ദൂരെ: ഭാഗം 12

Dhoore

രചന: ഷൈനി ജോൺ

അമ്പലക്കുന്ന് ക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിനിപ്പുറത്ത് നിന്ന് ഒരിക്കൽ കണ്ട കാഴ്ചയാണ് ഓർമ വന്നത്. തമ്മിൽ പിണഞ്ഞാടുന്ന രണ്ട് നാഗങ്ങൾ. ഒന്നിന് മഞ്ഞനിറമായിരുന്നു. വെയിലേറ്റ് അതിൻ്റെ ദേഹം മിനുങ്ങി. അന്ന് കൂടെ ഉണ്ടായിരുന്നത് ലച്ചമ്മയും മായക്കണ്ണനുമായിരുന്നു. "വേഗം നടക്ക് കുട്ട്യോളേ.. " എന്ന് ലച്ചമ്മ തിരക്കുകൂട്ടി. "ഇതൊന്നും കണ്ടുടാ .. ശല്യപ്പെടുത്തി ക്കൂടാ.. പാമ്പ് ഇണ ചേരുമ്പോ ശല്യപ്പെടുത്തിയാൽ നാഗ കോപം ഉണ്ടാവും" മുന്നോട്ട് നടക്കുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കി. എന്തൊരു ആസക്തിയോടെയാണ് അവ കെട്ടിപ്പിണയുന്നത്. എന്തൊരു സീൽക്കാരം. പരിസരം മറന്ന് പുണർന്ന് പുണർന്ന് തമ്മിലുരഞ്ഞ് വല്ലാതെ ഒട്ടിച്ചേർന്ന് .. ജൂഹിയും ലോലയും വിവസ്ത്രരായിരുന്നു. തറഞ്ഞു നിന്നപ്പോൾ ലച്ചമ്മയുടെ വാക്കുകൾ കാതിൽ കേൾക്കുന്നത് പോലെ തോന്നി. "ഇതൊന്നും കണ്ടുടാ .. ശല്യപ്പെടുത്തി ക്കൂടാ.. പാമ്പ് ഇണ ചേരുമ്പോ ശല്യപ്പെടുത്തിയാൽ നാഗ കോപം ഉണ്ടാവും" അവരും രണ്ട് നാഗങ്ങളാണെന്ന് തോന്നി. തറയിൽ ഉറച്ചു പോയ പാദങ്ങൾ പറിച്ചെടുത്ത് അകത്തേക്ക് ഓടി.

കട്ടിലിൽ ഇരുന്ന് കിതച്ചു. കണ്ണിൽ നിന്ന് മായുന്നില്ല ആ കാഴ്ച. ചിന്തിക്കാൻ കഴിയുന്നില്ല ഒരു പെണ്ണ് ഒരു പെണ്ണിനെ .. ഛേ.. മിനറൽ വാട്ടർ ബോട്ടിൽ തുറന്ന് പാതിയോളം വെള്ളം ഒറ്റയിരുപ്പിന് കുടിച്ചു. ഉള്ളിലാകെ ഒരു തണുപ്പ് നൂണ്ടിറങ്ങി.ഒരു സുഖാനുഭൂതി. അന്നത്തെ രാത്രി ഓർമ്മ വന്നു. മായക്കണ്ണനും താനും. "എൻ്റെ മായക്കണ്ണാ " തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു. ഇടയ്ക്കതിൽ ഒന്നു രണ്ടുമ്മ നൽകി. അമ്പലക്കുന്ന് എന്ന ഇട്ടാവട്ടത്തിൽ നിന്നും എത്തിപ്പെട്ടത് മറ്റേതോ ഒരു ലോകത്തിലേക്കാണ്. മധു ചേച്ചി മാത്രമാണ് ആശ്രയം.. ഇവിടെ ഇവർക്കിടയിൽ ജീവിക്കുമ്പോഴും മറ്റൊരാളാകാതിരുന്നാൽ മതി. മാളവിക മാളവിക മാത്രമായിരുന്നാൽ മതി. എൻ്റെ മായക്കണ്ണൻ്റെ കുഞ്ഞിമാളു മാത്രം . എപ്പോഴോ ഉറങ്ങിപ്പോയി. മാധുരി വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. '' എഴുന്നേറ്റു വരൂ കുഞ്ഞിമാളൂ .. ഇങ്ങനെ കിടന്നാൽ പറ്റില്ല.

