ദൂരെ: ഭാഗം 16

Dhoore

രചന: ഷൈനി ജോൺ

മായക്കണ്ണൻ കുഞ്ഞിമാളുവിൻ്റേതാകുകയായിരുന്നു. കുഞ്ഞിമാളു മായക്കണ്ണൻ്റേതും. അമ്പലക്കുന്ന് കൃഷണൻ അതു കണ്ട് പുഞ്ചിരി തൂകി.കാലവും കാലചക്രവും അതു നോക്കി നിൽക്കുകയാണെന്ന് മാളവികയ്ക്ക് തോന്നി. തൻ്റെ മായക്കണ്ണൻ. കുഞ്ഞുനാൾ തൊട്ടേ തൻ്റേതു മാത്രമായിരുന്ന മായക്കണ്ണൻ.കുഞ്ഞിമാളുവിനെ എല്ലാ അർത്ഥത്തിലും അനുഭവിച്ചറിഞ്ഞ മായക്കണ്ണൻ. നാളിതുവരെ അവരൊന്നിച്ചുണ്ടായ ഓരോ നിമിഷവും മാളവികയുടെ ള്ളിൽ മിന്നി മാഞ്ഞു. അമ്പലക്കുന്ന് കണ്ണാ നന്ദി നന്ദിയെന്ന് മനസാർത്തു പറഞ്ഞു. മായക്കണ്ണൻ്റെ ആശ്ളേഷം മുറുകിക്കൊണ്ടിരുന്നു. ഓരോ അസ്ഥിയും തകരട്ടെ എന്നോർത്ത് മാളവിക അതിനു വിധേയയായി നിന്നു. " കണ്ണേട്ടാ " എന്ന അലർച്ച പോലെയുള്ള വിളി കേട്ടാണ് അവർ ഞെട്ടിയകന്നത്. മായക്കണ്ണൻ അവളുടെ പിടിവിടുവിച്ച് ഞെട്ടി മാറി നിന്നു.ആകെ ഉലഞ്ഞ് മാളവിക നോക്കി. മുന്നിൽ ദിവ്യനിൽക്കുന്നു. അവളുടെ കണ്ണിൽ നിന്ന് തീ പാറുന്നു. താനിപ്പോൾ കത്തി ദഹിക്കുമെന്ന് മാളവികയ്ക്ക് തോന്നി.

എന്നിട്ടും മാളവിക തോറ്റില്ല. മായക്കണ്ണൻ്റെ കൈ പിടിച്ചു. "വാ മായക്കണ്ണാ " അവനെയും കൈപിടിച്ച് തിരിഞ്ഞ് ഒറ്റ നടത്തം. " കുഞ്ഞിമാളു .. ദിവ്യ..ദിവ്യ തല്ലും "കണ്ണൻ പിന്നാക്കം വലിയാൻ നോക്കി. പാടവരമ്പിലെത്തിയപ്പോൾ മാളവിക അവൻ്റെ കൈയ്യിലെ പിടുത്തം വിട്ടു. പിന്നെ അവൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.ആ മുഖത്ത് ഭയം നിറയുന്നത് അവൾ കണ്ടു. "തല്ലുകയോ.. അവൾ മായക്കണ്ണനെ തല്ലാറുണ്ടോ? മാളവിക ചോദിച്ചു.കണ്ണൻ മുഖം കുനിച്ചു നിന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മാളവികയുടെ ഉള്ളിലൊരു തീക്കനൽ വീണു. അവൾക്ക് പൊള്ളി.ദിവ്യ മായക്കണ്ണനെ തല്ലിയും ഭീഷണിപ്പെടുത്തിയും സ്വകാര്യ സ്വത്തായി വെച്ചിരിക്കുകയാണ്. " മായക്കണ്ണൻ ഒരാൺകുട്ടിയല്ലേ. അവൾ തല്ലിയാൽനിന്നു കൊള്ളണോ? ഒറ്റയടി കൊടുക്കണം. അവൾ നിലത്ത് വീഴണം കേട്ടോ." ഉള്ളിലെ പകയെല്ലാം വാക്കുകളിൽ പ്രതിഫലിച്ചു. മായക്കണ്ണൻ അമ്പരന്നു നോക്കുന്നത് അവൾ കണ്ടു. "ലച്ചമ്മയ്ക്ക് മാത്രമേ മായക്കണ്ണനെ തല്ലാൻ അവകാശമുള്ളു. " കണ്ണൻ തലയാട്ടി .

