❣️ ദേവപല്ലവി ❣️ ഭാഗം 29

devapallavi

രചന: മുകിലിൻ തൂലിക

 പാകത്തിന് കായം ചേർത്ത് പാകപ്പെടുത്തിയ സാമ്പാറിന്റെ മണം അവന്റെ നാസ്യരന്ധ്രത്തിലേക്ക് തുളഞ്ഞ് കയറി.. ഒരു ചെറിയ പാത്രത്തിൽ അവനായുള്ള സ്പെഷ്യൽ ചമ്മന്തി.. മാങ്ങ അച്ചാർ.. കൂട്ടത്തിൻ കായ തൊലി കൊണ്ടൊരു ഉപ്പേരിയും.. കുശാൽ.. എന്താ രുചി... ദേവ് വയറും മനസ്സും നിറച്ച് ഉണ്ടു.. അവൻ വയറ് നിറയെ ആസ്വദിച്ചു കഴിക്കുന്നത് പല്ലവി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... ദേവ്ന്റെ മുഖത്തെ സംതൃപ്തി കണ്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു.. അവൻ കൈകഴുകി റൂമിലേക്ക് കയറി പോയതിന് ശേഷമാണ് പല്ലവി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നത്.. ഗോവണിപടി ഒന്ന് രണ്ടെണ്ണം കയറി ചെന്ന് അവൻ പോയോന്ന് ഒന്നും കൂടി തിട്ടപ്പെടുത്തി..

ശേഷം ദേവ് കഴിച്ച പാത്രം ഒരു സന്തോഷത്തോടെ നോക്കി അവൻ ഇരുന്ന കസേരയിൽ ഒന്ന് തഴുകി അതിലിരുന്നു.. ഒരു സമാധാനത്തിന് എന്നോണം കസേരയിൽ ഒന്നു കൂടി നിരങ്ങി കയറി ഇരുന്നു.. ചുറ്റുമൊന്ന് നോക്കി... അവൻ കഴിച്ച പാത്രത്തിലേക്ക് കുറച്ച് ചോറെടുത്തിട്ട് അവളും കഴിക്കാൻ തുടങ്ങി.. ഓരോ പിടി വാരി കഴിക്കുമ്പോഴും സന്തോഷം കൊണ്ട് പല്ലവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഇടതു കയ്യാൽ കണ്ണീര് തുടച്ചവൾ ഭക്ഷണം കഴിച്ചു.. പല്ലവിയുടെ ആ ഭക്ഷണം കഴിപ്പ് ദേവ് തന്റെ ഇരുകയ്യും കെട്ടി നിന്ന് ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി അവളുടെ കണ്ണിൽപ്പെടാതെ നോക്കി കൊണ്ട് നിൽപ്പുണ്ടായിരുന്നു.. പെട്ടെന്നൊരു കുസൃതി തോന്നിയവൻ മുരടനക്കി.. പല്ലവിയുടെ ഉള്ളാന്തി അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..ദേവേട്ടൻ..അവൾ ഞെട്ടി.. ആ ഞെട്ടലിൽ വായിൽ ഉണ്ടായിരുന്ന ഭക്ഷണം ശിരസ്സിൽ കയറി.. പല്ലവി ചുമയ്ക്കാൻ തുടങ്ങി..

ആകെ ഞെട്ടി തരിച്ചു ഇരിക്കുന്നത് കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല അവൾക്ക്.. വെള്ളമെടുത്ത് കുടിക്കണമെന്നുണ്ട് പക്ഷേ കയ്യ് വിറച്ചിട്ട് വയ്യ.. അവളുടെ പരാക്രമം കണ്ട് ദേവ് തിടുക്കത്തിൽ താഴേക്ക് ഇറങ്ങി ചെന്നു.. തനിക്ക് അരികിലേക്ക് വന്ന അവനെ കണ്ട് പല്ലവിയുടെ ചുമ മാറി എക്കിളായി.. വായ് നിറയെ ചോറുമായി ദേവ്നെ നോക്കിയവൾ കണ്ണ് മിഴിച്ചു..അവൻ അവളെ ഒരു പുരികം ഉയർത്തി നോക്കി ആ ചുണ്ടിലൊരു ചിരിയോടെ ഒരു ഗ്ലാസ് വെള്ളം അവൾക്ക് നേരെ നീട്ടി.. ആദ്യമൊന്ന് പകച്ചെങ്കിലും ഇനിയും വൈകിയാ ശ്വാസംമുട്ടി ചാകൂന്ന് തോന്നിയപ്പോൾ പല്ലവി അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു.. പിന്നെയും പിന്നെയും ഗ്ലാസ്സ് ദേവന് നേരെ നീട്ടി..

