പ്രിയം: ഭാഗം 13

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൾ ആർത്തലച്ചു കരഞ്ഞു..ഒന്നാശ്വസിക്കാൻ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല.. തെറ്റ് ചെയ്തുവോ താൻ.. ആ ചിന്ത അവളിൽ നിറഞ്ഞു..തെറ്റും ശെരിയും വേര്തിരിച്ചറിയുവാൻ പോലും കഴിയാത്തവണ്ണം അവളെ സങ്കടങ്ങൾ പൊതിഞ്ഞിരുന്നു.. പൂർണ്ണമായും.. ********* ഓ.. കൊച്ചമ്മ ഇവിടെ ഇരിക്കുവായിരുന്നോ.. താഴേയ്ക്ക് എഴുന്നെള്ളിയാട്ടെ..അവിടെ അന്വേഷിക്കുന്നുണ്ട്.. പ്രിയ വന്ന് അത്രയും പറഞ്ഞിട്ട് പോയി.. മാളു മുഖം ഒന്നുയർത്തി..കണ്ണൊന്ന് അമർത്തി തുടച്ചു.. എത്ര നേരമായി ഈ ഇരിപ്പ് എന്നറിയില്ല.. ദർശന പോയി കാണുമോ.. തന്നെ അന്വേഷിച്ചു കാണില്ലേ എല്ലാവരും.. അതൊക്കെ ഓർക്കവേ അവൾ മെല്ലെ എഴുന്നേറ്റു.. മുറിയിലേയ്ക്ക് ചെന്നു..

വാതിൽ പാതി തുറന്ന് കിടക്കുകയാണ്.. പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോസ്വകാര്യം പറഞ്ഞതാവാം..

ശ്രുതി മധുരമായ് ദർശന പാടുന്നത് കേട്ട് മാളു നിന്നുപോയി. അത്രമേൽ തരളമായ അവളുടെ പാട്ടിൽ അലിഞ്ഞ് കസേരയിൽ ചാഞ്ഞിരിക്കുകയായിരുന്നു അനന്തനും.. അവന്റെ കണ്ണും മനസ്സും അവിടെയെങ്ങുമല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്.. ദർശന മാളുവിന് ഹൃദ്യമായ ഒരു പുഞ്ചിരി നൽകി എഴുന്നേറ്റു.. മാളുവും ഒന്ന് പുഞ്ചിരിച്ചു.. ശേഷം ബാത്റൂമിലേയ്ക്ക് കയറിപ്പോയി.. തിരിച്ചവൾ വരുമ്പോൾ അനന്തൻ മുറിയിൽ ഉണ്ടായിരുന്നില്ല.. ദർശന അവളെ കണ്ടതും പുഞ്ചിരിയോടെ എഴുന്നേറ്റു.. സോറി മാളവിക.. തന്നെ ഞാൻ കുറച്ചു വിഷമിപ്പിച്ചുവെന്നറിയാം... ദർശന മാളുവിനരികിൽ വന്നു പറഞ്ഞു.. സാരോല്യ.. അവൾ പറഞ്ഞു.. ദർശന അലിവോടെ മാളുവിനെ തഴുകി.. താൻ തന്നെ ആലോചിച്ചു നോക്കിയേ തന്നെ ഒരാൾ അവോയ്ഡ് ചെയ്താൽ ഒന്നു കേൾക്കാൻ പോലും തയാറാകാതെ ഒറ്റപ്പെടുത്തിയാൽ തനിക്ക് സങ്കടമാകില്ലേ...

അനന്തനും അങ്ങനെയാണ്.. താൻ അവന്റെ വൈഫ് അല്ലെ.. അനന്തനെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന് മനസ്സിലായി.. ഞാനും അതേപ്പറ്റി ഒന്നും പറയുന്നില്ല.. അത് പറയേണ്ടതും താൻ അറിയേണ്ടതും അനന്തനിൽ നിന്നാണ്.. കാരണം അവന്റെ കൂടെയാണ് താനിനി ജീവിക്കേണ്ടത്.. നിങ്ങൾ നന്നായി ജീവിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവരിൽ ഒരാൾ ഞാനാണ്.. അതുകൊണ്ട് പറയുവാ.. മറ്റുള്ളവരിൽ നിന്ന് അനന്തനെ അറിയാൻ ശ്രമിക്കാതെ താൻ അവനെ അറിയാൻ ശ്രമിക്കൂ.. ഒരാൾ എല്ലാവർക്കും നല്ലവനാകില്ല.. എല്ലാവർക്കും മോശവും ആകില്ല..കേട്ടോ.. മാളുവിന്റെ മിഴികൾ നിറഞ്ഞു.. അയ്യേ.. കരയാ. ദർശന അവളുടെ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു..

