ദൂരെ: ഭാഗം 1

Dhoore

രചന: ഷൈനി ജോൺ

"ഡി" കാതോരം വെടി പൊട്ടുന്നത് ശബ്ദത്തിൽ ഒരു വിളി. പ്രാർത്ഥനയിൽ മുഴുകി നിന്ന മാളവിക ഞെട്ടിപ്പോയി. അമ്പലക്കുന്ന് കയറി വന്ന കാറ്റിൽ അവളുടെ കനത്ത മുടിയിഴകൾ പാറി. കണ്ണു ചിമ്മി തുറന്ന് അവൾ തിരിഞ്ഞു നോക്കി. പിന്നിൽ പൊട്ടിച്ചിരിക്കുന്ന മായക്കണ്ണൻ " കുഞ്ഞിമാളു പേടിച്ചു ... കുഞ്ഞിമാളു പേടിച്ചു " അവൻ കൈകൊട്ടി ചിരിക്കുന്നു. " ഞാനൊന്നും പേടിച്ചിട്ടില്ല. കൃഷ്ണ ഭഗവാന് മുന്നിൽ വെച്ചു വേണോ കണ്ണേട്ടന്റെ മായ കളി.. അതു വേണ്ട .. തൊഴുത് പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി മടങ്ങിപ്പോവുക ..അത്രയേ ഇവിടെ പാടുള്ളു. അതറിയാഞ്ഞിട്ടല്ലല്ലോ ". അവളുടെ ശബ്ദത്തിലെ ദേഷ്യം കണ്ണന്റെ ചിരി കെടുത്തി. "കുഞ്ഞിമാളു പൊയ്ക്കോളു. ഞാൻ തൊഴുതിട്ട് വന്നോളാം". കണ്ണൻ പിണങ്ങി. "ഓ.. ആയ്ക്കോട്ടെ ". അവൾ കൈകൂപ്പി തൊഴുതു. "കണ്ണനെന്താ പരിഭവത്തിലാ" നീട്ടിയ കൈ തലത്തിലേക്ക് പ്രസാദം ഇട്ടു കൊടുക്കുമ്പോൾ ശാന്തിക്കാരൻ തിരക്കി. അവൾ ചിരിച്ചതേയുള്ളു. മഞ്ഞൾപ്രസാദമാണ് .. വാഴയിലയ്ക്കരികിൽ ഒരു തോണ്ട് രക്തചന്ദനവും. അതു തൊടുവിക്കുന്നത് ഇഷ്ടമാണ് മായക്കണ്ണന്. അമ്പലപ്പടവുകളിറങ്ങി പച്ചച്ചു നിൽക്കുന്ന പാടവരമ്പിലൂടെ നടക്കുമ്പോൾ തൊട്ടു പിന്നിൽ കാലൊച്ച കേട്ടു . കണ്ണേട്ടനാണ്. ശ്രദ്ധിക്കാനേ പോയില്ല. പാട വരമ്പ് കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറി. ''കുഞ്ഞിമാളൂ .. പിണക്കത്തിലാ.. "ആർദ്രമായ ചോദ്യം. " ങാ.. പിണക്കത്തിലാ". അവൾ പറഞ്ഞു. " അമ്പലത്തിൽ കൃഷ്ണന്റെ മുന്നിൽ വെച്ചാണോ കുട്ടിക്കളി" "കുഞ്ഞിമാളു എന്നെ വിളിക്കാതെ വന്നില്ലേ.. അതുകൊണ്ടാണ്. " "ഓ.. പറഞ്ഞാൽ മനസിലാവില്ലേ ഈ മായ കണ്ണന്.. ഇല്ലേ.. വീട്ടിൽ അമ്മ വഴക്കാണ്.. മായക്കണ്ണനോട് ഞാൻ മിണ്ടുന്നതോ ചിരിക്കുന്നതോ ഒന്നും അമ്മയ്ക്കിഷ്ടല്ല.. " " അപ്പുമാമയ്ക്ക് ഇഷ്ടായിരുന്നല്ലോ." കണ്ണൻ ചോദിച്ചു. " അച്ഛനിഷ്ടമായിരുന്നു. അച്ഛൻ മരിച്ചില്ലേ.. ഇപ്പോൾ അമ്മയല്ലേ എന്റെ കാര്യങ്ങൾ നോക്കുന്നത് .. മനസിലായോ". അവൾ തിരിഞ്ഞു നിന്നു ചോദിച്ചു " മനസിലായോ മായക്കണ്ണന് " അവൻ നിർന്നിമേഷനായി നിന്നു. അവനൊന്നേ മനസിലായുള്ളു.

