❣️ ദേവപല്ലവി ❣️ ഭാഗം 28

devapallavi

രചന: മുകിലിൻ തൂലിക

ദേവ് ആ കൊലുസ്സുകൾ മുറുകെപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു.. എന്തോ അവന്റെ കണ്ണുകൾ അവന്റെ ആജ്ഞയെ അനുസരിക്കാതെ നിറഞ്ഞ് തൂവി കൊണ്ടിരുന്നു..അതിനെ പ്രതിബിംബിക്കും കണക്കേ കൊലുസ്സിലെ മരതക കല്ലില്ലൊന്ന് തിളങ്ങി... ഉറക്കം വരാതെ ദേവ് ആ കൊലുസ്സും നോക്കി കൊണ്ട് കിടന്നു..പല്ലവിയെ കാണാൻ അതിയായ ആഗ്രഹം തോന്നി അവന്.. ആഗ്രഹത്തെ കടിഞ്ഞാണിടാൻ ശ്രമിച്ച് കൊണ്ട് ദേവ് തിരിഞ്ഞു മറിഞ്ഞും കിടന്ന് നോക്കി... പറ്റുന്നില്ല... അവളെ ഒരു നോക്ക് കാണണം..ഇല്ലേൽ തനിക്കിപ്പോ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ദേവ്ന്.. അവൻ വല്ലാത്തൊരു ആവേശത്തോടെ ബെഡിൽ നിന്നും ചാടി എണീറ്റു.. വാതിൽ തുറന്ന് പുറത്തിറങ്ങി.. പല്ലവി അവൾ എവിടെയാകും കിടക്കുന്നുണ്ടാകാ..

അമ്മേടേം അച്ഛന്റേം കൂടെ ആയിരിക്കോ.. അല്ലേൽ തനിയെ ആയിരിക്കോ.. താഴേ ആകെ മൂന്ന് മുറിയുണ്ട്.. അതിൽ ഏതെങ്കിലും ഒന്നിൽ അവളുണ്ടാകും.. ആദ്യം അച്ഛന്റെയും അമ്മയുടെയും റൂം തന്നെ പരിശോധിക്കാം.. എന്നിട്ടാകാം ബാക്കി.. ദേവ് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് പതിയെ ശബ്ദമുണ്ടാക്കാതെ ഗോവണി പടിയിറങ്ങി... ഗോവണിയുടെ അടുത്ത് തന്നെയാണ് അച്ഛന്റെയും അമ്മയുടെയും മുറി.. അവൻ ഡോറിന്റെ ഹാന്റ് ലോക്കിൽ പതിയെ പിടിച്ച് താഴേക്ക് അമർത്തി.. ചെറിയൊരു ശബ്ദത്തോടെ അത് തുറന്നു.. ദേവ് തന്റെ ശ്വാസം അടക്കിപ്പിടിച്ച് തല പതിയെ നീട്ടി റൂമിലേക്ക് എത്തി നോക്കി.. അച്ഛനും അമ്മയും നല്ല ഉറക്കത്തിലാണ്.. ഏയ്..അവള് ഇവിടെ ഇല്ലല്ലോ.. ദേവ് ഡോർ അത് പോലെ തന്നെ അടച്ചു..

ഇനി അടുത്തത് പൂജമുറിക്ക് സമീപത്തുള്ള മുറിയായിരുന്നു ലക്ഷ്യം.. അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു.. ഇരുട്ടിൽ തപ്പി തടഞ്ഞ് പോകുന്നതിനിടയിൽ കാൽ അവിടെ കിടക്കുന്ന കസേരയിലും മറ്റും തട്ടുന്നുണ്ട്.. ലക്ഷ്യം പല്ലവി ആയതിനാൽ അവനതൊന്നും സാരമാക്കിയില്ല.. മുറിയുടെ ഡോർ തുറന്ന് അവൻ പതിയെ തലയിട്ട് നോക്കി.. ദേവ്ന്റെ കണ്ണൊന്നു തിളങ്ങി.. മുഖത്ത് പുഞ്ചിരി വിടർന്നു. ❣️പല്ലവി❣️.. അവന്റെ ഹൃദയം ആ പേര് പറഞ്ഞു.. ദേവ് മുറിയ്ക് അകത്തേക്ക് കയറി.. പല്ലവിയെ നോക്കി കൊണ്ട് തന്നെ വാതിൽ പതിയെ ചാരി.. അവളുടെ അടുത്തേക്ക് നടന്നു.. ഒരു ചുവന്ന സാരിയിൽ സുന്ദരിയായി ഉറങ്ങുകയാണ് പല്ലവി.. എന്തൊരു സുന്ദരിയാ ഇവൾ.. ദേവ് കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി നിന്നു..

