ദൂരെ: ഭാഗം 18

Dhoore

രചന: ഷൈനി ജോൺ

മാധുരി തുടരെ തുടരെ മാളവികയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ആദ്യമൊക്കെ സ്വിച്ച്ഡ് ഓഫ് എന്നാണ് കേട്ടത്. ഒടുവിൽ റിംഗ് ഉണ്ടെന്ന് കേട്ടപ്പോൾ അവൾ ആശ്വാസത്തോടെ കാത്തു നിന്നു. ഉച്ചയ്ക്കുള്ള ഫ്ളൈറ്റിന് അവൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തൃശൂരിലെത്തി മാളവികയുമായി മടങ്ങണം. ജില്ലാ പരിധി വിട്ടു പോകരുതെന്നാണ് പോലീസിൻ്റെ കർശന വിലക്ക് എങ്കിൽ തത്ക്കാലത്തേക്ക് എല്ലാ തിരക്കുകളും മാറ്റി വെച്ച് കുഞ്ഞിമാളുവിനൊപ്പം അമ്പലക്കുന്ന് തന്നെ കഴിയണം. അങ്ങനെ പല പ്ലാനുകളും ഉണ്ടായിരുന്നു മാധുരിയ്ക്ക്. അവൾ ചിന്തിച്ചു നിൽക്കവേ കോൾ എടുക്കപ്പെട്ടു.ഹലോ എന്ന് അൽപ്പം ഷാർപ്പ് ആയ സ്ത്രീ ശബ്ദമാണ് എത്തിയത്.മാളുവിൻ്റെ ശബ്ദത്തോട് സാമ്യം ഉള്ളതിനാൽ മീരയോ, ശ്രീവിദ്യ യോ എന്ന് മാധുരി സംശയിച്ചു. " ഞാനാണ് വിദ്യ"അവർ പറഞ്ഞു. "കുഞ്ഞിമാളുവിനെ തിരക്കി ഇനി ആരും ഇങ്ങോട്ട് വിളിക്കണം എന്നില്ല. ഞാൻ അവളുടെ അമ്മയാണ്. എനിക്കുള്ള അവകാശമൊന്നും നിനക്കില്ല. ഇനി ഒട്ട് ഉണ്ടാവുകയും ഇല്ല.. എൻ്റെ കുട്ടിയെ നീ കൊണ്ടുപോയി നശിപ്പിച്ചു.അതിനെ നക്സലാക്കി. അതിൻ്റെ ഭാവി കളഞ്ഞു.ജി.കെ ഇടപെട്ടില്ലായിരുന്നെങ്കിൽ അവൾ ഇന്ന് ജയിലിലാ" അവരുടെ കിതപ്പ് ഫോണിലൂടെ കാറ്റുപോലെ മാധുരി കേട്ടു .

" അവൾക്ക് നിൻ്റെ നഗരജീവിതമൊന്നും പിടിക്കില്ല. അവൾ ഇവിടെ നിന്നോട്ടെ.കോളജ് പഠിപ്പ് ഇങ്ങോട്ട് മാറ്റാൻ നോക്കുന്നുണ്ട് ഞങ്ങൾ. അതിന് പറ്റിയില്ലെങ്കിൽ ഒരു വർഷം പോട്ടേന്നു വെക്കും.എന്നാലും എൻ്റെ മോളെ ഞാൻ അയക്കില്ല. അവളെ തേടി നീ ഇങ്ങോട്ടു വരണ്ട. അവളെ കണ്ണിലെ കൺമണി പോലെ സൂക്ഷിക്കാൻ എനിക്കറിയാം. അമ്പലക്കുന്ന് നീ കാലു കുത്തിയാൽ മാളുവിനെ ഞങ്ങൾ നിൻ്റെ കണ്ണെത്താ ദൂരേയ്ക്ക് മാറ്റും.. ഓർമയിരിക്കട്ടെ, പിന്നെ നിനക്ക് സമ്മാനം തരുന്നത് ഈ നാട്ടുകാർ ആയിരിക്കും. ഇവിടെ പൂ പോലെ വളർന്ന ഒരു കുട്ടിയേയാ നീ അധോലോകക്കാരിയാക്കിയത്." കാതിലേക്ക് തിളച്ച വാക്കുകൾ വീണ് മാധുരി പൊള്ളി. എന്തു വേണമെന്നറിയാതെ അവൾ നിന്നു. "നിങ്ങൾ മൊബൈൽ മാളൂനൊന്ന് കൊടുക്കുവോ "? മാധുരി ഒടുവിൽ സഹികെട്ട് തിരക്കി. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. മാളവികയെ താൻ ഒരിക്കലും തനിച്ചു വിടരുതായിരുന്നു.അവർ അവളെ കള്ളക്കേസിൽ കുരുക്കി. ബാംഗ്ലൂരിലേക്ക് തിരിച്ചു വരാൻ മാളവികയ്ക്ക് കഴിയാതെ ആക്കിയിരിക്കുന്നു.