ബി ഹാപ്പി ഗേൾ.. വിവാഹമൊക്കെ ലൈഫിലെ ഇമ്പോർട്ടന്റ് ടേർണിംഗ് പോയിന്റ് അല്ലെ..അപ്പൊ ഹാപ്പിയായി ഇരിക്കണം... ഈ ടൈം ഒക്കെ ഏറ്റവും ആസ്വദിക്കേണ്ട ടൈമാണ്... എന്നെ ഒരു ചേച്ചിയായി കണ്ടാൽ മതിട്ടൊ..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.. ഇടയ്ക്ക് രണ്ടാളൂടെ അങ്ങോട്ട് ഇറങ്ങു.. ഞാനിറങ്ങട്ടെ.. മ്മ്.. മാളു തലയാട്ടി.. ദര്ശനയ്ക്ക് അവളോട് അലിവ് തോന്നി.. ഒരു ചെറു കുറ്റബോധവും.. അവൾ ചിരിയോടെ ബാഗിൽ നിന്നൊരു ബോക്‌സ് എടുത്തു.. ഇത് മറന്നു.. അവളത് മാളുവിനു നീട്ടി.. അവൾ സംശയത്തോടെ നോക്കി.. വാങ്ങിച്ചോ.. കല്യാണത്തിനുള്ള ഗിഫ്റ്റാണ്.. അവളത് വാങ്ങി.. തുറന്ന് നോക്ക്.. ഇഷ്ടായോന്ന്.. മാളുവാ ബോക്‌സ് തുറന്നു..

ഒരേ പോലിരിക്കുന്ന രണ്ടു മോതിരങ്ങൾ.. മാളുവിന്റെയും അനന്തന്റെയും പേരെഴുതിയ മോതിരങ്ങളാണ്.. നിങ്ങളുടെ എൻഗേജ്‌മെന്റ് നടന്നില്ലല്ലോ... അപ്പൊ ഈ മോതിരം പരസ്പരം കൈമാറി ഇട്ടോ.. ഇഷ്ടമായോ.. മാളു പുഞ്ചിരിച്ചു.. മ്മ്. ഇത് മാത്രമല്ല.. ആ പാട്ടും.. നല്ല അസ്സലായി പാടി ചേച്ചി.. താങ്ക്സ്.. ഞാൻ പറഞ്ഞില്ലേ.. ഇടയ്ക്കിറങ്ങു.. നല്ല പാട്ട് മാത്രമല്ല.. നമുക്ക് അവിടെ ഫുഡ് ഒക്കെ ഉണ്ടാക്കി ജോളിയായി ഇരിക്കാം.. മ്മ്... മാളു മൂളി.. അവളുടെ മുഖം തെളിഞ്ഞ സന്തോഷത്തിലാണ് ദർശന ഇറങ്ങിയത്.. പടിയിറങ്ങി വരുമ്പോൾ കണ്ടു അച്ഛനൊപ്പമിരുന്ന അമ്മയെ.. അവൾ അവരുടെ അരികിൽ ചെന്നു.. സുധാമ്മ അവളെ കണ്ടതും എഴുന്നേറ്റു.. അപ്പൊ ഇറങ്ങട്ടെ.. സമയമൊരുപാടായി.. അവൾ പറഞ്ഞു.. ഒന്നും കഴിച്ചില്ലല്ലോ മോള്.. വേണ്ടമ്മേ.. ഞാനും മാളുവും കൂടി സംസാരിച്ചിരിക്കുവായിരുന്നു.. സമയം പോയതറിഞ്ഞില്ല.. രാത്രി ഒറ്റപ്പാലത്തേയ്ക്ക് പോകണം..

ഒറ്റയ്ക്ക് പോവോ മോള്.. മ്മ്.. നൈറ്റ് ഡ്രൈവിങ്.. സുഖമാണ്. നല്ല കുറെ ഓർമ്മകളും കുറച്ചു പാട്ടും ഒക്കെയായി ഒരു യാത്ര.. അവൾ ആസ്വദിച്ചു ചിരിച്ചു.. അത് കേട്ടതും ചദ്രശേഖറിന്റെയും സുധാമ്മയുടെയും മുഖം മങ്ങി.. ഇറങ്ങുവാ.. അതും പറഞ്ഞു അവൾ യാത്രപറഞ്ഞിറങ്ങി.. അതിനിടയിലും പടിയിറങ്ങിവരുന്ന മാളുവിന് നല്ലൊരു പുഞ്ചിരി നൽകാനും അവൾ മറന്നില്ല.. ********** മോളെ.. സുധാമ്മയുടെ വിളി കേട്ടതും ചായ ഇട്ടുകൊണ്ടിരുന്ന മാളു തിരിഞ്ഞു നോക്കി.. എന്താമ്മേ.. നിങ്ങൾ രണ്ടാളും കല്യാണം കഴിഞ്ഞിട്ടെങ്ങോട്ടും ഇറങ്ങിയില്ലല്ലോ..നാളെ രണ്ടാളും കൂടെ വീടുവരെ പോയിട്ട് വാ കേട്ടോ.. സുധാമ്മ പുഞ്ചിരിച്ചു.. മാളുവും... ആ പിന്നെ ഇന്ന് ഇവിടെ ഒന്നുരണ്ടിടത്ത് രണ്ടാളും കൂടെ പോണം..

