ദൂരെ: ഭാഗം 2

Dhoore

രചന: ഷൈനി ജോൺ

കുഞ്ഞിമാളു എന്ന ഒറ്റ വിളിയിൽ തന്നെ അവൾക്ക് അറച്ചു. "എനിക്കൊരു പേരുണ്ട് മാളവിക " അവൾ പറഞ്ഞു. പൂമുഖത്തിരുന്നവരുടെ മുഖം ഇരുളുന്നത് കണ്ടു. " വന്നത് പോലെ എഴുന്നേറ്റ് മടങ്ങിപ്പോ " എന്ന് ആജ്ഞാപിക്കാൻ ഭാവിക്കുകയായിരുന്നു അവൾ. കലിയും വികാര തള്ളിച്ചയും ഭ്രാന്തിയാക്കുകയായിരുന്നു. അപ്പോഴാണ് ഒതുക്കുകൾ കയറി വരുന്ന മീരയെയും സുദീപിനെയും കണ്ടത്. അവർക്കൊപ്പം മൂന്നു വയസുകാരിയായ പാർവണ മോളും ഉണ്ട്. ഇവിടുത്തെ കാര്യങ്ങൾ അറിഞ്ഞിട്ടുള്ള വരവായിരിക്കും. അമ്മയേക്കാൾ തന്റേടിയാണ് മീര ചേച്ചി. ഇനിയുള്ള കാര്യം അവൾ നോക്കിക്കോളും. കിതപ്പടങ്ങാതെ അവൾ അവരെ നോക്കി. ചിരിയോടെയാണ് മീര കയറി വന്നത്. വന്ന പാടേ "കുഞ്ഞിമാളു ഇവിടെ എന്താ വായ നോക്കി നിൽക്കുകയാണോ" എന്നു ചോദിച്ച് അവൾ മാളവികയുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ചു കയറ്റുകയും ചെയ്തു. "ആഹാ.. നിങ്ങൾ നേരത്തെ എത്തിയോ " എന്ന് പൂമുഖത്തു നിന്ന് സുദീപിന്റെ ചോദ്യം കേട്ട് അവൾ അമ്പരന്നു.

" ഞാനൊരു കാര്യം ചോദിക്കട്ടെ മീരേച്ചി.. ചേച്ചിയും സുദീപേട്ടനും അറിഞ്ഞിട്ടാണോ ഇവിടെയീ ആഭാസം അരങ്ങേറുന്നത്. " ?. അവൾ ശബ്ദമുയർത്തി. മീര അവളുടെ വായ് പൊത്തി. "ആഭാസമോ ...നീയെന്താ പറയുന്നത് .. അമ്മയ്ക്ക് നാൽപത്തിമൂന്ന് വയസേയുള്ളു. ഒരു ജീവിതം ആഗ്രഹിച്ചാൽ എന്താ തെറ്റ് ". മീരയുടെ മുഖത്തെ നിസാര ഭാവം മാളവികയ്ക്ക് വിശ്വസിക്കാനായില്ല. " പതിനെട്ടു വയസ് തികയാത്ത പൊട്ടിപ്പെണ്ണാ നീ ..വിവാഹ ജീവിതത്തെ കുറിച്ച് നിനക്കെന്തറിയാം" മീര വലിയ തത്വചിന്തകയെ പോലെ നിന്നു. " അമ്മ ഇനിയും വിവാഹം കഴിക്കട്ടെ എന്നോ .. എന്റച്ഛനല്ലാതെ വേറൊരാൾ ആ സ്ഥാനത്ത് വരുമെന്നോ "? അവളുടെ ചോദ്യം മീരയെയും ഒന്നുലച്ചു. "എനിക്കില്ലാത്ത പ്രശ്നം നിനക്കെന്താ.നിനക്ക് സ്ത്രീ ശരീരത്തെ കുറിച്ച് എന്തറിയാം .. എത്ര നാൾ ലൈംഗികത അടക്കിപ്പിടിച്ച് ജീവിക്കണം" മീരയുടെ നോട്ടം കണ്ട് മാളവികയ്ക്ക് പുച്ഛം തോന്നി. "നമ്മുടെ അമ്മയ്ക്ക് അങ്ങനൊരു വികാരം ഉണ്ടോ .. നമ്മുടെ അച്ഛന്റെ കൂടെ എത്ര നാൾ മുമ്പ് കിടപ്പു മാറ്റിയതാ അമ്മ..