അവൻ്റെ കണ്ണുകൾ നിറഞ്ഞു വന്നു.ദിവ്യയെ ഒന്നു ചീത്ത പറയാൻ പോലും അമ്മ അനുവദിക്കാറില്ല. ദേഷ്യം വന്ന് പലകുറി അവൻ ദിവ്യയെ കൈയ്യിൽ കിട്ടുന്നത് വെച്ച് എറിഞ്ഞിട്ടുണ്ട്. ഒരിക്കൽ ഗ്ലാസുകൊണ്ടുള്ള ഒരേറ് കൊണ്ട് അവളുടെ നെറ്റി പൊട്ടി ചോര ഒഴുകി. എല്ലാവരും ഓടിക്കൂടിയാണ് അവളെ ആശുപത്രിയിൽ എത്തിച്ചത്.പോലീസ് വരുമെന്ന് അമ്മ അവനോട് പറഞ്ഞു.ദിവ്യ മരിച്ചു പോയാൽ പോലീസ് അവനെ തല്ലിച്ചതയ്ക്കും. കൊല്ലാനും മടിക്കില്ല. അന്ന് താൻ അതോർത്ത് പേടിച്ചതിന് കണക്കില്ല. ദിവ്യ തിരിച്ചു വന്നതിൽ പിന്നെ അവനൊന്നും ചെയ്യാൻ മുതിർന്നിട്ടില്ല. പറയുന്നതെല്ലാം അനുസരിക്കുകയാണ് പതിവ്.ദിവ്യയ്ക്ക് അവനോട് സ്നേഹമാണ്. ഇടയ്ക്കൊക്കെ അവനെ കെട്ടിപ്പിടിക്കും. ചുണ്ടിൽ ഉമ്മ വെക്കും. അപ്പോൾ അവന് കുഞ്ഞിമാളുവിനെ ഓർമ വരും. കണ്ണു നിറയും. എങ്കിലും അവളെ തള്ളി മാറ്റാൻ പേടിയാണ്. രാത്രി അവൻ അതോർത്ത് വിതുമ്പി കരയാറുണ്ട്. കുഞ്ഞിമാളു പറഞ്ഞത് അവന് ഓർമയുണ്ട്.

വേറൊരു പെണ്ണിനെയും ഉമ്മവെക്കരുത്. കെട്ടിപ്പിടിക്കരുത്.ദേഹത്ത് തൊടരുത്. മായക്കണ്ണനെ തൊടാനും സമ്മതിക്കരുത് . കണ്ണൻ ദിവ്യയെ തൊടാറില്ല. പക്ഷേ അവൾ പതുങ്ങി വരും. കവിളത്ത് ഉമ്മ വെച്ചിട്ട് ഓടും. കണ്ണനെ കല്യാണം കഴിക്കുമെന്ന് അവൾ പറയാറുണ്ട്. കണ്ണനൊന്നും പറയാറില്ല. പറഞ്ഞിട്ടെന്ത് കാര്യം. ദേഷ്യം വന്നാൽ അവന് ഭ്രാന്താകും. എന്തെങ്കിലും എടുത്തെറിഞ്ഞാലോ ഉപദ്രവിച്ചാലോ പോലീസ് വരും. പോലീസ് അവനെ തല്ലും കൊല്ലും. പക്ഷേ കടലോളം സങ്കടം ഉള്ളിലുണ്ടായിരുന്നു. കുഞ്ഞിമാളുവിനെ കാണാനില്ല. അവൾ ദൂരെ, ദൂരെ എവിടേക്കോ പോയി മറഞ്ഞു കഴിഞ്ഞു.ദിവ്യയ്ക്കൊപ്പം അമ്പലക്കുന്ന് കണ്ണൻ്റെ മുമ്പിൽ പോകുന്നത് കുഞ്ഞിമാളു എങ്ങാനും അവിടെ ഉണ്ടോ എന്നറിയാനാണ്.അങ്ങനെ നോക്കി നോക്കി നടക്കവേ ഇന്നവളെ കണ്ടു.കണ്ണൻ്റെ കാത്തിരിപ്പിന് വിരാമമായി. ഓർത്തപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞു. "കുഞ്ഞിമാളു എവിടെയായിരുന്നു.?" അവൻ വിതുമ്പി. "ഞാൻ പറഞ്ഞില്ലേ എൻ്റെ മായക്കണ്ണാ:...

