ദൂരെ: ഭാഗം 20

Dhoore

രചന: ഷൈനി ജോൺ

സന്ധ്യാനേരത്തെ നേർത്ത ഇരുട്ടിലൂടെയാണ് ബൊലീറോ നീങ്ങിക്കൊണ്ടിരിക്കുന്നത്. സീറ്റിലേക്ക് ചാരിക്കിടന്ന മാളവിക എഴുന്നേറ്റിരുന്ന് ഒരുവേള പുറത്തേക്ക് നോട്ടമയച്ചു. പരിചിതമായ ഒരു നെൽപ്പാടത്തിൻ്റെ അരികിലൂടെയാണ് ഇപ്പോൾ വണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. ദൂരെ അമ്പലക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം ദീപാലങ്കാരങ്ങളോടെ കാണപ്പെട്ടു. അമ്പലക്കുന്നിലെത്തിയിരിക്കുന്നു. ഇവിടേക്കായിരുന്നോ ഈ യാത്ര. ജി.കെ പലവട്ടം ഭീഷണിപ്പെടുത്തിയത് പോലെ പ്രപഞ്ചം പോലുമറിയാതെ തന്നെ ഇല്ലാതാക്കാൻ കൊണ്ടുപോകുകയാണെന്നാണ് കരുതിയത്. കൽ വിളക്കിലെ ദീപനാളങ്ങൾ ജ്വലിക്കുന്നത് മാളവിക കണ്ടു. അപ്പോൾ മാത്രം മനസുമുറിഞ്ഞ് രക്തമൊഴുകി. ഇല്ല ... അമ്പലക്കുന്ന് കൃഷ്ണാ.. ഇനി ആ പടികൾ കയറി കുഞ്ഞിമാളു വരില്ല. നിത്യേന പ്രാർത്ഥിച്ചിട്ടും ഉള്ളുരുകി വിളിച്ചിട്ടും സംരക്ഷിക്കാൻ മനസു കാട്ടാത്ത ആ കഠിനഹൃദയത്തിന് മുന്നിൽ ഇനി തൊഴാൻ കുഞ്ഞിമാളു വരില്ല.

ചിന്തിച്ചു തീരുമ്പോഴേക്കും ബൊലീറോ വീട്ടുമുറ്റത്ത് എത്തി നിന്നു. ഒപ്പമുണ്ടായിരുന്ന താടിക്കാരൻ ഇറങ്ങി, അവളെ കൈ പിടിച്ചിറക്കി.മുന്നിൽ അമ്മ നിൽക്കുന്നു. ഒപ്പം ജി.കെ യും. താടിക്കാരൻ തിരികെ കയറി.ആ വാഹനം അതിൻ്റെ ദൗത്യം പൂർത്തിയാക്കി മടങ്ങി. "എൻ്റെ മോളേ.. " എന്ന കരച്ചിലോടെ ശ്രീവിദ്യ ഓടി വന്നു. അവളെ കെട്ടിപ്പിടിച്ചു. ഇതെന്ത് നാടകമെന്നാണ് മാളവിക ചിന്തിച്ചത്. ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്നെ എറിഞ്ഞിരിക്കുന്നു ജി.കെ. അതു വ്യക്തമായിരുന്നു. അയാളുടെ ചുണ്ടിൽ അവളെ തോൽപിച്ച ചിരിയുണ്ടായിരുന്നു. അയാളെ കൊന്നുകളയാൻ തോന്നി മാളവികയ്ക്ക്.ഈ നിമിഷം കൊല്ലണം. ഇനിയീ വൃത്തികെട്ട ചിരി അയാളിൽ അവശേഷിക്കരുത്. അവളുടെ കണ്ണുകൾ ഒരു ആയുധത്തിനായി തിരഞ്ഞു. മുറ്റത്ത് കൂട്ടിയിട്ടിരുന്ന നാളികേരങ്ങൾക്കിടയിൽ കരിക്ക് വെട്ടാൻ ഉപയോഗിക്കുന്ന വീതിയുള്ള കത്തി മാളവിക കണ്ടു.

