ദേവനന്ദൻ: ഭാഗം 19

Devananthan mahadevan

രചന: മഹാദേവൻ

 " ദേവൻ..... മഹാദേവൻ.... " ആ മുഖം കണ്ട് ണ നന്ദൻ ഞെട്ടലോടെ ഫോണിലേക്ക് ഒന്ന്കൂടി നോക്കി. ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം.... മാന്യമായ പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കിയ മുഖം !! ദേവൻ.. !! അവളെ മറികടന്ന് നന്ദൻ പുച്ഛത്തോടെ തിരിയുമ്പോൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു. " കൊള്ളാം... ദേവന്റെ രൂപവും അസുരന്റെ ജന്മവും....... മഹാദേവൻ..... !! " ---------------------------------------------------------- സീറ്റിൽ കിടന്നിരുന്ന ഫോൺ അടിക്കുന്നത് കേട്ട് നന്ദൻ ഞെട്ടിയുണരുമ്പോൾ ആണ് താൻ കാറിലാണെന്നും എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിനെ വേട്ടയാടുകയായിരുന്നു എന്നും മനസ്സിലായത്. ശരണ്യയ്ക്ക് അരികിൽ നിന്നും പോരുമ്പോൾ മനസ്സ് കലുഷിതമായിരുന്നു. വെറുപ്പോ ദേഷ്യമോ...

എന്തെല്ലാമോ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്തവണ്ണം പ്രകോപിപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇറങ്ങിയത്. എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ.. കുറച്ച് നേരം കൂടി അവൻ അതെ ഇരിപ്പിരുന്നു. പിന്നെ പതിയെ കാർ മുന്നോട്ട് എടുത്തു. മനസ്സ് ശാന്തമാകുംവരെ എങ്ങോട്ടെന്നില്ലാതെ... -------------------------------------------------------- ദേവൻ ചാരുവിനെ ഫോണിൽ ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ്‌ എന്ന മറുപടിയായിരുന്നു. കുറെ ശ്രമിച്ചിട്ടും കിട്ടാതായപ്പോൾ വെറിപിടിച്ചവനെ പോലെ അവൻ ഫോൺ നിലത്തേക്ക് എറിഞ്ഞു. അവൾ ഒരു ബോംബുമായിട്ടാണ് പോയത്. തനിക്ക് പറ്റിയ ഒരു അബദ്ധം. ഒരിക്കലും ചാരു ഒറ്റയ്ക്ക് കയറിവരില്ലെന്ന് കരുതി. ചാരുവെന്നല്ല, ആരും...

പക്ഷേ... ദേവൻ ഭ്രാന്തനെപോലെ തല കുടഞ്ഞുകൊണ്ട് ചാരു കണ്ടു പേടിച്ചിടത്തേക്ക് നടന്നു. ചുവന്നു തുടുത്ത കണ്ണുകളാൽ നിലത്തേക്കിരുന്ന് അവൻ ആ സാധനം പുറത്തേക്ക് വലിച്ചിട്ടു. പിന്നെ അതിലേക്ക് ചുഴിഞ്ഞുനോക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു അസുരന്റെ ചിരി ഉണ്ടായിരുന്നു. അവന് മുന്നിൽ മരണത്തിന്റെ ഗന്ധമുള്ള ആ ബാഗ് ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ചാരു തിരിച്ചറിഞ്ഞ രോഹിണിയുടെ ബാഗ്.. ! അതിലേക്ക് നോക്കികൊണ്ട് വെറിപിടിച്ചവനെ പോലെ ദേവൻ ചിരിക്കുമ്പോൾ ഓരോ ചിത്രങ്ങളും അവനിലൂടെ ഓടിമറഞ്ഞു. അസുരതാണ്ഡവത്തിന്റെ നിഴൽപോലെ.. എന്നോ മനസ്സിൽ കേറിപറ്റിയ മുഖമാണ് രോഹിണിയുടെ. യാദൃശ്ചികമായി ചാരു മുന്നിലേക്ക് വന്നപ്പോൾ കൂടെ രോഹിണിയെ കണ്ടപ്പോൾ ... ചാരുവിനെ കാണാൻ മനപ്പൂർവം അവസരമുണ്ടാക്കുമ്പോൾ , അവളോട് സംസാരിക്കുമ്പോൾ എല്ലാം ദേവന്റെ കണ്ണുകൾ രോഹിണിയിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ചാരു വെറുമൊരു പ്രണയമെന്ന വാക്ക് ആകുമ്പോൾ അറിയാൻ കൊതിച്ചത് രോഹിണിയെ ആയിരുന്നു. ചാരുവിനേക്കാൾ കൂടുതൽ ആകർഷിച്ച ആ കണ്ണുകൾ, ചുണ്ടുകൾ..... പിന്നെ... ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ ആയിരുന്നു ദേവൻ. അന്ന്...... !!!!!! ---------------------------------------------

