ദൂരെ: ഭാഗം 17

Dhoore

രചന: ഷൈനി ജോൺ

"കുഞ്ഞിമാളുവിനെ എന്തിനാണ് മോനേ പോലീസ് കൊണ്ടുപോയത് " പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെടാൻ തയ്യാറായി നിന്ന സുദീപിന് അരികിലേക്ക് ചെന്ന് അമ്മമ്മ ചോദിച്ചു. ആ ചോദ്യത്തിൻ്റെ ഉത്തരത്തിനായി കാതോർത്ത് ശ്രീവിദ്യയും മീരയും കണ്ണീരോടെ നിന്നു. " ഞാൻ പറഞ്ഞില്ലേ അമ്മമ്മേ.. മധുരിയും അവളുടെ പ്രസ്ഥാനവുമൊന്നും അത്ര ശരിയല്ല. കുഞ്ഞിമാളുവും അതിൽ ചെന്ന് പെട്ടു. അർബൻ നക്സൽ എന്നാണ് ഇത്തരക്കാരെ ഭരണകൂടം വിളിക്കുന്നത്. രാജ്യഭരണത്തിന് എതിരെയുള്ള പ്രവർത്തനങ്ങളാണ് അർബൻ നക്സലുകൾ നടത്തുന്നത്. " എല്ലാവരും ഹൃദയമിടിപ്പോടെ കേട്ടു നിന്നു. "രാജ്യത്തിൻ്റെ കുത്തഴിഞ്ഞ നിലപാടുകൾക്കെതിരേ ശബ്ദമുയർത്തുകയാണ് അർബൻ നക്സലുകളുടെ പ്രഖ്യാപിത ലക്ഷ്യമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവർ സമൂഹത്തിത്തിലെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് അവ പരിഹരിക്കാനല്ല എന്നാണ് ഭരിക്കുന്നവരുടെ പക്ഷം. അവർ ഇത്തരം പൊതുവായ പ്രശ്നങ്ങളിൽ ഇടപെട്ട് അതിലൂടെ രാജ്യത്ത് ശത്രുതയും വിദ്വേഷവും പടർത്തുകയാണ് എന്ന് ഭരണകർത്താക്കൾ ആരോപിക്കുന്നു.

കാരണം ഭരിക്കുന്നവർ ഉൾപ്പെട്ട പ്രശ്നങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ആണല്ലോ സമരങ്ങളും പ്രതിഷേധവും ഉണ്ടാകുന്നത്. ആയുധമെടുക്കുന്നത് തെറ്റല്ല എന്ന് അർബൻ നക്സലുകൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കേന്ദ്രത്തിൻ്റെ ആരോപണം. അങ്ങനെ കലാപമുണ്ടാക്കി ആഭ്യന്തര യുദ്ധമുണ്ടാക്കുകയും അധികാരം പിടിച്ചെടുക്കുകയുമാണ് ഉദ്ദേശ്യമത്രേ. കുഞ്ഞിമാളുവും മാധുരിയും രഹസ്യമായി നിരീക്ഷക്കപ്പെടുന്നുണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അർബൻ നക്സലുകളുടെ പ്രവർത്തന രീതി എന്ന് പറയപ്പെടുന്നത് പോലെ, നഗരത്തിൽ പകുതി രഹസ്യമായും പകുതി പരസ്യമായും നടത്തുന്ന ഒരു സംഘടന മാധുരിയ്ക്ക് ഉണ്ടല്ലോ. കുഞ്ഞിമാളുവും ഇപ്പോൾ അതിലൊരു സ്ഥാനം വഹിക്കുന്നുണ്ട്. അതാണ് അവൾ പോലീസിൻ്റെ കണ്ണിലെ കരടാകാൻ കാരണം." മീരയ്ക്കും അമ്മമ്മയ്ക്കും സുദീപ് പറഞ്ഞതിൽ പകുതിയേ മനസിലാകുളളു. ശ്രീവിദ്യ ഭീതിയോടെ നെഞ്ചിൽ കൈവെച്ചു. " നിയമാനുസൃതം പ്രവർത്തിക്കുന്ന സംഘടന എന്ന നിലയ്ക്ക് മാധുരി വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