പഠിക്കാൻ ദൂരെ പോകുമെന്ന്. പക്ഷേ കുഞ്ഞിമാളു വരുമെന്ന് പറഞ്ഞിട്ടില്ലേ. അമ്പലക്കുന്ന് കണ്ണൻ്റെ മുമ്പിൽ വെച്ച് നമുക്ക് താലികെട്ടണമെന്ന് പറഞ്ഞിട്ടില്ലേ ". അവളുടെ വാക്കുകൾ അവനെ സമാധാനിപ്പിച്ചില്ല. " ഞാനും വരും." അവൻ വാശി പിടിച്ചു. "കുഞ്ഞിമാളുവിൻ്റെ കൂടെ ഞാനും വരും' " മാളവികയുടെ മനസ് ഉരുകിപ്പോയി. കണ്ണനെ എങ്ങനെ കൊണ്ടുപോകാനാണ്. താൻ തന്നെ മധു ചേച്ചിയുടെ ഔദാര്യത്തിലാണ് ജീവിച്ചു പോകുന്നത്. ബുദ്ധിയ്ക്ക് വളർച്ചയില്ലാത്ത മായക്കണ്ണനെ തട്ടിക്കൊണ്ട് പോയെന്നേ കേസ് വരൂ . "എൻ്റെ മായക്കണ്ണാ'' മാളവിക അവൻ്റെ കൈ പിടിച്ചു. " ഞാൻ മായകണ്ണനെ കൊണ്ടു പോയാൽ ലച്ചമ്മയ്ക്ക് ആരാ ഉള്ളത്. കുഞ്ഞിമാളു പഠിത്തം കഴിഞ്ഞു വരുന്നത് വരെ കാത്തിരിക്കണം .. കുഞ്ഞിമാളു ഇപ്പോൾ വന്നില്ലേ.. അതുപോലെ വരും.. ഇനീം". കണ്ണൻ്റെ മുഖം വാടുന്നത് കണ്ടു. അപ്പോഴേക്കും ഓടി വന്ന ദിവ്യ മാളവികയുടെ കൈ തട്ടിത്തെറിപ്പിച്ചു. " കണ്ണേട്ടനെ നിനക്ക് കിട്ടും ന്ന് വിചാരിക്കണ്ട'' അവൾ കൈ ചൂണ്ടി. " ഇതെൻ്റെ മായക്കണ്ണനാ ''. മായക്കണ്ണൻ..

