ദൂരെ: ഭാഗം 14

Dhoore

രചന: ഷൈനി ജോൺ

നിയമം പഠിക്കാൻ തുടങ്ങിയപ്പോഴാണ് മാളവികയ്ക്ക് ബോധ്യമായത് സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വങ്ങളെ കുറിച്ച് ,അക്രമങ്ങളെ കുറിച്ച്.. എത്രയെത്ര ആനുകൂല്യങ്ങളാണ് സ്ത്രീകൾക്ക് അവരുടെ സാഹചര്യം മനസിലാക്കി നിയമം വകവെച്ചു കൊടുത്തിരിക്കുന്നത്. എന്നാൽ അവിടെയും പുരുഷാധിപത്യ മേധാവികളായ ഉദ്യോഗസ്ഥരാൽ ഓരോ സ്ത്രീയും അവർക്ക് ലഭിക്കേണ്ട നീതിയ്ക്കായി അലയേണ്ടി വരുന്നുണ്ട്. അതേപ്പറ്റി മധു ചേച്ചിയോട് സംസാരിക്കുക പതിവായിരുന്നു. ക്ലാസ് കഴിഞ്ഞെത്തി കൈയ്യും മുഖവും കഴുകി എന്തെങ്കിലും കഴിക്കാനിരിക്കുമ്പോഴാണ് ചർച്ചകൾ അത്രയും. "ഇന്ന് ഒരു സംഭവമുണ്ടായി" മിററിൽ താൻ ഏറ്റെടുത്ത ഒരു കേസിനെ പറ്റി മാധുരി വിശദീകരിച്ചു. ഗാർഹിക പീഢനം കൊണ്ട് വലഞ്ഞ ഒരു 22 കാരി ..പൂജ ..

പോലീസിൽ പരാതി നൽകി. പോലീസ് പൂജയേയും ഭർത്താവിനെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഭർത്താവ് കുറേ നുണക്കഥകൾ പറഞ്ഞു. വാദി പ്രതിയാകുന്ന ലക്ഷണമായി. പോലീസ് അവൾക്ക് നേരെ അസംതൃപ്തി പ്രകടിപ്പിച്ചു. യഥാർത്ഥത്തിൽ നൽകിയ പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിച്ച് അവൾക്ക് വേണ്ട നീതിയും സംരക്ഷണവും ഉറപ്പു വരുത്തുകയാണ് പോലീസ് ചെയ്യേണ്ടത്. എന്നാൽ ഭർത്താവിൻ്റെ പക്ഷം പിടിച്ച് അയാളെ താക്കീത് നൽകി ,പൂജയോട് അയാൾക്കൊപ്പം വിടുകയായിരുന്നു പോലീസ് ചെയ്തത്. വീട്ടിലെത്തിയ ഭർത്താവ് പരാതി നൽകിയതിന് പ്രതികാര നടപടിയായി വളരെയധികം മർദ്ദിച്ചു. ഒരിക്കലും പൂജ പരാതി നൽകാൻ ധൈര്യപ്പെടുത് എന്ന ഉദ്ദേശത്തോടെ തന്നെ . പൂജ തോറ്റില്ല .. പ്രമുഖനായ വക്കീലിനെ തന്നെ ഡിവോഴ്സ് ഏൽപ്പിച്ചു. കേസ് കോംപ്രമൈസ് ആക്കണമെന്ന് അവിടെയും സമ്മർദ്ദമുണ്ടായി. ഇതിനിടെ അയാൾ അവളെ ചവുട്ടി വാരിയെല്ല് ഒടിച്ചു. പൂജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇപ്പോൾ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