അതൊക്കെ അർബൻ നക്സൽ കൂടി യോഗങ്ങളാണെന്ന് പോലീസ് പറയുന്നു. വിപ്ളവങ്ങൾക്ക് തിരികൊളുത്താനുള്ള പOനശാലകൾ ആണ് അതൊക്കെ എന്നാണ് പറച്ചിൽ . വിപ്ളവത്തിൻ്റെ അവസാനം ജനവാസ നഗരങ്ങൾ കീഴടക്കണമെന്ന മാവോയുടെ ആശയമാണ് പോലും ഇവർ നടപ്പാക്കുന്നത് .നഗര കേന്ദ്രിത വിപ്ളവം അസാധാരണമായിരിക്കണം എന്ന ചെഗുവേരയുടെ ആശയം കൂടി ഇവർ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടത്രേ. " സുദീപ് അവരെ നോക്കി. " കുഞ്ഞിമാളുവിനെ കണ്ടാൽ തന്നെ അറിയില്ലേ അവൾ ഒരുപാട് മാറി. മാധുരി അവളുടെ രീതിയിലേക്ക് മാളുവിനെ മാറ്റി. അതു തന്നെയാണ് ഇത്തരം ഗ്രൂപ്പുകൾ ലക്ഷ്യം വെക്കുന്നത് അവർക്ക് അനുകൂലമായ രീതിയിൽ യുവജനങ്ങളെ മാറ്റിയെടുക്കുക എന്നതാണ്. പുരോഗമനം, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീ ശാസ്തീകരണം ഇതൊക്കെ മറയാക്കി രാജ്യമെമ്പാടും സമരങ്ങൾ സംഘടിപ്പിക്കുകയാണ് കുഞ്ഞിമാളുവും കൂട്ടരും ചെയ്തിരുന്നതെന്ന് ... രാജ്യദ്രോഹ കുറ്റം വിധിക്കാവുന്ന ലഘുലേഖകളും മറ്റുമാണ് പോലീസ് അവളുടെ ബാഗിൽ നിന്ന് തപ്പിയെടുത്ത് കൊണ്ടുപോയത്.തീവ്രവാദി സംഘടനകളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെയൊക്കെ സംഘടനകൾ പ്രവർത്തിക്കുന്നതെന്നാണ് പറഞ്ഞത്"

എന്നാൽ അര്‍ബന്‍ നക്‌സലുകള്‍' സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ചില മാധ്യമങ്ങൾ വിവരാവകാശമുന്നയിച്ച് അപേക്ഷ നൽകിയത് പ്രകാരം 'അര്‍ബന്‍ നക്‌സലുകള്‍' എന്നതിനെക്കുറിച്ചോ അവര്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചോ ഒരു വിവരവും തങ്ങള്‍ക്കില്ലെന്നാണ് ഇവയെക്കുറിച്ച് നിരീക്ഷണം നടത്തുന്ന ഡിപ്പാര്‍ട്ട്‌മെന്റ് രേഖാമൂലം വ്യക്തമാക്കിയത്. ഇത്തരമൊരു സംഘത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ആരാണ് 'അര്‍ബന്‍ നക്‌സലുകള്‍' ?, ഏത് മേഖലയിലാണ് അവര്‍ സജീവമായുള്ളത് ?, ഇതുവരെ എത്ര അര്‍ബന്‍ നക്‌സലുകള്‍ അറസ്റ്റിലായി, അവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു ?, എപ്പോഴെങ്കിലും 'അര്‍ബന്‍ നക്‌സലുകളെ' നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടോ ?, ഉണ്ടെങ്കില്‍, എപ്പോഴാണ് ? തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചിരുന്നത്. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കെല്ലാം 'ഇല്ല' എന്ന മറുപടിയാണ് നല്‍കിയത്. എന്നാൽ രാജ്യം ചർച്ച ചെയ്ത പല പ്രമുഖരെയും അർബൻ നക്സൽ ആയി മുദ്രകുത്തിയിട്ടുമുണ്ട്. "എൻ്റെ കുഞ്ഞിമാളുവിന് ജയിലിൽ കിടക്കേണ്ടി വരുമോ മോനേ " ശ്രീവിദ്യ തേങ്ങിക്കരഞ്ഞു.

