ദൂരെ: ഭാഗം 11

Dhoore

രചന: ഷൈനി ജോൺ

ദിൽതോ പാഗൽ ഹേ ദിൽ ദിവാനാ ഹേ" വയലിൻ മീട്ടുന്ന യുവാവിന്റെ കൈവിരലുകളുടെ മാന്ത്രികതയിൽ ഉറ്റുനോക്കി മാളവിക ഇരുന്നു. അവന്റെ ചുരുണ്ട മുടി ഭംഗിയായി വെട്ടിയിരുന്നു. കാതിൽ മൂന്നാല് കമ്മലുകൾ.നന്നേ വെളുത്ത മുഖത്ത് കനം കുറഞ്ഞ താടിയുടെ നീലിമ ..കണ്ണുകൾ അടച്ച് ഏതോ സ്വർഗീയ അനുഭൂതിയിൽ ലയിച്ചിരിക്കുന്നു. ട്രാൻസ്ജൻറർ യുവതി ഡിംപിൾ എഴുന്നേറ്റ് ചുവടു വെച്ചു തുടങ്ങി.ആ സംഗീതധാരയെ മുറിവേൽപ്പിക്കാനേ അവളുടെ ചുവടുകൾക്ക് കഴിഞ്ഞുള്ളു. "വരൂ ..വരൂ " എന്ന് അവൾ കൂട്ടുകാരികളെ വിളിച്ചു. മടിയൊന്നുമില്ലാതെ മാധുരി ഇറങ്ങിച്ചെന്നു. അവളുടെ മാദകമായ ചുവടുകൾ അന്തരീക്ഷത്തിന് പ്രസരിപ്പു നൽകി. ഗാനം നിലച്ചു. "സബാഷ് .. അരേ.. വാ'' മാധുരി കൈകൊട്ടി. "നല്ല തണുപ്പ് " ട്രാൻസ്ജെന്റർ സുന്ദരി അമീന പരാതിപ്പെട്ടു. "ഇവിടെ ബിയറേ ഉള്ളു..ഹോട്ട് ഒന്നുമില്ലേ." " തത്ക്കാലം ബിയർ വെച്ച് അഡ്ജസ്റ്റ് ചെയ്യൂ അമീ .. "മാധുരി അവൾക്കടുത്തിരുന്ന് അവളെ കെട്ടിപ്പിടിച്ചു " പ്രശ്നം ഉടനെ പരിഹരിക്കുന്നതാണ്. ഞാനിവിടെ ഇല്ലായിരുന്നല്ലോ..‌."

"ഇറ്റ് ഫോക്കിന് അവതരിപ്പിക്കേണ്ട പ്ലേ റിഹേഴ്സൽ എന്തായി.. വല്ലതും നടക്കുന്നുണ്ടായിരുന്നോ ". അവൾ തിരക്കി. " അത്ര ഡീപായിട്ടൊന്നും ചെയ്തില്ല.. നമുക്കൊന്ന് നോക്കിയാലോ "ബിയർ സിപ് ചെയ്തു കൊണ്ടിരുന്ന ജൂഹി ചോദിച്ചു. " ആം റെഡി.. "മാധുരി ചിരിയോടെ മാളവികയെ നോക്കി. "കുഞ്ഞിമാളു കണ്ടിട്ടില്ലല്ലോ ഞങ്ങളുടെ നാടകം.. കണ്ടോളൂ.. അഭിപ്രായം പറയണം". മാളവിക പരിഭ്രമത്തോടെ നിന്നു. മാധുരി ,ഡിംപിൾ, അമീന ,ജൂഹി ,ലോല, നതാഷ എല്ലാവരും വട്ടത്തിൽ നിന്നു. വയലിൻ മാറ്റി വെച്ച് തരുണും ഡ്രം കൊട്ടുകയായിരുന്ന അമനും സൗരവും മലയാളിയായ ദീപക്കും അഖിലും സണ്ണിയും അടുത്ത വൃത്തമായി നിന്നു. ആൺ വൃത്തത്തിൽ നിന്നും സൗരവ് പെരുവിരലിൽ പൊങ്ങി കുതിച്ചു ചാടി പെൺ വൃത്തത്തിന് നടുവിലേക്ക് ചാടി. അയാൾ നിലത്ത് ഇടതുകാൽ പെരുവിരൽ ഊന്നിയിരുന്ന് വലതുകാൽ കൊണ്ട് പെൺവൃത്തത്തെ വട്ടത്തിൽ വീശിയടിച്ചു. എല്ലാവരും നിലത്തു വീണു. അതിലൊരുവൾ എഴുന്നേറ്റു. ജൂഹി .