എന്റെ ഏട്ടന്മാരുടെ വീട്ടിലും പിന്നെ ചന്ദ്രേട്ടന്റെ കുടുംബത്തുമൊക്കെ പോകേണ്ടതാണ്.. അതൊക്കെ പതുക്കെയാക്കാം.. ഇവിടെ അടുത്തൊന്നുരണ്ടു വീട്ടിൽ ഒന്ന് പോണം.. പണ്ടുള്ളോർ പറയും അകലത്തുള്ള ബന്ധുവിനെക്കാൾ ഗുണം ചെയ്യുന്നത് അരികത്തുള്ള ശത്രുവാകുമെന്ന്.. അയല്പക്കത്തുള്ളവരൊക്കെ പല വിധമാണ് . എങ്കിലും നമുക്കത്രയ്ക്ക് വേണ്ടപ്പെട്ട ഒന്നുരണ്ടുപേരുണ്ട്.. അവരുടെയൊക്കെ വീട് വരെയൊന്ന് പോണം.. ഞാൻ അനന്തനോടും പറയാം.. സുധാമ്മ പറഞ്ഞതിന് മാളു തലയാട്ടി.. സുധാമ്മ പുഞ്ചിരിയോടെ മാളുവിനും ഗ്ലാസ് കഴുകി നൽകി.. അവൾ ചായ പകർത്തി.. ദർശമോള് എന്ത് പറഞ്ഞു.. ഒന്നും പറഞ്ഞില്ല. ഒരു ഗിഫ്റ്റ് തന്നു...രണ്ടു മോതിരം.. ഞാൻ കണ്ടു.. മോള് കാണിച്ചു..

സുധാമ്മ പുഞ്ചിരിച്ചു.. മോൾക്കും വല്യ സന്തോഷമായി.. അവർ പുഞ്ചിരിയോടെ പോയതും മാളുവിന്റെ മുഖം മങ്ങി.. എന്താണ് തനിക്ക് ചുറ്റും നടക്കുന്നത്. ആരൊക്കെയോ സ്നേഹിക്കുന്നു.. ആരൊക്കെയോ അടുത്തു പെരുമാറുന്നു.. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് താനൊരു ഭാര്യയായി മാറിയിരിക്കുന്നു.. അവൾക്കാകെ ഒരസ്വസ്ഥത തോന്നി.. അപ്പോഴാണ് സ്ലാബിലിരുന്നു ഫോൺ ബെല്ലടിക്കുന്നത് കണ്ടത്. ആ നമ്പർ കണ്ടതും അവളൊന്ന് നോക്കി.. അഞ്ചിത.. വല്ലാത്തൊരു ഭയം തന്നിൽ നിറയുന്നത് അവളറിഞ്ഞു.. അവൾ വിറയലോടെ ഫോണെടുത്തു.. മാളവിക.. അഞ്ജിതയുടെ ശബ്ദം.. ആർ യു ദേർ.. എന്താ നിങ്ങൾക്ക് വേണ്ടത്.. മാളു ചോദിച്ചു. അഞ്ചിത ഒന്ന് പുഞ്ചിരിച്ചു.. താനെന്തിനാടോ ചൂടാകുന്നത്.. പിന്നെ ഞാനെന്താ വേണ്ടേ..അല്ലെങ്കിൽ തന്നെ ഭ്രാന്തെടുത്തു നിൽക്കുകയാണ് ഞാനിവിടെ.. അഞ്ചിത ചിരിച്ചു.. മ്മ്..ഞാനൂഹിച്ചു..

സത്യത്തിൽ ഞാനൊരുപാഡ് ആഗ്രഹിച്ചു.. താൻ അന്നവിടുന്ന് രക്ഷപെടുമെന്ന്.. അതില്ല എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ തന്നെപ്പറ്റി അന്വേഷിച്ചു.. മാളു മിണ്ടിയില്ല.. തന്റെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലായി മാളൂ.. നിന്നെപ്പോലെ ഒരാൾക്ക് അവിടെ പിടിച്ചു നിൽക്കാൻ പാടായിരിക്കും.. അവിടെ എല്ലാവരും അഭിനയിക്കാൻ മിടുക്കരാണ്.. ആ തള്ളയടക്കം.. അഞ്ജുവിന്റെ വാക്കുകളിൽ വല്ലാത്ത തീവ്രത നിറഞ്ഞു.. നല്ലവരേത് മോശമേത് എന്ന് തിരിച്ചറിയാൻ പോലും കഴിയില്ല.. മാളു ആലോചനയോടെ നിന്നു.. മാളൂ. മ്മ്.. തന്നെ..തന്നെ അയാൾ ഉപദ്രവിക്കാറുണ്ടോ. ഇല്ല.. മാളു ആലോചിക്കാതെ തന്നെ പറഞ്ഞു... സത്യം പറയണം.. അങ്ങനെ ഉണ്ടെങ്കിൽ അവിടെ കടിച്ചു പിടിച്ചു നിൽക്കാൻ നോക്കരുത്..

പിന്നെ കല്യാണം കഴിഞ്ഞതിന്റെ പേരിൽ അവനെയും വിളിച്ചു വീട്ടിൽ പോകാനൊന്നും നിൽക്കേണ്ട.. അയാളുടെ മനസ്സിൽ എന്താണെന്ന് എങ്ങനെ അറിയും.. അവിടെ നിനക്കൊരു അനിയത്തി ഉള്ളതല്ലേ.. അയാൾ അവളെ കണ്ടിട്ടാണോ നിന്നോട് മാന്യമായി പെരുമാറുന്നത് എന്നാണ് എന്റെ സം.. ഷട്ടപ്പ്.. മാളുവിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു.. ഇങ്ങനൊന്നും പറയല്ലേ.. എനിക്ക്.. എനിക്ക് സഹിക്കില്ല.. മാളു കരഞ്ഞു.. മാളവിക കൂൾ.. താൻ ശ്രദ്ധയോടെ ഇരിക്കാൻ പറഞ്ഞതാണ്.. അനന്തനെ എന്നെപ്പോലെ മറ്റൊരാൾക്കും അറിയില്ല.. അയാളൊന്ന് ആഗ്രഹിച്ചാൽ എന്ത് വിലകൊടുത്തും അയാൾ അതിനെ സ്വന്തമാക്കും.. പ്രത്യേകിച്ച് അതൊരു പെണ്ണാണെങ്കിൽ..

