ദൂരെ: ഭാഗം 21

Dhoore

രചന: ഷൈനി ജോൺ

ബോധത്തിൻ്റെയും അബോധത്തിൻ്റെയും നൂൽപ്പാലത്തിലൂടെ, ഗാഢം ഉറങ്ങിയും ഇടയ്ക്ക് ഞെട്ടിയുണർന്നും ആ രാത്രി വിട വാങ്ങി. മാളവിക ഉറക്കമെഴുന്നേറ്റ് അൽപ്പനേരം ഇരുന്നു. അമ്പലക്കുന്ന് ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ശ്രീകൃഷ്ണ സ്തുതികൾ ഒഴുകി വന്നുകൊണ്ടിരുന്നു. അവളുടെ മനസുപൊള്ളി. അമ്പലക്കുന്ന് കൃഷ്ണനെ ഇനി കാണാൻ പോകില്ലെന്ന് തൻ്റെ ശപഥമാണ്. പക്ഷേ ആ തിരുസന്നിധിയിലെത്താൻ എല്ലാ ദു:ഖവും പറഞ്ഞൊന്ന് വിതുമ്പി കരയാൻ ഹൃദയം പിടച്ചു. പിന്നെ അവൾ എഴുന്നേറ്റ് പോയി മുഖം കഴുകി.പല്ലുതേച്ച് വന്ന് മുടി ഒതുക്കിക്കെട്ടി. പുറത്തേക്ക് വന്നപ്പോൾ അടുക്കളയിൽ നിന്ന് ചൂടായ കൽച്ചട്ടിയിലേക്ക് " ശൂ'' എന്ന ശബ്ദത്തിൽ ദോശമാവ് വീഴുന്ന ശബ്ദം കേട്ടു .അമ്മ അടുക്കളയിലുണ്ട്. എന്താണ് ഇനി വേണ്ടതെന്ന് മാളവിക ആലോചിച്ചു. തൻ്റെ ഫോൺ ജി.ക്കെയുടെ കൈയ്യിലാണ്. അതെടുത്ത് തരാൻ അമ്മയോട് ആവശ്യപ്പെട്ടാലോ. പിന്നെ ആ ചിന്ത ഉപേക്ഷിച്ച് അമ്മയുടെ ബെഡ്റൂമിൽ കയറി മേശയുടെ താക്കോൽ തപ്പിയെടുത്തു.തുറന്നപ്പോൾ അതിനുള്ളിൽ ഫോൺ കിടക്കുന്നത് കണ്ടു.

അതുമായി പുറത്ത് കടന്നു. തെക്കേ തൊടിയിലൂടെ ഒരോട്ടം വെച്ചു കൊടുത്തു. കരുണാകരേട്ടൻ്റെ പറമ്പിലെ താമരക്കുളത്തിൻ്റെ പടവിൽ ചെന്നിരുന്നു' നാട്ടിലെ ചില സ്ത്രീകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളമാണ്. ചുറ്റുമുള്ള കൽപ്പടവ് ഉയരത്തിലാണ്. ഏതാനും പടികൾ ഇറങ്ങണം കുളത്തിലേക്ക്. പുറത്തു നിന്ന് അകത്തു നിൽക്കുന്നവരെ കാണാൻ കഴിയില്ല. മൊബൈലടുത്ത് നോക്കിയപ്പോൾ മാധുരിയുടെ വിളികളും മെസേജുകളുമാണ് നിറയെ. താൻ വരുന്നു എന്ന മെസേജ് മാളവിക വായിച്ചു. ഫ്ളൈറ്റ് കരിപ്പൂരിലേക്കാണ്. അവിടെ നിന്നും സുദീപേട്ടനെയും കൂട്ടി ഇവിടേക്ക് വരും.പിന്നെ തന്നെയും കൂട്ടി ബാംഗ്ലൂരിലേക്ക് പോകും. മാധുരി ചേച്ചി വരട്ടെ. ജി.കെ. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യട്ടെ. വല്ലാത്തൊരു നിസംഗതയാണ് മനസിൽ. വരുന്നത് വരുന്നിടത്ത് വെച്ചു കാണാം. ജി.കെയ്ക്ക് എതിരെ പരാതി കൊടുക്കാൻ മധു ചേച്ചി പറയുമോ? ഒരു ഭ്രാന്തിയുടെ ജൽപനങ്ങൾക്ക് നിയമം ചെവി തരുമോ? ഒന്നുമറിയില്ല. മനസ് ഒന്നിലും തങ്ങി നിൽക്കുന്നില്ല

