ദൂരെ: ഭാഗം 15

Dhoore

രചന: ഷൈനി ജോൺ

മാധുരി രാത്രി തന്നെ നാട്ടിലേക്കുള്ള ബസ് ബുക്ക് ചെയ്തു. പുലരുമ്പോൾ തൃശൂരെത്തും. അവിടെ നിന്ന് അമ്പലക്കുന്നിലേക്ക് ഓട്ടോ പിടിച്ചു പോകാം. അല്ലെങ്കിൽ സുദീപ് കാറുമായെത്തും. അമ്മ ജി.കെ യുടെ ബൈക്കിൽ നിന്നു വീണു എന്നാണ് മീര പറഞ്ഞത്. മാളവികയ്ക്ക് അതിൽ സംശയമുണ്ടായിരുന്നു. തലയ്ക്ക് പരിക്കേറ്റ് ഐസിയുവിൽ കഴിയുകയാണത്രേ. ഒടുവിൽ അമ്മ ഒരു നഷ്ടക്കച്ചവടമായപ്പോൾ ജി.കെ കൊന്നുകളയാൻ ശ്രമിച്ചതാണോ. ഓർക്കും തോറും പേടിയായി മാളവികയ്ക്ക് . അയാൾ എന്തും ചെയ്യും. അമ്മയെ സ്ഥാനമാനങ്ങൾക്കു വേണ്ടി വിൽക്കുമെന്ന് അയാൾ വെല്ലുവിളിച്ചത് ഓർമ വന്നു. വഴങ്ങാതിരുന്ന അമ്മയെ കൊല്ലാനായിരിക്കും അയാളുടെ നീക്കം. അമ്മയെ ഓർത്ത് ആദ്യമായി പാവം തോന്നി. ഇഷ്ടമല്ലാത്ത ഒരാളെ വീട്ടുകാർ തലയിൽ വെച്ചു കെട്ടിക്കൊടുത്തു.സർക്കാർ ഉദ്യേഗസ്ഥയായ അമ്മ ഉയർന്ന ഉദ്യോഗമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചത്. കാറും ബംഗ്ലാവും ഒക്കെ ഉള്ള ഒരാളെ .

വിവാഹിതയായി മുംബൈയിലോ കൽക്കത്തയിലോ ഡൽഹിയിലോ ഇന്ത്യയ്ക്ക് പുറത്തോ ഒക്കെ ജീവിക്കാനായിരുന്നു കൊതി. സമ്പന്നരുടെ ജീവിതം അമ്മയെ വിഭ്രമിപ്പിച്ചു .മാധവിക്കുട്ടിയുടെ കഥകളിലെ സമ്പന്ന കുടുംബാംഗങ്ങളായ ഭാര്യമാർ പാർട്ടികളിൽ പങ്കെടുക്കുന്നതും പുറം ലോകത്തെ കണ്ടറിയുന്നതും തന്നെ ഏറെ മോഹിപ്പിച്ചിരുന്നുവെന്ന് അമ്മ പണ്ടു പറഞ്ഞിട്ടുണ്ട്. അമ്പലക്കുന്നു പോലെ ഒരു കുഗ്രാമത്തിൽ ചെന്ന് പറ്റാനായിരുന്നു അമ്മയുടെ വിധി. അച്ഛനെ പോലെ ഒരു കൃഷീവലൻ്റെ ഭാര്യാ പദവി അമ്മയെ ലജ്ജിപ്പിച്ചിരുന്നു. എങ്കിലും കുറേയൊക്കെ അമ്മ അച്ഛനെ സ്നേഹിച്ചിരുന്നുവെന്നാണ് മനസിലാക്കിയിട്ടുള്ളത്. അച്ഛൻ്റെ മരണശേഷം അമ്മയുടെ ആഗ്രഹങ്ങളുടെ പൂർണതയായിരുന്നു ജി.കെ.എന്ന രാഷ്ട്രീയ പ്രമുഖനുമായുള്ള വിവാഹം. അവിടെയും അമ്മ കബളിപ്പിക്കപ്പെട്ടു. രണ്ടു പെൺമക്കളെയും അമ്മ ജീവനെ പോലെ സ്നേഹിച്ചിരുന്നു. മീരേച്ചിയേക്കാൾ തന്നെ സ്നേഹിച്ചു .ജി.കെ.എന്ന കൂർമ ബുദ്ധിക്കാരന് അവളെയും അമ്മയുടെ ശത്രുവാക്കാൻ കഴിഞ്ഞു.