അവന്റെ കയ്യിൽ പെട്ടാൽ.. അഞ്ജിതയുടെ ശ്വാസോച്ഛാസം പോലും മാളുവിനും വ്യക്തമായി കേൾക്കാമായിരുന്നു.. അച്ഛനും അമ്മയുമൊക്കെമറ്റൊരു വിവാഹത്തിന് നിര്ബന്ധിക്കുമ്പോഴും എനിക്ക് പേടിയാണ് മാളവിക.. അയാൾ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട് എന്നെ..ഒരു പെണ്ണും സഹിക്കാത്തവണ്ണം.. അഞ്ജിതയുടെ ശബ്ദമിടറി.. ഓരോ രാത്രിയും അയാൾക്കൊപ്പം ആണെന്നോർക്കുമ്പോ പേടിയോടെ ഒളിച്ചിരുന്നിട്ടുണ്ട് ഞാൻ. മാളുവിന്റെ നെഞ്ചിടിപ്പുയർന്നു.. ഇറ്റ്‌സ് ബെറ്റർ റ്റു അപ്പ്ലൈ ഫോർ ആ ഡിവോഴ്‌സ്. മാളു ഞെട്ടി.. എ.. എന്താ.. മറ്റെന്തിനേക്കാളും സ്വന്തം കുടുംബം വലുതാണെന്ന് വെയ്ക്കുന്ന നിനക്ക് ഞാൻ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി കാണുമെന്ന് വിചാരിക്കുവാ ഞാൻ..ആലോചിക്ക്.. നന്നായി ആലോചിക്ക്..

തീരുമാനമെടുത്തു കഴിഞ്ഞാൽ ഈ നമ്പറിൽ വിളിച്ചാൽ മതി.. ആസ് എ സിസ്റ്റർ ഞാനുണ്ടാകും നിന്നോടൊപ്പം.. അതും പറഞ്ഞു അഞ്ചിത ഫോൺ വെച്ചു..കോൾ കട്ടായിട്ടും രണ്ടുമൂന്ന് നിമിഷമെടുത്തു അവൾ സ്വബോധത്തിലേയ്ക്ക് വന്നത്.. അവൾ കണ്ണുകൾ അമർത്തി തുടച്ചു ..സ്ലാബിലേയ്ക്ക് ചാഞ്ഞു നിന്നു.. കുറച്ചു മുൻപ് അമ്മ പറഞ്ഞതൊക്കെ ഓർമ വന്നു.. അമ്മു.. നെഞ്ചിൽ വല്ലാത്ത ഭാരം.. അവൾ പാത്രങ്ങളൊക്കെയും എടുത്തു സിങ്കിലിട്ടു കഴുകി.. അപ്പോഴും അവളുടെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. നേരെ റൂമിലേയ്ക്ക് പോയി കിടക്കയിലേക്ക് വീണു.. എന്ത് വിധിയാണ് തന്റേതെന്ന ചിന്തയിൽതന്നെ അവളുടെ ഉള്ളം നീറുന്നുണ്ടായിരുന്നു.. വേദനിക്കുന്നു.. ഹൃദയം വിങ്ങുന്നു. ആരെയാണ് താൻ വിശ്വസിക്കേണ്ടത്..ആരെയാണ് അവിശ്വസിക്കേണ്ടത്. തന്നെ വിളിച്ചു പറയുന്നത് അയാളോടൊപ്പം ജീവിച്ച ഒരുവളാണ്.. ആ ചിന്തയിൽ അവളുഴറി..

ഏറെ നേരമാ കിടപ്പവൾ കിടന്നു..ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചെന്നോണം അവളെഴുന്നേറ്റു.. മുഖത്തേയ്ക്ക് തണുത്ത വെള്ളം കൈക്കുമ്പിളിൽ നിന്ന് ശക്തിയായി ഒഴിക്കുമ്പോൾ അവളുടെ മനസ്സിലെ നിശയദാർഢ്യവും ഉറയ്ക്കുകയായിരുന്നു.. ********** വണ്ടിയുടെ ശബ്ദം കേട്ടതും മാളു പുറത്തേയ്ക്ക് വന്നു നോക്കി.. ബൈക്കിൽ വന്നിറങ്ങിയവരെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. വേണി... അവൾ സന്തോഷത്തോടെ പുറത്തേയ്ക്ക് ചെന്നു.. വേണി വന്നവളുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചു.. രാജീവേട്ടാ.. വാ.. മാളു അവരെയകത്തേയ്ക്ക് ക്ഷണിച്ചു.. അവർ അവൾക്ക് പിന്നാലെ അകത്തേയ്ക്ക് വന്നു.. അമ്മേ.. മാളു വിളിച്ചതും സുധാമ്മ ഇറങ്ങിവന്നു..

