ദൂരെ: ഭാഗം 13

Dhoore

രചന: ഷൈനി ജോൺ

ലോ കോളജിൽ അഡ്മിഷൻ കിട്ടി എന്ന അറിയിപ്പു ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മാളവിക കരഞ്ഞുപോയി. തുള്ളിച്ചാടാനും ഫ്ളാറ്റിനകത്ത് നിന്ന് ഒന്നുച്ചത്തിൽ കൂവി വിളിക്കാനുമുള്ള തോന്നൽ അടക്കി അവൾ തൂമന്ദഹാസത്തോടെ അൽപ്പനേരം നിന്നു. മിഴികളിൽ നിന്ന് നീർ പൊടിഞ്ഞു കൊണ്ടിരുന്നു. "എൻ്റെ അമ്പലക്കുന്ന് കൃഷ്ണാ.. ഒരു കൈ കൊണ്ട് തല്ലുമ്പോൾ ഒരു കൈ കൊണ്ട് തലോടുന്നു .. ഇതെന്താ നിനക്ക് മുഴു വട്ടായോ" ചിന്ത അത്രയും ആയപ്പോൾ ചിരി വന്നു. മധു ചേച്ചിയോട് പറയാനായി ഫ്ളാറ്റിനുള്ളിൽ മുഴുവൻ തിരഞ്ഞു. ബെഡ് റൂമിൽ നിന്ന് ടെറസിലേക്ക് തുറക്കുന്ന വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു. പുറത്ത് നിന്ന് മൂളിപ്പാട്ട് കേട്ടു. ഓടിച്ചെല്ലുമ്പോൾ മാധുരി കുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ അയയിൽ വിരിയ്ക്കുകയാണ്. മാളവിക ഓടിച്ചെന്ന് അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. മാധുരി ഞെട്ടിപ്പോയി. ദേഹത്ത് വന്നലച്ച് വീണത് മാളവികയാണെന്നറിഞ്ഞപ്പോൾ കൗതുകമായി. "എന്താ കുഞ്ഞിമാളൂ" മാധുരി ചോദിച്ചു.

" അഡ്മിഷൻ കിട്ടി.. താങ്ക്സ് മധു ചേച്ചീ." അവൾ പറഞ്ഞു. മാളവികയുടെ ആഹ്ളാദ പ്രകടനം കണ്ടപ്പോൾ മാധുരിയ്ക്കും സന്തോഷമായി. " അതു ശരി.. അപ്പോൾ നിങ്ങളുടെ അമ്പലക്കുന്ന് കണ്ണന് ശക്തിയുണ്ട് " "അതെന്താ.. " മാളവിക അത്ഭുതത്തോടെ നോക്കി. " അവിടെ ഒരു നേർച്ച നേർന്നിട്ടാണ് ഞാൻ വന്നത്.. ദൈവ വിശ്വാസം അങ്ങനെ ഇല്ലെനിക്ക് .. എന്തായാലും ആ ക്ഷേത്രം കണ്ടപ്പോൾ എന്തോ പ്രാർത്ഥിക്കാൻ തോന്നി... " "അയ്യോ." മാളവിക അമ്പരന്നു നിന്നു. " അവിടെ നേർച്ച നേർന്നാൽ അത് വീട്ടണം.. ഇല്ലെങ്കിൽ നേടിയതൊക്കെ വെറുതെയാകുമെന്നാ ചൊല്ല് " അവളുടെ മുഖത്തെ ഭയം കണ്ട് മാധുരി ചിരിച്ചു. "ഇനി അതു പേടി'ച്ച് ടെൻഷനാവണ്ട.. ഇവിടെ നിന്ന് എന്നെങ്കിലും നാട്ടിൽ പോകുമല്ലോ. അപ്പോൾ നേർച്ച വീട്ടാം പോരേ.. " മാളവികയുടെ മുഖം വിടർന്നു. "എന്താ നേർന്നത് " അവൾ അറിയാൻ തിടുക്കപ്പെട്ടു. "കണ്ണനൊരു മാല" "എന്തു മാല" കൗതുകം നിറഞ്ഞ കണ്ണുകൾ മാധുരി അവഗണിച്ചു. "എന്തു മാല എന്ന് പറയു മധു ചേച്ചീ " "പൂമാല " മാധുരി തുണി വിരിച്ചു കഴിഞ്ഞ് ബക്കറ്റുമായി നടന്നു.

