❣️ ദേവപല്ലവി ❣️ ഭാഗം 27

devapallavi

രചന: മുകിലിൻ തൂലിക

പല്ലവിയുടെ മുഖത്തെ സന്തോഷം മങ്ങി ..അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങി.. ദേവ് തന്റെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് പുറത്തേക്കിറങ്ങി.. അവൻ പോകുന്നത് നോക്കി നിറകണ്ണുകളോടെ അവൾ നിന്നു... എനിക്കൊരിക്കലും ആ സ്നേഹവും കരുതലും വിധിച്ചിട്ടില്ലേ മഹാദേവ.. എന്നും ഇങ്ങനെ വെറുക്കപ്പെട്ടവളായി ജീവിക്കാനാണോ എന്റെ വിധി... ഹലോ... ആരാണ്.. ദേവ് കാറിലേക്ക് കയറുന്നതിനിടയിൽ ചോദിച്ചു.. മറുതലക്കൽ കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം സാർ... അനുപമയാണ് ആ... അനുപമ... പറയ് കുട്ടി... ഇപ്പോൾ എങ്ങനെയുണ്ട്.. വേദനയുണ്ടോ... feeling better സർ.. ഡോക്ടർ വന്ന് പരിശോധിച്ചു.. ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാന്ന് പറഞ്ഞിട്ടുണ്ട്.. അതെയോ..

അനുപമ ഞാനിപ്പോൾ ഓഫീസിലേക്കുള്ള ഡ്രൈവിംഗിൽ ആണ്.. തന്നെയിപ്പോൾ ഡിസ്ചാർജ് ചെയ്യോ.. ഞാനിപ്പോൾ അങ്ങോട്ട് വരാന്ന് കരുതിയിട്ടാണ്.. "ഇല്ല സാർ.. ഉച്ചയാകും.. എത്ര വൈകിയാണെങ്കിലും സർ വന്നിട്ട് പോകുന്നൊളൂ.." അനുപമയുടെ മുഖമങ്ങ് തെളിഞ്ഞു.. "ഓക്കേ.. അനുപമ.. അപ്പോൾ അവിടെ എത്തിയിട്ട് കാണാം.." **************** അനുപമ ഇതേസമയം തന്റെ ഫോണിൽ നിന്നും മറ്റൊരു നമ്പറിലേക്ക് ഡയൽ ചെയ്തു... മറുതലക്കൽ " ആ മോളെ ഇപ്പോ എങ്ങനെയുണ്ട്.. നിന്നെയിപ്പോൾ കാണാൻ വരട്ടെ ഞാൻ.." "ഉം.. ഇപ്പോ കുഴപ്പമൊന്നുമില്ല.. ഇന്ന് ഡിസ്ചാർജ് ചെയ്യും.. ഇപ്പോ ഇങ്ങോട്ട് വരണ്ട.. ദേവേട്ടൻ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്... ഞാൻ വീട്ടിൽ എത്തട്ടെ എന്നിട്ട് നമ്മുക്ക് മീറ്റ് ചെയ്യാം..." മറുതലയ്ക്കൽ നിന്ന് എന്തോ ചോദിച്ചു... അത് കേട്ട് അനുപമ ഒന്ന് മൂളി.. "ഉം.. ഇതെനിക്ക് കിട്ടിയ പിടി വള്ളിയാണ്.. ഇതിൽ പിടിച്ച് ഞാൻ കയറും.. അവൾ...ആ... പല്ലവി അവളെ ഞാൻ ദേവേട്ടന്റെ ജീവിതത്തിൽ നിന്നും പടിക്കടത്തും..

