❣️ ദേവപല്ലവി ❣️ ഭാഗം 24

devapallavi

രചന: മുകിലിൻ തൂലിക

ആളിക്കത്തുന്ന തീ ജ്വാലകൾ അവളുടെ സജലമായ മിഴികളിൽ പ്രതിബിംബിച്ച് ആളി കത്തി കൊണ്ടേയിരുന്നു.. **************** നാഗേംദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ | നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ "ന" കാരായ നമഃ ശിവായ ‖ 1 ‖ മംദാകിനീ സലില ചംദന ചര്ചിതായ നംദീശ്വര പ്രമഥനാഥ മഹേശ്വരായ | മംദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ തസ്മൈ "മ" കാരായ നമഃ ശിവായ ‖ 2 ‖ ----------------------------------------------------------------------------------------------------------------------------------- പംചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ‖ (വായിച്ച് ഞെട്ടണ്ട.. ഗൂഗിളിൽ നിന്നാ.🤭) തൻറെ കാതുകളെ കുളിരണിയിച്ചു മനസ്സ് ശാന്തമാക്കുന്ന ശിവകീർത്തനം കേട്ടുകൊണ്ടാണ് ദേവ് തന്റെ പുതിയ പുലരിയിലേക്ക് കണ്ണുകൾ തുറന്നത്.. ആ ശബ്ദം അവനത് കേട്ടു പരിചയം ഇല്ല... വീട്ടിൽ ഇന്നേവരെ അമ്മയൊരു മൂളിപ്പാട്ട് പോലും പാടുന്നത് കേട്ടിട്ടില്ല.. പിന്നെ ഇത് ആരായിരിക്കും, ഈ ശബ്ദത്തിൻറെ ഉടമ ,എന്നുള്ള ചോദ്യത്തിന് അവൻറെ ഉള്ളിൽ ഒരു മുഖം തെളിഞ്ഞു...

പല്ലവി... അവളാണോ പാടുന്നത്.. അവളുടെ ശബ്ദം എന്ത് കൊണ്ടോ അവന്റെ സിരകളിൽ കോപാഗ്നി വിതറിയില്ല.. ദേവ് ബെഡിൽ നിന്നെഴുന്നേറ്റ് ഒരു നിമിഷം കണ്ണടച്ച് ആ വരികൾ ആസ്വദിച്ചിരുന്നു.. ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങി.. താഴേക്ക് ഇറങ്ങാതെ തന്നെ സ്റ്റെയർകെയ്സിന്റെ റെയ്ലിൽ പിടിച്ച് താഴെ പൂജാമുറിയിലേക്ക് നോക്കി നിന്നു.. പല്ലവി നിലവിളക്ക് തെളിയിച്ച് കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നത് ദേവ് അവിടെ നിന്ന് നോക്കിക്കൊണ്ടിരുന്നു.. കുളികഴിഞ്ഞ് ഈറൻ മുടി തോർത്തുമുണ്ടിൽ പൊതിഞ്ഞുകെട്ടി വെച്ചിരിക്കുന്നത് കൊണ്ട് അവളുടെ പിൻ കഴുത്തിലെ മറുക് വ്യക്തമായി കാണാം.. ദേവ്ന്റെ കണ്ണുകൾ ഒരു വേള ആ മറുകിലേക്ക് പതിഞ്ഞു..അവിടെ അവന്റെ ചുണ്ടുകളാൽ മുദ്രണം ചെയ്യാൻ തോന്നിയ അവന്റെ മനസ്സിനെ ദേവ് ശാസനയോടെ കടിഞ്ഞാണിട്ടു...