അതത്രയും ഉള്ളിൽ സങ്കടമായി തികട്ടിയതുകൊണ്ട് ചോദ്യം അൽപ്പം ഉച്ചത്തിലായിപ്പോയി. " ഫോൺ കൊടുക്കാൻ പറ്റില്ല. നീയുമായി ഇനി അവൾക്കൊരു ബന്ധവും വേണ്ട. അവൾ എന്നെ ധിക്കരിച്ച് വിളിക്കുകയാണെങ്കിൽ വിളിക്കട്ടെ.. നീയൊക്കെ പറയുന്നത് ജി.കെ അവളെ ശാരീരികമായി പീഡിപ്പിക്കുന്നു എന്നല്ലേ. ആ ആരോപണം ഞാൻ മുഖവിലയ്ക്ക് എടുത്തോളാം. അയാൾ അവളെ തൊടില്ല .. അതു നോക്കാൻ എനിക്കറിയാം" ശ്രീവിദ്യ കോൾ കട്ട് ചെയ്തു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ മാധുരി നിന്നു.പിന്നെ ഫ്ളാറ്റ് പൂട്ടി കാറുമെടുത്ത് മുതിർന്ന ജഡ്ജി ശ്രീനിവാസ ഗൗഢയുടെ വസതിയിലേക്ക് പോയി. അദ്ദേഹവുമായി ലോ കോളജ് വിദ്യാർത്ഥിനി ആയിരുന്ന കാലം മുതൽക്കെ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് അവൾ. അയാളുടെ കീഴിലാണ് അവൾ പ്രാക്ടിസ് ചെയ്തത്.ഇന്ന് കോടതി ഒഴിവായതിനാൽ അദ്ദേഹം വീട്ടിൽ തന്നെ കാണുമെന്ന് അവൾ ഊഹിച്ചു. അവൾ ചെല്ലുമ്പോൾ അദ്ദേഹം ഫ്ളാറ്റിൽ ,തൻ്റെ ഓഫീസ് മുറിയിലായിരുന്നു. മാധുരിയെ കണ്ട നിമിഷം തന്നെ അവൾ എന്തോ ഭാരിച്ച പ്രശ്നവുമായിട്ടുള്ള വരവാണെന്ന് അദ്ദേഹത്തിന് മനസിലായി.

അവൾ മിറർ പ്രവർത്തനം തുടങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ ഉള്ളതാണ് ഇത്തരം സന്ദർശനങ്ങൾ. "ഇരിക്കൂ മധൂ .. എന്താണ് കുട്ടിയെ അലട്ടുന്നത് "? അയാൾ പുഞ്ചിരിയോടെ തിരക്കി. ആ തമാശ ആസ്വദിക്കാനുള്ള മാനസികനില അവൾക്കുണ്ടായിരുന്നില്ല. അവൾ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു. മാളവികയെക്കുറിച്ച് വിശദീകരിച്ചു പറഞ്ഞു. ഒടുവിൽ അവൾ വിളിച്ച കോൾ റെക്കോഡ് ചെയ്തതും കേൾപ്പിച്ചു. അവൾ പറഞ്ഞതെല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു .ആ നെറ്റിയിൽ ചുളിവ് വീണു. ''ആ കുട്ടിയെ അവർ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്തിരിക്കുകയാണ്.ഗൗഢ പറഞ്ഞു. " കുട്ടി വരാനോ സംസാരിക്കാനോ തയ്യാറാവാതെ മധു എന്തു ചെയ്യും. അവളുടെ അമ്മ ജീവിച്ചിരിക്കുന്ന കാലം വരെ അവരാണ് അവളുടെ ഗാർഡിയൻ " അദ്ദേഹം തുടർന്നു. "കുട്ടിയെ ഫോണിൽ കിട്ടുന്നത് വരെ വിളി തുടരൂ മാധുരി .. അവൾ ചിലപ്പോൾ അമ്മയുടെ കണ്ണീരിൽ വീണു പോയിട്ടുണ്ടാകും. പ്രായപൂർത്തിയായ കുട്ടിയല്ലേ, പോരാത്തതിന് നിയമം പഠിച്ച ആളും.. ബോൾഡാണ്. ആ കണക്കിന് മാധുരിയുമായി സംസാരിക്കാൻ അവൾ മടിക്കുന്നുവെങ്കിൽ അതിപ്പോൾ അമ്മയെ അനുസരിക്കാൻ തീരുമാനിച്ചത് കൊണ്ടാവും.അവർ സുഖമില്ലാതിരിക്കുകയല്ലേ.

