ദൂരെ: ഭാഗം 10

Dhoore

രചന: ഷൈനി ജോൺ

ബാംഗ്ലൂർ നഗരം എല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു മാളവികയ്ക്ക് .. അമ്പലക്കുന്ന് വിട്ടാൽ സ്ക്കൂൾ സ്ക്കൂൾ വിട്ടാൽ അമ്പലക്കുന്ന് എന്ന് ഒതുങ്ങി ജീവിച്ചവൾക്ക് ആൾത്തിരക്കൊഴുകി പോകുന്ന ഈ നഗരം അത്ഭുതമാകാതിരിക്കുന്നതെങ്ങനെ.. ഇലക്ട്രോണിക് സിറ്റിയിലാണ് മാധുരി താമസിക്കുന്നത്. മെയിൻ റോഡിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം അകലെ ഒരു പോക്കറ്റ് റോഡിലേക്ക് മുഖാമുഖം നിൽക്കുന്ന ഭംഗിയുള്ള ഇരുനില ഫ്ളാറ്റ്. പത്മം ഫ്ളാറ്റിന്റെ പേര് ഗേറ്റിൽ പേര് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ലാറി ബേക്കർ നിർമിതി എന്നു തോന്നുന്ന ശൈലി. ഒരു ആന്റിക്ക് ലുക്കാണ് ആ ഫ്ളാറ്റിന് . വലുപ്പം കുറഞ്ഞ മുറ്റത്ത് പല നിറത്തിൽ വിടർന്നു നിൽക്കുന്ന ചെറുതും വലുതുമായ പനിനീർപ്പൂക്കൾ. ഇരുട്ടു പരക്കാനായത് കൊണ്ട് അതിന്റെ മനോഹാരിത കാണാൻ കഴിഞ്ഞില്ല. മാധുരി ചെന്ന് വൈദ്യുത വിളക്കുകൾ തെളിച്ചപ്പോൾ മാളവിക അത്ഭുതപ്പെട്ടു പോയി. നീലയും കറുപ്പും നിറമുള്ള റോസാപ്പൂക്കൾ അവൾ ആദ്യമായി കാണുകയായിരുന്നു.

അന്തരീക്ഷത്തിന് വല്ലാത്തൊരു സുഗന്ധം. മാളവിക മൂക്കുവിടർത്തി ആസ്വദിച്ചു. " പാരിജാതം, പവിഴമല്ലി ,കല്യാണ സൗഗന്ധികം :.. ചെമ്പകം, ലാങ്കിലാങ്കി .. പോരേ... സുഗന്ധത്തിന് ..." മാധുരി ചിരിച്ചു. "ചെടികൾ എന്റെ ഒരു വീക്നെസാണ്.ചെറുപ്പം മുതൽ .. " അവൾ വാതിൽ തുറന്നു. മനോഹരമായ അകത്തളം . പേരിനു മാത്രം ഫർണിച്ചറുകൾ ഓപ്പൺപ്ലേന്നാണ് അധികവും. "ഇവിടെ ഞാനും നീയും നമ്മുടെ സെർവന്റ് ഷീല ചേച്ചിയും മാത്രമേ കാണൂ.. "മാധുരി പറഞ്ഞു. "എന്റെ അച്ഛനും അമ്മയും സെപ്പറേറ്റണ്. അച്ഛൻ ഓസ്ട്രേലിയയിൽ ഒരു മദാമ്മയെ കെട്ടി ജീവിക്കുന്നു. അമ്മ മടിവാളയിൽ ഒരു ഓൾഡ് ഏജ് ഹോം നടത്തുന്നു. മിക്കപ്പോഴും അവിടെയായിരിക്കും. വല്ലപ്പോഴുമേ ഇവിടേക്ക് വരൂ " മാധുരി പറഞ്ഞു. "ഇവിടെയൊക്കെ വീടുകൾ കുറവാണ്. ഇതു പോലെ ഫ്ളാറ്റുകളാണ് അധികവും. അച്ഛൻ ഈ ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. എൻ്റെ പേരിൽ എഴുതി വെച്ചപ്പോൾ ഞാൻ എല്ലാവരെയും പറഞ്ഞു വിട്ടു. പ്രൈവസി ആരാ ആഗ്രഹിക്കാത്തത്. ഇതീ വഴി അവസാനിക്കുന്നിടത്തെ ലാസ്റ്റ് കെട്ടിടമായതു കൊണ്ട് ഒറ്റപ്പെട്ടല്ലേ നിൽപ്പ്.. അതു കൊണ്ട് ഇവിടെ ആരും നമ്മളെ ശ്രദ്ധിക്കാനില്ല ." മാധുരിയുടെ വാക്കുകൾ മാളവികയെ ആശ്വസിപ്പിച്ചു.

