ദൂരെ: ഭാഗം 19

Dhoore

രചന: ഷൈനി ജോൺ

"ഹലോ ഞാൻ മാളവിക .ബാംഗ്ലൂരിൽ, കർണാടക ലോ കോളജിൽ പഠിച്ചു കൊണ്ടിരുന്ന നിയമ വിദ്യാർത്ഥിനിയാണ്. തൃശൂരിൽ അമ്പലക്കുന്നെന്ന ഒരുൾനാടൻ ഗ്രാമത്തിലാണെൻ്റെ വീട്. എൻ്റെ അമ്മയുടെ ഭർത്താവ് എന്നെ ഏതോ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.പാലക്കാട് ആണെന്ന് മാത്രമേ എനിക്കറിയൂ. ഇവിടെ വന്നിട്ട് ആറു ദിവസമായി.മാനസിക രോഗത്തിന് ചികിത്സിക്കാനാണെന്ന് എൻ്റെ അമ്മയെ വരെ തെറ്റിദ്ധരിപ്പിച്ച് അയാൾ ഏതോ രഹസ്യ സങ്കേതത്തിൽ എന്നെ പൂട്ടിയിട്ടിരിക്കുകയാണ്. എന്നെ ഇവിടെ വെച്ചയാൾ ഒരു പാട് ഉപദ്രവിച്ചു ... ഒരുപാട് ... എനിക്കിവിടെ നിന്ന് രക്ഷപ്പെടണം." ദേഹത്തെ മുറിവുകൾ ചൂണ്ടിക്കാട്ടി കൊണ്ടുള്ള മാളവികയുടെ ഫേസ് ബുക്ക് ലൈവ് യാദൃശ്ചികമായാണ് അഖിൽ കണ്ടത്. ലൈവ് തുടങ്ങിയിട്ട് ആറു മിനിട്ടായതേയുള്ളു. അവശനിലയിലാണ് മാളവിക .എന്തു പറ്റിയെന്ന് പലരും ചോദിക്കുന്നു.

ലൈവ് കണ്ടതും അഖിൽ അമ്പരന്നു. മാളവിക നാട്ടിലേക്ക് പോയെന്ന് മാധുരി പറഞ്ഞിരുന്നു. എന്നാൽ അവൾക്ക് പ്രശ്നമൊന്നും ഉള്ളതായി അറിയിച്ചിരുന്നില്ല. ലോലയും ജൂഹിയും സണ്ണിയും അഖിലിനൊപ്പം ഉണ്ടായിരുന്നു. ജൂഹിയ്ക്ക് മലയാളം കേട്ടാൽ മനസിലാവാത്തതു കൊണ്ട് എന്താണ് സംഭവമെന്ന് അവൾ ലോലയെ തോണ്ടി. ലോലയ്ക്ക് മലയാളം കേട്ടാൽ കുറച്ചൊക്കെ മനസിലാകും. അതു കൊണ്ടു തന്നെ മാളവികയ്ക്ക് എന്തോ അത്യാപത്ത് സംഭവിച്ചെന്ന ഉത്ണ്ഠയോടെ അഖിലിൻ്റെ ഫോണിലേക്ക് ജാഗ്രതയോടെ നോക്കി നിന്നു. അഖിൽ ആ ലൈവിന് താഴെ മാധുരിയെ മെൻഷൻ ചെയ്തു. പിന്നീട് തിടുക്കത്തിൽ മാധുരിയുടെ നമ്പറിലേക്ക് വിളിച്ചു. മാളവികയ്ക്കെതിരേ യുഎപിഎ ചുമത്തുമെന്ന ജി.കെ യുടെ ഭീഷണിയിൽ കഴമ്പുണ്ടോ എന്നറിയാനായി മിററുമായി രഹസ്യമായി സഹകരിക്കുന്ന ഹിന്ദിക്കാരിയായ സൊനാലി ഐപിഎസിൻ്റെ അടുത്തേക്ക് പോയിരിക്കുകയായിരുന്നു മാധുരി. കേസ് കെട്ടിച്ചമച്ചതാണെന്നും ജി.കെ. ഓലപ്പാമ്പ് കാട്ടി ഭീഷണിപ്പെടുത്തിയതാവാനാണ് സാധ്യത എന്നും അവർ മാധുരിയോട് സൂചിപ്പിച്ചു.

മാധുരിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് കത്രിക പൂട്ടിട്ട് തന്നെ പൂട്ടിയത്. കേസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. ചുരുക്കത്തിൽ അവിടുത്തെ സി .ഐ യും ജി കെ യും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു രഹസ്യ നീക്കം മാത്രമായിരുന്നു ആ നാടകം. രണ്ടും കൽപ്പിച്ച് മാളവികയെ പോയി വിളിച്ചു കൊണ്ടുവരാൻ തന്നെ സൊനാലി ഐ പി എസ് മാധുരിയ്ക്ക് ധൈര്യം നൽകി.ചടുലമായിരിക്കണം നീക്കം.തടയാൻ അയാൾക്ക് അവസരം ഉണ്ടാകരുത്. അവരുടെ വാക്കുകൾ ഒരു കുളിർമഴ പോലെയാണ് മാധുരിയുടെ ഹൃദയത്തിലേക്ക് പെയ്തത്. മാളവിക എവിടെയുണ്ടെന്ന് സുദീപേട്ടന് അറിയാം. എന്തിനും തൻ്റെ കൂടെ നിൽക്കാമെന്നും ഇന്നലെ രാത്രി വിളിച്ചു പറഞ്ഞിരുന്നു. നേരെ കോഴിക്കോട് ചെന്നിറങ്ങുക. അവിടെ നിന്ന് സുദീപേട്ടനെയും കൂട്ടി അവളെ താമസിപ്പിച്ചിരിക്കുന്നിടത്തേക്ക്. അവിടെ ചെന്നാൽ അവളെ എങ്ങനെ ഇറക്കി കൊണ്ടുവരണമെന്ന് തനിക്കറിയാം. സുദിപേട്ടൻ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.ജി.കെയെ വിശ്വസിക്കാൻ പാടില്ലായിരുന്നു എന്നു മാത്രമാണ് പറഞ്ഞത്.

അതു പകുതി ആത്മഗതമായിരുന്നു. പക്ഷേ അതു കേട്ടതു മുതൽ മനസ് കിടന്നു പിടയ്ക്കുകയാണ്. അക്കാര്യം സൊനാലി മാഡത്തോട് പങ്കുവെക്കുന്നതിനിടെയാണ് അവളുടെ ഫോൺ റിങ് ചെയ്തത്. അഖിൽ ആണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൾ കോൾ കട്ട് ചെയ്തു. അഖിൽ ഒന്നു രണ്ടു തവണ കൂടി വിളിച്ചതിന് ശേഷമാണ് മാധുരി കോൾ എടുത്തത്. അവൾക്ക് ചെറുതായി ദേഷ്യം വന്നിരുന്നു. " അഖിൽ ഞാനൊരു സീരിയസ് ഡിസ്ക്കഷനിലാണ്". എന്നവൾ അൽപ്പം നീരസത്തോടെ പറഞ്ഞു. ''മധു .. എഫ്.ബി യിൽ മാളവികയുടെ ഒരു ലൈവ് നടക്കുന്നുണ്ട്.ഞാൻ മെൻഷൻ ചെയ്തിട്ടുണ്ട്. വേഗം നോക്കൂ " അഖിൽ ധൃതിപ്പെട്ട് പറഞ്ഞത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. " മാളവികയുടെ ലൈവോ "മാധുരി ഞെട്ടലോടെ കോൾ കട്ട് ചെയ്തു. വല്ലാത്തൊരു വേവലാതിയോടെ കാൾ കട്ട് ചെയ്ത് എഫ്.ബി നോക്കാൻ ശ്രമിച്ചപ്പോഴേക്കും തിടുക്കത്തിനിടെ ഫോൺ വഴുതി നിലത്ത്, കസേരയ്ക്ക് അടിയിലേക്ക് വലിയൊരു ശബ്ദത്തോടെ തെറിച്ചു വീണു. "മാധുരി പത്മ ..കൂൾ ഡൗൺ.. "

സൊനാലി മാഡം പറയാൻ ശ്രമിച്ചതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ. ചാടിയെഴുന്നേറ്റ് കസേര നിരക്കി നീക്കി നിലത്തു കിടന്ന മൊബൈലെടുത്തു. അതിൻ്റെ ഗ്ലാസിൽ നീളത്തിൽ പൊട്ടലുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ മാധുരി വിറയ്ക്കുന്ന കൈയ്യോടെ എഫ്.ബി തുറന്നു അഖിൽ അവളുടെ പേര് മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ടായിരന്നു. മാധുരി വേഗം അതു തുറന്നു. വളരെ നിർവികാരമായ മാളവികയുടെ മുഖമാണ് കണ്ടത്. അവൾ പറയുന്നു " അമ്മയുടെയും ബന്ധുവിൻ്റെയും സഹായത്തോടെ പാലക്കാടുള്ള ഒരു രഹസ്യ സങ്കേതത്തിലേക്കാണ് ജി.കെ.എന്നെ കൊണ്ടു വന്നിരിക്കുന്നത്. ഇതൊരു മെൻ്റൽ അസൈലവും ഡി അഡിക്ഷൻ സെൻററുമാണെന്നാണ് വരുന്ന വഴി അയാൾ അമ്മയോട് പറയുന്നത് കേട്ടത്. ഇല്ലാത്ത കേസ് കെട്ടിച്ചമച്ച്, സി.ഐ വിനോദ് കുമാറിൻ്റെ ഒത്താശയോടെ അയാൾ എന്നെ ഇവിടേക്ക് കടത്തിയതാണ്. ഭ്രാന്തില്ലാത്ത എന്നെ ഭ്രാന്തിയാക്കാനും ലഹരി ഉപയോഗിച്ചിട്ടില്ലാത്ത എന്നെ ഡ്രഗ് അഡിക്ടാക്കി ചിത്രീകരിക്കാനുമാണ് അയാളുടെ ശ്രമം. എൻ്റെ ആരുമല്ല അയാൾ, അമ്മയുടെ രണ്ടാം ഭർത്താവ്. എനിക്ക് അച്ഛനില്ല,