കുട്ടീടെ അഡ്മിഷൻ ശരിയാക്കാൻ ഇന്നു മുതൽ ശ്രദ്ക്കണം. നന്നായി പഠിക്കുന്ന ആളല്ലേ നീ. ഒരു അക്കാദമിക് ഇയർ ഇല്ലാതാക്കാൻ പാടില്ല " അൽപ്പം ശാസന കൂടി ആ ശബ്ദത്തിലുണ്ടായിരുന്നു.അതു കൊണ്ട് ഉറക്കച്ചടവ് വിട്ടുമാറാഞ്ഞിട്ടും മാളവിക എഴുന്നേറ്റു. ടർക്കിയും ബ്രഷും എടുത്ത് നേരെ കുളിമുറിയിലേക്ക് പോയി. കുളി കഴിഞ്ഞ് നെറ്റിയിൽ ചന്ദനവും പടുപാവാടയുമണിഞ്ഞ് മുടി കുളിപ്പിന്നലിട്ട് അവൾ ഡൈനിംഗ് ഹാളിലേക്കെത്തിയപ്പോൾ ലോല വിടർന്ന മിഴികളോടെ അവളെ നോക്കി. "ആഹാ.. എന്തൊരു ഭംഗി.. നിങ്ങൾ മലയാളി പെണ്ണുങ്ങൾക്ക് എന്തൊരു ഭംഗിയാണ്" ലോല അവളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ഒരു പുരുഷൻ്റെ നോട്ടമാണ് അവൾക്കെന്ന് മാളവികയ്ക്ക് തോന്നി. വഴിയരികിലെ കലുങ്കിലിരിക്കുന്ന ചെക്കന്മാർ നോക്കുന്ന വല്ലാത്ത തരം നോട്ടം. ജൂഹിയുടെ മുഖം ഇരുണ്ടു.കഴിച്ചു കൊണ്ടിരുന്ന ന്യൂഡിൽസ് പാത്രത്തോടെ മുന്നോട്ട് തട്ടി നീക്കി അവൾ എഴുന്നേറ്റ് പോയി. ലോലയുടെ മുഖം വിളറുന്നത് കണ്ടു. ജൂഹി കൈകഴുകി ബാഗുമെടുത്ത് അവിടേക്ക് വന്നു.

"മാധുരി .. ഞാൻ പോകുന്നു" അതീവ ഗൗരവത്തോടെയാണ് അത് പറഞ്ഞത്. മാധുരി അവളെ നോക്കി മന്ദഹസിച്ചു. ജൂഹി മുഖം വെട്ടിത്തിരിച്ചു കൊണ്ട് ഇറങ്ങിപ്പോയി. "നീയിരിക്ക് കുഞ്ഞിമാളൂ " മാധുരി അവളെ ടേബിളിന് മുന്നിൽ പിടിച്ചിരുത്തി. "നിനക്ക് ന്യൂഡിൽസ് വേണോ അതോ ഇഡ്ഡലിയോ." മാധുരിയുടെ മന്ദഹാസം നോക്കി മാളവിക ഇരുന്നു. ഇവിടെ നടക്കുന്നതൊന്നും മധു ചേച്ചി അറിയുന്നില്ലേ. പക്ഷേ ഹൃദയപൂർവമായ ആ ചിരി സുരക്ഷിതത്വം നൽകുന്നതായിരുന്നു. അമ്പലക്കുന്ന് രാവും പകലും നെഞ്ചിടിപ്പോടെ കഴിഞ്ഞു കൂടിയത് ഓർക്കുമ്പോൾ ഇവിടെ മാധുരി എന്ന തണലുണ്ട് .ബാക്കിയെല്ലാം ഓരോന്നായി കണ്ടും കേട്ടും അറിയുന്നതാണ് നല്ലത്. മുൻ വിധിയോടെയുള്ള സമീപനം ഈ തണലും ഇല്ലാതാക്കിയേക്കാം. അവൾ പ്ലേറ്റിലേക്ക് ഇഡലി എടുത്തു വെച്ച് സാമ്പാറും ചമ്മന്തിയും കൂട്ടി നിശബ്ദമായി കഴിച്ചു. അവളുടെ മനസിനെ എന്തോ അലട്ടുന്നുണ്ടെന്ന് മാധുരിയ്ക്ക് തോന്നി.മുഖം വാടിയിട്ടുണ്ട്. ഏതോ ചിന്തയിലാണ്ട് സ്വയം നഷ്ടപ്പെട്ടാണ് ഇരിപ്പ്.