അതെടുത്ത് എടാ എന്നുറക്കെ അലറി അയാൾക്ക് നേരെ കുതിയ്ക്കാൻ ഒരു നിമിഷം മതിയായിരുന്നു. മാളവിക ആഞ്ഞു വീശി. അത്രയും വേഗത്തിൽ ഒരു നീക്കം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ജി.കെ യുടെ തോളിലാണ് വെട്ടേറ്റത്.ആ ഭാഗത്തെ ഷർട്ട് അടക്കം മാംസം പൂളിപ്പോയി. ചോര ചീറ്റിക്കുതിച്ചു ചാടി. ശ്രീവിദ്യ ഉറക്കെ കരഞ്ഞു. അടുത്ത വെട്ട് കഴുത്തിന് നേരെയായിരുന്നു. അപ്പോഴേക്കും അയാൾ അവളെ കയറിപ്പിടിച്ചു. മൽപ്പിടുത്തം വേണ്ടി വന്നില്ല.ജി.കെ യുടെ കൈകൾക്കുള്ളിൽ ഒരു കിളിക്കുഞ്ഞുപോലെ ഒതുങ്ങിപ്പോയി മാളവിക .ചലിക്കാൻ കഴിഞ്ഞില്ല. ശ്വസിക്കാനും . കണ്ണുകൾ മേൽ പോട്ട് മറിഞ്ഞു. കുഴഞ്ഞു വീണ അവളെ അയാൾ താങ്ങി.. ദിവസങ്ങളായി ഏറ്റുവാങ്ങിയ മർദ്ദനങ്ങളും ശാരീരിക പീഡനങ്ങളും പട്ടിണിയും മാനസിക സമ്മർദ്ദവും അവളെ ബോധരഹിതയാക്കി കളഞ്ഞു. " ഒച്ച വെക്കരുത്" എന്ന് അയാൾ ശ്രീവിദ്യയെ ശാസിച്ചു. പിന്നെ മാളവികയെ കോരിയെടുത്ത് അവളുടെ റൂമിലേക്ക് പോയി. അവൾ ലൈവിൽ വന്നിട്ട് രണ്ടു മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു.

സി.ഐ വിനോദ് കുമാർ ഭയാശങ്കയിലാണ്. ഡി ജി പി യിൽ നിന്നു വരെ ചോദ്യം നേരിടേണ്ടി വന്നത്രേ. മാധ്യമങ്ങളും സ്ത്രീപക്ഷ സംഘടനകളും ആ ലൈവ് ഏറ്റെടുക്കാൻ പോകുന്നു. എത്രയും വേഗം മറുവഴി കണ്ടെത്തിയേ മതിയാകൂ. അയാൾ മാളവികയെ അവളുടെ റൂമിൽ കൊണ്ടുചെന്നു കിടത്തി. കരഞ്ഞുകൊണ്ട് ശ്രീവിദ്യ പുറകെ ചെന്നു. അയാൾ നടക്കുന്ന വഴിയെല്ലാം കടുംനിറത്തിൽ രക്തം വാർന്നൊഴുകിക്കൊണ്ടിരുന്നു. അവളുടെ കിടക്കയിൽ തന്നെ ജി.കെ അവളുടെ മൊബൈലെടുത്തു വെച്ചു.പിന്നെ ശ്രീവിദ്യയെയും കൂട്ടി പുറത്തിറങ്ങി. മുറി പൂട്ടി. "ചോര "അയാളെ നോക്കി ശ്രീവിദ്യ കരഞ്ഞു.ജി.കെ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. വിഡ്ഢിയാണവൾ. തൻ്റെ മികച്ച പ്രകടനത്തിന് മാത്രമേ അവളെ കൂടുതൽ വിഡ്ഢിയാക്കാൻ കഴിയൂ എന്നയാൾക്ക് അറിയാമായിരുന്നു. "വിദ്യ കരയരുത്. " അയാൾ ഒരു ടവൽ എടുത്ത് ആ മുറിവിന് മീതെ കഴിയുന്നത്ര ശക്തിയിൽ അമർത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. " അവൾ ഉപയോഗിച്ച ലഹരിമരുന്നുകളാണ് അവളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.

ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഏറെ സമയവും വയ്യാത്ത നിൻ്റെ കൂടെ ചെലവഴിച്ച എന്നെയാണ് അവൾ നെറികെട്ട ആരോപണങ്ങൾക്ക് മുന്നിൽ നിർത്തിയിരിക്കുന്നത്. എൻ്റെ രാഷ്ട്രീയ ഭാവി ഇതോടെ തകർന്നു. എന്താണ് ഞാൻ ചെയ്ത തെറ്റ്.. നിന്നെ സ്നേഹിച്ചു അതു മാത്രം.. അതിൻ്റെ പേരിൽ നിൻ്റെ കൂടെ താമസിച്ചു .. കുഞ്ഞിമാളു ഒരാഴ്ച തികച്ച് എൻ്റെ കൂടെ ഇവിടെ ഉണ്ടായിരുന്നില്ല. അതിനിടെ അവൾ എന്തൊക്കെ അപവാദങ്ങളാണ് പറഞ്ഞത്. ഒരു വർഷം അവൾ ബാംഗ്ലൂര് നിന്നു. എൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ശല്യം ഉണ്ടായിട്ടുണ്ടോ? അവൾ അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു.പോലീസ് അറസ്റ്റ് ചെയ്തു. അവിടെയും ഞാനാണ് ഇടപെട്ട് അവളെ മോചിപ്പിച്ചത്. പോലീസിൻ്റെ നിർദ്ദേശപ്രകാരം അവളെ പാലക്കാട് കൊണ്ടുവന്ന് വിട്ടത് നീ കൂടി ചേർന്നാണ്. പിന്നീട് ഞാനവിടെ ചെന്നിട്ടുണ്ടോ എന്ന് വിദ്യയ്ക്ക് അന്വേഷിക്കാം.. എന്നെ വിശ്വാസമില്ലെങ്കിൽ .. " അയാൾ വിങ്ങി.വേദന കൊണ്ട് അയാളുടെ മുഖം ചുളിഞ്ഞു. അത് ശ്രീവിദ്യ കണ്ടു. "

ഒരിക്കലും ബാംഗ്ലൂരിൽ നിന്നവളെ തിരിച്ചു കൊണ്ടുവരരുത്. അവൾക്ക് ആ നക്സൽ ഗ്രൂപ്പിൽ നിന്ന് വിട്ടു പോരാൻ വയ്യ.. അതിനാണ് എന്നെ പ്രതിയാക്കി ഈ ലൈവ് വന്നത്. എപ്പോഴും അവളുടെ ഇര ഞാനായിരുന്നു.എൻ്റെ അമ്മു മോളുടെ പ്രായമുള്ള അവളാണ് എന്നെക്കുറിച്ച് ഇത്രയും തരംതാണ ആരോപണങ്ങൾ ഉന്നയിച്ചത്." ആകെ തകർന്ന അവസ്ഥയിൽ ശ്രീവിദ്യ അയാളെ നോക്കി. " മതിയായി വിദ്യേ.. എനിക്കെല്ലാം മതിയായി.ഇതോടെ ഞാനൊരു പാഠം പഠിച്ചു. ഭാര്യയ്ക്ക് പ്രായപൂർത്തിയായ പെൺമക്കൾ ഉണ്ടെങ്കിൽ, അവർ ഒരിക്കലും രണ്ടാനച്ഛനെ അച്ഛനായി കരുതില്ല. അയാൾ വെറുമൊരു കരുവാണ്. അവരുടെ തോന്യവാസങ്ങൾ മറച്ച് വെക്കാൻ വളരെ വേഗം അയാൾക്ക് നേരെ കൈ ചൂണ്ടും. മടുത്തു .. മതിയാക്കുകയാണ്. നാളെ നമ്മൾ തമ്മിൽ വേർപിരിയുകയാണ്.ലീഗലി നീക്കേണ്ട കാര്യങ്ങൾ ഞാൻ ചെയ്തോളാം". " ജി.കെ." ആകെ ഉലഞ്ഞ് ശ്രീവിദ്യ വിളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ഓടി വന്ന് അയാളുടെ നെഞ്ചിലേക്ക് വീണു. പിന്നെ കഴിയുന്നത്ര ശക്തിയിൽ അയാളെ ആലിംഗനം ചെയ്ത് വിതുമ്പി. "ജി.കെ .. എനിക്കറിയാം.. കുഞ്ഞിമാളുവിൻ്റെ അവസ്ഥ എനിക്കറിയാം. അവൾ നശിച്ചുപോയി.