.ചിന്തകൾ പാറിപ്പറന്നു പോകുന്നു. മായക്കണ്ണനെ ഒന്ന് കണ്ടെങ്കിൽ .ഇതേ കൃളപ്പടവിൽ വെച്ചാണ് ആദ്യമായി മായക്കണ്ണൻ ചുംബിച്ചത്.കുഞ്ഞിമാളൂന് ചെമ്പകപ്പൂവിൻ്റെ മണമാണെന്ന് പറഞ്ഞത്. ഇവിടെ ഇരുന്നെത്ര സ്വപ്നങ്ങൾ നെയ്തു. അതെല്ലാം കൈമോശം വന്നു പോയോ. ഇല്ല ... ജി.കെയ്ക്ക് അതൊന്നും തച്ചുടയ്ക്കാർ കഴിഞ്ഞിട്ടില്ല.ജി.കെയ്ക്ക് തൻ്റെ ശരീരത്തിൽ അതിക്രമം നടത്താൻ കഴിഞ്ഞു. പക്ഷേ അതിനെന്താണ്? ഈ ശരീരമാണോ കുഞ്ഞിമാളു .ഒരിക്കലുമല്ല. തന്നെ പോലീസ് കൊണ്ടു പോയതും മാനസിക രോഗിയും ഉഭയ ലൈംഗികക്കാരിയും ലഹരിമരുന്നിന് അടിമയെന്ന ലേബൽ പതിപ്പിച്ചതും എല്ലാം ഇപ്പോൾ അമ്പലക്കുന്നു മുഴുവൻ പാട്ടായിരിക്കും. ലൈവ് അമ്പലക്കുന്നിലെ ചെറുപ്പക്കാർ തീർച്ചയായും കണ്ടിരിക്കും.ലച്ചമ്മ അറിഞ്ഞു കാണും. താനൊരു ഭീകരിയാണെന്ന് ലച്ചമ്മ വിശ്വസിക്കും. ദിവ്യ ഉപേക്ഷിച്ചു പോയാലും ഒരിക്കലും തനിക്ക് മായക്കണ്ണനെ തരില്ലായിരിക്കും. ചിന്തിച്ചിരിക്കുമ്പോൾ കുളത്തിലേക്ക് പടികൾ ഇറങ്ങി വരുന്ന ലച്ചമ്മയെ കണ്ടു.

കൈയ്യിൽ കഴുകാനുള്ള തുണികൾ നിറച്ച ബക്കറ്റ് 'അവരെ കണ്ട് മാളവിക ഞെട്ടിയെഴുന്നേറ്റു. ലക്ഷ്മിയമ്മയും രണ്ടു നിമിഷം നിന്നു 'പിന്നെ സാവധാനം ഒതുക്കിറങ്ങി വന്ന് തുണികൾ കല്ലിന് മീതെ എടുത്ത് വെച്ച് സോപ്പ് പതപ്പിക്കാൻ തുടങ്ങി. മാളവിക അതു നോക്കി നിന്നു ലച്ചമ്മേ എന്ന് വിളിക്കാൻ തോന്നി. പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങവേ " കുഞ്ഞിമാളു " എന്നവർ വിളിച്ചു. മാളവിക നടുങ്ങിപ്പോയി. പിടിച്ചുകെട്ടിയതുപോലെ നിന്നു പോയി. മുഖം ചെരിച്ച് നോക്കിയപ്പോഴേക്കും പടികൾ കയറി ലച്ചമ്മ അടുത്തേക്കു വന്നു. " ഉള്ളിൽ ഒരു കടലോളം സങ്കടവും പേറി ലച്ചമ്മയെ കണ്ടിട്ട് മിണ്ടാതെ പോകുകയാണോ മോളേ നീ " അവരുടെ കണ്ണിലെ നിർത്തിളക്കം കണ്ട് ഒന്നും മനസിലാകാതെ നോക്കി.ലക്ഷ്മിയമ്മ കൈ നീട്ടി അവളുടെ മുടിയിൽ തഴുകി. "എൻ്റെ അപ്പേട്ടൻ്റെ മോളെ ആ നരകത്തിൽ നിന്ന് രക്ഷിക്കാനുള്ള ത്രാണി എനിക്കില്ല മോളേ. എൻ്റെ മായക്കണ്ണന് ദൈവം കരുതി വെച്ച പെണ്ണാണ് നീ. പക്ഷേ ആ ചെകുത്താൻ സമ്മതിക്കില്ല"