ചേച്ചി വിവാഹിതയായി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു. ഞാൻ എൻ്റെ ജീവിതം നോക്കി ബാംഗ്ലൂരിലേക്ക് പോയതാണ്.അവിടെ ലോ കോളജിലെ ഏറ്റവും മിടുക്കിയായ സ്റ്റുഡൻ്റായിരുന്നു. നിങ്ങൾക്ക് അന്വേഷിച്ചാലറിയാം ഞാനൊരു മോശം വിദ്യാർത്ഥിനിയല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു. ആ എന്നെയാണ് മുൻകൂട്ടി രചിച്ച തിരക്കഥ പ്രകാരം ട്രാപ്പിൽ പെടുത്തി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ജി.കെ അതിനു വേണ്ടി അമ്മയെ അപകടത്തിൽ പെടുത്തിയതാണെന്ന് ഞാൻ കരുതുന്നു.എന്നിട്ട് ആ പേരിൽ എന്നെ അമ്പലക്കുന്നിലെത്തിച്ചു. എൻ്റെ ബാഗിൽ രാജ്യദ്രോഹ പരാമർശങ്ങളുള്ള ലഘുലേഖകൾ എടുത്തു വെച്ച് തന്ത്രപരമായി അറസ്റ്റ് ചെയ്യിലിച്ചു. സി.ഐ.വിനോദ് കുമാർ എല്ലാത്തിനും കൂട്ടുനിന്നു. എന്നാൽ അർബൻ നക്സലെന്ന് മുദ്രകുത്തി, യുഎപിഎ ചുമത്തി എന്നെ അറസ്റ്റ് ചെയ്തുവെന്ന് വെറും തെറ്റിദ്ധരിപ്പിക്കൽ മാത്രമായിരുന്നു. സ്റ്റേഷനിൽ അങ്ങനെ ഒരു കേസില്ല .ഒരു മീഡിയയേയും ഇക്കാര്യം അറിയിച്ചിട്ടില്ല. മധു ചേച്ചിയെ തെറ്റിദ്ധരിപ്പിച്ചു നിശബ്ദയാക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ ഒരു ഉപായം സ്വീകരിച്ചത്.

തുടർന്ന് ഒത്തുതീർപ്പ് വ്യവസ്ഥ എന്ന പേരിലാണ് എന്നെ പാലക്കാട്ടേക്ക് എത്തിച്ചത്.ഇവിടെയിരുന്നാണ് ഞാനീ ലെവിൽ വന്നു കൊണ്ടിരിക്കുന്നത്. ഏത് സമയത്തും ഈ ലൈവിനെ കുറിച്ച് ജി.കെ അറിയും. അയാളുടെ ആളുകൾ ഉണ്ട് ഇവിടെ .ഞാൻ കൊല്ലപ്പെട്ടേക്കാം. ഇവിടെ വന്ന ദിവസം മുഖമടച്ച് ഒരൊറ്റ അടി അടിച്ചാണ് അയാൾ എന്നെ ഉപദ്രവിച്ച് തുടങ്ങിയത്. ഞാൻ താഴെ വീണു. എനിക്ക് സെഡേഷൻ തന്നു. എപ്പോഴൊക്കെയാണ് ഞാൻ കണ്ണു തുറക്കുന്നത് എന്നു പോലും എനിക്കറിയില്ല. എത്ര വട്ടം ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഞാൻ ഇരയായി എന്ന് എനിക്കറിയില്ല. ആരൊക്കെ എന്നെ ചുറ്റിപ്പറ്റി ഇവിടെ ഉണ്ടെന്നും ബോധമില്ലാത്ത അവസ്ഥയിൽ എന്തൊക്കെ സംഭവിച്ചെന്നും എനിക്കറിയില്ല. ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുമോ എന്നെനിക്ക് .... തുടർന്ന് ലൈവ് കട്ടായി.മാധുരി സ്തംഭിച്ചിരിക്കുകയായിരുന്നു. കുഞ്ഞിമാളു... പ്രാകൃതമായ അവളുടെ വേഷവും രൂപവും മാധുരിയെ കരയിപ്പിച്ചു. എന്താണ് അവിടെ സംഭവിച്ചിട്ടുണ്ടാകുക.കുഞ്ഞിമാളു ആക്രമിക്കപ്പെട്ടോ,

