്.. പക്ഷെ കുറച്ചു നാള് ഇവിടെ ഇല്ലായിരുന്നു.. അവൻ പറഞ്ഞു.. ആ എന്നാൽ അതാ അറിയാത്തെ.. അല്ല എവിടുത്തെയാ.. ചിലപ്പോ പറഞ്ഞാൽ അറിയുമായിരിക്കും.. അറിയുമായിരിക്കും.. ഞാൻ മേലേപ്പാട്ടെ ആണ്.. മേലേപ്പാട്ടെയോ.. അവരുടെ ചുണ്ടിലെ ചിരി മാഞ്ഞുപോയി.. അതേ.. അവിടുത്തെ.. ചന്ദ്രശേഖറിന്റെ മകനാണ്.. അനന്തൻ.. അവർ ഞെട്ടലോടെ അവനെ നോക്കി.. അവരുടെ ആ ഞെട്ടൽ പ്രതീക്ഷിച്ചതുകൊണ്ടാകാം അവൻ ഒരു നിറഞ്ഞ പുഞ്ചിരി നൽകി പോയി തന്റെ ജീപ്പിൽ കയറി.. മേലേപ്പാട്ട് എന്നെഴുതിയ ആ ജീപ്പ് ആ മൺവഴി കടന്നു പോകവേ അവർ അകത്തേയ്ക്ക് ഓടിക്കയറി.. മാളൂ.. മാളൂ.. സൗദാമിനി ഉറക്കെ വിളിച്ചു..

എന്താ.. എന്താ അമ്മേ.. അമ്മു ഓടി പുറത്തേയ്ക്ക് വന്നു.. മാളൂ എന്തിയെ.. അവർ ചോദിച്ചു.. ചേച്ചി കുളിക്കാൻ പോയി.. അവൾ പറഞ്ഞു.. അപ്പോഴേയ്ക്കും ബഹളം കേട്ട് കയ്യിൽ തോർത്തും മാറ്റാനുള്ള വസ്ത്രങ്ങളുമായി അവൾ വന്നിരുന്നു.. എന്താ ചെറിയമ്മേ.. എന്റെ കുഞ്ഞേ ആരുടെ കൂടെയാ നീയിങ്ങോട്ട് വന്നതെന്ന് വല്ല ബോധവുമുണ്ടൊ നിനക്ക്.. ആരാത്.. മാളൂ സംശയത്തോടെ ചോദിച്ചു.. അവനാ.. ആ മേലേപ്പാട്ടെ കൊലയാളി ചെക്കൻ.. മാളുവിന്റെയും അമ്മുവിന്റെയും കണ്ണുകൾ ഞെട്ടലാൽ വിടർന്നു.. അതിന് അയാൾ ജയിലിൽ അല്ലെ.. മാളു ചോദിച്ചു.. ഇറങ്ങിക്കാണും.. അവർ പറഞ്ഞു.. ഏതായാലും ഇങ്ങെത്തിയല്ലോ.. ഭാഗ്യം.. അവർ നെഞ്ചിൽ കൈ വെച്ചു.. അതേ ചേച്ചി.. ഇനി അറിയാതെ പോലും അയാളുടെ മുന്നിൽ പോയി പെടല്ലേ ചേച്ചി.. അറിയാമല്ലോ.. സ്വന്തം ഭാര്യയെ കൊല്ലാക്കൊല ചെയ്തവനാ.. അത് കണ്ടോണ്ട് തടുക്കാൻ ചെന്ന അവളുടെ ആങ്ങളചെറുക്കനെ തലങ്ങും വിലങ്ങും കുത്തി കൊന്നവനാ.. ചെറ്റ.. അവർ പല്ല് ഞെരിച്ചു.. മാളു വല്ലാത്ത അവസ്ഥയിലായിരുന്നു.. കണ്ടാൽ പറയില്ല.. ഇങ്ങനെ ഒരാളാണെന്നു.. മാളു പിറുപിറുത്തു.. ആ അങ്ങനെ കണ്ടിട്ട് ആരെ എന്ത് പറയാനാ.. അല്ലേൽ തന്നെ ഇവിടെ ഉണ്ടല്ലോ ഒരുത്തൻ.. കണ്ടാൽ എന്ത് മാന്യൻ.. സ്വഭാവം നമുക്കല്ലേ അറിയൂ.. സൗദാമിനി പറഞ്ഞു.. ചേച്ചി എന്തോർത്ത് നിൽക്കുവാ..