അപ്പോൾ ആൺ വൃത്തത്തിൽ നിന്ന് തരുൺ പറന്നു വന്ന് പെൺ വൃത്തത്തിന് നടുവിലെത്തി. അവൻ ജൂഹിയെ വീഴ്ത്തി. അപ്പോൾ മാധുരി എഴുന്നേറ്റു. ചാടി വീണ ദീപക്ക് അവളെ വീഴ്ത്തി.അങ്ങനെ ഓരോരുത്തരും. ഇപ്പോൾ വൃത്തത്തിനകത്ത് ഉശിരോടെ നിൽക്കുന്ന പുരുഷൻമാരും ചുറ്റും വീണു കിടക്കുന്ന സ്ത്രീകളും .. കൈയ് മെയ് മറന്ന വഴക്കമുള്ള മിന്നുന്ന പ്രകടനങ്ങൾ .. ആണുങ്ങൾ അവരുടെ ജയാരവം മുഴക്കുകയാണ്. അപ്പോൾ വീണു കിടന്ന സ്ത്രീകൾ കൂട്ടമായി എഴുന്നേൽക്കുന്നു. പിന്നീടവിടെ നടന്ന അഭ്യാസപ്രകടസങ്ങൾ കാണാൻ നൂറു കണ്ണ് വേണമെന്ന് തോന്നി മാളവികയ്ക്ക്. ഒടുവിൽ അവശരായി വീണു കിടക്കുന്ന പുരുഷൻമാർക്ക് മീതെ ചവുട്ടി ഡിംപിൾ അട്ടഹസിക്കുന്നു. അവളുടെ ഇരു ചുമലിലിലും കയറി അമീനയും ജൂഹിയും നിവർന്നു നിന്നു കൈ വീശി അവരുടെ ചുമലിൽ മാധുരിയും ടാനിയയും കയറി. നടുവിൽ നിന്ന മാധുരിയുടെ ശിരസിലാണ് ലോലയും നതാഷയും നിന്നത്. നിലത്ത് നിന്ന് പന്ത് പോലെ തെറിച്ച തുഷാര മിന്നൽ വേഗത്തിൽ ചെന്നു നിന്നത് രണ്ടു പേരുടെയും തോളിൽ ചവുട്ടിയാണ്.

ആ നിൽപ്പു നിന്ന് തുഷാര വിജയക്കൊടി വീശി. പിന്നെ ഓരോരുത്തരായി ഇറങ്ങി വീണു കിടക്കുന്നവരെ ചവിട്ടിമെതിച്ച് നൃത്തമാടി.. പിന്നെ ആനന്ദനൃത്തം .. എന്നാണ് താൻ കാണുന്നതെന്ന് മാളവികയ്ക്ക് മനസിലായില്ല. ഇതാണോ നാടകം അമ്പലക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന് നാടകങ്ങൾ കണ്ടിട്ടുണ്ട്. ബാലേയും കണ്ടിട്ടുണ്ട്. ഇതെന്താണ്.. ഒന്നും ഒരെത്തും പിടിയും കിട്ടുന്നില്ല. പക്ഷേ അവരുടെ മെയ് വഴക്കം അത് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. റിഹേഴ്സലിന് ശേഷം മാധുരി കിതച്ചു കൊണ്ട് മാളവികയ്ക്ക് അടുത്തേക്ക് വന്നു. ഒരു ബിയർ പൊട്ടിച്ച് അപ്പാടെ വായിലേക്ക് കമിഴ്ത്തി. കുറച്ച് കുടിച്ചു. ബാക്കി മുറ്റത്തെ മഞ്ഞപനിനീർച്ചെടിയുടെ ചുവട്ടിലേക്ക് തുപ്പി. അവളുടെ സ്വർണം പോലെ മിന്നുന്ന ദേഹത്ത് വിയർപ്പു മുത്തുകൾ മഞ്ഞുതുള്ളികൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്നത് മാളവിക കണ്ടു.അഴിഞ്ഞുലഞ്ഞ ആ കാഴ്ച മനോഹരമായിരുന്നു. കണ്ണെടുക്കാൻ തോന്നിയില്ല. "എന്താ നോക്കുന്നെ.. നിനക്ക് വേണോ."? മധുരി ബിയർ ബോട്ടിൽ അവൾക്കു നേരെ നീട്ടി.