തത്ക്കാലം അവളുടെ മനസ് ഒന്നടങ്കങ്ങുന്നത് വരെ മധു വെയ്റ്റ് ചെയ്യണം." മാധുരി അയാളെ നിശബ്ദയായി ഇരുന്നു. "പിന്നെ കേസ്.. അതിത്തിരി സ്ട്രോങ്ങ് ആണെന്ന് ഞാൻ പറയാതെ തന്നെ മാധുരിയക്ക് അറിയാമല്ലോ. എപ്പോൾ വേണമെങ്കിലും ഇതേ കാര്യം ഉന്നയിച്ച് പോലീസിന് അവളെ അറസ്റ്റ് ചെയ്യാം. അവരെ ധിക്കരിച്ച് അവൾ ഇങ്ങോട്ട് വന്നാലും അത് പ്രതീക്ഷിക്കാമല്ലോ. രാജ്യദ്രോഹക്കുറ്റത്തിന് വലിയ തെളിവുകൾ ഒന്നും വേണ്ടെന്ന് അറിയാലോ. ആരോപണത്തിൽ കഴമ്പില്ലെന്ന് കോടതി കേസ് തള്ളുന്നത് വരെ ജയിലിൽ തന്നെ തുടരേണ്ടി വരും. അതു കൊണ്ട് അൽപ്പം വെയ്റ്റ് ചെയ്യുക. സമചിത്തതയാണ് ഇപ്പോൾ ആവശ്യം. അവളെ തൻ്റെ ഇംഗിതത്തിന് ഉപയോഗിക്കാമെന്ന ലക്ഷ്യമാകും അയാൾ ഉന്നം വെക്കുന്നത്. ഇത്ര നാൾ ചെറുത്തു നിന്ന ആ കുട്ടിയ്ക്ക് ഇപ്പോൾ അമ്മയുടെ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ സ്വയം സൂക്ഷിക്കാൻ കഴിയും.. ഒരു ഗതിയുമില്ലെങ്കിൽ കുട്ടി മധുവിനെ കോണ്ടാക്ട് ചെയ്യുമെന്ന് ഉറപ്പ്. തത്ക്കാലം അതിങ്ങനെ പോകട്ടെ." അയാൾ മാധുരിയെ നോക്കി. അവൾ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു.