മറ്റാരുടെയെങ്കിലും സാന്നിധ്യം തന്നെ അലോസരപ്പെടുത്തുകയില്ലല്ലോ. " നീ ചെന്ന് കുളിച്ച് വിശ്രമിക്ക് .. ഞാൻ ഓൺ ലൈനിൽ ഫുഡ് ഓർഡർ ചെയ്യാം.. ഇത്രയും ദിവസം മാറി നിന്നതിന്റെ ക്ഷീണം തീരാൻ ഇനി ഹാഡ് വർക്ക് ചെയ്യണം.. എന്നാലേ പറ്റൂ.. പിന്നെ.. നീയുണ്ടല്ലോ സഹായത്തിന് .അല്ലേ മാളൂ" മാധുരി അവളെ താഴെ നിലയിലെ ഒരു റൂമിലേക്ക് കൊണ്ടുപോയി. വിശാലമായ റൂം .. മനോഹരമായ അലങ്കാര പണികൾ .. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. "ഇതാണ് ഇനി നിന്റെ റൂം.. കുഞ്ഞിമാളുവിന് ടെൻഷനൊന്നും വേണ്ട. നേരെ അടുത്ത റൂം എന്റെയാണ്. ഖിളിച്ചാൽ മതി.. കേട്ടോ.. " "എനിക്ക് ഇവിടെ ഒരു ടെൻഷനും ഉണ്ടാവാൻ സാധ്യതയില്ല." മാളവിക മാധുരിയെനോക്കി ചിരിച്ചു. "ഒന്നുറങ്ങണം. സമാധാനമായിട്ട്.. ". " ആദ്യം കുളിച്ചു വാ പെണ്ണേ "മാധുരി അവളെ ബാത്റൂമിലേക്ക് പറഞ്ഞയച്ചു. പിന്നെ ചൂലുമായി വന്ന് റൂം അടിച്ചുവാരി വൃത്തിയാക്കി. ബെഡിൽ പുതിയ വിരികൾ ഇട്ടു. നിലം തുടച്ചു. അപ്പോഴേക്കും ഫുഡ് എത്തി. മാധുരിയും ഫ്രഷായി വന്നപ്പോഴേക്കും മാളവിക എത്തി. "നല്ല പൊരിച്ച മീനും ബീഫ് കറിയും അടങ്ങുന്ന കുത്തരിച്ചോറ് .. പോരേ... "മാധുരി ഭക്ഷണം വിളമ്പിക്കൊണ്ടു ചോദിച്ചു.