ഇനിയും ദേവേട്ടനെ നഷ്ട്ടപ്പെടുത്താൻ സാധിക്കില്ല എനിക്ക്.. ദേവേട്ടൻ എന്റെയാ.. ഈ അനുപമയുടെ..." ചുമരിൽ പതിഞ്ഞ അനുപമയുടെ നിഴൽ വിഷം ചീറ്റും സർപ്പം കണക്കേ കാണപ്പെട്ടു.. അനുപമ ഫോൺ കട്ട് ചെയ്തു തിരിഞ്ഞതും.. ദേവ് റൂം ഡോർ തുറന്ന് അകത്തേക്ക് കയറി.. പെട്ടെന്ന് അവനെ കണ്ടപ്പോൾ അവളൊന്നു പരിഭ്രമിച്ചു.. ശേഷം തന്റെ പരിഭ്രമം മറച്ച് അവളൊന്നു ചിരിച്ചു "സാർ ഇത്രപ്പെട്ടെന്ന് എത്തിയോ" ദേവ് അവൾക്കൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച്.. "ആഹ്.. തന്നെ കണ്ടിട്ട് വേണം എനിക്ക് ഓഫീസിലേക്ക് പോകാൻ.. താൻ എന്തെങ്കിലും കഴിച്ചോ.." ദേവ്നെ തന്നെ നോക്കി കൊണ്ട് ഇരിക്കുന്ന അനുപമ അവന്റെ ആ ചോദ്യം കേട്ടില്ല.. "ഡോ.. അനുപമ തന്നോടാണ്.. " അവളൊന്നു ഞെട്ടി.. "ആഹ്.. സാർ.. എന്താ ചോദിച്ചേ"

" താനിത് ഏത് ലോകത്താ.. എന്തെങ്കിലും കഴിച്ചോന്നാ ചോദിച്ചേ"ദേവ്ന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു.. "ഇല്ല... സാർ.. ആരാ കഴിക്കാൻ വാങ്ങി തരാനുള്ളെ" "ഉം.. എങ്കിൽ താനിവിടെ ഇരിക്ക് ഞാൻ പോയി കഴിക്കാൻ വാങ്ങിച്ചോണ്ട് വരാം" ദേവ് ഡോർ തുറന്ന് പുറത്തേക്ക് പോയി.. അനുപമ അപ്പോൾ തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് അവന് പിന്നാലെ നടന്ന് റൂമിന്റെ വാതിൽക്കൽ നിന്ന് അവൻ പോകുന്നത് നോക്കി കൊണ്ട് നിന്നു... **************** അൽപസമയത്തിന് ശേഷം കയ്യിൽ ഒരു കവറും ചായയുമായി ദേവ് തിരികെയെത്തി.. അനുപമയെ നോക്കി ചിരിച്ച്.. കയ്യിലെ കവറും ചായയും അടുത്തുള്ള മേശയിൽ വെച്ചു.. "അനുപമ പല്ല് തേച്ചായിരുന്നോ" ഉവ്വെന്നുള്ള അർത്ഥത്തിൽ അനുപമ തലയാട്ടി.. അവൾക്കുള്ള ഭക്ഷണം ഒരു പാത്രത്തിലാക്കി ദേവ് "ദോശയാണ്... തനിക്ക് ഇഷ്ടാകോ.." "ആ എനിക്ക് ഇഷ്ടമാണ് സാർ.. സാർ എന്ത് വാങ്ങി തന്നാലും ഞാനിപ്പോൾ കഴിക്കും.,"

അതെന്താനുള്ള അർത്ഥത്തിൽ ദേവ് അവളെ നോക്കി നെറ്റി ചുളിച്ചു അനുപമ ഒന്ന് പരുങ്ങി "അല്ലാ... വിശപ്പിന്റെ വിളി അത്രയ്ക്കും ഉണ്ടേ.." ദേവൊരു ചിരിയോടെ പാത്രം അനുപമയുടെ കയ്യിലേക്ക് കൊടുത്ത് അടുത്തുള്ള ചെയറിലേക്കിരുന്നു.. അനുപമ കയ്യിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്ററിലേക്കും ദോശയിലേക്കും മാറി മാറി നോക്കികൊണ്ടിരുന്നു... കുറച്ചു സമയം കഴിഞ്ഞിട്ടും അവൾ കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ദേവത് ശ്രദ്ധിച്ചത്.. വലതുകൈ ആണ് ഒടിഞ്ഞിരിക്കുന്നേ... അതും വെച്ച് എങ്ങനെ കഴിക്കും... ദേവ് ഒരു ദീർഘനിശ്വാസം വലിച്ച് വിട്ട് പുഞ്ചിരിയോടെ അനുപമയുടെ അരികിലേക്ക് ചെന്ന് കയ്യിലെ പാത്രം വാങ്ങി ദോശ ഒരു കീറെടുത്ത് ചട്നിയിലും സാമ്പാറിലും മുക്കി അവൾക്ക് നേരെ നീട്ടിയതും..

അനുപമയുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു... അതേസമയമാണ് വാതിൽ തുറന്ന് മായ അങ്ങോട്ട് കയറി വന്നത്.. അനുപമയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു.. മുഖത്ത് ചുവപ്പ് രാശി പടർന്നു.. അവിടേക്ക് വന്ന മായ ഇത് എന്താ കഥാന്നുള്ള മട്ടിൽ ഇരുവരേയും മാറി മാറി നോക്കി... മായയേ കണ്ടതോടെ ദേവ് കയ്യിൽ എടുത്ത ദോശ പാത്രത്തിലേക്ക് തന്നെ ഇട്ട് മായയെ നോക്കി ചിരിച്ച് അനുപമയോടായി "ആഹാ.. തന്റെ കൂട്ടുകാരി എത്തിയല്ലോ... അപ്പോ ഇനി ആളായിലോ.. " കയ്യിലെ പാത്രം മായയുടെ കയ്യിലേക്ക് കൊടുത്ത് ദേവ് തന്റെ കൈ കഴുകാൻ പോയി.. തന്നെ നോക്കി ചിരിച്ച മായയെ അനുപമ ദഹിപ്പിക്കും വിധം നോക്കി.. "എങ്കിൽ ഞാനിറങ്ങാണ് അനുപമ.. ഓഫീസിൽ ഒരുപാട് ജോലിയുണ്ട്..

താൻ വീട്ടിലേക്ക് പോകുമ്പോൾ വിളിക്ക് കേട്ടോ.." ദേവ് കയ്യിൽ പറ്റിയ വെള്ളം ടിഷ്യുവിനാൽ തുടച്ചെടുത്ത് കൊണ്ട് പറഞ്ഞു.. അനുപമയ്ക്ക് നിരാശ തോന്നി.. പീന്നീടത് മറച്ച് വെച്ച് ചിരിച്ച് കൊണ്ട് ശരിയെന്നുള്ള അർത്ഥത്തിൽ തലയാട്ടി... ദേവ് ഉടനെ യാത്ര പറഞ്ഞ് ഇറങ്ങി.. അവൻ ഇറങ്ങിയതിന് പുറകേ മായ അനുപമയുടെ തോളിൽ പിടിച്ചു കുലുക്കി "ഡീ അനു ഇവിടെ ഇപ്പോ എന്താ ഉണ്ടാകാൻ പോയത്.." "എന്ത് ഉണ്ടാകാൻ.. ഉണ്ടാകാൻ പോയത് നീ വന്ന് കയറി നശിപ്പിച്ചില്ലേ.. നീ ഉച്ചയ്ക്ക് വരൊള്ളൂന്നല്ലേ പറഞ്ഞേ.. എന്നിട്ടെന്തിനാടി കട്ടുറുമ്പേ നേരത്തെ ഇങ്ങ് കെട്ടിയെടുത്തേ.." അനുപമയ്ക്ക് ദേഷ്യവും നിരാശയും നിയന്ത്രിക്കാൻ സാധിച്ചില്ല "അത് കൊള്ളാം.. ഒറ്റയ്ക്ക് അല്ലേ സഹായത്തിനായി ഞാൻ ഇല്ലാത്ത ലീവെടുത്ത് വന്നതിപ്പോൾ കുറ്റമായോ"