കുഞ്ഞിമാളുവിനെ അവന് ജീവനോളം ഇഷ്ടമാണ്. അവളുടെ കരിനീലക്കറുപ്പുള്ള നീണ്ട മുടി. നെറ്റിയിലെ രക്തചന്ദനക്കുറി. കരിമഷി എഴുതി കറുപ്പിച്ച താമരയിതൾ പോലെ നീണ്ട കണ്ണുകൾ. ചുവന്നൊരു നക്ഷത്ര മുക്കുത്തി മിന്നുന്ന മൂക്കിൻ തുമ്പ്. ദേവി ഭഗവതിയുടെ ചിത്രത്തിലെ പോലെ പ്രസരിപ്പുള്ള മന്ദഹാസം. അതേപോലെ ആകൃതിയൊത്ത മുഖം. പട്ടുപാവാട ഉലച്ചുള്ള അവളുടെ നടത്തം പോലും ഇഷ്ടമാണ്. കുഞ്ഞിമാളു അവന്റെ പെണ്ണാണെന്ന് അപ്പുമാമ അവനോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞിമാളുവിന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട്. നാട്ടുകാരെല്ലാം അവനെ കളിയാക്കാറുണ്ട്. കുഞ്ഞിമാളുവിന്റെ അമ്മയ്ക്ക് .. ശ്രീവിദ്യ മാമിയ്ക്ക് അവനെ കണ്ണെടുത്താൽ കണ്ടുകൂട എന്നും അവൻ മനസിലാക്കിയിട്ടുണ്ട്. ഇന്നും കുഞ്ഞിമാളുവിന്റെ അമ്മ അവനെ വഴക്കു പറയുകയുണ്ടായി. "കുഞ്ഞിമാളൂനെ കെട്ടാൻ മോഹിച്ച് നടക്കണ്ട മന്ദാ.. നിനക്കവളെ തരില്ല.. ഞാൻ അവളെ നല്ലൊരുത്തന് കല്യാണം കഴിപ്പിച്ച് കൊടുക്കും.. നിന്റമ്മയ്ക്ക് പിടിച്ചത് പുളിങ്കൊമ്പാണെന്നറിയാം. ആ വെച്ച വെള്ളം വാങ്ങിക്കളയാൻ പറഞ്ഞേക്ക്. അപ്പേട്ടൻ ജീവിച്ചിരുന്നപ്പോൾ പലതും പറഞ്ഞിട്ടുണ്ടാവും.. അതൊക്കെ അങ്ങേരു മരിച്ചപ്പോഴേ തീർന്നു .. കുഞ്ഞിമാളുവിനെ ഞാൻ ദൂരെ പഠിപ്പിക്കാൻ വിടുകയാ... മോന് ഏതെങ്കിലും ബുദ്ധി ഇല്ലാത്ത കുട്ടിയെ തന്നെ പോയി കല്യാണം കഴിച്ചു തരാൻ അമ്മയോട് പറയ്.. " ശ്രീവിദ്യ മാമിയുടെ മുഖം കണ്ടപ്പോൾ പേടിയായി. എന്തോ വലിയ വിരോധം പോലെ. അവർ പറഞ്ഞതിന്റെയൊന്നും സാരാംശം മനസിലായില്ല .ഒന്നു മാത്രം മനസിലായി.അവളെ തനിക്കു തരില്ല. ദൂരെ എവിടേക്കോ പഠിപ്പിക്കാൻ വിടുന്നു. നെഞ്ച് നീറുന്ന വേദന തോന്നി അതു കേട്ടപ്പോൾ .കുഞ്ഞിമാളുവിനെ തനിക്ക് തരില്ലാന്ന്.. കേട്ട പാടേ അവളെ അന്വേഷിച്ച് വന്നതാണ്. കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. അതാണ് എല്ലാം മറന്ന് വിളിച്ചത്. അപ്പോൾ അവളും പറഞ്ഞു വഴക്ക് ..