" അതു തന്നെ ആർഭാടമായി "പറഞ്ഞെങ്കിലും നല്ല വിശപ്പുണ്ടായിരുന്നു മാളവികയ്ക്ക് . അവൾ ഏറെ ദിവസങ്ങൾക്ക് ശേഷം രുചിയോടെ ഭക്ഷണം കഴിച്ചു. മീൻ വറുത്തത് മായക്കണ്ണന് ഒരു പാട് ഇഷ്ടമായിരുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു. മാധുരി അതു കണ്ടു . നാട്ടിൽ നിന്നു പോന്നതിന്റെ വിഷമം മാറിയിട്ടില്ലെന്ന് തോന്നുന്നു. മായക്കണ്ണനെ വിട്ടു പോന്നതുകൊണ്ടാണോ. അതോ ജി.കെ പിന്തുടർന്നു വരമെന്ന ഭയം കൊണ്ടോ? അവൾക്ക് സഹതാപം തോന്നി. "നീയതൊക്കെ വിടൂ പെണ്ണേ ".മാധുരി ശാസിച്ചു. " സെന്റിമെൻസ് എന്ന ഒരൊറ്റ സാധനമാ മനുഷ്യനെ നശിപ്പിക്കുന്നത് .. നീ ചിന്തിച്ചു നോക്ക് ജീവിതകാലം മുഴുവൻ മദ്യപിച്ചു വന്നു തന്നെ ചവിട്ടുന്ന ഭർത്താവിനെ പേടിച്ച് ചില ഭാര്യമാർ കഴിയുന്നു.. എന്താ കാര്യം.. താലികെട്ടിയവനല്ലേ.. കുഞ്ഞുങ്ങളുടെ അച്ഛനല്ലേ..

കാമുകന്റെ സ്വഭാവം മോശമായിട്ടും കാമുകി കൂടെ ഇറങ്ങിപ്പോകുന്നു. കാരണം എന്നോട് സ്നേഹമല്ലേ.. എല്ലാം പ്രണയം കൊണ്ടല്ലേ .. ഇവിടെ നീയിരുന്ന് മോങ്ങുന്നു... എന്താ പ്രയോജനം .. സ്വന്തം ജീവിതം നശിപ്പിച്ചു കൊണ്ടുള്ള സെന്റിമെൻസിന് എന്താ പ്രയോജനം".? മാളവികയുടെ പകച്ച നോട്ടം കണ്ടപ്പോൾ അവൾ തെല്ല് ഭയന്നുവെന്ന് തോന്നി. തന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടത് കുരിശായി എന്ന് തോന്നിക്കാണുമോ? അവളെ സ്വാന്തനിപ്പിക്കാനായി മാധുരി അവളുടെ പ്ലേറ്റിലേക്ക് അൽപ്പം കൂടി മീൻ കറി ഒഴിച്ചു. "വെറുതേ ടെൻഷനാവരുത് .. സംഭവിച്ചതെല്ലാം നല്ലതിന് എന്നാണല്ലോ.. ഒന്നും ഒന്നിന്റെയും അവസാനമല്ലെന്ന് ആദ്യം മനസിലാക്കണം.. മായക്കണ്ണൻ നിന്നിലേക്ക് തിരിച്ചു വരികയാണെങ്കിൽ വരട്ടെ.. ദിവ്യയെ കല്യാണം കഴിക്കുന്നെങ്കിൽ കഴിക്കട്ടെ.. നിനക്ക് പിന്നെയും ലൈഫ് കിടക്കുന്നു.. ആത്മഹത്യ ചെയ്യുക ഒരു ഓപ്ഷനല്ല... കുഞ്ഞിമാളു കേട്ടിട്ടില്ലേ.. വയലിൽ ഒരു പുല്ലുണ്ടാകുന്നു. ഒരു പൂവുണ്ടാകുന്നു.. എത്രയാ ആയുസ് ...