അതിന് കാരണക്കാർ ഞാനോ അങ്ങോ അല്ല. അവളുടെ ബാംഗ്ലൂർ ജീവിതമാണ് അവളെ അങ്ങനെ ആക്കി തീർത്തത്. ഞാനവളെ അവിടേക്ക് പോകാൻ അനുവദിക്കരുതായിരുന്നു. ക്ഷമിക്കണം .. എന്നോടും അവളോടും ജി.കെ.ക്ഷമിക്കണം .. "കണ്ണുനീർ രക്ത തുള്ളികളുമായി ഇടകലർന്നൊഴുകി. അപ്പോഴാണ് വീടിന് താഴെ റോഡിൽ വാഹനങ്ങളുടെ ശബ്ദം കേട്ടത്. ഒതുക്കു കയറി വരുന്ന കാക്കി ധാരികളെയാണ് കണ്ടത്. മൈക്കും ക്യാമറയുമായി മൂന്നാല് മാധ്യമ പ്രവർത്തകർ . രക്തത്തിൽ കുതിർന്നു നിന്ന ജി.കെയെ കണ്ട് അവരൊന്നു സംശയിച്ചു നിന്നു. " മാളവികയെ എവിടെയാണ് നിങ്ങൾ ഒളിപ്പിച്ചു വെച്ചത്. എവിടെയാണ് പാലക്കാട്ടെ രഹസ്യ സങ്കേതം " പോലീസുകാരൻ തിരക്കി. മാധ്യമ പ്രവർത്തകർക്കും അതേ ചോദ്യമായിരുന്നു ഉന്നയിക്കാനുള്ളത്. " പാലക്കാട് കുഞ്ഞിമാളുവിനെ കൊണ്ടുപോയെന്ന് ആരു പറഞ്ഞു. " ശ്രീവിദ്യ മുന്നോട്ട് വന്നു. ജി.കെ നേരത്തെ പഠിപ്പിച്ചതെല്ലാം അതേപടി ഉരുവിടുകയായിരുന്നു അവൾ. " അവൾ അകത്തു തന്നെയുണ്ട്. അവളുടെ മുറിയിൽ .കുട്ടി തീരെ നോർമലല്ല.കുറച്ച് ദിവസമായി മൊബൈലിന് വേണ്ടി വഴക്കായിരുന്നു.അക്രമ സ്വഭാവം കൂടിയപ്പോഴാണ് ഇന്നത് എടുത്തു കൊടുത്തത്.