ചോദിച്ചാൽ പറയും പ്രായമായ പെൺമക്കൾക്ക് കൂട്ടുകിടന്നില്ലെങ്കിൽ ശരിയാവില്ലെന്ന് " മീര അവളെ നോക്കി നിന്നു. കുഞ്ഞിമാളു പറയുന്നതെല്ലാം ശരിയാണ്. പണ്ടൊക്കെ അച്ഛനും അമ്മയും തമ്മിൽ എത്ര സ്നേഹമായിരുന്നു.നഗര പ്രദേശത്തു നിന്ന് നാട്ടിൻ പുറത്തുവന്നതിന്റെ ഒരു ഹുങ്ക് എപ്പോഴും കാണിക്കുമായിരുന്നെങ്കിലും അപ്പേട്ടൻ എന്നു വെച്ചാൽ പ്രിയമായിരുന്നു. പിന്നെ എപ്പോഴോ അമ്മ അച്ഛനിൽ നിന്നും തീർത്തും അകന്നുപോയി. സുദീപേട്ടനുമായി താൻ പ്രണയത്തിലാണെന്നറിഞ്ഞ ദിവസം മുതൽ അതൊരു മറയാക്കി അമ്മ തങ്ങളുടെ റൂമിൽ കയറിക്കൂടി. എപ്പോഴും സന്തോഷമായി കാണപ്പെട്ട അച്ഛന്റെ മുഖത്ത് കാർമേഘം തിങ്ങിക്കൂടിയത് അപ്പോൾ മുതലാണ് .. ഏറെ താമസിയാതെ ഹൃദ് രോഗിയായി. പാറു മോൾ ഉണ്ടായി രണ്ടു വയസ് എത്തുന്നതിന് മുമ്പേ മരിച്ചു. അച്ഛന്റെ മരണ ദിവസം പോലും അമ്മയുടെ മുഖത്ത് പ്രകടമായ സങ്കടം കണ്ടില്ല. ഗൂഢമായ ഒരു സന്തോഷം തോന്നിച്ചിരുന്നു. ഇപ്പോൾ അച്ഛൻ പോയി ഒന്നര വർഷം ആക്കുന്നതിന് മുൻപേ ..

"മീരേച്ചി എന്താ മിഴിച്ച് നിൽക്കുന്നത് .. അച്ഛൻ ഉണ്ടായിരുന്നപ്പോഴേ അമ്മയ്ക്ക് ഇയാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അമ്മമ്മ പറഞ്ഞല്ലോ.. അപ്പോൾ മീരേച്ചി പറഞ്ഞ സുഖവും കിട്ടുന്നുണ്ടാവണം.. പിന്നെന്തിനാ നാട്ടുകാർക്ക് മുമ്പിൽ ഈ പ്രഹസനം" മാളവിക യുടെ ശബ്ദം കേട്ട് അകത്തുനിന്ന് ശ്രീവിദ്യ അവിടേക്ക് വന്നു.നേരെ വന്ന് മാളവികയുടെ മുന്നിൽ കൈ കെട്ടി നിന്നു. മുഖത്ത് നിറച്ചും വെല്ലുവിളിയായിരുന്നു. " നിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത മീരയ്ക്കല്ല .. എനിക്കാണ്.. ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറയാം.. ഒളിച്ചും പാത്തും നടന്ന് ഞങ്ങൾക്ക് മതിയായി.. ഇനി മനുഷ്യരെ പോലെ ജീവിക്കണം. ആ ഇരിക്കുന്ന മനുഷ്യനും തനിച്ചാ.. ഭാര്യ മരിച്ചു. പതിനെട്ട് വയസുള്ള ഒരു മകളുണ്ട്. അവൾക്ക് അമ്മ വീട്ടുകാരെ മതി. ജി.കെ ഇപ്പോൾ ഒരു ഹോട്ടൽ റൂമിലാണ് താമസം..