ഏതാനും ദിവസങ്ങൾ മാത്രം. മനുഷ്യനും അതുപോലെ ഏതാനും ദിവസങ്ങൾ ..... ഏതാനും വർഷങ്ങൾ ഇവിടെ ജീവിക്കുന്നു... പൂ കൊഴിയുന്നത് പോലെ കൊഴിയുന്നു... അതിനിടെ ഉണ്ടാകുന്ന ചെറുതും വലുതുമായ അനുഭവങ്ങളെയാണ് ജീവിതം എന്നു വിളിക്കുന്നത് .. ചിലത് സന്തോഷം തരും..ചിലത് ദു:ഖവും .. മനുഷ്യരായിരിക്കുമ്പോൾ മാത്രമേ ഇതൊക്കെ അനുഭവിക്കാൻ സാധിക്കൂ.. എത്ര ചുരുങ്ങിയ കാലഘട്ടം ..അങ്ങനെ ചിന്തിക്കുമ്പോൾ ദു:ഖം പോലും സുഖമുള്ള ഒരു വികാരമാണ്... ഒടുവിൽ വെറും പൊടിയായി തീരുന്ന മനുഷ്യൻ... അവൻ ദുഃഖിച്ചാലെന്ന് ... സന്തോഷിച്ചാലെന്ത്... ഇപ്പോൾ ഈ നിമിഷം പോലും പ്രപഞ്ചം നമുക്ക് അനുവദിച്ചു തന്ന ബോണസാണ് .. തൊട്ടടുത്ത നിമിഷം ഞാനോ നീയോ മരിച്ചു പോവില്ലെന്ന് ആരറിഞ്ഞു. അതു കൊണ്ട് കുഞ്ഞിമാളൂ .. നമുക്കു കിട്ടുന്ന ഓരോ സെക്കന്റും അമൂല്യമാണ്.. അത് കഴിയുന്നത്ര പ്രസന്നമായി സ്വീകരിക്കുക... ആനന്ദത്തോടെ വരവേൽക്കുക .. മനസിലായോ" മാളവിക കൗതുകത്തോടെ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എത്ര ആർജവത്തോടെയാണ് മധു ചേച്ചി സംസാരിക്കുന്നത് .. എത്രമാത്രം സത്യങ്ങൾ .. തൊട്ടടുത്ത നിമിഷം ജീവനോടെ അവശേഷിക്കുമോ എന്നറിയാത്ത താൻ മായക്കണ്ണനെ ഓർത്ത് വിലപിക്കുന്നത് എന്തിന്.

മായക്കണ്ണൻ തനിക്കുള്ളതാണെങ്കിൽ അമ്പലക്കുന്ന് കണ്ണൻ കൊണ്ടുവരും.തന്റെ കൈവെള്ളയിൽ വെച്ചു തരും.. അതല്ലെങ്കിൽ ദു:ഖിച്ചു തീർക്കരുത്.. വ്യസനം ഉണ്ടായേക്കും. ഹൃദയം തകർന്ന വേദന അനുഭവിക്കേണ്ടി വരും..പക്ഷേ അതൊന്നും ഇതുവരെ ഒരാളും അനുഭവിക്കാത്തതല്ലല്ലോ. തന്റെ ജീവിതത്തിൽ മായക്കണ്ണന്റെ റോൾ തീർന്നെന്നു കരുതുക. സ്വന്തം കാലിൽ നിൽക്കാൻ ഒരു വഴി കണ്ടെത്തുക. ജീവിതം മുന്നിൽ കടന്ന് പോകട്ടെ... ഒപ്പം നടന്നെത്തണം .. അതിന് പ്രാപ്തി വേണം. വഴിയിൽ ഉപേക്ഷിച്ചതും നഷ്ടപ്പെട്ടതുമായ ഒന്നിനെയും തിരിഞ്ഞു നോക്കരുത്.. മുന്നോട്ട് പോകുക .. മുന്നോട്ട് ... ഒടുവിൽ യാത്ര തീരുമ്പോൾ കാലുകളിടറും .. കുഴഞ്ഞ് വീഴും.. ജീവിതത്തോട് അവസാനമൊഴിചൊല്ലി നിത്യതയിലേക്ക് കടന്നു പോകും. അതിനിടയിൽ അനുഭവിച്ച ദു:ഖങ്ങൾ പോലും പ്രിയമായിരുന്നുവെന്ന് മരണവും ജീവിതവും മുഖാമുഖം നോക്കി നിൽക്കുമ്പോഴാണറിയുക. മരണദൂതൻ ചുണ്ടിലൂറിയ ചിരിയോടെ കരിന്തിരി കത്തുന്ന ജീവിത നാളം ഊതിക്കെടുത്തുമ്പോൾ ഇതിലുമെത്രയോ നന്നായി ജീവിക്കാമായിരുന്നുവെന്ന് തീർച്ചയായും തോന്നും. എന്തിനാണ് ഈ ദു:ഖങ്ങളെല്ലാം വാരിവലിച്ചിട്ട് ശ്വാസം മുട്ടിയത്. എത്രയെത്ര ആനന്ദ തീരങ്ങൾ നിനക്കു മുന്നിൽ വാതിൽ തുറന്നിട്ടിരുന്നു..