" അച്ഛൻ എല്ലാ രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഊരിക്കൊണ്ടുവരാൻ നോക്കാമെന്നാണ് പറയുന്നത്. ഈ രാത്രി വെളുക്കുന്നതിന് മുമ്പ് അവളെ തിരിച്ചു കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ ഇനി പ്രതീക്ഷിക്കണ്ട." ജി.കെ തയാറായി വരുന്നത് കണ്ട് സുദീപ് നിർത്തി. "വിദ്യാ.. ഞങ്ങൾ ഇറങ്ങുന്നു." ജി.കെ പറഞ്ഞു.ശ്രീവിദ്യ വിതുമ്പിയതേയുള്ളു. അവർ സ്റ്റേഷനിലെത്തുമ്പോൾ സി.ഐ.യുടെ കസേരയ്ക്കരികെ ഭിത്തിയിൽ ചാരി മാളവിക നിൽപ്പുണ്ട്. ജി.കെയെയും സുദീപിനെയും കണ്ട് അവൾ മുഖം താഴ്ത്തി. " നിങ്ങളിങ്ങോട്ട് വന്നിട്ടും കാര്യമൊന്നുമില്ല." സി.ഐ അവരെ കണ്ട് പരിഹാസഭാവത്തിലായിരുന്നു. " വക്കീൽ ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്.. മിനിസ്റ്റർ ഇടപെടാമെന്ന് പറഞ്ഞിട്ടുണ്ട് .. ഇതൊരു കള്ളക്കേസാണ് സർ .. മാളവിക മിടുക്കിയായ ഒരു സ്റ്റുഡൻ്റാണ്. അവൾ നക്സലല്ല. തീവ്രവാദിയല്ല." ജി.കെ തനിക്കു വേണ്ടി വാദിക്കുന്നത് മാളവിക കേട്ടു .ഇതെല്ലാം അയാൾ ഒരുക്കിയ ചതിക്കുഴികൾ ആണെന്ന് വ്യക്തം. പക്ഷേ അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവൾക്ക് വ്യക്തമായില്ല.

തന്നെ കുറേ നാൾ ജയിലിലിട്ടാൽ അയാളുടെ കാമഭ്രാന്ത് തീരുമോ. "ഈ കുട്ടിയെ പുറത്തിരുത്തു" ജി.ക്കെയോട് സംസാരിക്കുന്നതിനിടെ സി.ഐമാളവികയെ അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. ഒരു പോലീസുകാരി അവളെ വിളിച്ചു കൊണ്ടുപോയി. " സുദീപും പുറത്തേക്ക് പൊയ്ക്കോളൂ.. ഇവിടെ ഒരു സെറ്റിൽമെൻ്റ് നടക്കുന്നുണ്ടെങ്കിൽ അതൊരു പത്രക്കാരൻ്റെ മുന്നിൽ വെച്ചു വേണ്ടല്ലോ " ജി.കെ നിർദ്ദേശിച്ചു. സുദീപും പുറത്തേക്ക് നടന്നു. ജി.കെ സി .ഐ യ്ക്ക് അഭിമുഖമായി ഇരുന്നു. " അവൾ ഒരു സുന്ദരിക്കുട്ടിയാണല്ലോ ജി.കെ.ഹിന്ദി നടി ആലിയാ ഭട്ടിൻ്റെ ഛായയും ഫിഗറും ഉണ്ട്. വെറുതെയല്ല താൻ ഈ രാത്രി എന്നെക്കൊണ്ട് ഈ നാടകം കളിപ്പിച്ചത്." സി.ഐ മുന്നോട്ടാഞ്ഞിരുന്നു. "പിന്നെ എനിക്ക് ഭ്രാന്താണെന്നാന്നോ താൻ കരുതിയത്. ഒരു പീറ പെണ്ണിന് വേണ്ടി ഇങ്ങനൊരു വളഞ്ഞ വഴി സ്വീകരിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഇവൾ എന്നെ കുറേ വെല്ലുവിളിച്ചു. പരിഹസിച്ചു. അവളുടെ കന്യകാത്വം നോട്ടമിട്ടതറിഞ്ഞ് ആ മന്ദൻ പയ്യൻ്റെ കൂടെ കിടന്നു. എന്നെ നാണം കെടുത്തി ഇവിടെ നിന്നിറങ്ങിപ്പോയി.ആ പക മായില്ല എൻ്റെ നെഞ്ചിൽ നിന്ന് .. " ജി.കെയുടെ കണ്ണുകൾ ജ്വലിക്കുന്നത് സി.ഐ.കണ്ടു. "നമ്മൾ ബാല്യകാല സുഹൃത്തുക്കളാണെന്ന് ആരോടും പറയരുത്.