ശരിക്കും മടുത്തു ജീവിതം.. അതുകൊണ്ടാണ് ഇനി ഒന്നിച്ചു കഴിയാമെന്ന് കരുതിയത് " അമ്മയുടെ കൂസലില്ലായ്മ കണ് മാളവിക തരിച്ചുനിന്നു. " അപ്പോൾ ഹോട്ടൽ മുറി വെക്കേറ്റ് ചെയ്യിപ്പിച്ച് അമ്മ അയാളെ ഇങ്ങോട്ട് കൊണ്ടുവരാനാണോ ഉദ്ദേശ്യം " ? അവൾ കത്തിപ്പടർന്നു. " പിന്നെന്താ ... അതു തന്നെയാ ഉദ്ദേശ്യം " "എന്റെ അച്ഛന്റെ പേരിലുള്ള വീടാണിത്". അവൾ കൈ ചൂണ്ടി. ആകെ നാണക്കേട് തോന്നി മാളവികയ്ക്ക് . ഈ നാട്ടിൻ പുറത്തേക്ക് ഒരു ഹാസ്യകഥാപാത്രമായി പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് അമ്മ.. " നിന്റെ അച്ഛന്റെ പേരിലാണ് ഭൂമി .. സമ്മതിച്ചു.വിൽക്കാനോ പണയം വെക്കാനോ നീയും മീരേം ഒപ്പുവെക്കാതേം കഴിയില്ല.. അതും അറിയാം. പക്ഷേ എന്റെ മരണം വരെ എന്റെ ഇഷ്ടത്തിന് എനിക്കിവിടെ കഴിയാം .. " " എന്നാൽ പിന്നെ എവിടേക്കാണ് ന്ന് വെച്ചാൽ പൊയ്ക്കൂടെ.. എന്തിനാ ഞങ്ങളെ നാണം കെടുത്തുന്നത് " പൊട്ടിത്തെറിക്കുമ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞു. " നീ ചെറിയ കുട്ടിയാണ്. നിന്നോടിതൊന്നും പറഞ്ഞു മനസിലാക്കാൻ നിൽക്കുന്നത് വൃഥാവാണ് ..

നീയൊരു വിവാഹിതയാകുമ്പോഴേ അമ്മയെ മനസിലാക്കാൻ കഴിയൂ" ഒരു ബഹളം വേണ്ടെന്ന് വെച്ച് ശ്രീവിദ്യ ശബ്ദം മയപ്പെടുത്തി. കടിച്ചാൽ പിടിവിടാത്ത നീറിന്റെ സ്വഭാവമാണ് അവൾക്ക്. അപ്പേട്ടൻ കുറേ ലാളിച്ചു.അതിന്റെ പ്രശ്നം. ഈ എതിർപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ്. മീരയെ ആയിരുന്നു ഭയം.. അവളൊതുങ്ങി. ഇവളെ കണ്ടില്ലെന്ന് ഭാവിക്കാനേ തത്ക്കാലം രക്ഷയുള്ളു. "അമ്മ ഇവിടെ എന്തെടുക്കുകയാ.. ചായ കൊണ്ടു വരൂ " സുദീപ് അകത്തേക്ക് വന്നു. "നിങ്ങൾക്കൊന്നും ഈ മുതുകൂത്തിന് തുള്ളാൻ നാണമില്ലേ സുദീപേട്ടാ" അവൾ മുന്നിൽ കയറി തടുത്തു നിന്നു. "കുഞ്ഞിമാളു .. താൻ പത്രത്തിലൊക്കെ വായിച്ചിട്ടില്ലേ അമ്മ തനിച്ചാവാതെ മക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു എന്ന് .. അതൊക്കെ വായിക്കണം. നിന്നെ പോലെയുള്ള പെൺമക്കൾക്ക് അത്രയും ഹൃദയവിശാലത വേണം" മാളവിക അവനെ തുറിച്ചു നോക്കി നിന്നു. ശ്വാസഗതി വർധിച്ച് അവളുടെ മുഖത്തേക്ക് രക്തം ഇരമ്പി കയറി. ചുവപ്പു രാശി വീണ മുഖത്ത് പുച്ഛം തെളിഞ്ഞു " അത് സുദീപേട്ടൻ ജോലി ചെയ്യുന്ന മഞ്ഞ പത്രത്തിൽ കൊടുക്കാൻ പറ്റുന്ന വാർത്ത .