"വേണ്ട ". അവളുടെ കണ്ണുകളിൽ പരിഭ്രമം ഓളം വെട്ടി. "കുഞ്ഞിമാളു ഒരുപാട് മാറാനുണ്ട് '' ലോല പറഞ്ഞു. " ഇപ്പോഴും ഇത്ര നാടൻ എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ലാ " " പക്ഷെ ഈ നാടൻ മട്ടാണ് അവളുടെ ഭംഗി.. നിങ്ങൾക്കറിയ്യോ നമ്മുടെ കുഞ്ഞിമാളു ഒരു വലിയ മനസിന് ഉടമയാണ്. അവൾ വിവാഹം കഴിക്കാനിരുന്ന പയ്യൻ വിഭിന്ന ശേഷിയാണ് .. ബുദ്ധിക്കുറവ് ''. എല്ലാവരുടെയും കൗതുകം കലർന്ന നോട്ടം അവളിൽ വന്നു തൊട്ടു.മാളവിക അൽപ്പം നാണക്കേടോടെയാണ് നിന്നത്.മാധുരി അതെന്തിനാണ് ഇപ്പോൾ ഇവിടെ എഴുന്നെള്ളിക്കുന്നത് എന്ന് അവൾക്ക് മനസിലായില്ല. തന്നെ നാണം കെടുത്താനോ.. അതോ തന്നോട് പുച്ഛമാണോ മധുചേച്ചിയ്ക്ക്. അവളുടെ കണ്ണുനിറഞ്ഞു. " സത്യത്തിൽ അതാണ് എനിക്കിവളോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം. നമ്മളാരെങ്കിലും അതിന് തയ്യാറാവോ. പക്ഷേ കുഞ്ഞിമാളു അവനെ എങ്ങനെയാ സ്നേഹിക്കുന്നത് എന്ന് അത്ഭുതത്തോടെയാ ഞാൻ കണ്ടു നിന്നത്. അവളുടെ മായക്കണ്ണനെ.. " അത് പറയുമ്പോൾ മാധുരിയുടെ ഓർമകൾ കണ്ണനിൽ ചെന്നു തട്ടി.. കുഞ്ഞിമാളുവിനെ തള്ളിപ്പറയുന്ന അവളുടെ മായക്കണ്ണൻ. ഒരിക്കലും മായക്കണ്ണൻ അവളെ തിരസ്ക്കരിക്കുമെന്ന് വിചാരിച്ചില്ല. പക്ഷേ സംഭവിച്ചത് അതാണ്.

