❣️ ദേവപല്ലവി ❣️ ഭാഗം 26

devapallavi

രചന: മുകിലിൻ തൂലിക

അതേ ക്ഷണം തന്നെ തന്റെ ജീവിതം നശിപ്പിക്കാൻ വന്നവൾ ആണെന്ന ചിന്ത അവനെ കീഴ്പ്പെടുത്തി.. ദേഷ്യത്തോടെത്തോടെ തല കുടഞ്ഞ് തന്റെ ചിന്തകൾ ദൂരേക്കെറിഞ്ഞവൻ ഉറങ്ങാൻ കിടന്നു... ***************** പല്ലവിയുടെ ശബ്ദം ദേവ്നെ ഉറക്കത്തിൽ നിന്നും ഉണർത്തി.. കണ്ണുതുറന്ന് ദേവ് ആ സ്വരമാധുര്യം ആസ്വദിച്ച് കിടന്നു... "ഒന്ന് പോയി നോക്കിയാലോ...വിളക്ക് വച്ച് തൊഴുന്ന അവളുടെ രൂപം കുളിരേകുന്ന കാഴ്ച തന്നെയാണ്....ഏയ്.. അത് ശരിയാകില്ല..." ദേവൊന്ന് തിരിഞ്ഞ് കിടന്നു.. ഉറങ്ങാൻ ശ്രമിച്ചു... സാധിക്കുന്നില്ല... മനസ്സ് പല്ലവിയെ കാണാനായി എണീക്കാൻ പറഞ്ഞ് അവൻറെ ശരീരത്തെ നിർബന്ധിച്ചുകൊണ്ടിരുന്നു.. ദേവ്ന്റെ മനസ്സും വാശിയും തമ്മിൽ ഒരു ഒരു വടംവലി തന്നെ നടക്കുന്നുണ്ട്...

അവസാനം മനസ്സ് ജയിച്ചു.. ദേവ് ബെഡിൽ നിന്നും എഴുന്നേറ്റ് റൂമിന്റെ ഡോർ തുറന്ന് താഴേക്കിറങ്ങാതെ തന്നെ പൂജാമുറിയിലേക്ക് നോക്കി നിന്നു.. പല്ലവി പുറം തിരിഞ്ഞു നിന്ന് കൈകൾ കൂപ്പി ലയിച്ചു നിന്ന് പാടുകയാണ്.. ദേവ് ആ കാഴ്ച കണ്ട് തന്റെ കൈകൾ നെഞ്ചിലേക്ക് കെട്ടി, താടിയൊന്ന് ഉഴിഞ്ഞ്.. മീശയുടെ തുമ്പൊന്ന് കടിച്ച് അവളെ നോക്കിക്കൊണ്ട് നിന്നു.. പ്രാർത്ഥന കഴിഞ്ഞ് പല്ലവി പതിയെ പൂജാ റൂമിൽ നിന്നും ഇറങ്ങി.. നടക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ട്.. വാതിൽ പടിയിൽ പിടിച്ചു അവൾ പതിയെ നടക്കാൻ ശ്രമിക്കുകയാണ്.. അതിനിടയിൽ പല്ലവിയുടെ കൈതട്ടി ഉടുത്തിരുന്ന നേര്യത്തിന്റെ സ്ഥാനം ഒന്നു മാറി.. പല്ലവിയുടെ അണി വയറിൻറെ ഒരു ഭാഗം ദേവന് മുമ്പിൽ ദൃശ്യമായി..

അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി കൊണ്ട് നിന്ന ദേവ്ന്റെ കണ്ണുകൾ ഒരുവേള അവിടേക്ക് പതിച്ചു.... പിന്നീടത് അവിടെ തന്നെ തറഞ്ഞു നിന്ന് പോയി..അവന്റെ കാപ്പി കണ്ണുകൾ ആ കാഴ്ച കണ്ട് ഒന്നുകൂടി തിളങ്ങി.. ദേവ്ന് തന്റെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്നതായി തോന്നി.. നോക്കരുത്... നോക്കരുതെന്ന് അവൻറെ വാശിപിടിച്ച മനസ്സിന്റെ ഒരു ഭാഗം പറയുമ്പോൾ കണ്ണുകൾ അതനുസരിക്കാതെ തന്നെ അവളുടെ അണിവയറിന്റെ ഭംഗിയിൽ മതി മറന്ന് അവിടേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടേയിരുന്നു.. ഇതേസമയം തന്നെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് പല്ലവി മുകളിലേക്കിയത്... നോക്കുന്ന ആളെ കണ്ടപ്പോൾ ഉള്ളൊന്നാളി.. "ദേവേട്ടൻ".. പല്ലവിയുടെ നാവ് അവൾ പോലുമറിയാതെ ആ പേര് പറഞ്ഞു.. "ഇതെന്താ ഇങ്ങനെ നോക്കുന്നെ. പതിവില്ലാത്ത ഒരു ഭാവം.." ദേവ്ന്റെ ആ നോട്ടത്തിൽ പല്ലവി ആകെ ഒന്ന് ചൂളിപ്പോയി...