അമ്മായിയമ്മയെ എനിക്ക് കെട്ടിച്ച് തന്നിട്ട് പുറത്ത് നിൽക്കുന്ന ആ പത്രക്കാരൻ ഒരിക്കലും അറിയരുത്. നമ്മൾ തമ്മിൽ സംസാരിച്ച് ഒരു ഒത്തുതീർപ്പുണ്ടായി. അത്രയും മതി" ജി.കെ യുടെ വാക്കുകൾക്ക് സി.ഐ. തലയാട്ടി. അൽപ്പനേരം കൂടി അവർ സംസാരിച്ചിരുന്നു. പിന്നീട് സുദീപിനെ അകത്തേക്ക് വിളിപ്പിച്ചു. " കുട്ടിയുടെ പ്രായം പരിഗണിച്ച് ഇത്തവണ ഞാനിത് കണ്ടില്ലെന്ന് നടിക്കാം. പക്ഷേ ഇനി അവൾ ഈ സംഘടനയിൽ പ്രവർത്തിക്കുകയോ അതുമായി ബന്ധപ്പെട്ടവരുമായി ബന്ധം പുലർത്തുകയോ ചെയ്യരുത്. അവൾ സദാ പോലീസിൻ്റെ നിരീക്ഷണത്തിലായിരിക്കും. കുട്ടിയുടെ പഠിത്തം ഇങ്ങോട്ട് മാറ്റണം.കുട്ടിയ്ക്ക് പഴയ ജീവിതം വീണ്ടെടുക്കാൻ ഏതെങ്കിലും മെൻ്റെൽ അസൈലം കം ഡി അഡിക്ഷൻ സെൻററിൽ എത്തിച്ച് നല്ല കൗൺസലിംഗ് കൊടുക്കണം. ഇതൊക്കെ തയ്യാറാണെന്ന് ഇവിടെ എഴുതി ഒപ്പിട്ടിട്ട് വേണം കൊണ്ടുപോകാൻ .കുട്ടിയ്ക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർത്താലേ ഭാവിയിൽ ഈ ഒത്തുതീർപ്പ് എന്തെങ്കിലും പ്രശ്നങ്ങൾക്ക് കാരണമായാൽ എനിക്ക് തലയൂരാൻ സാധിക്കു"

ജി.കെ പഠിപ്പിച്ച വാക്കുകൾ അതേപടി സി.ഐ അവതരിപ്പിച്ചു. "മാളു സമ്മതിക്കണ്ടേ "സുദീപ് തിരക്കി. "രാജ്യദ്രോഹ കുറ്റം എന്താണെന്ന് അവൾക്ക് അറിയാമായിരിക്കും.നിയമം പഠിക്കുന്നവൾ അല്ലേ.വെറുതേ നല്ലൊരു ജീവിതം ജയിലിൽ പാഴാക്കേണ്ടെന്ന് ചെന്നു പറയ്.. " സുദീപ് മാളവികയുടെ അടുത്തേക്ക് ചെന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ കേട്ട് അവളുടെ മുഖം വലിഞ്ഞു മുറുകി. "ഇതൊന്നും എനിക്ക് സമ്മതമല്ല."എടുത്തടിച്ചത് പോലെ അവൾ പറഞ്ഞു. "എൻ്റെ ഫോൺ തരാൻ പറയ്.. ഈ വിലങ്ങ് ഒഴിക്കാൻ പറ.. ഞാനെങ്ങോട്ടും ഓടിപ്പോകുന്നൊന്നുമില്ല. എനിക്ക് മധു ചേച്ചിയെ വിളിക്കണം'' "മധു ചേച്ചി "സുദീപിന് അരിശം വന്നു. " അവൾ ഒറ്റ ഒരുത്തിയാ നിൻ്റെ ജീവിതം നശിപ്പിച്ചത് ' " ആയ്ക്കോട്ടെ. എന്തൊക്കെ പറഞ്ഞാലും എനിക്ക് വിളിച്ചേ പറ്റൂ " മാളവിക ഒട്ടും അയഞ്ഞില്ല.തർക്കം മൂത്തപ്പോൾ സി.ഐ.അവളെ അകത്തേക്ക് വിളിച്ചു. കോൺസ്റ്റബിൾ അവളുടെ കൈയ്യിലെ വിലങ്ങ് അഴിച്ചു. ജി.കെ. ഫോൺ അവൾക്ക് നീട്ടി. ഒന്നു രണ്ടു വട്ടം വിളിച്ചിട്ടാണ് മാധുരിയെ കിട്ടിയത്. മാളവിക നടന്നതെല്ലാം അവളെ പറഞ്ഞു കേൾപ്പിച്ചു.മാധുരി ഞെട്ടിപ്പോയി.മീഡിയ അറിഞ്ഞാൽ പ്രശ്നം പോലീസിൻ്റെ കൈയ്യിൽ നിന്ന് പോകും.