" പൂമാല അവിടെ ആരും നേരാറില്ല."ആശങ്കയോടെ മാളവിക പിന്നാലെ ചെന്നു. " ഒരു പവൻ്റ പൊൻമാല കൊടുത്താലോ "മാധുരി ചിരിച്ചു. " അതു മതി.. " അവളുടെ മുഖം പ്രകാശിച്ചു. " അടുത്ത തിങ്കൾ മുതൽ ക്ലാസിൽ പോകണം. ഇവിടുത്തെ തെലുങ്കും കന്നടയും ഹിന്ദിയുമൊന്നും എനിക്കറിയില്ല" അടുത്ത പരിഭവം വന്നു. " ഇംഗ്ലീഷ് അറിയാലോ അത് മതി" മാധുരി പറഞ്ഞു. " മുറി ഇംഗ്ലീഷ്.." " തത്ക്കാലം അതുമതി.. ബാക്കി ഒക്കെ പഠിച്ചോളും. മാധുരിയുടെ വാക്കുകൾ ആത്മവിശ്വാസം പകർന്നു. മാളവിക കണ്ണാടിയിൽ നോക്കി. അമ്പലക്കുന്നിലെ ആ നാടൻ പെണ്ണ് തന്നെയോ ഇത്! ബാംഗ്ലൂര് പഠിക്കാൻ പോവാണത്രേ. ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല ഇത്ര അകലത്തേക്ക് ഒരു മാറ്റം. ഹോസ്റ്റലിലേക്ക് മാറിയാൽ തന്നെ കണ്ണേട്ടനെ കാണാൻ തോന്നുമ്പോൾ ഓടിയെത്താൻ കഴിയണം. അത്ര ദൂരേയ്ക്ക് മാത്രമേ കുഞ്ഞിമാളു ഓടിപ്പോകൂ എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഒടുവിൽ മായക്കണ്ണൻ തന്നെ ആട്ടിയിറക്കി. എന്തൊക്കെയാണ് ലച്ചമ്മ പറഞ്ഞത്. ഓർക്കാൻ വയ്യ.. ."ഇല്ല.. കുഞ്ഞിമാളു ... നീ കരയരുത്. " മനസിന് സ്വയം ധൈര്യം പകർന്നു. ഒരു പേരെടുത്ത വക്കീലായി വേണം തിരിച്ചു ചെല്ലാൻ. എന്നിട്ട് ജി.കെയെ ചൂണ്ടുവിരലിൽ നിർത്തി വട്ടം ചുറ്റിക്കും കുഞ്ഞിമാളു.

അതിനു മുമ്പ് ഇടയ്ക്കൊക്കെ അമ്പലക്കുന്ന് പോകണം. മായക്കണ്ണനെ കാണാതെ പറ്റില്ല. മായക്കണ്ണൻ അപ്പോഴും വെറുപ്പു കാണിക്കുമോ. അതിന് മായക്കണ്ണന് കഴിയില്ല. തന്നെ കണ്ടാൽ ഓടി വരും. " കുഞ്ഞിമാളുവിനെ കാണാതെ കണ്ണൻ കുറേ വിഷമിച്ചു " എന്ന് പറയും. അതോ ദിവ്യയെ കണ്ട് മായക്കണ്ണനും മയങ്ങിപ്പോയോ.? മയക്കമാണെങ്കിൽ മയങ്ങട്ടെ.. പോട്ടെ.. ഇത്ര നാൾ കൈ വെള്ളയിൽ വെച്ചു കൊണ്ടു നടത്തിയ കുഞ്ഞിമാളുവിനെ മറന്ന് പോകാൻ കഴിയുമെങ്കിൽ പോകട്ടെ മായക്കണ്ണൻ. അറിയാതെ മുഖമിരുണ്ടു. അവളുടെ മാറി വരുന്ന മുഖഭാവങ്ങൾ കണ്ട് മാധുരി ചിരിച്ചു. "എന്താ കുഞ്ഞിമാളു ചിന്തിക്കുന്നത് " മാളവികയ്ക്ക് നാണക്കേടു തോന്നി. കണ്ണുകൾ കൂർപ്പിച്ച് അവൾ മാധുരിയെ നോക്കി "ചിന്തിക്കാൻ എനിക്കെന്താ ഉള്ളത്. മായക്കണ്ണനെ കുറിച്ചല്ലാതെ " പറഞ്ഞപ്പോൾ വാക്കുകൾ ഇടറി. " സാരമില്ല .. നമുക്ക് മൂഡ് ഒന്ന് ചെയഞ്ചു ചെയ്താലോ"മാധുരി അടുത്തു വന്നു. " ഒരു ചെറിയ ഷോപ്പിംഗ് എന്താ.. "? കേട്ടതും സമ്മതിച്ചു. പുറത്ത് പോകാൻ കഴിഞ്ഞാൽ കുറച്ചൊക്കെ ആശ്വാസമാകും. വേഗം പോയി റെഡിയായി വന്നു.