അമ്മ എന്ന സ്ത്രീയെ കുറിച്ചോർത്ത് പാവം തോന്നി കുഞ്ഞിമാളുവിന്. അമ്മയില്ലാത്ത ഒരു ലോകം ശൂന്യമായി തോന്നി. അമ്പലക്കുന്ന് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന തോന്നൽ തന്നെ ഒരു ശക്തിയായിരുന്നു. പഠിത്തം കഴിയുമ്പോഴേക്കും ജി.കെ എന്ന മൃഗത്തെ അമ്മ തിരിച്ചറിയുമെന്ന് അവൾ വ്യാമോഹിച്ചിരുന്നു. അതിനു ശേഷം അമ്മയെ തന്നോടു കൂടെ താമസിപ്പിക്കും. ഒരിക്കൽ ഇഴ മുറിഞ്ഞ അമ്മ മ - മകൾ ബന്ധം കൂടുതൽ ദുസ്ഥമാക്കും .അങ്ങനെ ഒരു പാട് മോഹങ്ങൾ ഉണ്ടായിരുന്നു മാളവികയ്ക്ക് . പുറപ്പെടാനുള്ള ബാഗ് തയ്യാറാക്കുമ്പോൾ അതൊക്കെയോർത്ത് മാളവിക ഏങ്ങലടിച്ചു കരഞ്ഞു. "കരയരുത്"മാധുരി പറഞ്ഞു. " അവിടെ ചെന്ന് എന്തുണ്ടായാലും കുഞ്ഞിമാളു എന്നെ വിളിക്കണം. ഫ്ളൈറ്റ് പിടിച്ചായാലും ഞാൻ വേഗത്തിൽ അവിടെ എത്തും. ഒന്നും പേടിക്കണ്ട. അമ്മയ്ക്ക് ഗുരുതരാവസ്ഥയാണെങ്കിൽ ജി.കെയെ നമ്മൾ പൂട്ടും. അതല്ല .. കുഞ്ഞിമാളുവിനെ ചതിയ്ക്കാനുള്ള നാടകമാണെങ്കിലും അതു നമ്മൾ പൊളിക്കും.ഒന്നും പേടിക്കണ്ട ... എനിക്കിപ്പോൾ കുഞ്ഞിമാളുവിൻ്റെ ഒപ്പം വരാൻ കഴിയാത്ത സ്ഥിതിയായി പോയി.

കുഞ്ഞിമാളുവിന് അറിയാലോ " മധു ചേച്ചിയ്ക്ക് തിരക്കാണെന്ന് അവൾക്കറിയാമായിരുന്നു. നിന്നു തിരിയാൻ വയ്യ. മൂന്ന് നാടകളാണ് പണിപ്പുരയിൽ .അതിൻ്റെ കൂടെ മിറർ സംഘടനാ പ്രവർത്തനങ്ങൾ .. ഡാൻസ് സ്ക്കൂൾ .. കോടതിയിലും തിരക്കാണ്. മധു ചേച്ചി ഹാജരാകേണ്ട നിരവധി കേസുകൾ കിടക്കുന്നു. അതറിയാവുന്നത് കൊണ്ട് മാളവിക നിർബന്ധം പിടിച്ചില്ല. അമ്പലക്കുന്ന് പോകാൻ പേടിയും തോന്നിയില്ല. അമ്പലക്കുന്നുമായി മാനസികമായി ഒരുപാട് ദൂരെയാണ് താനെന്ന് തോന്നി. മായക്കണ്ണനല്ലാതെ മറ്റൊന്നിനോടും അവിടെ മമത തോന്നുന്നില്ല. അമ്മ പിന്നെ മായ്ച്ചാലും മായാത്ത പൊക്കിൾക്കൊടി ബന്ധമാണല്ലോ. അതോർത്തപ്പോൾ മനസു നൊന്തു . ബാഗടുക്കി കഴിഞ്ഞപ്പോഴേക്കും ഇറങ്ങേണ്ട സമയമായി. മാധുരി കാറിൽ ഇലക്ട്രോണിക് സിറ്റിയിലേക്ക് കൊണ്ടുപോയി. പതിനൊന്നിനാണ് ബസ്. അൽപ്പനേരം കാത്തു നിൽക്കേണ്ടി വന്നു. സൂര്യ ട്രാവൽസ് എന്നു ബോർഡു വെച്ച കൂറ്റൻ ബസ് കൃത്യസമയത്ത് തന്നെ അവർക്കു മുന്നിലെത്തി നിന്നു.