അവൾ വഴക്ക് പറഞ്ഞാൽ വിഷമമില്ല.. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തനിക്കറിയാം. ജീവനെപ്പോലെ സ്നേഹിക്കുന്നുണ്ട് എന്നവൾ നൂറുവട്ടം പറഞ്ഞിട്ടുണ്ട് .. ജീവനെപ്പോലെ.. "എന്താ നോക്കുന്നെ" അവൾ ദേഷ്യം നടിച്ച് ചോദിച്ചു. " കുളിച്ചില്ലേ രാവിലെ."? " കുളിച്ചു "അവൻ തലയാട്ടി. "എന്നാൽ ഇങ്ങോട്ട് നീങ്ങി നിൽക്ക് .. പ്രസാദം തൊട്ടു തരട്ടെ ". കണ്ണൻ അവൾക്കടുത്തേക്ക് നീങ്ങി നിന്നു. അവൾ നീണ്ട വിരലുകൾ കൊണ്ട് നെറ്റിയിൽ വരച്ചു. നെറുകയിലും മനസിലും സുഖദമായ തണുപ്പ്.. അറിയാതെ കണ്ണുകൾ അടച്ചു പോയി. അപ്പോൾ കവിളിൽ ഒരുമ്മ പതിഞ്ഞു. കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ നിന്നു ചിരിക്കുന്നു. "എന്താ പ്രാർത്ഥിച്ചത് എന്റെ മായക്കണ്ണൻ" അവൾ ചോദിച്ചു. '' കുഞ്ഞിമാളുവിനെ എനിക്കു തരണേ കൃഷ്ണാ എന്ന് " "ഉം .. മനസിലായി.. എന്റെ ജീവിതം തുലയ്ക്കാൻ അല്ലേ.. " അവൾ ചിരിച്ചു. "അല്ല .. നമുക്ക് എന്നും ഒരുമിച്ച് അമ്പലക്കുന്നിൽ വരാൻ.. വന്നു തൊഴാൻ.. പിന്നെ.. " "പിന്നെ.. " അവൾ ചോദിച്ചു. "ഉമ്മ വെക്കാൻ .." അവൻ ലജ്ജ ഓളം വെട്ടുന്ന കണ്ണുകളോടെ പറഞ്ഞു. അവളുടെ മുഖവും ചുവന്നു. " എന്നെ സിനിമയ്ക്ക് കൊണ്ടു പോവില്ലേ.. " അവൾ കുസൃതി പൂണ്ടു. " എന്നും കൊണ്ടു പോകും" " എന്നും കൊണ്ടുപോവണ്ടാ എന്റെ മായക്കണ്ണാ. എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ വരുമ്പോൾ കൊണ്ടു പോകണം കേട്ടോ." അവന്റെ മുഖം മങ്ങി. " ശ്രീവിദ്യ മാമി വഴക്കു പറയില്ലേ". അവൻ വിഷാദത്തോടെ ചോദിച്ചു. അവളുടെ കണ്ണുകളിൽ സംശയം നിറഞ്ഞു. "എന്താ .. അമ്മ വല്ലതും പറഞ്ഞോ മായക്കണ്ണനെ ". അവൾ ചോദിച്ചു. കണ്ണന്റെ മുവം ഇരുണ്ടു. പാടവരമ്പിൽ നിന്ന് ടാറിട്ട റോഡിലേക്ക് ഇറങ്ങി അവൾക്കൊപ്പം നടന്നു കൊണ്ട് അവൻ മാളവികയുടെ അമ്മ പറഞ്ഞതെല്ലാം വിശദീകരിച്ചു പറഞ്ഞു. കുഞ്ഞിമാളുവിന്റെ മുഖം തുടുത്തു. കണ്ണുകളിൽ കോപം ചേക്കേറുന്നത് കണ്ടു. "അമ്മയല്ലല്ലോ ..