"ഇതൊക്കെ കൊണ്ടാണ് യുഎപിഎ കരിനിയമം എന്നറിയപ്പെടുന്നത്. മധു ഇപ്പോൾ ചെയ്യേണ്ടത് ജി.ക്കെയുടെ അടിവേരുകൾ കണ്ടെത്തുകയാണ്. അയാൾക്ക് പിന്നിൽ ഒരു കുത്തഴിഞ്ഞ ലോകം ഉണ്ടെന്ന് ഉറപ്പ്. അതു കണ്ടെത്തണം. ഒരൊറ്റ നിമിഷം കൊണ്ടായിരിക്കണം അയാളുടെ അധ:പതനം" അദ്ദേഹം പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ തയ്യാറാവാത്ത മനസുമായി മാധുരി ഇരുന്നു. ഇന്നുതന്നെ മാളവികയെ അവിടുന്ന് തിരികെ എത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് അവൾ വന്നത്. എന്നാലിപ്പോൾ നിയമം കൊണ്ടുള്ള നിസഹായതയിൽ കുരുങ്ങി മനസ്. മാളു അവിടെ നിന്നില്ലെങ്കിൽ ഈ വ്യാജ കേസ് ഇനിയും കുത്തിയുയർത്തുമെന്ന് ഉറപ്പ്. ജി.കെയെ സംബന്ധിച്ച് നഷ്ടപ്പെടാൻ ഒന്നുമില്ല. മാളവികയെ തൂക്കി കൊന്നാലും പ്രതികാരം വീട്ടിയ സുഖമായിരിക്കും അയാൾ അനുഭവിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ താൻ പറന്നു വരും എന്ന് കുഞ്ഞിമാളുവിന് കൊടുത്ത ഉറപ്പ് ഓർമ വന്നു. ആ ചിന്ത ഹൃദയത്തെ തച്ചുടയ്ക്കുകയാണ്.ആ വാക്ക് പാലിക്കാൻ നിൻ്റെ മധു ചേച്ചിയ്ക്ക് സാധിക്കുന്നില്ലല്ലോ കുട്ടി.

എൻ്റെ ഓരോ ചുവടും സൂക്ഷിക്കാനുണ്ട്. നിൻ്റെ സ്വപ്നങ്ങളുടെ നെഞ്ചിൽ ചവുട്ടിയാകരുത് ഒന്നും .ചിന്തകൾ മാധുരിയുടെ തലച്ചോർ പിളർത്തി. ഫ്ളാറ്റിലെത്തി കൂട്ടിലിട്ട ഒരു വന്യമൃഗത്തെ പോലെ ചുറ്റിനടന്നു. കുഞ്ഞിമാളുവിനെ അവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. നടന്നതൊരു ട്രാപ്പാണ്. ഏത് സ്റ്റെപ്പ്, എവിടെ നിന്ന് തുടങ്ങണം. കുഞ്ഞിമാളു പോയിട്ട് ഇപ്പോൾ നാലു ദിവസം കഴിഞ്ഞിരിക്കുന്നു. അവൾ അമ്പലക്കുന്നു തന്നെയുണ്ടോ? അറിയില്ല. സുദീപേട്ടന്നെ ഒന്നു വിളിച്ചു നോക്കിയാലോ.കസിനാണ്. എങ്കിലും പല കാര്യങ്ങളിലും സുദീപേട്ടനോട് വിയോജിപ്പുണ്ട്. അതു തിരിച്ചും ഉണ്ടാവാം, തന്നെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടെന്നൊന്നും തോന്നുന്നില്ല .പണ്ടേ ബാംഗ്ലൂരിലെ തൻ്റെ ദീവിതവും തൻ്റെ കാഴ്ചപ്പാടുകളൂം പരിഹാസത്തോടെ വീക്ഷിക്കുന്ന ഒരാളാണ് സുദീപ്. പക്ഷേ ഇപ്പോൾ അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് മാധുരിയുടെ മനസ് പറഞ്ഞു. അവൾ ഫോണെടുത്ത് സുദീപിൻ്റെ നമ്പർ കണ്ടെത്തി.അതിലേക്ക് വിളിച്ചു. മൂന്നു നാലു തവണ വിളിച്ചതിന് ശേഷമാണ് കോൾ എടുക്കപ്പെട്ടത്. "എന്താ മാധുരി". തീർത്തും അരോചകമായ ചോദ്യം വന്നു. " സുദീപേട്ടാ കുഞ്ഞിമാളു എവിടെയുണ്ട് " അവൾ ചോദിച്ചു. "എവിടെ എന്നു മാത്രം പറഞ്ഞാൽ മതി.