( രോഹിണിയെ കാണാതാകുന്ന ആ ദിവസം ) അന്ന് പതിവ് പോലെ ചാരുവും രോഹിണിയും ബസ്സ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് ദേവൻ ആ വഴി വന്നത്. അവരെ കണ്ടപ്പോൾ തന്നെ അവർക്കരികിലേക്ക് ബുള്ളറ്റ് ഒതുക്കിനിർത്തിയ ദേവൻ രണ്ട് പേരെയും നോക്കി പുഞ്ചിരിക്കുമ്പോൾ അവരും അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു. " ആഹാ.. ഇന്ന് രണ്ട് പേരും ഉണ്ടല്ലോ. " " രണ്ട് പേരും ഉള്ളതിപ്പോൾ ഒരു പ്രശ്നമാണല്ലേ മാഷേ, അല്ലെങ്കിൽ ഇപ്പോൾ ഒരാളെയും കൊണ്ട് ബുള്ളറ്റ് കോളേജ് വഴി പോയേനെ ! അല്ലേ. " രോഹിണി ചിരിയോടെ ചോദിക്കുമ്പോൾ ചാരു പിന്നിൽ നിന്ന് അവളുടെ കയ്യിൽ അമർത്തി പിച്ചി. " ന്തോന്നെടി പെണ്ണെ വെറുതെ പിന്നിൽ കിടന്ന് പിച്ചീകൊണ്ടിരിക്കുന്നെ? നിനക്ക് വേണേൽ ഈ ബുള്ളറ്റിന്റെ പിന്നിൽ കേറി പോക്കോ. ഞാൻ മെല്ലെ വന്നോളാം.. അല്ലാതെ മനുഷ്യന്റെ തോല് പിച്ചിയെടുക്കാതെ നീ "

അവളുടെ വാക്ക് കേട്ട് ചാരു നാണത്താൽ മുഖം താഴ്ത്തുമ്പോൾ അത് കണ്ട ദേവൻ താടിയിൽ തടവിക്കൊണ്ട് പറയുന്നുണ്ടായിരുന്നു " ന്റെ പൊന്ന് മോളെ .. വെറുതെ അതിനെ ബുള്ളറ്റിന്റെ പെടലിയിലോട്ട് പിടിച്ചുകേറ്റി പണി തരല്ലേ.. ഒരിക്കൽ കേറിയതിന്റെ ക്ഷീണം തന്നെ മാറിയിട്ടില്ല. " അവൻ പൊട്ടിച്ചിരിക്കുമ്പോൾ ചാരു ചുണ്ടുകൾ കോട്ടികൊണ്ട് അവനെ ഒന്ന് തറപ്പിച്ചുനോക്കി മുഖം വെട്ടിച്ചു. അത് കണ്ടപ്പോൾ ദേവനും രോഹിണിക്കും ചിരിയാണ് വന്നത്. ദേവൻ ഒരിക്കൽ കൂടി രണ്ട് പേരെയും നോക്കി കണ്ണിറുക്കികാണിച്ചുകൊണ്ട് പതിയെ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ ചാരു പ്രണയനൊമ്പരത്തിന്റെ വിങ്ങലോടെ അവൻ പോകുന്നതും നോക്കി നിന്നു. തന്നെക്കാൾ കൂടുതൽ അവന്റെ കണ്ണുകൾ ആകർഷിച്ചത് രോഹിണിയുടെ അകാരവടിവുകളായിരുന്നെന്ന് അറിയാതെ. ദേവൻ പോയതിനു പിറകെ ആയിരുന്നു ആദി അവർക്കരികിൽ വന്നു നിന്നത്.

അവനെ കണ്ടപ്പോൾ തന്നെ രോഹിണിയുടെ മുഖം തരളിതമായിരുന്നു . " എടി നീ ഇന്നും... " " എന്റെ പൊന്ന് മോളെ, അതല്ലേ നിന്നോട് മലയാളത്തിൽ ഞാൻ പറഞ്ഞേ ആ ദേവേട്ടന്റെ പിറകെ വിട്ടോളാൻ.. ഇനി നീ മെല്ലെ ബസ്സ് കയറി ചെല്ല്.. ഞാൻ വേഗം വരാം. ആദിയുടെ ഡാഡി ഇന്ന് വൈകീട്ട് ഗൾഫിൽ പോവാണ്. അതിന് മുന്നേ എന്നെ കാണണം എന്ന്. ഭാവി അമ്മായപ്പനല്ലേ. ഇനി ധിക്കരിച്ചെന്ന് വേണ്ട. അതുകൊണ്ട് മോള് ചെല്ല്. കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതി ഞാൻ ഇവിടെ വന്നു വെയിറ്റ് ചെയ്യാം... " രോഹിണി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് ആദിയുടെ പിന്നിൽ കയറുമ്പോൾ ചാരുവിന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അവളുടെ പോക്ക് അപകടത്തിലേക്ക് ആണെന്ന്. പക്ഷേ, പറഞ്ഞാലും അവൾ ചെവികൊള്ളില്ലെന്ന് ചാരുവിന് അറിയാവുന്നത് കൊണ്ട് അവൾ മൗനം പാലിച്ചു.

