ദൂരെ: ഭാഗം 23

Dhoore

രചന: ഷൈനി ജോൺ

കോടതിയിൽ മാളവിക തനിക്ക് മാധുരിയുടെ കൂടെ പോകണമെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.ശ്രീവിദ്യയ്ക്ക് ഇനി അവളെ തടയാൻ ധൈര്യമില്ലെന്ന് മാധുരിയ്ക്ക് അറിയാമായിരുന്നു.എന്നാൽ നിയമപരമായി അവൾ തൻ്റെ ചുമതലയിലെത്തണമെന്ന് മാധുരി ആഗ്രഹിച്ചു. ജി.കെ.ജയിലിലായിക്കഴിഞ്ഞ് മൂന്നാമത്തെ ആഴ്ചയിലാണ് അവൾക്ക് അനുകൂലമായ വിധി വന്നത്. അതിനിടെ സുദീപ് രഹസ്യമായി ശേഖരിച്ച് പെൻ ഡ്രൈവിൽ സൂക്ഷിച്ച ജി.കെയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ മീര മാധുരിയ്ക്ക് കൈമാറിയിരുന്നു.മാധുരി അത് പത്രസമ്മേളനം വിളിച്ച് ചാനലുകൾക്കും പത്രങ്ങൾക്കും കൈമാറി. കേരളത്തിൽ അതീവ രഹസ്യമായി നടത്തിവന്നിരുന്ന ലക്ഷ്യറി പെൺവാണിഭ റാക്കറ്റിൻ്റെ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളാണ് ജി.കെ എന്ന് വ്യക്തമാക്കുന്ന തെളിവുകൾ.

പാർട്ടി മറയാക്കി നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ രണ്ട് സുപ്രധാന അഴിമതികൾ. സഹകരണ ബാങ്കിൻ്റെ പ്രധാന പദവിയിലിരുന്ന് നടത്തിയ അമ്പതു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് . കൂടാതെ കള്ളനോട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വരികയുമായിരുന്നു. അതിനിടെയാണ് ആ അപകടം സംഭവിച്ചത്. ആ പെൻഡ്രൈവിലെ വിവരങ്ങൾ മാധുരിയെ അത്ഭുതപ്പെടുത്തി.ഏതാനും ദിവസങ്ങൾ കൊണ്ടാണ് സുദിപേട്ടൻ അതെല്ലാം ശേഖരിച്ചതെന്ന് വ്യക്തം.ജി.കെ യുടെ മുഖം മൂടി അനാവൃതമായതു മുതൽ സുദീപേട്ടൻ അയാൾക്ക് പിന്നാലെയുണ്ടായിരുന്നു എന്ന് വ്യക്തം. വാർത്തകളുടെ ശക്തമായ സോഴ്സുകൾ കണ്ടെത്തി.ജി.കെയെ അടിവേരറുത്ത് വീഴ്ത്താൻ തന്നെയായിരുന്നു ഉദ്ദേശം. അത് തിരിച്ചറിഞ്ഞിട്ടാവാം ജി.കെ ആ അപകടം സൃഷടിച്ചത്. കോടതിയിൽ നിന്ന് തിരിച്ചു വരുന്നതിനിടെ മാധുരിയും മാളവികയും ആശുപത്രിയിൽ കയറി സുദീപിനെ കണ്ടു.

അയാളെ വാർഡിലേക്ക് മാറ്റിയിരുന്നു. രണ്ടു കാലുകളിലും കമ്പിയിട്ട് കിടത്തിയിരിക്കുകയാണ്. മാളവികയ്ക്ക് ആ റൂമിലേക്ക് കയറാൻ തോന്നിയില്ല. അവൾ പുറത്തു നിന്നു. മാധുരി അകത്ത് ചെല്ലുമ്പോൾ സുദീപ് ഉണർന്നു കിടക്കുകയായിരുന്നു. മീരയും ശ്രീവിദ്യയും പുറത്ത് നിൽപ്പുണ്ടായിരുന്നു. .അവരെ കണ്ടതുകൊണ്ടാവാം മാളവിക വരാൻ കൂട്ടാക്കാഞ്ഞതെന്ന് മാധുരിയ്ക്ക് തോന്നി.അവരെ ഒന്നു നോക്കിയിട്ട് മാധുരി അകത്തേക്ക് കടന്നു മാധുരിയെ കണ്ട് സുദീപ് വാടിയ ഒരു മന്ദഹാസം സമ്മാനിച്ചു.മാധുരി അടുത്തുചെന്നു. "നന്ദി.. " സുദീപ് പറഞ്ഞു. "എൻ്റെ പരിശ്രമങ്ങൾ ഒന്നും പാഴായില്ല.മാധുരിയോടെനിക്ക് ബഹുമാനം തോന്നുന്നു. ജി.കെ ജയിലിനകത്തായി. അയാളുടെ കപടമുഖം ലോകത്തിന് മുന്നിൽ വെളിപ്പെട്ടു. സി.ഐ.വിനോദിൻ്റെ തൊപ്പി തെറിച്ചു. " സുദീപിൻ്റെ കണ്ണുകൾ തിളങ്ങി.

