❣️ ദേവപല്ലവി ❣️ ഭാഗം 13

devapallavi

രചന: മുകിലിൻ തൂലിക

നനഞ്ഞൊട്ടി ചേർന്നിരുന്ന കൺപ്പീലികൾ പല്ലവി വലിച്ച് തുറന്നു... ഇരുണ്ട പ്രഥമ രാത്രിയുടെ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ അവളെ ഏറെ തളർത്തിയിരുന്നെങ്കിലും ചെറുപ്പം മുതലുള്ള ശീലമായതിനാൽ പല്ലവി നേരത്തെ എണീറ്റിരുന്നു... ചെറുതായി നോവുന്ന നെറ്റിയിലെ മുറിവിലേക്കവൾ വിരലോടിച്ചു..ഇന്നലെ കണ്ട ദേവ്ന്റെ രൗദ്രഭാവം അവളിൽ പിന്നെയും ഭയം നിറച്ചു.. പല്ലവി റൂമിലൊന്ന് കണ്ണോടിച്ചു.. വലിയൊരു കൊടുങ്കാറ്റ് ആഞ്ഞ് വീശി പോയത് പോൽ ആകെ അലങ്കോലമായി കിടക്കുകയാണ് മുറി.. ആദ്യരാത്രിയുടെ അവശേഷിപ്പെന്നോണം പാൽഗ്ലാസ് ജനലോരം ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു.. ഒരു വേള അത് തന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നതായി തോന്നി പല്ലവിയ്ക്ക്.. കാൽ മുട്ടിലേക്ക് മുഖം ചേർത്തവൾ ഇരുന്നു.. വരും ദിവസങ്ങൾ എത്ര ഭീകരമായിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് എന്തും നേരിടാൻ തയ്യാറായി ഒരു നെടുവീർപ്പിട്ടു കുളിക്കാൻ കയറി... തണുത്ത വെള്ളം അവളുടെ ശരീരത്തെ തണുപ്പിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ അത് മനസ്സിനെ തണുപ്പിച്ചിരുന്നില്ല..

കുളികഴിഞ്ഞ് ഇറങ്ങി ഒരു മുണ്ടും നേര്യതും എടുത്തുടുതു.. നീണ്ട മുടി കുളിപ്പിന്നൽ ഇട്ട് തുമ്പ് കെട്ടിയിട്ടു.. സിന്ദൂരച്ചെപ്പ് എടുത്ത് സിന്ദൂരം ചാർത്താൻത ഒരുങ്ങവേ അവളുടെ കൈ ഒന്നു വിറച്ചു.ദേവ് പറഞ്ഞ കാര്യങ്ങൾ ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി... ഇനി എത്ര ദിവസം എനിക്ക് സിന്ദൂരം അണിയാൻ യോഗം ഉണ്ടാകും ചുണ്ടിൽ ഒരു വിഷാദ ചിരിയോടെ അവൾ ഓർത്തു.. അലങ്കോലമായി കിടക്കുന്ന മുറിയിലേക്ക് അവൾ ഒന്നും കൂടി കണ്ണോടിച്ചു നേര്യത്തിന്റെ തുമ്പ് തന്റെ അരയിൽ തിരുകി മുറി വൃത്തിയാക്കാൻ തുടങ്ങി.. മുറി വൃത്തിയാക്കുന്നതിനിടയിലാണ് അവരുടെ വിവാഹഫോട്ടോ കണ്ണിൽ പെട്ടത്.. അവളത് കൈയ്യിലെടുത്ത് കുറച്ചു നേരം ദേവ്ന്റെ ചിരിക്കുന്ന മുഖത്തേക്ക് തന്റെ ദൃഷ്ടിയൂന്നി ആ ഫോട്ടോയിൽ തഴുകി.. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവന്റെ ഫോട്ടോയിലേക്ക് വീണു..എന്തോ ഒന്ന് ആലോചിച്ച് നിന്നതിനുശേഷം ഒരു ദീർഘനിശ്വാസം വിട്ടു പല്ലവി ഫോട്ടോ ഭിത്തിയിലെ ആണിയിലേക്ക് തൂക്കി.. പിന്നെ വേഗത്തിൽ മുറി വൃത്തിയാക്കി ഗോവണിപ്പടി ഇറങ്ങി താഴേക്കു ചെന്നു...

