❣️ ദേവപല്ലവി ❣️ ഭാഗം 34

devapallavi

രചന: മുകിലിൻ തൂലിക

"ഓഹ് പെങ്ങളേ എങ്കിൽ ആ ഋത്വിക് റോഷൻ പോരേ.. ഇനി കണ്ടിന്യൂ.." "അന്ന് ഞാൻ കുറേ നേരം ലൈബ്രറിയുടെ മുന്പിൽ ദേവേട്ടനായി കാത്ത് നിന്നു.. പക്ഷേ ദേവേട്ടൻ വന്നില്ല.. പിന്നെ ഒരിക്കലും ദേവേട്ടനെ കാണാനും സാധിച്ചില്ല എനിക്ക്..ദേവേട്ടൻ ഇല്ലാത്ത കോളേജ് എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു.." പല്ലവി അവളുടെ ഓർമ്മകളിലെ ഓരോ പൊട്ടും പൊടിയും ഓർത്തെടുക്കും നേരം ആ കണ്ണുകൾ ഒന്ന് തിളങ്ങി.. ആരവ് അവൾ പറയുന്നത് കേട്ട് കിച്ചൺ സ്ലാബിൽ തന്റെ രണ്ട് കൈയ്യും കുത്തി ഇരിപ്പായി.. "ലച്ചു ആയിരുന്നു എനിക്കാകെ ഒരു ആശ്വാസം.. നീതു ചേച്ചി പറഞ്ഞ് അറിഞ്ഞു നിങ്ങൾ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗിന് ചേർന്നുവെന്ന്..അത് കേട്ടതോടെ ഇനി എന്നെങ്കിലും കാണാമെന്ന പ്രതീക്ഷയും വേരറ്റു.. ചത്ത് ജീവിച്ച് ഞാൻ ഡിഗ്രി തീർത്തു.. നാട്ടിലേക്ക് തിരികെ പോകാൻ എനിക്ക് തീരെ മനസ്സുണ്ടായിരുന്നില്ല..

ദേവട്ടന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന കോളേജ് വിട്ട് പോകാന്ന് വെച്ച.., എന്റെ ഹൃദയം പറിച്ചെടുക്കുന്നത് പോലായിരുന്നു..ആ വേദനയോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു.. ഇടയ്ക്ക് ഒരു ആശ്വാസം ലച്ചുവിന്റെ കോളായിരുന്നു.. ദേവേട്ടനെ കുറിച്ച് ഒരു വിവരങ്ങളും എനിക്ക് അറിയാൻ സാധിച്ചിരുന്നില്ല.. ലച്ചുവിന്റെ അന്വേഷണങ്ങളിലും ദേവട്ടൻ എവിടെ പഠിക്കണേന്ന് കണ്ടെത്താൻ സാധിച്ചില്ല.. എനിക്ക് വേണ്ടി എന്ത് സഹായവും ചെയ്തു തരാൻ അവളുണ്ടായിരുന്നു.. പക്ഷേ ഈ കാര്യത്തിൽ ലച്ചുനെ എത്രാന്നാ ബുദ്ധിമുട്ടിക്കാ.. പ്രതീക്ഷയറ്റ് ദേവേട്ടന്റെ ഓർമ്മകളിൽ വീർപ്പ് മുട്ടി ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് കുറച്ചു മാസങ്ങൾക്ക് ശേഷം ദേവേട്ടന്റെ പേരിൽ എനിക്കൊരു കത്ത് വരുന്നത്.." "കത്തോ.. അതും ദേവ് എഴുതിയതോ... എന്തേലും പ്രസംഗോ മുദ്രവാക്യവും എഴുതാൻ അറിയന്നല്ലാണ്ട് ജൂനിയർ ചെഗുവേര പ്രണയലേഖനം എഴുതാൻ ഒരു വഴിയും നെഹി ഹേ...

ഞാൻ അറിയാതെ അവൻ ഇന്നേ വരെ ഒന്നും ചെയ്തിട്ടില്ലാല്ലോ" ആരവ് നെറ്റി ചുളിച്ചു "ഞാൻ എഴുതാതെ അവൾക്കെങ്ങനെ എന്റെ പേരിൽ കത്ത് വരുന്നേ.. " കത്ത്ന്റെ കാര്യം ദേവ്ന്റെ ഉള്ളിലും സംശയങ്ങൾ ഉണർത്തി.. "സത്യമാണ് ആരവേട്ടാ.. ദേവേട്ടന്റെ പേരിൽ എനിക്കൊരു എഴുത്ത് വന്നിരുന്നു.. അത് ഇപ്പോഴും എന്റെ പക്കലുണ്ട്.. അതിൽ ദേവേട്ടൻ എന്റെ സ്നേഹം അറിയാൻ വൈകി പോയെന്നും..എന്നെ ഒരുപാട് ഇഷ്ടമാണ് കാണാൻ ആഗ്രഹിക്കുന്നെന്നായിരുന്നു എഴുതിയിരുന്നേ.. വരേണ്ട ഹോട്ടലിന്റെ പേരും അഡ്രസ്സും എഴുതിയിരുന്നു.. ലച്ചുവിനോട് ചോദിച്ചപ്പോൾ അവളും പറഞ്ഞു ആ ഹോട്ടൽ അവൾക്കറിയാമെന്നും വേണ്ട കാര്യങ്ങൾ റെഡിയാക്കാം എന്നോട് ധൈര്യമായിട്ട് പോന്നോന്ന്.. ഞാനും വീട്ടിൽ അമ്മാവനോട് കള്ളം പറഞ്ഞ് ഇറങ്ങി.." ദേവ് അവളുടെ വാക്കുകൾ ഓരോന്നും ശ്വാസമടക്കി പിടിച്ച് ശ്രദ്ധിച്ച് കൊണ്ടിരുന്നു.. ( ഇനി അന്ന് നടന്ന കാര്യങ്ങളറിയാൻ പല്ലവിയുടെ ഓർമ്മകളിലൂടെ നമുക്കും ഒരു യാത്ര നടത്താം.. പല്ലവിയുടെ സത്യങ്ങളിലേക്ക്) ***************