ഞാനല്ലേ മായകണ്ണനെ കല്യാണം കഴിക്കുന്നത് .. പിന്നെ എന്റെ കണ്ണൻ മന്ദനും അല്ല.. സാധാരണ ബുദ്ധിയേക്കാൾ അൽപ്പം കുറവുണ്ട് ..അതിനെന്താ എനിക്കിത്തിരി ബുദ്ധി കൂടുതലാണല്ലോ. അതു മതി.. എന്റെ അച്ഛൻ വാക്കു തന്നിട്ടില്ലേ കണ്ണേട്ടന്.. അത് വിശ്വസിച്ചാൽ മതി" " അച്ഛൻ മരിച്ചു പോയില്ലേ.. " അവന്റെ കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടു.ഹൃദയത്തിൽ ഒരു മുള്ളു കമ്പി കൊണ്ടുരഞ്ഞ വേദന തോന്നി കുഞ്ഞിമാളുവിന്. " ഞാൻ മരിച്ചിട്ടില്ലല്ലോ .. അതുപോരേ.. " അവൾ അവന്റെ വലതു കൈപ്പടമെടുത്ത് അതിൻമേൽ ചുംബിച്ചു. " നോക്കൂ മായക്കണ്ണാ .. അങ്ങില്ലാതെ ഈ രാധയില്ല .. " അവന് ചിരി വന്നു. " പക്ഷേ..എനിക്കു പഠിക്കണം.. കുറേ പഠിക്കണം.. പഠിച്ച് ഒരു ജോലി വാങ്ങണം. എന്നാലേ നമുക്ക് സുഖമായി ജീവിക്കാൻ കഴിയൂ.. മായക്കണ്ണൻ ചിത്രം വരച്ച് കിട്ടുന്ന പണം കൊണ്ട് നമുക്ക് ജീവിക്കാൻ കഴിയില്ല.. മനസിലായോ .. നമുക്ക് കുട്ടികൾ ഒക്കെ ഉണ്ടാവില്ലേ. അവരെ നോക്കണ്ടേ... അതു കൊണ്ടാണ്. " "കുഞ്ഞിമാളു പഠിച്ചോളു" അവൻ പറഞ്ഞു. ആ മുഖത്ത് നിലാപ്പൂത്തിരി കത്തുന്ന തെളിച്ചം. എന്തൊരു ഭംഗിയാണ്... പൗരുഷത്തിന്റെ എല്ലാ അഴകടയാളങ്ങളും ഉണ്ട്. ബുദ്ധി മാത്രം അൽപ്പം കുറഞ്ഞു പോയി. അതു കണ്ടാൽ തോന്നില്ല. കുട്ടിക്കാലത്ത് നല്ല ബുദ്ധി ഉള്ള കുട്ടിയായിരുന്നു എന്ന് ലച്ചമ്മ പറഞ്ഞിട്ടുണ്ട്. ഏഴെട്ട് വയസുണ്ടായിരുന്നപ്പോൾ ഒരിക്കൽ നല്ലൊരു പനി വന്നു .ഫിറ്റ്സും ഉണ്ടായി... അതിനു ശേഷമാണ് ഇങ്ങനെയായത്.. ആ പനി വന്നില്ലായിരുന്നെങ്കിൽ.. എന്നാൽ മായക്കണ്ണനെ തനിക്കു കിട്ടില്ലായിരുന്നു ..അത്രയ്ക്ക് മിടുക്കനായേനെ.. അൽപ്പം ബുദ്ധി കുറഞ്ഞു.അതിനെന്താണ് .. സ്നേഹിക്കാൻ നല്ലോണം അറിയാം. ഹൃദയം പറിഞ്ഞു പോവുന്ന ആഴത്തിൽ സ്നേഹിക്കാനറിയാം.അതു പോരെ. വലിയ മഹത്വം പറയുന്ന അമ്മയുടെ ജീവിതം എന്തായിരുന്നു .. കൃഷിക്കാരനായിരുന്ന തന്റെ പാവം അച്ഛനെ ഒരിക്കൽ എങ്കിലും സ്നേഹിച്ചിട്ടുണ്ടോ അമ്മ ..ഒരു ഭാര്യയിൽ നിന്ന് കിട്ടേണ്ട നനേഹവും പരിഗണനയും കൊടുത്തിട്ടുണ്ടോ..

