ദൂരെ: ഭാഗം 22

Dhoore

രചന: ഷൈനി ജോൺ

സുദീപിൻ്റെ സ്ഥിതി ഗുരുതരമായിരുന്നു. മാധുരിയ്ക്കൊപ്പം മാളവികയും ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് പോയി. സുദീപ് അപകടനില തരണം ചെയ്തിട്ടില്ലായിരുന്നു. മാധ്യമ പ്രവർത്തകന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് എന്ന് എല്ലാ മാധ്യമങ്ങളും ഇടതടവില്ലാതെ വാർത്ത നൽകുന്നുണ്ട്. ഉച്ചയോടെ വർത്തയുടെ സ്വഭാവം മാറി. മാധ്യമ പ്രവർത്തകനെ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം എന്ന നിലയിലേക്ക് കാര്യങ്ങൾ വളരെ വേഗം മാറി. മാധുരി തനിക്ക് കഴിയാവുന്നത്രയും സ്വാധീനം ഓരോയിടത്തും ചെലുത്തുന്നുണ്ടായിരുന്നു.

സുദീപിനെ ആരോ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന ദുരൂഹത സംഭവത്തിൽ ആരോപിക്കപ്പെട്ടതോടെ മാധ്യമങ്ങൾ ഒത്തുചേർന്ന് വൻ വർത്താപ്രാധാന്യത്തോടെ തന്നെ വിവരങ്ങൾ പുറത്തുവിട്ടു. പ്രമുഖ മാധ്യമങ്ങൾക്കെല്ലാം ആശുപത്രി പരിസരത്ത് വെച്ചു തന്നെ മാധുരി ബൈറ്റ് നൽകി. ജി.കെയെ കുറിച്ചുള്ള തുറന്നു പറച്ചിലുകളായിരുന്നു പലതും. ജി.കെ പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുക എന്നതു തന്നെയായിരുന്നു അവളുടെ ലക്ഷ്യം. കേസിൽ ജി.കെ.ഉൾപ്പെട്ടാൽ ഉടനെ കുഞ്ഞിമാളുവിനെ കൊണ്ട് പരാതി കൊടുപ്പിക്കണം. ഇനി അയാൾ തലയുയർത്തരുത്. പത്തിയിൽ തന്നെ തല്ലിച്ചതച്ചു കൊല്ലണം.

മാധുരി അതിനു വേണ്ടി ഓടി നടന്നു. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ സുദീപിൻ്റെ തൃശൂരിലുള്ള ചില ബന്ധുക്കൾക്കൊപ്പം മാളവികയെയും അവൾ നിർത്തി. കോഴിക്കോട് നിന്ന് മീര ഏത് സമയത്തും എത്താം. വെറുപ്പോടെ അവളെ സമീപിക്കരുതെന്നും ആശ്വസിപ്പിക്കണമെന്നും മാധുരി മാളവികയെ പറഞ്ഞേൽപിച്ചു. അവൾക്ക് എവിടെയോ പോകാനുണ്ടെന്ന് മാളവികയ്ക്ക് തോന്നി. "മധുച്ചേച്ചി എവിടെ പോകുന്നു" അവളുടെ കൈ പിടിച്ചു കൊണ്ട് മാളവിക ചോദിച്ചു. " ഒരിടം വരെ.. കുഞ്ഞിമാളു ഇവിടെ നിൽക്കൂ.. ജി.കെ.യെ അടിച്ച് ഇരുത്താനുള്ള ഒരു പദ്ധതി എൻ്റെ കൈവശമുണ്ട്.അതു പ്രയോഗിക്കണം.അതിനു വേണ്ടി ചില കാര്യങ്ങൾ നീക്കാനുണ്ട്."