മഞ്ഞ പട്ടുപാവാടയും മെറൂൺ നിറമുള്ള ദാവണിയും .അവൾ വരുന്നത് കണ്ട് മാധുരി ചിരിച്ചു. " ഇപ്പോൾ കേരളത്തിലൊക്കെ ഇത്തരം വേഷവിധാനങ്ങൾ ഉണ്ടോ? " മാധുരി ചോദിച്ചു. മാളവിക മറുപടി പറഞ്ഞില്ല. ഒന്നു ചിരിച്ചു. തനിക്ക് ഈ വേഷമാണ് ഇഷ്ടം. മായക്കണ്ണനും. മാധുരിയുടെ കാറിലാണ് പോയത്.മാധുരി മാളവികയ്ക്കുള്ള ഡ്രസുകൾ സെലക്ട് ചെയ്തു. ജീൻസുകൾ, ത്രീ ഫോർത്തുകൾ, ഇറക്കം കുറഞ്ഞതും കൂടിയതുമായ ടോപ്പുകൾ , കുർത്ത, ഷർട്ട്, ലെഗിൻസ്, സ്കർട്ടുകൾ... സൂപ്പർ മാളാകെ തിരഞ്ഞിട്ടും മാളവികയ്ക്ക് തനിക്കിഷ്ടമായതൊന്നും കിട്ടിയില്ല. ബിൽ പേ ചെയ്തു കഴിഞ്ഞപ്പോഴാണ് അതെല്ലാം താൻ മാളവികയ്ക്ക് വേണ്ടി വാങ്ങിയതാണെന്ന് മാധുരി പറഞ്ഞത്. " ഞാനിത് ഇടാനോ " മാളവിക അന്തിച്ചു. " നോക്ക് മധു ചേച്ചീ.. ഞാൻ ജീൻസിടില്ലാട്ടോ". "ഇടണ്ട .. ഞാൻ ഇടുവിച്ചോളാം." മാധുരി പറഞ്ഞു. പിന്നീടവർ പോയത് വലിയൊരു ബ്യൂട്ടി സെൻ്ററിലേക്കാണ്. " ബോളിവുഡ് നായികമാർക്ക് ഹെയർ സ്റ്റൈൽ ചെയ്യുന്ന ഒരാളുണ്ട് "മാധുരി പറഞ്ഞു. "കുഞ്ഞിമാളൂൻ്റെ മുടി ഭംഗിയോടെ വെട്ടിത്തരും'' മാളവിക ഞെട്ടിപ്പോയി.

" അതു വേണ്ട " മാളവിക എതിർത്തു. "എൻ്റെ മുടി ഞാനാരെ കൊണ്ടും തൊടീപ്പിക്കില്ല". കുഞ്ഞിമാളുവിൻ്റെ വെപ്രാളം മാധുരിയെ അതിശയിപ്പിച്ചു. "കുഞ്ഞിമാളൂ.. മുടിയുടെ ലെങ്തൊന്നും കുറയില്ല. നല്ല ലെയറായിട്ട് ഭംഗിയിൽ കിടക്കുന്നത് കണ്ടിട്ടില്ലേ.. അങ്ങനെ" മാധുരി അനുനയിപ്പിച്ചു. സങ്കോചത്തോടെയാണ് മാളവിക അവൾക്കാപ്പം ചെന്നത്. അകത്ത് ദേവിക മാഡം കാത്തിരിക്കുകയായിരുന്നു. അവരെ പല ചാനൽ പ്രോഗ്രാമിലും കണ്ടു പരിചയമുണ്ടായിരുന്നു മാളവികയ്ക്ക് . അവർ മാളവികയെ കറങ്ങുന്ന ചെയറിലിരുത്തി മുടി പരിശോധിച്ചു "നല്ല ഹെൽതിയായ ഹെയറാണ്. ജസ്റ്റ് വെട്ടിയിട്ടാൽ മാത്രം മതി. സ്ട്രൈറ്റും സ്മൂത്തനിംഗും ഒന്നും വേണ്ടാ. നല്ല കറുപ്പും നല്ല തിളക്കവുമുള്ള മുടി.. ഇത് നാച്ചുറൽ ആയി തന്നെ സൂക്ഷിച്ചാൽ മതി" മാളവികയുടെ മുഖത്ത് ആശ്വാസം പടർന്നു. മാധുരി പറഞ്ഞത് പോലെ നീളം കുറയ്ക്കാതെ ഭംഗിയുള്ള ഹെയൽസ്റ്റൈൽ ആണ് അവളിൽ പരീക്ഷിച്ചത്. പിന്നെ ത്രഡിംഗും ഫേഷ്യലും. ഒടുവിൽ കണ്ണാടിയിൽ തന്നെ കണ്ട് മാളവിക അതിശയിച്ചു പോയി.