. ഇത്ര ആത്മാർഥത ഉണ്ടായിട്ടെന്താ സുദീപേട്ടൻ സുദീപേട്ടന്റെ അമ്മയുടെ കല്യാണം നടത്താത്തത്." അവളുടെ ചോദ്യം സുദീപിന്റെ നെഞ്ചിൽ തന്നെ തറച്ചു. മീര നോക്കി നിൽക്കുന്നു. ഇതിന്റെ മറുപടി അൽപ്പം കടുത്തു പോകും. എന്നിട്ടും അവൻ സ്വയം നിയന്ത്രിച്ച് ഇത്രയും പറഞ്ഞു "എന്റെ അമ്മ ഇതുവരെ വിവാഹം വേണമെന്ന് പറഞ്ഞിട്ടില്ല". ഇരുണ്ട മുഖത്തോടെ അവൻ പുറത്തേക്ക് പോയി. ചായ ഗ്ലാസുകൾ നിരത്തിയ ട്രേയുമായി ശ്രീവിദ്യ അവിടേക്ക് വന്നു. "കുഞ്ഞി മാളുകുട്ടീ "അമ്മമ്മ പിന്നിൽ നിന്ന് അവളെ തോണ്ടി. "നീയവളെ തsയണ്ട .. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല". അവരുടെ മുഖം ദയനീയമായിരുന്നു. ജീവിതത്തിന്റെ അന്ത്യം വരെ ഒരു തണൽ വേണമെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ എല്ലാത്തിനോടും സമരസപ്പെടാൻ അവർ നിസഹായതയോടെ തയാറായി. "നിനക്കൊന്ന് മിണ്ടാതെ നിന്നുടെ കുഞ്ഞിമാളു .. അമ്മയോട് എതിർത്തു നിന്നാൽ നിനക്കാ നഷ്ടം .. നോക്ക് ..അമ്മൾ സമ്മതിച്ചില്ലെങ്കിലും അമ്മ ഈ കല്യാണം നടത്തും.പിന്നെ എന്തിനാ എതിർക്കുന്നത്. നഷ്ടം നമുക്കല്ലേ.. "

മീര അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. മാളവികയുടെ കരിനീല മുടിയിഴകളിൽ അവൾ തഴുകി. എങ്ങനെയെങ്കിലും അവളെ അനുസരിപ്പിക്കാമെന്ന് മീര അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. "വഴക്കുണ്ടാക്കിയാൽ നഷ്ടമേ ഉണ്ടാകൂ കുഞ്ഞിമാളു.. നീയിത് നോക്ക് അമ്മ വാങ്ങിത്തന്ന പുതിയ മാല .. " അവൾ തന്റെ മാറിൽ കിടന്ന് മിന്നുന്ന നീളമുള്ള പാലയ്ക്കാമാല കാട്ടിക്കൊടുത്തു. " ഒന്നു കണ്ണടച്ചാൽ അമ്മ പാവമാ.. ആ കണ്ണനെ കല്യാണം കഴിക്കാൻ നിന്നെ സമ്മതിക്കും ..അതു പോരേടി .. പിന്നെ നീയ് കേൾക്ക് ... എന്റെ ഓഹരി ഇപ്പോൾ തന്നെ എഴുതി തരാമെന്ന് അമ്മ സുദീപേട്ടന് വാക്കു കൊടുത്തിട്ടുണ്ട് .. നിനക്കും തരാൻ പറ.. ആ കണ്ണനും നിനക്കും സുഖമായി കഴിയാലോ ". മാളവിക അവളുടെ കൈ തട്ടിത്തെറിപ്പിച്ചു. "എനിക്ക് നിന്നെ പോലെ സ്വത്തിലും പണത്തിലും മോഹമില്ല.. എന്റെ മായകണ്ണനെ വിവാഹം കഴിക്കാൻ എനിക്കാരുടെയും അനുവാദവും വേണ്ട.. ഞങ്ങൾക്ക് ജീവിക്കാൻ ഇവിടുത്തെ മുതലും വേണ്ട" അവൾ ചീറി. " ആ മന്ദനെ കണ്ടിട്ടാണോടി നീ ഇളകുന്നത് " മീര കൈ ചൂണ്ടി ഇടഞ്ഞു. " മന്ദൻ നിന്റെ കെട്ട്യോൻ.. അമ്മായിയമ്മയെ കെട്ടിക്കാൻ നടക്കുന്ന സൂത്രക്കാരൻ " അവൾ വാക്കുകൾ കിട്ടാതെ കിതച്ചു " ഡി .. അസത്തെ "