പിന്നെ കണ്ടത് ആ ലൈവാണ്. അത് തടയാൻ ചെന്ന എന്നെ അവൾ തള്ളി മറിച്ചിട്ടു.ജി.കെയെ വെട്ടി." "എന്തൊക്കെയോ പിച്ചും പേയും പറയുകയാണ് കുട്ടി. ഞങ്ങൾ ഒരു ഡോക്ടറെ കാണിച്ചിരുന്നു. അയാൾ പറഞ്ഞത് എത്രയും വേഗം അവളെ മാനസികാരോഗ്യകേന്ദ്രത്തിൽ ആക്കാനാണ്. ആ റിപ്പോർട്ട് ഞാൻ കാണിച്ചു തരാം".ശ്രീവിദ്യ അകത്തേക്കോടി. വളരെ വേഗം ഒന്നു രണ്ട് കലാസുകളുമായി തിരിച്ചെത്തി. ആദ്യം അത് പോലീസുകാരും പിന്നീട് മാധ്യമ പ്രവർത്തകരും പരിശോധിച്ചു. ക്യാമറകൾ ആ റിപ്പോർട്ട് പകർത്തിക്കൊണ്ടിരുന്നു. "നിങ്ങൾ കുട്ടിയുടെ ആരാണ്". ഒരു മാധ്യമ പ്രവർത്തകൻ തിരക്കി. "അമ്മ" അതു പറഞ്ഞപ്പോൾ ശ്രീവിദ്യയുടെ മിഴികൾ തുളുമ്പിയൊഴുകി. "അമ്മ"മാധ്യമ പ്രവർത്തകർ ഉച്ചരിച്ചു. " ബാംഗ്ലൂര് പോകുന്നത് വരെ എൻ്റെ മോൾ ഒരു പാവമായിരുന്നു. അവിടെ വെച്ച് അവൾക്കെന്ത് സംഭവിച്ചു എന്നെനിക്ക് അറിഞ്ഞുകൂടാ." അവരുടെ അവസ്ഥ കാണുന്നവരിൽ കൂടി സഹതാപം സൃഷ്ടിക്കുന്നതായിരുന്നു. " ഡോക്ടറുടെ നിർദ്ദേശമുണ്ടായിട്ടും എന്താണ് നിങ്ങൾ അവളെ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കാത്തത്."

പോലീസുകാരൻ റ്റു റിപ്പോർട്ടുകൾ തിരികെയേൽപിച്ചു കൊണ്ട് തിരക്കി. "എനിക്കതിന് വയ്യ സാർ.. ഞാൻ ഡോക്ടറുടെ കാലുപിടിച്ചു കരഞ്ഞു. തുടർന്നാണ് വീട്ടിൽ തന്നെ നോക്കിക്കോളാൻ സമ്മതിച്ചത്. മാറ്റമൊന്നും വന്നില്ലെങ്കിൽ അഡ്മിറ്റ് ചെയ്യണമെന്ന നിർദ്ദേശത്തോടെ.." "ഉം .. ഞങ്ങൾക്ക് കുട്ടിയെ ഒന്ന് കാണണം" പോലീസുകാരൻ പറഞ്ഞു. അയാളും മറ്റുള്ളവരും ശ്രീവിദ്യ കാട്ടിയ വഴിയേ ഇരച്ചെത്തി. ശ്രീവിദ്യ ചെന്ന് പുറത്ത് നിന്നുള്ള ഓടാമ്പലെടുത്ത് വാതിൽ മലർക്കെ തുടർന്നു. കിടക്കയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു മാളവിക .അവളുടെ രൂപം ഒരു മനോരോഗിയുടെ ലക്ഷണങ്ങൾ തികഞ്ഞതായിരുന്നു. അവൾ എഫ് ബിയിൽ പുതിയ ലൈവ് ഇടാനുള്ള ഒരുക്കമായിരുന്നു.ശ്രീവിദ്യ പെട്ടെന്ന് ചെന്ന് ഫോൺ പിടിച്ചു വാങ്ങി. " കണ്ടോ സാർ.. അവൾ വീണ്ടും ലൈവിൽ വരാനുള്ള ശ്രമമായിരുന്നു". അവൾ മൊബൈൽ പോലീസിന് കൈമാറി. പോലീസുകാരൻ ലൈവ് കട്ട് ചെയ്തു. അത് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. "മാളവിക ... ആർ. യൂ ഓ.കെ " ?പോലീസുകാരൻ ചോദിച്ചതും മാളവികയ്ക്ക് കലിയാണ് വന്നത്.

