പ്രിയം: ഭാഗം 21

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഞാനാടോ.. ഞാനാ ഈ കയ്യോണ്ടാ അവനെ.. അനന്തൻ വിറവലോടെ പറയുമ്പോഴും അവന്റെ കൈകൾ അവളിൽ മുറുകുന്നുണ്ടായിരുന്നു.. അവന്റെ ഹൃദയത്തിൽ തെളിമയോടെ പല ചിത്രങ്ങളും കടന്നുവന്നു.. ഹൃദയമിടിപ്പിന്റെ വേഗത കൂടി.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.. ശരീരത്തിൽ ഒരു വിറയൽ തോന്നി..അനന്തൻ വീണ്ടും വീണ്ടും അവളെ കൂടുതൽ ശക്തമായി തന്നോട് ചേർത്തു.. ഒരാശ്രയത്തിനെന്നോണം.. മാളു ഒന്നും ചോദിച്ചില്ല.. അവനെ അവളും ചുറ്റിപ്പിടിച്ചു.. ഗാഢമായ ഒരാലിംഗനം. അവന്റക് കണ്ണുനീർ തന്റെ നെറുകയിൽ വീണതും അവളൊന്ന് മിഴിയുയർത്തി നോക്കി.. കരയല്ലേ അനന്തേട്ടാ.. ഞാൻ..ഞാൻ വേദനിപ്പിച്ചോ..

അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.. മാളൂ.. മ്മ്.. ഞാൻ.. എന്നോട് തനിക്ക് ഇപ്പോഴും വെറുപ്പുണ്ടോ.. അനന്തന്റെ ചോദ്യം കേട്ടതും അവളവനെ നോക്കി.. ആ കണ്ണിലേയ്ക്ക് ആഴത്തിൽ നോക്കി.. ഉണ്ടോടോ.. അവൾ ആ കണ്ണിലേക്ക് നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി.. ഞാൻ പറഞ്ഞില്ലേ അനന്തേട്ടാ.. ഇപ്പൊ എനിക്ക് നിങ്ങളോടൊരു കുഞ്ഞു ദേഷ്യം പോലുമില്ല.. മാളു ഉറപ്പോടെ ആ കണ്ണിലേക്ക് നോക്കി പറഞ്ഞു.. ഞാൻ.. ഞാനൊരു കൊലയാളിയല്ലേ.. അവൾ അവനെ നോക്കിയിരുന്നു. തന്നിൽ മുറുകിയിരുന്ന കൈകൾ ഒന്ന് അയഞ്ഞതായി തോന്നിയതും അവളാ കൈകളിലാണ് ഇന്ന് മോചിതയായി..

ശേഷം തന്റെ കൈകളാൽ അവന്റെ മുഖം കോരിയെടുത്താ നെറ്റിയിൽ മെല്ലേ ചുംബിച്ചു. നിങ്ങളോടെനിക്ക് പ്രണയമാണ് അനന്തേട്ടാ.. ഇപ്പൊ.. ഇപ്പൊ എനിക്ക് നിങ്ങളോട് അടക്കാനാകാത്ത പ്രണയമാണ്.. നിങ്ങളൊരുകുറ്റവുമില്ലാത്ത മനുഷ്യനാണെന്ന് കരുതിയല്ല ഞാൻ സ്നേഹിക്കുന്നത്... നിങ്ങളുടെ കുറ്റവും കുറവും ഉൾക്കൊണ്ടാണ് സ്നേഹിക്കുന്നത്.. ആ സ്നേഹത്തിന് മുന്പിൽ നിങ്ങളിലെ എന്ത് കുറവും എനിക്ക് അംഗീകരിക്കാനാകും.. മാളു ദൃഢമായി പറഞ്ഞതും അനന്തൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.. മാളുവും അവനിൽ നിന്നകന്നുമാറാൻ താത്പര്യമില്ലാത്തപോലെ അവനെ ചേർന്നിരിക്കുകയായിരുന്നു..