എല്ലാം ഔദാര്യമായിരുന്നു. ഒരു നേരത്തെ ഭക്ഷണം എടുത്ത് കൊടുക്കുന്നത് പോലും. .. രണ്ടു കുട്ടികൾ ഉണ്ടായത് പോലും ആ ഔദാര്യം കൊണ്ടാവണം. അച്ഛന്റെ ക്ഷമാശീലമാണ് ഇത്രയും കാലം ആ ദാമ്പത്യം നീളാൻ ഇടയാക്കിയത്. സർക്കാർ ജോലിക്കാരിയുടെ എല്ലാഹുങ്കും അവർക്കുണ്ടായിരുന്നു. ഈ നാട്ടിൻപുറത്തേക്ക് വരാനിടയായതിൽ അമ്മ ഇന്നും ഖേദിക്കുന്നു. അമ്മയുടെ സ്വഭാവമുള്ള ഒരു മകളെയും കിട്ടി. മീര. മീര ചേച്ചി. തനിക്കെന്തായാലും അച്ഛന്റെ സ്വഭാവമാണ്. തന്റെ സിരകളിൽ ആ രക്തമാണ് ഒഴുകുന്നത്. അച്ഛന് കണ്ണേട്ടനെ ഇഷ്ടമായിരുന്നു. ഒരിക്കലും കടം വീട്ടാതെ പോയ ഒരു ബന്ധം തന്നിലൂടെ ചേർത്തുവെക്കാൻ അച്ഛൻ മോഹിച്ചിരുന്നു. ഒരിക്കൽ വാക്ക് കൊടുത്തിട്ട് പാലിക്കാൻ പറ്റാതെ പോയ ഒരു ബന്ധമായിരുന്നു അത്. ലക്ഷ്മി എന്ന പെൺകുട്ടിയ്ക്ക് അച്ഛൻ നൽകിയ വാക്ക് .. പിന്നീട് അവളുടെ മകനെ തന്റെ മകൾ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു. അരികിൽ വിളിച്ചിട്ട് ഒന്നേ പറഞ്ഞുള്ളു " മോള് അവനെ നിരാശപ്പെടുത്തരുത്. എന്നെപ്പോലെ എന്റെ കുട്ടീടെ ജീവിതത്തിൽ ഒരു ശാപം വീണു കിടക്കരുത്" "എനിക്ക് എന്റെ അച്ഛന്റെ അനുഗ്രഹം മതി" അവൾ പറഞ്ഞു. "മായകണ്ണൻ അറിഞ്ഞോ.. പ്ലസ്ടുവിന്റെ റിസൽട്ട് വന്നു.ഞാൻ പ്രതീക്ഷിച്ചത്ര മാർക്കൊന്നും ഇല്ല.. ഇപ്പോൾ എല്ലായിടത്തും കോംപറ്റിഷനാ.. മൂന്ന് എ പ്ലസ് ഒക്കെ കൊണ്ട് ഒരു കാര്യവും ഇല്ല .. എന്താ ചെയ്യണ്ടതെന്ന് എനിക്കറിയില്ല. പഠിച്ചേ തീരൂ..ഇല്ലെങ്കിൽ നമ്മുടെ ജീവിതം തോറ്റു പോകും.. ചിലപ്പോൾ ഞാൻ ടൗണിലേക്ക് മാറും.. അപ്പോൾ വിഷമിക്കരുത്. എല്ലാ ആഴ്ചയും ഞാൻ വരും .. ഇയാളെ കാണാൻ " ആ മുഖത്തെ വിളക്കണഞ്ഞു. "മായ കണ്ണന് എന്നെ കല്യാണം കഴിച്ചാൽ മാത്രം മതിയോ.. നമുക്ക് നന്നായി ജീവിക്കണ്ടേ.. അതിന് പൈസ ഒരുപാട് വേണം .. അതിനാണ് പഠിച്ച് ജോലി വാങ്ങുന്നത് .. ഒന്നും മനസിലായില്ലാന്ന് വെച്ചാൽ കഷ്ടമാണ് " അവളുടെ നിരാശ ഭാവം കണ്ട് കണ്ണന് വിഷമമായി. " എല്ലാം കുഞ്ഞിമാളു പറയുന്നത് പോലെ ചെയ്തോളു " അവൻ പറഞ്ഞു.