ലഗേജ് കണ്ടക്ടർ എടുത്തു കൊണ്ടുപോയി. കുഞ്ഞിമാളു ആദ്യമായാണ് ദീർഘദൂര ബസിൽ യാത്ര ചെയ്യുന്നതെന്നും തൃശൂരിൽ തന്നെ ഇറക്കണമെന്നും മാധുരി ഡ്രൈവറെ പറഞ്ഞേൽപിച്ചു. അവൾ സുരക്ഷിത യായിരിക്കണം. ഡ്രൈവറും കണ്ടക്ടറും അതീവ താത്പര്യത്തോടെ സമ്മതിച്ചു. മാധുരിയുടെ സൗന്ദര്യം അവരെ അത്ഭുതപ്പെടുത്തിയെന്ന് തോന്നി. വിടർന്ന കണ്ണുകളും ബഹുമാനം സ്ഫുരിക്കുന്ന ഭാവവുമായിരുന്നു അവർക്ക് .മാളവിക കയറി.കൂടെ മാധുരിയും. " ചെന്നിട്ട് വിളിക്കണം"മാധുരി അവളെ ആലിംഗനം ചെയ്ത് കവിളിൽ ചുംബിച്ചു. മാളവിക തലയാട്ടി.മാധുരിയുടെ കണ്ണുകൾ നിറഞ്ഞെന്ന് തോന്നി . ഒന്നും പേടിക്കരുത്... മധു ചേച്ചിയുണ്ട് കൂടെ " അവളുടെ ആശ്വാസവാക്കിൽ മാളവികയുടെ മിഴികളും നിറഞ്ഞു. അവൾ ഇറങ്ങി പോയപ്പോൾ ഒരു തണൽമരം പൊടുന്നനെ നഷ്ടപ്പെട്ടുവെന്ന് തോന്നി മാളവികയ്ക്ക് .പെട്ടന്ന് കൊടുംവെയിൽ അവളെ പൊതിഞ്ഞു. "വാ" കണ്ടക്ടർ വിളിച്ചു. അയാൾക്കു പിന്നാലെ ഹാൻഡ് ബാഗുമായി മാളവിക ചെന്നു.

ഒരു ദീർഘദൂര ബസിന് ഉൾവശം ആദ്യമായി കാണുകയായിരുന്നു മാളവിക.നടുവിലൂടെ ഒരിടനാഴി.ഇരുവശവും ഞൊറിയുള്ള കർട്ടൻ കൊണ്ട് മറച്ച ബർത്തുകൾ . സിംഗിൾ ബർത്തുകളിൽ ഉറക്കം വരാതെ കർട്ടൻ മാറ്റിയിരുന്ന ചിലർ അവളെ കൗതുകത്തോടെ നോക്കി. മാളവിക നോട്ടം മാറ്റി.ഡബിൾസീറ്റുകൾ ഉള്ളവയ്ക്ക് മുന്നിൽ സ്ത്രീകളുടെ ചെരിപ്പുകളും പുരുഷൻമാർ ഉപയോഗിക്കുന്ന ഷൂസും കണ്ടു. കണ്ടക്ടർ അവളുടെ സീറ്റ് നമ്പർ ചൂണ്ടിക്കാട്ടി. "എന്താവശ്യം ഉണ്ടായാലും ഞങ്ങളുടെ നമ്പറിൽ വിളിച്ചാൽ മതി" അയാൾ സുന്ദരിയായ ഒരു പെൺകുട്ടിയോടുള്ള ആരാധന സ്ഫുരിക്കുന്ന നോട്ടത്തോടെ പറഞ്ഞു. മാളവിക തലയാട്ടി. കർട്ടൻ വകഞ്ഞു മാറ്റി അവൾ അകത്ത് കടന്നിരുന്നു.എസിയുടെ തണുപ്പ് അവളെ പൊതിഞ്ഞു. ഹാൻഡ് ബാഗിൽ നിന്ന് ബെഡ്ഷീറ്റെടുത്ത് വിരിച്ച് കർട്ടൻ നേരെയിട്ട് മാളവിക പുറത്തേക്ക് നോക്കിയിരുന്നു.ഇരുട്ടിനെയും വൈദ്യുതി വിളക്കുകളെയും പിന്നിട്ട് ഈ ബസ് ഓടിപ്പോകുന്നത് താൻ പിന്നിൽ ഉപേക്ഷിച്ച് പോന്ന ഭൂതകാലത്തിലേക്കാണ്.