അന്നു രാത്രി തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് അവൾ ഓർമിച്ചു. ജി.കെയ്ക്ക് മുന്നിലുള്ള തൻ്റെ കീഴടങ്ങലിന് അതായിരുന്നു തുടക്കം. അതോർത്തതും സമനില തെറ്റുന്നത് പോലെ തോന്നി. അവൾ ചാടിയെഴുന്നേറ്റു. കണ്ണുകൾ കൊണ്ട് പരതിയപ്പോൾ കട്ടിലിൽ വലിച്ചിട്ടിരുന്ന ബാഗാണ് കണ്ടത്. അതെടുത്ത് അയാൾക്ക് നേരെ വീശിയെറിഞ്ഞത് ഒരു തരം അബോധാവസ്ഥയിൽ തന്നെയായിരുന്നു. മുറി വാതിൽക്കൽ തടിച്ചുകൂട്ടിയവർ പിന്നോട്ടോടി മാറി.. " " റൂം പൂട്ടിയേക്ക് ..കുട്ടിയെ ഡിസ്റ്റർബ് ചെയ്യണ്ട "ചാടി പുറത്തിറങ്ങിയ പോലീസുകാരൻ പറഞ്ഞു.ശ്രീവിദ്യ വാതിൽ പുറത്തു നിന്ന് പൂട്ടി. ''സോറി ജി.കെ .. കുട്ടിയുടെ അവസ്ഥ ഇപ്പോഴാണ് മനസിലായത്. എത്രയും വേഗം ചികിത്സ നൽകണം.. ചെറിയ പ്രായമായതുകൊണ്ട് വേഗത്തിൽ ഭേദമാകാനിടയുണ്ട്.വിനോദ് സാർ ആ ലൈവ് കാരണം നേരിട്ട പ്രശ്നങ്ങൾ ചില്ലറയല്ല." പോലീസുകാരൻ പറഞ്ഞു. അയാൾ ഒരു മാധ്യമ പ്രവർത്തകന് നമ്പർ നൽകി അവിടെ നടന്ന സംഭവങ്ങളുടെ ഫൂട്ടേജ് അയക്കണമെന്ന് നിർദ്ദേശിച്ചു. സെൻസേഷനായി കരുതിയ ഒരു വാർത്ത കേവലം മാനസികനില തെറ്റിയ ഒരു പെൺകുട്ടിയുടെ ജൽപ്പനങ്ങൾ ആയി പരിണമിച്ചതിൽ മാധ്യമ പ്രവർത്തകർക്ക് നിരാശയുണ്ടായിരുന്നു.

" ജി.കെ വരൂ .. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിക്കാം" പോലീസുകാരൻ അയാളെ ക്ഷണിച്ചു.വസ്ത്രം മാറ്റി ധരിച്ച് രക്തമൊഴുകൃന്ന തോളുമായി ജി.കെ അവർക്കൊപ്പം പോയി.അതിനു മുമ്പ് മാളവികയുടെ കൈയ്യിൽ നിന്ന് ശ്രീവിദ്യ പിടിച്ചു വാങ്ങിയ മൊബൈൽ പൂട്ടിവെക്കാനും അയാൾ മറന്നില്ല. മാളവിക കിടക്കയിൽ തളർന്നു കിടക്കുകയായിരുന്നു. തൻ്റെ ലൈവ് കണ്ടാണോ പത്രക്കാർ വന്നതെന്ന് അവൾ സംശയിച്ചു. പക്ഷേ താൻ ബാഗ് എറിഞ്ഞപ്പോഴേക്കും എല്ലാവരും ഓടി മാറി വാതിൽ പൂട്ടി ഇറങ്ങിപ്പോയതെന്തിനാണെന്ന് അവൾക്ക് മനസിലായില്ല. ആ കിടപ്പിൽ അവൾ മായക്കണ്ണനെ കുറിച്ചോർത്തു. ഇനിയെന്താണ് വേണ്ടത്. എങ്ങനെയെങ്കിലും ഈ മുറിയിൽ നിന്ന് രക്ഷപ്പെട്ട് മായക്കണ്ണനെ ഒന്നു കണ്ടാലോ. ആ നെഞ്ചിൽ ഒന്നു വീണു കരഞ്ഞാൽ തീരാവുന്നതേയുള്ളു തൻ്റെ സങ്കടമെന്ന് തോന്നി. ജി. കെയ്ക്ക് തൻ്റെ ഉടലിൽ അതിക്രമം നടത്താൻ കഴിഞ്ഞേക്കും. അതോ പലരുമുണ്ടായിരുന്നോ? സെഡേഷൻ്റെ മയക്കത്തിൽ ഒന്നുമറിഞ്ഞില്ല. എന്തിനാണ് ഇത്രയും ദിവസങ്ങൾക്കകം നിരവധി ഇഞ്ചക്ഷനുകൾ തന്നിൽ ഏൽപ്പിച്ചത്.അതും അറിയില്ല. പക്ഷേ കുഞ്ഞിമാളുവിന് ഒന്നേ അറിയാവൂ.ഇതിനൊന്നും മായക്കണ്ണനോടുള്ള തൻ്റെ പ്രണയത്തിന് തടസം നിൽക്കാൻ കഴിയില്ല.