"അവളുടെ ഒരു ചഹായം.." അനുപമ ചുണ്ട് കോട്ടി "എന്താണ് മോളേ.. ഒരു ഇത് മണക്കുന്നുണ്ടലോ.. " "ആ ഉണ്ടെടി.. അത് തന്നെയാ" "ഛേ... ശരിക്കും.. ഇന്നലേ കണ്ടപ്പോഴേക്കും.." മായ കളിയാക്കി ചോദിച്ചു.. അനുപമ മുഖത്ത് ഗൗരവം പടർത്തി ഓർമ്മകളിലേക്ക് മനസ്സ് തിരിച്ച് "ഇന്നും ഇന്നലെയും ഒന്നും അല്ല... കൊല്ലം കുറേയേറെ ആയി.. ആ... മുഖം..ആ ചിരി.. ആ കണ്ണുകൾ.. എന്റെ മനസ്സിൽ പതിഞ്ഞിട്ട്...എന്റെയാ.. എന്റെ മാത്രം..." അവൾ പറയുന്നത് മനസ്സിലാകാതെ മായ അനുപമയേ നോക്കി കൊണ്ട് നിന്നു.. അനുപമയുടെ ഉള്ളിൽ ഓർമ്മകളുടെ ഒരു വേലിയേറ്റം നടക്കുകയായിരുന്നു അപ്പോൾ... **************** ഹോസ്പിറ്റലിൽ നിന്നും ഓഫീസിലേക്ക് പോകും വഴി ദേവ്ന്റെ ചിന്തകളിലേക്ക് പല്ലവിയുടെ കണ്ണ് നിറച്ചു നിൽക്കുന്ന മുഖം തെളിഞ്ഞു വന്നത്..

താൻ കാരണം അവൾക്ക് മുറിവ് പറ്റിയെന്നുള്ളത് ഉള്ളം നീറ്റുന്ന സത്യമാണെന്ന് ദേവ് ഓർത്തു.. ഈ രണ്ട് ദിവസം കൊണ്ട് തന്നെ അവളുടെ പെരുമാറ്റം, ഭാവങ്ങൾ ഇവയെല്ലാം തന്നെ വല്ലാതെ സ്വാധീനിക്കുന്നതായി തോന്നി ദേവ്ന്.. ക്ഷമാപണം നടത്തിയതിന്റെ പേരിൽ എന്റെ ഉള്ളിൽ ഞാൻ മനഃപൂർവം കെട്ടിട്ട് മുറുക്കി ശ്വാസമുട്ടിക്കുന്ന അവളോടുള്ള സ്നേഹം, അത് പുറത്തേക്ക് വരുമെന്ന് തോന്നിയതു കൊണ്ടാണ് കൊലുസ്സിന്റെ കാര്യം പറഞ്ഞ് ഒഴിഞ്ഞു മാറിയത്.. ഒരേ നിമിഷത്തിൽ ചേർത്ത് നിർത്താനും പറിച്ചെറിയാനും മനസ്സ് പറഞ്ഞ് കൊണ്ടിരിക്കുന്നു.. താൻ ആകെ ത്രിശങ്കു സ്വർഗത്തിൽ അകപ്പെട്ടത് പോലെ തോന്നി ദേവ്ന്.. പല്ലവിയെ കുറിച്ചുള്ള തന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ദേവ്ന്റെ കാർ ഓഫീസ് കെട്ടിടത്തിന് മുമ്പിലെത്തി.. സെക്യൂരിറ്റി അവനെ കണ്ട് സലാം പറഞ്ഞു.. ദേവ് അയാളെ നോക്കിയൊന്ന് ചിരിച്ച് കുശലാന്വേഷണം നടത്തി..