പോയി കുളിച്ചു വാ.. ഞാൻ നല്ല ദോശ ചുടാം.. എന്നിട്ട് നമുക്കൊന്നിച്ച് കഴിക്കാം.. അമ്മു കൊതിയോടെ പറഞ്ഞു. മാളു അവൾക്കായി ഒരു പുഞ്ചിരി നൽകി പുറത്തേയ്ക്ക് നടന്നു.. അപ്പോഴും അവളുടെ കണ്ണിൽ അവൻ മാത്രമായിരുന്നു.. തന്റെ ദേഹത്തുനിന്ന് പരന്നൊഴുകിയ ചോര കണ്ട് പേടിച്ച് താനുമായി ഹോസ്പിറ്റലിലേക്ക് ഓടിയവന്റെ രൂപം... അവിടെ ഓരോ ടെസ്റ്റിനും പോകുന്ന തന്നെ പിടിച്ചുകൊണ്ട് നടത്തിച്ചവനെ.. എന്നാലും എന്റെ കുഞ്ഞീഷ്ണാ... അയാൾ എന്തർത്ഥത്തിലാകും എന്നെ പിടിച്ചത്.. അവൾക്ക് ചെറിയ ഭയം തോന്നി.. സ്വയം മറന്ന് കോരിയൊഴിച്ച വെള്ളം മുറിവിലേയ്ക്ക് വീണതും അവളൊന്ന് എരിവ് വലിച്ചു..പിന്നെ അതൊക്കെ വിട്ട് ആ തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങി.. അമ്മുവിനൊപ്പം സൗദാമിനി ചുട്ട് നൽകുന്ന നെയ്യ് ഒഴിച്ച മൊരിഞ്ഞ ദോശ കഴിക്കുമ്പോഴും അവളുടെ മനസ്സ് നിറയെ അവന്റെ രൂപമായിരുന്നു.. മേലേപ്പാട്ടെ അനന്തന്റെ.. ********** അനന്താ.. സുധാമ്മയുടെ വിളി കേട്ടതും അനന്തൻ കണ്ണുകളെ മറച്ചിരുന്ന കൈ ഉയർത്തി അവരെ നോക്കി... എന്താമ്മേ.. അവൻ ശാന്തനായി എഴുന്നേറ്റിരുന്നു ചോദിച്ചു. അവർ അവനരികിൽ ഇരുന്നു..