കിടക്കേണ്ടേ അനന്തേട്ടാ.. മ്മ്.. അവനവളെ വിട്ടതും... മാളുകട്ടിലിലേയ്ക്ക് കിടന്നു.. അനന്തൻ കിടന്നതും അവളാ നെഞ്ചിലേക്ക് മുഖമുയർത്തിവെച്ചു..അനന്തന്റെ കൈകൾ തന്നെ പൊതിഞ്ഞു.. മാളൂ.. തനിക്ക് അറിയേണ്ടേ അന്നെന്താ സംഭവിച്ചതെന്ന്.. അവളവനെ നോക്കി.. പിന്നെയവന്റെ കവിളിൽ മെല്ലെ തഴുകി.. അനന്തേട്ടന് എപ്പോ പറയാൻ തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി.. അല്ലാതെ വെറുതെ എനിക്ക് വേണ്ടി വീണ്ടും അതൊക്കെ ഓർത്ത് വേദനിക്കരുത്.. മാളു സ്നേഹത്തോടെ പറഞ്ഞതും അവനവളുടെ കൈപിടിച്ചു മെല്ലെ ചുംബിച്ചു.. അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.. ദച്ചുവും ഞാനും ഒന്നിച്ചായിരുന്നു പഠിത്തം..

എംഡിയും ഒരേ കോളേജിൽ തന്നെയാണ് പഠിച്ചത്.. എം ഡി കഴിഞ്ഞതും എറണാകുളത്ത് ഞങ്ങൾ രണ്ടാളും ജോലിക്കും കയറി..ആര്യൻ അന്ന് ട്രിവാഡ്രത്ത്‌ ഒരു പ്രൈവറ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.. മാളു അവനെ ശ്രദ്ധയോടെ കേട്ടു.. അന്നൊരോണമായിരുന്നു.. അന്നാണ് ആദ്യമായി ഞാനാ പേര് കേൾക്കുന്നത്.. അഞ്ചിത രാജശേഖരൻ എന്ന പേര്.. അനന്തൻ പറഞ്ഞു.. ********** ആരാണ് ഈ അസമയത്തൊരു കോൾ.. സിത്തുവാണോ.. ഓണത്തിന്റെ തിരക്കുകൾ കഴിഞ്ഞു കിടക്കുവാൻ എല്ലാവരും പോയ ശേഷം ആര്യന്റെ റൂമിലേയ്ക്ക് വന്നതായിരുന്നു അനന്തൻ.. അവനെ കണ്ടതും ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വെച്ച ആര്യനെ നോക്കി ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു..

ഹാ ബെസ്റ്റ്.. അവളിപ്പോൾ രണ്ടുറക്കവും കഴിഞ്ഞുകാണും. ഇത് നീ വിചാരിക്കുന്നപോലെയുള്ള കോളൊന്നും അല്ല..എന്റെയൊരു സ്റ്റുഡന്റ് ആണ്.. അഞ്ചിത.. അഞ്ചിതാ രാജശേഖരൻ..ഒരു ഡൗട്ട് ചോദിക്കാൻ വിളിച്ചതാണ്.. ഈ തിരുവോണത്തിന് നട്ടപാതിരയ്ക്ക് പഠിത്തമോ.. അനന്തൻ അത്ഭുതത്തോടെ ചോദിച്ചു.. ഹേയ് ഇത് നീ വിചാരിക്കുന്ന ഇനമൊന്നും അല്ല.. കോളേജിലെ ഏറ്റവും വലിയ തല്ലിപ്പൊളി ഗ്യാങിന്റെ ലീഡറാണ് കക്ഷി.. ലാസ്റ്റ് ഡേ ക്ലാസ്സിൽ കേറാതെ മുങ്ങി നടന്നതിന് ഞാനൊന്ന് കുടഞ്ഞു.. വരുമ്പോൾ രണ്ടു മോഡ്യൂൾ ഫുൾ പഠിച്ചിട്ട് വന്നാൽ മതിയെന്നും പറഞ്ഞു.... ഫസ്റ്റ് ഇന്റേണൽ എക്‌സാമിന് തീരെ മാർക്ക് ഇല്ല...