ശേഷം അവൾക്കരികിലേക്ക് മുട്ടുകുത്തി ഇരുന്ന് ആ മുഖത്തേക്ക് നോക്കി.. കരഞ്ഞ് വീർത്ത കണ്ണുകൾ.. കവിളിൽ കണ്ണീര് ഉണങ്ങിയ പാട്.. ഒരു നിമിഷം തന്റെ നെഞ്ച് പൊടിയും പോലെ തോന്നി ദേവ്ന്..അവന്റെ കണ്ണുകൾ അവളുടെ കാലിലെ മുറിവിലേക് പതിഞ്ഞു.. ദേവ് ആ മുറിവിൽ പതിയെ തടവി..പല്ലവി ഉറക്കത്തിനിടയിലും വേദനയോടെ മുഖമൊന്നു ചുളിച്ച് തന്റെ കാൽ സാരിയുടെ ഉള്ളിലേക്ക് വലിച്ചു.. ദേവ്ന് അത് കണ്ടപ്പോൾ പാവം തോന്നി.. ഒന്ന് രണ്ട് വട്ടം അവളുടെ കവിളിൽ തലോടാനും മുടിയിൽ തഴുകാനും അവന്റെ കൈകൾ നീണ്ടു.. പീന്നിടത് വേണ്ടെന്ന് വെച്ച് തന്റെ കൈകളെ പിന്വലിച്ച് ദേവ് തറയിലേക്ക് ഇരുന്ന് തന്റെ താടി തുമ്പ് ബെഡിലേക്കൂന്നി പല്ലവിയുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.. അവന്റെ നിശ്വാസം കവിളിൽ തട്ടിയപ്പോൾ പല്ലവി തന്റെ കണ്ണുകൾ ചിമ്മി തുറന്ന് ദേവ്നെ നോക്കി ദേവേട്ടൻ എന്നും വിളിച്ച് പുഞ്ചിരിച്ച് പിന്നേയും ഉറക്കത്തിലേക്കു വീണു..

ദേവ് പെട്ടെന്ന് ഒന്ന് ഞെട്ടി, പിന്നീട് അവൾ ഉറക്കപീച്ചിൽ ആണെന്ന് മനസ്സിലായപ്പോൾ നെഞ്ചിൽ കൈ വച്ച് ദീർഘനിശ്വാസം വലിച്ച് വിട്ട്.. കുറച്ചു നേരം കൂടി പല്ലവിയെ അങ്ങനെ നോക്കിയിരുന്ന് ദേവ് തന്റെ മുറിയിലേയ്ക്ക് പോയി... തിരികെ വന്ന് കട്ടിലിൽ കിടക്കുമ്പോൾ ദേവ്ന്റെ മനസ്സ് നിറയെ സന്തോഷം.. ഒരു ഉണർവ്.. അവൻ തനിക്കരികിൽ കിടന്ന തലയണയും കെട്ടിപ്പിടിച്ച് സുഖ നിദ്രയിൽ ആണ്ടു.. അതൊരു തുടക്കമായിരുന്നു.. ദേവ് പല്ലവിയിലേക്ക് തന്നെ അലിയിച്ചു ചേർക്കാൻ ഒരുങ്ങി കൊണ്ടുള്ള തുടക്കം...ദേവ് ആ സന്ദർശനം പതിവാക്കി.. രാവിലെ അവളെ കണിക്കണ്ട് ഉണരും.. രാത്രി അവളെ കണ്ട് ഉറങ്ങും... അവൾക്കായി ഒരു കുന്നോളം സ്നേഹം ഉള്ളിൽ നിറച്ച് വെച്ച് ദേവ് അവൾക്കു മുന്പിൽ കപടദേഷ്യം കാണിക്കും..

അവളെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് വ്യക്തത വരാതെ അവളോട് തന്റെ സ്നേഹം തുറന്ന് കാണിക്കില്ലെന്നുള്ള വാശി ദേവ്ന് ഉണ്ടായിരുന്നു... ദിനങ്ങൾ അശ്വരഥത്തിലേറി പാഞ്ഞു പോയ് കൊണ്ടേയിരുന്നു... ഈ സമയത്തിനിടയിൽ അനുപമ തന്റെ തന്ത്രപരമായ സമീപനം കൊണ്ട് ദേവ്മായി ഒരു സൗഹൃദം സ്ഥാപിച്ചെടുത്തു.. ദേവ്നെ കാണാനായി അവൾ ദിനവും അവന്റെ ഓഫീസിലേക്ക് പോകുമായിരുന്നു.. ദേവ്ന്റെ ദാമ്പത്യ ജീവിതം താളം തെറ്റി പോയികൊണ്ടിരിക്കുകയാണെന്ന് അവന്റെ സംസാരത്തിൽ നിന്നും അനുപമയുടെ സ്വയം അന്വേഷണങ്ങളിൽ നിന്നും അവൾ മനസ്സിലാക്കി.. അത് മുതലെടുത്ത് ദേവ്നോട് അടുക്കാൻ ശ്രമിക്കും തോറും ദേവ് തന്റെ പരിധിയിൽ തന്നെ ഒതുങ്ങി..

ഒരു സുഹൃത്ത് എന്നതിലുപരി മറ്റൊരു മാനസിക അടുപ്പവും ദേവ്ന് അവളോട് തോന്നിയിരുന്നില്ല..അവർ തമ്മിലുള സംസാരങ്ങൾക്കിടയിൽ അറിഞ്ഞും അറിയാതെയും ദേവ്ന്റ നാവിൽ നിന്നും വരുന്ന പേര് പല്ലവി..❣️പല്ലവി❣️ എന്നായിരുന്നു... അതവളിൽ പക കൂട്ടാൻ കാരണമാക്കി.. ദേവുമായി സംസാരിക്കുന്ന സമയങ്ങളിൽ അനുപമ മനപൂർവ്വം പല്ലവിയെ കുറ്റപ്പെടുത്തി സംസാരിക്കുമായിരുന്നു.. ദേവ്നത് അലോസരമുണ്ടാക്കിയിരുന്നു.. അതിനാൽ തന്നെ അനുപമയുമായുള്ള സംസാരവും കൂടികാഴ്ചകളും ദേവ് പരമാവധി ഒഴിവാക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.. *************** ആരവുമായുള്ള പതിവ് സംസാരത്തിലായിരുന്നു ദേവ്.. ആരവിന് കരുതിയിരുന്നതിലും നേരത്തെ നാട്ടിലേക്ക് എത്താമെന്ന കാര്യം അറിഞ്ഞതോടെ ദേവ്ന് സന്തോഷവും സമാധാനവും ഒരുപോലെ അനുഭവപ്പെട്ടു.. ഇനി കൂടിയാൽ രണ്ടാഴ്ച ആരവ് നാട്ടിലെത്തും..