ദേവ്നെ കാണാൻ അവൻ എഴുത്തിൽ പറഞ്ഞിരുന്ന ദിവസത്തിനും ഒരു ദിവസം മുൻപേ പല്ലവി പുറപ്പെട്ടു.. ലച്ചു പറഞ്ഞതോണ്ട് ഫ്ലൈറ്റിൽ പോകാമെന്ന് കരുതി.. ടിക്കറ്റൊക്കെ അവളാണ് എടുത്തത്.. ആദ്യമായിട്ടാണ് പല്ലവി ഫ്ലൈറ്റിൽ കയറുന്നത്.. നല്ല പേടി തോന്നിയിരുന്നു.. ദേവ്നെ കാണാൻ ഹൃദയം തുടിക്കൊട്ടുന്നത് കൊണ്ട് പറക്കാനുള്ള പല്ലവിയുടെ പേടിയൊക്കെ ഏഴ് കടലും പറന്ന് പോയിരുന്നു.. യാത്രയിൽ ഉടനീളം ദേവ്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു പല്ലവിയുടെ ഉള്ളിൽ.. ദേവേട്ടൻ തന്നെ കാണുമ്പോൾ എന്താ പറയാ.. എങ്ങനെയാ പെരുമാറാ.. ഞാൻ ദേവേട്ടനെ കണ്ടിട്ടുണ്ടെങ്കിലും എന്നെ കാണ്ണുമ്പോൾ എന്തായിരിക്കും ദേവേട്ടന്റെ പ്രതികരണം.. എന്നെ ഇഷ്ടമാകോ.. അതൊക്കെ ആലോച്ചിട്ട് പല്ലവിയ്ക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.. പണ്ടത്തേ പേടി അതേ പടി ഉള്ളിൽ കിടക്കുന്നത് കൊണ്ട് ഉള്ളിലാകെ ഒരു ആന്തൽ.. ഒരു പരവേശം.. എയർ ഹോസ്റ്റസിന്റെ കയ്യിൽ നിന്ന് എത്രവട്ടാ വെള്ളം വാങ്ങി കുടിച്ചേന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു..

ഏകദേശം പന്ത്രണ്ട് മണിയോടെ പല്ലവി ബാംഗ്ലൂർ എത്തി..അവളെ കാത്ത് ലച്ചു പുറത്തുണ്ടായിരുന്നു.. "പവി....." പല്ലവിയെ കണ്ടതും ലച്ചു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.. പല്ലവിയ്ക്ക് അവളെ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു.. അവൾ ആനന്ദകണ്ണീരോടെ ലച്ചുവിനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.. "അയ്യേ.. ഈ പെണ്ണ്.. കരയാണ്.. നിന്റെ ദേവേട്ടനെ കാണാൻ വന്ന് ഇറങ്ങിയതും കരയാണോ.. ഇങ്ങനെയൊരു തൊട്ടാവാടി.." ലച്ചു പല്ലവിയുടെ കണ്ണുനീർ തുടച്ചു.. പല്ലവി പുറം കയ്യാൽ കണ്ണീര് തുടച്ച് "എത്ര നാളായി എന്റെ ലച്ചുനെ കണ്ടിട്ട് ആ സന്തോഷം കൊണ്ടാ.." "എങ്കിൽ നീയിനി തിരികെ പോകണ്ട.. എന്റെ കൂടെ കൂടാം.. അടിപൊളി ആയിരിക്കും" അതിനു മറുപടിയായി പല്ലവിയൊന്ന് ചിരിച്ചു "അല്ല.. ഞാൻ എന്ത് മണ്ടിയാ.. നിന്നെ വീട്ടിലേക്ക് കൂട്ടാതെ ഇവിടെ നിന്ന് സംസാരിക്കാ.. വായോ നമുക് വീട്ടിലേക്ക് പോകാം.." ലച്ചു പല്ലവിയുടെ കയ്യിലെ ബാഗും എടുത്ത് നടന്നു.. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇന്നോവയിലേക്ക് അവളുടെ ബാഗ് വച്ച് ലച്ചുവും പവിയും കാറിലേക്ക് കയറി..