അവരുടെ കണ്ണുകളിൽ ഭയം പ്രകടമാകുന്നത് മാളവിക കണ്ടു. "നെഞ്ചു പൊട്ടിയാണ് എൻ്റെ കുഞ്ഞിമാളുക്കുട്ടിയെ ഞാൻ വഴക്കു പറഞ്ഞത്. നിൻ്റെ മനസു നൊന്താൽ എൻ്റെ കണ്ണന് ദോഷമേ വരൂ. എന്നിട്ടും കുഞ്ഞിമാളുവിനെ ഞാൻ ആട്ടിപ്പായിച്ചത് ദേഷ്യം കൊണ്ടല്ല. എൻ്റെ മോന് ദൈവം കൊടുത്ത അത്രയും ആയുസ് ഉണ്ടാവണം എന്ന് കരുതിയിട്ടാണ്. " ലക്ഷ്മിയമ്മ കരയുകയായിരുന്നു .'"മാളു അന്നു രാത്രി വീട്ടിൽ തങ്ങിയതിൻ്റെ പിറ്റേന്ന് ജി.കെ എന്നെ കാണാൻ വന്നു. കണ്ണനെ കൊന്നുകളയുമെന്ന് പറഞ്ഞു. അവൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖം അടിച്ചു പൊട്ടിച്ചു. ഒറ്റ ചവിട്ടിന് കൊല്ലുമെന്നും വീട് തീയിട്ടിട്ട് മന്ദൻ ചെറുക്കൻ കത്തിച്ചതാണെന്ന് വരുത്തി തീർക്കുമെന്നും ഭീഷണിപ്പെടുത്തി.ലച്ചമ്മ പേടിച്ചു പോയിമോളേ. എൻ്റെ കണ്ണനല്ലാതെ എനിക്കാരുമില്ല." തനിക്കു മുന്നിൽ നിന്ന് തേങ്ങി കരയുന്ന ലച്ചമ്മയെ നോക്കി അവൾ ഒരു പാവയെ പോലെ നിന്നു. "കുഞ്ഞിമാളു ബാംഗ്ലൂര് പോയത് ആ പിശാചിൽ നിന്ന് രക്ഷപ്പെടാനാണ് എന്ന് ലച്ചമ്മയ്ക്കറിയാം. എന്നാലും പറയുവാ..

മോളേ നീ തിരിച്ചു വരരുതായിരുന്നു. അയാൾ നിന്നെ നശിപ്പിക്കും. വിദ്യ മരിച്ചുവെങ്കിൽ പോലും നീ ഇങ്ങോട്ട് വരരുതായിരുന്നു " അവർ ആശങ്കയോടെ അവളുടെ കൈ പിടിച്ച് മിഴികളിലേക്ക് നോക്കി. "എൻ്റെ മോള് ഈ നാട്ടിൽ നിന്ന് വേഗം രക്ഷപ്പെട്ടോളൂ. പോലീസും കേസും ഒക്കെ അയാൾ മന:പ്പൂർവം ഉണ്ടാക്കുന്നതാണെന്ന് ഈ നാട്ടിൽ എല്ലാവർക്കുമറിയാം.എന്നാൽ അയാളെ തൊടാൻ ആർക്കും ധൈര്യമില്ല. മൊബൈലിൽ ഒക്കെ വന്നിരുന്ന് കുഞ്ഞിമാളു കരഞ്ഞതും പറഞ്ഞതുമെല്ലാം എല്ലാവരും കേട്ടു .പക്ഷേ ആർക്കെന്ത് ചെയ്യാൻ പറ്റും ... നശിക്കുന്നതിന് മുമ്പ് ഈ നാട് വിട്ടു പോ കുഞ്ഞിമാളൂ" നശിക്കാനിനി ഒന്നും ബാക്കിയില്ലെന്ന് അവളുടെ മനസു പറഞ്ഞു.ലച്ചമ്മ അവളെ നോക്കി വിതുമ്പി " എൻ്റെ കണ്ണന് സ്ഥിര ബുദ്ധി ഉണ്ടായിരുന്നെങ്കിൽ കുഞ്ഞിമാളു പേടിക്കണ്ടായിരുന്നു. നിന്നെയും കൊണ്ട് അവൻ അയാളുടെ കൺമുമ്പിൽ നിന്ന് ഓടിപ്പോയേനെ." മാളവിക അവരുടെ പിടിവിടുവിച്ചു. വലിയൊരു കരച്ചിൽ അവളെ ദുർബലയാക്കി.ലച്ചമ്മ അവരുടെ നിലപാടുകളാണ് പറയുന്നത്.