അവൾ അങ്ങനെ ഉച്ചരിച്ച് കേട്ടപ്പോൾ മാളവികയ്ക്ക് ശരീരം പെരുക്കുന്നത് പോലെ തോന്നി. ഒരൊറ്റ തള്ള്.. ദിവ്യ തെറിച്ച് പാടത്തേക്ക് വീണു. " ഞാൻ പോകുവാ മായക്കണ്ണാ .. പറഞ്ഞത് ഓർമയിരിക്കട്ടെ .. '' അവൾ ദിവ്യയെ ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നു. കുഞ്ഞിമാളൂ എന്ന് മായക്കണ്ണൻ പിൻവിളി വിളിച്ചതും ശ്രദ്ധിച്ചില്ല. വീട്ടിലെത്തിയപ്പോൾ ജി കെ യുടെ കാർ മുറ്റത്ത് കിടക്കുന്നത് കണ്ടു. പടി കയറി ചെന്നപ്പോൾ ഹാളിൽ അമ്മ ഇരിക്കുന്നു. അടുത്ത് മീരേച്ചിയും അമ്മമ്മയും ഇരിപ്പുണ്ട്. കുഞ്ഞിമാളു എന്ന് വിളിച്ച് മീര അവളെ വന്ന് ആലിംഗനം ചെയ്തു. ഒന്നും തോന്നിയില്ല .സഹോദര സ്നേഹത്തിൻ്റേതായ ഒന്നും. അമ്മ തന്നെ ഉറ്റുനോക്കുന്നത് കണ്ടു. തലയിൽ വട്ടത്തിൽ പഞ്ഞി വെച്ച് കെട്ടിയിട്ടുണ്ട്. വാടിയ മുഖത്തൊരു മന്ദഹാസം വിടർന്നു. മാളവിക ചെന്ന് അമ്മയുടെ കൈ പിടിച്ചു. " അമ്മയ്ക്ക് എങ്ങനെയുണ്ട് " ചോദിച്ചപ്പോൾ ശബ്ദമിടറി.അമ്മയുടെ മിഴികളും നിറയുന്നത് കണ്ടു. ''മരിച്ചില്ല..." ശ്രീവിദ്യ പറഞ്ഞു "നിന്നെ വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി. " വാക്കുകൾ ഇടറിയിരുന്നു.

അമ്മേ എൻ്റെ അമ്മ എന്ന് അവളുടെ ഹൃദയം കേണു. പാവം പാവം അമ്മയെന്ന് പൊക്കിൾക്കൊടി ബന്ധം ആർത്തുവിളിച്ചു. കിടപ്പുമുറിയിൽ നിന്നിറങ്ങി ജി.കെ അങ്ങോട്ട് വന്നു. അവളെ കണ്ട മട്ട് നടിച്ചില്ല. അയാൾ ഏതാനും ഗുളികകൾ അമ്മയെ ഏൽപ്പിക്കുന്നത് അവൾ കണ്ടു. "ഇത് കഴിച്ചിട്ട് ചെന്ന് കിടക്കു വിദ്യേ"അയാൾ പറഞ്ഞു.ശ്രീവിദ്യ തലയാട്ടി. പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല മാളവികയ്ക്ക്. തൻ്റെ മുറിയിൽ കടന്ന് വാതിലടച്ചു മൂന്ന് ദിവസത്തേക്കാണ് ലീവെടുത്ത് വന്നത്. അത്രയും ദിവസം ഇവിടെ നിൽക്കാൻ കഴിയുമോ? അവൾ ചെന്ന് കിടക്കയിൽ അമർന്നു കിടന്നു.മാധുരിയെ വിളിക്കണമെന്ന് തോന്നി. മൊബൈലെടുത്ത് നോക്കുമ്പോൾ ഏഴ് മിസ്ഡ് കോളുകൾ കിടക്കുന്നു. മാളവിക ഉടൻ തന്നെ തിരിച്ചുവിളിച്ചു. ആദ്യബെല്ലിൽ തന്നെ മാധുരി കോൾ എടുത്തു. "കുഞ്ഞിമാളു നിനക്ക് അവിടെ സുഖമല്ലേ " മാധുരി ആദ്യം തന്നെ ചോദിച്ചത് അങ്ങനെയാണ്. ഇതു വരെ സുഖമെന്ന് അവൾ പറഞ്ഞു.ഈ വീട്ടിൽ കൂടുതലൊന്നും പറയാൻ കഴിയില്ല. അമ്മയുടെ വിശേഷങ്ങളും മായക്കണ്ണനെ കണ്ടുമുട്ടിയതുമെല്ലാം അവൾ ഓരോന്നും വിട്ടു പോകാതെ പറഞ്ഞു കേൾപ്പിച്ചു