പല്ലവി കാറാകെ നോക്കീട്ട് "ഇതാരുടെയാ.. നിന്റെ അപ്പേടെ വണ്ടിയാണോ.. നമ്മുടെ മണ്ണെണ്ണ വണ്ടി തന്നെയാട്ടോ എനിക്കിഷ്ടം.." "ഹാ.. അപ്പേടെയാ.. ഈ അടുത്ത് വാങ്ങിയതാ.. മണ്ണെണ്ണ വണ്ടിടെ കാര്യം പറഞ്ഞപ്പോഴാ ഒരു സംഗതി ഓർത്തത്.. ഞാൻ അവിടുന്ന് ഇങ്ങോട്ട് പോന്നില്ലേ..കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഒരു സംഭവം ഉണ്ടായി പവി." അത് ഓർത്ത് ചിരിക്കുന്ന ലച്ചുവിനെ നോക്കി പല്ലവി "എന്ത് സംഭവം.." "ഒന്നും പറയണ്ട എന്റെ പവി.. അപ്പൂപ്പന്റെ വണ്ടിയല്ലേ.. ചുള്ളൻ അതിന്മേൽ കറങ്ങാൻ പോയി.. തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ അപ്പുപ്പന്റെ നഷ്ടപ്രണയം ഞാൻ പറഞ്ഞട്ടില്ലേ.. കല്ല്യാണി അമ്മൂമ്മ..ആളെ കണ്ടു.. മരുന്ന് വാങ്ങി വരുന്ന വഴി ആയിരുന്നേ.. അപ്പൂപ്പൻ വല്ല്യ സ്റ്റൈൽ കാണിച്ച് കല്ല്യാണി അമ്മൂമ്മയ്ക്ക് ഒരു ലിഫ്റ്റ് കൊടുത്തു.. രണ്ടാളും പഴയ ഇണപ്രാവുകളുടെ പോലെ കൊക്കുരുമി വരുന്നത് എന്റെ അച്ഛമ്മ കണ്ടു.." പല്ലവി ചിരിച്ചുകൊണ്ട് "എന്നിട്ട് എന്ത് പറ്റി.." "എന്നിട്ടെന്താ അച്ഛമ്മേനെ കണ്ടതും അപ്പൂപ്പൻ വണ്ടി പെട്ടെന്ന് ബ്രേക്കിട്ടതാ..

ഇണപ്രാവുകൾ രണ്ടും വണ്ടിയും ഒരു കല്ലിൽ തട്ടി ദേ കിടക്കുന്നു താഴേ.. കല്ല്യാണി അമ്മുമ്മേടെ ഒരു കയ്യും നമ്മുടെ നിരാശ കാമുകന്റെ രണ്ട് കയ്യും ഒടിഞ്ഞു..ഇപ്പോ രണ്ട് കയ്യിലും പാൽക്കുപ്പി തൂക്കി ആള് വീട്ടിലിരിപ്പുണ്ട്.. അന്ന് വൈകിട്ട് അച്ഛമ്മ ഇത് വിളിച്ചു പറഞ്ഞിട്ട് ഞാൻ ചിരി നിർത്തിയില്ല എന്റെ പവി.. അതോടെ നമ്മുടെ മണ്ണെണ്ണ വണ്ടി തട്ടിൻ പുറത്തേക്ക് തട്ടി കുഞ്ഞി പാപ്പൻ.." പല്ലവി അത് കേട്ട് വയറ് പൊത്തി ചിരി തുടങ്ങി... രണ്ടു പേരും പഴയ ഓർമ്മകൾ പങ്ക് വച്ചും,പല്ലവിയ്ക് പുറത്തെ കാഴ്ചകൾ കാട്ടി കൊടുത്തും ലച്ചുവിന്റെ വീട്ടിലേക്ക് യാത്ര തുടർന്നു.. നിറയെ പൂക്കളും ആളുകളും നിറഞ്ഞ ആ മഹാ നഗരത്തിന്റെ മനോഹാരിത പല്ലവി തന്റെ കണ്ണുകളാൽ ഒപ്പിയെടുത്ത് കൊണ്ടിരുന്നു.. പെട്ടെന്നാണ് ഒരു കാര്യം അവളുടെ കണ്ണിൽപ്പെട്ടത് "അയ്യേ.." പല്ലവി കണ്ണ് പൊത്തി "എന്ത് പറ്റി പെണ്ണേ.." ലച്ചു അവള് നോക്കുന്നിടത്തേക് നോക്കി .. രണ്ട് പ്രണയ ജോഡികൾ ഇരുവരും പരസ്പരം അലിഞ്ഞു ചേർന്ന് ചുണ്ടുകളാൽ അവരുടെ പ്രണയം പങ്ക് വയ്ക്കുന്ന കാഴ്ച ആയിരുന്നു അത്..

ലച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു "എന്റെ പവി അത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.. മിക്ക ഇട വഴികളിലും പാർക്കുകളിലും ഇവിടെ ഈ കാഴ്ച കാണാം.." "ഇവർക്ക് നാണമാകില്ലേ.. എല്ലാവരും നോക്കില്ലേ.." "ആര് നോക്കാൻ നമ്മൾ മലയാളികൾ അത് നോക്കി നിൽക്കും ഇവിടയുള്ള മറ്റുള്ളവർക്ക് അത് പതിവ് കാഴ്ച്ചകളിൽ ഒന്നാണ്.." ലച്ചു ഒന്ന് നിർത്തി.. ഒരു കുസൃതി നിറഞ്ഞ ശബ്ദത്തിൽ.." "അല്ല.. ആര് അറിഞ്ഞു.. നാളെ ചിലര് ചിലരൊക്കെ കാണാൻ പോകുമ്പോൾ ഇങ്ങനെയുള്ള മധുര സമ്മാനമൊക്കെ കിട്ടോന്ന്.. " അത് കേട്ടതും പല്ലവി ലച്ചുവിന്റെ കയ്യിൽ പിച്ചി.. "ആ... ഈ പെണ്ണ് എന്റെ തൊലിയെടുത്തു.." *************** കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വലിയൊരു ബംഗ്ലാവിനു മുന്പിൽ ലച്ചു വണ്ടി നിർത്തി.. പവി ആ വീട് അമ്പരപ്പോടെ നോക്കി.. അവളെ നോക്കി ചിരിച്ച് ലച്ചു "ഇറങ്ങ് പവി.. ഇതാ നമ്മുടെ വീട്.."