ഇത് വേണി.. എന്റെ കൂടെ ജോലി ചെയ്യുന്നതാണ്..ഇത് വേണിയുടെ ഹസ്ബൻഡ്..രജീവേട്ടൻ.. മാളു പരിചയപ്പെടുത്തി.. ഇരിക്ക്.. വാ.. സുധാമ്മ പറഞ്ഞു.. അപ്പോഴേയ്ക്കും അനന്തനും ഇറങ്ങി വന്നു.. അവരെ കണ്ടതും അനന്തൻ പുഞ്ചിരിച്ചു.. രാജീവ് പരിചയഭാവത്തിൽ എഴുന്നേറ്റു.. ഇരിക്ക്.. അനന്തൻ അവനരികിലിരുന്നു.. എന്തൊക്കെയുണ്ട് വിശേഷം.. കുഞ്ഞ് സുഖമായിരിക്കുന്നോ.. മ്മ്.. നന്നായിരിക്കുന്നു..വേണി മാളുവിനെ കാണണമെന്ന് പറഞ്ഞപ്പോഴോർത്തു എന്നാൽ ഇങ്ങോട്ട് ഇറങ്ങാമെന്ന്..കല്യാണത്തിനും വന്നില്ലല്ലോ.. നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാമെന്നും കരുതി.. രാജീവ് പറഞ്ഞു.. അവരുടെ സംസാരം കേട്ട് മാളു സംശയത്തോടെ അവരെ നോക്കി.. അച്ഛൻ. രാജീവ് ചോദിച്ചു..

ഒരാളെ കാണാൻ പോയതാണ്.. സുധാമ്മയാണ് മറുപടി പറഞ്ഞത്.. എങ്ങനുണ്ട് നിനക്കിപ്പോ..വയ്യായിരുന്നു എന്നറിഞ്ഞല്ലോ.. വേണി ചോദിച്ചു.. ഇപ്പൊ പ്രശ്നമില്ല.. നീയിരിക്ക് ഞാൻ ചായയെടുക്കാം. മോളിരിക്ക്.. ചായ ഞാനെടുക്കാം.. അതും പറഞ്ഞു സുധാമ്മ അടുക്കളയിലേക്ക് നടന്നു.. രാജീവും അനന്തനും പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. നീ വാ.. അതും പറഞ്ഞു വേണി പുറത്തേയ്ക്ക് നടന്നു.. പുറകെ മാളുവും.. പറ.. എന്തൊക്കെയുണ്ട് വിശേഷം.. ഇവിടെ ഉള്ളവരൊക്കെ എങ്ങനുണ്ട്.. അമ്മ പാവമാണ്.. അച്ചുവും.. അച്ചു. അനന്തേട്ടന്റെ അനിയത്തി.. മാളു പറഞ്ഞു.. അച്ഛൻ ഇത്തിരി ഗൗരവക്കാരനാണ്.. എന്നാലും പാവമാണ്..

വല്യ സ്നേഹം.. മ്മ്.. നിന്റെ അനന്തേട്ടനോ.. മാളു മൗനം പാലിച്ചു.. മാളൂ.. എന്താ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. വേണി ചോദിച്ചു... മാളുവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും വേണി അവളെ ചേർത്തുപിടിച്ചു.. എന്താ നിന്റെ മനസ്സിൽ.. അല്പനേരത്തെ മൗനത്തിന് ശേഷം വേണി ചോദിച്ചു.. അയാളെ.. അയാളെ നിക്ക് പേടിയാ വേണീ... അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.. ആരെ..അനന്തേട്ടനെയോ.. മ്മ്.. അവൾ മൂളി.. എന്തിന്.. എന്താ മാളൂ നിന്റെ പ്രശ്നം.. വേണി ചോദിച്ചതും മാളു ഓരോന്നായി കാര്യങ്ങൾ പറഞ്ഞു.. വേണി മൗനമായി എല്ലാം കേട്ടു നിന്നു.. മാളൂ.. എല്ലാം പറഞ്ഞുകഴിഞ്ഞു കണ്ണുനീരൊപ്പുന്ന മാളുവിനെ വേണി വിളിച്ചു. മാളു അവളെ നോക്കി . നിന്നെ ഞാൻ കുറ്റം പറയില്ല.. കാരണം നിന്നെ എനിക്ക് നന്നായിട്ടറിയാം.. സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഇതൊന്നും കേട്ടാൽ സഹിക്കില്ല..