അറ്റെണ്ടൻസും ഇല്ലെങ്കിൽ യൂണിവേഴ്സിറ്റി എക്സാം എഴുതിക്കില്ലെന്ന ഭീഷണിയും മുഴക്കിയാ പോന്നത്.. ഇതിപ്പോ അവള് എന്നോട് പക വീട്ടുവാ.. ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കും.. വെറുതെയാണ്.. എന്നെ ശല്യം ചെയ്യുക.. അത്രേയുള്ളൂ ഉദ്ദേശം.. ഇനിയിപ്പോ അവളെങ്ങനെ ശല്യം ചെയ്യേണ്ട.. അതും പറഞ്ഞ് ആര്യൻ ഫോൺ സ്വിച്ച് ഓഫ് ആക്കി.. അവളെയല്ല അവളുടെ തന്തയെ വരെ വിട്ട കാശ് എന്റെ കയ്യിലുണ്ട്.. ഇനിയവളെന്താ ചെയ്യുക എന്നൊന്നറിയണമല്ലോ.. ആര്യൻ അനന്തനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. നല്ല ബെസ്റ്റ്‌ സ്റ്റുഡന്റ്.. ഉവ്വ.. നിനക്കൊക്കെ സുഖമല്ലേ..

സത്യം.പറയാല്ലോ ഇത്രേം വഷളായ കുറെ എണ്ണത്തെ നീയൊക്കെ സങ്കൽപ്പിക്കുക പോലും ചെയ്യില്ല.. ഈ അഞ്ചിത തന്നെ ആളൊരു വല്ലാത്ത ക്യാരക്റ്റർ ആണ്.. എന്തെങ്കിലും നേടണമെന്ന് തോന്നിയാൽ അവൾ ഏതറ്റം വരെയും പോകും...പോരാത്തതിന് അച്ഛന്റെ കയ്യിൽ പൂത്ത കാശും.. മോളെ നോക്കാൻ അങ്ങേർക്ക് നേരമില്ല.. റിയൽ എസ്റ്റേറ്റും ബിസിനസും കള്ളപ്പണവും ഒക്കെയുണ്ട് കയ്യിൽ എന്നാ കെട്ടുകേഴ്വി.. ഈയിടെ ഒരു തമാശയ്ക്ക് ഫ്രഷേഴ്‌സ് ഡേയ്ക്ക് ഒരു പയ്യനോട് അവൾ ഐ ലവ് യു എന്നു പറയാൻ പറഞ്ഞു. ഇപ്പോഴത്തെ പിള്ളേരല്ലേ.. ഞാൻ വേണമെങ്കിൽ ആ നിൽക്കുന്ന ചേച്ചിയോട് പറയാം എന്നാലും നിങ്ങളോട്പറയില്ല എന്നവനും..

അവൾക്കത് ദേഷ്യമായി.. പിറ്റേന്ന് ആ ചെക്കനെ അവളുടെ ഗ്യാങിൽ പെട്ട കുറെയെണ്ണം ചേർന്ന് ഉപദ്രവിച്ചു.. അവസാനം കോളേജ് ഗ്രൗണ്ടിൽ എല്ലാവരുടെയും മുൻപിൽ വെച്ചവനെ കൊണ്ട് ഐ ലവ് യു എന്നും പറയിച്ചു കാലിൽ വീഴ്ത്തി മാപ്പും പറയിച്ചു.. എന്നിട്ടാ അവള് വിട്ടത്.. ആര്യൻ ഏതോ ബുക്ക് എടുക്കുന്നതിനിടയിൽ പറഞ്ഞു.. അനന്തൻ ചിരിച്ചതെയുള്ളൂ.. സത്യത്തിൽ എനിക്കീ പിള്ളേരെ കാണുമ്പോ പേടിയാ.. നമ്മുടെ അച്ചുവും ഈ പ്രായമല്ലേ.. അതുകൊണ്ടാ ഞാനവളോട് ഇപ്പൊ ഇത്തിരി ദേഷ്യത്തിൽ പെരുമാറുന്നത്..

ആരെങ്കിലും നിയന്ത്രിക്കാനില്ലെങ്കിൽ ഇവളുമാരെയൊക്കെപോലെ ആയിപോകും അവളും എന്നൊരു പേടി.. പിന്നെ നിന്നെ അവൾക്ക് പേടിയും ഭയവുമൊന്നും ഇല്ലല്ലോ.. അനന്തൻ ചിരിച്ചു.. അവളനൊന്നും ആകില്ല ഏട്ടാ.. അവൾ നമ്മുടെ അനിയത്തികുട്ടിയല്ലേ.. ഈ പിള്ളേരൊക്കെയും ആരുടെയൊക്കെയോ മോളോ അനിയത്തിയോ ഒക്കെയാണ്.. ആര്യൻ വീണ്ടും പറഞ്ഞു.. എന്നാലും ഇക്കാര്യത്തിൽ എനിക്ക് അച്ചൂനെ വിശ്വാസമാണ്.. പിന്നെ അവൾ കോളേജിൽ ചേരാൻ ഇനിയും സമയമുണ്ടല്ലോ.. പത്തിൽ ആയതല്ലേയുള്ളൂ അവൾ.. പത്തല്ല പ്ലസ് വൺ.. പത്തൊക്കെ കഴിഞ്ഞു.. ഇനി രണ്ടു കോല്ലോം കൂടെ കഴിഞ്ഞാൽ പെണ്ണും കോളേജിലാണ്..