"കുഞ്ഞിമാളു ഇത്ര സുന്ദരിയാണെന്ന് ആരറിഞ്ഞു " പിന്നിൽ വന്നു നിന്ന് മാധുരി പറഞ്ഞു. " അമ്പലക്കുന്നുകാർ കണ്ടാൽ തിരിച്ചറിയില്ല." മാളവികയ്ക്കും അങ്ങനെ തോന്നി.. മായക്കണ്ണൻ അത്ഭുതപ്പെടും തീർച്ചയാണ്. "കുഞ്ഞിമാളു കോളജിൽ ചെല്ലുമ്പോൾ അവരിൽ ഒരാൾ തന്നെ ആയിരിക്കണം. ഒന്നിനും പിന്നോട്ട് പോകരുത്." മാധുരി പറഞ്ഞു. മാളവികയ്ക്ക് മാധുരിയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാൻ തോന്നി. എന്തു സ്നേഹമാണ് മധു ചേച്ചിയ്ക്ക്. മീരേച്ചിയിൽ നിന്ന് ഒരിക്കലും കിട്ടാത്ത സുരക്ഷിതത്വം. കണ്ണുകൾ നിറഞ്ഞു. ഈ കരുതൽ ഇല്ലെങ്കിൽ കുഞ്ഞിമാളു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമോ എന്നു ത്തന്ന സംശയമാണ്. അല്ലെങ്കിൽ ജയിലിൽ .. ഒന്നുകിൽ ജി.കെ തന്നെ കൊല്ലും. അല്ലെങ്കിൽ താൻ ജി.കെ.യെ കൊല്ലും. അങ്ങനെയായിരുന്നു സംഭവിക്കുമായിരുന്നത്. തിരിച്ച് ഫ്ളാറ്റിലെത്തിയതിന് ശേഷം മാധുരി വസ്ത്ര കിറ്റുകൾ അവളെ ഏൽപ്പിച്ചു. "തൻ്റെ മേക്കോവറും ഈ ദാവണിയും തീരെ മാച്ചില്ല. കോളജിൽ പോകുമ്പോൾ ഇടാനുള്ളതാ വാങ്ങിയത്.

ഈ നഗരത്തിൽ ഈ നഗരത്തിൻ്റെ സന്തതിയായി ജീവിച്ചിട്ടേ കാര്യമുള്ളു. " മാളവിക നിർന്നിമേഷയായി നിന്നു. ദിവസങ്ങൾ വളരെ വേഗം ഓടിപ്പോയി. തിങ്കളാഴ്ചയായി. അതി രാവിലെ തന്നെ മാളവിക എഴുന്നേറ്റു. കുളി കഴിഞ്ഞ് അമ്പലക്കുന്നു നിന്ന് വരുമ്പോൾ കൂടെ കൂട്ടിയ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി . " നല്ലതു വരുത്തണേ ഭഗവാനേ " അതൊരു അപേക്ഷയായിരുന്നു. കരഞ്ഞു കൊണ്ടൊരു യാചന. മായക്കണ്ണൻ്റെ മനസിൽ ഞാനുണ്ടാവണേ.. എൻ്റെ കണ്ണേട്ടനെ എനിക്കു തരണേ.." പ്രാർത്ഥിച്ചു നിൽക്കവേ ഭഗവാൻ നെറുകിൽ തലോടുന്നതു പോലെ തോന്നി. " ധൈര്യപൂർവം പോയി വരൂ കുട്ടി'' കാതിലൊരു ശബ്ദം പതിഞ്ഞത് പോലെ. മന്ദഹാസത്തോടെ കൺ തുറന്നു. മുന്നിൽ ചിരി തൂകുന്ന കൃഷ്ണ വിഗ്രഹം. " പുതിയ നാട് .. പുതിയ കോളജ്.. പുതിയ ക്ലാസ്... കൂടെ ഉണ്ടാവണേ" എന്ന് കൺതുറന്ന് കരുണാമയൻ്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു. എട്ടരയോടെ ഒരുങ്ങി ഇറങ്ങി. ടൈറ്റ് ജീൻസും ടോപ്പും ധരിച്ച് വന്ന കുഞ്ഞമാളുവിനെ കണ്ട് മാധുരി കൺമിഴിച്ചു. "ഇതാര് ബോളിവുഡ് നായികയോ..