മീര അവളുടെ ചെവി പിടിച്ച് കടുപ്പിച്ച് തിരുമ്മി " നാവടക്കിക്കോ അല്ലേൽ അമ്മ കൊന്നുകളയും നിന്നെ ". ഭർത്താവിനെ അധിക്ഷേപിച്ചതിൽ അരിശം തീരാതെ മീര പല്ലിറുമ്മി.മാളവികയ്ക്ക് വേദനിച്ചു. "പോടി "അവൾ മീരയെ പിടിച്ചു തള്ളി. " നിന്റെ കെട്ടിയവൻ നിനക്ക് വലുതായിരിക്കും. അതിനേക്കാൾ വലുതാണ് എനിക്കെന്റ കണ്ണേട്ടൻ.. എന്റെ മായ കണ്ണൻ" മാളവികയ്ക്ക് പെട്ടന്ന് കരച്ചിൽ വന്നു. കരച്ചിലോടെ അവൾ അടുക്കള വഴി പുറത്തേക്കോടി. വീടിന്റെ പുറകുവശത്തുടെ ഒരു ചവിട്ടുവഴിയുണ്ട്. ഒരു കിലോമീറ്റർ നടന്നാൽ മതി കണ്ണേട്ടന്റെ വീട്ടിലെത്താം. അവൾ ഓടി... ഓടിച്ചെല്ലുമ്പോൾ ലച്ചമ്മ മുറ്റത്ത് നിന്ന് ഉണങ്ങിയ തെങ്ങിൻ മടലുകൾ കൊത്തിയൊതുക്കുകയാണ്. ഓടി വരുന്ന മാളവിക യെ കണ്ട് അവർ അമ്പരന്നു നോക്കി. "എന്താ മോളേ ". " ലച്ചമ്മേ " അവൾ അവരെ കെട്ടിപ്പിടിച്ചു. "എനിക്കിനി എന്റെ വീട്ടിൽ പോകണ്ട ലച്ചമ്മേ .. എനിക്ക് ഇവിടെ നിന്നാൽ മതി.. എന്റെ മായ കണ്ണനെ എനിക്കു കല്യാണം കഴിച്ചു തരണം .. ഞാനിവിടെ കഴിഞ്ഞോളാം"

അവൾ എണ്ണി പെറുക്കി കരയുന്നത് കണ്ട് ലക്ഷ്മിയമ്മ ഭയന്നു. "എന്താ മോളേ.. എന്താ പ്രശ്നം "അവർ അവളെ പിടിച്ചു മാറ്റി നിർത്തിയിട്ട് ചോദിച്ചു. മാളവിക തേങ്ങിക്കരഞ്ഞു.കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു. " അയാളെയും കൊണ്ട് അമ്മ വീട്ടിലേക്കു വരും. എനിക്കവിടെ നിൽക്കണ്ട.." അവൾ വിങ്ങി. " മോള് അകത്ത് ചെന്നിരിക്ക്. എന്താ വേണ്ടത് എന്ന് ഞാനൊന്നാലോചിക്കട്ടെ." ഒടുവിൽ ലക്ഷ്മിയമ്മ പറഞ്ഞു. "ഇന്നത്തെ ദിവസം ഒന്നിനും കഴിയില്ല ... എന്തായാലും ഒരു തീരുമാനമാകാതെ കുട്ടിയെ എങ്ങോട്ടും പറഞ്ഞയക്കുന്നില്ല പോരേ "- "അമ്മ കേസു കൊടുക്കും ലച്ചമ്മേ " അവൾ പറഞ്ഞു. " പതിനെട്ടു വയസായില്ലേ നിനക്ക്.. " അവർ ചോദിച്ചു. അവൾ തലയാട്ടി. "എന്നാൽ ചെല്ല്.കണ്ണനുണ്ട് അകത്ത് " അവരുടെ സമ്മതം കിട്ടിയപ്പോഴേക്കും അവൾ അകത്തേക്കോടി. വെളിച്ചം കുറഞ്ഞ മുറിയിലെ കട്ടിലിൽ ചെരിഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്നു കണ്ണൻ. " മായക്കണ്ണാ " മുറിയുടെ വാതിൽക്കലെത്തി അവൾ വിളിച്ചു. ശബ്ദം അൽപ്പം ഉയർന്നു പോയി. കണ്ണൻ ഞെട്ടിയുണർന്നു. മാളവികയെ കണ്ടപ്പോൾ സ്വപ്നമാണെന്നാണ് അവൻ ആദ്യം കരുതിയത്. അപ്പോഴേക്കും അവൾ ഓടി വന്നു. " മായക്കണ്ണാ .." അവൾ ചെന്ന് അവന്റെ അവന്റെ നെഞ്ചിലേക്ക് വീണു.