നീയെന്താ വന്നിട്ടെന്നെ വിളിക്കാഞ്ഞേ.. അവർ അവനെ നോക്കി.. അമ്മ മയങ്ങുവാണെന്ന് അപ്പേട്ടൻ പറഞ്ഞു. അതാ വിളിക്കാതിരുന്നത്.. മ്മ്.. ഒന്ന് മയങ്ങി.. വല്ലാത്ത ക്ഷീണം.. അവർ പറഞ്ഞു.. ഈ കാലിനു നീരും വെച്ചിട്ടിപ്പൊ അമ്മയെന്തിനാ ഇക്കണ്ട പടിയൊക്കെ കേറി വന്നെ.. അവൻ ശാസനയോടെ അവരെ നോക്കി. അതൊക്കെയുണ്ട്.. ആ മിനി ഇങ്ങട് വരാറില്ലേ.. ആകെ പൊടി.. അവർ തറയിലെ തണുപ്പിൽ കാലൊന്ന് അമർത്തി ചവിട്ടി പറഞ്ഞു.. ഞാൻ ഇങ്ങോട്ട് കേറേണ്ട എന്നു പറഞ്ഞിട്ടാ.. അതെന്തേ.. ഈ പൊടിക്കുള്ളിൽ കിടന്നേക്കാം എന്നോ മറ്റോ നേർച്ചയുണ്ടോ നിനക്ക്.. സുധാമ്മ വിടാൻ ഭാവമില്ലായിരുന്നു.. ഞാൻ തൂത്തോളാം.. അവൻ പറഞ്ഞു.. മ്മ്.. അവർ മൂളി.. പിന്നെ എഴുന്നേറ്റ് ചെന്ന് ജനാല തുറന്നു.. പകൽ വെളിച്ചം ആ മുറിയിലേയ്ക്ക് നാളുകൾക്ക് ശേഷം അരിച്ചിറങ്ങി.. എന്തിനാമ്മേ അതൊക്കെ തുറക്കുന്നത്.. അവൻ ഈർഷ്യയോടെ ചോദിച്ചു.. എന്റെ അനന്താ മുറീല് കുറച്ചു ശുദ്ധവായു കയറട്ടെ.. നീയങ്ങനെ ഏത് നേരവും ഇതിനകത്ത് കയറി മുറിയും അടച്ചു പൂട്ടി ഇരുന്നിട്ട് ആകെ കോലം കെട്ടു.. സുധാമ്മയുടെ ശബ്ദം ലോലമായി.. അതിൽ വാത്സല്യത്തിന്റെ തിളക്കം.. അവൻ പുഞ്ചിരിച്ചു.. ഈയമ്മ.. അവൻ കളിയായി പറഞ്ഞു..

പിന്നെ എന്ത് കൊല്ലമാ ഇത്.. മുടിയും താടിയും നീട്ടി വളർത്തി.. അല്ലേലും മുടി വളർന്നാലെ നിനക്ക് ജലദോഷവും തുമ്മലും വരും.. അമ്മയ്ക്കെന്താ.. ഇപ്പോഴും കുഞ്ഞായിരുന്നപ്പോഴത്തെ ഡയലോഗ് തന്നെ... അവൻ ചിരിച്ചു.. നീയല്ലേ ആറടി പൊക്കത്തിൽ വളർന്നത്. ഞാനല്ലല്ലോ.. അവരും ചിരിച്ചു.. ആ പിന്നെ അച്ഛൻ വിളിച്ചിരുന്നു.. അവൻ അവരെ നോക്കി..എന്തോ കുതന്ത്രം.. അവിടെ അച്ഛന്റെ ഓഫീസിൽ പുതുതായി വന്ന ഒരു കുട്ടി.. 25 വയസ്സ്.. നല്ല സുന്ദരിയാത്രേ.. എന്താമ്മേ അച്ഛന് പിന്നേം കെട്ടാൻ ആണോ.. അവൻ അപ്പോഴേ ചോദിച്ചു.. അനന്താ.. കളി കൂടുന്നു.. അമ്മ ഗൗരവത്തിലായി.. നമ്മുടെ ചേർപ്ലശ്ശേരിയിലാത്രേ വീട്.. നല്ല ആഢ്യത്വമുള്ള കുടുംബം.. ഒറ്റ മോളാ.. ആ കുട്ടിയെ നിനക്ക് ആലോചിച്ചാലോ എന്നൊരു ആലോചന.. ആ ആലോചന അമ്മ കയ്യിൽ വെച്ചോളൂ.. അച്ഛൻ വരുമ്പോ മടക്കി കൊടുക്കാം.. അനന്തൻ പറഞ്ഞു.. അനന്താ.. സുധാമ്മ വേദനയോടെ വിളിച്ചു.. വരവ് കണ്ടപ്പോഴേ തോന്നി.. വെറുതെ ദേഷ്യം പിടിപ്പിക്കാതെ അമ്മ ചെല്ലു.. അവൻ പറഞ്ഞു.. അനന്താ നീയങ്ങനെ അമ്പിനും വില്ലിനും അടുക്കാഞ്ഞാൽ ഞങ്ങൾ രണ്ടാളും എന്താ ചെയ്യ.. ഇതിപ്പോ എത്രാമത്തെ ആലോചനയാണ്.. സുധാമ്മ പറഞ്ഞു.. ഒരിക്കൽ ഈ ഡയലോഗുകൾ ഒക്കെ പറഞ്ഞു ഞാനൊരു കല്യാണം കഴിച്ചതല്ലേ അമ്മേ.. പിന്നെ ഉണ്ടായതൊക്കെ മറന്നോ അമ്മ ഇത്ര വേഗം..