ഈ സംസാരങ്ങൾക്കിടയിലാണ് ദേവ് അവന് അലോസരം ഉണ്ടാക്കിയ അനുപമയുടെ ചില പെരുമാറ്റ രീതികളെ കുറിച്ച് ആരവിനോട് സൂചിപ്പിച്ചത്.. "എന്റെ അളിയാ.. നിന്റെ പിന്നാലെ പെൺകുട്ടികളെ തടഞ്ഞിട്ട് നടക്കാൻ വയ്യല്ലോ.. മനുഷ്യനിവിടെ പിന്നാലെ നടന്ന് കഷ്ടപ്പെട്ടിട്ട് ഒരാള് പോലും തിരിഞ്ഞ് നോക്കുന്നില്ല.. നിന്റെ കല്ല്യാണം കഴിഞ്ഞപ്പോ സമാധാനപ്പെട്ടിരിക്കായിരുന്നു എന്നിട്ടും രക്ഷയില്ലാല്ലോ.." ആരവ് ദേവ്നെ കളിയാക്കി.. "ഒന്ന് പോയേടാ.. സ്വന്തമായി കിട്ടിയതിന്റെ കാര്യത്തിൽ ഒരു നീക്ക് പോക്ക് ആയിട്ടില്ല.. അപ്പോഴാണ്.. വലിഞ്ഞ് കേറി വരുന്നതിനെയും" ദേവ്ന് ദേഷ്യം വന്നു ആരവ് ഒന്നുറക്കെ ചിരിച്ച്.. ശബ്ദത്തിൽ ഇത്തിരി സംശയം വാരി വിതറി.. "അല്ല ഇപ്പോ തന്നെ എന്താ പറഞ്ഞത് അളിയാ... നീയപ്പോൾ പല്ലവിയെ സ്നേഹിച്ച് തുടങ്ങിയോ.. എടാ കള്ള സഖാവേ.. ഇതൊക്കെ എപ്പോൾ സംഭവിച്ചു.." ദേവ് ഒരു ചമ്മിയ ചിരി ചിരിച്ച് "ആ അതൊക്കെ സംഭവിച്ചു..

അവളെ കാണുമ്പോൾ മനസ്സ് പിടിച്ചയിടത്ത് നിൽക്കുന്നില്ലടാ.. വെളുപ്പിന് തിരി തെളിയിച്ച് കീർത്തനം പാടി പ്രാർത്ഥിക്കുന്ന അവളുടെ രൂപം അതൊരു കാഴ്ച്ച തന്നെയാണ് ആരവ്.. അത് കാണാൻ ഞാൻ വെളുപ്പിന് എഴുന്നേൽക്കും..ആ പാവം എന്നെ പേടിച്ച് എന്റെ കൺമുന്നിൽ പോലും വരില്ല.. ചേർത്ത് നിർത്തണമെന്നുണ്ട് പക്ഷേ.. എന്റെ ഉള്ളിലെ തീ അത് അണയാതെ പൂർണ മനസ്സോടെ എനിക്കതിന് സാധിക്കില്ല.." "ഉം..ഉം ആട്ടമുണ്ട് ആട്ടമുണ്ട് സഖാവിന് നല്ല ആട്ടമുണ്ട്" ആരവ് ഉറക്കെ ചിരിച്ച് കൊണ്ട്.." "ഇനിയിപ്പോൾ ഞാൻ വരല്ലേ.. ശരിയാക്കാം.. പിന്നെ അനുപമ അവളെ ഞാനുമൊന്ന് അനുപമമായി തന്നെ പരിചയപ്പെടാടാ.." ദേവൊന്ന് ചിരിച്ച്..താടി തടവി "എങ്കിൽ ശരിടാ കുറച്ച് വർക്കുണ്ട് ആ അമൃതം കമ്പനിയുടെ പ്ലാൻ അങ്ങ് റെഡിയാകുന്നില്ല അത് ഓക്കെയാക്കട്ടെ.." "ആ.. എങ്കിൽ കാര്യങ്ങൾ നടക്കട്ടെ.." ആരവ് ഫോൺ കട്ട് ചെയ്തു.. ദേവ് തന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു.. ****************