വണ്ടിയുടെ ശബ്ദം കേട്ട് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് ലച്ചുവിന്റെ അച്ഛനും. അമ്മയും അനിയനും അവിടേക്ക് വന്നു.. അമ്മയെ കണ്ടതും പല്ലവിയ്ക്ക് ഒരു കാര്യം മനസ്സിലായി ലച്ചു എങ്ങനെയാ ഇത്ര സുന്ദരി ആയതെന്ന്.. ലച്ചുവിന്റെ അമ്മ രാധിക.. രാധികാമ്മ അത്ര സുന്ദരി ആയിരുന്നു... ലച്ചുന്റെ അച്ഛൻ ശങ്കർ.. അനിയൻ ലക്ഷ്മൺ എന്ന അപ്പു.. ലച്ചുവിനെ പോലെ പാവങ്ങൾ.. നേരിട്ട് കണ്ടില്ലെങ്കിലും ഫോണിലൂടെ സംസാരിച്ച് പരിചയം ഉണ്ടായിരുന്നു.. വീടിനകത്തേക്ക് പ്രവേശിച്ച് രാധികാമ്മയുടെ സൽകാരവും അപ്പായുടെ നർമ്മ സംഭാഷണങ്ങളും അപ്പുന്റെയും ലച്ചുന്റേയും തല്ല് കൂട്ടവും കണ്ട് നേരം പോയി.. ലച്ചു എത്ര ഭാഗ്യവതിയാ.. പല്ലവി ഓർത്തു.. "പവി നീ വായോ.. റൂമിലേക്ക് പോകാം.. ഫ്രഷാകണ്ടേ.. എന്നിട്ട് വീടും പരിസരവുമൊകെ കാണിച്ചു തരാം ഞാൻ.. " പല്ലവീ ലച്ചുവിനെ നോക്കി ചിരിച്ച് തലയാട്ടി എണീറ്റു..

റൂമിൽ ചെന്ന് ആ മുറി കണ്ടതും പല്ലവിയുടെ കണ്ണ് തുറിച്ചു.. അത്യധികം സൗകര്യങ്ങളോട് കൂടിയുള്ള മുറി.. റൂമിന് ഒരു വശത്തേ ജനാല തുറന്നാൽ മുറ്റത്ത് വെച്ചിരിക്കുന്ന പ്രാവ് കൂട് കാണം.. പല്ലവി കയ്യിലെ ബാഗ് ബെഡിൽ വച്ച് അവിടേക്ക് കണ്ണും നട്ട് നിന്നു.. "എന്റെ പവി.. അതൊക്കെ ഞാൻ കാട്ടി തരാം.. നീ ആദ്യം ഫ്രഷാക്.." കയ്യിലെ ബാത് ടവ്വൽ ലച്ചു പല്ലവിയ്ക് നേരെ എറിഞ്ഞു.. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ലച്ചു അവൾക് മാറാനായി ഒരു ലൈറ്റ് ബ്ല്യൂ സൽവാർ കൊടുത്തു.. ഉടുത്ത് മാറാൻ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടും ലച്ചു സമ്മതിച്ചില്ല.. അവസാനം അവൾ തന്നത് തന്നെ ഇട്ടു.. ശേഷം വീട് ചുറ്റി കാണാൻ ഇറങ്ങി.. വീടിന്റെ എല്ലാ മുറികളും അടുക്കളയും മറ്റ് ഇടങ്ങളും നടന്ന് കണ്ട് കഴിഞ്ഞപ്പോൾ എട്ട് പത്ത് കിലോമീറ്റർ നടന്നത് പോലെ ക്ഷീണിച്ചു പല്ലവി.. അവളുടെ ക്ഷീണം മാറ്റാനായി രാധികാമ്മ നല്ല തണുത്ത മാതളം ജ്യൂസ് കൊടുത്തു.. അത് ഒറ്റ വലിക്ക് കുടിച്ച് ലച്ചുവിനൊപ്പം പുറം കാഴ്ച്ച കാണാൻ ഇറങ്ങി.. ആദ്യം പോയത് വിശാലമായ ഗാർഡനിലേക്ക് തന്നെ ആയിരുന്നു..