എങ്കിലും അവന്റെ കണ്ണുകൾ ആ മറുകിന്റെ ഭംഗിയിൽ മതിമറന്ന് നിൽക്കുകയാണ്.. എന്റെ മനസ്സിൽ ഇപ്പോഴും ഇവൾക്ക് സ്ഥാനം ഉണ്ടോ.. മനസ്സ് പിന്നെയും തന്റെ ശാസന ധിക്കരിച്ച് കുതറി പല്ലവിയിലേക്ക് പായുമ്പോൾ ദേവ് അൽഭുതത്തോടെ ആലോചിച്ചു.. പതിവുപോലെ മുണ്ടും നേര്യതും ആണ് പല്ലവിയുടെ വേഷം...പ്രാർത്ഥിച്ചു പുറത്തിറങ്ങിയ പല്ലവി കണ്ടത് തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ദേവ്നെയാണ്... അവൾ പേടിയോടെ തലയൊന്ന് കുമ്പിട്ട് പിടയ്ക്കുന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കി.. ഉറക്കം കളഞ്ഞതിന്റെ പേരിൽ തന്നോടിനി പൊട്ടി തെറിക്കുമോന്നുള്ള ഭയം ആ കണ്ണുകളിൽ തെളിഞ്ഞു കാണാം... ദേവ് നെറ്റിചുളിച്ച് അവളെ അടിമുടി നോക്കി വേഗത്തിൽ റൂമിൽ കയറി വാതിലടച്ചു.... ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നോ പല്ലവി ആലോചിച്ചു.. ദേവ്ന്റെ ആ ശാന്തമായ ഭാവം നീറുന്ന അവളുടെ മനസ്സിലേക്ക് കുളിരുകോരിയിട്ടു.. അതുമതിയായിരുന്നു അവളുടെ പുതിയ പുലരി വർണ്ണശഭളമാകാൻ.. ചുണ്ടിലൊരു പുഞ്ചിരിയും മൂളിപ്പാട്ടുമായി അവൾ അടുക്കളയിലെ ജോലികളെല്ലാം വേഗത്തിൽ തീർത്തു..

ദേവ്ന് ഏറ്റവും പ്രിയപ്പെട്ട നൂൽപുട്ടും കടലക്കറിയുമാണ് ഉണ്ടാക്കിയിരുന്നത്... അമ്മയുടെ അരികിൽ നിന്ന് പല്ലവി അവന്റെ എല്ലാ ഇഷ്ടങ്ങളും ചോദിച്ച് അറിഞ്ഞിരുന്നു.. **************** ഇതേസമയം, പല്ലവിയുടെ ശിവകീർത്തനം കേട്ട് പതിവിലും നേരത്തെ എണീറ്റത് കൊണ്ട് പിന്നീട് കിടന്നിട്ട് ദേവ്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.. പറയാതെ വയ്യ മനസ്സ് നിറയ്ക്കുന്ന കാഴ്ച തന്നെ ആയിരുന്നത്.. വെളുപ്പിന് തിരി വെച്ച് പ്രാർത്ഥിച്ച അവളുടെ രൂപം.. എന്താ ഒരു ഐശ്വര്യം... കാട് കയറി ചിന്തിച്ചു കൂട്ടി ഉളളിൽ താൻ കുഴിച്ച് മൂടിയിട്ടുള്ള പല്ലവിയോടുള്ള ഇഷ്ടം പുറത്ത് വരുമോന്നവൻ ഭയന്നു.. അത് പാടില്ല.. അവളെന്റെ ജീവിതം തകർത്താണ്... മുഖത്ത് ചുവപ്പു രാശി പടർത്തി അവൻ കുതിച്ചു പാഞ്ഞ ചിന്തകളെ അമർത്തി മുറുക്കി കെട്ടിയിട്ടു... ശേഷം എണീറ്റ്, ഒന്നു കുളിക്കാം എന്നു കരുതിയപ്പോൾ മാറാൻ ഒരു ഡ്രസ്സ് പോലുമില്ലെന്ന് ഓർത്തത്.. ഇന്നലത്തെ ആവേശത്തിൽ അതെല്ലാം കത്തിച്ചു കളഞ്ഞില്ലേ... ഓഫീസിൽ നിന്ന് വന്നപ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സാണ്...