അവൾ സന്തോഷത്തോടെ ഇരിക്കുന്നുവോ എന്നൊന്നറിയണം. അത്രയും മതി." "അവൾ അമ്പലക്കുന്നു തന്നെയുണ്ട്. പഠിത്തം ഇങ്ങോട്ട് മാറ്റാനുള്ള കാര്യങ്ങൾ നീക്കുകയാണ് " സുദീപ് പറഞ്ഞു. "അതിലെനിക്ക് സന്തോഷമേയുള്ളു. അവൾ എവിടെ ആയാലും നന്നായി ജീവിക്കണം എന്നേയുള്ളു. പക്ഷേ നന്നായി ജീവിക്കണം. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, അറിയാമല്ലോ സുദീപേട്ടാ ഈ മാധുരിയെ... മിറർ എന്ന സംഘടനയെ പറ്റി ഒന്ന് അന്വേഷിച്ച് വെച്ചോളൂ'' അവൾ നിയന്ത്രണം വിട്ട് അലറുകയായിരുന്നു. ഇതു വരെ ഉള്ളിൽ കൂനകൂട്ടിയ സമ്മർദ്ദമെല്ലാം അയാൾക്ക് നേരെ പൊട്ടിയൊഴുകി.സുദീപ്‌ നിശബ്ദം കേട്ടു . സുദീപിൻ്റെ മൗനത്തിൽ നിന്നും സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചുവെന്ന ചിന്ത മാധുരിയ്ക്കുണ്ടായി.അവളുടെ ഉള്ള് വിറച്ചു. "കുഞ്ഞിമാളു അമ്പലക്കുന്ന് തന്നെ ഉണ്ടല്ലോ അല്ലേ.. ഉറപ്പല്ലേ.. നാളെ ഇല്ലെന്നറിഞ്ഞാൽ സുദീപ് എന്ന പത്രക്കാരൻ്റെ എല്ലാ ഇമേജും മാധുരി വലിച്ചു കീറും". അവളുടെ വാക്കുകളിലെ ഭീഷണിയിൽ സുദീപ് ഉലഞ്ഞു.മാധുര ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും. ബന്ധമോ സ്വന്തമോ അവൾ നോക്കില്ല. താനില്ലാതെയാകും. ജീവനോടെ തന്നെ ഇല്ലാതെയാക്കും അവൾ " ഞാൻ കോഴിക്കോട്ടേയ്ക്ക് പോന്നു.

മാളവിക അമ്പലക്കുന്ന് ഉണ്ടോ ഇല്ലയോ എന്ന് എനിക്കെങ്ങനെ അറിയാം" തീർത്തും അസ്വസ്ഥതയോടെയാണ് സുദീപ് പറഞ്ഞത്.മാധുരി അകംപുറമെരിഞ്ഞു. അമ്പലക്കുന്ന് വരെ ഒന്നു പോയാലോ എന്ന് ചിന്തിച്ചു. അവളെ നേരിട്ടു കണ്ടാൽ എല്ലാ പരിഭ്രമങ്ങളും മാറിയേനെ. മിണ്ടാതിരിക്കുക എന്നതിന് അവളുടെ അഭിമാനത്തിൻ്റെ വിലയാണ് നൽകേണ്ടി വരിക. " സുദീപേട്ടാ മാധുരിയാണ് പറയുന്നത്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ആദ്യം ഇല്ലാതാകുന്നത് പാർവണ മോളും മീരേച്ചിയും ഒത്തുള്ള സുദീപേട്ടൻ്റെ വിവാഹ ജീവിതമായിരിക്കും. എനിക്കറിയണം കുഞ്ഞിമാളു എവിടെയുണ്ടെന്ന്. അറിഞ്ഞേ പറ്റൂ.. എനിക്ക് അവളോട് സംസാരിച്ചേ പറ്റൂ " മാധുരിയുടെ വാക്കുകൾ സുദീപിൻ്റെ കാതിൽ വീണു കൊണ്ടിരുന്നു. അവൾ ഒരു സാധാരണക്കാരിയല്ല എന്നോർത്തപ്പോൾ സുദീപിന് ആശങ്ക തോന്നി. താനെന്തിനാണ് ഭാര്യയുടെ അനിയത്തിയുടെ പേരിൽ ഉത്കണ്ഠ അനുഭവിക്കുന്നത്.മാധുരിയ്ക്ക് അറിയേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. " അവൾ പാലക്കാട് ഒരു സ്ഥാപനത്തിലാണ്. അവളുടെ മാനസിക അസ്വസ്ഥതകളും ലഹരി ഉപയോഗവും ക്വീർ സെക്ഷ്യാലിറ്റിയും എല്ലാം ചികിത്സിച്ച് മാറ്റാൻ വേണ്ടിയാണ് അവിടേക്ക് മാറ്റിയത് "