അവന്റെ സ്ഥിരം പതിവായിരുന്നു അത്... കുറച്ച് ദിവസങ്ങളായി അതിനൊന്നും മനസ്സ് വന്നിരുന്നില്ല... ശേഷം ഓഫീസിലേക്ക് കയറി സ്റ്റാഫ്കളോടെല്ലാം നിറഞ്ഞ ചിരിയോടെ ശുഭദിനം ആശംസിച്ച് തന്റെ ക്യാബിനിൽ കയറി ജോലി ആരംഭിച്ചു... പതിവിലധികം വർക്കുകൾ ഉണ്ടായിരുന്നു ദേവ്ന്.. ഇടയ്ക്ക് ആരവിനെ വിളിച്ച് വിശേഷങ്ങൾ ചോദിക്കാനും തന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കാനും ദേവ് മറന്നില്ല.. കൂട്ടത്തിൽ അനുപമയുടെ കാര്യവും സൂചിപ്പിച്ചു.. **************** അമൃതം കമ്പനിയുടെ പുതിയ ബിൽഡിംഗിന്റെ പ്ലാൻ ചെക്ക് ചെയ്യുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.. ഒരു നമ്പറാണ് ദേവൊരു സംശയത്തോടെ ഫോൺ ചെവിയിലേക്ക് വച്ചു.. ദേവേട്ടാ... ഞാനാണ് ദേവ്ന് ആരാന്ന് മനസ്സിലായില്ല.. അത് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം.. "ആരാ.. മനസ്സിലായില്ലാല്ലോ.." "ഇത്രപ്പെട്ടെന്ന് എന്നെ മറന്നോ.. അനുപമയാണ്.. ഇത്ര സമയമായിട്ടും എന്റെ നമ്പർ സേവ് ചെയ്തില്ലേ ദേവേട്ടാ.. "

അവളുടെ ശബ്ദത്തിൽ പരിഭവം നിഴലിച്ചു.. ദേവ്ന് ആ കൊഞ്ചലും, പരിഭവവും, ദേവേട്ടാനുള്ള വിളിയും തീരെ ഇഷ്ടമായില്ല.. ആ അനിഷ്ടം തന്റെ മുഖത്ത് വരുത്തി കൊണ്ട് തന്നെ.. "ഓഫീസിൽ കുറച്ചധികം വർക്കുകൾ ഉണ്ട്.. അതിനിടയിൽ വിട്ട് പോയതാ.. അനുപമ എന്താ വിളിച്ചേ.." "ഓഹ്.. ഡിസ്ചാർജ് ചെയ്യുമ്പോൾ അറിയിക്കാൻ പറഞ്ഞിട്ട്.. ഇപ്പോ അതും മറന്നോ..." അനുപമയുടെ സ്വരത്തിൽ പരിഭവം വിട്ട് പോയിരുന്നില്ല.. "ആ... ഡിസ്ചാർജ് ചെയ്യ്തുലേ.. അപ്പോ ഇനി വീട്ടിലേക്ക് അല്ലേ.. Take rest... കുറച്ച് തിരക്കിലാണ് പിന്നീട് സംസാരിക്കാം.."ദേവ് താൽപര്യമില്ലാതെ സംസാരിച്ചു.. "ഹലോ.. ഹലോ.. ദേവേട്ടാ വയ്ക്കലേ... " "ഇല്ല.. പറയ് അനുപമ.." "ഇനി എന്നാ കാണാൻ പറ്റാ.. എന്റെ ഫ്ലാറ്റിലേക്ക് വരോ.. "

"ഉം.. തന്റെ ഫ്ലാറ്റിൽ ആരൊക്കെ ഉണ്ട്" "ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാണ്.. അച്ഛനും അമ്മയും.. അവരൊക്കെ നാട്ടിലാണ്.." അനുപമയുടെ സ്വരത്തിൽ വല്ലാത്തൊരു ആവേശം.. "ഉം.. ഒരു പെൺകുട്ടി ഒറ്റയ്ക്ക് താമസിക്കുന്നിടത്തേയ്ക്ക് ഞാൻ വരുന്നത് ശരിയല്ല.. എനിക്കതിൽ താൽപര്യവും ഇല്ല.. തന്റെ parents വരുമ്പോൾ പറയ്.. അപ്പോ അങ്ങോട്ടേക്ക് ഇറങ്ങാം.. അതാണ് അതിന്റെ ശരി.. ശരിയെന്നാ.. take rest..." അവളുടെ മറുപടിക്ക് കാക്കാതെ ദേവ് തന്റെ കോൾ കട്ട് ചെയ്തു... "നീ എത്രയൊക്കെ വഴുതി മാറിയാലും ഞാൻ വിടില്ല ദേവ് മോഹൻ.." അനുപമ തന്റെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടത്തിന്റെ ദേഷ്യത്തിൽ കയ്യിലിരുന്ന ഫോൺ നിലത്തു എറിഞ്ഞുടച്ചു... *********"******* രാത്രി ഏറേ വൈകിയാണ് ദേവ് വീട്ടിലേക്ക് എത്തിയത്..