അവൾ ഫ്രണ്ട്സ് മുഖേന മിററിനെ സമീപിക്കുകയായിരുന്നു. ഒന്നോർത്തു നോക്കൂ സ്ത്രീ അവൾക്ക് അവകാശപ്പെട്ട നീതിയ്ക്കു വേണ്ടി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്. നിയമം പാലിക്കേണ്ടവർ തന്നെ പുരുഷ പക്ഷത്ത് നിലയുറപ്പിക്കുന്നതിൻ്റെ ദുർവിധി. എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യൂ,കോംപ്രമൈസ് ചെയ്യൂ എന്ന നൂറായിരം ഉപദേശങ്ങൾ നേരിട്ടു വേണം അവൾ അനുകൂല വിധി നേടിയെടുക്കാൻ " മാധുരിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു അവൾ. " ഞാൻ സ്ത്രീകൾക്ക് വേണ്ടി വാളെടുക്കുന്ന ഒരു അഡ്വക്കേറ്റ് ആയിരിക്കും. " മാളവിക പറഞ്ഞു. അവളുടെ വാക്കുകളിലെ തീ മാധുരിയുടെ കണ്ണുകളിൽ പ്രകാശം നിറച്ചു. "കുഞ്ഞിമാളു ഒരു ഫെമിനിസ്റ്റായിക്കഴിഞ്ഞു " മാധുരി പറഞ്ഞു. അത് മാളവികയും തിരിച്ചറിഞ്ഞിരുന്നു. ഫെമിനിസം എന്ന് കേട്ടാൽ അമ്പലക്കുന്ന് ഉള്ളവർക്കൊക്കെ ഛർദ്ദി വരും. പഴയ സിനിമകളിൽ സ്ളീവ് ലെസ് ബ്ലൗസും സാരിയും അണിഞ്ഞ് മുടി വട്ടത്തിൽ കെട്ടിവെച്ച് ചുണ്ടു നിറയെ ചായം തേച്ച് ഭർത്താവ് സമക്ഷം കുട്ടികളെയും അടുക്കളയെയും ഏൽപിച്ച് ബാഗും തൂക്കി,

അതി രാവിലെ തന്നെ തെക്കു വടക്ക് നടക്കാനിറങ്ങുന്ന വെടല പിടിച്ച സ്ത്രീകളാണ് ഫെമിനിസ്റ്റുകൾ എന്ന് അച്ഛൻ വരെ പറഞ്ഞു കേട്ടിട്ടുണ്ട്. "ശ്രീവിദ്യ എന്താ ഫിലോമിനയ്ക്കും സുകുമാരിയ്ക്കും പഠിക്യാ " എന്ന് അമ്മയോട് എത്രവട്ടം ചോദിച്ചിരിക്കുന്നു അച്ഛൻ. "എൻ്റെ അവകാശങ്ങൾ ആരോട് ചോദിച്ചു വാങ്ങാനും എനിക്കൊരു മടിയുമില്ല" എന്ന് അമ്മ മറുപടി പറയുമായിരുന്നു. അങ്ങനെ നോക്കിയാൽ അമ്പലക്കുന്നിലെ ഒരു പൊടി ഫെമിനിസ്റ്റായിരുന്നു അമ്മയും. അമ്മയുടേതായ ഇടങ്ങൾ നേടിയെടുക്കാൻ എന്നും അമ്മ ശക്തി കാണിച്ചിരുന്നു. അമ്പലക്കുന്നിലെ പെണ്ണുങ്ങൾ അന്നൊന്നും പുറത്ത് പോയി ജോലി ചെയ്തിട്ടില്ല, ഉദ്യോഗം രാജിവെക്കണമെന്ന് അച്ഛനും അച്ഛമ്മയും നിർബന്ധിച്ചിട്ടും അമ്മ വഴങ്ങിയില്ല. "എൻ്റെ അച്ഛനും അമ്മയും നല്ലോണം കഷ്ടപ്പെട്ട് തന്നെയാ എന്നെയൊരു ഉദ്യോഗസ്ഥയാക്കിയത്.

ഭാര്യയെ ജോലിക്ക് വിടേണ്ടെന്ന് ഉണ്ടായിരുന്നുവെന്ന് വെച്ചാൽ പത്ത് തോറ്റ് നിൽക്കുന്ന പെൺകുട്ടിയെ ഭാര്യയാക്കാമായിരുന്നു അപ്പേട്ടന്. കല്യാണം കഴിഞ്ഞ് സമ്മർദ്ദപ്പെടുത്തി ജോലി കളയിച്ച് വീട്ടിലിരുത്താമെന്ന മോഹം വേണ്ട ഇവിടാർക്കും . ഒന്നുകിൽ ഞാൻ അപ്പേട്ടൻ്റെ ഭാര്യയായി തന്നെ ജോലിയ്ക്ക് പോകും. അല്ലെങ്കിൽ അപ്പേട്ടൻ്റെ താലി ഊരിവെച്ച് ജോലിയ്ക്ക് പോകും. ജീവിക്കാൻ എനിക്കൊരു വരുമാന മാർഗമുണ്ട്. അതു കൊണ്ട് പുറം ലോകത്ത് തെണ്ടി തിരിയേണ്ടി വരില്ലെന്ന് എനിക്കുറപ്പാണ്. " അച്ഛനും അച്ഛമ്മയും മാത്രമല്ല, "അപ്പൂന് ഇഷ്ടമല്ലെങ്കിൽ പോകണ്ട മോളേ '' എന്ന് ഉപദേശിച്ച അമ്മയുടെ വീട്ടുകാർ വരെ തോറ്റു തൊപ്പിയിട്ടു. അത് അമ്മയുടെ വിജയമായിരുന്നു. പക്ഷേ സ്വന്തം ജീവിതം തിരഞ്ഞെടുത്ത ഇടത്ത് അമ്മ തോറ്റു പോയി. ജി.കെ എന്ന നീല കുറുക്കനെ മനസിലാക്കാൻ കഴിഞ്ഞില്ല. "പുരുഷ കേസരികൾ കൈയ്യടക്കിയ പല മേഖലകളും തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകൾ തിരിച്ചറിയുന്നിടത്ത് ഫെമിനിസം ആരംഭിക്കുന്നു "