മാധുരി അവളുടെ കവിളിലൊന്നു തട്ടിയിട്ട് പുറത്തേക്ക് പോയി. തനിക്കിനി ഇവിടെ ചെയ്യാൻ കുറച്ചേറെ കാര്യങ്ങൾ ഉണ്ടെന്ന് മാധുരി കണക്കുകൂട്ടി. മാളവിക അത് നോക്കി ഭിത്തിയിൽ ദേഹമർപ്പിച്ച് നിന്നു. മിരേച്ചി ഇതുവരെ വന്നിട്ടില്ല. വിവരം അറിയുമ്പോൾ എന്തായിരിക്കും പ്രതികരണം. സുദീപേട്ടന് ഒരാപത്ത് വന്നാൽ മീരേച്ചി സഹിക്കില്ല. പ്രണയിച്ച് വിവാഹം കഴിച്ച്, അതേ പ്രണയം പരസ്പരം ഇപ്പോഴും സൂക്ഷിക്കുന്നവരാണവർ. അൽപ്പം മാറി ശ്രീവിദ്യ നിൽക്കുന്നുണ്ടായിരുന്നു. ഒരു പ്രതിമ പോലെയാണ് നിൽപ്പ്. ജി.കെയെ വിവാഹം കഴിക്കാനായി അമ്മ ആദ്യം കൺവിൻസ് ചെയ്തത് സുദീപേട്ടനെയും മീരേച്ചിയേയുമാണ്. കാര്യങ്ങൾ തനിക്ക് അനുകൂലമായി സംസാരിക്കാൻ അമ്മയ്ക്ക് പണ്ടേ മിടുക്കുണ്ട്.

സുദീപേട്ടനെ ജി.കെയുമായി അടുപ്പിച്ചതും അമ്മയാണ്.ജി.കെ വളരെ സമർത്ഥമായി സുദിപേട്ടനെ അയാൾക്ക് വേണ്ടി ഉപയോഗിച്ചു. ഒടുവിൽ അയാളുടെ മുഖം സുദീപ് തിരിച്ചറിഞ്ഞെന്ന് ബോധ്യമായതോടെ കൊന്നുകളയാൻ തന്നെ തീരുമാനിച്ചു. പത്രപ്രവർത്തകനായ സുദീപിനെ അയാൾക്ക് ഭയമുണ്ടായിരിക്കണം. ചിന്തിച്ച് നിൽക്കവേ ഇടനാഴിയിൽ നിന്നൊരു അലറിക്കരച്ചിൽ കേട്ടു . മിരേച്ചി വരുന്നു.പാർവണമോളെ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്. ഒപ്പം അമ്മമ്മ, സുദീപേട്ടൻ്റെ ജ്യേഷ്ഠൻമാർ, ബന്ധുക്കൾ. മാളവികയെ കണ്ട് "മാളൂ" എന്ന കരച്ചിലോടെ മീര ഓടി അടുത്തുവന്നു. ഓടി വന്ന് അവളുടെ കൈ പിടിച്ചു. " നിന്നോട് ചെയ്തതിനൊക്കെ ദൈവം ശിക്ഷിച്ചു കുഞ്ഞിമാളൂ" മീര വിങ്ങി. " സുദീപേട്ടൻ എന്നോടെല്ലാം പറഞ്ഞു.

അഭയം തേടിവന്ന നിന്നെ ഞാനാണ് അവർക്കൊപ്പം ഇറക്കിവിട്ടത്. അതിൻ്റെ ശിക്ഷയാണ് എനിക്ക് ഈ വിധി. " മാളവിക ഒന്നും പറഞ്ഞില്ല .മീരയുടെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി. "എൻ്റെ കുഞ്ഞിമോളേ " എന്ന് അമ്മമ്മ അവളുടെ കൈ പിടിച്ചു വിതുമ്പി. മാളവികയുടെയും മിഴികൾ നിറഞ്ഞു. "കരയരുത്.." അവർ വിതുമ്പിക്കൊണ്ട് ശ്വസിച്ചു. "എൻ്റെ കുട്ടിയെ ഒന്നും ചെയ്യാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. എൻ്റെ മോള് പഴയത് പോലെ ഓടിച്ചാടി നടക്കണം. ബാംഗ്ലൂര് പോയി പഠിച്ച് മിടുക്കിയായി തിരിച്ചു വരണം." അവർ മാളവികയുടെ വലംകൈ പിടിച്ചു ചുംബിച്ചു അപ്പോഴാണ് അൽപ്പം ദൂരെ നിൽക്കുന്ന ശ്രീവിദ്യയെ കണ്ടത്. അമ്മമ്മ വേഗത്തിൽ അങ്ങോട്ടു ചെന്നു. ശ്രീവിദ്യ നനഞ്ഞ മിഴികളുമായി അമ്മയെ നോക്കി.