പിന്നെ അനന്തേട്ടനെപ്പറ്റി ഒന്നും രണ്ടുമൊന്നുമല്ലല്ലോ നാട്ടിൽ കഥകളുള്ളത്.. അതോണ്ട് അതൊക്കെ കേട്ടു വന്ന നിനക്ക് ഇങ്ങനൊക്കെ തോന്നുന്നത് സ്വാഭാവികമാണ്.. പക്ഷെ മോളെ മറ്റൊന്ന് കൂടി നീ ചിന്തിക്കണം.. ആളുകൾക്ക് കഥയുണ്ടാക്കാൻ എളുപ്പമാണ്.. അതിനങ്ങനെ സത്യത്തിന്റെ ചെറിയൊരു ഛായ പോലും വേണമെന്ന നിര്ബന്ധമൊന്നുമില്ല.. ഇപ്പൊ തന്നെ നാട് നീളെ വലിയൊരു കഥ പരക്കുന്നുണ്ട്.. ആദ്യരാത്രി തന്നെ നിന്നെ ക്രൂരമായി ഉപദ്രവിച്ച് അനന്തേട്ടൻ ആശുപത്രിയിലാക്കി എന്ന്.. മാളു ഞെട്ടലോടെ വേണിയെ നോക്കി.. അവൾ പുഞ്ചിരിച്ചു.. ആ കേട്ട കാര്യം സാധാരണ ഞാനും വിശ്വസിക്കേണ്ടതാണ്.. പിന്നെ എന്തോ.. അങ്ങനെ ഉണ്ടാകില്ല എന്നൊരു വിശ്വാസം.. അനന്തേട്ടനെ ഞാനറിഞ്ഞിടത്തോളം അയാൾ അങ്ങനെയൊരാളല്ല.. വേണി പറഞ്ഞു.. നീ.. നിനക്കെങ്ങനെ.. അറിയാം.. അത് വഴിയേ പറയാം..ഇവിടെ വിഷയം അതല്ലല്ലോ...

വേണി പറഞ്ഞു.. മാളു മൗനിയായി നിന്നു.. ഇനി നീ പറയ് ഈ കേട്ട കഥയിൽ എന്തെങ്കിലും വാസ്തവമുണ്ടോ.. ഇല്ലെന്ന് മാളു തലയനക്കി.. ഞാൻ പറഞ്ഞില്ലേ.. പേടിച്ചു പനി പിടിച്ചതാ എനിക്ക്. വേണി ചിരിച്ചു.. കാക്ക ശർധിച്ചു എന്നൊരു വാർത്ത കേട്ടാൽ കാക്കയെ ശർധിച്ചു എന്നാക്കി മാറ്റാൻ ഭയങ്കര കഴിവുള്ളവരാണ് നമ്മുടെ നാട്ടുകാർ.. ദോഷം പറയരുതല്ലോ.. അതൊരു പ്രത്യേകതരം കലാരൂപമാണ്.. വേണി വീണ്ടും ചിരിച്ചു.. അനന്തേട്ടൻ ഒരന്യനായിരുന്നപ്പോൾ നിനക്ക് എന്തും അയാളെപ്പറ്റി വിശ്വസിക്കാമായിരുന്നു..പക്ഷെ ഇന്നയാൾ നിന്റെ ഭർത്താവാണ്.. അല്ലെ.. മാളു അതെയെന്ന് തലയാട്ടി.. ഒരു വിവാഹം കഴിച്ചു കുടുംബമൊക്കെയായി താമസിക്കുന്ന അറിവ് വെച്ചിട്ട് പറയാ..

നമ്മളൊരിക്കലും നമ്മുടെ കൂടെ ജീവിക്കുന്നവരെ സംശയത്തോടെ നോക്കാൻ നിൽക്കരുത്.. കാരണം സംശയത്തിന്റെ കണ്ണിൽ നോക്കിയാൽ വെറും നിഴൽ മാത്രമേ നമുക്ക് കാണാൻ കഴിയൂ.. അതിൽ സത്യം മാത്രമായിരിക്കില്ല ഉള്ളത്.. അനന്തേട്ടൻ ഞാനറിഞ്ഞിടത്തോളം ഒരു മാന്യനാണ്.. പ്രത്യേകിച്ചു സ്ത്രീ വിഷയത്തിൽ ഇത്ര മോശം കാഴ്ചപ്പാട് ഉള്ളൊരാളായി എനിക്ക് തോന്നിയിട്ടില്ല.. നീ ചോദിച്ചില്ലേ എനിക്കെങ്ങനെയാണ് അയാളെ പരിചയമെന്ന്.. മാളു അവളെ നോക്കി.. ഇന്ന് ഞാനും രാജീവേട്ടനും ഇത്ര സന്തോഷമായി ജീവിക്കുന്നത് അയാൾ കാരണമാണ്.. നീയോർക്കുന്നോ ഇടയ്ക്ക് രാജീവേട്ടന് ഒരാക്സിഡന്റ് പറ്റിയത്.. മ്മ്.. മാളു മൂളി.. അന്ന് രാജീവേട്ടന്റെ ജീവൻ തിരിച്ചു കിട്ടാൻ ഒരു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു.. 6 ലക്ഷം രൂപ ആണ് അതിന് വേണ്ടിയിരുന്നത്.. ആരുമില്ലായിരുന്നു സഹായിക്കാൻ .