അമ്മ മറന്നാലും എനിക്ക് അതൊന്നും മറക്കാൻ കഴിയില്ല . ഇന്നും നാട്ടുകാരുടെ മുൻപിൽ ഞാനൊരു വൃത്തികേട്ടവനാണ്.. തെമ്മാടിയാണ്.. കാമഭ്രാന്തൻ.. അനന്താ.. സുധാമ്മ ശാസനയോടെ വിളിച്ചു. അലറേണ്ട.. സത്യമാണ്.. ഞാനാ സത്യത്തെ അംഗീകരിച്ചും കഴിഞ്ഞു..പിന്നെഇനിയൊരു കല്യാണം മേലേപ്പാട്ടെ അനന്തൻ ചന്ദ്രശേഖറിന്റെ ജീവിതത്തിൽ ഉണ്ടാകില്ല... അനന്താ.. മതി.. അമ്മ ചെല്ലു.. അനന്താ.. ഞാ.. ഇറങ്ങി പോ പ്ലീസ്.. അനന്തന്റെ കണ്ണുകൾ ചുവന്നു.. അവൻ ചെവി കൊട്ടിയടച്ചു അവരോട് പറഞ്ഞു.. അവർക്ക് ഭയം തോന്നി.. അനന്താ.. അവർ വേദനയോടെ വോളിച്ചയ്.. അമ്മയോടല്ലേ ഇറങ്ങി പോകാൻ പറഞ്ഞത്.. ഇനിയെന്നെ ഒരു ഭ്രാന്തനായി ഒരിക്കൽ കൂടി കണ്ടേ മതിയാകൂ എങ്കിൽ ഇവിടെ നിൽക്കാം.. അല്ലെങ്കിൽ ഒന്ന് പോയി താ അമ്മേ.. അവൻ അതേ നിൽപ്പിൽ പറഞ്ഞു..

സുധാമ്മ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുടച്ചു മാറ്റി അവനെ ഒരിക്കൽക്കൂടി നോക്കി ഇറങ്ങി.. ആ പഴയ തറവാടിന്റെ പടിക്കെട്ടിൽ കൂടെ നിലത്തേയ്ക്കിറങ്ങവേ കണ്ണിലെ കാഴ്ച മറയും പോലെ അവർക്ക് തോന്നി.. അമ്മേ.. നിലത്തുനിന്ന് തറ തുടച്ചുകൊണ്ടിരുന്ന മിനി എഴുന്നേറ്റ് ഓടി വരും മുൻപേ അവർ സ്റ്റെപ്പിൽ നിന്നും താഴേയ്ക്ക് വീണു പോയിരുന്നു.. അനന്താ.. മിനിയുടെ ഒച്ച മേലേപ്പാട്ടെ ചുവരുകളിൽ പ്രതിധ്വനിക്കവേ സുധാമ്മയുടെ നെറ്റിയിൽ നിന്നും ചോര ആ തറയിൽ തളം കെട്ടുന്നുണ്ടായിരുന്നു..അപ്പോഴും ആ ഹൃദയം മിടിക്കുന്നത് തന്റെ മകനായി മാത്രമായിരുന്നു... അശാന്തമായി.. തുടരും.. എല്ലാ ദിവസവും പോസ്റ്റ് ചെയ്യാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എഴുതി തുടങ്ങുകയാണ്.. ഇഷ്ടമാകുമോ എന്നറിയില്ല.. എന്തായാലും നിങ്ങളുടെ അഭിപ്രായം പോരട്ടെ.. കാത്തിരിക്കുന്നു.. സസ്നേഹം ഗൗരി..

Share this story