അവളെ കൈ വീശി കാണിച്ച് രോഹിണി ആദിയിലേക്ക് അടുത്തിരിക്കുമ്പോൾ കുറച്ചപ്പുറത്തു ബുള്ളറ്റ് നിർത്തി എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു ദേവൻ. ഇത്‌ നല്ലൊരു അവസരമായി തോന്നി ദേവന്. കാമുകനൊപ്പോം പോയ രോഹിണി... സാക്ഷി ചാരു. ദേവൻ താടിയിൽ തടവിക്കൊണ്ട് ഉള്ളാലൊന്ന് ചിരിച്ചു. അടുത്ത ഇരയെ കാത്തിരുന്ന് കിട്ടുന്ന ചിലന്തിയെ പ്പോലെ.. രോഹിണിക്കും ആദിക്കും പിന്നാലെ അവൻ ഒരു അകലം വെച്ച് സഞ്ചരിക്കുമ്പോൾ പിന്നിൽ ഒരു അപകടം പതിയിരിക്കുന്നത് അറിയുന്നില്ലായിരുന്നു ആദിയും രോഹിണിയും. ----------------------------------------------------- കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു ശരണ്യ. ജീവിതത്തിൽ സംഭവിച്ച ദുരന്തം നന്ദനോട്‌ പറഞ്ഞ്കഴിഞ്ഞപ്പോൾ ഒരു ഭാരം കുറഞ്ഞപ്പോലെ. ആരോടും പറയാതെ ഇത്രയും നാൾ നീറി നീറി. വീട്ടുകാർക്ക് മുന്നിൽ വിവാഹത്തിന് വിസമ്മതിക്കുമ്പോൾ അമ്മയും അച്ഛനും കരുതിത്തത് ദേവനോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന് ആയിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞാലും അവന്റെ ആഗ്രഹങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടിവരുമെന്ന് പേടി ,

നന്ദനെ ചതിക്കുകയാണെന്നുള്ള കുറ്റബോധം. അതെല്ലാം ഇഷ്ട്ടക്കേടെന്ന വാക്ക് കൊണ്ട് മറച്ചുപിടിച്ചു. പക്ഷേ, അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ നിസ്സഹായയാകുകയായിരുന്നു. വിവാഹം കഴിഞ്ഞപ്പോഴും നന്ദനോടെങ്കിലും സത്യം പറയണമെന്ന് തോന്നി. പക്ഷേ, ആരെങ്കിലും അറിഞ്ഞാൽ പിന്നെ ഉടുതുണിയില്ലാതെ നിന്നെ ലോകം കാണുമെന്ന ദേവന്റെ ഭീക്ഷണി ഒന്നും പറയാൻ കഴിയാതെ നാവിനെ കെട്ടിയിരുന്നു. വിവാഹം കഴിഞ്ഞ രാത്രി നന്ദനൊപ്പം.... ആലോചിക്കുമ്പോൾ നെഞ്ച് പിടയ്ക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് ഒരാളെ വഞ്ചിക്കാൻ കഴിയാത്തത് കൊണ്ട് വെറുപ്പ് കാണിച്ചു. ശരീരത്തിൽ തൊട്ടാൽ കൈ മുറിക്കുമെന്ന് പറഞ്ഞ് അന്ന് മുതൽ അയാളെ ശത്രുവിന്റെ സ്ഥാനത്തു നിർത്തി. പക്ഷേ, എത്രയൊക്കെ വീറും വാശിയും കാണിക്കുമ്പോഴും തോൽക്കുമെന്ന് തോന്നിയത് നന്ദന്റെ അമ്മയുടെ മുന്നിൽ ആയിരുന്നു.