''നല്ല കുട്ടി" അവൾ തുള്ളിച്ചാടി. മായ കണ്ണന് കവിളിൽ ഒരുമ്മ കൂടി കിട്ടി. " ഞാൻ പോവാട്ടോ .. പിന്നെ കാണാം.. " അവൾ ഓടിപ്പോയി. വീടിന് താഴെ എത്തിയപ്പോഴേ കണ്ടു. മുറ്റത്ത് ഒരു അപരിചിതമായ കാർ. ആരോ വന്നിട്ടുണ്ട്. ഇന്ന് അവധി ദിവസമായതുകൊണ്ട് അമ്മ ജോലിയ്ക്ക് പോകുന്നുണ്ടാവില്ല. അവൾ അടുക്കള വഴി അകത്ത് കയറി. അകമുറിയിൽ നിന്ന് ശ്രീവിദ്യ ഒരുങ്ങുന്നു . അരക്കെട്ടൊതുങ്ങി വീണക്കുടം പോലെ നിറഞ്ഞ നിതംബമുള്ള മെലിഞ്ഞു നീണ്ട ആകർഷകമായ ദേഹത്ത് ചാണക പച്ച നിറമുള്ള പട്ടുസാരി ചുറ്റിയിരിക്കുന്നു. എത്ര മനോഹരിയാണ് അമ്മ. നോക്കി നിന്നു പോയി. ചൂണ്ടുവിരലറ്റം കൊണ്ട് കണ്ണുകളെഴുതിയിട്ട് അവർ മകളെ നോക്കി. ആ കണ്ണുകളിൽ വശ്യമായൊരു നിഗൂഢത കണ്ടു അവൾ. "ആരാ വന്നത് " അവൾ ചോദിച്ചു. " അമ്മമ്മയോട് ചോദിക്ക്" ശ്രീവിദ്യ പറഞ്ഞു.. അമ്മ പറഞ്ഞു തരും.. " ആ പറച്ചിലിലും ഉണ്ട് ഒരു രഹസ്യ ഭാവം. അവൾ അമ്മമ്മയെ തേടിച്ചെന്നു. താടിയ്ക്ക് കൈ കൊടുത്ത് അന്തിച്ചു നിൽക്കുകയായിരുന്നു അവർ. "ആരാ അമ്മമ്മേ വന്നത് " അവൾ അടുത്തുചെന്നു. "പെണ്ണുകാണാൻ വന്ന കൂട്ടരാ മോളേ " അവർ പറഞ്ഞു. മാളവിക ഞെട്ടിപ്പോയി. അമ്മ തന്നെ മായകണ്ണന് കൊടുക്കില്ലെന്ന് പറഞ്ഞത് ഇങ്ങനെ ഒരുദ്ദേശ്യം മനസിൽ വെച്ചാണോ. " നടക്കില്ലിത്.. ഒരിക്കലും നടക്കില്ല" അവൾ അറിയാതെ പൊട്ടിത്തെറിച്ചു പോയി. അമ്മമ്മ വിവർണമായ മുഖത്തോടെ അവളെ നോക്കി. " ആരെതിർത്താലും അവൾ അയാളെ കെട്ടും മോളേ.. അവളും അയാളും തമ്മിൽ കുറേക്കാലമായി ഇഷ്ടത്തിലായിരുന്നത്രേ. അപ്പു മരിക്കും മുമ്പേ ഉണ്ടായ ബന്ധമാണെന്നാ തോന്നുന്നത് " അമ്മമ്മ അടക്കം പറഞ്ഞു. "എന്താ പറഞ്ഞെ. " അവൾ അക്ഷരാർത്ഥത്തിൽ ഇപ്പോഴാണ് ഞെട്ടിയത്. "അവൾക്ക് ഭ്രാന്താണ്. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട് " .അമ്മമ്മ പിറുപിറുത്തു. "ഏതാള്.." മാളവിക കത്തി ദഹിച്ചു. അപ്പോഴത്തെ ദേഷ്യത്തിന് തീപിടിച്ചത് പോലെ അവൾ ഉമ്മറത്തേക്കുള്ള വാതിലിന് നേരെ ഓടി. അവിടെ മൂന്നാല് പേർ ഇരിപ്പുണ്ടായിരുന്നു. മൂന്ന് പുരുഷൻമാരും ഒരു പ്രായമായ സ്‌ത്രീയും. "ആഹാ.. കുഞ്ഞിമാളൂ" അതിൽ തടിച്ച് വെളുത്തൊരു മധ്യവയസ്ക്കൻ അവളെ നോക്കി വാത്സല്യത്തോടെ വിളിച്ചു. (തുടരും)

Share this story