എന്തായിരിക്കും കാരണം അറിയില്ല. " ഞാൻ പറഞ്ഞു വരുന്നത് .. അവളുടെ മനസിൽ വലിയൊരു സങ്കടം കിടപ്പുണ്ട് .അതൊക്കെ കഴിയുമ്പോൾ നമ്മളോടൊക്കെ നല്ല കൂട്ടാവും. അതു വരെ ആരും നമ്മുടെ കുഞ്ഞിമാളുവിനെ ഡിസ്റ്റർ ബ് ചെയ്യരുത്. പിന്നെ മാളുവിൻ്റെ കോളജ് അഡ്മിഷൻ്റെ കാര്യം.. ഇപ്പോൾ ആപ്ലിക്കേഷൻ ടൈം ആണല്ലോ. അവൾക്ക് നല്ലൊരു കോളജിൽ തന്നെ അഡ്മിഷൻ വാങ്ങിയെടുക്കണം.. അതിനൊക്കെ നമുക്ക് ആൾക്കാരുണ്ട്. എങ്കിലും ഒരുപാട് ദൂരെ ഒന്നും വേണ്ട.. പോയി വരാൻ കഴിയണം. അവൾക്കിനി നമ്മളേയുള്ളു. " അവർ ശ്രദ്ധയോടെ മാധുരിയെകേൾക്കുകയായിരുന്നു. മുഖം കുനിച്ച് തൂണിൽ കോറിക്കൊണ്ടിരുന്ന മാളവികയെ അവർ സ്നേഹത്തോടെ നോക്കി. മാളവിക ആരെയും നോക്കിയില്ല. ജീവിതം പാടേ വഴി മാറാൻ പോകുകയാണെന്നു മാത്രം തോന്നി. ഇതു വരെ ജീവിച്ച സംസ്കാരമല്ല ..ഉണ്ടായിരുന്ന കൂട്ടുകാരല്ല.... പരിചയിച്ച സമൂഹമല്ല .എല്ലാം മാറി.. ഇനി ഇങ്ങനെ മാറി നിന്നിട്ടൊന്നും ഒരു കാര്യവുമില്ല.. പുതിയ സാഹചര്യത്തിൽ പുതിയ മാളവിക ഉണ്ടാവണം.. ഒരുപാട് മാറാനുണ്ട്. ഒരുപാട്. തരുൺ കൗതുകത്തോടെ അവളെ നോക്കിക്കൊണ്ടിരുന്നു.വയലിൻ വായിക്കുന്ന ആ ചെറുപ്പക്കാരൻ്റെ നോട്ടമേറ്റ് അവളുടെ മുഖം വാടി.

മായക്കണ്ണൻ്റെ ചെറിയൊരു ഛായ ഉണ്ടായിരുന്നു അവന്. ആ തീണ്ടുയർന്ന വടിവൊത്ത മൂക്കും തിളക്കമുള്ള 'കണ്ണുകളും ഒരുപോലെ. ചിരിക്കുമ്പോഴുമുണ്ട് ഒരു ഛായ. അതോർത്തപ്പോൾ അവളുടെ ഹൃദയമുരുകി. മായക്കണ്ണൻ ഇപ്പോൾ എവിടെയായിരിക്കും. എന്തെടുക്കുകയായിരിക്കും.. തന്നെക്കുറിച്ചോർത്ത് സങ്കടപ്പെടുന്നുണ്ടാകുമോ.ഇല്ലായിരിക്കും അവനിപ്പോൾ അവളുണ്ടല്ലോ ദിവ്യ.. ഫോണിലൊന്നു വിളിക്കാമായിരുന്നു മായക്കണ്ണന്.. ഒക്കെയും പഠിപ്പിച്ചു കൊടുത്തതാണല്ലോ. എന്നിട്ടും വിളിച്ചില്ല. ഇത്ര പെട്ടന്നു മറന്നു.. എല്ലാം മറന്നു .. ഇത്രയുണ്ടായിരുന്നുള്ളു കുഞ്ഞിമാളു. "എന്നാൽ പിന്നെ ഇനി ഇരുന്ന് നേരം കളയണ്ട .. പോകുന്നവർ പൊയ്ക്കോളു. അല്ലാത്തവർക്ക് ഇവിടെ ഫുഡ് ഉണ്ടാവും.. കിടക്കാൻ സമയമായില്ലേ.. ഞാനാണെങ്കിൽ വല്ലാതെ ടയേഡാണ്: ... നന്നായി ഒന്നുറങ്ങണം.. നാളെ ഓഫീസിലുണ്ടാകും .. അവിടേക്ക് വന്നാൽ കാണാം "മധുരി എഴുന്നേറ്റു. "ഞാനിന്ന് ഇവിടെയാണ്." തരുൺ ഹിന്ദിയിൽ പറഞ്ഞു. " ഫിറ്റായിപ്പോയി. ഇനി വണ്ടി ഓടിക്കാൻ വയ്യ " അവൻ്റെ സംസാരം അൽപ്പമേ മനസിലായുള്ളു മാളവികയ്ക്ക് . അവനെ നോക്കുന്തോറും മായക്കണ്ണൻ്റെ രൂപം മനസിനെ വേദനിപ്പിക്കുന്നതറിഞ്ഞു.