പെട്ടെന്നാണ് സ്ഥാനം മാറി കിടക്കുന്ന തന്റെ നേര്യത് അവളുടെ ശ്രദ്ധിയിൽ പെട്ടത്.. നാണം കലർന്ന ഒരു ചിരിയോടെ പല്ലവി പെട്ടെന്നത് നേരേയിട്ടു.. പിടയ്ക്കുന്ന മിഴികൾ ഉയർത്തി ദേവ്നെ നോക്കി.. ദേവൻറെ മുഖത്ത് ഒരു ചമ്മൽ പ്രകടമായി.. അവൻ വേഗം തന്നെ തിരിഞ്ഞു നടന്നു.. പെട്ടെന്ന് എന്തോ ഓർത്തതുപോലെ ഒന്ന് നിന്ന് അവളെ ഒന്നുകൂടി തിരിഞ്ഞു നോക്കി റൂമിൽ കയറി വാതിൽ അടച്ചു.. അവന്റെ മനസ്സ് അപ്പോഴും പല്ലവിയിൽ നിന്ന് പോരാൻ കൂട്ടാക്കിയിരുന്നില്ല... പല്ലവിയുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.. കാലിൻറെ വേദനയൊക്കെ എങ്ങനെ പോയത് പോലെ.. അവൾ ചെറുപുഞ്ചിരിയോടെ തന്റെ ദിനചര്യകളിൽ കടന്നു.. "ഛെ... ഞാനിത് എന്താ കാണിച്ചത്.. അവളെ കാണുമ്പോൾ എനിക്ക് എൻറെ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കാതെ ആകുന്നതെന്താ.."

ദേവ്ന് ഒരേസമയം ദേഷ്യവും നാണക്കേടും തോന്നി.. അവൻ നെറ്റി ഒന്ന് അമർത്തി തടവി ബെഡിലേക്ക് കിടന്നു.. "എന്തുതന്നെയായാലും ഒരു സുഖം ഒക്കെ ഉണ്ട്... അവളുടെ ശബ്ദവും ഐശ്വര്യമുള്ള രൂപവും" തന്റെ മനസ്സിലെ ദേഷ്യത്തെ പതിയെ അലിയിച്ചു ഇല്ലാതാക്കുന്നത് പോലെ തോന്നിയവന്. "പക്ഷേ കാലിലെ മുറിവ്.. അത് എന്തു പറ്റിയതായിരിക്കും...? വയ്യെങ്കിൽ എവിടേലും കിടന്നൂടെ.? ആരെ ബോധിപ്പിക്കാനാ രാവിലെ എണീറ്റ് കുളിച്ചു നിൽക്കുന്നത്...? ആ... അമ്മയെ കാണട്ടെ... ചോദിക്കണം.... അവൾക്ക് എന്താ പറ്റിയെന്ന്.... അല്ല ഞാൻ ഇതൊക്കെ എന്തിനാ ചിന്തിക്കാണേ.. അവൾക് എന്തായാലും എനിക്കെന്താ.. അവളെന്റെ ആരായിട്ടാ..." ദേവ് തന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ചെറു മയക്കത്തിലേക്കു വഴുതി വീണു.. ആ ചെറുമയക്കത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ സമയം എട്ടു മണി കഴിഞ്ഞു... ഓഫീസിലേക്ക് പോകേണ്ടതാണ്...

ബാത്ത് ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറി.. ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ടേബിളിൽ ചായ ഇരിപ്പുണ്ട്.. അമ്മ കൊണ്ട് വന്ന് വെച്ചതായിരിക്കും..ദേവ് ഡ്രസ്സ് മാറി.. ചായ കുടിച്ചു കൊണ്ട് തന്നെ താഴേക്ക് ഇറങ്ങി ചെന്നു... ഇതേസമയം ദേവൻറെ മുറിയുടെ വാതിൽ തുറക്കുന്നത് കേട്ട് പല്ലവി അടുക്കളയിൽ നിന്നും വയ്യാത്ത കാലും വലിച്ച് അടുക്കള വാതിൽക്കൽ നിന്ന് അവനെ എത്തിനോക്കി.. ഒരു ഡാർക്ക് വയലറ്റ് കളർ ഷർട്ടും ബ്ലാക്ക് പാൻറും ആണ് വേഷം.. "ദേവേട്ടൻ എന്തിട്ടാലും ഭംഗിയാണ്... പക്ഷേ പണ്ടത്തെ സഖാവിന്റെ വേഷമായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം.. വേഷം ഇല്ലെങ്കിൽ എന്താ ആ ദേഷ്യം അങ്ങനെ തന്നെ ഉണ്ടല്ലോ.."പല്ലവി ഓർത്തു... കോളറിന് കീഴിലുള്ള രണ്ട് ബട്ടനുകൾ തുറന്ന് ഇട്ടിരിക്കുകയാണ്..