അമ്പലക്കുന്ന് വെച്ച് ഏറ്റവും ദു:ഖകരമായ അവസ്ഥ നേരിടുമ്പോൾ കൂടിയും അവളുടെ മുഖപ്രസാദം വറ്റിയിരുന്നില്ല. കണ്ണുകളിൽ ഈ പിടച്ചിൽ ഉണ്ടായിരുന്നില്ല. ചിന്തിച്ചുവെങ്കിലും മാധുരി ഒന്നും ചോദിച്ചില്ല. " കഴിച്ചിട്ട് പോയി റെഡിയായി വരൂ കുഞ്ഞിമാളു . അഡ്മിഷൻ്റെ കാര്യമൊക്കെ മുകളിൽ നിന്ന് സംസാരിച്ചിട്ടുണ്ട്. ഞാൻ കൂടി ചെല്ലുന്നതോടെ ഒരു തീരുമാനം ആകും.. കുഞ്ഞിമാളു ആഗ്രഹിക്കുന്നത് പോലെ ആദ്യം ലോ കോളേജിൽ തന്നെയാണ് നോക്കുന്നത്. അതും ഇവിടുത്തെ പേരുകേട്ട കോളജിൽ . ആപ്ലിക്കേഷൻ കൊടുക്കേണ്ട അവസാന തീയതി ആയി തുടങ്ങി. ഇനി വൈകാൻ പറ്റില്ല." മാധുരിയുടെ വാക്കുകൾ മാളവികയുടെ ഹൃദയം തണുപ്പിച്ചു.ഒരു അഡ്വക്കേറ്റ് ആവുക എന്നത് സ്വകാര്യമായ മോഹമായിരുന്നു. അമ്പലക്കുന്നുവെച്ച് മധു ചേച്ചിയോട് അത് പങ്കുവെച്ചിരുന്നു. ആ മോഹം സാധിപ്പിച്ചു തരുമെന്നാണ് മധു ചേച്ചിയുടെ വാക്ക് . അതേ സമയം മായക്കണ്ണനെ ഓർത്ത് മനസ് വാടിപ്പോകുകയും ചെയ്തു. അഞ്ചു വർഷം ഇവിടെ പഠിക്കുക എന്നു വെച്ചാൽ അതിനർത്ഥം മായക്കണ്ണനെ അത്രയും നാൾ കാണാതിരിക്കുക എന്നാണ്.

മായക്കണ്ണനെ നഷ്ടപ്പെടുക എന്നുകൂടി അതിന് അർത്ഥമുണ്ടാകുമോ? എന്തൊക്കെ നേടിയാലും മായക്കണ്ണനെ നഷ്ടപ്പെട്ട് കുഞ്ഞിമാളുവിന് ജീവിക്കാനാകുമോ? മായക്കണ്ണൻ്റെ കുഞ്ഞിമാളുവിന് അതിന് കഴിയുമോ? മായക്കണ്ണന് അവൻ്റെ മാളുവില്ലാതെ എത്ര നാൾ കഴിയാനാവും. കുഞ്ഞിമാളുവിനെ കാണാതെ ഒരു ദിവസം പോലും കഴിയാത്ത കണ്ണൻ.. അമ്പലക്കുന്ന് ക്ഷേത്രത്തിലേക്കുള്ള നടവഴിയിലൂടെ കുഞ്ഞിമാളുവിൻ്റെ കൈ പിടിച്ചു നടക്കുന്ന മായക്കണ്ണൻ. കണ്ണുനീരൊഴുകി പാത്രത്തിലേക്കിറ്റു വീണു.അതും അറിഞ്ഞില്ല മാളവിക . ഉള്ളാകെ മായക്കണ്ണനിൽ പതിഞ്ഞു കിടക്കുകയായിരുന്നു. തരുൺ അഭിമുഖമായി വന്നിരുന്നത് അവൾ അറിഞ്ഞില്ല. " മാളവിക " അവൻ്റെ വിളി കേട്ടാണ് മുഖമുയർത്തിയത്. ഒരു നിമിഷം മായക്കണ്ണനാണ് മുന്നിലിരിക്കുന്നതെന്ന് തോന്നി. അതേ കണ്ണുകൾ .അതേ മൂക്ക്. തരുൺ ആണെന്ന തിരിച്ചറിവിൽ അവൾ മിഴികൾ തുടച്ചു. പിന്നെ ഒന്നും മിണ്ടാതെ പാത്രവുമെടുത്ത് വാഷ്ബേസിനടുത്തേക്ക് ചെന്നു. തരുണിൻ്റെ കണ്ണുകൾ പിൻതുടരുന്നത് അറിയുന്നുണ്ടായിരുന്നു.