ഇതൊന്നും മായക്കണ്ണനെ തന്നിൽ നിന്ന് അകറ്റുകയുമില്ല. ശരീരങ്ങൾക്കും എത്രയോ അപ്പുറത്താണ് മായക്കണ്ണനോടുള്ള തൻ്റെ പ്രണയം. ആത്മാവു കൊണ്ടുള്ള കൂടി ചേരലാണത്. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. വാതിൽ തുറക്കപ്പെട്ടു. നോക്കുമ്പോൾ കൈയ്യിൽ ഭക്ഷണപാത്രങ്ങളുമായി ശ്രീവിദ്യ കയറി വന്നു.അവർ മകൾക്ക് അരികിലിരുന്നു. "അമ്മേ.. " അവൾ വിളിച്ചു.ശ്രീവിദ്യ സ്തബ്ധയായി മകളെ നോക്കി. "മാനസിക രോഗിയായ മകളെ അമ്മയ്ക്ക് ഭയമില്ലേ " മാളവിക ചോദിച്ചു. അവളുടെ മിഴികളിലെ അഗ്നി അവരെ പൊള്ളിച്ചുകൊണ്ടിരുന്നു. "കുഞ്ഞിമാളു എന്നെ കൊന്നാലും എനിക്ക് വിഷമമില്ല" ശ്രീവിദ്യ പറഞ്ഞു. " നിൻ്റെ എതിർപ്പ് വകവെക്കാതെ ഞാൻ ജി.കെയെ വിവാഹം ചെയ്യരുതായിരുന്നു. എങ്കിൽ എൻ്റെ മോൾക്ക് ഇങ്ങനെയൊരു ഗതി വരില്ലായിരുന്നു " ശ്രീവിദ്യയുടെ കണ്ണുകളിൽ നിന്ന് വലിയ തുള്ളികൾ പൊഴിഞ്ഞ് നിലം പതിച്ചു. " ഞാൻ കാരണം നീയും എന്നെ താലികെട്ടിയതിൻ്റെ പേരിൽ ജി.കെ യും ഒരുപാട് അനുഭവിച്ചു. " അവരുടെ കരച്ചിൽ നോക്കി മാളവിക സ്തബ്ധയായി ഇരുന്നു. "കുഞ്ഞിമാളു ഇവിടെ ഉള്ളിടത്തോളം കാലം ജി.കെ ഇനി ഇവിടേക്ക് വരില്ല. ഹോസ്പിറ്റലിൽ നിന്നും നേരെ പഴയ ലോഡ്ജിലേക്ക് മടങ്ങും... എൻ്റെ വിധി"