പല്ലവിയുടെ കണ്ണുകൾ അവിടേക്ക് പതിഞ്ഞു.. "അതൊന്ന് ഇട്ടൂടെ.. ആരേ കാണിക്കാനാവോ തുറന്നിട്ട് നടക്കുന്നേ" പല്ലവി സ്വയം പുറത്തു... ദേവ് കയ്യിലെ ചായക്കപ്പ് മേശമേൽ വെച്ച് അഴിഞ്ഞു കിടക്കുന്ന ബട്ടണുകൾ ഇട്ട്.. ഷർട്ടിന്റെ കൈ ഒന്ന് വലിച്ച് കസേരയിലേക്കിരുന്നു.. "ഭഗവാനെ... ഞാൻ ആലോചിച്ചപ്പോഴേക്കും നീ അത് ദേവേട്ടനെ കൊണ്ട് ചെയ്യിച്ചോ.." പല്ലവി അമ്പരപ്പോടെ തന്റെ വായും പൊത്തിപ്പിടിച്ചു നിന്നു.. **************** ഇന്ന് അമ്മയാണ് ദേവ്ന് വേണ്ട ഭക്ഷണം ഉണ്ടാക്കിയത്.. അവനത് കഴിക്കുന്നുണ്ട്... പല്ലവി അവനെ മറഞ്ഞുനിന്നു നോക്കി കൊണ്ടിരുന്നു.. ഇടയ്ക്ക് ദേവൻറെ കണ്ണുകൾ അടുക്കള വാതിലിലേക്ക് നീളുന്നുണ്ട്.. "അവളെ കാണാൻ ഇല്ലല്ലോ.." രാവിലെ കണ്ട കാഴ്ച അവന്റെ മനസ്സൊന്നു ഇളക്കിയിരിക്കുന്നു..

ഭക്ഷണം കഴിക്കുമ്പോഴും ദേവൻറെ ഉള്ളിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ.. പല്ലവിയുടെ കാലിൽ എന്തുപറ്റിയെന്ന്.. "കാലിന് എന്തു പറ്റിയതാ...?" തന്നിൽ നിന്ന് ഉയർന്നുവന്ന ചോദ്യത്തിന് കടിഞ്ഞാണിടും മുൻപേ നാവ് അവനെ ചതിച്ചു.. മനസ്സിൽ ചോദിച്ചത് നാവിലൂടെ പുറത്തേക്ക് വന്നു.. അബദ്ധം പറ്റിയത് തപോലെ ദേവ് തന്റെ നാവ് കടിച്ച് അച്ഛനെയും അമ്മയേയും ഇടംകണ്ണിട്ടു നോക്കി.. അവർ ദേവ്നെ ഇത് എന്താ കഥ എന്നമട്ടിൽ നോക്കുന്നുണ്ട്.. അച്ഛൻ അവനെ കളിയാക്കും പോലെ... തന്റെ കാല് തിരിച്ചു മറിച്ചും സ്വയം പരിശോധന നടത്തി.. "എവിടെ എൻറെ കാലിന് ഒന്നും പറ്റീട്ടില്ലല്ലോ.. ഡോ മാലു തന്റെ കാലിന് എന്താ പറ്റിയെ.. ഇത്രയും നേരം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ.." ദേവ് അച്ഛനെ നോക്കി തന്റെ പുരികമുയർത്തി.. "നിങ്ങൾ രണ്ടാളുടെയും അല്ല.. അവളുടെ കാലിൽ എന്താ പറ്റി എന്ന് ചോദിച്ചേ.." തന്നെ കുറിച്ചാണ് ദേവേട്ടൻ സംസാരിക്കുന്നത് കേട്ടപ്പോൾ..