എന്തൊരു ലുക്കാണെൻ്റെ പെണ്ണേ.. " മധു ചേച്ചിയുടെ ഭാവം കണ്ട് അവൾക്ക് നാണം വന്നു. ജീവിതത്തിൽ ആദ്യമായാണ് ജീൻസ് ധരിക്കുന്നത്. സോഫയിൽ ഇരുന്ന് തരുണും കൗതുകത്തോടെ നോക്കുന്നത് കണ്ടു. അവൻ എപ്പോൾ വന്നു എന്ന ഭാവത്തിൽ മാളവിക മാധുരിയെ നോക്കി. "എനിക്ക് അത്യാവശ്യമായി മിററിൽ പോകണം മോളേ.. തരുൺ നിന്നെ കോളജിൽ എത്തിക്കും." മാധുരി പറഞ്ഞു. തലയാട്ടി സമ്മതിക്കാതെ വേറെ മാർഗമുണ്ടായിരുന്നില്ല കുഞ്ഞിമാളുവിന്. "നാളെ മുതൽ കുഴപ്പമില്ല .. എനിക്ക് ഡാൻസ് സ്ക്കൂളിൽ പോകേണ്ട സമയത്ത് തന്നെയാണ് കുഞ്ഞിമാളുവിന് കോളജിലും പോകേണ്ടത്. അപ്പോൾ ഞാൻ കൊണ്ടു വിടാം. വൈകിട്ട് കൂട്ടുകയും ചെയ്യാം. " മാളവികയ്ക്ക് സമാധാനമായി. "എന്നാലും മാളു ഉടനെ സ്ക്കൂട്ടി പഠിക്കണം. ലൈസൻസ് എടുക്കണം" മാധുരി പറഞ്ഞു. " അപ്പോൾ ഇറങ്ങിക്കോളു തരുൺ " മാധുരി നിർദ്ദേശിച്ചു. മാളവിക അവളെ കെട്ടിപ്പിടിച്ച് ഫോണിൽ ഒരു സെൽഫിയെടുത്തു. പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെപ്പാണ്.

അതിന് കാരണക്കാരിയായ മധു ചേച്ചിയ്ക്കൊപ്പം എന്നെന്നും സൂക്ഷിക്കാനൊരു ഓർമ ചിത്രം. " ടൈം പോകുന്നു" തരുൺ പറഞ്ഞു. അവന് പിന്നാലെ ഇറങ്ങുമ്പോൾ മാളവികയ്ക്ക് എന്തോ മനസിലൊരു തുടുപ്പ് തോന്നി. മാധുരി പുറകെ ചെന്ന് തരുണിൻ്റെ കാറിന് പിന്നിൽ കയറാൻ ശ്രമിച്ച മാളവികയെ ഫ്രണ്ട് സീറ്റിൽ തന്നെ ഇരുത്തി. തരുൺ കാർ മുന്നോട്ടെടുത്തപ്പോൾ മാളവിക അവൾക്ക് നേരെ കൈ വീശി. മാധുരി തിരിച്ചും കൈ വീശി. ഒരുമ്മയും മാളവികയ്ക്ക് നേരെ പറത്തി വിട്ടു. കാർ പ്രധാന റോഡിലൂടെ ഓടിത്തുടങ്ങി. മാളവിക നിശബ്ദയായിരുന്നു. "ഈ ഡ്രസിൽ കുഞ്ഞിമാളു ക്യൂട്ടായിരിക്കുന്നു. മേക്കോവർ വിശ്വസിക്കാൻ വയ്യ" ഇടയ്ക്ക് തരുൺ അവളെ നോക്കി ഇംഗ്ലീഷിൽ പറഞ്ഞു. "എന്ത് ". മാളവിക ഞെട്ടിക്കൊണ്ട് ചോദിച്ചു. " യൂ ആർ സോ ക്യൂട്ട് " അവൻ ആവർത്തിച്ചു. മാളവിക പതറി. അവളുടെ ഭാവം കണ്ട് തരുൺ അമർത്തി ചിരിച്ചു. ഒരു നിമിഷം അത് മായക്കണ്ണൻ ആണോ എന്ന് സംശയം തോന്നി. മുഖം ഒരു വശത്തു നിന്ന് കാണുമ്പോൾ ഒരു പോലെ തന്നെ .. മായക്കണ്ണൻ്റെ മൂക്ക്. മായക്കണ്ണൻ്റെ ചിരി .. മായക്കണ്ണൻ ഇതാ തൊട്ടരികെ.....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story