പല്ലവി ഇന്നേ വരെ കാണാത്ത പൂക്കളും ചെടികളും ആ തോട്ടത്തിൽ ഉണ്ടായിരുന്നു.. കൂട്ടത്തിൽ നമ്മുടെ നാടൻ ചെടികളും ഔഷധ സസ്യങ്ങൾക്കും അവിടെ പ്രത്യേക സ്ഥാനം ഒരുക്കിയിരുന്നു..പല്ലവി അതെല്ലാം കൗതുകത്തോടെ നോക്കി നടന്നു.. ലച്ചു അവളെ വിടാതെ അവളുടെ കൈ കോർത്ത് നടന്നിരുന്നു.. "ഇത് പഴയൊരു ബംഗ്ലാവായിരുന്നു പവി.. അച്ഛൻ വാങ്ങിയതാ.. അതിന് ശേഷം ഒന്ന് റിന്വോവേഷൻ ചെയ്തുന്ന് മാത്രം.. ഈ ഗാർഡൻ അപ്പോഴും ഇവിടെ ഉണ്ടായിരുന്നു.. നീ ആ ചെത്തിയും ചുവന്ന ചെമ്പരത്തിയും കാശിത്തുമ്പയും തുളസിയും കണ്ടോ.. അതെല്ലാം അപ്പൂപ്പനും അച്ഛമ്മയും നാട്ടിൽ നിന്ന് വന്നപ്പോൾ നട്ട് പിടിപ്പിച്ചതാണ്.. നീ വായോ ഇവിടെയൊരു സീക്രട്ട് സ്ഥലം ഉണ്ട്.." അത് എന്താന്ന് അറിയാൻ ആകാംഷയോടെ നോക്കിയ പല്ലവിയുടെ കയ്യും വലിച്ച് ലച്ചു അവിടേക്ക് നടന്നു.. വീടിന്റെ ഏകദേശം പുറകിലേക്കാണ് ലച്ചു അവളെ കൂട്ടി പോയത്.. ആ സ്ഥലം കണ്ട് പല്ലവിയുടെ കണ്ണൊന്ന് തുറിച്ചു.. ഒരു വള്ളികുടിൽ പോലെയൊരു ഇടം..

ചുവപ്പും റോസ്സും വള്ളി റോസുകൾ പടർന്നുകയറി നിറയെ പൂവിട്ട് നിൽക്കുന്നു.. പനിനീർ പൂക്കളുടെ ഗന്ധം അവിടുത്തെ കാറ്റിൽ അലിഞ്ഞു ചേർന്ന് ചെറു തണുപ്പോടെ അവൾക്ക് ചുറ്റും വലം വച്ചിരുന്നു.. പല്ലവി ഒരു നിമിഷം തന്റെ കണ്ണുകൾ അടച്ച് ആ ഗന്ധവും കാറ്റിന്റെ കുളിരും ആസ്വദിച്ചു.. ആ നിമഷം അവളുടെ ഉള്ളാകെ ദേവ് മാത്രമായിരുന്നു.. പല്ലവി അൽഭുതത്തോടെ വിരിഞ്ഞ തന്റെ കണ്ണുകളാൽ അവിടെ മുഴുവൻ നടന്ന് കാണാൻ തുടങ്ങി.. "ഇത് ഞാൻ പറഞ്ഞിട്ട് അപ്പ റെഡിയാക്കി തന്ന ഇടമാണ്.. ദേവേട്ടനായി എല്ലാം ശരിയായി നിങ്ങളുടെ കല്ല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റ് ഇവിടെയാക്കാം പവി.." ലച്ചു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. പല്ലവി നാണത്തോടെ ലച്ചുനെ ഒന്ന് തല്ലി.. "ഡി ലച്ചു.. നീ വരില്ലേ നാളെ എന്റെ കൂടെ.. നമ്മുടെ ആളേ കാണാം.. " ഞാൻ വരാതെ പിന്നെ.. അല്ലാ അത് ആരാ നമ്മുക്ക് രണ്ട് പേർക്കും വേണ്ടപ്പെട്ട ആള്.. വേറേ ആരാ മോളേ.. ദ വൺ ആന്റ് ഓൺലി റൊമാന്റിക് ഹീറോ.. ആരവേട്ടൻ... പല്ലവി ഒന്നുറക്കെ ചിരിച്ചു..

എന്റെ പൊന്നു പവി നീ ആളേ വിട്.. എത്ര ആണുങ്ങളെ കണ്ടിരിക്കുന്നു.. ഇങ്ങനെ ഒരു സാധനം.. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.. ഇങ്ങനെയുണ്ടോ.. ഒരു നിമിഷ നേരം അടങ്ങിയിരികില്ലാ ഒരു പെൺകുട്ടികളേയും വിടില്ല.. എന്തൊക്കെ പറഞ്ഞാലും ആരവേട്ടനെ ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കില്ല.. ശരിക്കും അപ്പോ നീയും മറന്നട്ടില്ലാല്ലേ.. അത് എങ്ങനെയാ പവി.. ആരവേട്ടനോട് മാത്രേ ഈ ലച്ചുന് ഒരു ഇത് തോന്നിയട്ടോളൂ.. അയ്യോ.. പറയാൻ പാടില്ലാത്ത എന്തോ ഒന്ന് പറഞ്ഞത് പോലെ ലച്ചു തന്റെ നാവ് കടിച്ചു ഏത്.. ഏത്.. എടി കള്ളി പെണ്ണേ.. കോഴി ചാത്താൻ കൂകി കൂകി ഈ മനസിലും പ്രണയ സൂര്യൻ ഉദിപ്പിച്ചാ.. ഒന്ന് പോ പവി നീ.. ആ കോഴിക്ക് എല്ലാ പെൺകുട്ടികളോടും ഓരേ സമീപനം അല്ലേ.. എന്നോടും അങ്ങനെ തന്നെ ആയിരിക്കും.. പറയാതെ വയ്യ ആൾക്ക് ചുറ്റും എപ്പോഴും ഒരു പോസ്റ്റീവ് വൈബാണ്.. ഞാൻ അതേ ഉദ്ദേശിച്ചൊള്ളൂ.. ഉവ്വേ... ഉവ്വേ.. പ്രേമത്തിന്റെ ചില പോസ്റ്റീവ് വൈബ് ഞാനും ഇവിടെ അറിയുന്നുണ്ടേ എന്റെ ലച്ചു കള്ളി ഓഹ്..