അവൻ വെള്ളം ഒഴിച്ച് കൊടുത്ത് കൊണ്ടേയിരുന്നു.. പല്ലവിയ്ക്ക് വെപ്രാളത്തിനിടയ്ക്ക് താൻ എന്താ ചെയ്യുന്നേന്ന് ഒരു ബോധവും ഇല്ലായിരുന്നു.. അവൾ പിന്നെയും വെള്ളത്തിനായി അവന് നേരെ ഗ്ലാസ് നീട്ടിയതും ഒഴിഞ്ഞ ജഗിലേക്കും അവളെയും ദേവ് മാറി മാറി നോക്കി... എന്നിട്ടൊരു ചിരിയോടെ അവളോടായി "ഇങ്ങനെയാണേൽ ഒരു കിണറ് വെള്ളം വേണ്ടി വരൂലോ.." അപ്പോഴാണ് താൻ എന്താ ചെയ്യുന്നേന്നുള്ള ബോധം പല്ലവിക്ക് ഉണ്ടായത്... പറന്ന് പോയ തന്റെ കിളികളിൽ ഒന്നിനെ തിരികെ പിടിച്ച് കഴിച്ച് കൊണ്ടിരുന്ന പാത്രം എടുത്ത് അടുക്കളയിലേക്ക് ഒരു പാച്ചിലായിരുന്നു.. ശരിക്കും പറഞ്ഞാൻ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നത്...ദേവ് അത് കണ്ട് തലയാട്ടി ചിരിച്ചു... "എന്താ ഇപ്പോ നടന്നത്.. നീയിത് എന്ത് പൊട്ടത്തരമാ ഈ ചെയ്തു കൂട്ടുന്നത് പല്ലവി.."

അവൾ സ്വന്തം തലയ്ക്ക് അസ്സലൊരു കിഴുക്ക് കൊടുത്തു.. "പോയി കാണോ" പമ്മി പതുങ്ങി ചെന്ന് എത്തി നോക്കി.. അവൾ എന്തായാലും നോക്കുമെന്ന് അറിയുന്നത് കൊണ്ട് ദേവ് റൂമിലേക്ക് പോകാതെ അടുക്കളവാതിൽക്കൽ കാത്ത് നിൽപ്പായിരുന്നു.. പല്ലവി നോക്കിയതും. ദേവ് അവളുടെ മുമ്പിലേക്ക് കയറി നിന്നതും ഒരുമിച്ചായി... ഫ്രീസ്... പെട്ടു പല്ലവി.. അവൾ തന്റെ തല ആമ വലിക്കും പോലെ ഉള്ളിലേക്ക് വലിച്ചു.. ദേവ് അവളെ നോക്കി പുരികമൊന്ന് ഉയർത്തി മീശ പിരിച്ച്..."ന്ത്യേ.?" മ്മ്മ്ച്ചും.. അവൾ തോൾ കൂച്ചി കാണിച്ചു... ************** പതിവിന് വിപരീതമായി രാവിലെ പല്ലവിയുടെ കീർത്തനമൊന്നും കേൾക്കാത്തത് കൊണ്ടാണ് ദേവ് താഴേക്കിറങ്ങി ചെന്നത്.. "ഈ പെണ്ണിന് ഇതെന്തുപറ്റി.. "

ആദ്യം പൂജമുറിയിലാണ് നോക്കിയത്.. "അശ്ശെടാ ഇവിടെയില്ലാല്ലോ.. പിന്നെയെവിടെ പോയതാകും..." അവളുടെ റൂമിനരികിലേക്ക് ചെന്ന് ഡോർ പതിയെ തുറന്നു നോക്കി.. പല്ലവി കിടക്കുകയാണ്.. "ഇവളെന്താ എണീക്കാത്തെ.. " ദേവ് ഒരു സംശയത്തോടെ നോക്കി.. പീന്നീടാണ് ദേവ് അവൾ കിടക്കുന്ന രീതി ശ്രദ്ധിച്ചത്.. കൈകൾ രണ്ടും തന്റെ വയറിലേക്ക് അമർത്തിപ്പിടിച്ച് തന്നിലേക്ക് തന്നെ ചുരുണ്ട് കൂടി കിടക്കാണ് പല്ലവി.. ദേവ് കാര്യമറിയാതെ ആദ്യമൊന്ന് പകച്ചു.. ചുവപ്പ് പടരുന്ന ഏഴ് ദിനങ്ങളിലെ ആദ്യ ദിനം.. അത് അടിവയറ്റിൽ വല്ലാത്തൊരു നോവ് പടർത്തി കൊണ്ട് തന്റെ വരവ് അറിയിച്ചിരിക്കുന്നു.. ദേവ്ന് കാര്യം മനസ്സിലായി.. അമ്മയുടെ ഈ ദിവസങ്ങളിൽ അച്ഛൻ ചെയ്തു കൊടുക്കുന്ന കാര്യങ്ങൾ അവന്റെ ഓർമ്മയിൽ തെളിഞ്ഞു..