പക്ഷേ, കല്ല് പോലെ പാകപ്പെടുത്തിയ മനസിനെ അവരുടെ സ്നേഹത്തിനു മുന്നിൽ മഞ്ഞുകട്ടപ്പോലെ ഉരുക്കിക്കളയാൻ കഴിയാത്തത് കൊണ്ട് അവരെയും..... പലപ്പോഴും മനസ്സ് അച്ഛനെയും അമ്മയെയും കാണാൻ കൊതുക്കുമ്പോഴും ഇവിടെ വരുന്ന ദിവസങ്ങൾ ദേവന് മുന്നിൽ.... അതുകൊണ്ട് മാത്രം എല്ലാവരോടും വെറുപ്പ് കാണിച്ചു വരാതിരുന്നു. പക്ഷേ, ഒരിക്കലും ചിന്തിച്ചില്ലായിരുന്നു നന്ദൻ ഡിവോഴ്സിനെ കുറിച്ച് പറയുമെന്ന്. നന്ദന്റ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ ശരിയാണെന്ന് തോന്നി. അത്രയേറെ വെറുപ്പിച്ചു. ഇഷ്ടപ്പെട്ട പെണ്ണിന്റ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടിട്ട് സ്നേഹത്തോടെ ഒരു വാക്കോ വിളിയോ കേൾക്കാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ അങ്ങനെ ചെയ്തിട്ടില്ല. പിന്നെ എത്ര നാൾ സഹിക്കും.. പക്ഷേ, വീട്ടിലേക്ക് വരേണ്ട അവസ്ഥ വന്നാൽ വീണ്ടും ദേവന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടിവരുമെന്ന് അറിയാവുന്നത് കൊണ്ടാണ് അതുവരെ തോന്നാത്ത ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

പക്ഷേ, അവിടെയും തോറ്റുപോയി. മരിക്കാൻപോലും വിടാതെ കോരിയെടുത്തു ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ പേടിച്ചിരിക്കണം, നന്ദനോടുള്ള വൈരാഗ്യം തീർക്കാൻ ചെയ്തതാകുമെന്ന്. അന്ന് മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു. നന്ദനെങ്കിലും എല്ലാം അറിയണമെന്ന്. പക്ഷേ, അവിടെയും തോൽപ്പിക്കാൻ അവനുണ്ടായിരുന്നു ദേവൻ. ഹോസ്പിറ്റലിൽ മയക്കത്തിൽ മങ്ങിതെളിഞ്ഞ ആ മുഖം കണ്ടായിരുന്നു ഞെട്ടിയത്. നന്ദൻ ഉള്ളപ്പോൾ ദേവൻ ഒരിക്കലും അവിടെ വരുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, അവൻ വന്നു. അവന്റെ മുഖത്തെ പുഞ്ചിരി അസുരന്റെ ആയിരുന്നു. അത് കാണുമ്പോൾ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നിപാഞ്ഞു. രക്ഷപ്പെടലെന്നോണം നാല് പാടും നന്ദനെ തിരയുമ്പോൾ ദേവന്റെ ചിരിയിൽ ക്രൗര്യത കളിയാടി. " മരിക്കണമെങ്കിൽ നിനക്കിപ്പോ മരിക്കാം.. അതല്ല, ഈ കിടക്കയിൽ വെച്ച് മാനസാന്തരം വന്നു വല്ലതും വിളിച്ചുപറഞ്ഞാൽ നാളെ നിന്നെ ഉടുതുണിയില്ലാതെ നാട്ടുകാർ കാണും.

അത് കണ്ട് കളിയാക്കലുകൾ സഹിക്കാതെ നിന്റ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യും. നഷ്ടം നിനക്ക് തന്നെയാ.. നാട്ടുകാർക്ക് ഞാൻ കെട്ടിയ മുഖംമൂടി അഴിഞ്ഞുവീഴുമായിരുക്കും. അതിൽ കൂടുതൽ എനിക്കൊന്നും നഷ്ട്ടപ്പെടാനില്ല. അതുകൊണ്ട് നിനക്ക് തീരുമാനിക്കാം, നല്ലപോലെ ആലോചിച്ചിട്ട്. " ദേവൻ ചിരിച്ചുകൊണ്ട് ഇറങ്ങിപോകുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത്‌ മരണമാണെന്ന് തോന്നി.. പക്ഷേ...... അവന്റെ വാക്കുകൾ ഓരോന്നും ഇപ്പഴും നെഞ്ചിലേക്ക് ഒരു തീ കണക്കെ വന്നു പതിക്കുന്നുണ്ട്. എല്ലാവരും അറിയുന്ന ദേവന്റെ ആരുമറിയാത്തൊരു മുഖം മുന്നിൽ ചിരിക്കുന്നുണ്ട്.. ചെകുത്താന്റെ ചിരി. ശരണ്യ ഓരോന്ന് ഓർത്തെടുക്കുംതോറും തേങ്ങലിന്റെ ശക്തി വർദ്ധിച്ചിരുന്നു. അതുപോലെ ഒരു ഭയവും മനസ്സിനെ വേട്ടയാടിത്തുടങ്ങി.... നന്ദൻ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്താകും എന്ന ചിന്തയിൽ.. !.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story