മായക്കണ്ണനെ തനിക്കു തരില്ല. ജി.കെ അവനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആ ഭീഷണി മനസിൽ വെച്ചാണ് ലച്ചമ്മ മുമ്പ് തന്നോട് ദേഷ്യപ്പെട്ട് പെരുമാറിയത്. മായക്കണ്ണൻ തന്നെ തള്ളിപ്പറഞ്ഞത്. ആ ഭീഷണിയെല്ലാം ഇന്നും നിലനിൽക്കുന്നു. ജി.കെയെ എതിർത്തു എന്ന ഒരൊറ്റ കാരണം കൊണ്ട് അയാൾ തന്നോട് ചെയ്തു കൂട്ടിയ എല്ലാ ദ്രോഹങ്ങളും ലച്ചമ്മ മനസിലാക്കി കഴിഞ്ഞു. അതവരെ കൂടുതൽ പരിഭ്രാന്തയാക്കിയിട്ടുണ്ട്. മായക്കണ്ണനെ വിട്ട് ഈ അമ്പലക്കുന്ന് വിട്ട് എന്നേക്കും ഓടിപ്പോകാനാണ് ലച്ചമ്മ ആവശ്യപ്പെടുന്നത്. " ഞാൻ പോകുന്നു ലച്ചമ്മേ "കണ്ണീരsർന്നു വീഴാതെ അത്രയും പറഞ്ഞൊപ്പിക്കാൻ കഴിഞ്ഞു മാളവികയ്ക്ക് .ഒന്നു രണ്ട് പടികൾ കയറിയപ്പോൾ ലച്ചമ്മ പിന്നിൽ നിന്ന് കുഞ്ഞിമാളൂ എന്ന് വിളിച്ചു. അറിയാതെ നിന്നു പോയി. " മറ്റന്നാൾ എൻ്റെ കണ്ണൻ്റെയും ദിവ്യമോളുടെയും കല്യാണമാണ്. അമ്പലക്കുന്ന് കണ്ണൻ്റെ മുന്നിൽ വെച്ച് .. എൻ്റെ കുഞ്ഞിനെ ശപിക്കരുത്. എനിക്ക് അവനേയുള്ളു. എന്നെ എത്ര വേണമെങ്കിലും..." ലച്ചമ്മ പറഞ്ഞതൊന്നും കേൾക്കാനായില്ല. ചെവികൾ കൊട്ടിയടച്ചു പോയി.