ആ നെഞ്ചിൽ വീണൊന്ന് കരയാനുള്ള മോഹം അവളിൽ വന്നലച്ചു. പക്ഷേ അപ്പോഴേക്കും ചെവിടത്ത് ഒരടി വീണിരുന്നു. അതേ നിമിഷം തന്നെ ചുമലിലും നെഞ്ചിലുമെല്ലാം തുരുതുരെ അടി വീണു. "ഇത് നിനക്ക് ഞാൻ നേരത്തെ തരേണ്ടതായിരുന്നു വിദ്യേ. എങ്കിൽ എൻ്റെ കുഞ്ഞിമാളു രക്ഷപെട്ടേനെ. ഒരുത്തനെ കൂടെ കിടത്തിയിട്ട് അവൻ പറയുന്നതൊക്കെ ദൈവ വാക്യമാക്കി നടന്ന്, പെൺമക്കളെ ദ്രോഹിക്കാൻ കൂട്ടുനിൽക്കുന്ന നിന്നെയൊക്കെ തല്ലി കൊല്ലുകയാണ് വേണ്ടത് " ശ്രീവിദ്യ മുഖം പൊത്തി ചലിക്കാതെ നിന്നു.അവൾക്ക് ആരെയും നേരിടാനുള്ള ധൈര്യമുണ്ടായില്ല. കണ്ണുകൾ മാത്രം നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. "രണ്ടാം കെട്ട് ഒരു മോശമായ കാര്യമൊന്നുമല്ല ..

പക്ഷേ കൂടെ താമസിക്കുന്നത് തൻ്റെ കുഞ്ഞിൻ്റെ ജീവിതം നശിപ്പിക്കുന്നവനോ രക്ഷിക്കുന്നവനോ എന്ന് ഒരമ്മ തിരിച്ചറിയണം. കുഞ്ഞുങ്ങളുടെ പരാതി കേൾക്കാൻ ചെവിയുണ്ടാകണം. അവരെ മനസിലാക്കണം. അല്ലാതെ സ്വന്തം സുഖത്തിന് വേണ്ടി കണ്ണടയ്ക്കരുത്." കാഴ്ചക്കാരായി നിന്നവരുടെ നോട്ടമേറ്റ് ശ്രീവിദ്യ ചൂളി നിന്നു. മാളവിക ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല. പാർവണ മോളുമായി ചെന്ന് ഒരു കസേരയിലിരുന്നു. മോളുടെ ചിരിയും കളിയും അവളുടെ മനസു നോവിച്ചു. അമ്പലക്കുന്ന് കണ്ണാ ഈ കുഞ്ഞിന് അതിൻ്റെ അച്ഛനെ തിരിച്ചു നൽകണേ എന്ന് മനസിടറി പ്രാർത്ഥിച്ചു പോയി. മീരയും വന്ന് അവർക്കരികിലിരുന്നു. അവൾ അവിടെയിരുന്ന് വിങ്ങിവിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.

