ദേവനന്ദൻ: ഭാഗം 16

Devananthan mahadevan

രചന: മഹാദേവൻ

രാവിലെ ഫോൺ അടിക്കുന്നത് കേട്ടാണ് ചാരു എഴുന്നേറ്റത്. ദേവൻ കാളിങ് എന്ന് കണ്ടപ്പോൾ തന്നെ അവൾ സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് ഫോൺ എടുക്കുമ്പോൾ അപ്പുറത്ത് നിന്ന് ദേവന്റെ പതിഞ്ഞ സ്വരമായിരുന്നു കാതിൽ വന്നു തട്ടിയത്. " ചാരു..... രോഹിണി..... " പിന്നീട് അവൻ പറഞ്ഞ വാക്കുകൾ ഒന്നും അവളുടെ കാതുകളിൽ തുളഞ്ഞുകയറിയില്ലെങ്കിലും ഒരു വാക്ക് മാത്രം ശരം കണക്കെ നോവിച്ചുകൊണ്ട് തുളച്ചുകേറുകയായിരുന്നു..... " ചാരു...... രോഹിണി..... അവള് പോയെടോ..... " അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുകയറി. സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ഒരു നിമിഷം തരിച്ചിരുന്നുപോയ അവൾ യാഥാർഥ്യമാനെന്ന തിരിച്ചറിവിലേക്കെത്തുമ്പോൾ പൊട്ടിക്കരയുകയായിരുന്നു. " ഏയ് ചാരു " ബെഡിലേക്ക് ഊർന്നുവീണ ഫോണിൽ അവന്റെ ശബ്ദം അലയടിക്കുന്നത് അവളുടെ ഏങ്ങലടിയിൽ അലിഞ്ഞ് ചേർന്നിരുന്നു.

കാവഞ്ചേരി ക്വറിയിൽ ഒരു പെണ്ണിന്റ ജഡം. കേട്ടവർ കേട്ടവർ അങ്ങോട്ട് പായുകയായിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലേക്ക് ഒരു പോലീസ്ജീപ്പ് ഇരമ്പിനിന്നു. അതിൽ നിന്ന് Cl. റഹീമും കുറച്ചു പോലീസുകാരും കൂടിനിന്ന ആളുകളെ വകഞ്ഞുമാറ്റി കോറിയിലേക്ക് ഇറങ്ങി. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന രീതിയിൽ ആയിരുന്നു ബോഡി. CI.ആകെമൊത്തം ഒന്ന് വീക്ഷിച്ച ശേഷം കൂട്ടത്തിൽ നന്നായി നീന്തൽ വശമുള്ള രണ്ട്മൂന്ന് പേരെ തിരഞ്ഞു. " നിങ്ങളിൽ നന്നായി നീന്തൽ വശമുള്ളവർ ഉണ്ടെങ്കിൽ മുന്നോട്ട് വരണം. ഈ ബോഡി കരയ്‌ക്കെത്തിക്കാൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ. അയാൾ വളരെ മാന്യമായ രീതിയിൽ സഹായം ചോദിച്ച് നാലുപാടും നോക്കുമ്പോൾ പലരും പരസ്പരം നോക്കി ഒഴിഞ്ഞുമാറുകയായിരുന്നു. ആരും മുന്നോട്ട് വരുന്നില്ലെന്ന് കണ്ടപ്പോൾ CI.യുടെ മുഖം മങ്ങി. എന്നാലും പ്രതീക്ഷയോടെ അയാൾ ഒന്നുകൂടി നോക്കുമ്പോൾ ഒരാൾ ആളുകൾക്കിടയിലൂടെ മുന്നോട്ട് വരുന്നുണ്ടായിരുന്നു. " സർ... ഞാൻ ഇറങ്ങാം... "