"ഞാനും ലോലയും പോകുന്നില്ല" ജൂഹി പറഞ്ഞു. മറ്റുള്ളവർ യാത്ര പറഞ്ഞ് പോയി. മാധുരി ചെന്ന് കഴിക്കാനെടുത്തു വെച്ചു. ഫ്രൈഡ് റൈസും ചിക്കനും. "എൻ്റെ പാചകമാണ്. കുറ്റം പറയുന്നവർക്ക് അതാവാം " അവൾ ചിരിതൂകി. തരുൺ അവളുടെ കൈ പിടിച്ചു ചുംബിച്ചു. "താങ്ക്യൂ മധു .. ഫുഡ് മധുവിനേക്കാൾ ടേസ്റ്റിയാണ്". അവൻ ചിരിച്ചു. മാളവികയുടെ മുഖം മങ്ങിപ്പോയി. അവളെ സംബന്ധിച്ച് അമ്പലക്കുന്നിൽ ഇതൊക്കെ തല പോകുന്ന കുറ്റമാണ്. ജൂഹിയും ലോലയും പരസ്പരം ഭക്ഷണം വിളമ്പി. അവർ തമ്മിൽ ഗാഢമായ ഒരു സൗഹൃദം ഉണ്ടെന്ന് ചേഷ്ടകൾ തോന്നിപ്പിച്ചു. കാണാൻ നല്ല ഭംഗിയുള്ള മുഖമാണ് ജൂഹിയുടെത്. അൽപ്പം തടിച്ച അഴകുള്ള ചുണ്ടുകൾക്ക് പ്രത്യേകതയുണ്ട്. തീരെ മെലിഞ്ഞ പ്രകൃതമാണ് ലോലയ്ക്ക് - ചെറിയ കണ്ണുകൾ .. രണ്ടു കവിളിലും ആഴത്തിലുള്ള വലിയ നുണക്കുഴികൾ. "കുഞ്ഞിമാളു എന്താ നോക്കുന്നത് "ലോല ചിരിച്ചു. "എന്നെ ഇഷ്ടമായോ കുഞ്ഞിമാളുവിന് " ആ ചോദ്യം മാളവികയെയും ചിരിപ്പിച്ചു. "എനിക്കെല്ലാവരേയും ഇഷ്ടമായി ".അവൾ പറഞ്ഞു. "എന്നെയും "? തരുൺ ചോദിച്ചു. മാളവികയുടെ മുഖം വിളറിപ്പോയി. നിങ്ങളെ ഞാനെന്തിന് ഇഷ്ടപ്പെടണം.'പക്ഷേ എൻ്റെ മായക്കണ്ണൻ്റെ കണ്ണും ചിരിയും മൂക്കും ഉണ്ട് തനിക്ക് ..

എൻ്റെ മായക്കണ്ണൻ്റെ ഛായ.. അതു കൊണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. മാളവിക മൗനം പാലിച്ചു. മറുപടി ഒന്നും കിട്ടാതായപ്പോൾ അവർ അവരിലേക്ക് തന്നെ മടങ്ങി. മാളവിക തൻ്റെ മുറിയിലേക്ക് വന്നു. മായക്കണ്ണനെ ഒന്നു വിളിച്ചു നോക്കിയാലോ. അമ്പലക്കുന്നും മായക്കണ്ണനും. ഓർമയിൽ നീറിക്കൊണ്ടിരിക്കുന്നു. എന്തൊരു നോവാണിത്. മായക്കണ്ണനോട് മിണ്ടാതിരിക്കാൻ വയ്യ. എല്ലാവരും നിർബന്ധിച്ചിട്ടാവും മായക്കണ്ണൻ അങ്ങനെയൊക്കെ പറഞ്ഞത്. അല്ലാതെ പറയില്ല. ഒരിക്കലും പറയില്ല. തന്നെ തള്ളി പറയാൻ കഴിയില്ല മായക്കണ്ണന്. ല്ച്ചമ്മയ്ക്ക് ദിവ്യയെ മായക്കണ്ണൻ്റെ തലയിൽ വെച്ചു കൊടുക്കണം എന്നുണ്ടാവും .അതിനു വേണ്ടി ഓരോ അനാവശ്യങ്ങൾ പറഞ്ഞു കൊടുത്തതായ്ക്കൂടേ. പാവം മായക്കണ്ണൻ. അതിനെന്തറിയാം. ബുദ്ധി ഉണ്ടെങ്കിൽ കുഞ്ഞിമാളുവിനെ തള്ളിപ്പറയാൻ മായക്കണ്ണന് പറ്റില്ലല്ലോ. എല്ലാത്തിനും കാരണം ആ നശിച്ചവനാണ്. എങ്ങനെ തന്നെ കാൽക്കീഴിലാക്കാം എന്നായിരിക്കാം