" ജി.കെ എങ്ങനെയുണ്ട്?" മാധുരി ചോദിച്ചു. മാളവിക അത്ഭുതത്തോടെയാണ് മറുപടി പറഞ്ഞത്. ആൾ വളരെ നിശബ്ദനായിരിക്കുന്നു. കണ്ടിട്ട് നോക്കിയത് കൂടിയില്ല. " ശ്രദ്ധിക്കണം... ചീറ്റുന്ന മൃഗത്തെ നമുക്ക് നേരിടാൻ കഴിയും. ഒളിച്ചിരിക്കുന്ന മൃഗം എപ്പോഴാണ് ചാടി വീഴുക എന്നറിയില്ല ".മാധുരിയുടെ വാക്കുകൾ വല്ലാത്തൊരു ഭീതി നിറച്ചു ഉള്ളിൽ. പകൽ മുഴുവൻ അവൾ മുറിയിൽ തന്നെ കഴിഞ്ഞു. രാത്രി അത്താഴത്തിന് മീര വന്ന് വിളിക്കുന്നത് വരെ പുറത്തിറങ്ങിയില്ല. ഭക്ഷണം കഴിക്കാനിറങ്ങി ചെന്ന മാളവികയെ കണ്ട് പാർവണ മോൾ വരെ അതിശയിച്ചു പോയി. ടീ ഷർട്ടും ത്രീ ഫോർത്തും ധരിച്ച് മുടി സ്റ്റൈലിൽ കെട്ടിവെച്ച് അസൽ ബോളിവുഡ് നായികയെ പോലെ ആയിരിക്കുന്നു മാളവിക എന്ന് സുദീപ് നിരീക്ഷിച്ചു.. ജി.കെ ഒരു വേള ശ്രദ്ധിക്കുന്നത് അവൾ കണ്ടു. പെട്ടന്ന് തന്നെ അയാൾ കണ്ണുകൾ പിൻവലിച്ചു. മകളുടെ മാറ്റം വിശ്വസിക്കാനാവാതെ മിഴിഞ്ഞ കണ്ണുകളുമായി ശ്രീവിദ്യ നോക്കി. "എൻ്റെ കുഞ്ഞിമാളൂ ഇതെന്തൊരു കോലം ..

നിന്നെ കണ്ടാലിപ്പോൾ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന പെൺകുട്ടികളെ പോലെയുണ്ട്. " മീരയുടെ ശബ്ദത്തിൽ പാതി കുശുമ്പ് കൂടി കടന്നു കൂടിയിരുന്നു. "പോടീ കുഞ്ഞിമാളുവിന് ഈ വേഷം നന്നായി ചേരുന്നുണ്ട് "അമ്മമ്മ എതിർത്തു. "നിന്നെ പോലെ പഠിപ്പുണ്ടായിട്ടും വീട്ടമ്മയായി ഒതുങ്ങി കൂടുകയല്ല കുഞ്ഞിമാളു .അവള് ബാംഗ്ലൂര് നിയമം പഠിക്കുന്ന കുട്ടിയാ.. " അവരുടെ വാക്കുകളിൽ അഭിമാനം തിങ്ങി. മാളവിക അതൊന്നും ശ്രദ്ധിക്കാനേ പോയില്ല.മീര വിളമ്പിയ ചോറും മീൻ കറിയും കരിമീൻ വറുത്തതും കാളനും കൂട്ടി നന്നായി ചോറുണ്ടു. ബാംഗ്ലൂരിൽ വൈകിട്ട് ചപ്പാത്തിയാണ്. അതു കൊണ്ട് ആസ്വദിച്ച് കഴിച്ചു. പാർവണ മോൾ അവളുടെ ഇരിപ്പിടം വിട്ട് വന്ന് മാളവികയുടെ മടിയിൽ കയറിയിരുന്നു. "കുഞ്ഞിമാളൂ" അവൾ കൊച്ചരിപ്പല്ലുകൾ കാട്ടി ഈണത്തിൽ വിളിച്ചു. അപ്പോൾ ഇത്രയും നേരം കുഞ്ഞിനെ അവഗണിച്ചതോർത്ത് മാളവികയുടെ ഉള്ള് ഉരുകിപ്പോയി. അവൾ കുഞ്ഞിനെ ഇടംകൈകൊണ്ട് തന്നോട് ചേർത്തണച്ചു.