ഇതാണ് മറ്റൊരു ദുർവിധി എന്ന് അവൾ സ്വയം ശപിച്ചു മായക്കണ്ണൻ്റെ മുഖഛായയുള്ള ഒരാൾ ഇവിടെ.. പാത്രം കഴുകി വെച്ച് റൂമിലേക്ക് ചെന്നു. പെട്ടന്ന് ഒരുങ്ങാനാണ് മധു ചേച്ചി പറഞ്ഞത്. കൈയ്യും മുഖവും കഴുകി വന്നു. ടവലിൽ മുഖം തുടച്ചു. ലോ കോളജിലേക്ക് പുറപ്പെടാൻ ചുരിദാറാണ് എടുത്തു വെച്ചത്. ഇളം മഞ്ഞ നിറമുള്ള ചുരിദാറണിഞ്ഞ് നീളൻ മുടി അഴിച്ചിട്ട് ഒരു കുഞ്ഞു പൊട്ടും വെച്ച് ഒരുങ്ങിയപ്പോഴേക്കും മാധുരിയും തയാറായെത്തി. സാരിയായിരുന്നു അവളുടെ വേഷം. ഇത്ര ഭംഗിയായി സാരിയുടുക്കുന്ന ഒരാളെ മാളവിക ആദ്യമായി കാണുകയായിരുന്നു. വിടർന്ന കണ്ണുകളോടെ അവൾ മാധുരിയെ നോക്കി. "ഫസ്റ്റ് ഇംപ്രഷൻ മോശമാകണ്ട." അവൾ ചിരിച്ചു. "ചില കോളജ് മേധാവികളെ സ്വാധീനിക്കാൻ വേഷങ്ങൾക്ക് കഴിയും." ചിരിതൂകി നിന്നതേയുള്ളു മാളവിക. മാധുരി ബാഗെടുത്തു. " സർട്ടിഫിക്കേറ്റ് ഒന്നും വിട്ടു പോകരുത്." അവൾ ഓർമിപ്പിച്ചു. " ഒന്നും വിട്ടു പോയിട്ടില്ല മധു ചേച്ചീ." മാളവിക പറഞ്ഞു. "എന്നാൽ വരൂ .." മാധുരി മുന്നിൽ നടന്നു. അവൾക്ക് പിന്നിൽ മാളവിക നടന്നു.

തരുൺ ആണ് കാർ ഡ്രൈവ് ചെയ്തത്. മാധുരിയും മാളവികയും പിൻസീറ്റിൽ ഇരുന്നു. പുറത്ത് ഓടി മറയുന്ന കാഴ്ചകളിലേക്ക് നോക്കി മാളവിക ഇരുന്നു. പുതിയ നഗരം. പുതിയ ജീവിതം. പുതിയ ഭാവി. ഏതായിരിക്കും കുഞ്ഞിമാളുവിന് നല്ലത്.അമ്പലക്കുന്ന് ഗ്രാമത്തിലെ ആ നാടൻ പെണ്ണിൻ്റെ ജീവിതമോ? അതോ ബാംഗ്ലൂരിലേക്ക് പറിച്ചു നട്ട പുതിയ ജീവിതമോ? പ്രശസ്തമായ ലോ കോളജിന് മുന്നിൽ തരുൺ കാർ ഒതുക്കി നിർത്തി. മാധുരിയും മാളവികയും ഇറങ്ങി. കോളജിൻ്റെ പേരു കൊത്തിയ വലിയ കമാനാകൃതിയിലുള്ള ഗേറ്റ്. അത് കടന്നു ചെല്ലുമ്പോൾ മാളവികയുടെ പാദങ്ങൾ വിറപൂണ്ടു. "അമ്പലക്കുന്ന് കൃഷ്ണാ. നീയെന്നെ എവിടേക്കാണ് ഓടിക്കുന്നത്. എൻ്റെ മായക്കണ്ണനൊപ്പം ആ തിരുസന്നിധിയിൽ ജീവിക്കാൻ ആഗ്രഹിച്ച കുഞ്ഞിമാളുവിനെ. കണ്ണുകൾ പിന്നെയും നിറഞ്ഞു. എങ്കിലും വിഷാദത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ മനസ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെടുത്തു കൊണ്ട് മുന്നിൽ കാണപ്പെട്ട വലിയ ബിൽഡിങുകളെ അവൾ കൗതുകത്തോടെ നോക്കി. അഡ്മിഷൻ ശരിയായാൽ ഇവിടെ നിന്നും മാളവികയുടെ പുനർജന്മം തുടങ്ങുകയാണ്.