അമ്പലക്കുന്നിലേക്ക് തിരിച്ചു ചെല്ലുമ്പോൾ അമ്മ മാത്രമല്ല ,മായക്കണ്ണനും മനസിലേക്ക് ഓടിയെത്തുകയാണ്. മായക്കണ്ണൻ തന്നെ കാണാൻ ഓടിയെത്തുമോ?അതോ കണ്ടില്ലെന്ന് നടിക്കുമോ?എങ്കിൽ തളർന്നുവീണുപോകും ഈ കുഞ്ഞിമാളു .നിനക്കതിനു കഴിയുമോ എൻ്റെ മായക്കണ്ണാ. ഇത്രയും ദിവസങ്ങളിലെ അകൽച്ച ..അതുണ്ടായത് എങ്ങനെയെന്ന് കുഞ്ഞിമാളുവിനറിയാം. ഒരു വിളി കൊണ്ടു പോലും കുഞ്ഞിമാളുവിലേക്ക് വരാതെ പലരും തടഞ്ഞുവെക്കുകയാണ് മായക്കണ്ണനെ. പക്ഷേ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ കുഞ്ഞിമാളു വരും. എൻ്റെ മായക്കണ്ണനെ കൊണ്ടു പോകും. മായക്കണ്ണന് ബുദ്ധിക്കുറവുള്ളത് കൊണ്ടു മാത്രമാണ് കുഞ്ഞിമാളുവിനെയും മായക്കണ്ണനെയും അകറ്റാൻ എല്ലാവർക്കും കഴിഞ്ഞത്. എന്നാൽ ബുദ്ധിയ്ക്ക് അപ്പുറം മനസ് എന്ന ഒന്നുണ്ട്. മനസുകൊണ്ട് കുഞ്ഞിമാളുവിനെയും മായക്കണ്ണനെയും പിരിക്കാൻ ആർക്ക് കഴിയും.! ഓർത്തോർത്തിരുന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണരുമ്പോൾ ഹാൻഡ് ബാഗ് തലയണയാക്കി കിടന്നുറങ്ങുകയാണ്. ബോധംകെട്ടുറങ്ങി പോയി.

മാളവിക എഴുന്നേറ്റിരുന്നു.കർ ചീഫു കൊണ്ട് മുഖം തുടച്ചു. മുടി മാടിയൊതുക്കി. മൊബൈലെടുത്ത് സമയം നോക്കി. ആറു മണിയാകുന്നു. അപ്പോൾ അജ്ഞാതമായ നമ്പറിൽ നിന്നൊരു കോൾ വന്നു. ഡ്രൈവറാണ്.തൃശൂർ എത്താറായിരിക്കുന്നു. റെഡിയായിരിക്കണം എന്നയാൾ ഓർമിപ്പിച്ചു. പുറത്ത് പ്രഭാത വെളിച്ചം ... .ബസ് ജൂബിലി മിഷൻ ഹോസ്പിറ്റലിനടുത്തെത്തി. അപ്പോൾ സുദീപിൻ്റെ വിളി വന്നു. "കുഞ്ഞിമാളൂ ഞാൻ ശക്തൻ സ്റ്റാൻഡിന് അടുത്തുണ്ട് " അയാൾ പറഞ്ഞു. ഏതാനും മിനുട്ടുകൾക്കകം ബസ് അവിടെയെത്തി. മാളവിക ഇറങ്ങി. കുറച്ച് ദൂരെ പാർക്ക് ചെയ്ത കാറിനരികെ നിന്ന് സുദീപ് കൈ ഉയർത്തിക്കാട്ടി. കണ്ടക്ടർ ലഗേജ് എടുത്ത് അവളെ ഏൽപിച്ചു. മാളവിക നന്ദി പറഞ്ഞു.ബസ് അവളെ കടന്നു പോയി. ലഗേജുമെടുത്ത് മാളവിക സുദീപിന് അടുത്തേക്ക് ചെന്നു. "അമ്മ ഏത് ഹോസ്പിറ്റലിലാണ്." അവൾ ചോദിച്ചു. സുദീപ് ഒരു നിമിഷം മൗനമായി അവളെ നോക്കി നിന്നു. മാളവികയുടെ മാറ്റം അയാളെ ഞെട്ടിച്ചിരുന്നു. സുദീപിൻ്റെ മൗനം അവളെയും നടുക്കി.

അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയം കൊണ്ട് ഉടൽ വിറച്ചു. " സുദീപേട്ടാ അമ്മ ഏത് ഹോസ്പിറ്റലിലാണ്." അവളുടെ ശബ്ദം വിറച്ചു. "അമ്മ ഇവിടെ അമലയിലാണ്.. പക്ഷേ പേടിക്കാനൊന്നുമില്ല കുഞ്ഞിമാളൂ. അമ്മയെ ഐസിയുവിൽ നിന്ന് മാറ്റി. ഇന്ന് ഡോക്ടർ റൗണ്ട്സിന് വന്നാൽ സിസ്ചാർജ് ചെയ്യും. കുഞ്ഞിമാളു യാത്ര ചെയ്ത് വന്നതല്ലേ.ഈ സ്ഥിതിയിൽ അമ്മയെ കാണാൻ അനുവാദം കിട്ടില്ല. വീട്ടിലേക്ക് കൊണ്ടുപോയി ആക്കാനാണ് മീര പറഞ്ഞത്. അവിടെ അമ്മമ്മ ഉണ്ട്. ഉച്ചയോടെ അമ്മയും എത്തും " മാളവിക സംശയിച്ചു നിന്നു. ഒരു വേള ഇതൊരു ചതിയാണോ എന്നവൾ സംശയിക്കാതിരുന്നില്ല. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന മധു ചേച്ചിയുടെ വാക്കുകൾ മനസിന് ധൈര്യം പകർന്നു.സുദീപ് ലഗേജ് ഡിക്കിയിൽ വെച്ചു. മാളവിക ഡോർ തുറന്ന് കയറിയിരുന്നു. "കുഞ്ഞിമാളു ഒരുപാട് മാറിപ്പോയി. ആളെ കണ്ടാൽ അറിയാതെയായി "കാർ ഓടുന്നതിനിടെ സുദീപ് അത്ഭുതം വിട്ടുമാറാതെ പറഞ്ഞു. മാളവിക ചിരിച്ചതേയുള്ളു. കാർ അമ്പലക്കുന്ന് ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു.

ദൂരെ കൃഷ്ണക്ഷേത്രം കണ്ടു. എൻ്റെ അമ്പലക്കുന്നു കൃഷ്ണാ എന്ന് മനസു പിടഞ്ഞു. മായക്കണ്ണനും താനും ആ നെൽ വയലിലൂടെ ഓടി വരുന്നുണ്ടെന്ന് തോന്നി. വീടിന് മുന്നിൽ കാർ നിന്നപ്പോഴാണ് സമാധാനമായത്. അതൊരു മരണവീടല്ല. ഒതുക്കുകൾ കയറിച്ചെന്നപ്പോൾ കരിയിലകൾ വീണ മുറ്റം .തലേന്ന് പെയ്ത മഴയിൽ ആകെ അലങ്കോലപ്പെട്ട പരിസരം. വാതിൽ കടന്നു ചെന്നപ്പോൾ ഹാൾ കഴിഞ്ഞുള്ള അകായിൽ ദിവാനിൽ കിടന്ന് അമ്മമ്മ മയങ്ങുന്നത് കണ്ടു. " അമ്മമ്മേ " എന്നു തട്ടി വിളിച്ചപ്പോൾ അവർ കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന പെൺകുട്ടി ആരാണെന്നറിയാതെ ഒരു നിമിഷം അവർ പകച്ചു. "അമ്മമ്മേ.. ഞാനാണ് കുഞ്ഞിമാളു " ശബ്ദം കേട്ട് അവർ സൂക്ഷിച്ചു നോക്കി. നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞു. ചാടിയെഴുന്നേറ്റ് "എൻ്റെ കുഞ്ഞിമാളു " എന്നവർ കൊച്ചു മകളെ കെട്ടിപ്പുണർന്നു. ഏതാനും നിമിഷം അവൾ ആ സ്നേഹവായ്പിൽ ലയിച്ചു നിന്നു.പിന്നെ അകന്നു മാറി. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞു.പിന്നെ കൈയ്യും മുഖവും കഴുകി അവൾ അടുക്കളയിലേക്ക് ചെന്നു.

ആകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു അടുക്കളയും. മാളവിക ചൂലെടത്ത് അവിടെയെല്ലാം വൃത്തിയാക്കി. ചായയ്ക്ക് വെള്ളം വെച്ചു. അരിപ്പൊടി ഇരിപ്പുണ്ട്. ഒരു തേങ്ങയെടുത്ത് പൊതിച്ചു ചുരണ്ടി പുട്ടുണ്ടാക്കി.പ്രഷർകുക്കറിൽ ചെറുപയർ വേവിച്ചു. അതു താളിച്ച് ഒരു കറിയുണ്ടാക്കി.പപ്പടവും വറുത്തെടുത്തു. അര മണിക്കൂറിനുള്ളിൽ സുദീപിനും അമ്മമ്മയ്ക്കും പ്രഭാത ഭക്ഷണം വിളമ്പി. അതു കഴിച്ച് സുദീപ് ആശുപത്രിയിലേക്കിറങ്ങി. മാളവിക ചൂലെടുത്ത് മുറ്റവും പരിസരവും അടിച്ചുവാരി വൃത്തിയാക്കി. വീടിനകം അടിച്ചു തുടച്ചു. പാത്രങ്ങൾ കഴുകി വെച്ചു. മുഷിഞ്ഞ തുണികൾ അലക്കി വിരിച്ചു. വീട് മുമ്പ് അവൾ ഉണ്ടായിരുന്നത് പോലെ തെളിച്ചമുള്ളതായി. കുളിച്ച് വന്നപ്പോൾ എന്തോ സൂര്യഭഗവാന് മുന്നിൽ വിളക്കു വെക്കാനും തോന്നി. എട്ടു മണി കഴിഞ്ഞിരുന്നു.എന്നിട്ടും പൂമുഖപ്പടിയിൽ ഒരു വിളക്ക് കൊളുത്തിവെച്ചു. "എൻ്റെ കുഞ്ഞ് വന്നപ്പോ ഐശ്വര്യവും വന്നു "മനസു നിറഞ്ഞ് അമ്മമ്മ പറഞ്ഞു.

" ഞാനൊന്ന് കൃഷ്ണനെ കണ്ടിട്ട് വരാം അമ്മമ്മേ" അവൾ പറഞ്ഞു പാവാടത്തുമ്പുലച്ച് ഇടവഴിയിലൂടെ അവൾ ഓടിയോടിയാണ് ചെന്നത്. അമ്പലക്കുന്ന് കൃഷ്ണന് മുന്നിൽ പഴയ കുഞ്ഞിമാളുവായി ചെന്ന് നിൽക്കാനായിരുന്നു ഇഷ്ടം. അമ്പലപ്പടികൾ കയറി ചെന്നപ്പോൾ ഉള്ളുലഞ്ഞു. കൃഷ്ണ സവിധേ കരുണാരസമാർന്ന ആ മുഖം നോക്കി കൈകൂപ്പി വിങ്ങിക്കരഞ്ഞു അവൾ. അപ്പോൾ പിന്നിൽ നിന്നാരോ അവളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. മാളവിക പേടിച്ചു പോയി. "കുഞ്ഞിമാളു വന്നു.. എൻ്റെ കുഞ്ഞിമാളു വന്നു " കാതരികെ മായക്കണ്ണൻ്റെ ത്രസിക്കുന്ന ശബ്ദം. അവൾ ഞെട്ടിത്തിരിയവേ ആഹ്ളാദം കൊണ്ട് പൊട്ടിച്ചിരിക്കുന്ന മായക്കണ്ണനെ കണ്ടു. "എൻ്റെ മായക്കണ്ണാ "പൊട്ടിത്തകർന്നു പോയി മാളവിക . "കുഞ്ഞിമാളൂ"ആനന്ദം കൊണ്ട് ശ്വാസഗതിയുയർന്ന് മായക്കണ്ണൻ കിതച്ചു. കുഞ്ഞിമാളുവും. പിന്നെ നിൽക്കുന്നത് അമ്പലക്കുന്ന് കൃഷ്ണൻ്റെ മുമ്പിലാണെന്ന് മറന്ന് അവർ ഗാഢം കെട്ടിപ്പുണർന്നു...(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story