പിന്നെ ഇത്തിരി ഭക്ഷണം നുള്ളിയെടുത്ത് അതിൻ്റെ വായിൽ വെച്ചു കൊടുത്തു. " ഔ ...എയ് വ്" കുഞ്ഞ് എരിഞ്ഞെന്ന് അഭിനയിച്ചു കാട്ടി. മാളവിക ആ നാട്യം കണ്ട് പൊട്ടിച്ചിരിച്ചു പോയി.ആ ചിരി എല്ലാ മുഖങ്ങളിലേക്കും പടർന്നു. "കുഞ്ഞിമാളു നന്നായി പഠിക്കുന്നുണ്ടോ". ആ രംഗം തീർത്ത ലാഘവത്വത്തോടെ ശ്രീവിദ്യ ആരാഞ്ഞു.അമ്മയ്ക്ക് തന്നേപ്പറ്റി ഒരു പാട് അറിയാൻ മോഹമുണ്ടെന്ന് മാളവികയ്ക്ക് മനസിലായി. മുമ്പ് സ്ക്കൂൾ വിട്ട് വന്ന് ഓടി വന്ന് വല്ലതും വാരിക്കഴിച്ച് യൂണിഫോം പോലും മാറ്റാതെ അമ്മയുടെ നെഞ്ചിൽ ചാരിയിരുന്ന് നിർത്താതെ വിശേഷം പറഞ്ഞിരുന്ന അമ്മയുടെ പഴയ കുഞ്ഞിമാളൂട്ടിയെ അവൾക്ക് ഓർമ വന്നു. "ക്ലാസ് ഫസ്റ്റാണ് " അവൾ പറഞ്ഞു.ശ്രീവിദ്യയുടെ മുഖത്ത് സന്തോഷം മൊട്ടിട്ടു. മാളവിക അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു. "മാധുരിയെക്കുറിച്ച് അത്ര നല്ലതൊന്നുമല്ല കേൾക്കുന്നത് "സുദീപ് ഒരു പത്രപ്രവർത്തകൻ്റെ ആധികാരികതയോടെ പറഞ്ഞു. " അർബൻ നക്സലിസമാണ് അവൾ പ്രൊമോട്ട് ചെയ്യുന്നത് ..

അവൾക്കു സാമൂഹിക വിരുദ്ധരുടെ ഒരു ഗ്യാങ് തന്നെയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എന്ന പേരിൽ മിറർ നടത്തുന്നത് തന്നെ പലതിനും ഒരു മറയായിട്ടാണ് " സുദീപ് ചുഴിഞ്ഞ മട്ടിൽ മാളവികയെ നോക്കി. "എൻ്റെ റിലേറ്റീവ് ഒക്കെയാണ് അവൾ .പക്ഷേ നാട്ടിലും വീട്ടിലും അവളെ പറ്റി വലിയ അഭിപ്രായമൊന്നുമില്ല." "എനിക്കറിയില്ല. എനിക്കറിയുന്ന മധുചേച്ചി ഒരു പ്രശ്നക്കാരിയല്ല. എനിക്ക് മറ്റാരുടെയും അഭിപ്രായം കേൾക്കണമെന്നുമില്ല". അവൾ പാത്രത്തിലേക്ക് കൈ കുടഞ്ഞ് എഴുന്നേറ്റു. " അതു പിന്നെ ഇവളെ കണ്ടാലറിയില്ലേ മാവോയിസ്റ്റും നക്സലുമൊക്കെയാണ് കൂട്ടെന്ന് " മീര വേഗം ഭർത്താവിനെ അനുകൂലിച്ചു. മാളവിക അതു കേൾക്കാത്ത മട്ടിൽ കൈ കഴുകി തുടച്ച് പാർവണമോളെയും എടുത്ത് റൂമിലേക്ക് പോയി.അവൾക്കൊപ്പം കളി ചിരികളുമായി കൊഞ്ചിക്കിടന്നപ്പോൾ മനസിലൂറി വന്ന അസംതൃപ്തി മാഞ്ഞു. കുറച്ച് നേരം കളിച്ചതിന് ശേഷം മോൾ ഉറക്കമായി.മാളവിക അവൾക്കരികിൽ കിടന്ന് മായക്കണ്ണനെ ഓർത്തു.