നിനക്കോ നീ വലിച്ചിട്ട ദുഃഖങ്ങളുടെ കറുപ്പിൽ ചുറ്റുമൊന്നും കാണാനായില്ല... അതൊരു വലിയ തെറ്റാണ്. ഓരോ സങ്കട പെയ്ത്തിനും ശേഷം സന്തോഷത്തിന്റെ വസന്തം പൂവിടാറുണ്ട്.. കണ്ണീർ നദിയിൽ നിന്നെ തന്നെ ഒഴുക്കി കളഞ്ഞാൽ പിന്നെ ആഹ്ളാദത്തിന്റെ പൂമൊട്ടുകളെ എങ്ങനെ കാണാൻ കഴിയും.. നീ അനുഭവിച്ച വേദനകൾ നിന്റെ ജീവിതത്തെ പാകപ്പെടുത്തുകയാണ് വേണ്ടത്. നീ അവയെ മറന്നുകളയുമ്പോൾ അവയ്ക്ക് നിന്നെ പിന്തുടരാൻ കഴിയാതെയാദ്യം .. മാധുരി തലേന്നാൾ മുഴുവൻ ആശ്വസിപ്പിച്ച വാക്കുകൾ.. മായക്കണ്ണനെ മറന്നു കളയാൻ തനിക്കാവില്ല. പക്ഷേ മായക്കണ്ണന്റെ ഓർമകൾ പകരുന്ന നോവുകൾ അവഗണിച്ചേ പറ്റൂ.. ഇതു തന്റെ ജീവിതമാണ്. ഏതോ ഒരു അജ്ഞാത ശക്തി കൈപിടിച്ച് നയിക്കുന്നു. വേദനകളെ പിന്നിൽ ഉപേക്ഷിച്ച് നടന്നു പോകണം.. കണ്ടു മറക്കാത്ത സ്വപ്നമായി കഴിഞ്ഞ കാലത്തെ വലിച്ചെറിഞ്ഞേക്കണം. " ഫുഡ് കഴിച്ചു കഴിഞ്ഞെങ്കിൽ കൈ കഴുകി പോയി കിടന്ന് ഉറങ്ങു കുഞ്ഞിമാളൂ ..

യാത്രാ ക്ഷീണമില്ലേ നിനക്ക്" മാധുരിയുടെ ശാസന കേട്ടപ്പോൾ ചിന്തകളിൽ നിന്ന് മുക്തയായി. പാത്രം കഴുകി തുടച്ച് വെച്ചിട്ട് റൂമിലേക്ക് പോന്നു.എ.സി തീരെ കുറച്ച് വെച്ച് ചെന്നു കിടന്നു. "നീയെന്നെ വിട്ടുപോകരുത് കുഞ്ഞിമാളൂ" കാതിൽ അമ്മയുടെ കരച്ചിൽ. " മീര മോളേക്കാൾ ഞാൻ സ്നേഹിച്ചു വളർത്തിയ കുട്ടിയാണ് നീ..". സാരിത്തലപ്പു കൊണ്ട് മുഖം പൊത്തി തേങ്ങുന്ന അവരെ അവജ്ഞയോടെ നോക്കി. " ആർക്കു വേണ്ടിയാണ് അമ്മയുടെ കരച്ചിൽ. ഭർത്താവിന് വേണ്ടിയോ.. അയാൾക്ക് എന്നോട് മറ്റൊരു കണ്ണുണ്ടെന്ന് ഒരിക്കലും വിശ്വസിക്കാത്ത നിങ്ങൾക്കൊപ്പം ഞാൻ കഴിയണം അല്ലേ". " കുഞ്ഞിമാളൂ" അമ്മയ്ക്ക് തീ കത്തിയ ഭാവം "പെറ്റ വയറിനെ പരിഹസിച്ച് നീ പോകുന്നു ... അതും ഇന്നലെ കണ്ട ഈ ഇളക്കക്കാരിയുടെ കൂടെ . എന്തു വിശ്വസിച്ച് ... എന്തെല്ലാം കള്ളക്കഥകൾ നീ മെനഞ്ഞു... ഈ പാവം മനുഷ്യനെ കുറിച്ച്... ഓരോ വട്ടവും ഞാനത് ക്ഷമിച്ചു. നിന്റെ അമ്മയായതു കൊണ്ട് " ജി.കെയെ പിടിച്ചുലച്ച് കൊണ്ടാണ് പറയുന്നത്. ഒപ്പം കരച്ചിലും