റൂമിലേക്ക് കയറുന്നതിനിടയ്ക്ക് അവന്റെ കണ്ണുകൾ എല്ലായിടത്തും പല്ലവിയെ തിരഞ്ഞു.. കണ്ടില്ല.. കുളിച്ച് ഫ്രഷായി താഴേക്ക് ചെന്നപ്പോൾ ഭക്ഷണമെല്ലാം എടുത്ത് വച്ചിരുന്നു.. ഭക്ഷണം കഴിക്കുമ്പോഴും അവന്റെ കണ്ണുകൾ പല്ലവിയ്ക്കായി തിരച്ചിൽ നടത്തി.. ഇത് എവിടെ പോയി.. സാധാരണ ഞാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞാൽ എവിടെയെങ്കിലും ഒളിഞ്ഞിരുന്ന് എന്നെ നോക്കുന്നതാണ്.. ഇന്നിപ്പോ കാണാനില്ലല്ലോ.. ചിലപ്പോൾ കാലിലെ മുറിവ് വേദനിക്കുന്നുണ്ടാകും.. നേരത്തെ കിടന്ന് കാണും.. ഇനിയിപ്പോ ഞാൻ രാവിലെ പറഞ്ഞത് വിഷമായി കാണോ.. ദേവ് തന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചും സ്വയം ഉത്തരം കണ്ടെത്തിയും ഭക്ഷണം കഴിച്ച് എണീറ്റു... ശേഷം റൂമിൽ ചെന്ന് അത്യാവശ്യം ചില ഫയലുകളും മറ്റും പരിശോധിച്ച് ഉറക്കം വന്ന് തുടങ്ങിയപ്പോൾ കിടന്നു..

ബെഡിലേക്ക് കിടന്ന് കൊണ്ട് ഒരു വശത്തേക്ക് ചരിഞ്ഞപ്പോൾ ദേവ്ന്റെ കൈ എന്തോ ഒന്നിൽ തട്ടിയത്.. ദേവ് അപ്പോൾ തന്നെ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്ത് എന്താന്ന് നോക്കി.. അവന്റെ നെഞ്ചിലൊരു മിന്നൽ അനുഭവപ്പെട്ടു.. രാവിലെ താൻ പല്ലവിയോട് ഊരി വയ്ക്കാൻ പറഞ്ഞ കൊലുസ്സായിരുന്നത്.. ദേവത് തന്റെ കയ്യിലെടുത്തു.. അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.. ഞാനിത് ഊരി വയ്ക്കാൻ പറഞ്ഞപ്പോഴേക്കും അവളത് ഊരി ഇവിടെ കൊണ്ടെന്ന് വച്ചുവല്ലേ.. എന്റെ ഒരു ദേഷ്യത്തിന് ഞാനത് പറഞ്ഞെന്ന് കരുതി അങ്ങനെയാണോ ചെയ്യേണ്ടത്.. പറഞ്ഞതല്ലേ ഞാൻ ഒരുപാട് ആഗ്രഹിച്ച് വാങ്ങിയതാണെന്ന്.. എന്നിട്ടും.. ദേവ് ആ കൊലുസ്സുകൾ മുറുകെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു.. എന്തോ അവന്റെ കണ്ണുകൾ അവന്റെ ആജ്ഞയെ അനുസരിക്കാതെ നിറഞ്ഞ് തൂവി കൊണ്ടിരുന്നു.. അതിനെ പ്രതിബിംബിക്കും കണക്കേ കൊലുസ്സിലെ മരതക കല്ലില്ലൊന്ന് തിളങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story