ഒരു കാറ്റുപോലെ മുന്നോടോടി.വയ്യ.. പ്രപഞ്ചമേ നീ ഈ നിമിഷം തകർന്നടിത്തെങ്കിൽ.. ഹൃദയം അലമുറയിട്ടു കൊണ്ടിരുന്നു. ഇല്ല .. ഞാനാർക്കും വിട്ടുതരില്ല എൻ്റെ മായക്കണ്ണനെ .. അതെൻ്റെ മായക്കണ്ണനാ .. എന്നലറി കരഞ്ഞുകൊണ്ടിരുന്നു. ഒരു ഭ്രാന്തിയേപ്പോലെ ഓടിച്ചെന്നത് വീട്ടുമുറ്റത്തേക്ക് നടന്നു കയറുന്ന മാധുരിയുടെ മുന്നിലേക്കാണ്. "കുഞ്ഞിമാളൂ" എന്നവൾ വിളിച്ചപ്പോൾ "മധു ചേച്ചീ ." എന്ന കരച്ചിലോടെ ആ നെഞ്ചിലേക്ക് അലച്ചു തല്ലി വീണു മാളവിക . മാധുരി അവളെ ചേർത്തു പിടിച്ചു. ഒന്നും ചോദിച്ചില്ല. ശിരസിൽ അരുമയായി തഴുകി. "എൻ്റെ മായക്കണ്ണൻ" എന്ന് മാളവിക വിങ്ങിവിങ്ങിക്കരഞ്ഞു. അമ്പലക്കുന്ന് കണ്ണൻ്റെ മുമ്പിൽ വെച്ച് തുളസിമാല്യമിട്ട് തന്നെ കല്യാണം കഴിക്കുമെന്നു പറഞ്ഞ മായക്കണ്ണൻ. താലികെട്ടി കുഞ്ഞിമാളുവിനെ വീട്ടിൽ കൊണ്ടു പോകുമെന്ന് പറഞ്ഞ മായക്കണ്ണൻ. എന്നിട്ട് ഒരുപാട് ഉമ്മ വെക്കും.. കെട്ടിപ്പിടിക്കും.. പിന്നെ കുഞ്ഞിമാളുവിനെ എങ്ങോട്ടും വിടില്ലെന്ന് വാശി പിടിച്ച മായക്കണ്ണൻ... കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ മാധുരി അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി.

"കുഞ്ഞിമാളു എന്നെ ഒരു വട്ടം പോലും വിളിച്ചില്ല. എന്തു പറ്റി "മാധുരി അനുകമ്പയോടെ ചോദിച്ചു. "മധുചേച്ചി വരുമെന്ന് എനിക്കറിയാമായിരുന്നു." അവൾ പറഞ്ഞു . സുദീപ് കാർ ഒതുക്കിയിട്ടതിന് ശേഷം പടികൾ കയറി വന്നു. തൊടിയിൽ നിന്ന് കുഞ്ഞിമാളൂ എന്ന വിളികൾ ഉയർന്നു.അമ്മ തന്നെ തിരക്കുകയാണെന്ന് മാളവികയ്ക്ക് മനസിലായി. ശ്രീവിദ്യ അവളെ വിളിച്ചു കൊണ്ടു തന്നെ പൂമുഖത്തേക്ക് വന്നു.മാധുരിയേയും സുദീപിനെയും കണ്ട് അവർ നിന്നു. " സുദീ.. നീ എന്തിന് ഇവളെയും കൊണ്ടുവന്നു " മാധുരിയെ കണ്ട് ശ്രീവിദ്യ സമനില തെറ്റിയ മട്ടിൽ ആക്രോശിച്ചു. "എൻ്റെ മാളൂട്ടിയെ വീണ്ടും നക്സലൈറ്റുകൾക്ക് കൊണ്ടു കൊടുക്കാനാണോ ഇവളുടെ ഈ എഴുന്നെള്ളത്ത്‌." "മാധുരി വന്നത് കുഞ്ഞിമാളുവിനെ രക്ഷിച്ചു കൊണ്ടുപോകാനാണ്.. " സുദീപ് അവരുടെ മുന്നിലേക്ക് ചെന്നു. "എന്തിന് ... ജി.കെ യുടെ ശല്യം പേടിച്ചാണെങ്കിൽ അതു വേണ്ട. അദ്ദേഹം ഇനി ഇവിടേക്ക് വരില്ല. അയാളെ പേടിച്ച് ആരും ഇവിടെ നിന്ന് ഓടിപ്പോകണ്ട .. കുഞ്ഞിമാളുവിന് വേണ്ടി ഞാൻ ജി.കെയെ ഡിവോഴ്സ് ചെയ്യാനും തയ്യാറാണ്" ഉറച്ച സ്വരം..