ആര്യൻ ഓർമിപ്പിച്ചു.. ഈ ഏട്ടൻ.. പാതിരാത്രി ഇതൊക്കെ ഓർത്തിരിക്കാതെ കിടക്കാൻ നോക്ക്... അനന്തൻ പറഞ്ഞു.. ഇതൊക്കെയല്ലാതെ എന്ത് ഓർക്കാനാണ്.. ഹാ പിന്നെ നീ കിടക്കുന്നില്ലേ.. അല്ല ഗായിക വിളിച്ചില്ലേ.. ആ പാട്ട് കേൾക്കാതെ സാർ ഉറങ്ങില്ലല്ലോ.. ആര്യൻ കളിയാക്കി ചോദിച്ചു.. വിളിക്കണം.. അനന്തൻ ശാന്തമായി പറഞ്ഞു.. അപ്പോഴും അവന്റെ ചുണ്ടിലാ നറുപുഞ്ചിരി ഉണ്ടായിരുന്നു.. ഈ ഓണം ഇങ്ങനെകഴിഞ്ഞു..അടുത്ത ഓണത്തിന് മുൻപ്.അവരെ രണ്ടാളെയും നമുക്കിങ്ങ് കൊടുവരണം അനന്താ രണ്ടു കല്യാണവും ഒന്നിച്ച്.. ശെരിക്കും അമ്മയും അച്ഛനും അതാഗ്രഹിക്കുന്നുണ്ട്.. ഇന്നെന്നോട് പറഞ്ഞു.. ആര്യൻ പറഞ്ഞു..

മ്മ്.. ഏട്ടന്റെ കല്യാണം കഴിയട്ടെ.. എന്നിട്ട് പയ്യെ മതി ഞങ്ങളുടേത്.. അതെന്തിനാ ഇനിയുംവൈകിക്കുന്നെ. പഠിത്തം കഴിഞ്ഞ് അധികം ആയിട്ടില്ലെങ്കിലും പേരെടുത്ത ഒരു ഡോക്ടറാണ് നീയിപ്പോൾ.. ദച്ചുവും അതേ.. പിന്നെന്തിനാടാ ഈ വൈകിക്കുന്നെ.. മാക്സിമം വേഗം നമുക്ക് ഇഷ്ടമുള്ളവരെ സ്വന്തമാക്കുന്നതാണ് നല്ലത്.. സാഹചര്യമാണ്.. എപ്പോൾ വേണമെങ്കിലും എല്ലാം മാറാം... അങ്ങനെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. ഇനി അച്ഛനോ അമ്മയോ ചോദിച്ചാൽ നീ എതിർക്കാനൊന്നും നിൽക്കേണ്ട.. കേട്ടല്ലോ.. ആര്യൻ ഓർമിപ്പിച്ചു.. അനന്തൻ അവനെ നോക്കിയിരുന്നു.. പിന്നൊന്ന് ചിരിച്ചു..

എന്റനന്താ ഇപ്പൊ നീയൊരു ഡോക്ടർ അല്ലെ. ഇത്രേം ടെൻഷൻ ഉള്ള പ്രൊഫഷൻ ആയിട്ടും എങ്ങനാ നീയങ്ങനെ ചിരിച്ചോണ്ട് നിൽക്കുന്നത്.. ആര്യൻ ചോദിച്ചു.. ഞാനൊരു കാർഡിയോളജിസ്റ്റ് അല്ലെ ഏട്ടാ.. ഹൃദയത്തെ ചികിൽസിച്ച ഇരിക്കുന്നവർ ദേഷ്യത്തോടെമുഖവും വലിച്ചുകയറ്റി ഇരുന്നാൽ വരുന്ന പെഷ്യന്റ്‌സ് എങ്ങനെയാണ് സമാധാനത്തോടെ കാര്യങ്ങൾ പറയ.. അവൻ ചോദിച്ചു.. എന്നാൽ ഏട്ടൻ കിടന്നോ.. ഞാനും പോവാ.. അവൻ ക്ലോക്കിലേയ്ക്ക് നോക്കി അതും പറഞ്ഞു പിറത്തേയ്ക്ക് നടക്കുമ്പോൾ സിത്താരയുമൊത്തുള്ള ജീവിതവും സ്വപ്നം കണ്ട് ആര്യനും കട്ടിലിലേക്ക് കിടന്നു.. *********

നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ.. രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ.. പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമരുന്നോ.. മുറുകി നില്‍ക്കുന്ന നിന്റെ യൗവനം രുദ്രവീണായ് പാടുന്നു.. നീ ദേവശില്പമായ് ഉണരുന്നു.. ഇതൊരമരഗന്ധര്‍വയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാംയാമം.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. മതി പെണ്ണേ.. പോയി കിടക്ക്.. ക്ഷീണമില്ലേ ഇന്ന്.. അനന്തന്റെ നേർത്ത ശബ്ദം കേൾക്കവേ നിശബ്ദമായി അത്രമേൽ മൃദുലമായി അവളൊന്ന് പുഞ്ചിരിച്ചു..

ഏട്ടനിന്ന് പറയുവായിരുന്നു സിത്തുവിന്റെയും ഏട്ടന്റെയും കല്യാണത്തിനൊപ്പം നമ്മുടേതും നടത്താനാണ് പ്ലാനെന്ന്... അങ്ങനെയാണെങ്കിൽ അടുത്ത തിരുവോണത്തിന് നമ്മൾ ഒന്നിച്ചുണ്ടാകും അല്ലെ.. അനന്തന്റെ ചോദ്യം.. ദച്ചു വീണ്ടും പുഞ്ചിരിച്ചു.. മ്മ്.. നമുക്കും കെട്ടുപ്രായമായി അല്ലെ നന്ദാ.. പിന്നേ.. നമ്മളിപ്പോൾ ഡോക്ടർമാരല്ലേ.. കൊല്ലം പത്തുപന്ത്രണ്ടായി ഇങ്ങനെ.. പന്ത്രണ്ട് വർഷമാകുന്നു അല്ലെ.. മ്മ്.. എത്ര വേഗമാ അല്ലെ കൊല്ലങ്ങൾ പോന്നത്.. ഇപ്പോഴും അന്ന് ക്ലാസ്സ്സിൽ വെച്ചു ചിരിച്ചോണ്ടിരിക്കുന്നത് പയ്യനെയാണ് ഓർമ്മ... അനന്തൻ നേർമയായി ചിരിച്ചു.. എന്ത് രസാ നന്ദന്റെയീ ചിരി കേൾക്കാൻ..

ദച്ചുവിന്റെ സ്വരം നേർത്തു.. നിനക്ക് ബോറടിക്കില്ലേ ദച്ചൂ.. കണ്ട നാള് മുതൽ പറയുന്നതാ നീയിത്.. നന്ദന് ബോറടിക്കുമോ ഇത് കേൾക്കുമ്പോൾ.. ഇല്ലെടോ... ഒരിക്കലുമില്ല.. തന്റെയീ വാക്ക് കേൾക്കുമ്പോൾ വീണ്ടും ചിരിക്കാനാ തോന്നുക.. അവൻ പറഞ്ഞു.. അവളുമൊന്ന് ചിരിച്ചു.. സമയമൊരുപാടായി.. എനിക്കായി ഒരു പാട്ട് പാടുമോ നന്ദാ.. ഞാൻ കിടന്നു.. വേണോ.. മ്മ്.. വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരുന്നുവോ.. സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍ കാറ്റിലുതിരുന്നുവോ.. അരിയമാന്‍പേട പോലെ നീയെന്റെ അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍.. മഴയിലാടുന്ന ദേവദാരങ്ങള്‍ മന്ത്രമേലാപ്പു മേയുമ്പോള്‍.. നീ വനവലാകയായ് പാടുന്നു....