നേരം നന്നായൊന്നു വെളുത്തെങ്കിൽ പോയി അത്യാവശ്യം വേണ്ട ഡ്രസ്സ് മറ്റും വാങ്ങാമായിരുന്നു.. ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല.. വിശന്നിട്ടും വയ്യ... അടുക്കളയിൽ പോയി ചായ ചോദിക്കാന്ന് വെച്ച അവള് മാത്രം എണീറ്റിട്ടൊള്ളൂ... എന്തൊരു അവസ്ഥയാ മഹാ ദേവ...അതും ഓർത്തവൻ നെറ്റിയിലേക്ക് തന്റെ വലതു കരം കയറ്റിവെച്ച് കണ്ണുകളടച്ചു കിടന്നു.. **************** അടുക്കളയിലേക്ക് അമ്മയും കൂടി എത്തിയതോടെ വീട്ടിലെ പണികൾ നേരത്തെ തീർന്നു.. പതിവില്ലാതെ പല്ലവിയുടെ മുഖത്തെ പ്രസാദം കണ്ടപ്പോൾ മാലതിയ്ക്ക് ആശ്വാസമായി... ദേവ്ന് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞു അമ്മ അവളെ ഒരുപാട് നിർബന്ധിച്ചെങ്കിലും പേടി കാരണം അവളത് നിരസിച്ചു.... അധികം നിർബ്ബന്ധിക്കാൻ നിൽക്കാതെ ചായയുമായി മാലതി തന്നെ അവന്റെ റൂമിലേക്ക് പോയി.. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദേവ് കണ്ണു തുറന്നു നോക്കി... അമ്മയാണ്... അമ്മയുടെ മുഖത്ത് പതിവ് ചിരിയൊന്നും ഉണ്ടായിരുന്നില്ല...

ദേവ്ന് എന്തോ വല്ലായ്മ തോന്നി.. ദിവസവും നിറഞ്ഞ പുഞ്ചിരി തൂകി തനിക്കു മുമ്പിൽ വന്നിരുന്ന അമ്മയെ കണികണ്ടുണർന്നിരുന്നത് തന്നെ ഒരു ഐശ്വര്യം ആയിരുന്നു.. അമ്മ അവനെയൊന്ന് നോക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "അമ്മേ എന്താ മുഖത്ത് പതിവില്ലാത്ത ഒരു ഭാവം.. എന്നെ നോക്കിയിത് പോലുമില്ലല്ലോ."? "പതിവില്ലാത്ത പല ശീലങ്ങളും രീതികളും എന്റെ മോനും ഇപ്പൊ തുടങ്ങിട്ടില്ലേ.. അപ്പൊ പിന്നെ ഞാനെന്തിന് മാറാതിരിക്കണം.?" തിരിഞ്ഞു നോക്കാതെ അമ്മ മറുപടി പറഞ്ഞ് മുറിവിട്ട് പുറത്തിറങ്ങാൻ ഒരുങ്ങിയതും ദേവ് അമ്മയുടെ പുറകിലൂടെ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു... തോളിൽ നനവ് പടർന്നപ്പോൾ അമ്പരന്നവർ തിരിഞ്ഞു നോക്കി... കണ്ണീര് നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന തന്റെ മകൻറെ മുഖം കണ്ടതോടെ മാലതിയുടെ മാതൃഹൃദയം തേങ്ങാൻ തുടങ്ങി.. "അയ്യോ എന്താ എന്റെ മോന്.. അമ്മേടെ മോൻ കരയല്ലേ." മാലിനിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.. "വേണമെന്ന് വെച്ചിട്ടല്ല അമ്മേ..

എന്നെ എനിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഒരുപാട് ഇഷ്ടത്തോടെ സ്വപ്നംകണ്ട് അവളെ സ്വന്തമാക്കിയതാണ്... അതെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നുവീണു... എന്റെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്...എ.. എന്നോട്...ഇങ്ങനെ അകലം വെയ്ക്കലേ അ..അമ്മേ" ദേവ്ന്റെ വാക്കുകൾ കണ്ണീരിൽ കുതിർന്ന് മുറിഞ്ഞ് പോയിരുന്നു.. തൻറെ മകൻറെ ആ ഒരു ഭാവം മാലതി ആദ്യമായി കാണുകയാണ്... എന്തും കരുത്തോടെ നേരിട്ടിരുന്ന എന്റെ മോൻ.. അവർക്കത് സഹിച്ചില്ല.. "അമ്മേടെ ദേവൂട്ടൻ കരയല്ലേ.. അമ്മ മനസ്സിലാകുന്നുണ്ട്... അമ്മയുണ്ട് എന്റെ മോന്.. പക്ഷേ പല്ലവി മോള്....." അതു പറയാൻ ഒരുങ്ങിയതും ദേവ് അമ്മയിൽ നിന്ന് വിട്ടകന്ന് വേണ്ടെന്ന് കൈ കൊണ്ട് കാണിച്ചു.. "ഉം..ശരി.. പറയുന്നില്ല.. നിനക്ക് വിശക്കുന്നില്ലേ ഇന്നലെ ഒന്നും കഴിച്ചില്ലലോ.. നീ കുളിച്ചു താഴേക്ക് വായോ അമ്മ കഴിക്കാൻ എടുത്തു വയ്ക്കാം." "കുളിച്ചുമാറ്റാൻ ഡ്രസ്സ് ഒന്നും ഇല്ലമ്മേ. കുറച്ചു കഴിഞ്ഞു പോയി വാങ്ങിക്കണം.. അമ്മ പോയിക്കോ.. ഞാൻ വന്നേക്കാം."