മനസാ കൈകൂപ്പി . നല്ലതുവരുത്തണേ കൃഷ്ണാ. കുഞ്ഞിമാളുവിനെ കൂടുതൽ പരീക്ഷിക്കരുതേ. "വേഗം വരൂ കുഞ്ഞിമാളൂ"മാധുരി തിരിഞ്ഞു നിന്ന് വിളിച്ചു. കോളജിലെ ഫോർമാലിറ്റീസ് വളരെ വേഗം കഴിഞ്ഞു. ആപ്ലിക്കേഷൻ നൽകി. കോളജ് അധികൃതർ വളരെ ഹാർദ്ദവമായാണ് അവരെ സ്വീകരിച്ചത്. കഴിയുന്നത്ര സഹായ വാഗ്ദാനങ്ങൾ മാളവികയ്ക്ക് നൽകാമെന്ന ഉറപ്പു കിട്ടി. മാധുരി പത്മ എന്ന മിറർ സംഘടനയുടെ തേരാളിയെ വളരെ കാര്യമായി തന്നെ എല്ലാവരും പരിഗണിക്കുന്നത് മാളവിക കണ്ടു. തനിക്കു വേണ്ടി വളരെ ശക്തമായ റെക്കമൻ്റേഷനാണ് മാധുരി നൽകിയിരിക്കുന്നത്. പ്രതീക്ഷയോടെയാണ് മാളവിക തിരിച്ചു വന്നത്. " നമുക്ക് ലാൽബാഗിൽ പോയാലോ. ബാംഗ്ലൂരിലെ സുന്ദരമായ പാർക്കാണ്. കുഞ്ഞിമാളുവിന് കാണണ്ടേ "അവൾ ചോദിച്ചു. മാളവിക തലയാട്ടി. തരുൺ കാറോടിച്ചു. ഏറെ സമയവും അവൻ നിശബ്ദനായിരുന്നു. സംസാര പ്രിയനല്ലെന്ന് മാളവിക വിലയിരുത്തി. ഉച്ച സമയമായതുകൊണ്ട് പാർക്ക് സജീവമായിരുന്നു. കമിതാക്കളെയും അവരുടെ ചേഷ്ടകളും കണ്ട് മാളവികയുടെ മുഖം വിളറി. അവൾ നോട്ടം മാറ്റുന്നത് കണ്ട് മാധുരി ചിരിച്ചു. "കുഞ്ഞിമാളൂ നമ്മൾ മറ്റുള്ളവരുടെ സ്വകാര്യത അവർക്ക് വിട്ടുകൊടുത്തേക്കണം.

ഒരിക്കലും അതിൽ ഇടപെടുകയോ അതോർത്ത് ടെൻഷനാകുകയോ ചെയ്യരുത്. " മാധുരി പറഞ്ഞു. ലോlലയേയും ജൂഹിയേയുമാണ് മാളവികയ്ക്ക് ഓർമ വന്നത്. " അതു കൊണ്ടാണോ അവർ അങ്ങനെ വൃത്തികേട് ചെയ്തിട്ടും മധു ചേച്ചി മിണ്ടാതിരുന്നത് "? മാളവിക ചോദിച്ചു പോയി. "ആര് .. " മാധുരി നോക്കി. " ജൂഹി ..ലോല " മാളവിക പറഞ്ഞു. " കുഞ്ഞിമാളു എന്തെങ്കിലും കണ്ടോ"? മാധുരി ചോദിച്ചു. " കണ്ടു " അവൾ മുഖം കുനിച്ചു. " തരുൺ ... " മൊബൈലിൽ സംസാരിക്കുകയായിരുന്ന തരുണിനെ മാധുരി വിളിച്ചു. താനും മാളവികയും മാറിയിരുന്ന് സംസാരിക്കട്ടെ എന്നു ആംഗ്യം കാണിച്ചു.തുടർന്ന് മാളവികയുമായി അവൾ ഒരു ഇരിപ്പിടത്തിൽ ചെന്നിരുന്നു. " അവർ കപ്പിൾസാണ് കുഞ്ഞിമാളു "മാധുരി പറഞ്ഞു. മാളവിക ഞെട്ടിപ്പോയി. മധു ചേച്ചി എന്താണ് പറഞ്ഞത്.ജൂഹിയും ലോലയും ഭാര്യാ ഭർത്താക്കൻമാരാണെന്നോ. അവളുടെ നോട്ടം കണ്ട് മാധുരി ചിരിച്ചു. "LGBTQ എന്ന് കുഞ്ഞിമാളു കേട്ടിട്ടുണ്ടോ " ? മാധുരിയുടെ ചോദ്യം പോലും അവൾക്ക് മനസിലായില്ല. " വ്യക്തിപരമായ ലൈംഗിക താത്പര്യമനുസരിച്ച് ലെസ്ബിയൻ Lesbian, ഗേ Gay, ബൈ സെക്ഷ്വൽ Bisexual , ട്രാൻസ്ജെൻഡർ Transgender ക്വീർ Queer എന്നൊക്കെ മനുഷ്യരെ തരം തിരിച്ചിട്ടുണ്ട് " മാധുരി വിശദീകരിച്ചു.