എത്ര ആകസ്മികമായാണ് അമ്പലക്കുന്ന് കണ്ണൻ മായക്കണ്ണനെ തനിക്ക് കാണിച്ചു തന്നത്. ദിവ്യയ്ക്ക് ആ മനസ് സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. മായക്കണ്ണൻ്റെ മനസിൽ കുഞ്ഞിമാളു മാത്രമേയുള്ളൂ. മായക്കണ്ണൻ്റെ കുഞ്ഞിമാളു .അതോർത്തപ്പോൾ ഹൃദയം ആർദ്രമായി. പതിയെ എഴുന്നേറ്റ് ചെന്ന് അടുക്കളപ്പുറത്തെ ചവിട്ടു വഴിയിലൂടെ ഓടിച്ചെന്നാൽ മായക്കണ്ണൻ്റെ വീട്ടിലെത്താം. ജനലിൽ തട്ടി വിളിക്കാം. ആരും കാണാതെ പുറത്തിറങ്ങി അമ്പലക്കുന്നിലെത്താം. പുലരുവോളം കണ്ണേട്ടൻ്റെ മടിയിൽ തല ചായ്ച്ചു കിടക്കാം. പക്ഷേ വേണ്ട. ഇനിയും മായക്കണ്ണനെ കണ്ട് പിരിയുക വയ്യ. ഇന്നത്തേത് യാത്രാമൊഴിയാവട്ടെ. നാളെ തന്നെ തിരിച്ചു പോകണം. ഇവിടെ വയ്യ. മടുപ്പിക്കുന്ന ഈ അന്തരീക്ഷത്തിൽ തുടരാൻ വയ്യ. അമ്മയെ കാണാനാണ് വന്നത്. വന്നു.കണ്ടു. ഇനി മടങ്ങാം. ഇങ്ങോട്ടു വന്ന ബസ് തന്നെ ബുക്ക് ചെയ്യാം. രാത്രി എത്ര വൈകിയാലും മധു ചേച്ചി വന്ന് പിക് ചെയ്തോളും. അവൾ സുദീപിൻ്റെ വാക്കുകൾ ഓർത്തു. സുദീപേട്ടൻ എത്ര അവജ്ഞയോടെയാണ് മധു ചേച്ചിയെ കുറിച്ച് സംസാരിച്ചത്.

മധു ചേച്ചി അർബൻ നക്സൽ ആണത്രേ. താൻ അവിടെ അഴിഞ്ഞാടി ജീവിക്കുകയാണെന്ന് എത്ര വിദഗ്ധമായാണ് സുദീപേട്ടൻ പറയാതെ പറഞ്ഞത്. ഒന്നും ആരെയും ബോധിപ്പിക്കേണ്ടതില്ല. അതു കൊണ്ടാണ് മറുപടി പറയാതെ എഴുന്നേറ്റ് പോന്നത്. പലതും ഓർത്തു കിടന്ന് ഉറങ്ങിപ്പോയി. ഗാഢമായ നിദ്രയിൽ നിന്ന് ഒരു കരച്ചിലും തുടർന്ന് ബഹളവും കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴേക്കും വാതിലിൽ തട്ടുന്നത് കേട്ടു. മാളവിക ഭീതിയോടെ ഓടിച്ചെന്ന് വാതിൽ തുറന്നു.അവൾ ഞെട്ടിപ്പോയി. പുറത്ത് നിൽക്കുന്നത് പോലീസാണ്. അവൾ ഒന്നും മനസിലാകാതെ നിന്നു. " ഉം.. അങ്ങോട്ട് മാറി നിൽക്ക്."സി.ഐ വിനോദ് കുമാർ എന്ന് രേഖപ്പെടുത്തിയ ആൾ മുരണ്ടു മാളവിക ഭയന്നു മാറി. " സെർച്ച് .." അയാൾ തിരിഞ്ഞ് തനിക്കൊപ്പം ഉണ്ടായിരുന്ന വനിതാ പോലീസിനോടും മറ്റൊരു പോലീസുകാരനോടും നിർദ്ദേശിച്ചു.