അവസാനം എന്റെ മുൻപിൽ ആത്മഹത്യ എന്നൊരൊറ്റ മർഗ്ഗമേ ഉള്ളായിരുന്നു.. അന്ന് ഞാൻ 7 മാസം പ്രഗ്നന്റാ.. അവിടെ ഇരുന്നു നെഞ്ചുപൊട്ടി കരഞ്ഞ എന്നെ അന്നാശ്വസിപ്പിച്ചത് അവിടുള്ളൊരു ലേഡി ഡോക്ടർ ആയിരുന്നു.. അവരാണ് അനന്തേട്ടന്റെ നമ്പർ തന്നത്. അവർ തന്നെ അനന്തേട്ടനെ വിളിച്ചു സംസാരിച്ചു.. അവർ രണ്ടാളും ചേർന്നിട്ടാ അന്നാ പൈസ അടച്ചതും ഓപ്പറേഷൻ നടത്തിയതും. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് രാത്രി ഞാൻ ആശുപത്രിയിൽ ഒറ്റയ്ക്കായിരുന്നു. മരുന്ന് മേടിക്കാനൊക്കെ ഇടയ്ക്ക് പുറത്തു പോകേണ്ടി വരുമ്പോ പേടിയായിരുന്നു.. സത്യത്തിൽ പല ദിവസങ്ങളിലും അനന്തേട്ടൻ എനിക്ക് കൂട്ടായിട്ട് വന്നിരുന്നിട്ടുണ്ട്.. ഒരു റൂം എടുത്ത് എന്നെ റൂമിലാക്കി ഐ സി യുവിന് മുൻപിൽ ആ മനുഷ്യൻ കാവലിരിക്കും.. അന്നൊക്കെ അയാൾക്ക് എന്തും കഴിയുമായിരുന്നു..

ഉള്ളത് പറഞ്ഞാൽ അയാൾ എന്റെ ഭർത്താവിന് വിലയിടുന്നത് എന്റെ ശരീരമാണെങ്കിൽ പോലും അന്നെന്റെ അവസ്ഥയിൽ ചിലപ്പോൾ ഞാനത് ചെയ്തേനെ.. മാളു കണ്ണുനീരോടെ അവളെ നോക്കി.. ഒരു കൂടെപ്പിറപ്പിനെ പോലെ അയാൾ എനിക്ക് കാവലിരുന്നു.. എന്റെ രാജീവേട്ടന്റെ ജീവൻ തിരിച്ചു തന്നു.. അന്ന് രാജീവേട്ടന്റെ അമ്മ പറഞ്ഞു അത് ദൈവമാണെന്ന്.. ശെരിയാ.. മരണത്തിൽ നിന്ന് എന്റെയും രാജീവേട്ടന്റെയും കൈപിടിച്ചുയർത്തിയത് ആ മനുഷ്യനാണ്.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.. ആ മനുഷ്യൻ അവരെ അങ്ങനെയൊക്കെ ഉപദ്രവിച്ചുവെന്ന് പറഞ്ഞാൽ ഞാനെങ്ങനെ വിശ്വസിക്കും..നീയത് വിശ്വസിക്കാൻ അയാൾ നിന്നോട് അങ്ങനെ ചെയ്തിട്ടുണ്ടോ..

മാളു ഇല്ലെന്ന് തലയാട്ടി.. എനിക്കറിയില്ല മാളൂ.. അയാൾ അയാൾ അത്ര മോശമാണെന്ന് ഞാൻ വിശ്വസിക്കില്ല. വേണി പറഞ്ഞു.. നീ അയാളോട് തുറന്ന് സംസാരിക്ക്.. അയാളെപ്പറ്റി അയാളോട് ചോദിക്ക്..നീ അനുഭവത്തിൽ നിന്ന് മനസ്സിലാക്ക്... അല്ലാതെ മറ്റൊരാൾ വഴി നമ്മൾ ഒരാളെ നോക്കിക്കാണാൻ നിന്നാൽ നമുക്ക് തെറ്റും മാളൂ.. കാരണം ഒരാൾ എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.. പലർക്കും പലതാകും.. ഏതായാലും ഇത് നിന്റെ ജീവിതമാണ്.. ഒരാൾ എത്ര മോശമാണെങ്കിലും മറ്റൊരാൾ അത്രത്തോളം സ്നേഹിച്ചാൽ ചേർത്തുപിടിച്ചാൽ ചിലപ്പോൾ അയാൾ നന്നാകും.. പ്രത്യേകിച്ച് അയാളൊരു പുരുഷനും കൂടെയുള്ളത് അത്രമേൽ അയാളെ സ്നേഹിക്കുന്ന ഒരു പെണ്ണുമാണെങ്കിൽ..

വേണി പറഞ്ഞു.. എന്നു കരുതി എല്ലാം സഹിച്ചയാളെ നന്നാക്കാൻ ഒന്നുമല്ല.. നീ നോക്ക്.. വെറുതെ മറ്റൊരാളുടെ വാക്ക് കേട്ട് അയാളെ സംശയിക്കേണ്ട.. ഏതായാലും സ്വന്തം കൂടെപ്പിറപ്പിനെ കൊന്ന ഒരാളോട് ആരും സ്നേഹത്തോടെ പെരുമാറില്ലല്ലോ.. അയാളെപ്പറ്റി നല്ലത് പറയില്ലല്ലോ..അതോണ്ട് നീയാ അഞ്ജുവിനെ അത്രകണ്ടങ്ങു വിശ്വസിക്കെണ്ട.. നിന്റെ മുന്പിലില്ലേ അനന്തേട്ടൻ..നിന്റെ ഭർത്താവല്ലേ അയാൾ.. നീ അയാളെ ഒന്നു സ്നേഹിച്ചു നോക്ക്.. എന്റെ മനസ്സ് പറയുന്നു മാളൂ.. ഇത്രയും മറ്റുള്ളവരെ സ്നേഹിക്കുന്ന നിനക്ക് ദൈവം മോശമൊന്നും നൽകില്ലെന്ന്.. അങ്ങനെ മോശമായ ഒരുവനെ നിന്റെ ചെറിയമ്മ ഒന്നുംകാണാതെ നിനക്ക് കൊണ്ടുതരികയുമില്ല..