മാളവികയുടെ ഉള്ളിൽ മാധുരി തിരിച്ചു വന്നെങ്കിൽ എന്ന ചിന്തയായിരുന്നു. ഈ അവസ്ഥയിൽ തനിക്ക് തനിച്ചാവാൻ വയ്യ. മാധുരി എത്തിയത് വൈകിട്ടാണ്. അപ്പോഴേക്കും സുദിപിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. മാളവിയെയും പാർവണമോളെയും അമ്മയെയും കൂട്ടി അവൾ അമ്പലക്കുന്നിലേക്കു തന്നെ പോയി. ശ്രീവിദ്യ മീരയ്ക്ക് സഹായിയായി ആശുപത്രിയിൽ തന്നെ നിന്നു. പക്ഷേ മീര അമ്മയെ തീർത്തും അവഗണിച്ചു കളഞ്ഞു. അമ്പലക്കുന്ന് എത്തിയതും മാധുരി ചെന്ന് ടി.വി ഓൺ ചെയ്തു. "ജി.കെയ്ക്ക് നല്ലൊരു സമ്മാനം ഒരുക്കി വെച്ചിട്ടാണ് ഞാൻ വന്നത് "മാളവികയുടെ അടുത്തിരുന്നു കൊണ്ട് മാധുരി പറഞ്ഞു. "നീ നോക്ക് " വാർത്താ ചാനൽ തുറന്നപ്പോൾ രാഷ്ട്രിയ പ്രമുഖന് നേരെ ലൈംഗിക ആരോപണവുമായി മകൾ എന്ന വാർത്തയാണ് കേട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം നൂറ്റിമുപ്പത്താറ് വോട്ടിന് മാത്രം പരാജയപ്പെട്ട ഗോപികൃഷ്ണൻ എന്ന ജി.കെയ്ക്ക് എതിരെയാണ് മകൾ പരാതി നൽകിയത്.അടുത്തു വരുന്ന തെരഞ്ഞെടുപ്പിൽ വിജയസാധ്യത കൽപ്പിക്കുന്ന നേതാവാണ് ജി.കെ .. റിപ്പോർട്ടറുടെ വിവരണം കേട്ട് മാളവിക അത്ഭുതപ്പെട്ടു നോക്കി. മാധുരി അവളുടെ കൈ പിടിച്ചു. "അമൃതയുടെ കാര്യം മുമ്പ് കുഞ്ഞിമാളു പറഞ്ഞത് എനിക്ക് ഓർമയുണ്ടായിരുന്നു. ഞാൻ ചെന്ന് കണ്ടു. ആ കുട്ടിയ്ക്ക് പരാതി നൽകാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ കൂടെ നിൽക്കാൻ ഒരാൾ ഉണ്ടായിരുന്നില്ല. അതാണ് അയാളുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ആ അമ്മയേയും മകളേയും നിശബ്ദരാക്കിയത്. ആ കേസ് മിറർ ഏറ്റെടുത്തു. ഞാൻ ജി.കെയെ ഇതു വെച്ച് പൂട്ടും.

അമൃതയ്ക്ക് പതിനാല് വയസായ നാൾ മുതലാണ് ജി.കെയുടെ മനോവൈകൃതം പുറത്ത് വന്നത്. അന്നു മുതൽ പല വിധത്തിൽ ആ കുട്ടിയെ അയാൾ ഉപയോഗിച്ചു. രക്ഷപ്പെട്ട് ആ വീട്ടിൽ നിന്ന് കടന്നു കളഞ്ഞിട്ടും പിൻതുടർന്നു. പല ഉന്നതർക്കും കൂട്ടിക്കൊടുത്ത് തൻ്റെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ശ്രമിച്ചു. അമൃതയ്ക്ക് ഇപ്പോൾ പതിനെട്ട് കഴിഞ്ഞെങ്കിലും കേസിൽ പോക്സോയും ഉൾപ്പെടും... അറസ്റ്റ് ഉടനെ ഉണ്ടാകും" മാളവിക അവളെക്കുറിച്ച് ഓർക്കുകയായിരുന്നു. മെലിഞ്ഞു നീണ്ട് ഓമനത്തമുള്ള മുഖവുമായി ഒരിക്കൽ ഈ പടി കയറി വന്നത്. തനിക്ക് മുന്നറിയിപ്പു നൽകിയത്.ആ മുഖം പിന്നെ എന്നേക്കും വേദനയായിരുന്നു മനസിൽ. അവളുടെ പ്രവചനം ഫലിച്ചു. മുന്നറിയിപ്പുകൾ സത്യമായി.. അതേ അനുഭവം തന്നെയാണ് തന്നെയും കാത്തിരുന്നത്. " ഞാനും പരാതി നൽകണ്ടേ മധുചേച്ചി. " മാളവിക ചോദിച്ചു. "എനിക്കു നേരിട്ട പീഡനവും നിയമത്തിൻ്റെ മുന്നിലെത്തണ്ടേ ..