ചുറ്റിക കൊണ്ട് ഒരാൾ തൻ്റെ നെറുകയിൽ ആഞ്ഞിടിച്ചത് പോലെയാണ് സുദീപിൻ്റെ വാക്കുകൾ മാധുരിയെ നടുക്കിയത്. " സുദീപേട്ടാ" എന്ന് അവൾ അലറിപ്പോയി. "കുഞ്ഞിമാളുവിന് ഈ പറഞ്ഞ സ്വഭാവമൊക്കെ ഉണ്ടെന് സുദീപേട്ടന് വിശ്വാസമുണ്ടോ? നിങ്ങൾ ഇവിടെ വന്നൊന്ന് അന്വേഷിക്കണം. എത്ര നല്ല മിടുക്കി പെൺകുട്ടിയായിരുന്നു മാളവിക എന്ന്.കോളജിലെ ഏറ്റവും സമർത്ഥയായ വിദ്യാർത്ഥിനി. അമ്പലക്കുന്ന് എങ്ങനെ ജീവിച്ചോ അതേ ജീവിതം തന്നെയാണ് അവൾ ഇവിടെയും ജീവിച്ചത്. നിങ്ങൾ ഒരു പത്രപ്രവർത്തകനല്ലേ. വന്ന് അന്വേഷിച്ചു നോക്ക്." മാധുരി സങ്കടം കൊണ്ട് വിങ്ങിക്കരയുന്നത് സുദീപ് കേട്ടു. മാധുരിയിൽ നിന്ന് അത് അവൻ പ്രതീക്ഷിച്ചില്ല. അവളുടെ വാക്കുകളിൽ ആത്മാർഥതയുണ്ട്. ചില സംശയങ്ങൾ തനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. താനൊരു വിഡ്ഢിയല്ല. ചെറുതെങ്കിലും ഒരു പത്രത്തിൻ്റെ ലേഖകനാണ്. ജി.കെയെ പറ്റി ചിലതെല്ലാം കേട്ടു തുടങ്ങിയിരിക്കുന്നു. മീരയുടെ അമ്മ വരച്ചിട്ടു തന്ന പാവം മനുഷ്യൻ എന്ന ഇമേജിന് അപ്പുറം ജി.കെ മറ്റൊരാളാണ് എന്ന തോന്നൽ. ഇനി മാധുരി പറയുന്നതാണ് സത്യമെങ്കിൽ കുഞ്ഞിമാളുവിനെ ഇങ്ങനെ കുടുക്കിയതാരാണ്. എന്തിനാണ് അവളെ പാലക്കാട്ടെ അജ്ഞാത കേന്ദ്രം പോലെയൊരു താവളത്തിൽ തടവിലിട്ടിരിക്കുന്നത്. മീരയുടെ അനിയത്തിയായി മാളവികയെ കണ്ടതു മുതൽ ഓർമിച്ചു സുദീപ്.അടുക്കും ചിട്ടയുമുള്ള ഒരു സ്വഭാവക്കാരിയായിരുന്നു.

തന്നോട് അവൾക്ക് ബഹുമാനമായിരുന്നു. ഒരിക്കൽ പോലും അവളൊരു ചീത്തപ്പണ്ണാണെന്ന് തോന്നിയിട്ടില്ല. എന്നു മുതലാണ് അവളെ കുറിച്ച് മോശമായി കേട്ടു തുടങ്ങിയത്.അമ്മയുടെ ജീവിതത്തിൽ ജി.കെ.വന്നതിന് ശേഷം . പിന്നീട് ജി.കെ യുടെ നിഗമനങ്ങളിലൂടെയാണ് അവളെ വീക്ഷിക്കാൻ ശ്രമിച്ചത്. ചില വ്യക്തിപരമായ സ്വാർത്ഥതകളും അയാൾക്കൊപ്പം നിൽക്കാൻ തന്നെ പ്രേരിപ്പിച്ചു. പക്ഷേ അവളെ മെൻ്റെൽ അസൈലത്തിൽ അടച്ചത് മുതൽ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അത്രയ്ക്കൊക്കെ സ്വഭാവവ്യത്യാസം വന്നോ കുഞ്ഞിമാളുവിന്. ഇല്ല. അവളിൽ എന്നും അസ്വഭാവികമായി കണ്ടത് ജി.കെയോടുള്ള വെറുപ്പു മാത്രമാണ്. കുഞ്ഞിമാളുവിൻ്റെ ഭാഗത്തുനിന്ന് അവളെ കേൾക്കാൻ ഒരിക്കലും തയാറായിട്ടില്ല. ഒരു പക്ഷേ കേട്ടിരുന്നെങ്കിൽ.. "മാധുരി .. ഞാൻ നിന്നെ വിശ്വസിക്കുന്നൊന്നും ഇല്ല.പക്ഷേ ചില ചോദ്യങ്ങൾ എന്നിലും ഉണ്ട്. നിനക്കെന്താ വേണ്ടത്, കുഞ്ഞിമാളുവിനോട് സംസാരിക്കണം അല്ലേ. അതിന് ഞാൻ വഴിയുണ്ടാക്കാം." 'ഒടുവിൽ അങ്ങനെ പറയേണ്ടി വന്നു അയാൾക്ക്. പിറ്റേന്ന് തന്നെ മാളവികയെ കാണാൻ സുദീപ് പുറപ്പെട്ടു.ഇക്കുറി തനിച്ചായിരുന്നു യാത്ര.