എന്ന് പ്ലസ് ടു ക്ലാസിൽ വെച്ച് ശ്രീകുമാർ സർ പറഞ്ഞതിൻ്റെ അർത്ഥം ഇപ്പോൾ മനസിലാകുന്നു. "പുരുഷനോട് സമാനതയുള്ള ജീവിവർഗമാണ് സ്ത്രീ. അതിലൊന്നിന് മറ്റൊന്നിനോട് മേധാവിത്വമോ കീഴാളത്തമോ ഇല്ല. തുല്യതയാണ് വേണ്ടത്. എല്ലായിടത്തും തുല്യത " എത്ര മനോഹരമായാണ് ശ്രീകുമാർ സാർ ക്ലാസെടുത്തിരുന്നത്. അന്നതിൻ്റെ ആവശ്യമോ അർത്ഥമോ വിശകലനം ചെയ്യാനായില്ല . ഇന്നു മനസിലാകുന്നു. മാധുരി ചേച്ചിയെ പോലെ വീണുപോയ സ്ത്രീകൾക്കു വേണ്ടിയാണ് തൻ്റെ ജീവിതവും മാറ്റി വെക്കുക. ഏറ്റവും അനുഭാവപൂർണമായ സമീപനവും നിയമ പരിരക്ഷയും അവർക്കു വേണ്ടി ചെയ്യേണ്ടതുണ്ട്. കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ആ പഴയ കുഞ്ഞിമാളു എവിടെയെന്ന് അത്ഭുതം തോന്നും. വേഷത്തിലോ രൂപത്തിലോ, അവളിൽ നിന്നും എത്രയോ ദൂരെ, ദൂരെ ആയിരിക്കുന്നു മാളവിക . ചിന്തയിലും സ്വഭാവത്തിലും പഴയ കുഞ്ഞിമാളുവിൽ നിന്ന് എത്രയോ ദൂരെ. പക്ഷേ, ഇടനെഞ്ച് കുത്തിപ്പറിക്കുന്ന വേദന മായക്കണ്ണനെ ഓർക്കുമ്പോഴാണ്.

അപ്പോൾ അമ്പലക്കുന്നിലെ പഴയ കുഞ്ഞിമാളു മാത്രമായി മാറുന്നു മാളവിക . അമ്പലക്കുന്ന് ക്ഷേത്രത്തിലേക്കുള്ള പടികൾ മായക്കണ്ണൻ്റെ കൈ പിടിച്ച് കയറാൻ കൊതിക്കുന്നു. തിരികെ വരുമ്പോൾ നെൽപ്പാടം കടന്ന് കയറുന്ന ഇടവഴിയിലെ മതിൽ മറവിൽ നിന്ന് മായക്കണ്ണൻ്റെ ചുംബനം ചുണ്ടിലേറ്റു വാങ്ങാൻ മോഹിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മായക്കണ്ണാ എത്ര ദൂരേയ്ക്ക് ദൂരേയ്ക്ക് അകന്നു പോയാലും കുഞ്ഞിമാളു മായക്കണ്ണൻ്റെ കരവലയത്തിൽ അമർന്നു നിൽക്കുകയാണല്ലോ. ഇപ്പോഴും ,ഈ നിമിഷവും . മായക്കണ്ണൻ്റെ ഹൃദയത്തിന് മേൽ മുഖം വെച്ച് കരഞ്ഞു കരഞ്ഞ് വിരഹമെല്ലാം കഴുകി കളയുകയാണല്ലോ ഈ കുഞ്ഞിമാളു . ഭക്ഷണ പാത്രത്തിലേക്ക് കണ്ണീര് അടർന്നു വീണപ്പോൾ ചർച്ചയിലായിരുന്ന മാധുരി മുഖമുയർത്തി നോക്കി. " ഇത്രമേൽ പ്രണയിക്കുന്നൊരുത്തി.. ഇത്രമേൽ പ്രണയിക്കപ്പെട്ട ഒരുത്തി " അവളെ ചിരിപ്പിക്കുന്ന ഒരു ഗോഷ്ഠിയോടെ മാധുരി പറഞ്ഞു. മാളവികയ്ക്ക് ചിരി വന്നു. കണ്ണീരിലൂടെ അവൾ ചിരിതൂകി. "ഇതൊന്നും എനിക്കു കാണാൻ വയ്യ..