മാളവികയ്ക്ക് ഒന്നും മനസിലായില്ലെന്ന് അവളുടെ മുഖ ഭാവം വിളിച്ചോതി. "ഇവ ഓരോന്നും എന്താണെന്ന് പറഞ്ഞു തരാം .ലെസ്ബിയൻ എന്നാൽ ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നവർ.. " മാളവിക തലയാട്ടി. " അവർക്ക് ഒരിക്കലും പുരുഷനോട് ആകർഷണം തോന്നണം എന്നില്ല. ഒരാണിനെ വിവാഹം കഴിച്ച് ജീവിച്ചാൽ തന്നെ ആ ജീവിതം വിജയിക്കില്ല". മാളവിക കേട്ടിരുന്നു. "അതുപോലെ ഒരാണിനു മറ്റു ആൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ഗേ എന്നു വിളിക്കും. അവർക്ക് സ്ത്രീയോട് താൽപര്യമുണ്ടാകില്ല." "ഒരാൾക്കു ഒരു പോലെ ആണിനോടും, പെണ്ണിനോടും ആകർഷണം തോന്നാമെങ്കിൽ അവരെ ബൈ സെക്ഷ്വൽ എന്നു വിളിക്കും." മാളവികയുടെ മുഖത്തെ വിസ്മയം നോക്കി മാധുരി മന്ദഹസിച്ചു. "LGB എന്നതു ഒരാളുടെ ലൈംഗികതയെ ആസ്പദമാക്കിയാണെങ്കിൽ, ബാക്കിയുള്ള TQ എന്നതു ഒരാളുടെ ജൻഡർ identityയെ കാണിക്കുന്നു. അതായത് ലിംഗ പരമായ മാറ്റം ആഗ്രഹിക്കുന്നവരാണ് അവർ.. അമീനയെ പോലെയുള്ള ട്രാൻസ്ജെൻഡേഴ്സ് " മാളവിക കൗതുകത്തോടെ കേട്ടു . "ഇത് കൃത്യമായി മനസ്സിലാകണമെങ്കിൽ സെക്സും, ജൻഡറും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കണം.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ മറ്റുള്ളവർ ആ കുഞ്ഞിൻ്റെ ശരീരം നോക്കി ആൺ എന്നോ പെൺ എന്നോ തീരുമാനിക്കുന്നു. അതാണ് ആ കുട്ടിയുടെ സെക്സ്... എന്നാൽ ആ കുഞ്ഞ് വളർന്ന് അതിന് തിരിച്ചറിവ് വയ്ക്കുമ്പോൾ തൻ്റെ സ്വത്വം പുരുഷനല്ല സത്രീയാണ് എന്നോ സ്ത്രിയല്ല പുരുഷനാണ് എന്നോ തിരിച്ചറിയുന്നു. യഥാർത്ഥത്തിൽ അതാണ് ആ വ്യക്തിയുടെ ജെൻഡർ " " സെക്‌സും ജൻഡറും ഒന്നാകണമെന്നില്ല. പെണ്ണായി ജനിച്ചു ആണായി ജീവിക്കാൻ കൊതിക്കുന്നവരുണ്ട്. ഒരു ആണുടലിൽ കുടുങ്ങിപ്പോകുന്ന സ്ത്രീത്വം. സെക്‌സും ജൻഡറും ഒന്നല്ലാത്ത ഇവരാണ് ട്രാൻസ്ജൻഡർ." "അതേക്കുറിച്ച് കേട്ടിട്ടുണ്ട് .. ചെറുതായിട്ട് " മാളവിക പറഞ്ഞു. " മറ്റൊരു വിഭാഗമാണ് ട്രാൻസ്-മാൻ. പെണ്ണായി വളർത്തുകയും എന്നാൽ ആണാണ് താൻ എന്ന് ചിന്തിക്കുകയും ചെയ്യുന്നവർ. ട്രാൻസ് വുമൺ എന്നാൽ ആണായി വളർത്തപ്പെടുകയും പെണ്ണിൻ്റെ സ്വത്വവും ഉള്ളവർ.. " ഇങ്ങനെയുള്ള വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അവർ ജനിച്ചു വീണ ശരീരത്തോടു പതിയെ അറപ്പും, വെറുപ്പും തോന്നിത്തുടങ്ങും.