നടപടി എടുക്കാതിരിക്കാൻ കഴിയാതെയാകും .സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിധം ജി.കെ കളിച്ചിരിക്കുന്നു. മാധുരി ഫോൺ സി.ഐയ്ക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. മാളവിക ഫോൺ കൈമാറി. അവർ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടന്നെന്ന് തോന്നി.സി.ഐ ഒന്നു രണ്ടു തവണ ക്ഷുഭിതനായി കസേരയിൽ നിന്ന് ചാടിയെഴുന്നേൽക്കാൻ ഭാവിച്ചു. മൊബൈൽ ഫോൺ വീണ്ടും മാളവികയുടെ കൈയ്യിലായി. "കുഞ്ഞിമാളൂ ഇത് അൽപ്പം കൈവിട്ട കളിയാണ്. ഈ രാത്രി നിന്നെ ഈ കേസിൽ നിന്നൂരിയെടുക്കാൻ ആർക്കും പറ്റില്ല. തത്ക്കാലം അവരുടെ ഡിമാൻ്റുകൾ അംഗീകരിച്ചതായി സമ്മതിക്കണം. അപ്പോൾ നമുക്ക് കുറച്ച് സമയം കിട്ടും.പിന്നെ പുല്ല് പോലെ കുഞ്ഞിമാളുവിനെ ഞാൻ ഇവിടെ കൊണ്ടുവരും.. നിനക്ക് മധു ചേച്ചിയെ വിശ്വസിക്കാം മോളേ." മാധുരി കരയുകയാണെന്ന് തോന്നി. മാളവികയുടെ കണ്ണുകളും നിറഞ്ഞു. " അപ്പോൾ ഈ കേസ് ഞാൻ തത്ക്കാലം രജിസ്റ്റർ ചെയ്യുന്നില്ല. മാളവിക പഴയ ജീവിതത്തിലേക്ക് മടങ്ങി എന്നറിയാതെ ഇത് ഞാൻ ചവറ്റുകുട്ടയിൽ എറിയുകയുമില്ല." സി.ഐ.അവളെ നോക്കി. അവർ പറഞ്ഞ വ്യവസ്ഥകൾ സമ്മതിച്ച് മാളവിക ഒപ്പുവെച്ചു. തിരികെ അവൾ വന്ന് തൻ്റെ കാറിൽ കയറുമ്പോൾ ജി.കെ യുടെ മുഖം വിജയിയുടേതായിരുന്നു.