വല്യ കാര്യമായി.. ലച്ചു അവളെ നോക്കി ചുണ്ട് മലർത്തിക്കാട്ടി.. കുറെയേറെ നേരം അവരവിടെ കഴിച്ച് കൂട്ടി.. പഴയ ഓർമ്മകളും പുതിയ വിശേഷങ്ങളും പ്രിയതോഴിമാർ പരസ്പരം പങ്ക് വച്ചു.. *************** പിറ്റേന്ന് പല്ലവി നേരത്തെ തന്നെ എണീറ്റു കുളിച്ച് നേരെ അടുക്കളയിലേക്ക് പോയി.. ചായ ഇട്ട് രാവിലെ കഴിക്കാനുള്ളത് വരെ റെഡിയാക്കി.. ഉറക്കം കഴിഞ്ഞ് വന്ന രാധികാമ്മ ഇതൊക്കെ കണ്ട് അൽഭുതപ്പെട്ടു എന്തിനാ മോളേ ഇതൊക്കെ ചെയ്യാൻ നിന്നേ.. അമ്മ ചെയ്യില്ലേ.. ഇതൊക്കെ എന്റെ ശീലമാ അമ്മേ.. അമ്മ ഈ ചായ കുടിച്ചേ.. മോളേ സമ്മതിക്കണം.. ലച്ചുന് ഈ വീട്ടിൽ അടുക്കളയുണ്ടോന്ന് കൂടി അറിയില്ല.. എവിടെ എണീറ്റില്ലേ ഉറക്കപ്രാന്തി... പല്ലവി ഒന്ന് ചിരിച്ച് "ഏയ് എവിടെ.. നല്ല ഉറക്കാ.. ഞാൻ പോയി വിളിച്ച് എണീപ്പിക്കട്ടേ.. ഈ ചായ അച്ഛനാട്ടോ.. അത് പറയാൻ മറന്നു മോളേ അച്ഛൻ ഇന്നലേ രാത്രി തന്നെ ബിസ്സിനസ്സ് ടൂർ പോയി.. നിങ്ങൾ ഉറങ്ങായിരുന്നത് കൊണ്ടാ വിളിക്കാഞ്ഞേ.. പോയി ആ ഉറക്കഭ്രാന്തിനെ വിളിച്ച് എണീപ്പിക്ക്.. പല്ലവി അത് കേട്ട് ചിരിച്ച് ലച്ചുനെ വിളിക്കാൻ പോയി..

ഡി ലച്ചു..എണീറ്റേ.. നേരം എത്ര ആയിന്ന് നോക്കിയേ.. പോകണ്ടേ.. പല്ലവി ലച്ചു പുതപ്പിച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി അവളേ എണീപ്പിക്കാൻ ശ്രമിച്ചു.. എന്റെ പൊന്നു പവി നീ വന്നതും തുടങ്ങിയോ.. ലച്ചു പുതപ്പെടുത്ത് ഒന്നും കൂടി പുതച്ച് കിടന്നു.. നല്ലയാളാ.. ദേവേട്ടനെ കാണാൻ പോകണ്ടേ എന്റൂടെ വരാന്ന് പറഞ്ഞിട്ട്.. അയ്യോ.. ഞാനത് മറന്നൂടി.. ദാ വരുന്നു.. പുതച്ചിരുന്ന പുതപ്പ് വലിച്ചെറിഞ്ഞ് ലച്ചു ബാത്ത്റൂമിലേക്ക് ഓടിയൊരു കയറ്റമായിരുന്നു.. പ്ധിം അയ്യോ.. എന്റെ അമ്മേ എന്റെ നടുവേ.. ലച്ചുന്റെ കരച്ചിൽ കേട്ട് പല്ലവി ബാത്ത്റൂമിലേക്ക് ഒരു ഓട്ടമായിരുന്നു.. ചെന്ന് നോക്കിയപ്പോൾ ലച്ചു നടുവും തല്ലി താഴേ കിടക്കുന്നു.. അയ്യോ ലച്ചു.. എന്ത് പറ്റീടി.. നീ എങ്ങനെയാ വീണേ.. "എന്റെ പൊന്നു പവി കഥയൊക്കെ പിന്നെ പറയാം ആദ്യമാ കൈയ്യൊന്ന് താ ഞാൻ എണീക്കട്ടേ.." ലച്ചു വേദനയോടെ മുഖം ചുളിച്ച് അവൾക്ക് നേരെ തന്റെ കൈ നീട്ടി..