പൂജാമുറിയിൽ കയറി വിളക്ക് വെച്ച് പ്രാർത്ഥിച്ചു..🙏🏽 എന്തോ ഭഗവാനോട് അവൾക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല ..ശൂന്യമായ മനസ്സോടെ കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി നിന്നു... **************** അടുക്കളയിൽ കയറി ചായ ഇടുമ്പോഴാണ് മാലതി എണീറ്റു വന്നത്... "മോളെ നേരത്തെ എണീറ്റോ... ഈ മുറിവും വെച്ച് എന്തിനാ വെറുതെ രാവിലെ തന്നെ എണീറ്റ് കുളിച്ചത്.." പല്ലവി ഒന്ന് ചിരിച്ചു "അത് സാരമില്ല അമ്മേ വർഷങ്ങളായുള്ള ശീലമാണ്.. മുറിവ് അതിപ്പോ ഭേദമായി.. കുഴപ്പമൊന്നുമില്ല വേദനിക്കുന്നില്ല.. മാലതി പല്ലവിയെ തിരിച്ചു നിർത്തി അവളുടെ കവിളിൽ തലോടി "മോൾക്ക് ഇന്നലെ നടന്നതൊക്കെ ഓർത്ത് നല്ല വിഷമം ഉണ്ടല്ലേ.. ദേവൂട്ടൻ ഇന്നലെ അങ്ങനെയൊക്കെ പെരുമാറുമെന്ന് ഞങ്ങളും കരുതിയിരുന്നില്ല.. അവന്റെയാ ഭാവമാറ്റം കണ്ടു ഒരു വേള ഞാനും മോഹനേട്ടും ഭയപ്പെട്ടു...." പല്ലവിയുടെ മുഖത്തെ ചിരി ഒന്നും മങ്ങി ഒരു വിഷാദഛായ പടർന്നു... "സാരമില്ല അമ്മേ ഞാൻ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതാണ് എനിക്കൊരിക്കലും സന്തോഷമായി ഒരു ജീവിതം ലഭിക്കില്ല എന്റെ വിധി അതാണ്.."

അവളുടെ കണ്ണുകൾ നിറഞ്ഞു... മാലതി അവളെ ചേർത്തുപിടിച്ച് "എന്റെ മോളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാ.. ദേവൂട്ടൻ എന്റെ മോളെ മനസ്സിലാക്കും.. ഇപ്പോൾ എന്തുപറഞ്ഞാലും അവൻ ചെവി കൊള്ളില്ല.. എല്ലാം ശരിയാകും.. എന്റെ മോളുടെ കണ്ണീര് ഭഗവാൻ കാണാതിരിക്കില്ല.." "ദേവേട്ടൻ.. ദേവേട്ടനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ അമ്മേ.." അവൾ പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി... "അവൻ ഓഫീസിൽ ഉണ്ട് ഇന്നലെ രാത്രിയിൽ തന്നെ ആരവ് വിളിച്ച് പറഞ്ഞിരുന്നു..അച്ഛൻ കുറച്ചുകഴിഞ്ഞ് പോയി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. അച്ഛൻ പോയി അവനെ കൊണ്ട് വരും.." അത് കേട്ടതോടെ പല്ലവിയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു.. അമ്മയും അവളും കൂടി ഒരുമിച്ച് അടുക്കളയിലെ പണിയെല്ലാം വേഗത്തിൽ തീർത്തു... അച്ഛനും കൂടി വന്നതോടെ അവരെല്ലാം ചായ കുടിക്കാൻ ഇരുന്നു..