"ആ പെണ്ണിനെ വെച്ച് ഉദ്ദേശിച്ചതെന്താണെന്ന് വെച്ചാൽ ചെയ്ത് വേഗം അതിനെ അതിൻ്റെ പാട്ടിന് വിടാൻ നോക്ക്.ഈ കേസിലൊന്നും ഒരു തെളിവും ഇല്ല. ഇതൊക്കെ കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോർട്ടിൽ തന്നെ തെളിയും" സി.ഐ ഉപദേശിച്ചു.ജി.കെ അയാളെ നോക്കി മന്ദഹസിച്ചിട്ട് ചെന്ന് കാറിൻ്റെ ഡോർ തുറന്ന് സുദീപിന് അടുത്തായി ഇരുന്നു.സുദീപാണ് ഡ്രൈവ് ചെയ്തത്. മൂന്നു പേരും നിശബ്ദരായിരുന്നു. വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല.ജി.കെയ്ക്കും സുദ്ദീപിനുമൊപ്പം മാളവികയെക്കൂടി കണ്ടപ്പോൾ ശ്രീവിദ്യയുടെ മുഖത്തൊരു തെളിച്ചം വീണു. മാളവിക ആരെയും ശ്രദ്ധിച്ചില്ല. നേരെ തൻ്റെ മുറിയിലേക്ക് പോയി. "മാളുവിനോട് ഒന്നും ചോദിക്കാൻ നിൽക്കണ്ട. അവൾ ആകെ അപ്സെറ്റാണ്. ബാംഗ്ലൂരിലെ അവളുടെ ജീവിതം എത്ര ദുരൂഹമായിരുന്നു എന്നിപ്പോൾ മനസിലായില്ലേ. ലഹരി, തീവ്രവാദം, മാത്രമല്ല അവൾ ഒരു ക്വീർ ഗേൾ കൂടിയാണ്. എന്നു വെച്ചാൽ ആണിനോടും പെണ്ണിനോടും ഒരു വ്യത്യാസവുമില്ലാതെ... " സുദീപ് നിർത്തിക്കളഞ്ഞു. "അമ്പലക്കുന്ന് നിന്ന് പോയ മാളവികയല്ല തിരിച്ചു വന്നിരിക്കുന്നത്.നല്ല ചികിത്സയും കൗൺസലിംങും കൊടുക്കാതെ അവളെ ഇനി തിരിച്ചു കിട്ടില്ല. നാളെ തന്നെ അങ്ങനെ ഒരിടത്തേക്ക് അവളെ മാറ്റണം" ജി.കെ പറഞ്ഞു.

ശ്രീവിദ്യ കരച്ചിലടക്കി താനിപ്പോൾ തകർന്നു വീഴുമെന്ന മട്ടിൽ നിന്നു. "വിദ്യയ്ക്ക് സുഖമില്ലാതായിപ്പോയി. ഇല്ലെങ്കിൽ തന്നെയും ബൈ സ്റ്റാൻഡറായി കൊണ്ടു പോകാമായിരുന്നു." ജി.കെ പരിതപിച്ചു. " ഞാനില്ലാതെ അവൾ വരില്ല.. ഞാനും വരും " ശ്രീവിദ്യ പറഞ്ഞു. അതൊരുറച്ച തീരുമാനമായിരുന്നു. ഒടുവിൽ പാലക്കാടുള്ള ഒരു സെൻ്ററിലേക്ക് മാളവികയെ മാറ്റാനും ശ്രീവിദ്യ കൂടെ വരാനും തീരുമാനമായി. പിറ്റേന്ന് പത്തു മണിയോടെയാണ് അവർ യാത്ര തിരിച്ചത്.രണ്ടു മണിക്കൂറിനകം അവിടെയെത്തി. നഗരത്തിൽ നിന്നും ഉള്ളിലേക്കായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മാനസികാരോഗ്യ ലഹരി വിമുകത കേന്ദ്രം. ഒരു തവണ 20 പേരെ മാത്രമേ ഇവിടെ ചികിത്സിക്കൂ എന്നാണ് അറിഞ്ഞത്. ഫോർമാലിറ്റീസ് എല്ലാം തീർത്ത് മാളവികയെ അവിടെയാക്കി അവർ തിരിച്ചു പോകാൻ ഇറങ്ങി. മാളവിക ശില പോലെ നിൽക്കുകയായിരുന്നു. അവളുടെ ചൈതന്യമറ്റ രൂപം കണ്ട് ശ്രീവിദ്യ കരഞ്ഞു. "അമ്മ കരയരുത്. തല അനക്കാൻ വയ്യാഞ്ഞിട്ടും എൻ്റെ കൂടെ വന്നില്ലേ " മാളവിക യാന്ത്രികമായി പറഞ്ഞു.