ഞാനിങ്ങനെ ആരെയും പ്രേമിച്ചിട്ടുമില്ല". മാധുരി പാത്രവുമായി എഴുന്നേറ്റു. '' കഴിച്ചു കഴിഞ്ഞാൽ വാ പെണ്ണേ ഇന്ന് ഒരു പ്രോഗ്രാമുണ്ട്. എല്ലാവരുമെത്തും." അവൾ പറഞ്ഞു. മാളവിക കൗതുകത്തോടെ നോക്കി. "ഒരു സംവാദമാണ്. സമൂഹവും ഇതര ലിംഗ പ്രശ്നങ്ങളും.. ഒരു പ്രസംഗം എൻ്റെതാണ് " "അതു അടിപൊളിയായിരിക്കും " മാളവികയും എഴുന്നേറ്റു. "മധു ചേച്ചിയുടെ പ്രസംഗം ഒരു തിരമാല വരുന്നത് പോലെയാണ്. വെറും തിരമാലയല്ല. സുനാമി " മാളവികയുടെ പറച്ചിൽ കേട്ട് മാധുരിയക്ക് ചിരി വന്നു. " തള്ളി തള്ളി അങ്ങ് അറബിക്കടലിൽ കൊണ്ടിടല്ലേ എൻ്റെ കുഞ്ഞിമാളൂ" മാധുരി അവൾക്കൊരു കുത്തു കൊടുത്തു. "നീയിങ്ങനെ പുകഴ്ത്തിപ്പുകഴ്ത്തി എനിക്കിപ്പോൾ അഹങ്കാരവും വന്നു തുടങ്ങി " മാധുരി പരിതപിച്ചു. മാളവിക അതു കേട്ട് ചിരിച്ചു. " ഞാൻ പറയുന്നതിൽ പാതി വിശ്വസിച്ചാൽ മതി. ബാക്കി വെറുതേ ഒരു ബിൽഡപ്പ് " പാത്രം കഴുകി വെച്ച്. ടർക്കിയിൽ കൈ തുടച്ച് സ്റ്റയർകേസ് കയറി ഓടിപ്പോകുന്ന കുഞ്ഞിമാളുവിനെ നോക്കി മാധുരി നിന്നു.

ആ അമ്പലക്കുന്നുകാരി പെൺകിടാവിൻ്റെ മാറ്റം എത്ര പെട്ടന്നാണുണ്ടായത്. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ . മായക്കണ്ണനെ മറക്കാൻ മാത്രമാണ് അവൾക്ക് സാധിക്കാത്തത്. ചാരം മൂടിയെങ്കിലും ഒരു കനൽ അവളുടെ ഹൃദയത്തെ പൊള്ളിച്ച് അണയാതെ അവശേഷിക്കുന്നു. അഞ്ചു മണിക്കാണ് ടൗൺ ഹാളിൽ സംവാദം സംഘടിപ്പിച്ചിരുന്നത്. നാലരയ്ക്കു തന്നെ മാധുരിയും മാളവികയും എത്തിച്ചേർന്നു. നതാഷയും അമീനയും ലോലയും ജൂഹിയും തരുണും സണ്ണിയും മറ്റുള്ളവരുമെല്ലാം എത്തിയിരുന്നു. ഹാളിൽ നേരത്തെ ബുക്ക് ചെയ്ത ഏതോ പരിപാടി നടക്കുകയായിരുന്നു അപ്പോൾ . മരത്തണലിന് താഴെയുള്ള ഇരിപ്പിടത്തിലിരുന്ന് തരുൺ ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്താതെ മാധുരിയ്ക്കൊപ്പം മാളവികയും അടുത്തു വന്നിരുന്നു. മീട്ടുന്ന ഗാനത്തിൽ ലയിച്ചിരിക്കുകയാണ് തരുൺ. ചില മുടിയിഴകൾ നെറ്റിയിലേക്ക് വീണു കിടപ്പുണ്ട്. മായക്കണ്ണനെ കാണുന്ന പ്രതീതി ഇത്തവണയും അനുഭവപ്പെട്ടു കുഞ്ഞിമാളുവിന്.