കണ്ണന്റെ ഉളളു പിടഞ്ഞു പോയി. "കുഞ്ഞിമാളൂ .. നീയെന്തിനാ കരയുന്നത്. " അവൻ അവളെ കെട്ടിപ്പിടിച്ചു.അവന്റെ മുഖത്തേക്ക് അവളുടെ കണ്ണീരൊഴുകി വീണു. വിങ്ങിക്കൊണ്ട് മാളവിക എല്ലാം പറഞ്ഞു കേൾപ്പിച്ചു. കണ്ണൻ അവളെ മാറോടു ചേർത്തു പിടിച്ചു. " എന്തെങ്കിലും മനസിലായോ മായകണ്ണന് " അവൾ ഒടുവിൽ അവനോടു ചോദിച്ചു. " മനസിലായില്ല " അവൻ നിഷ്ക്കളങ്കതയോടെ പറഞ്ഞു. "അതെന്താ " അവൾ എഴുന്നേറ്റിരുന്നു. "കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാകാനാണ് എന്നല്ലേ കുഞ്ഞിമാളു പറഞ്ഞത് "? "അതെ.. " "വിദ്യാമയ്ക്ക് കുട്ടികൾ ഉണ്ടല്ലോ പിന്നെയും എന്തിനാ കല്യാണം കഴിക്കുന്നത് .. ഇനീം കുട്ടികൾ ഉണ്ടാവാനാ " " ഹോ.. എന്റെ മായക്കണ്ണാ " അവൾക്ക് സങ്കടമായി. "കുഞ്ഞിമാളൂ" പുറത്തു നിന്ന് ലച്ചമ്മയുടെ വിളി കേട്ടു .അവൾ വേഗം എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. ''മതി അവന്റെ കൂടെ ഇരുന്നത്. " അവർ പറഞ്ഞു. "എന്തായാലും ശ്രീവിദ്യ നിന്നെ തിരഞ്ഞ് ഇവിടേക്ക് വരുമല്ലോ. എന്തെങ്കിലും ഒരു സമാധാനം ഉണ്ടാക്കാൻ പറ്റുമോ എന്നു നോക്കാം".

അവർ പറഞ്ഞു. സമയം വൈകിക്കൊണ്ടിരുന്നു. "കുഞ്ഞിമാളു എന്താ വീട്ടിൽ പോകാത്തത് അമ്മേ ". ഇരുട്ടായപ്പോൾ കണ്ണൻ അത്ഭുതം കൂറി. "അതെന്താ എന്നെ പറഞ്ഞു വിടാൻ തിടുക്കമായോ മായ കണ്ണന് " അവൾ അവനു നേരെ മിഴികൾ കൂർപ്പിച്ചു. " അപ്പോൾ നമ്മൾ കല്യാണം കഴിച്ചോ കുഞ്ഞിമാളൂ " അവന് ആഹ്ളാദമായി. "എന്താ സംശയം ''അവൾ ചിരിച്ചു "കല്യാണം കഴിഞ്ഞാലേ കുഞ്ഞിമാളു ഇവിടെ താമസിക്കൂന്ന് പറഞ്ഞിട്ടുണ്ടല്ലോ " അവന്റെ മുഖത്തെ അതിശയം കണ്ട് ലച്ചമ്മ കുറുമ്പെടുത്തു. "കല്യാണം കഴിക്കാഞ്ഞിട്ടാണോ കണ്ണാ നിനക്ക് ധൃതി." അവർ മകന്റെ തലയിൽ തഴുകി. "കല്യാണം ഇങ്ങനെ ആണോ മായക്കണ്ണാ.. കഴുത്തിൽ താലികെട്ടണ്ടേ.. എന്നിട്ട് പൂമാല ഇടണ്ടേ.. എന്നാലേ നമ്മുടെ കല്യാണം കഴിയൂ എന്ന് ഞാൻ പറഞ്ഞു തന്നിട്ടില്ലേ മായകണ്ണന് " നിറഞ്ഞു വന്ന മിഴികൾ തുടച്ച് അവൾ ചിരിച്ചു. "അതെന്നാ താലികെട്ടുക " അവന്റെ മുഖം ഇരുണ്ടു പോയി. "ചിലപ്പോൾ നാളെ തന്നെ വേണ്ടി വരും മായ കണ്ണാ " അവൾ പറഞ്ഞു. അപ്പോൾ മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു.