സാരി തലപ്പു കൊണ്ട് മുഖം പൊത്തി ശ്രീവിദ്യ തിരിച്ചു പോയി. യൂണിഫോം അണിഞ്ഞ ഒരു യുവതി വന്ന് മാളവികയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.. സാമാന്യം സൗകര്യങ്ങൾ എല്ലാമുള്ള മുറി.അറ്റാച്ച്ഡ് ബാത്റൂം. മാളവികയുടെ റൂം ഇതാണെന്ന് ആ യുവതി പറഞ്ഞു. പുറത്ത് നിന്ന് നിരീക്ഷിക്കാവുന്ന ഒരു ജനലും അതിനുണ്ടായിരുന്നു.അതു മറയ്ക്കാൻ കർട്ടനും. മാളവികയ്ക്ക് കഴിക്കാൻ ഭക്ഷണവും പഴങ്ങളും വെള്ളവും അവൾ ടേബിളിന് മീതെ അടച്ചു വെച്ചു. വിശക്കുമ്പോൾ കഴിക്കണമെന്ന് പറഞ്ഞു. ഇന്നു മുഴുവൻ വിശ്രമിക്കാനും നാളെ കൗൺസലിംഗും ചികിത്സയും തുടങ്ങുമെന്നും മരവിച്ച ശബ്ദത്തിൽ ആ യുവതി പറഞ്ഞു. "എൻ്റെ ഫോണും ബാഗും എടുത്തു തരണം" മാളവിക പറഞ്ഞു.ആ യുവതി അത് കേൾക്കാത്തത് പോലെ പോയി.അവർ പുറത്തിറങ്ങിയപ്പോൾ വാതിൽ വലിച്ചടച്ചത് എന്തിനാണെന്ന് മാളവികയ്ക്ക് മനസിലായില്ല. പൊടുന്നനെ അവൾക്കൊരു നിഗൂഢത തോന്നി. എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ. മനസ് ക്രമാതീതമായി മിടിച്ചു. മൊബൈൽ പോലും കൈയ്യിലില്ലാതെ തീർത്തും നിരായുധയാണ് താൻ. മാളവിക ഓടി ജനലിനരികിലെത്തി. " സിസ്റ്റർ ... സിസ്റ്റർ .." എന്നവൾ ഉറക്കെ വിളിച്ചു.

ആരും വന്നില്ല. ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ തോന്നി അവൾക്ക്. എൻ്റെ അമ്പലക്കുന്ന് കണ്ണാ കൈവിടരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. വിശന്നപ്പോൾ നിവൃത്തിയില്ലാതെ തണുത്ത ഭക്ഷണം വിളമ്പിക്കഴിച്ചു.പിന്നെ കിടക്കയിൽ ഇനി എന്തായിരിക്കും സംഭവിക്കുക എന്നോർത്ത് വിഹ്വലയായിരുന്നു. ഏറെ നേരം കടന്നു പോയപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ചാടിയെഴുന്നേറ്റു. അകത്തേക്ക് വന്നത് ജി.കെ ആയിരുന്നു. അവളെ നോക്കി അയാൾ മന്ദഹസിച്ചു. മാളവിക ബോധം നശിച്ചത് പോലെ നോക്കി നിന്നു.പുറത്ത് സന്ധ്യ ഇരുട്ടിലേക്ക് വഴിമാറുന്നുണ്ടായിരുന്നു. അയാൾ വാതിൽ അടച്ചു കുറ്റിയിട്ടു. പിന്നെ തിരിഞ്ഞ് മാളവിക തീരെ പ്രതീഷിക്കാതെ മിന്നൽ വേഗത്തിൻ അവളുടെ കരണത്ത് സർവശക്തിയും സമാഹരിച്ച് ഒരൊറ്റയടി. മാളവിക തണ്ടൊടിഞ്ഞ താമര പോലെ കുഴഞ്ഞ് കിടക്കയിലേക്ക് വീണു. ആ കിടപ്പിൽ അവൾക്ക് ബോധം മറയുന്നത് പോലെ തോന്നി.ജി.കെ അവൾക്കരികിലിരുന്നു.പിന്നെ സർവകരുത്തും അവളിലേക്ക് ആവാഹിച്ച് മാളവികയുടെ മീതെ അമർന്നു....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story