അയാൾ ഇപ്പോഴും ചിന്തിക്കുന്നത്. അതിനുള്ള കരുക്കൾ നീക്കുകയായിരിക്കും. കൊന്നുകളയണമായിരുന്നു. മായക്കണ്ണനെ തന്നിൽ നിന്നും അകറ്റിയ ആ നികൃഷ്ടജന്മത്തെ . ഉള്ളിൽ നിന്നും വെറുപ്പിൻ്റെ തിരമാലകൾ പതച്ചു വന്നു.അമ്മ ...അയാളുടെ കളിപ്പാവയായി മാറിപ്പോയ അമ്മ... എല്ലാം തന്നിൽ നിന്നും അകറ്റി. അതു സമ്മതിക്കരുത്.. മായക്കണ്ണനെ അകറ്റാൻ ഒരിക്കലും സമ്മതിക്കരുത്.. മാളവിക ഫോണെടുത്തു. മായക്കണ്ണൻ്റെ നമ്പറിലേക്കു വിളിച്ചു. ബെല്ലടിക്കുന്നുണ്ട്. ഹൃദയം പടപടാ മിടിച്ചു.കരച്ചിൽ വന്നു. "ഹലോ.. ആരാ ". തിരികെ കിട്ടിയത് ഒരു പെൺകുട്ടിയുടെ ശബ്ദമാണ്. ഇമ്പമുള്ള ശബ്ദം. ദിവ്യയാണോ. അവളുടെ കൈയ്യിലാണോ മായക്കണ്ണൻ്റെ ഫോൺ ..മായ കണ്ണൻ്റെ ജീവിതം പോലും അവളുടെ കൈയ്യിൽ വെച്ചു കൊടുത്തോ. "നീ ഫോൺ മായക്കണ്ണന് കൊടുക്ക് "അറിയാതെ ശബ്ദം ഉയർന്നു പോയി. " പറ്റില്ല... " ദിവ്യ പറഞ്ഞു " ഫോൺ കൊടുക്കരുതെന്ന് അമ്മായി പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഞാൻ കൊടുക്കില്ല. പിന്നെ കുട്ടീടെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാ... അതു കൊണ്ട് വിളിച്ചാൽ മായക്കണ്ണൻ അറിയില്ല. മനസിലാവാതിരിക്കാൻ കുട്ടി സേവ് ചെയ്തു വെച്ച പേരും മാറ്റി ഇട്ട്ണ്ട്.. പോരാഞ്ഞിട്ട് രണ്ട് നമ്പർ തെറ്റായിട്ട് സേവ് ചെയ്യൂം ചെയ്തു.