അവളെ ആരെങ്കിലും അപകടപ്പെടുത്തിയോ ഒന്നുമറിയില്ല. മാധുരിയെ ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു സൊനാലി.മാധുരി സമനില വീണ്ടെടുത്ത് ലൈവിൽ മാളവിക പറഞ്ഞതെന്തെന്ന് അവരെ പറഞ്ഞു കേൾപ്പിച്ചു. അവർ ചിന്താധീനയായി ഏതാനും നിമിഷം ഇരുന്നു. കാര്യങ്ങൾ താൻ ഉദ്ദേശിച്ചതു പോലെ തന്നെയായിരിക്കുന്നു. അവർ സ്വന്തം ഫോണിൽ എഫ്.ബി തുറന്ന് ആ ലൈവ് വീഡിയോ ഷെയർ ചെയ്തെടുത്തു.തുടർന്ന് മാധുരിയെ നോക്കി. "ട്രിവാൻഡ്രത്ത് ശരൺ ഐ പി എസ് എൻ്റെ ഫ്രണ്ടാണ്. വിഡിയോ ഞാൻ ശരണിനയച്ചു. എത്രയും വേഗം ആക്ഷനുണ്ടാവും.കേരളത്തിൽ എവിടെയാണ് കുട്ടി ഉള്ളതെങ്കിലും മിനുട്ടുകൾക്കകം അവളെ രക്ഷപെടുത്തും. മാധുരി കേരളത്തിലേക്ക് പുറപ്പെട്ടോളൂ". എന്നവർ സൗമ്യമായി പറഞ്ഞു.മാധുരിയുടെ മിഴികൾ നിറഞ്ഞു തൂവി.അവർ അവളുടെ ചുമലിലൊന്നു തട്ടി. മാധുരി യാത്ര പറയാൻ പോലും നിൽക്കാതെയാണ് പിന്തിരിഞ്ഞ് നടന്നത്. മാളവികയെ പോലീസ് കണ്ടെത്തിയാലുടൻ കൂട്ടിക്കൊണ്ടുവരണം. അതു മാത്രമായിരുന്നു ചിന്ത.

ആ സമയം മാളവികയുടെ കൈയ്യിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിക്കപ്പെട്ടിരുന്നു. തുടർന്ന് കവിളത്തൊരടി വീണു. മാളവിക അതു കാര്യമാക്കാതെ ഫോണിൽ പിടുത്തമിട്ടു. മൊബൈൽ താഴെ വീണു. അവൾ വെപ്രാളത്തോടെ അതെടുത്തെങ്കിലും ഡിസ്പ്ലേ ചിന്നിച്ചിതറിയിരുന്നു.അത് പ്രവർത്തനരഹിതമായെന്ന് കണ്ട് മാളവിക തനിക്കു മുന്നിൽ നിന്ന അപരിചിതനായ താടി വെച്ച മനുഷ്യനെ തുറിച്ചു നോക്കി. അയാൾ അവളെ നോക്കി പകയോടെ മുരണ്ടു. പിന്നെ അവളുടെ കൈ പിടിച്ചു മുന്നോട്ടു വലിച്ചു. "വാടീ '' എന്നൊരു മുരൾച്ച അയാളിൽ നിന്നുണ്ടായി. മാളവിക ആ ശക്തിയോട് എതിരിടാൻ കഴിയാതെ മുന്നോട്ട് തെറിച്ചു. ആ കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിനരികെ ഒരു ബൊലീറോ തയാറായി കിടപ്പുണ്ടായിരുന്നു. " ചെന്ന് കയറെടി " എന്ന് ഒച്ചവെച്ച് താടിക്കാരൻ ബലം പ്രയോഗിച്ച് അവളെ അതിൽ തള്ളിക്കയറ്റി. പുറകെ അയാളും കയറി.ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. മരണ പാച്ചിൽ പോലെ അത് ചീറിപ്പാഞ്ഞു കൊണ്ടിരുന്നു ...(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story