അവനെ കണ്ടപ്പോൾ തന്നെ CI.യുടെ മുഖമൊന്ന് വിടർന്നു. " ദേവനല്ലേ ..? താനെങ്ങനെ ഇവിടെ..? " ദേവൻ അതെ എന്ന് തലയാട്ടികൊണ്ട് ഒന്ന് പുഞ്ചിരിച്ചു. നാട്ടുകാർക്ക് വേണ്ടിയും പാർട്ടിക്ക് വേണ്ടിയും മുന്നിൽ നിൽക്കുന്ന ആ മുഖം CI യ്ക്ക് ഓർത്തെടുക്കേണ്ട ആവശ്യംപ്പോലും ഇല്ലായിരുന്നു. " സർ.. ഞാനെങ്ങനെ ഇവിടെ എന്ന് ചോദിച്ചാൽ... ഞാനും ഒരു പെൺകുട്ടിയെ തപ്പി ഇറങ്ങിയതാണ്. ഇന്നലെ മുതൽ ആ കുട്ടി മിസ്സിങ് ആണ്. എന്റെ നാട്ടുകാരി. അടുത്തറിയുന്ന കുട്ടി . അവിടെ സ്റ്റേഷനിൽ ഇന്നലെ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിലെ ഒരു കുട്ടി ആയത് കൊണ്ടും, ആ കുട്ടിയുടെ അച്ഛൻ നമുക്ക് അത്ര വേണ്ടപ്പെട്ട ആളായത് കൊണ്ടും ഇന്നലെ മുതൽ ഞങ്ങളും അവൾക്ക് വേണ്ടിയുള്ള അന്വോഷണം ആയിരുന്നു. അറിയാവുന്നവരെയൊക്കെ വിളിച്ച് സംഭവം പറഞ്ഞിരുന്നു. രാവിലെ ഇവിടെ ഉള്ള നമ്മുടെ ഒരു സുഹൃത്ത് ആണ് ഇവിടെ ഒരു ബോഡി...... അപ്പോൾ തന്നെ നെരെ ഇങ്ങോട്ട് പോന്നു. " CI.തലയാട്ടികൊണ്ട് അവനെ ഒന്ന് നോക്കി.

" എസ്.. ഞാനും അറിഞ്ഞിരുന്നു ആ മിസ്സിങ് കേസ്. അതിന്റ അന്വോഷണത്തിൽ ആയിരുന്നു ഞങ്ങളും. ആ പെൺകുട്ടി തന്നെ ആകുമോ ഇത്‌? " അയാൾ സംശയത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ വെറുതെ ചുമലിളക്കി. അപ്പോഴേക്കും ബോഡി എടുക്കാനായി ആളുകൾക്കിടയിൽ നിന്ന് രണ്ട് പേര് കൂടി മുന്നോട്ട് വന്നിരുന്നു. ദേവനൊപ്പം ആ രണ്ട് പേരും കൂടി കോറിയിലേക്ക് ഇറങ്ങുമ്പോൾ CI. റഹീം കൂടെയുള്ള ഒരു പോലീസുകാരനേ വിളിച്ചു. " ഈ അടുത്ത ദിവസങ്ങളിലായി വന്ന മിസ്സിങ് കേസുകളുടെ ഡീറ്റെയിൽസ് മുഴുവൻ എടുക്കണം. വേഗം " റഹീം അയാൾക്ക് നിർദേശം നൽകികൊണ്ട് ബോഡി കിടക്കുന്നിടത്തേക്ക് ഉറ്റുനോക്കി. ദേവനും കൂടെ ഇറങ്ങിയവരും കൂടി പെട്ടന്ന് തന്നെ ബോഡി കരയ്ക്ക് എത്തിച്ചിരുന്നു. കൈകുമ്പിളിൽ കോരിയെടുത്ത ബോഡി ഒരിടത്തു കിടത്തുമ്പോൾ റഹീം തൊപ്പിയൂരി കയ്യിൽ പിടിച്ചു.പിന്നെ ആ ബോഡിയെ സൂഷ്മതയോടെ നിരീക്ഷിക്കുമ്പോൾ ദേവൻ മുഖത്തെ വെള്ളം തുടങ്ങിച്ചുകൊണ്ട് CI. യുടെ അടുത്തേക്ക് വന്നു. " സർ... ഇത്‌ രോഹിണിയാണ്. ഇന്നലെ അവിടെ നിന്ന് മിസ്സ്‌ ആയ.. " CI. അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ മരിച്ച കുട്ടിയുടെ വീട്ടുകാരെ വിളിച്ചുകൊണ്ടുവരാൻ ഒരു പോലീഡുകാരനെ ചട്ടം കെട്ടി.

" ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഈ കുട്ടിയുടെ വീട്ടിലുള്ള ആരെങ്കിലും വന്നു ബോഡി കൺഫോം ചെയ്താൽ ബാക്കി നടപടികളിലേക്ക് കടക്കാം. " ദേവനോടായി പറഞ്ഞ ശേഷം അയാൾ ബോഡികരികിൽ ഇരുന്ന് കണ്ണുകൾകൊണ്ട് സൂക്ഷ്മമായി ബോഡിയിലൂടെ ഒന്ന് ഓടിച്ചു. പ്രത്യേകിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു ദുരൂഹത അയാൾക്ക് മണക്കുന്നുണ്ടായിരുന്നു. അതികം വൈകുംമുൻപേ ശങ്കരനെയും കൊണ്ട് ഒരു കാർ ആളുകൾക്കിടയിലേക്ക് വന്നു നിന്നു. അവിടുത്തെ മെമ്പറോടൊപ്പം ഇറങ്ങുന്ന ശങ്കരനെ ദേവൻ ഓടിച്ചെന്ന് ചേർത്തുപിടിച്ച് ബോഡിയ്ക്കരികിലേക്ക് കൊണ്ടുവന്നു. അയാൾ ഒന്നേ നോക്കിയുള്ളൂ.. നിർവികാരതയായിരുന്നു.അയാളിൽ. അത്രത്തോളം നിറഞ്ഞ കണ്ണുകളിൽ അപ്പൊ ഒരു മഴക്കുള്ള കാറുണ്ടെങ്കിലും പെയ്യാൻ മടിച്ചുനിൽപ്പുണ്ടായിരുന്നു. " അച്ഛനോട് പറയാതെ എവിടേം പോവാത്ത പെണ്ണാ.. എന്നിട്ടിപ്പോ അച്ഛനെ ഒറ്റയ്ക്കാക്കി അമ്മയ്‌ക്കൊപ്പം അങ്ങ് പോയി.. പോട്ടെ.... അല്ലേലും ഈ നശിച്ച ലോകത്തു നിന്ന് പോട്ടെ അവൾ. "

അയാൾ പിറുപിറത്തുകൊണ്ട് തിരികെ നടക്കുമ്പോൾ CI. സമാധാനിപ്പിക്കുംവിധം അയാളുടെ തോളിൽ കൈവെച്ചു.. ശങ്കരേട്ടൻ ഒന്ന് ചിരിച്ചു. " ന്റെ സാറേ.. എനിക്കൊന്നുമില്ല.. പക്ഷേ, ഇനി അങ്ങോട്ട് ഒറ്റയ്ക്ക് ആണല്ലോ എന്നോർക്കുമ്പോൾ... ആഹ്.. സാറിനറിയോ. ഇന്നലെ ന്റെ പിറന്നാൾ ആയിരുന്നു. ഉച്ചയ്ക്ക് ന്റെ കൂടെ കഴിക്കാൻ വരാന്നും പറഞ്ഞ് പോയതാ. കാത്തിരുന്നു. ആകെ നിക്ക് അവള് മാത്രേ ഉള്ളെ.... അച്ഛന്റെ പിറന്നാളിന് ഒരു സർപ്രൈസ് ഉണ്ടെന്ന് ന്റെ കുട്ടി എപ്പഴും പറയായിരുന്നു. പക്ഷേ, അതിത്രേം വലിയ സർപ്രൈസ് ആകുമെന്ന്...... " അയാൾ പെട്ടന്ന് ഒന്ന് വിങ്ങി. എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു CI.യ്യും ദേവനും മെമ്പറുമെല്ലാം. " ഇനീം ങ്ങനെ കിടത്തി ഒരു കാഴ്ചവസ്തു ആക്കേണ്ട ന്റെ കുട്ടിയെ. അടുത്ത മഴയ്ക്കു മുന്നേ വീടെത്തിക്കാൻ നോക്കാം... മഴ അവൾക്ക് അത്രയ്ക്ക് ഇഷ്ട്ടാ.. പക്ഷേ, ഇടയ്ക്ക് ഇടി വെട്ടുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിക്കും... അത്ര പേടിയാ.. ഈ കുഞ്ഞുങ്ങളൊന്നും വലുതാകേണ്ടതായിരുന്നു എന്ന് തോന്നും ചിലപ്പോൾ. അവരിലെ ആ കുഞ്ഞിലേ ഉള്ള നിഷ്കളങ്കത ഇല്ലാതാകും. അവരുടെ കൃസൃതിയും നെഞ്ചിൽ പറ്റിയുള്ള കിടപ്പും എല്ലാം ഇല്ലാതാകില്ലേ. മൊബൈൽ വിളിച്ചാ പോലും മോളെ എന്ന് വിളിക്കുമ്പോൾ ഹലോ എന്ന് പറഞ്ഞിട്ടേ അച്ഛാ എന്ന് വിളിക്കൂ...