അതിൽ നിന്ന് ശ്രീവിദ്യയും ജി.കെ എന്ന ഗോപീകൃഷ്ണനും ഇറങ്ങുന്നത് അവൾ കണ്ടു. മാളവിക ഇരുന്നിടത്തു നിന്ന് അനങ്ങിയില്ല. "എന്റെ മോളെ നിങ്ങൾ എന്തിനാ പിടിച്ചു വെച്ചിരിക്കുന്നത് "വന്നപാടേ ശ്രീവിദ്യ ലക്ഷ്മിയമ്മയ്ക്ക് നേരെ ചീറി. "അവളെ ആരും പിടിച്ചു വെച്ചിട്ടില്ല .. "ലക്ഷ്മിയമ്മ പറഞ്ഞു. " നിന്റെ കൂടെ ഇനി കഴിയാൻ അവൾക്ക് താത്പര്യം ഇല്ല വിദ്യേ..നാളെ അമ്പലക്കുന്നിലെ ക്ഷേത്രത്തിൽ വെച്ച് ഇവരുടെ കല്യാണം നടത്തുകയാണ് "ലക്ഷ്മിയമ്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു. " ഇപ്പോൾ തന്നെ കണ്ടില്ലേ ഇന്ന് പെണ്ണ് കാണാൻ വന്ന ഒരാൾക്കൊപ്പം നീയ് കറങ്ങി നടക്കുന്നത് .. അവൾക്ക് അതൊന്നും പിടിച്ചിട്ടില്ല." ശ്രീവിദ്യയുടെ മുഖത്ത് രോഷം പടർന്നു. "നിങ്ങൾ കാര്യമറിയാതെ സംസാരിക്കരുത് " ജി .കെ കൈ ചൂണ്ടി. " ഒരു മാസം മുമ്പ് രജിസ്റ്റർ ഓഫീസിൽ വിവാഹ അപേക്ഷ നൽകിയവരാ ഞങ്ങൾ .. ഇന്ന് നടന്നത് പെണ്ണുകാണലല്ല .... ഞങ്ങൾ സബ് രജിസ്ട്രാരുടെ മുന്നിൽ വെച്ച് വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി"

അയാളുടെ മുഖത്ത് ഒരു പുച്ഛച്ചിരി ഉണ്ടായി. " ഭാര്യയുടെ കൂടെ ഭർത്താവ് ഉണ്ടാകുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ''. മാളവിക ഞെട്ടിപ്പോയി. കേട്ടതൊന്നും വിശ്വസിക്കാൻ വയ്യ. എന്റെ കൃഷ്ണാ എന്ന് അവൾ മനമുരുകി വിളിച്ചു പോയി. "കുഞ്ഞിമാളൂ വാ പോകാം".ശ്രീവിദ്യ അവളെ നോക്കി വിളിച്ചു. "ഞാനെവിടെക്കും ഇല്ല". അവൾ ചെറുത്തു. " അവൾ വരുന്നില്ലാച്ചാൽ ഞാനവളെ വിടില്ല". ലക്ഷ്മിയമ്മ പറഞ്ഞു. "എന്നിട്ടെന്തിനാ ഈ മന്ദനെക്കൊണ്ട് കെട്ടിക്കാനോ.. അതു നടക്കില്ല.പോക്സോ കേസാണ്. മൈനറായ എന്റെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ഞാൻ പരാതി കൊടുക്കും" ശ്രീവിദ്യ തിമിട്ടി. "നാളു പ്രകാരമാ അവൾക്ക് പതിനെട്ടായത്.. ജനന സർട്ടിഫിക്കേറ്റിലെ ഡേറ്റ് ഒഫ് ബർത് പ്രകാരം ഇനീം ഒരു മാസണ്ട്.. " ഇത്തവണ ലക്ഷ്മിയമ്മ ഞെട്ടിപ്പോയി. അതിലേറെ കുഞ്ഞിമാളുവും.....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story