പല്ലവിയ്ക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല അച്ഛൻറെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി അവൾ കഴിച്ചെന്നു വരുത്തി.. ദേവ്നെ കൂട്ടി കൊണ്ട് വരാൻ മോഹൻ ഓഫീസിലേക്ക് പുറപ്പെട്ടു.. അച്ഛൻ പോയത് മുതൽ പല്ലവി അക്ഷമയോടെ വീടിന്റെ വരാന്തയിൽ ഇരിപ്പായി... ഇടയ്ക്കിടെ റോഡിലൂടെ വണ്ടികൾ പോകുമ്പോൾ അവൾ സന്തോഷത്തോടെ ഓടിച്ചെന്ന് gate ന് അരികിൽ നിൽക്കും...അച്ഛനും ദേവും അല്ലാന്ന് അറിയുമ്പോൾ വിഷമിച്ച് പിന്നെയും വരാന്തയിൽ വന്നിരിക്കും..മാലതി ഇതെല്ലാം കണ്ട് ഹാളിലെ ജനലിനരികൽ നിൽപ്പുണ്ടായിരുന്നു.. "പാവം കുട്ടി" അവർ മനസ്സിൽ പറഞ്ഞു.. ഓരോ വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴും പല്ലവി പ്രതീക്ഷയോടെ പുറത്തേക്ക് നോക്കും... തന്നോട് വെറുപ്പാണെങ്കിലും ദേവേട്ടൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഒളിച്ചു നിന്നെങ്കിലും ആ മുഖമൊന്നു കാണാനായിരുന്നു..

അവൾ ഓർത്തു.. കഴുത്തിലെ താലിമാല രണ്ട് വിരലുകൾ കൊണ്ട് വലിച്ച്.. താലിയിലെ ദേവ്ന്റെ പേരിലേക്കവൾ വിരലോടിച്ച് ഇരിക്കുമ്പോഴാണ് gate കടന്ന് അച്ഛന്റെ കാർ വന്നത്.. വല്ലാത്തൊരു സന്തോഷത്തോടെ ചാടി എണീറ്റു പല്ലവി മുമ്പിലേക്ക് വച്ച വലതുകാൽ എന്തോ ആലോചിച്ച് പിറകോട്ട് വലിച്ചു.. തന്നെ കാണുമ്പോഴുള്ള ദേവേട്ടന്റെ പ്രതികരണം ഓർത്തവൾ പേടിച്ച് നേര്യതിന്റെ തുമ്പിൽ അമർത്തിപ്പിടിച്ച് പിറകിലോട്ട് അടി വെച്ച് വരാന്തയിൽ കയറി തൂണിന് പുറകിലേക്ക് മറഞ്ഞ് നിന്ന് കാറിനുള്ളിലേക്ക് എത്തി നോക്കി.. വണ്ടിയും ശബ്ദം കേട്ട് മാലതിയും പുറത്തേക്ക് വന്ന് പ്രതീക്ഷയോടെ കാറിനകത്തേക്ക് നോക്കി.. ഡോർ തുറന്ന് കാറിൽനിന്നും ഇറങ്ങിയ മോഹനേട്ടന്റെ മുഖം കണ്ട് മാലതിയ്ക്കത്ര സുഖമായി തോന്നിയില്ല...അച്ഛൻ ഇറങ്ങിയിട്ടും ദേവേട്ടൻ ഇറങ്ങുന്നത് കാണാഞ്ഞ് പല്ലവി അച്ഛനരികിലേക്ക് ചെന്നു... "അച്ഛാ ദേവേട്ടൻ".. കാറിലേക്ക് ഒന്നും കൂടി തന്റെ കണ്ണുകൾ പായിച്ചവൾ ചോദിച്ചു.. മോഹൻ മാലതിയേയും പല്ലവിയേയും നോക്കി