മായക്കണ്ണൻ അങ്ങോട്ട് വിളിച്ചാൽ തന്നെ കുട്ടിയ്ക്കല്ല കിട്ടുക .. ഏതോ കാട്ടു മാക്കാൻ്റെ ശബ്ദം ഉള്ള ഒരാൾക്കാണ്... മായക്കണ്ണൻ പേടിച്ച് വെച്ചോളും". ഒട്ടും കൂസലില്ലാത്ത സംസാരം. നേരിൽ കണ്ടപ്പോൾ ഇത്ര തൻ്റേടക്കാരിയാണെന്ന് തോന്നിയില്ല. ശാലീന സൗന്ദര്യവും തൂകി മുഖവും കുമ്പിട്ട് നിൽക്കുകയായിരുന്നു. വെറുപ്പ് ഉള്ളിലേക്ക് ഇരച്ചുകയറി. "മായക്കണ്ണനോ.. കണ്ണേട്ടനെ അങ്ങനെ വിളിക്കാൻ ആരാടി നീയ് .. അതു ഞാൻ മാത്രം ... ഞാൻ മാത്രം എൻ്റെ മായക്കണ്ണനെ വിളിക്കുന്ന പേരാ .." അറിയാതെ ശബ്ദം ഉയർന്നു പോയി. "നീ വിളിച്ചതൊക്കെ ഇനി ഞാനാണ് വിളിക്കാൻ പോണെ ... കുട്ടി പോയിക്കിടന്നുറങ്ങാൻ നോക്ക് " കോൾ കട്ടായി . മാളവിക സ്തബ്ധയായി ഇരുന്നു. കോപം കൊണ്ട് ഉടൽ വിറച്ചു.കണ്ണു കാണാതായി. ഭ്രാന്ത് വന്നതു പോല തിരിച്ചു വിളിച്ചപ്പോൾ ഒരു റിംഗിന് ശേഷം കോൾ കട്ടാവുന്നു. അവൾ പറഞ്ഞത് ശരിയാണ്. തൻ്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു വാശിയോടെ പിന്നെയും പിന്നെയും വിളിച്ചു. ഇല്ല.. 'അവളും എടുക്കുന്നില്ല. കോപം സങ്കടത്തിലേക്ക് വഴിമാറി. കണ്ണുകൾ നിറഞ്ഞൊഴുകി.ഏങ്ങലടിച്ചു കരഞ്ഞപ്പോൾ ചുമലിൽ കരസ്പർശമറിഞ്ഞു. മധു ചേച്ചി. "ഞാനെല്ലാം കേട്ടു". മാധുരി അടുത്തിരുന്നു. "എല്ലാം ഉപേക്ഷിച്ച് വന്നവളല്ലേ നീ.." മാധുരിയുടെ ചോദ്യത്തിന് മുമ്പിൽ നെഞ്ചുരുകി കരഞ്ഞു. വാക്കുകൾ വിങ്ങി വിതുമ്പി പുറത്തുവന്നു. " ഒരിക്കലും ഞാനെൻ്റെ മായക്കണ്ണനെ ഉപേക്ഷിച്ചു വന്നതല്ല മധു ചേച്ചി " "നീ ഭയക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല.

കുറച്ച് ദിവസം കഴിയുമ്പോൾ നിന്നെ കാണാതെ നിൻ്റെ മായക്കണ്ണൻ വയലൻറാകും. ആ തള്ളയ്ക്ക് നിന്നെ മകനു മുമ്പിൽ കാണിച്ചു കൊടുക്കുകയും വേണ്ടി വരും. അതുണ്ടാവുമെന്ന് തോന്നുന്നില്ലേ മാളുവിന്.. അവൻ്റെ കുഞ്ഞിമാളുവല്ലേ നീ " മാധുരിയുടെ വാക്കുകൾ മനം കുളിർപ്പിക്കുന്ന തണുപ്പായി ഉള്ളു തൊട്ടു വെന്തു നീറ്റലുകളിലേക്ക് ഒരു തണുത്ത മഴ പെയ്തു വീണതുപോലെ. എന്തൊരു മണ്ടിയാണ് താൻ ... തൻ്റെ മായക്കണ്ണൻ കുഞ്ഞിമാളുവിനെ കാണാതെ എത്ര ദിവസം ഇരിക്കും. കൊല്ലില്ലേ അവൻ ലച്ചമ്മയേയും ആ ഒരുമ്പെട്ടവളെയും ... അതു മറന്നു പോയി.. സ്കൂളിൽ നിന്ന് എക്സ്കഷൻ രണ്ടു ദിവസത്തെ പോയിട്ടു വന്ന ദിവസം രാത്രി രണ്ടു മണിക്കാണ് ലച്ചമ്മ മായക്കണ്ണനെയും കൂട്ടി വന്ന് തൻ്റെ മുറിയുടെ ജനാലയിൽ തട്ടിയത്. കർട്ടൻ മാറ്റി നോക്കിയപ്പോൾ വിതുമ്പിക്കൊണ്ടു നിൽക്കുന്ന കണ്ണേട്ടനെയാണ് കണ്ടത്. ജനൽ തുറന്നപ്പോൾ എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. കുഞ്ഞിമാളു ഇനി ഇട്ടേച്ചു പോകുമോ എന്ന് എത്ര വട്ടം ചോദിച്ചു. പിന്നെ എവിടെ പോയാലും നൂറുവട്ടം പറഞ്ഞു മനസിലാക്കിയിട്ടേ പോയിട്ടുള്ളു.