വൈകിട്ട് ദേവ് വീട്ടിലെത്തിയപ്പോൾ വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല.. ഇവരിത് എവിടെപ്പോയി.. എവിടെ പോയാലും പറഞ്ഞിട്ട് പോകുന്നതാലോ.. ദേവ് തന്റെ ഫോൺ കയ്യിലെടുത്ത് അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു.. അച്ഛാ.. നിങ്ങൾ എവിടെയാ.. ആ.. ദേവൂട്ടാ അച്ഛമ്മയ്ക്ക് പെട്ടെന്ന് വയ്യായ്ക കൂടീന്നും പറഞ്ഞ് ജാനകി ചേച്ചി ഫോൺ വിളിച്ചിരുന്നു.. ഞങ്ങൾ അപ്പോ തന്നെ ഇങ്ങോട്ട് പോന്നു.. വിവരം പറയാൻ നിന്നെ ഒരുപാട് വട്ടം വിളിച്ചു.. കിട്ടുന്നില്ലായിരുന്നു.. ഓഹ്... ഞാൻ സൈറ്റ് വിസിറ്റിങ് പോയിരിക്കായിരുന്നു അച്ഛാ അതാകും കിട്ടാതിരുന്നത്.. എന്നിട്ട് അച്ഛമ്മയ്ക്ക് എങ്ങനെയുണ്ട്.. ആ കുഴപ്പമൊന്നുമില്ല ഞങ്ങൾ ഡോക്ടറെ കാണിച്ചു.. ഞാൻ വരണോ.. നീ വരണമെന്നില്ല.. ഞങ്ങൾ കുറച്ചുദിവസം നിന്നിട്ട് വരൊള്ളൂ.. പല്ലവി മോളെ ഞങ്ങൾ കൂടെ കൂട്ടിയില്ലായിരുന്നു.. മോളെ നോക്കിക്കോളൂ നീ ..കേട്ടോ.. അച്ഛൻ അവസാനം പറഞ്ഞത് കേട്ടപ്പോൾ ദേവ്ന് ഒരു സന്തോഷം ഒക്കെ തോന്നി..

അത് മറച്ചു വെച്ച്, ഉം..ശരി.. ശരി.. ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.. അല്ല അമ്മ എന്തേ അച്ഛമ്മയ്ക്ക് കഞ്ഞി കൊടുക്കാ ഉം.. ഞാൻ വിളിച്ചുന്ന് പറഞ്ഞോളൂ.. ശരിയെന്നാ.. ഡോ, മാലു നമ്മുടെ ഈ പ്ലാൻ എന്തായാലും വിജയിക്കും.. ഇനി നമ്മുടെ മോന് പാതിരാക്ക് പാത്തും പതുങ്ങിയും പല്ലവിയെ കാണാൻ പോകേണ്ടി വരില്ല.. നീ നോക്കിക്കോ മാലു നമ്മൾ ഇവടെന്ന് ചെല്ലുമ്പോൾ നമ്മളെ കാത്ത് ഒരു പുഞ്ചിരിയോടെ രണ്ടാളും ഒരുമിച്ച് ഉമ്മറപ്പടിയിൽ ഉണ്ടാവും.. ദേവ് ഫോൺ വെച്ചതും മോഹൻ തന്നെ നോക്കി ചിരിക്കുന്ന മാലതിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. **************** ദേവ് ഫോൺ കട്ട് ചെയ്ത് ഹാളിൽ ആകെ ഒന്ന് നോക്കി.. അവളെ കാണാനില്ലല്ലോ.. ഇതെങ്ങനെയാവോ ആരുടെയും കണ്ണിൽ പൊടാതെ ഒളിഞ്ഞ് നിൽക്കാൻ സാധിക്കുന്നേ.. ദേവ് ഹാളിലേ ഓരോ വാതിലിനിടയിലേക് കണ്ണുകൾ പായിച്ച് കൊണ്ട് മനസ്സിലോർത്തു.. പെട്ടെന്നാണ് അടുക്കളയിൽ വലിയ ശബ്ദത്തിൽ പാത്രം വീണ ശബ്ദം കേട്ടത്..

ദേവ് ഞെട്ടി അവിടേക്ക് പാഞ്ഞു.. പല്ലവി താഴെവീണ പാത്രം വേഗത്തിൽ പറക്കിയെടുകുകയായിരുന്നു, ഓടി വന്ന് നിന്ന ദേവ്നെ കണ്ടപ്പോൾ അവൾ ഒന്നു പകച്ചു.. ദേവ് അവളെ പുരികമുയർത്തി അടിമുടി നോക്കി നോക്കി റൂമിലേക്ക് കയറി പോയി.. "ഓഹ് മഹാദേവ..മൂരാച്ചി സഖാവ് ഒരു നോട്ടത്തിൽ ഒതുക്കി"പല്ലവി വല്ലാത്തൊരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് ദീർഘനിശ്വാസം വിട്ടു.. *************** "വല്ലാത്ത തലവേദന ഒരു ചായ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.." ഗോവണി കയറുമ്പോൾ ദേവ് ആലോചിച്ചു.അവളോട് എങ്ങനെയാ ചോദിക്കാ...റൂമിൽ കയറി കയ്യിലെ വാച്ച് ഊരി ടേബിളിലേക് വച്ച് ഫ്രഷാകാൻ കയറി.. ഫ്രഷായി തിരികെ ഇറങ്ങുമ്പോഴാണ് വാതിലിൽ ഒരു മുട്ട് കേട്ടത്..