പിടയ്ക്കുന്ന കണ്ണുകളോടെ പല്ലവി അത് ശ്രദ്ധിക്കാൻ തുടങ്ങി... "ഓ അതാണോ തൽക്കാലം മോനത് അറിയേണ്ട.. " അച്ഛൻ അവനെ ഒന്ന് ഇരുത്തി നോക്കി കഴിക്കുന്നത് നിർത്തി കൈ കഴുകാൻ എണീറ്റ് പോയി.. ദേവ് അച്ഛനെ നോക്കി ചുണ്ടൊന്നു കോട്ടി അമ്മയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.. അമ്മയും അവനെ ഇരുത്തി ഒന്ന് നോക്കി ഗൗരവത്തിൽ "ഇന്നലെ രാവിലെ നീ എടുത്തെറിഞ്ഞ പ്ലേറ്റ് പൊട്ടി..ആ പാവത്തിന്റെ കാലിൽ കുത്തി കയറിയതാണ്..." ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അമ്മ അച്ഛൻ കഴിച്ച പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി.. ദേവ് ഒന്നു ഞെട്ടി... അവന്റെ മുഖം ആകെ വിളറി.. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പോലെ.വായിലേക്ക് വെച്ച ഇഡ്ഡലിയുടെ ഒരു കഷ്ണം അവൻ പാത്രത്തിലേക്ക് തന്നെയിട്ടു.. കഴിക്കാൻ സാധിക്കുന്നില്ല.. ഉപദ്രവിക്കണമെന്ന് ഉണ്ടായിരുന്നില്ല.. അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാണ്..

അത് അവള്ക്കു മുറിവുണ്ടാകും എന്ന് കരുതിയില്ല.. ദേവ്ന് വല്ലാത്ത കുറ്റബോധം തോന്നി.. ദേവ് കഴിപ്പ് നിർത്തി കൈകഴുകാൻ എണീറ്റു... ഇതേസമയം ദേവ്ൻറെ അനക്കമൊന്നും കാണാതായപ്പോൾ അവനെ തിരഞ്ഞ് പല്ലവി പതിയെ വയ്യാത്ത കാലും കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങിയതും, കൈകഴുകി തിരിഞ്ഞു നടന്ന ദേവുമായി കൂട്ടിയിടിച്ചു.. "മഹാ ദേവാ നീ എന്നെ ചതിച്ചു.." ഒരു നിമിഷം കൊണ്ട് പേടിച്ചു തൻറെ ചോരയല്ലാം ആവിയായത് പോലെ വിളറി വെളുത്തു പല്ലവി.. തിരിഞ്ഞു നടക്കാനാകാതെ കാലുകൾ തറഞ്ഞു പോയി.. അവൾ പേടിയോടെ ഇടംകണ്ണിട്ട് ദേവ്നെ നോക്കി... ആ മുഖത്ത് പതിവ് ദേഷ്യമൊന്നുമില്ല.. അതു കണ്ടതോടെ പല്ലവിക്ക് പകുതി ആശ്വാസമായി.. അവൾ പതിയെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "ഒന്നു നിന്നേ." ദേവ് ഗൗരവത്തിൽ പക്ഷേ കുറച്ചു മൃദുലമായ ശബ്ദത്തോടെ പറഞ്ഞു.. പല്ലവി ഒന്നും ഞെട്ടിത്തരിച്ചു..

"ഇനിയെന്താ ഭഗവാനേ" കൈകൾ മുറുക്കിപ്പിടിച്ച് കണ്ണുകളടച്ചു നിന്നു.. ദേവ് അവൾക്കരികിലേക്ക് രണ്ടടി വെച്ച് "സോറി ഉപദ്രവിക്കണമെന്ന് കരുതി ചെയ്തതല്ല.. അപ്പോഴത്തെ ദേഷ്യത്തിന്.." കേട്ടത് വിശ്വസിക്കാനാകാതെ പല്ലവി തന്റെ കണ്ണുകൾ തുറിപ്പിച്ച് ദേവ്നെ ഞെട്ടി തിരിഞ്ഞു നോക്കി.. ദേവ് അവളെ നോക്കിക്കൊണ്ട് തന്നെ മുൻപോട്ടു നടന്ന്... "പിന്നെ കാലിലെ ആ കൊലുസ് അങ്ങ് ഊരി വെച്ചേര്... അത് ഞാൻ ആഗ്രഹിച്ചു വാങ്ങിയതാണ്.. അതിടാനുള്ള യോഗ്യത നിനക്കില്ല.... മനസ്സിലായോ... " പല്ലവിയുടെ മുഖത്തെ സന്തോഷം മങ്ങി ..അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങി.. ദേവ് തന്റെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് പുറത്തേക്കിറങ്ങി.. അവൻ പോകുന്നത് നോക്കി നിറകണ്ണുകളോടെ അവൾ നിന്നു... എനിക്കൊരിക്കലും ആ സ്നേഹവും കരുതലും വിധിച്ചിട്ടില്ലേ മഹാദേവ.. എന്നും ഇങ്ങനെ വെറുക്കപ്പെട്ടവളായി ജീവിക്കാനാണോ എന്റെ വിധി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story