ഒരു ആണിന് സ്ത്രീയുടെ ശരീരം ഉൾക്കൊള്ളാൻ കഴിയുമോ? ഒരു പെണ്ണിന് ആണിൻ്റെ ശരീരം ഇഷ്ടമാകുമോ.കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് അവർ വളർന്നു വരുന്നത്. പിന്നീട് സ്വന്തം സ്വത്വത്തിൽ ജീവിക്കണമെന്ന് ഇവരിൽ ചിലർ തീരുമാനമെടുക്കും. ഇവരിൽ ചിലർ ശസ്ത്രക്രീയകളിലൂടെ സെക്സ് മാറ്റും. ഇവരാണ് ട്രാൻസ്-സെക്ഷ്വൽ എന്നറിയപ്പെടുന്നത് .അവനിൽ നിന്നും അവളിലേക്ക് മാറുന്നതും തിരിച്ചും ഒക്കെ സംഭവിക്കുന്നത് അങ്ങനെയാണ്" മാളവിക ഏറെ ശ്രദ്ധയോടെ ഇരിക്കുന്നത് മാധുരിയെ തുടരാൻ പ്രേരിപ്പിച്ചു. " ഇങ്ങനെ ഒരുപാട് ജൻഡറുള്ള ആണിനും, പെണ്ണിനും ഇടയിൽ ഒരുപാടു സെക്‌സുമുണ്ട്. ഇവരെയെല്ലാം ഒന്നിച്ച് സൂചിപ്പിക്കുന്ന പദമാണ് ക്വീർ അല്ലെങ്കിൽ നോൺ-ബൈനറി. " " പെണ്ണായി വളർന്ന ഒരാൾക്ക് ചിലപ്പോൾ ആണിൻ്റെ ശരീരഭാഗങ്ങൾ ഉണ്ടാകാനിടയുണ്ട്. പുരുഷനായി വളർന്നയാൾക്ക് സ്ത്രീയുടെ അവയവങ്ങൾ ഉണ്ടാവാം. നാൽപ്പതോളം വ്യത്യസ്ത രീതിയിൽ ഇത്തരം മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്. ഇവരെ intersex എന്നു വിളിക്കുന്നു. ചില കണക്കുകൾ പ്രകാരം ലോകത്തിലെ 1.7% ആളുകൾ intersex ആണ് എന്നാണ് കണ്ടെത്തൽ" മാളവികയ്ക്ക് അതു പുതിയ അറിവായിരുന്നു. "

ഇനിയുമുണ്ട് കൗതുകം ഒരാളുടെ ജൻഡർ ജീവിതകാലം മുഴുവൻ ഒരെണ്ണം തന്നെ ആകണമെന്നില്ല. ചെറുപ്പത്തിൽ പെണ്ണും, വലുതാകുമ്പോൽ ആണും, വിവാഹശേഷം പെണ്ണും, വാർധക്യത്തിൽ ആണും ഒക്കെയായി ജൻഡർ ഇങ്ങനെ മാറിമറിയാറുണ്ട്. ആണും, പെണ്ണും മാത്രമല്ല അതിനിടയിലുള്ള ഏതു ജൻഡർ വേണമെങ്കിലും ഇങ്ങനെ മാറാം. ഇതിനെ ജൻഡർ ഫ്ലൂയിഡിറ്റി എന്നു വിളിക്കുന്നു. ആണും, പെണ്ണുമായി മാത്രമാണ് മാറുന്നതെങ്കിൽ ഇവരെ ബൈ-ജൻഡർ എന്നു വിളിക്കുന്നു." "പെണ്ണിന്റെ ശരീരത്തിൽ ജനിച്ചിട്ടും, പെണ്ണായി വളരാൻ ഇഷ്ടമായിട്ടും ആൺകുട്ടികളുടെ സ്വഭാവമുള്ള പെൺകുട്ടികളാണ് ട്രാൻസ്-മാസ്‌കുലിൻ.... അതുപോലെ ആണായി ജനിച്ചിട്ടും, അങ്ങനെ വളർന്നിട്ടും പെണ്ണിന്റെ സ്വഭാവമുള്ള ആൺകുട്ടികളുണ്ട്. അവരാണ് ട്രാൻസ്-ഫെമിനിൻ." "കുഞ്ഞിമാളുവിന് ബോറടിച്ചോ "മാധുരി ചോദിച്ചു. "ഇല്ല .. മനുഷ്യർ ഇത്രയും വ്യത്യസ്തരാണെന്ന് അത്ഭുതം തോന്നുന്നു മധുചേച്ചീ " മാളവിക പറഞ്ഞു. "എന്നാൽ പറയാം.. ആൺ പെൺ എന്ന ഈ വേർതിരിവിൽ ഉപരി ഇത്ര ശതമാനം ആണ്, ഇത്ര ശതമാനം പെണ്ണ് എന്നു തോന്നുന്നവരെ ഡെമി-ജൻഡർ എന്നു വിളിക്കുന്നു."