മാലതി അവന്റെ കവിളിൽ തലോടി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു താഴേക്ക് പോയി.. ദേവ്ന് ആശ്വാസമായി.. ഉള്ളിലെ നീറ്റലിന് ചെറിയൊരു ശമനം കിട്ടിയത് പോലെ.. മേശപ്പുറത്തിരുന്ന ചായ ഒറ്റവലിക്ക് കുടിച്ച് തീർത്ത് അവൻ ബാത്ത് റൂമിലേക്ക് കയറി **************** മാലതിയും പല്ലവിയും ചേർന്നു പ്രാതൽ വിഭവങ്ങൾ ഓരോന്നായി മേശയിൽ നിരത്തി വച്ചു... ദേവ്ന്റെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും പല്ലവി വേഗം ദേവ്ന്റെ കണ്ണിൽ പെടാതിരിക്കാൻ അടുക്കളയിലേക്കു ഓടി കയറി.. മോഹനും മാലതിയും അവളുടെ ആ പോക്ക് കണ്ട് വിഷമിച്ച് നോക്കിയിരുന്നു... ദേവ് താഴേക്കിറങ്ങി വന്ന് അച്ഛന് അരികിലുള്ള കസേര വലിച്ചിട്ടിരുന്നു.. നേരത്തെ റൂമിൽ ഉണ്ടായ കാര്യങ്ങൾ മാലതി പറഞ്ഞ് അറിഞ്ഞതുകൊണ്ട് മോഹൻ അവനോട് അനിഷ്ടം ഒന്നും കാണിച്ചില്ല... ദേവ്നെ നോക്കി ഒന്നു ചിരിച്ചു മോഹൻ അവൻറെ പുറത്ത് തട്ടി "നീ കുളിച്ചില്ലേ... ഇന്നലെ ഇട്ടിരിക്കുന്ന ഡ്രസ്സാണലോ ഇട്ടിരിക്കുന്നത്." "കുളിച്ചു. അച്ഛാ. മാറ്റിയുടുക്കാൻ വേറെ ഡ്രസ്സൊന്നുമില്ല"

"നീ ഫുഡ് കഴിച്ചു വാ അച്ഛൻ തരാം.. അതിൽ പല്ലവി തൊട്ടില്ല..ഇനി അതും പറഞ്ഞ് ഞാൻ തരുന്നതും എരിച്ച് കളയരുത്." ദേവ് അച്ഛനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു മാലതി മോഹനെ നോക്കി നെറ്റി ചുളിച്ച് അരുതെന്ന് കണ്ണ് കൊണ്ട് കാണിച്ച് അവർക്ക് കഴിക്കാനുള്ളത് പാത്രത്തിലേക്ക് എടുത്തുവച്ചു.. "അമ്മേ ഇന്ന് എന്റെ favourite ആണല്ലോ.. എത്ര ദിവസമായി വായിക്ക് രുചിയുളളത് കഴിച്ചിട്ട്." ഒരു ചിരിയോടെ നൂൽപൂട്ട് വായിലേക്ക് വെക്കാൻ ഒരുങ്ങിയ ദേവ് പറഞ്ഞു "അത് പല്ലവി മോള് ഉണ്ടാക്കിയതാണ്.. ഞാനിപ്പോൾ ഇവിടെ ഒന്നും ചെയ്യാറില്ല... എല്ലാം മോളാണ്." മാലതി ഒരാവേശത്തിൽ പറഞ്ഞു നിർത്തിയതും അടുക്കളയിലേക്ക് തെറിച്ചു വീണ് ചിന്നി ചിതറുന്ന പാത്രം കണ്ട് മാലതിയും മോഹനും ഞെട്ടിത്തരിച്ച് ദേവ്നെ നോക്കി.. ദേവ്ന്റെ മുഖം മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു...