"നിങ്ങൾക്കിടയിലെ പ്രശ്നം ഞാനാണെങ്കിൽ ഞാൻ പൊയ്ക്കോളാം. എനിക്ക് വിദ്യയുടെ ഭർത്താവായി തുടരണമെങ്കിൽ ഈ വീട്ടിൽ കഴിയണമെന്ന് നിർബന്ധമില്ലല്ലോ " ജി.കെ മുന്നോട്ടുവന്നു. "ഈ നിമിഷം ഞാനിറങ്ങാം. കുഞ്ഞിമാളു എന്തു പറയുന്നു " ? അയാളുടെ ഭാവം കണ്ടപ്പോൾ മുഖം നോക്കി ആട്ടാനാണ് തോന്നിയത്. "ഏതു നിമിഷവും നിങ്ങൾക്കു തിരിച്ചു കയറി വരാമെന്നു എനിക്കറിയാം ജി.കെ .. എന്റെ കൺവെട്ടത്തു പോലും നിങ്ങൾ ഉണ്ടാവരുത്." ബാഗെടുത്ത് ഇറങ്ങിയപ്പോൾ ചുവരിലെ ഫോട്ടോയിലിരുന്ന് അച്ഛൻ പുഞ്ചിരി തൂകുന്നു. കണ്ണുകൾ നിറഞ്ഞു പോയി. അച്ഛാ.. അച്ഛന്റെ പൊന്നുമോൾ പടിയിറങ്ങുന്നു.കൂടെ ഉണ്ടാവണേ കുഞ്ഞിമാളുവിനൊപ്പം.. " ഏങ്ങലടിച്ച് കരഞ്ഞപ്പോൾ മാധുരി ബാഗുകൾ വാങ്ങി. "ഇനി നിന്നു മോങ്ങിയിട്ട് ആരെ കാണിക്കാനാ... നീ നടക്ക്." "എടീ ഭൂലോക രംഭേ.. എന്റെ മോളെ തിരിച്ചു കിട്ടാൻ ഞാൻ ഹേബിയസ് കോർപസ് ഹർജി കൊടുക്കും: "പിന്നിൽ നിന്നും ഭീഷണി കേട്ട് മാധുരി നിന്നു.പിന്നെ മുഖം തിരിച്ച് അവരെ നോക്കി. "നേരാണോ ജി.കെ ..? ഏയ്.. അതിനുള്ള ധൈര്യം ജi കെയ്ക്ക് ഉണ്ടാവില്ലെന്നറിയാം".മാധുരിയുടെ ചോദ്യശരമേറ്റ് അയാൾ വിവർണതയോടെ നിന്നു.