''താൻ പെണ്ണോ ആണോ ആയി സ്വയം തോന്നാത്തവരാണ് ഏജെൻഡർ.. അങ്ങനെ ആണ് പെണ്ണ് എന്ന് തീർത്തു പറയാൻ കഴിയുന്ന ഒന്നല്ല ജൻഡർ. അതൊരു സ്പെക്ട്രം ആണ്. മനസിലായോ". മാധുരി അവളുടെ കരം കവർന്നു. "നമ്മളൊക്കെ ആണും പെണ്ണുമായിരിക്കുന്നത് പ്രകൃതിയുടെ കനിവ്. അല്ലാതെ നമ്മുടെ മിടുക്കല്ല. വളരയേറെ വൈവിധ്യമാർന്ന സംഭവമാണ് സെക്‌സും ജൻഡറും. എന്നാൽ സമൂഹത്തിന് ഈ അറിവില്ല. ആണും പെണ്ണും ഒഴികെ ബാക്കിയുള്ളവയെയെല്ലാം സമൂഹം തേച്ചു മാച്ചു കളയലാണ് പതിവ്. " മാളവികയ്ക്ക് സഹതാപം തോന്നി. "ഇതിനെ കുറിച്ച് മനസ്സിലാക്കാത്ത സമൂഹം അവരോട് ചെയ്‌തു കൂട്ടുന്ന ദ്രോഹം ചിന്തിക്കുന്നതിനേക്കാൾ വലുതാണ്. എത്രയോ പേർ കുടുംബവും സമൂഹവും ക്രൂരമായി പെരുമാറിയതോടെ ആത്മഹത്യ ചെയ്തിരിക്കുന്നു. ചികിത്സ ചെയ്‌തു സ്വവർഗ്ഗാനുരാഗം മാറ്റാം എന്നതു വെറും കാപട്യമാണ്. പ്രകൃതിയുടെ ഒരു തരം വികൃതിയാണത്. ചികിത്സിച്ചു മാറ്റാൻ ഇതൊരു അസുഖമോ, പോരായ്‌മയോ അല്ല. ഇതെല്ലാം ലൈംഗികതയുടെ വ്യത്യസ്‌ത ഭാവങ്ങളാണ്. അതറിയാതെ ഇവർക്കു നേരെ സമൂഹം കല്ലെറിയുന്നു. ചിലരൊക്കെ കാലിടറി വീഴുന്നു.

ചിലർക്ക് പരിക്കേൽക്കുന്നു. ചിലർ മരണപ്പെടുന്നു ഒരു ചെറിയ ശതമാനം അതിജീവിക്കുന്നു." മാധുരിയുടെ സ്വരമിടറി. ഇവരുടെയൊക്കെ കണ്ണീരിൽ ഇന്നും സമൂഹം കുതിർന്നു പോകുന്നുണ്ട്. . ഓരോ വിഭാഗത്തേ പറ്റിയും അറിയുകയാണ് അവരെ മനസിലാക്കാനുള്ള മാർഗം .. അതുകൊണ്ടാണ് ഞാനിത്ര വിശദീകരിച്ചത് " "മധു ചേച്ചി പറഞ്ഞത് നന്നായി. ഇപ്പോഴാണ് എനിക്ക് ലോലയേയും ജൂഹിയേയും ഉൾക്കൊള്ളാൻ കഴിഞ്ഞത് " മാളവിക അവളുടെ ചുമലിലേക്ക് മുഖം ചായ്ച്ചു. "പക്ഷേ അവർക്ക് ആ ഡോർ ലോക്ക് ചെയ്യാമായിരുന്നു. അത് ചെയ്യാത്തതിന് ഞാനവരെ ശാസിക്കും"മാധുരി പറഞ്ഞു. "കുഞ്ഞിമാളുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവിടെ വിട്ടു കളയാതെ ഞാനെൻ്റെ കൈക്കുമ്പിളിൽ വെച്ചു കൊണ്ടുവന്നത് അതുകൊണ്ടാണ്. കുഞ്ഞിമാളുവിൽ ഞാനൊരു തീപ്പൊരി കാണുന്നുണ്ട്. അത് കത്തിപ്പടരണം"മാധുരി അവളുടെ മുടിയിൽ തഴുകി. "മധു ചേച്ചി ഉദ്ദേശിക്കുന്നത്ര ഞാൻ ജ്വലിച്ചില്ലെങ്കിലോ ". മാളവിക ചോദിച്ചു. " അതിനർത്ഥം ഞാൻ കത്തിയമർന്ന് ചാരമായി എന്നാണ്. "മാധുരിയുടെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു.......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story