അവർ അവളെ കടന്ന് റൂമിലേക്ക് കയറി. മാളവികയുടെ മുറി പരിശോധിക്കാൻ തുടങ്ങി.അവൾ കൊണ്ടു വന്ന ബാഗ് തുറന്ന് പോലീസുകാരി കിടക്കയിലേക്ക് തട്ടി. ഉറക്കം മുറിഞ്ഞ് ഭയന്നു കരഞ്ഞ കുഞ്ഞിനെ എടുക്കാൻ സി.ഐ വേവലാതിപ്പെട്ടു നിന്ന മീരയോട് നിർദ്ദേശിച്ചു.മീര ഓടിച്ചെന്ന് കുഞ്ഞിനെയെടുത്ത് പുറത്ത് കടന്നു.പോലീസുകാരി ലാത്തി കൊണ്ട് ബാഗിൽ നിന്നും പുറത്ത് വീണ സാധനങ്ങൾ പരിശോധിച്ചു. "സർ " അവൾ വിളിക്കുന്നത് കേട്ട് മാളവിക അവിടേക്ക് നോക്കി. ഒരു കെട്ട് കടലാസുകൾ ആണ് അവർ സി.ഐയ്ക്ക് നീട്ടുന്നത്. അതെന്താണെന്ന് മനസിലാകാതെ മാളവിക അന്തിച്ചു നിന്നു. സി.ഐ. അത് മറിച്ചു നോക്കി. ആ മുഖം നിഗൂഢമാകുന്നത് അവൾ കണ്ടു. "രാജ്യദ്രോഹപ്രവർത്തനങ്ങളാണ് പരിപാടി അല്ലേ?" അയാൾ ലാത്തി കൊണ്ട് മാളവികയുടെ ചുമലിൽ കുത്തി.

അവൾ മരവിച്ചു നിൽക്കുകയായിരുന്നു. പുറത്ത് നിന്ന് അമ്മയുടെയും അമ്മമ്മയുടെയും മീരേച്ചിയുടേയും കരച്ചിൽ കേൾക്കുന്നുണ്ട്. ജി.കെ യും സുദീപേട്ടനും തനിക്ക് വേണ്ടി സി.ഐയുടെ കാലു പിടിക്കുന്നു. "ഒന്നും നടക്കില്ല.. ഇൻ്റലിജൻസ് റിപ്പോർട്ടു പ്രകാരമാണ് അറസ്റ്റ് "സി.ഐ പറയുന്നത് കേട്ടു. താൻ ഉറക്കത്തിൽ സ്വപ്നം കാണുകയാണോ എന്ന് മാളവിക സംശയിച്ചു. അവൾക്ക് ഞെട്ടലോ കരച്ചിലോ വന്നില്ല .ആകെ മരവിച്ച് തണുത്ത് ജീവനുള്ള ഒരു മൃതദേഹം പോലെ അവൾ നിന്നു. വനിതാ പോലീസുകാരി അവളുടെ കൈകൾ പിടിച്ചെടുത്ത് വിലങ്ങ് അണിയിച്ചു.പിന്നെ "നടക്ക് " എന്ന് മുന്നോട്ടു തള്ളി.അമ്മയ്ക്കും അമ്മമ്മയ്ക്കും മീരേച്ചിയ്ക്കും സുദീപേട്ടനും ജി.കെയ്ക്കും നടുവിലൂടെ അവൾ വിലങ്ങിട്ട കൈകളുമായി മുന്നോട്ട് നടന്നു. മാളവിക പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റപ്പെട്ടു. അവിടെയിരുന്ന് അവൾ തിരിഞ്ഞു നോക്കി. മഹാമേരു പോലെ അവൾക്കു മുന്നിൽ ജി.കെ. നിൽക്കുന്നത് കണ്ടു. അയാളുടെ കണ്ണുകൾ എരിഞ്ഞു. വന്യമായ ആസക്തിയിൽ അയാൾ ഒരു ക്രൂര മൃഗം പോലെ അവളെ പല്ലിളിച്ചു കാട്ടി....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story