പല്ലവി അവളെ താങ്ങിപ്പിടിച്ച് എണീപ്പിച്ചു.. റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി.. "അമ്മേനെ കാണട്ടേ കൊല്ലും ഞാനതിനെ ഒരു നൂറ് വട്ടം പറഞ്ഞിട്ടുണ്ട് എണ്ണയും തേച്ച് എന്റെ ബാത്റൂമിൽ കുളിക്കരുതെന്ന്.. ഇന്നിപ്പോ എണ്ണ മാത്രല്ല താളീം ഉണ്ട്.. ദേ കണ്ട ചെമ്പരത്തി ഇല.". ലച്ചു അവളുടെ കയ്യിൽ ഒട്ടിയിരിക്കുന്ന ഇലകീറ് എടുത്ത് പല്ലവിയുടെ നേരെ നീട്ടി പല്ലവി ഒന്ന് പരുങ്ങി." എടി ലച്ചു.. രാധികാമ്മ അല്ല.. ഞാനാ താളിയും എണ്ണയുമിട്ട് കുളിച്ചേ."🙈 എന്റെ പവി ഇത്രയും വലിയ ചതി എന്നോട് വേണ്ടായിരുന്നു.. എന്റെ നടുവേ... ലച്ചു നടു തിരുമാൻ തുടങ്ങി.. റൂമിലേ ഒച്ച കേട്ട് അപ്പുവും രാധികയും അവിടേക്ക് വന്നു.. ലച്ചുന്റെ കിടപ്പ് കണ്ട് അപ്പു വായപ്പൊത്തി ചിരിച്ചോണ്ട് ദിസ് പ്രോഗ്രാം വാസ് പവേർഡ് ബൈ ഹൂം..? 😂😂🤭 പല്ലവി ഒന്ന് പരുങ്ങി..." ഞാനാ" കലക്കി ചേച്ചി ഇവളെ എനിക്കൊന്ന് തട്ടിയിട്ട് നടുവൊടിക്കണെന്ന് ഉണ്ടായിരുന്നു.. കൊട് കൈ.. അപ്പു പല്ലവിക്ക് നേരെ കൈ നീട്ടി.. ഡാ ചെക്കാ ഞാനിവിടുന്ന് എണീറ്റ് വന്നാൽ എടുത്തിട്ട് അലക്കി ചവിട്ടി കൂട്ടും.

. ഈ കിടപ്പ് കണ്ട് ഇപ്പോഴൊന്നും എണീക്കൂന്ന് തോന്നുന്നില്ല.. രാധികാമ്മയുടെ വകയായിരുന്നു ആ കമ്മന്റ് യൂ റ്റൂ ബ്രൂട്ടസി.. ലച്ചു അമ്മേനെ ദേഷ്യത്തോടെ നോക്കി ആ.. നന്നായിന്നേ ഞാൻ പറയൊളൂ.. പെൺകുട്ടിയോളായൽ നിലത്തു നോക്കി നടക്കണം അല്ലേൽ ഇത് പോലെ തണ്ടലും കുത്തി വീണ് അട്ടം നോക്കി കിടക്കേണ്ടി വരും.. ദേ.. ഈ നേരത് അമ്മ ആണെന്നൊന്നും നോകില്ലാട്ടാ.. കിട്ടിയത് എടുത്ത് എറിയും ഞാൻ.. എറിയാനുള്ള പ്രോപർട്ടിയ്ക്കായി ലച്ചു ബെഡിൽ ആകെ തിരഞ്ഞോണ്ട് പറഞ്ഞു.. ഓഹ്.. അവിടെ അടങ്ങിയൊതുങ്ങി കിടക്ക് പെണ്ണേ.. രാധിക അവളെ നോക്കി നെറ്റി ചുളിച്ച് അപ്പുനേ കൂട്ടി പുറത്തേക്ക് നടന്നു.. ഇതേ സമയം പല്ലവി ലച്ചുന്റെ അരികിൽ ചെന്നിരുന്ന് അവളുടെ കൈ പിടിച്ച് " സോറി ലച്ചു.. ഞാൻ കാരണം നിനക്ക്" നീ കാരണം ഒന്നുമില്ല പവി. ഇന്ന് എന്തായാലും വീണ് നടു പോകൂന്ന് ഉണ്ടാകും.. അല്ലാ നീ എങ്ങനെയാ ഇനി പോകാ.. ഒറ്റയ്ക്ക് പോകാൻ വഴി അറിയില്ലാല്ലോ.. അപ്പൂന് എക്സാം ഉണ്ട് അല്ലേൽ അവനെ വിടായിരുന്നു..

ഹോട്ടൽ എമറാൾഡ് പാലസ് അല്ലേ.. എന്താ.. ചെയ്യാ.. ലച്ചു ആലോചിക്കാൻ തുടങ്ങി.. പവി അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. ആ.. കിട്ടി പോയി.. ഞാൻ നിനക്ക് uber arrange ചെയ്ത് തരാം.. അതിൽ പോയിട്ട് വായോ.. നീ എന്റെ ഫോണെടുത്തേ.. ബുക്ക് ചെയ്യട്ടേ.. ദേവട്ടൻ 11 മണിന്ന് അല്ലേ പറഞ്ഞിരിക്കുന്നേ.. അതെന്നുള്ള അർത്ഥത്തിൽ പല്ലവി തലയാട്ടി.. ലച്ചു വണ്ടി ബുക്ക് ചെയ്തു.. ഡി പവി.. വേഗം റെഡിയായിക്കോ.. 10.30 ആകുമ്പോൾ വണ്ടി വരും. നീയില്ലാതെ ഞാൻ എങ്ങനെയാ ലച്ചു.. പല്ലവി താളം ചവിട്ടാൻ തുടങ്ങി. ദേ പെണ്ണേ ഒരു വീക്ക് വച്ച് തന്നിലുണ്ടല്ലോ.. ലച്ചു ദേഷ്യത്തോടെ ഒച്ചയെടുത്തപ്പോൾ പല്ലവി ഡ്രസ്സ് മാറാൻ ഓടി.. **************** ചുവപ്പിനെ സ്നേഹിക്കുന്ന സഖാവിനെ കാണാൻ ചുവന്ന സാരിയിൽ തന്നെ പവി സുന്ദരിയായി ഒരുങ്ങി.. നീണ്ട മുടി കുളിപ്പിന്നലിട്ട് അഴിച്ച് വിടർത്തിയിട്ടു... നീണ്ട കണ്ണ് വാലിട്ട് നീട്ടിയെഴുതി.. നെറ്റിയിൽ ചെറിയ ചുവന്നൊരു പൊട്ടും മഞ്ഞൾ കുറിയും വരച്ചു.. ഒരുക്കം തീർന്നു.. ലച്ചുന്റെ അരികിൽ എത്തിയപ്പോൾ അവൾ സൂപ്പറായിന്ന് പറഞ്ഞു.. കൃത്യസമയത്ത് തന്നെ വണ്ടി എത്തി..