നോക്കി നോക്കിയിരിക്കാൻ തോന്നുന്ന വശ്യത. അല്ല.. ഇത് മായക്കണ്ണനല്ല എന്ന് മനസിനെ ശാസിച്ചു മാളവിക .കാറ്റിൽ ഇളകിയ മുടിയിഴകൾ ഒതുക്കി വെച്ചു. ആ പാട്ട് കഴിഞ്ഞ് തരുൺ കണ്ണു തുറന്നപ്പോൾ തൊട്ടരികെ ഇരിക്കുന്ന മാളവികയെ കണ്ടു. "കുഞ്ഞിമാളു " അവളെ നോക്കി അവൻ ഒന്നു ചിരിച്ചു. മാളവികയിൽ നിന്നും ഒരു വാടിയ ചിരിയുണ്ടായി. വർഷം ഒന്ന് ആകാറായിട്ടും തരുണിനോട് മാത്രം അടുക്കാൻ കഴിയാത്തൊരു അകൽച്ച തനിക്കുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. തരുണും അവളോട് ഒരു അകൽച്ച സൂക്ഷിക്കുന്നതായി തോന്നിയിരുന്നു. ഇക്കാലയളവിൽ ഏതാനും സംഭാഷണങ്ങൾ മാത്രമാണ് അവർ തമ്മിലുണ്ടായത്. സംവാദം ആരംഭിച്ചപ്പോൾ തരുൺ വന്നിരുന്നത് മാളവികയുടെ അടുത്താണ്. അത് യാദൃശ്ചികമാണെന്ന് അവൻ്റെ ചലനങ്ങൾ സൂചിപ്പിച്ചു. "ഫസ്റ്റ് സെമസ്റ്റർ എക്സാം റിസൽട്ട് വന്നോ. " എന്തെങ്കിലും ചോദിക്കാനായി തരുൺ ചോദിച്ചു. "നല്ല മാർക്കുണ്ട്. ക്ലാസിൽ ഫസ്റ്റാണ്. " മാളവിക പറഞ്ഞു. "അഭിനന്ദനങ്ങൾ "

തരുണിൻ്റെ മുഖത്ത് സന്തോഷം കണ്ടു. ലോ കോളജിൽ തന്നെ മികച്ച റിസൽട്ടാണ് താൻ നേടിയതെന്ന് മാളവിക പറഞ്ഞില്ല. മാധുരിയുടെ ശിക്ഷണം കൂടിയായിരുന്നു വിജയത്തിന് പിന്നിൽ. കോളജിന് ഏറ്റവും പ്രതീക്ഷയുള്ള കുട്ടിയാണ് മാളവിക എന്ന് അധ്യാപകർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സംവാദം കഴിഞ്ഞ് ഇറങ്ങിയപ്പോൾ കുഞ്ഞിമാളുവിൻ്റെ നേട്ടത്തെ കുറിച്ച് മാധുരി കൂട്ടുകാരോട് അഭിമാനത്തോടെ പറയുകയും ചെയ്തു. എന്തു കൊണ്ടും സന്തോഷമുള്ള ഒരു സായാഹ്നമായിരുന്നു അത്. രാത്രി ഒമ്പതോടെയാണ് മാധുരിയും മാളവികയും ഫ്ളാറ്റിലെത്തിയത്. കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ നേരത്താണ് മാളവികയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. അമ്പലക്കുന്ന് വിട്ട് വന്നിട്ട് ഒരു വർഷം ആകാനായപ്പോൾ ആദ്യമായി നാട്ടിൽ നിന്ന് .. മീരയായിരുന്നു വിളിച്ചത്. അതും കരഞ്ഞുകൊണ്ട് . മാളവികയുടെ ഉള്ളിൽ ഒരു മരവിപ്പ് പടർന്നു. "അമ്മ".. മീര തേങ്ങി. "കുഞ്ഞിമാളൂ .. നീ വേഗം വരണം "....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story