ഇരുന്ന കസേര പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞ് അവൻ എണീറ്റ് പോയി... അടുക്കളയിൽ വന്നു പതിച്ച പാത്രത്തിന്റെ ഒരു ചീള് പല്ലവിയുടെ കാലിൽ തറഞ്ഞു കയറി.. മുറിവിൽ നിന്നും രക്തം കിനിയാൻ തുടങ്ങിയിരുന്നു... ആ മുറിവിനെക്കാളും പല്ലവിയെ വേദനിപ്പിച്ചത് ദേവ്ന്റെ പ്രവർത്തി ആയിരുന്നു..ഒരു നിമിഷം കൊണ്ട് താൻ ഇത്രയും നേരം അനുഭവിച്ച സന്തോഷം കെട്ടു പോയതോർത്തവളുടെ കണ്ണ് നിറഞ്ഞു.. ദേവ് പോയ അതേ വേഗത്തിൽ തന്നെ കാറിൻറെ കീ എടുത്തു പുറത്തേക്ക് നടന്ന്.. ഒന്ന് നിന്ന് തിരിഞ്ഞു നോക്കാതെ "അമ്മയ്ക്ക് പറ്റുമെങ്കിൽ എനിക്കുള്ള ഭക്ഷണം ഉണ്ടാക്കി തരാം.. വയ്യെങ്കിൽ പറഞ്ഞാൽ മതി ഞാൻ പുറത്തു നിന്നും വാങ്ങി കഴിച്ചോളാം" മറുപടിക്ക് കാത്തു നിൽക്കാതെ ദേവ് തന്റെ കാറുമെടുത്ത് പുറത്തേക്ക് പാഞ്ഞു.. ക്ഷണനേരം കൊണ്ട് അവിടെ നടന്ന സംഭവങ്ങൾ മനസിലാക്കാൻ സാധിക്കാതെ നെഞ്ചിൽ കൈവെച്ച് നിൽക്കുകയായിരുന്നു മാലതി.. മോഹൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി മാലതിയെ നോക്കിക്കൊണ്ട് എണീറ്റ് പോയി.. ****************

അവൾ എനിക്ക് വച്ച് വിളമ്പി തരാൻ വന്നിരിക്കുന്നു... കാണുന്നത് പോലും അറപ്പാണ് എനിക്ക്.. എൻറെ മനസ്സിൽ ഇടം നേടാനുള്ള അവളുടെ ഓരോ തന്ത്രങ്ങൾ എനിക്ക് മനസ്സിലാകില്ലെന്നാണ് വിചാരം.. ഓരോന്നാലോചിച്ച് വണ്ടിയോടിക്കുന്നതിനിടയിൽ ദേവ്ന് ആരവിന്റെ കോൾ വന്നത്.. വണ്ടി ഒതുക്കി അവൻ കോൾ എടുത്തു.. "ഹലോ ദേവ്.. നീ ഇന്നലെ വീട്ടിലേക്ക് പോയില്ലേ അത് നന്നായി...നിന്നോട് ഞാനത് പറയണം എന്ന് കരുതിയിരുന്നതാണ്.. ഒരുപാട് ദിവസം നീ ഓഫീസിൽ കഴിച്ച് കൂട്ടിയാൽ പീന്നീടത് സ്റ്റാഫുകൾകിടയിൽ അതൊരു ചർച്ച വിഷയമാകും" "ഉം.. അതു കൊണ്ടെന്താ എന്റെ ഉള്ള സമാധാനം പോയി.. വീട്ടിൽ എവിടെ തിരിഞ്ഞാലും അവളുടെ മുഖമാണ്.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്" "നീ അവളെയെന്തിനാ ശ്രദ്ധിക്കുന്നേ.. പല്ലവി അവിടെയുണ്ടെന്നുള്ളത് നീ അങ്ങ് മറന്നേക്ക്..