തീ പടർന്ന മുഖം.സുദീപിന് സഹതാപം തോന്നി. "അമ്മ".സുദീപ് വിളിച്ചു. " അല്ലെങ്കിലും ജി.കെ ഇനി ഇവിടേക്ക് വരേണ്ട കാര്യമില്ല. കുഞ്ഞിമാളുവിനെ ലക്ഷ്യം വെച്ചു മാത്രമാണ് ഈ വീട്ടിൽ അയാൾ വന്നു നിന്നത്. പാലക്കാട് അയാളുടെ രഹസ്യ കേന്ദ്രത്തിൽ അമ്മയെ കൊണ്ടു തന്നെ കുഞ്ഞിമാളുവിനെ അയാൾ എത്തിച്ചു. അവിടെ വെച്ച് കുഞ്ഞിമാളുവിൻ്റെ ശരീരത്തിൽ അയാൾ ആഗ്രഹം തീർത്തു. ഒന്നല്ല .. പലവട്ടം .. സെഡേഷനും ഇഞ്ചക്ഷനുകളും നൽകി അയാൾക്ക് സ്ഥാനമാനങ്ങൾ നൽകാൻ തയ്യാറുള്ളവർക്ക് കുഞ്ഞിമാളുവിനെ കാഴ്ചവെച്ചു... അമ്മയെ ലക്ഷ്യം വെച്ചു നീക്കിയ കരുവാണത്. പക്ഷേ കുഞ്ഞിമാളുവാണ് അകപ്പെട്ടത്.ഇനി അയാൾക്ക് അമ്മയെ ആവശ്യമില്ല. മാധുരിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിമാളുവിനെ തൊടാൻ ഇനി വരേണ്ട കാര്യവുമില്ല. അയാൾ പോയി .. അയാളുടേതെല്ലാം എടുത്തു കൊണ്ടു തന്നെ പോയി. അയാൾക്ക് ആവശ്യമില്ലാത്ത കുറച്ച് വസ്തുക്കളും അമ്മയേയും ഇവിടെ ഉപേക്ഷിച്ച് തന്ത്രപരമായി അയാൾ കടന്നു കളഞ്ഞു " "സുദീ.. "സർവശക്തിയുമെടുത്ത് ശ്രീവിദ്യ വിളിച്ചു.

വെടിയേറ്റ മൃഗത്തേപ്പോലെ അവരിൽ നിന്നൊരു ഞരക്കം പുറത്ത് വന്നു. "നീയെന്താ പറഞ്ഞത് .. ജി.കെ.എൻ്റെ കുഞ്ഞിമാളുവിനെ." അവർ കിതച്ചു കൊണ്ട് നോക്കി. "നിങ്ങളുടെ ഇളയമകളിതാ നിൽക്കുന്നു. ചോദിച്ചു നോക്ക്. എന്നിട്ടും ജി.കെ യാ ണ് വിശ്വാസമെങ്കിൽ മകളെ കൊണ്ട് ചെന്ന് പരിശോധന നടത്ത്.. എത്ര പേരാൽ എത്ര ദിവസം പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കൽ ടെസ്റ്റ് പുറത്തു കൊണ്ടുവരും". മാധുരിയുടെ ഹൃദയം ഉടഞ്ഞു. അവൾ മാളവികയെ തന്നോട് ചേർത്തു പിടിച്ചു.അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അവൾ ജ്വലിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് നേരെ കൈ ചൂണ്ടി " നിങ്ങളായിരുന്നില്ല സ്ത്രീയേ.. ഞാനായിരുന്നു ഈ കുഞ്ഞിമാളുവിൻ്റെ അമ്മ .. പൊന്നുപോലെ എൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചതാണ് ഞാനിവളെ.. കാമുകനും രണ്ടാംഭർത്താവിനും പായ വിരിക്കുന്ന സുഖത്തിൽ സ്വന്തം മകളെ മറന്നു പോകുന്ന നെറികെട്ട സ്ത്രീകളിൽ ഒരുത്തിയാണ് നിങ്ങൾ .... അങ്ങനെയുള്ള സ്ത്രീകൾ മകളെ വിശ്വസിക്കില്ല.