അപ്പൊ ചിലപ്പോൾ ഇതൊക്കെ നല്ലതിനാകും. വേണി പറഞ്ഞു.. മോളെ.. ചായ.. അപ്പോഴേയ്ക്കും സുധാമ്മയും വന്നു.. എന്താ മോളെ കണ്ണൊക്കെ നിറഞ്ഞ്.. ഒന്നുമില്ലമ്മേ.. അവൾ വീട്ടിലെ കാര്യം പറഞ്ഞതാണ്.. വേണി അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. മ്മ്.. നാളെ അത്രേടം വരെയൊന്ന് പോകാൻ ഞാനും പറഞ്ഞു.. മോളുടെ അച്ഛൻ ഇതുവരെ അനന്തനെ കണ്ടില്ലല്ലോ.. സുധാമ്മയും പറഞ്ഞു.. വേണി ചായ കുടിച്ചു.. മധുരമൊക്കെ മതിയോ മോളെ. സൂപ്പർ ചായ.. വേണി പറഞ്ഞതും സുധാമ്മ ചിരിച്ചു.. അച്ചു എന്തിയെ അമ്മെ.. അവൾ എന്തോ പ്രോജക്റ്റിന്റെ കാര്യം നോക്കുവാ മോളെ..അതാ ഇങ്ങോട്ട് വരാത്തെ.. സുധാമ്മ പറഞ്ഞു.. അപ്പോഴാണ് പ്രിയ പുറത്തേയ്ക്ക് വന്നത്.. ഇതാരാ..

എന്റെ ഫ്രണ്ടാ.. മാളു പറഞ്ഞു.. ഓ.. കണ്ടോരെ ഒക്കെ വിളിച്ചു വീട്ടിൽ കേറ്റി സത്കരിക്കാനും തുടങ്ങിയോ.. പ്രിയേ.. അനന്തന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.. നിനക്കെന്താ പ്രശ്നം.. അനന്തനും രാജീവും കൂടെ ഇറങ്ങിവന്നു.. അത് അനന്തേട്ടാ.. ഇത് എന്റെ ഭാര്യയുടെ സുഹൃത്താണ്... അവരിവിടെ വന്നതിൽ നിനക്ക് എന്താ പ്രശ്നം.. എനിക്കെന്താ... ഞാനൊന്ന് പുറത്തു പോവാ.. അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി . ഈ സന്ധ്യയ്ക്ക് നീയെങ്ങോട്ടാ മോളെ.. സുധാമ്മ ചോദിച്ചു.. എനിക്ക് കുറച്ചു സാധനം വാങ്ങാനുണ്ട്.. അതും പറഞ്ഞവൾ സ്‌കൂട്ടറിൽ കയറി.. ഒരിക്കൽ കൂടി മാളുവിനെയും വേണിയെയും രാജീവിനെയും നോക്കി അവൾ വണ്ടി ഓടിച്ചു പോയി.. ഒന്നും തോന്നരുത്. അവൾ അങ്ങനെയാണ്.. ഹേയ്.. ഞങ്ങൾ ഇറങ്ങുവാ അമ്മേ.. അവിടെ ഇപ്പൊ വീട് തിരിച്ചു വെച്ചുകാണും. സന്ധ്യയായില്ലേ..

ശെരി മോളെ.. ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങണം.. സുധാമ്മ പറഞ്ഞു.. ശെരി... മാളൂ.. അനന്തേട്ടാ.. രണ്ടാളും അങ്ങോട്ടും വരണം കേട്ടോ.. വിരുന്നിന്.. വേണി പുഞ്ചിരിയോടെ പറഞ്ഞു.. രാജീവും അനന്തനോട് യാത്ര പറഞ്ഞിറങ്ങി.. പോകും നേരവും വേണി മാളുവിനെ ഒന്ന് നോക്കി.. അപ്പോഴും ആ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായിരുന്നില്ല.. എങ്കിലും അഞ്ജുവിന്റെ വാക്കുകൾ അവളെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണിയ്ക്ക് മനസ്സിലായിരുന്നു.. അവൾ അനന്തനെ ഒന്നുകൂടി നോക്കി.. അവർ പോകുന്നതും നോക്കി നിൽക്കുമ്പോൾ അനന്തന്റെ ചുണ്ടിൽ അത്രയ്ക്ക് മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..അല്ലെങ്കിലും ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ കിട്ടുന്ന ഒരു ചെറു പുഞ്ചിരിയ്ക്ക് പോലും അത്ര ഭംഗി ഉണ്ടാകുമല്ലോ.. വേണിയ്ക്ക് അവനോട് സഹതാപം തോന്നി. ഒരുപക്ഷേ നിങ്ങളിനിയുമേറെ വേദനിക്കേണ്ടി വരും എന്നവളുടെ ഉള്ളം അവനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.. വേദനയോടെ..............തുടരും………

പ്രിയം : ഭാഗം 12

Share this story