"ദേവൂട്ടൻ.... അവൻ വന്നില്ല മോളെ.. എന്നെ ഒന്നു കാണാൻ കൂടി കൂട്ടാക്കിയില്ല.. " മോഹന്റെ ശബ്ദമൊന്ന് ഇടറി... പല്ലവിയുടെ മുഖത്ത് വല്ലാത്തൊരു വേദന നിഴലിച്ചു... "മോള് വിഷമിക്കാതെയിരിക്ക് അവൻ വരും..". അച്ഛൻ അവളുടെ നെറുകയിൽ പതിയെ തഴുകി വീടിനകത്തേക്ക് കയറി.. പല്ലവി കുറച്ചു നേരം കൂടി റോഡിലേക്ക് നോക്കി വരാന്തയിൽ നിലയുറപ്പിച്ചു... **************** ഒരാഴ്ച ആയിരിക്കുന്നു ദേവ് വീട്ടിലേക്ക് പോയിട്ട്.. കല്ല്യാണ രാത്രി തൊട്ട് വീട്ടിലേക്ക് പോകാതെ ഓഫീസിൽ കഴിച്ച് കൂട്ടിയിരുന്നത് ഇതിനോടകം തന്നെ ഓഫീസിൽ അടക്കി പിടച്ച ചർച്ചകൾക്കും കുശുകുശുക്കലുകൾക്കും കാരണമായി തീർന്നിട്ടുണ്ട്....തന്റെ ഫോണിലേക്ക് മാറി മാറി വന്നിരുന്ന അച്ഛന്റേയും അമ്മയുടേയും ഫോൺ കോളുകൾക്കൊന്നും ദേവ് പ്രതികരിച്ചില്ല...ദേവ്നെ കാണാനായി മിക്ക ദിവസങ്ങളിലും ഓഫീസിലേക്ക് ചെന്നിരുന്ന അച്ഛനെ അവൻ കാണാതെ മടക്കി അയച്ചു കൊണ്ടിരുന്നു..ആരവിനോട് മാത്രമാണ് അവൻ സംസാരിച്ചിരുന്നത്... ഓരോ ദിവസവും പല്ലവി അവന് വേണ്ടി ഉമ്മറപടിയിൽ കാത്ത് നിന്നു...

വീടിനകത്ത് ഓരോ പണികൾക്കിടയിലും അവളുടെ കണ്ണും കാതും ദേവ്ന്റെ വരവിനായി കാത്തിരുന്നു.. രാത്രി ഭക്ഷണം കഴിച്ചു ബെഡിൽ കിടന്ന് പതിവ് വായനയിലായിരുന്നു മോഹൻ.. കിടക്കാനായി ബെഡിൽ വന്നിരുന്ന മാലതി പതിവില്ലാത്ത ആലോചനയിലാണ്... മോഹൻ ഇതെല്ലാം ശ്രദ്ധിച്ച് തൻറെ കണ്ണട പതിയെ ഒന്ന് ഇറക്കി വെച്ച് അതിനുള്ളിലൂടെ നോക്കി... "എന്താടോ മാലു ഒരു ആലോചന.." മാലതി ചിന്തയിൽ നിന്നും ഉണർന്ന് "മോഹനേട്ടാ ഇതിങ്ങനെ വിട്ടാൽ പറ്റില്ല എത്ര ദിവസമായി അവൻ ഇങ്ങോട്ട് വന്നിട്ട് നമ്മളെയൊന്നും കാണണമെന്നു കൂടിയില്ല.." "ഞാൻ എത്രവട്ടം പോയി വിളിച്ചു മാലു എന്നെ ഒന്ന് കാണാനും സംസാരിക്കാനും കൂട്ടാക്കണ്ടേ.. ചെറിയ കുട്ടി ഒന്നല്ലല്ലോ തല്ലി കൊണ്ടുവരാൻ ആയിട്ട്.." മോഹന്റെ സ്വരം കടുപ്പമായി.. "ആ കുട്ടി പാവം മോഹനേട്ടാ എന്നും നമ്മുടെ മോൻ വരുന്നതും കാത്ത് ഉമ്മറപ്പടിയിൽ ചെന്നിരിക്കും.. നാളെ ആകട്ടെ ഞാൻ പോകുന്നുണ്ട് അങ്ങോട്ട്.." എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ ആയിരുന്നു മാലതിയുടെ മുഖഭാവം........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story