ഇതൊരമരഗന്ധര്‍വ യാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാം യാമം.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ.. ഇതൊരമരഗന്ധര്‍വയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാംയാമം.. പാടി നിർത്തിയിട്ടും ചെറു ചിരിയോടെ അനന്തൻ കുറച്ചു നേരം കൂടി ആ ഫോണുമായി നിന്നു.. മരുവശത്തെ ശ്വാസോച്ഛാസം അവളുടെ സുഖനിദ്രയെ സൂചിപ്പിച്ചപ്പോൾ അവൻ മെല്ലെ ഫോൺ കട്ടാക്കി പുറത്തെ പൂർണ്ണചന്ദ്രനെ നോക്കി..

ആ നിമിഷം ആ പൂർണ്ണചന്ദ്രനന്റെ നിലാവിന്റെ ഭംഗിപോലും അവനിൽ ദച്ചുവിന്റെ ഓർമകൾ നിറച്ചു.. അവളുടെ പുഞ്ചിരിയുടെ ഓർമ്മയിൽ അവന്റെ ചുണ്ടിലും അത്രമേൽ ഭംഗിയുള്ളൊരു പുഞ്ചിരി വിരിഞ്ഞിരുന്നു... ********* രാവിലെ സുധാമ്മ കുളികഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോഴേയ്ക്കും ചൂട് ചായയുമായി അനന്തൻ പുറത്തേയ്ക്ക് വന്നിരുന്നു.. നീ രാവിലെ അടുക്കളയിൽ കേറിയോ.. മ്മ്. ചായ.. അവൻ കപ്പ് അവർക്കായി നീട്ടിയതും അവരത് വാങ്ങി അവനൊരു പുഞ്ചിരി നൽകി... അച്ഛനുള്ള ചായ പിന്നെ അച്ചൂന് കോംപ്ലാനും.. ഇത് എപ്പോ വാങ്ങി.. സുധാമ്മ ട്രേ വാങ്ങിക്കൊണ്ട് അവനെ നോക്കിയതും അവനൊരു കള്ള ചിരി ചിരിച്ചു..

ഇന്നലെ ഞാൻ വന്നപ്പോൾ വാങ്ങീതാ.. പാവം അവളുടെ ആഗ്രഹമല്ലേ അമ്മേ... ഉവ്വ. നീയാട്ടോ അനന്താ അവളെ ഇങ്ങനെ വഷളാക്കുന്നത്.. അവളുടെയൊരു നീളംവെയ്പ്പ്.. പഠിക്കാനുള്ള സമയത്ത് ചുമ്മാ ഓരോന്ന്.. അവൾക്ക് മെലിയണം നീളം വെയ്ക്കണം.. കൂട്ട് നിൽക്കാൻ നീയും.. സുധാമ്മ അവനെ കൂർപ്പിച്ചു നോക്കി.. അവൻ ചിരിച്ചു.. പാവമല്ലേ അമ്മേ.. അല്ലെങ്കിലും അമ്മയും ഏട്ടനും അവളോട് സ്ട്രിക്റ്റ് അല്ലെ.. ആകെയുള്ള കൂട്ട് വല്ലപ്പോഴും വരുന്ന അച്ഛനാണ്... പിന്നെ ഞാനും.. അവൻ ചിരിച്ചു... മ്മ്.. നടക്കട്ടെ നടക്കട്ടെ.. അവരതും പറഞ്ഞടുക്കളയിലേക്ക് നടന്നു.. ചെക്ക്.. കരു മുൻപോട്ട് നീക്കി അനന്തൻ പറഞ്ഞതും ചന്ദ്രശേഖർ ബോർഡിലേയ്ക്ക് സൂക്ഷിച്ചു നോക്കി..

പെട്ടു കഴിഞ്ഞു എന്ന് മനസ്സിലായതും അയാൾ ചിരിയോടെ അവന്റെ തോളിൽ തട്ടി.. വെൽ.. അയാൾ പറഞ്ഞതും അവൻ ചിരിച്ചു.. അപ്പോഴാണ് കോളിങ്ങ് ബെൽ മുഴങ്ങിയത്.. ഞാൻ നോക്കാം അച്ഛാ.. അതും പറഞ്ഞവൻ പോയി വാതിൽ തുറന്നു.. മുൻപിൽ തിരിഞ്ഞു നിൽക്കുന്നയാളെ കണ്ടതും അവൻ സംശയത്തോടെ നോക്കി.. ആരാ.. അവൻ ചോദിച്ചതും അവൾ വെട്ടിത്തിരിഞ്ഞു.. അവനാ പെണ്കുട്ടിയെ സൂക്ഷിച്ചു നോക്കി.. 23ഓ 24ഓ വയസ്സുവരും.. ജീൻസും ടോപ്പുമാണ് വേഷം.. തലയിലേയ്ക്കുയർത്തി ഒരു ഗ്ലാസ് വെച്ചിട്ടുണ്ട്.. സാമാന്യം നല്ല ഉയരവും വടിവൊത്ത ശരീരവും.. ആരാ... അനന്തൻ ചന്ദ്രശേഖർ.. അല്ലെ..