പല്ലവിയെ ഒന്ന് കൂടി നോക്കിയവൻ അടുക്കളയിലേക്ക് നടന്നു.. *************** ദേവ്ന് ഓഫീസിൽ പോകേണ്ട കാര്യം ഓർത്തപ്പോഴാണ് പല്ലവി ഞെട്ടി പിടഞ്ഞ് എണീറ്റത്.. നല്ല വേദനയുണ്ട്.. എങ്കിലും പതിയെ എണീക്കാൻ ശ്രമിക്കുമ്പോഴാണ് കട്ടിലിനരികിലെ ചെറിയ മേശയിൽ ചായയും മറ്റൊരു ഗ്ലാസ്സിൽ ചൂടു വെള്ളവും ഇരിക്കുന്നത് കാണുന്നത്.. "ഇതാരാ കൊണ്ട് വന്ന് വെച്ചേ.. ഇനി ദേവേട്ടൻ എങ്ങാനും... ഏയ് ആകില്ല.. ദേവേട്ടൻ എനിക്ക് വേണ്ടി ഇങ്ങനെ ചെയ്യോ.. ചിലപ്പോൾ അമ്മ വന്ന് കാണണം... പല്ലവി ചൂട് വെള്ളം കുടിക്കാനായി എടുത്തു.. ചെറിയൊരു കവിൾ കുടിച്ചതും വല്ലാത്തൊരു ചവർപ്പും കയിപ്പും അവളുടെ മുഖം ചുളിഞ്ഞു.. അത് കുടിക്കാതെ തിരികെ വയ്ക്കാനെരുങ്ങവേ "അത് മുഴവൻ കുടിക്ക്...ഉലുവ വെള്ളമാണ് സുഖമാകും.." ഹാളിൽ പുറംതിരിഞ്ഞു നിന്ന് എന്തോ തപ്പുന്നത് പോലെ ദേവ് പല്ലവി കേൾക്കാൻ പാകത്തിന് ഉറക്കെ, ശബ്ദത്തിൽ കുറച്ച് ശാസന കലർത്തി പറഞ്ഞു...

അത് കേട്ടതോടെ പല്ലവിയുടെ എല്ലാ വേദനയും മാറിയത് പോലെ മുഖം തെളിഞ്ഞു... അവളാ വെള്ളം ഒറ്റവലിക്ക് കുടിച്ചു.. എന്തോ ആ നേരം ഉലുവാ വെള്ളവും മധുരിച്ചു പല്ലവിയ്ക്ക്.. അന്നേ ദിവസം ദേവ് ഓഫീസിലേക്ക് പോയില്ല.. എല്ലാ പണികളും അവനാണ് ചെയ്തത്.. രാവിലെ പല്ലവിയ്ക്കായുള്ള ഭക്ഷണം തയ്യാറാക്കി റൂമിൽ കൊണ്ട് വച്ചു.. ദേവ്ന്റെ ഈ കരുതൽ പല്ലവിയുടെ കണ്ണുകൾ നനച്ചിരുന്നു.. "മഹാദേവ.. ഈ സ്നേഹം കാട്ടി എന്നെ ഇനിയും പരീക്ഷിക്കലേ നീ...." ഒന്ന് തലപ്പൊന്തിയപ്പോൾ പല്ലവി അടുക്കളയിലേക്ക് നടന്നു.. അവളെ കണ്ടതും മുഖത്ത് ദേഷ്യം വരുത്തി .. ന്ത്യേ... മ്മ്മ്ച്ചും.. കണ്ണ് കൊണ്ട് റൂമിലേക്ക് പോ എന്നവൻ പറഞ്ഞു.. പല്ലവി കുറച്ച് നേരം കൂടി ചുറ്റി പറ്റി നിന്നു.. "എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലേ.. "