ജി.കെ.യോട് ഒന്നും സൂചിപ്പില്ല.ശ്രീവിദ്യയോടും മീരയോടും അയാൾ യാത്രാവിവരം മറച്ചുവെച്ചു. പകൽ പന്ത്രണ്ടിന് അയാൾ പാലക്കാടെത്തി .വഴി നല്ല നിശ്ചയമുണ്ടായിരുന്നു. അയാൾ ചെല്ലുമ്പോൾ പതിവുപോലെ നിശബ്ദത പൂണ്ടു കിടക്കുകയായിരുന്നു ആ കെട്ടിടം. അതിൻ്റെ ബോർഡ് നീക്കം ചെയ്തിരിക്കുന്നുവെന്ന് സുദീപ് വല്ലായ്മയോടെ കണ്ടു. അതൊരു ആശുപത്രിയൊന്നുമല്ലെന്നും ഒരു സ്വകാര്യ വ്യക്തിയുടെ രഹസ്യ മന്ദിരമാണെന്നും എന്തോ സുദീപിന് തോന്നി. അയാൾ ഗെയ്റ്റ് കടന്ന് ചെല്ലുമ്പോൾ മുമ്പുയിരുന്ന യുവതി ചെടികൾ നനച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു. സുദീപിനെ കണ്ട് അവളുടെ മുഖത്ത് സന്ദേഹം പ്രകടമായി.മാളവികയെ അവിടെയാക്കാൻ വന്ന കൂട്ടരിൽ സുദീപിനെയും കണ്ട ഓർമ അവൾക്കുണ്ടായിരുന്നു. " ജി.കെ.പറഞ്ഞിട്ടു വന്നതാണ്. മാളവികയെ ഒന്നു കാണണം. അയാൾ ഭാവഭേദമൊന്നുമില്ലാതെ ആവശ്യപ്പെട്ടു. അവൾ ഒന്ന് സംശയിച്ചു.പിന്നെ വരൂ എന്ന് പറഞ്ഞ് മുന്നിൽ നടന്നു. അവൾക്കു പിന്നാലെ നടക്കുമ്പോൾ എന്തുകൊണ്ടോ കുഞ്ഞി മാളുവായിരുന്നു ശരി എന്ന് അയാൾക്ക് തോന്നി.