അമ്പലക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ വയൽപരപ്പിന് അതിരിലൂടെയുള്ള റോഡിലൂടെ ഓട്ടോയിൽ വരുമ്പോൾ കണ്ടു വയൽ വരമ്പിലൂടെ നടന്നു വരുന്നു മായക്കണ്ണൻ .ഒപ്പം അവളും. ദിവ്യ. ദിവ്യ മായക്കണ്ണന്റെ കൈ പിടിച്ചിട്ടുണ്ട്. മായക്കണ്ണൻ അവളുടെ കാറ്റിൽ പറക്കുന്ന മുടിയിഴകള വലിച്ചു നീട്ടി നോവിക്കുന്നുണ്ട്.. " വിടൂ മായക്കണ്ണാ ..നോവില്ലേ കുഞ്ഞിമാളുവിന് " ഓർമയിലേക്ക് വീണു പോയി. തിരിഞ്ഞ് നിന്ന് ദേഷ്യപ്പെടുമ്പോൾ മുഖത്തു നോക്കി നിഷ്ക്കളങ്കമായ ഒരു ചിരിയുണ്ട്.. " ഇപ്പോഴാ കുഞ്ഞിമാളുവിനെ കാണാൻ ഏറെ ചന്തം‌ ." തിരിഞ്ഞു തിരിഞ്ഞു നോക്കി..... ആ കാഴ്ച കണ്ണിൽ നിന്നു മറഞ്ഞു. കണ്ണുനീർ കുതിച്ചൊഴുകിമാറിലേക്ക് വീണുകൊണ്ടിരുന്നു. എന്റെ മായക്കണ്ണൻ കുഞ്ഞി മാളുവിന്റെ മാത്രം മായക്കണ്ണൻ. മന്ദൻ ചെക്കന്റെ കാമുകി എന്ന് എത്ര ആക്ഷേപം കേട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ... അയ്യേ.. മന്ദന്റെ പെണ്ണ് ...പൊട്ടന്റെ പെണ്ണ്.. നിനക്കു വേറെ ആരെയും കിട്ടീലല്ലേ.. "എനിക്കെന്റെ മായക്കണ്ണൻ മതി. " എത്ര ആനന്ദത്തോടെയാണ് പറഞ്ഞത് ... എന്റെ മായക്കണ്ണൻ.. അമ്പലക്കുന്ന് കണ്ണൻ കൈവെള്ളയിൽ വെച്ചു തന്ന മായക്കണ്ണൻ. ഓട്ടോയിൽ നിന്നും ഓടിയിറങ്ങിച്ചെന്ന് അവളുടെ കഴുത്ത് ഞെരിച്ചു കൊല്ലാൻ തോന്നി.

ശ്വാസം മുട്ടി ചാകണം അവൾ .. ദിവ്യ. തന്റെ മായക്കണ്ണനെ തട്ടിയെടുക്കാൻ നോക്കിയ തെറ്റിന് മരണമാണ് ശിക്ഷ .എന്നിട്ട് മായക്കണ്ണന്റെ കൈ പിടിച്ച് ആരുമറിയാത്തൊരു ലോകത്തിലേക്ക് ഓടിപ്പോകണം.. മാധുരി കാരുണ്യത്തോടെ ചുമലിൽ കൈവെച്ചു. ഒന്നും മിണ്ടിയില്ല. കരഞ്ഞു.. കരഞ്ഞു തീർത്തോളാൻ പറഞ്ഞു മാധുരി പിന്നെ ഒന്നുകൂടി പറഞ്ഞു. ''മായകണ്ണൻ വിധി ഉണ്ടെങ്കിൽ നിന്നിലേക്ക് തിരിച്ചു വരും. ദു:ഖങ്ങൾക്ക് കുടിയിരിക്കാൻ നീ നിന്നെ വിട്ടു കൊടുക്കരുത് കുഞ്ഞിമാളൂ" ഓർമകളിൽ നൊന്ത് മാളവികയുടെ മിഴികൾ അടഞ്ഞു.അതിഗാഢമായ ഒരു ഉറക്കത്തിലേക്ക് വീണുപോകുകയായിരുന്നു. ഒന്നും ഭയക്കാതെ ഉറങ്ങിയിട്ട് എത്ര നാളായി. ഒരു വലിയ ബഹളം കേട്ടാണ് ഉണർന്നത്.ആദ്യം സ്ഥലകാലബോധം തന്നെ കിട്ടിയില്ല. ഇതെവിടെയാണ്.. പതുക്കെ പ്രജ്ഞ തിരിച്ചു കിട്ടി.