മാളവിക ശബ്ദിച്ചില്ല. ഇതൊരു അവസരമാണെന്ന് അവൾ വിചാരിച്ചിരുന്നു. ജി.കെ ഇല്ലാത്ത ഈ സമയം. അയാളെ കുറിച്ച് അമ്മയോട് പറയാൻ... അയാൾ തന്നെ ബലാത്സംഗം ചെയ്തെന്ന് പറയാൻ, അയാൾ തൻ്റെ സ്വകാര്യ ഇടങ്ങളിൽ ഏൽപ്പിച്ച മുറിവുകൾ കാണിച്ച് അമ്മയെ ബോധ്യപ്പെടുത്താൻ .. ഇനിയെങ്കിലും അമ്മ പക്ഷിയുടെ ചിറകിനുളളിൽ സംരക്ഷണം തേടുന്ന കുഞ്ഞിക്കിളിയാകുവാൻ മനസ് വ്യഗ്രത പൂണ്ടിരുന്നു. പക്ഷേ അവർ ഇപ്പോഴും കരയുന്നത് അയാളെ ഓർത്താണ്. അയാൾ പറഞ്ഞ നുണകളെ മാത്രം വിശ്വസിക്കുന്ന ഒരു സ്ത്രീയാണ് അവർ.കുഞ്ഞിമാളൂ എന്ന മകൾക്ക് അയാൾക്കും മീതെ വളരാനാവില്ല. മാളവിക മുഖം കുനിച്ചിരുന്നു. ഒരേയൊരു രക്ഷാ തീരമേ തനിക്കുള്ളു. തൻ്റെ ദൈവവും തൻ്റെ അമ്മയും തൻ്റെ ഉടമയുമെല്ലാം ഒന്നേയുള്ളു. മധു ചേച്ചി. മറ്റെവിടെയും മാളവികയെ മനസിലാക്കുന്ന ഒരാളില്ല. മാളവിക മുഖമുയർത്തി ശ്രീവിദ്യയെ നോക്കി. അവർ പണ്ടേ മരിച്ച ഒരു സ്ത്രീയാണെന്ന് അവൾക്കു തോന്നി. പൊക്കിൾക്കൊടി ബന്ധം അവർ മറന്നു പോയിരിക്കുന്നു.

അവരുടെ മനസ് കളിമണ്ണു പോലെ കുഴച്ച് ജി.കെ.അയാൾക്ക് അനുസൃതമായി ഉടച്ചുവാർത്തിരിക്കുന്നു. അവൾക്ക് ഉറക്കെയുറക്കെ ഒന്ന് അലറിക്കരയാൻ തോന്നി.പക്ഷേ പാടില്ലെന്ന് മനസു പറഞ്ഞു. അതും ഭ്രാന്തിൻ്റെ പട്ടികയിലേ എഴുതിച്ചേർക്കപ്പെടുകയുള്ളു. മാളവിക ഒന്നും മിണ്ടാതെ അവർ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. അതിന് ശേഷമാണ് കുളിക്കാൻ ഉള്ള ആരോഗ്യം പോലും ഉണ്ടെന്ന് തോന്നിയത്. ഷവറിനടിയിൽ നിന്ന് വളരെ ശ്രദ്ധയോടെ അവൾ മലിനമായ തൻ്റെ ശരീരം കഴുകി വെടിപ്പാക്കി. ബാഗിൽ നിന്ന് നല്ലൊരു വസ്ത്രമെടുത്ത് ധരിച്ചു.സംഭവിച്ചതിനെയെല്ലാം പിന്നിൽ ഉപേക്ഷിക്കാനുള്ള കരുത്ത് താൻ നേടേണ്ടതുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു. ആ മനസ് നഷ്ടമായാൽ ജി.കെ മുദ്രവെച്ചത് പോലെ ഒരു മനോരോഗിയായി തീരും .. കണ്ണാടിയിൽ നോക്കി നിൽക്കവേ അവളുടെ മിഴികൾ നിറഞ്ഞു. മാധുരി അപ്പോൾ എയർപോർട്ടിൽ എത്തിയിരുന്നു....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story