"ഇത് ആരടപ്പാ.. അവളായിരിക്കോ.." കയ്യിൽ കിട്ടിയ ബനിയൻ എടുത്തിട്ട് ദേവ് വാതിൽ തുറന്നു നോക്കി.. വേഗത്തിൽ ഗോവണിപ്പടി ഓടി ഇറങ്ങുന്ന പല്ലവിയുടെ സാരിത്തുമ്പാണ് അവൻറെ കണ്ണിൽപ്പെട്ടത് "ഈ പെണ്ണിന് ഇതെന്താണ്.." ദേവ് റൂമിലേക്ക് തിരികെ കയറാൻ ഒരുങ്ങവേയാണ് താഴെ ആവി പറക്കുന്ന ചായ ഇരിക്കുന്നത് കാണുന്നത്.. ദേവ് ഒരു പുഞ്ചിരിയോടെ അതെടുത്ത് തൻറെ ചുണ്ടോടു ചേർത്തു.. അവൾക്ക് എങ്ങനെ മനസ്സിലായി എനിക്ക് ചായ വേണമെന്ന്.. എന്തായാലും കൊള്ളാം... നല്ല ചായ.. ഇതേസമയം പല്ലവി അടുക്കളയിൽ നിന്ന് ടെൻഷനടിച്ച് തന്റെ നഖം മുഴുവൻ തിന്നു തീർക്കുകയായിരുന്നു.. "ചായ കൊടുത്തിട്ട് മൂരാച്ചി സഖാവ് ഒന്നും പറഞ്ഞില്ലല്ലോ.. വല്ലാത്തൊരു സ്വഭാവം തന്നെ ഭഗവാനെ..

ചായേടെ റിസൾട്ട് അറിഞ്ഞിട്ടു വേണം ഫുഡെടുത്ത് വയ്ക്കാൻ.." പല്ലവി അടുക്കള വാതിൽക്കൽ നിന്ന് മുകളിലെ ദേവ്ന്റെ റൂമിലേക്ക് എത്തി നോക്കി.. ഈ സമയം ആയിട്ടും തീയും പുകയുമായിട്ട് ഭ്രാന്തൻ കണാരൻ വരുന്നത് കണ്ടില്ല.. ആ... ഫുഡെടുത്ത് വയ്ക്കാം.. പല്ലവി ഇടയ്ക്കിടെ മുകളിലെ ദേവ്ന്റെ റൂമിലേക്ക് നോക്കി കൊണ്ട് തന്നെ അവനായുള്ള ഫുഡെടുത്ത് വച്ചു.. *************** ദേവ് താഴേക്ക് ഇറങ്ങി ചെന്നപ്പോൾ മേശപ്പുറത്ത് അവനായുള്ള വിഭവങ്ങൾ നിരന്നിരുന്നു.. ചായ മാത്രം അല്ല ഫുഡും ഉണ്ടോ.. ദേവ് കഴിക്കൻ ഇരുന്നു... പാകത്തിന് കായം ചേർത്ത് പാകപ്പെടുത്തിയ സാമ്പാറിന്റെ മണം അവന്റെ നാസ്യരന്ധ്രത്തിലേക്ക് തുളഞ്ഞ് കയറി.. ഒരു ചെറിയ പാത്രത്തിൽ അവനായുള്ള സ്പെഷ്യൽ ചമ്മന്തി.. മാങ്ങ അച്ചാർ.. കൂട്ടത്തിൻ കായ തൊലി കൊണ്ടൊരു ഉപ്പേരിയും.. കുശാൽ.. എന്താ രുചി... ദേവ് വയറും മനസ്സും നിറച്ച് ഉണ്ടു.. അവൻ വയറ് നിറയെ ആസ്വദിച്ചു കഴിക്കുന്നത് പല്ലവി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story