മധു ചേച്ചിയുടെ വീട്.. പുറത്ത് നിന്ന് ചിരിയും സംസാരവും കേൾക്കാമായിരുന്നു. എഴുന്നേറ്റ് ചെന്ന് മുഖം കഴുകി തുടച്ചു.കണ്ണാടിയിൽ നോക്കി മുടി ഒതുക്കി.അര കവിഞ്ഞു തഴച്ച മുടിയിലെ ഉടക്ക് വേർപെടുത്തുമ്പോൾ മാധുരി അവിടേക്ക് വന്നു. തീരെ കനം കുറഞ്ഞ സ്ളീവ്ലെസ് ബനിയനും ഇറക്കം കുറഞ്ഞ ത്രീ ഫോർത്തുമാണ് വേഷം. മുടി ഉയർത്തി കെട്ടിവെച്ചിരിക്കുന്നു. ഉയർന്ന മാറിടം വളരെ ആകർഷകമായി തുളുമ്പുന്നു. "ആ.. കുഞ്ഞിമാളു എഴുന്നേറ്റോ.. വാ.. എന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട് .. പരിചയപ്പെടാം".മാധുരി അവളുടെ കൈ പിടിച്ചു സിറ്റൗട്ടിലും വരാന്തയിലും മുറ്റത്തും നിലത്തുമായി പതിനഞ്ചോളം പേർ ഇരിപ്പുണ്ടായിരുന്നു. ആണും പെണ്ണും . അർധ നഗ്നകളായ പെൺകുട്ടികളും മുടിയും താടിയും വളർത്തിയ ബർമുഡ ധരിച്ച പുരുഷൻമാരും. ചിലരുടെ കൈയ്യിൽ സിഗരറ്റ് എരിയുന്നു.

ചിലരുടെ കൈയ്യിൽ മദ്യ ഗ്ലാസുകളും ബിയർ ബോട്ടിലുകളും. ട്രാൻസ് ജൻററുകളായ രണ്ടു പേർ. യുവതികളിൽ ചിലർ പുരുഷൻമാരുടെ ദേഹത്ത് ചാരിയാണ് ഇരിക്കുന്നത്. " മീറ്റ് മൈ ക്യൂട്ട് കുഞ്ഞിമാളു " വിരണ്ടു മാളവികയെ മാധുരി അവർക്ക് പരിചയപ്പെടുത്തി. കൗതുകം നിറഞ്ഞ കണ്ണുകൾ തന്നെ വന്നു തൊടുന്നത് മാളവിക കണ്ടു. അവളുടെ ഉടൽ വിറച്ചു. "മല്ലൂ ഗ്രാമിൻ ബ്യൂട്ടി " യുവാക്കൾ കൈയ്യടിച്ചു. പെൺകുട്ടികൾ വിസിൽ ശബ്ദമുണ്ടാക്കി. " കേരളത്തിൽ ഇപ്പോഴും പട്ടുപാവാടയും ബ്ലൗസുമൊക്കെ ഉണ്ടോ".? പെറ്റിക്കോട്ട് പോലെ ചെറിയ ഉടുപ്പ് ധരിച്ച ഒരു പെൺകുട്ടി ഹിന്ദിയിൽ പരിഹസിച്ചു. " നതാഷ ...വേണ്ടാ "മാധുരി വിലക്കി. "നമ്മുടെ കൂടെ ഇനി കുഞ്ഞിമാളുവും കാണും.. നമ്മളിൽ ഒരാളായി. "മാധുരി പറഞ്ഞു. മാളവികയുടെ ഉടലിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story