ചിലപ്പോൾ ആ അച്ഛാ വിളിയും ഇല്ല. എത്ര പെട്ടന്നാ കുട്ടികൾ മാറുന്നത്. കണ്ടില്ലേ... ഇനിപ്പോ അച്ഛാ ന്ന് വിളിക്കാൻ മറന്നാലും മോളെ ന്ന് വിളിക്കുമ്പോൾ ഒരു ഹലോ പറയാൻ പോലും... " അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് തിരികെ കാറിനരികിലേക്ക് നടന്നു. കൂടെ ദേവനും മെമ്പറും ശങ്കരേട്ടനെ അനുഗമിച്ചു. ഇൻക്വസ്‌റ്റ് നടപടികൾ വേഗം പൂർത്തിയാക്കി ബോഡി പോസ്റ്റ്‌ മോർട്ടത്തിന് വിട്ടു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെകുമ്പോൾ ശങ്കരേട്ടന്റെ വീട് ആളുകളാൽ നിറഞ്ഞിരുന്നു. പലരും അവളുടെ കിടപ്പ് കണ്ടു വിങ്ങിപൊട്ടി. ചാരു അവളെ കെട്ടിപിടിച്ചു അലറിക്കരയുകയായിരുന്നു. " ന്റെ മോളെ.. നിന്നോട് ഞാൻ പറഞ്ഞതല്ലെടി.. ന്നിട്ട് നീ.... " അവളെ ആരൊക്കെയോ ചേർന്ന് പിടിച്ച്മാറ്റുമ്പോൾ ദേവന്റെ കണ്ണുകൾ അവളിലായിരുന്നു. അവിടെ ഓരോ കാര്യങ്ങൾക്കും ഓടിനടക്കുമ്പോഴും ഇടയ്ക്കിടെ അവൻ ചാരുവിനെ ശ്രദ്ധിച്ചു. ആളുകൾ വന്നും പോയും അന്തരീക്ഷം മൂകമാകുമ്പോൾ ശങ്കരേട്ടൻ ഒരു പുതിയ ഉടുപ്പുമായി അവൾക്കരികിലെത്തി.. "

മോള് അച്ഛന് സർപ്രൈസ് തരാന്ന് പറഞ്ഞപ്പോൾ മോൾക്ക് അച്ഛനും ഒരു സർപ്രൈസ് കരുതിയിരുന്നു. മോള് പലപ്പോഴും ആഗ്രഹത്തോടെ അച്ഛന്റെ അവസ്ഥ കണ്ട നിരസിച്ച അതെ ഡ്രസ്സ്‌.... മോള് ഇതൊന്നു ഇട്ടെ.. അച്ഛൻ കാണട്ടെ ന്റെ കുട്ട്യേ... ഇതിട്ടാ ന്റെ കുട്ടി മാലാഖയെ പോലെ ആകും. ന്നിട്ട് അച്ഛനെ കെട്ടിപിടിച്ചൊരു ഉമ്മ.... ആഹ്.. ഇനിപ്പോ ന്റെ കുട്ടിക്ക് അതിനും പറ്റില്ലല്ലോ... അച്ഛന് വേണ്ടി മോള് ഒരുക്കിയ സർപ്രൈസ് അല്ലേ... അല്ലേടി കാ‍ന്താരി.... " അയാൾ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. പിന്നെ എല്ലാവരെയും നോക്കി ചിരിച്ചു. ആ ചിരി കാണുന്നവരുടെ കണ്ണുകൾ ഈറനണിയിക്കുമ്പോൾ അയാൾ പിന്നെയും പിന്നെയും ചിരിച്ചു. പിന്നെ ദേവനെ നോക്കി.. " ദേവാ... തീ ന്റെ മോൾക്ക് പേടിയാട്ടോ.. പേടിച്ചാ പഴേ പോലെ ഓടി വന്നു കെട്ടിപ്പിടിക്കാൻ പറ്റില്ലാലോ.. അതുകൊണ്ട് ശ്രദ്ധിക്കണേ... പിന്നെ പിന്നിലെ മാവ് തന്നെ വെട്ടിക്കോ... അത് അവൾ വെച്ചതാ... അവൾ പിണങ്ങുമ്പോൾ ചെന്നിരിക്കുന്ന അവളുടെ മാത്രം ആണത്. അതിന്റെ അവകാശം ന്റെ കുട്ടിക്ക് മാത്ര.. അവൾക്കൊപ്പം അതും എരിഞ്ഞടങ്ങട്ടെ.. കൂടെ ഈ അച്ഛന്റെ കൊറേ സ്വപ്നങ്ങളും.... " അയാളുടെ ചിരി ഈറനണിഞ്ഞിരുന്നു. വാക്കുകൾ മറിഞ്ഞുവീണു. മനസ്സ് കൈവിട്ട പോലെ അയാൾ എല്ലാവരെയും വകഞ്ഞു മാറ്റി തൊടിയിലേക്ക് നടന്നു. വേരറ്റുംവീഴുംമുന്നേ മകളുടെ ഗന്ധമുള്ള ആ മാവിൻചുവട്ടിൽ അവൾക്കൊപ്പം ഒന്നുകൂടെ ചേർന്നിരിക്കാൻ..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story