ഇത് മൂടിവെക്കാൻ പാടുണ്ടോ.? എനിക്ക് അയാളെ വെറുതെ വിടാൻ കഴിയില്ല.' മാധുരി അവളുടെ തോളിൽ കൈവെച്ചു. "നമ്മൾ പരാതി നൽകും .പക്ഷേ അതിപ്പോൾ വേണ്ട. അതിന് ഒരു അവസരം വരും.. ഇപ്പോൾ വേണ്ടെന്ന് പറയാൻ കാരണം കുഞ്ഞിമാളുവിൻ്റെ മനസ് ശരിയല്ലാന്ന് മധു ചേച്ചിയ്ക്ക് അറിയാം എന്നതുകൊണ്ടാണ്. കുഞ്ഞിമാളുവിനെ എനിക്ക് വീണ്ടെടുക്കേണ്ടതുണ്ട്. കേസും കൂട്ടവുമായി കോടതി കയറിയിറങ്ങിയാൽ വക്കീലൻമാരുടെ ദയാരഹിതമായ ചോദ്യങ്ങൾ കുഞ്ഞിമാളുവിൻ്റെ മനസ് തകർക്കും .. വരട്ടെ.. ആദ്യം ഒരു പ്രശ്നം.. അതിൽ നിന്ന് രക്ഷപെടും മുമ്പേ അടുത്തത് .. നിനക്കേറ്റ അപമാനത്തിന് നമ്മൾ കണക്കു തീർത്തിരിക്കും " ആ വാക്കുകളിലെ തീ മാളവികയുടെ മനസു തൊട്ടു.ആ ചുമലിൽ കുഞ്ഞിമാളു തല ചായ്ച്ചിരുന്നു.

കണ്ണുകൾ നിറഞ്ഞു. കരയരുത്. പക്ഷേ മനസ് എരിഞ്ഞു കൊണ്ടിരുന്നു. "കുഞ്ഞിമാളുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഞാനൊരു പരാതി നൽകിയിട്ടുണ്ട്. കോടതി കുഞ്ഞിമാളുവിൻ്റെ സംരക്ഷണം എന്നെ ഏൽപ്പിക്കണം .. അധികാരത്തോടെ തന്നെ നിന്നെ എനിക്ക് ഇവിടെ നിന്ന കൊണ്ടുപോകാൻ കഴിയണം. ഹേബിയസ് കോർപസ് ഹർജി.മധുച്ചേച്ചി പറയുന്നത് പോലെയൊക്കെ കുഞ്ഞിമാളു കോടതിയിൽ പറയണം. പിന്നെ നിനക്കറിയാമല്ലോ നീയും നിയമം പഠിക്കുന്നവളല്ലേ". മാധുരിയുടെ വാക്കുകൾക്ക് മാളവിക മറുപടിയൊന്നും പറഞ്ഞില്ല. ഇപ്പോൾ കിട്ടിയ വർത്ത എന്ന് ടിവിയിൽ പുതിയ അപ്ഡേഷൻ വന്നു തുടങ്ങി. " മകളെ പീഡിപ്പിച്ചു - ഗോപീകൃഷ്ണൻ ചാലിശേരി അറസ്റ്റിൽ .മാധ്യമ പ്രവർത്തകർ സുദീപ്.എസ്.കുമാറിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിലും പ്രതിസ്ഥാനത്ത്. " തുടർന്ന് ജി.കെയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങളും അവർ കണ്ടു. .......(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story