അതും വീഡിയോ കോൾ വിളിച്ച് കണ്ടാലേ നിലത്തും താഴത്തും നിൽക്കൂ.. ആ കണ്ണേട്ടനെ എത്ര ദിവസം ലച്ചമ്മയും അവളും വരുതിയ്ക്ക് നിർത്തും. "സന്തോഷമായില്ലേ.. "മാധുരി കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ മൂക്കിൻ തുമ്പ് പിടിച്ചുലച്ചു. " ചിന്തിക്കാൻ ബുദ്ധി വേണം... നല്ല ബുദ്ധി വേണം. കേട്ടോ " അവൾ എഴുന്നേറ്റു. " ഞാൻ ചെന്നു കിടക്കട്ടെ .. നല്ല ക്ഷീണം.. നന്നായി ഉറങ്ങണം. നീയും കിടന്നോളൂ. ഗുഡ് നൈറ്റ് കുഞ്ഞിമാളു " "ഗുഡ് നൈറ്റ് മധു ചേച്ചി " മാളവികയും ആശംസിച്ചു.മാധുരി പോയിക്കഴിഞ്ഞപ്പോൾ തലയിണയെ കെട്ടിപ്പിടിച്ച് അവൾ. കിടന്നു. കണ്ണേട്ടനെ കെട്ടിപ്പിടിച്ച് കിടന്നതോർത്തു. വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റിയിട്ട് നാണിച്ചു കൂമ്പി കിടന്ന തന്നെ നോക്കി കണ്ണേട്ടൻ പറഞ്ഞത് ഓർമ വന്നു. "എന്തൊരു ഭംഗിയാ കുഞ്ഞിമാളു ഉടുപ്പിടാത്തപ്പോ കാണാൻ" " എന്നും കാണണോ".

അവനെ ചുറ്റിവരിഞ്ഞു കൊണ്ടാണ് ചോദിച്ചത്. " എന്നും കാണണം കുഞ്ഞിമാളൂ" " കണ്ടില്ലെങ്കിലോ.. " " കണ്ടില്ലെങ്കിൽ ഞാൻ ബഹളം വെക്കും.. എല്ലാം അടിച്ചു പൊട്ടിക്കും .. അപ്പോൾ കുഞ്ഞിമാളു വരില്ലേ.. " " വരും... ഞാൻ വരും ... എനിക്കെന്നും മായക്കണ്ണൻ്റെ കൂടെ ഇങ്ങനെ കിടക്കുന്നതാ ഇഷ്ടം". " അപ്പോൾ കുഞ്ഞിമാളൂന് ഉടുപ്പിടുന്നത് ഇഷ്ടമല്ല അല്ലേ ". കാതിൽ ചോദിക്കുന്നു. " ഛെ... ഒന്നു പോ മായക്കണ്ണാ". ഓർമകളിൽ മാളവിക അറിയാതെ ചിരിച്ചു. പോയി. അപ്പോൾ വല്ലാതെ ദാഹിച്ചു. അവൾ മുടി വാരിക്കെട്ടി എഴുന്നേറ്റ് കിച്ചനിൽ ഫ്രിഡ്ജിനടുത്തേക്ക് പോയി. തണുത്ത മിനറൽ വാട്ടർ ബോട്ടിലുമായി തിരിച്ചു വരുമ്പോഴാണ് പുറത്ത് നിന്ന് ഒരു ഞരക്കം കേട്ടത്. അവൾ അന്തിച്ചു നിന്നു. ലിവിംഗ് റൂമിൽ നിന്നാണ്. അവൾ പതിയെ വാതിലിനടുത്തേക്ക് ചെന്നു. അവിടേക്ക് കണ്ണു പായിച്ചതും ഞെട്ടിപ്പോയി. നിലത്ത്.. നഗ്നരായി കെട്ടുപിണയുന്ന രണ്ടു പേർ. ജൂഹിയും ലോലയും.......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story