ദേവ്ന്റെ ശബ്ദത്തിൽ ദേഷ്യം ഉണ്ടായിരുന്നു.. അത് കേട്ടതും പല്ലവി റൂമിലേക്ക് പാഞ്ഞു.. **************** പിറ്റേ ദിവസവും ദേവ് ഓഫീസിലേക്ക് പോയില്ല.. പല്ലവിയ്ക്ക് വേദനയ്ക്ക് ആശ്വാസമായെങ്കിലും ദേവ്ന് അവളെ ചുറ്റിപ്പറ്റി നിൽക്കാനായിരുന്നു താൽപര്യം.. അവൾ ഓരോ പണിയെടുക്കുമ്പോഴും ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ പോലും ദേവും അവളുടെ അടുത്ത് നിൽപ്പുണ്ടാകും..ദേവ്ന്റെ സാമീപ്യം അവളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നുണ്ടെങ്കിലും അവളും അവന്റെ സാമീപ്യം ആസ്വദിച്ചിരുന്നു.. ഉച്ചയ്ക്കു അവനുള്ള ഭക്ഷണം വിളമ്പി വെച്ച് പല്ലവി നീങ്ങി നിന്നു.. കഴിക്കാൻ വന്നിരുന്ന ദേവ് അവളെയൊന്ന് നോക്കി.. ഒരു പാത്രം എടുത്ത് വെച്ച് അവനായി എടുത്ത് വെച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് അതിലേക്ക് ഇട്ടു..

പല്ലവിയ്ക്ക് അവൻ ചെയ്യുന്നത് എന്താന്ന് മനസ്സിലായില്ല.. അവളവനെ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്... ദേവ് ഉരുള വാരി തന്റെ വായിലേക്ക് വെക്കുന്നിടയ്ക്ക് അരികിലുള്ള കസേര വലിച്ചിട്ട് പല്ലവിയെ നോക്കാതെ ഇവിടെ വന്ന് ഇരുന്ന് കഴിക്ക് പല്ലവി അമ്പരന്ന് അവന്റെ മുഖത്തേക്ക് നോക്കി.. ന്ത്യേ.. ഇരിക്കുന്നില്ലേ.. വന്ന് ഇരിക്കടി.. അതൊരു ആജ്ഞാപനം ആയിരുന്നു.. അത് കേൾക്കേണ്ട താമസം പല്ലവീ അടിമുടി വിറച്ച് ചാടി കയറി കസേരയിൽ ഇരുന്നു വേഗം വാരി വാരി കഴിക്കാൻ തുടങ്ങി.. ദേവ്ന് അവളുടെ ആ ഇരിപ്പും കഴിപ്പും കണ്ട് ചിരിയടക്കാൻ സാധിച്ചില്ല.. "ഈ ഭ്രാന്തൻ കണാരന് ഇതിപ്പോ എന്ത് പറ്റിയതാവോ.. വല്ലാത്തൊരു മാറ്റം.. ആ മനസ്സിൽ എനിക്ക് വേറെ വല്ല പണിയും ഒരുങ്ങുന്നുണ്ടോ ഭഗവാനെ.."

കഴിച്ച പാത്രങ്ങൾ കഴുകി വെയ്ക്കുമ്പോൾ പല്ലവിയുടെ ചിന്ത മുഴുവനും അതായിരുന്നു.. പെട്ടെന്നാണ് കോളിംഗ് ബെൽ മുഴുങ്ങന്ന ശബ്ദം കേട്ടത്.. പല്ലവി തന്റെ സാരി നേരെയിട്ട് പോയി വാതിലിൽ തുറന്നു.. ഒരു പെൺകുട്ടി പുറം തിരിഞ്ഞ് നിൽക്കാണ്.. നീല സാരിയുടുത്ത്.. മുടി ഫെതർ കട്ട് ചെയ്ത് അഴിച്ചിട്ടിരിക്കുന്നു.. ആരാ... ആ പെൺകുട്ടി ഒന്ന് തിരിഞ്ഞു.. മേക്കപ്പ് ബോക്സിൽ മോന്ത കുത്തി വീണൊരു രൂപം.. എങ്കിലും സുന്ദരിയാ.. ഒരു ശിങ്കാരി.. പല്ലവി അവളെ നെറ്റി ചുളിച്ചു നോക്കി... പല്ലവി ചോദിച്ചത് കേട്ടതായി ഭാവിക്കാതെ ആ ശിങ്കാരി തന്റെ മുടി ആട്ടി അവളെ മറി കടന്ന് അകത്തേക്ക് കയറി.. ആ പോക്ക് കണ്ടപ്പോൾ പല്ലവിയ്ക്ക് ശരിക്കും ശുണ്ഠി വന്നു അവള് ദേഷ്യത്തോടെ ചോദിച്ചു ആരാ.. എന്താ എവിടേയ്ക്കാ ഈ തള്ളി കേറി പോകുന്നേ.. ശിങ്കാരി ഒന്ന് ആടി കുഴഞ്ഞ് പല്ലവിയെ പുച്ഛിച്ച് നോക്കി നീ ആരാ ഇവിടുത്തെ വേലക്കാരിയാ.. ആ ചോദ്യം കേട്ടതോടെ പല്ലവിയ്ക്ക് നന്നേ ദേഷ്യം വന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story