ച്യൂയിങ്‌ഗം ചവച്ചുകൊണ്ടിരിക്കെ തന്നെ കടുത്ത പർപ്പിൾ നിറമുള്ള ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ ചലിപ്പിച്ചു നിറഞ്ഞ പുഞ്ചിരിയോടെ അവൾ ചോദിച്ചു.. അതേ.. എനിക്ക് മനസ്സിലായില്ല.. ആരാ അനന്താ.. അപ്പോഴേയ്ക്കും ചന്ദ്രശേഖറും വന്നു.. അറിയില്ലച്ഛാ.. അവൻ തിരിഞ്ഞു നിന്ന് പറഞ്ഞുകൊണ്ട് വാതിലിന്റെ മറുപാളിയും തുറന്നു.. ആര്യൻ സർ ഇല്ലേ.. അവൾ അകത്തേയ്ക്ക് നോക്കി ചോദിച്ചു.. ആര്യനെ കാണാൻ വന്നതാണോ.. കയറിയിരിക്കൂ.. ചന്ദ്രശേഖർ പറഞ്ഞതും അവൾ അകത്തേയ്ക്ക് കയറി..സോഫയിലേയ്ക്ക് ചെന്ന് ഇരുന്നു.. അനന്താ.. ആര്യനെ വിളിക്ക്.. സുധേ.. അപ്പോഴേയ്ക്കും ചന്ദ്രശേഖർ അവൾക്കെതിരെഇരുന്നുകൊണ്ട് അകത്തേയ്ക്ക് നോക്കി വിളിച്ചു..

അനന്തൻ മുകളിലേക്ക് നടന്നു.. അപ്പോഴേയ്ക്കും ആര്യൻ പടിയിറങ്ങി വന്നിരുന്നു.. അവനോടൊപ്പം അച്ചുവും.. എന്താ അനന്താ.. ആരാ വന്നത്.. ആര്യൻ ചോദിച്ചു.. അറിയില്ലെട്ടാ.. ഒരു ലേഡിയാണ്.. ഒരു പെണ്കുട്ടി.. ഏട്ടനെ തിരക്കിയാണ് വന്നത്.. അവൻ പറഞ്ഞതും അവരൊന്നിച്ചു താഴേക്ക് വന്നു.. അച്ഛനെതിരായി അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി പുഞ്ചിരിയോടെ ഇരുന്നവളെ കാണേ ആര്യന്റെ കണ്ണുകൾ അത്ഭുതത്താൽ വികസിച്ചു.. അഞ്ചിത.. ആര്യന്റെ നാവിൽ നിന്നാ പേര് കേട്ടതും അനന്തൻ സംശയത്തോടെ ആര്യനെയും അഞ്ചിതയെയും മാറി മാറി നോക്കി നിന്നുപോയി..

കാര്യമെന്തെന്നറിയാതെയെങ്കിലും അവളുടെയാ വരവും തലേന്ന് ആര്യൻ പറഞ്ഞ കാര്യങ്ങളും അനന്തന്റെ ഹൃദയത്തിൽ ഒരു തരം വല്ലാത്ത ആശങ്ക നിറച്ചിരുന്നു... ചുറ്റുമുള്ളവരൊക്കെയും ആര്യനൊഴികെ അവളോട് എന്തൊക്കെയോ ചോദിക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന തിരക്കിലായിരുന്നു.. അവളെന്ന പെണ്ണ് തങ്ങൾക്കിടയിൽ വലിയൊരു ദുരന്തത്തിന് കാരണമാകുമെന്നറിയതെ തന്റെ പ്രിയപ്പെട്ട മകന്റെ ജീവിതം അവൾ കാരണം തകർന്നുപോകുമെന്നറിയതെ അവളെ സത്കരിക്കുന്ന തിരക്കിലായിരുന്നു അവരൊക്കെയും..............തുടരും………

പ്രിയം : ഭാഗം 20

Share this story