എല്ലാവരോടും യാത്ര പറഞ്ഞ് ലച്ചുന് ഒരു ഉമ്മയും കൊടുത്ത് ഇറങ്ങി.. വണ്ടിയിൽ കയറി പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ തിരിച്ചെങ്കിലും മനസ്സ് നിറയെ ദേവ്ന്റെ ഓർമ്മകളായിരുന്നു.. ഹോട്ടൽ എമറാൾട് പാലസ് എന്ന പേര് ദൂരെ നിന്ന് കണ്ട് തുടങ്ങിയപ്പോൾ തന്നെ പല്ലവിയുടെ കയ്യും കാലും വിറച്ച് തളരാൻ തുടങ്ങി.. കാർ വലിയ ഹോട്ടലിന്റെ കാർ പോർച്ചിലേക്ക് കയറിയതും പല്ലവിയുടെ നെഞ്ചിടിപ്പ് കൂടി.. ഡ്രൈവറോട് കുറച്ചു നേരം വെയ്റ്റ് ചെയ്യാൻ പറഞ്ഞവൾ ഹോട്ടൽ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു.. മനസ്സ് കൊണ്ട് വേഗം അങ്ങോട്ടേക്ക് പാഞ്ഞെങ്കിലും പേടിച്ചിട്ട് കാലുകൾ കുഴയുന്നത് പോലെ... ആകെ വിയർത്തൊലിച്ച് റിസപ്ഷനിലെ പെൺകുട്ടിയോട്.. ദേ... ദേവ് മോഹൻ..റൂം...റൂം നമ്പർ.. റിസപ്ഷനിസ്റ്റ് അവളെയൊന്ന് നോക്കി.. റെജിസ്റ്റർ പരിശോധിച്ച് 5th floor..റൂം നമ്പർ 316 മേഢം.. പല്ലവി ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു..

ലിഫ്റ്റിൽ കയറി 5th flooril ഇറങ്ങി റൂം നമ്പർ 316 നായി ഓരോ മുറിയുടെ വാതിലുകളിലും നോക്കി മുമ്പോട്ട് നടന്നു.. പല്ലവിയുടെ ചെവിയിൽ പടാ..പടാന്ന് മിടിക്കുന്ന അവളുടെ ഹൃദയത്താളം മാത്രമേ ആ നിമിഷങ്ങളിൽ മുഴങ്ങി കേട്ടിരുന്നൊള്ളൂ.. 314,315,......316 ആ റൂം നമ്പർ വായിച്ച നിമിഷം അവളുടെ ഹൃദയം ശ്വാസോച്ഛ്വാസവും ഒരു ക്ഷണം ഒന്ന് നിന്നു. ഒരു വാതിലിനപ്പുറം തന്റെ പ്രാണൻ.. തന്റെ ജീവനും ജീവിതവുമായ എന്റെ ദേവേട്ടൻ.. ക്ഷണ നേരം വിശ്രമത്തിലാണ്ട അവളുടെ ഹൃദയം പൂർവ്വാധികം ശക്തമായി ആഞ്ഞ് മിടിക്കാൻ തുടങ്ങി.. പല്ലവി ഡോറിന് മുമ്പിലെ ബെല്ലിലേക്ക് തന്റെ വിരലിലൊന്ന് അമർത്താൻ ആദ്യ ശ്രമം നടത്തി..

സാധിക്കുന്നില്ല.. കൈകൾ കുഴയും പോലെ.. ദീർഘനിശ്വാസം വലിച്ച് വിട്ടവൾ ഇല്ലാത്ത ധൈര്യം സംഭരിച്ച് ഒരിക്കൽ കൂടി ആ ബെല്ലിൽ അമർത്തി.. തന്റെ ഹൃദയ താളം മാത്രം കാതിൽ മുഴങ്ങി കേട്ടിരുന്നത് കൊണ്ട് റൂമിൽ ബെൽ മുഴങ്ങിയതൊന്നും അറിഞ്ഞില്ല.. അതിനാൽ തന്നെ കുറച്ചധികം നേരം നീട്ടി അടിച്ചു.. ശേഷം കൈ പിന്വലിച്ച് വാതിൽ തുറക്കുന്നതിനായി കാത്ത് നിന്നു.. അൽപ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് ഒരിക്കൽ കൂടി ബെല്ലടിക്കാൻ കൈ നീട്ടിയതും ആ വാതിൽ അവൾക്ക് മുൻപെ തുറന്നു.. പല്ലവി ശ്വാസമടക്കി പിടിച്ച് റൂമിനകത്തേക്ക് നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story