താൻ അവൾക്ക് സഹോദരതുല്യനാണ്. ജ്യേഷ്ഠൻ തന്നെയാണ്. പക്ഷേ ജി.കെ തൻ്റെയും കണ്ണുകൾ കെട്ടിക്കളഞ്ഞോ എന്ന ഒരു ഒരുൾവിളി .ബാംഗ്ലൂരിൽ നിന്നു വന്ന കുഞ്ഞിമാളുവിനെ സുദീപ് ഓർത്തു. ഒരു പുതിയ കുഞ്ഞിമാളു .എന്തൊരു ആത്മവിശ്വാസമായിരുന്നു അവൾക്ക്. എത്ര പ്രസരിപ്പായിരുന്നു.അത് തല്ലിക്കെടുത്താൻ താനും കൂട്ടുനിന്നോ? മീരയെ വിവാഹം കഴിക്കുമ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അവൾ. എത്രയോ വട്ടം ചോക്ലേറ്റ് വാങ്ങിക്കൊടുത്തിട്ടുണ്ട്. പൂരങ്ങളും ഉത്സവങ്ങളും കാണാൻ എത്രയോ തവണ മീരയുടെയും തൻ്റെയും കൂടെ അവൾ വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ അമ്പലക്കുന്ന് നിന്ന് അവൾ ഓടി വന്നതും തൻ്റെ അരികിലേക്കാണ്. പക്ഷേ ആരായിരുന്നു അവൾക്ക് താൻ ? രക്ഷകനോ അതോ ശിക്ഷകനോ? യുവതി തടഞ്ഞ ഒരു വാതിലിന് മുന്നിൽ നിന്നു.പിന്നെ തോളിലൂടെ ഇട്ടിരുന്ന മണിപ്പേഴ്സിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നു. " ഭയങ്കര ബഹളമാണ്. പുറത്തേക്കിറങ്ങി ഓടാൻ ശ്രമിക്കാറുണ്ട്

"മരവിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. കാലുകൾ തറയിൽ പൂണ്ടു പോയതുപോലെ തറഞ്ഞു നിൽക്കുകയായിരുന്നു സുദീപ്. "ചെന്നോളൂ" അനുവാദം ലഭിച്ചതും സുദീപ് അകത്തേക്ക് കയറി. കണ്ണുകൾ മുറിയിലെ വെളിച്ചക്കുറവിനോട് പഴകാൻ രണ്ടു മിനിറ്റെടുത്തു. ബെഡിൽ ഒരു ഭ്രാന്തിയെ പോലെ മുടിയഴിച്ചിട്ട് അയാളെ ഉറ്റുനോക്കി ഇരിപ്പുണ്ടായിരുന്നു മാളവിക. അവളുടെ രൂപം കണ്ട് സുദീപ് ഞെട്ടിപ്പോയി. " ഇന്ന് സുദീപേട്ടനാണോ അതിഥി " ? അവളുടെ മുനയുള്ള ചോദ്യം സുദീപിൻ്റെ ചെവികളെ പിളർത്തി. "കുഞ്ഞിമാളൂ ഏട്ടൻ നിന്നെ കാണാൻ .. " അയാൾ പറയാൻ ശ്രമിച്ചു. " ജി.കെ.അറിയാതെയാണ് സുദീപേട്ടൻ വന്നതെങ്കിൽ വേഗം രക്ഷപെട്ടോളൂ. ഇല്ലെങ്കിൽ എൻ്റെ മീരേച്ചി വിധവയാകും" അവൾ എഴുന്നേറ്റ് വന്ന് സുദീപിന് തൊട്ടു മുന്നിൽ നിന്നു. ആ മുഖത്തേക്ക് നോക്കാനുള്ള ശക്തി അയാൾക്കുണ്ടായില്ല. "അതല്ല .. എന്നെ കൂടെ കിടത്താനാണെങ്കിൽ .. " സുദീപ് ഞെട്ടിത്തരിച്ച് അവളെ നോക്കി. " അതിനൊന്നുമല്ലെങ്കിൽ .. പോ വേഗം". അതൊരു ആജ്ഞ കൂടിയായിരുന്നു. സുദീപ് പിന്നോട്ടു മാറി. "ഇവിടെ അയാളുടെ ആളുകളുണ്ട്. ഇവിടുന്ന് എന്നെ കൊണ്ടു പോകാനൊന്നും പറ്റില്ല. രക്ഷപ്പെട്ട് പോകാൻ നോക്ക്."മാളവിക വാതിലടയ്ക്കാൻ ശ്രമിച്ചു. സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള അങ്ങനെയൊരു രംഗത്തിൽ താനെന്ത് ചെയ്യേണ്ടൂ എന്നറിയാതെ സുദീപ് വേഗം പുറത്തിങ്ങി. പിന്നെയൊരു തോന്നലിൽ ജീൻസിൻ്റെ പോക്കറ്റിൽ നിന്ന് മൊബൈലടുത്ത് അവളുടെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. മാളവിക വാതിലsച്ചു. ജീവനുള്ള ഒരു മൃതദേഹം പോലെ സുദീപ് പുറത്തേക്ക് നടന്നു....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story