പിന്നെ പ്രശ്നമില്ലല്ലോ..അതോ ഇനി നിന്റെയുള്ളിലെ ഇഷ്ടം അവിടെ തന്നെയുണ്ടോ.." "പിന്നെ ഇഷ്ടം... നിനക്ക് അറിയില്ല ആരവ് അവളുടെ നിശ്വാസ വായുവാണ് എനിക്ക് ചുറ്റുമുള്ളതെന്ന് ആലോചിക്കുമ്പോൾ തന്നെ എന്റെ നിയന്ത്രണം തനിയെ വിട്ടു പോകുന്നു.. ഇന്നലെ ഞാൻ എന്തൊക്കെ ചെയ്തു കൂട്ടിയതെന്ന് എനിക്ക് തന്നെ ഒരു നിശ്ചയമില്ല.." "ഇന്നലെ എന്താ നടന്നത്.. നീ അവളെ ഉപദ്രവിച്ചോ.." "സ്ത്രീകളെ ഉപദ്രവിക്കാന്നുള്ളത് എന്റെ ശീലമല്ല.. ഞാൻ വിശ്വസിക്കുന്ന ആദർങ്ങളിലും അതില്ല 🚩💪🏻 നിനക്കത് അറിയോലോ .. " ദേവ് തന്റെ ഇടത്തെ ചെവിയിൽ നിന്ന് ഫോണെടുത്ത് വലതു ചെവി ലേക്ക് മാറ്റി സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ച് ഇന്നലത്തെ സംഭവങ്ങൾ ആരവിനെ അറിയിച്ചു.. ആരവ് എല്ലാം കേട്ട് കഴിഞ്ഞ് "ഉംം..ഇത്തിരി കൂടിപ്പോയി ദേവേ.. ദേഷ്യവും വിഷമവും മനസ്സിലാക്കാം.. പക്ഷെ പല്ലവി മാത്രമല്ല ആ വീട്ടിലുള്ളത് ആൻറിയും അങ്കിളും ഉണ്ട് അവരെ നീ വിഷമിപ്പിക്കരുത്.." "ഞാൻ അതേക്കുറിച്ച് ഓർക്കാതെ അല്ല ആരവ്... എനിക്ക് സാധിക്കണ്ടേ..

നിയന്ത്രണം വിട്ട് പോകാണ്.. അവളെ എനിക്ക് കണ്ടെത്തി തന്നതിൽ വ്യക്തമായ കാരണം ഉണ്ടായിരിക്കും.. ഇപ്പോ അതെല്ലാം മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിൽ അല്ല.. അത്രയ്ക്കും ഞാൻ വർമ്മയ്ക്ക് മുന്പിൽ നാണംകെട്ട് തല കുമ്പിട്ടു നിൽക്കേണ്ടി വന്നത്.. അത് ആലോചിക്കും തോറും...ഛേ..." ദേവ്ന്റെ കണ്ണുനിറഞ്ഞു ആ ശബ്ദം ഇടറി.. അതു മനസ്സിലാക്കി എന്നോണം ആരവ് "നീ സമാധാനപ്പെട്... ഞാനെൻറെ റിസർച്ച് പേപ്പർ സബ്മിറ്റ് ചെയ്തിട്ടുള്ളൂ.. അപ്രുവൽ ഒന്നും ആയിട്ടില്ല.. മിക്കതും അടുത്തമാസം വരാൻ സാധിക്കും,.. എന്നിട്ട് അന്വേഷിക്കാം.. വർമ്മ പറഞ്ഞ കാര്യങ്ങളിൽ ഒരു കാമ്പും ഇല്ലെങ്കിൽ ആദ്യത്തെ അടി അവന്റെ തിരു നെറ്റിയിൽ തന്നെ... പിന്നീട് ബാക്കിയുള്ള കാര്യങ്ങൾ..." "ഉം." ദേവൊന്ന് മൂളി "എന്ന ശരി അളിയാ.. ഞാൻ വിളിക്കാം.. നിന്റെ ഷോപ്പിംഗ് നടക്കട്ടെ." ആരവിന്റെ കോൾ കട്ട് ചെയ്ത് അ ദേവ് വണ്ടി മുന്നോട്ട് എടുത്തതും വണ്ടി എന്തോ ഒന്നിൽ തട്ടി.. ആരോ റോഡിലേക്ക് മറിഞ്ഞു വീണിരുന്നു.. ദേവ് ഒന്ന് ഞെട്ടി... പരിഭ്രാന്തിയോടെ വേഗം ഡോർ തുറന്നു പുറത്തിറങ്ങി.. പെൺകുട്ടിയാണ്... ബോധം കെട്ട് കിടക്കുന്നു.. നെറ്റിയിൽ നിന്ന് ചോര ഒഴുകുന്നുണ്ട്.. ദേവ് ഒരു വിറയലോടെ പെൺകുട്ടിയെ തന്റെ കൈകളിലെടുത്ത് കാറിൽ കിടത്തി, വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story