അവളുടെ നേർക്ക് ചായുന്ന കാമുകൻ്റെ നോട്ടം കാണില്ല. എന്തിന് വേണമെങ്കിൽ അയാളുടെ ഇംഗിതത്തിന് അനുകൂലമമായി കണ്ണടയ്ക്കുകയും ചെയ്യും.. '' "മാധുരി .. " ശ്രീവിദ്യ പിടഞ്ഞു. "ഞാനിവളെ കൊണ്ടു പോകുന്നു. ജി.കെ യുടെ കണ്ണിലൂടെ ലോകം കാണുന്ന, ജി.കെ യുടെ വാക്കുകളിലൂടെ സംസാരിക്കുന്ന അയാളുടെ ചിന്തകളെ ശിരസിലേറ്റുന്ന നിങ്ങളെ കുഞ്ഞിമാളുവിന് ഭയമാണ്. " മാധുരിയുടെ വാക്കുകൾക്ക് മുന്നിൽ ശ്രീവിദ്യ സ്വയം തകർന്ന് നിന്നു. അവരുടെ നിറമിഴികൾ മകളിൽ ചെന്ന് തടഞ്ഞു നിന്നു.ആരോ തല്ലിക്കൊഴിച്ചിട്ട പൂങ്കുല പോലെ നിൽക്കുന്നു തൻ്റെ കുഞ്ഞിമാളു. " സത്യമാണോ മോളേ.. " വിങ്ങൽ വന്നടഞ്ഞ ശബ്ദത്തോടെ അവർ ചോദിച്ചു. മാളവിക തലയാട്ടി. അവൾക്കുള്ളിൽ പരിഹാസം ഇരമ്പി. " ഇങ്ങനെയൊരു ചോദ്യം അമ്മയിൽ നിന്ന് കേൾക്കാൻ ഞാനൊരു പാട് കൊതിച്ചു.അതു ചോദിക്കേണ്ട സമയത്ത് അമ്മ ചോദിച്ചിരുന്നുവെങ്കിൽ..എന്നെയൊന്ന് മനസിലാക്കിയിരുന്നെങ്കിൽ.. "ഓരോ വാക്കുകളും ശ്രീവിദ്യയെ ഉലച്ചു. "മാധുരി .. ഞാൻ പോകുന്നു" സുദീപ് യാത്ര പറഞ്ഞു. ഒരു വേള അയാളുടെ കണ്ണുകൾ കുഞ്ഞിമാളുവിൽ തട്ടി നിന്നു. "ഏട്ടനും നിന്നെ മനസ്സിലായില്ല മോളേ.. അല്ല.. മനസിലാക്കാൻ ശ്രമിച്ചില്ല. അതാവും ശരി.. "

.സുദീപ് മുന്നോട്ട് നടന്നു പോയി. "കുഞ്ഞിമാളു പോയി ഒരുങ്ങി വരൂ "മാധുരി പറഞ്ഞു. അമ്മയെ ഒന്നു നോക്കിയിട്ട് മാളവിക അകത്തേക്ക് പോയി. ഇരുപത് മിനിട്ടെടുത്തു അവൾ റെഡിയായി വരാൻ. മാധുരി അവളെയും കാത്ത് പൂമുഖ തിണ്ടിലിരുന്നു. മകൾ തയാറായി വരുന്നതും തന്നോടൊരു വാക്കു പോലും പറയാതെ മാധുരിയ്ക്ക് ഒപ്പം പടിയിറങ്ങിപ്പോകുന്നതും ശ്രീവിദ്യ കണ്ടു. ഓടി വന്ന് പൂമുഖത്തെ ഉരുളൻ തൂണിൽ പിടിച്ചു നിന്ന് ശ്രീവിദ്യ അവളെ നോക്കി നിശബ്ദം കണ്ണീരൊഴുക്കി . അപ്പോൾ മാധുരിയുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.പരിചയമില്ലാത്ത നമ്പർ. അവൾ കോളെടുത്തു. ട്രാഫിക് പോലീസാണ് വിളിച്ചത്. മാധ്യമ പ്രവർത്തകൻ സുദീപ്.എസ്.കുമാർ ആക്സിഡൻ്റിൽ പെട്ടുവെന്ന് വിളിച്ചറിയിക്കുകയായിരുന്നു .ഫോണിൽ അവസാനം വിളിച്ച നമ്പർ കണ്ടെത്തിയാണ് വിവരം അറിയിക്കുന്നതെന്നും ട്രാഫിക് പോലീസുകാരൻ പറഞ്ഞു. ടിപ്പറുമായി കൂട്ടിയിടിച്ചു കാറിൻ്റെ മുൻഭാഗം മുഴുവനും തകർന്നു പോയി. ആളെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. സ്ഥിതി ഗുരുതരമാണ്......(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story