"ജി.കെ യുടെ സ്വാധീനം കുറച്ചു കാണണ്ട. അയാൾ വളരെ കുറച്ച് കാലം മാത്രമേ ജയിലിൽ കിടക്കാനിടയുള്ളു. "മാധുരി സുദീപിന് അടുത്തിരുന്നു. "നിങ്ങളൊക്കെ ചേർന്ന് കുഞ്ഞിമാളുവിൻ്റെ ജീവിതം വെച്ചു കളിച്ചു. അറിഞ്ഞോ അറിയാതെയോ ആവട്ടെ.. അവൾക്ക് നഷ്ടമായത് അവളുടെ ജീവിതമാണ്. അവളുടെ നിയമപരമായ ഗാർഡിയൻ ഇപ്പോൾ ഞാനാണ്. ഇന്ന് വൈകിട്ട് ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോകും." മാധുരിയുടെ സംസാരം കേട്ട് സുദിപിൻ്റെ മുഖത്തെ വെളിച്ചം കെട്ടു പോയി. " കുഞ്ഞിമാളുവിനോട് ഞാൻ സോറി പറഞ്ഞതായി മധു പറയണം.അമ്മ ജി.കെയെ വിവാഹം കഴിച്ചതല്ല, ഞാനും മീരയും അവളെ അയാൾക്കൊപ്പം പറഞ്ഞയച്ചതാണ് യഥാർത്ഥത്തിൽ എല്ലാത്തിനും കാരണമായത്." അയാളുടെ വാക്കുകളിലെ കുറ്റബോധം മാധുരിയിലേക്ക് പടർന്നു. "കുഞ്ഞിമാളു പുറത്ത് നിൽക്കുന്നുണ്ട്.. ഇങ്ങോട്ട് വിളിച്ചിട്ട് കയറി വന്നില്ല. മീര ചേച്ചിയോടും വിദ്യാൻ്റിയോടും അവൾ സംസാരിക്കാറില്ല. സുദീപേട്ടനെ കാണാനും താത്പര്യമില്ലെന്ന് തോന്നുന്നു.

ഞാൻ നിർബന്ധിച്ചില്ല. അവളുടെ ഇപ്പോഴത്തെ മനസിനെക്കുറിച്ച് എനിക്കൊരു ധാരണയുമില്ല. പഴയ കുഞ്ഞിമാളുവിനെ എനിക്കറിയാം. ആ സംഭവത്തിന് ശേഷമുള്ള കുഞ്ഞിമാളു എനിക്ക് അപരിചിതയാണ്. " മാധുരിയുടെ വാക്കുകൾ സുദീപിനെ ഉലച്ചു. അമ്പലക്കുന്നിലൂടെ പട്ടുപാവാടയണിഞ്ഞ് മുടി വിടർത്തിയിട്ട് ഓടി നടക്കുന്ന ആ സുന്ദരി പെൺകിടാവിൻ്റെ നക്ഷത്രക്കണ്ണുകൾ ഓർമ വന്നു. അവളുടെ നിലാച്ചന്തമുള്ള ചിരി.. വൈഡൂര്യം പോലെ തിളങ്ങുന്ന മൂക്കിൻ തുമ്പത്തെ ചുവന്ന മുക്കൂത്തിക്കല്ലുകൾ. കവിളിലെ ആഴമുള്ള നുണക്കുഴികൾ.. അവളുടെ മിഴികളിലെ നക്ഷത്രങ്ങളെ കെടുത്താനും ചിരികൾ തല്ലിക്കൊഴിക്കാനും താനും കൂടി കൂട്ടുനിന്നല്ലോ എന്നോർത്ത് അയാൾ ഉരുകി. " പോട്ടെ..കാണാം .. ഇനി വരുമ്പോഴേക്കും സുദീപേട്ടന് സുഖമായിരിക്കട്ടെ ".മാധുരി എഴുന്നേറ്റു. അവൾ നടന്നു പോകുന്നത് നോക്കി സുദീപ് കിടന്നു. അവൾ ഇറങ്ങിച്ചെല്ലുമ്പോൾ കോറിഡോറിലെ ജനാലയിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് മാളവിക .മാധുരി ചെന്ന് ചുമലിൽ കൈവെച്ച് "മാളു "

എന്ന് വിളിച്ചിട്ടും അറിഞ്ഞില്ല. കുലുക്കി വിളിച്ചപ്പോൾ ഞെട്ടിത്തിരിഞ്ഞു നോക്കി. വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു മുഖം. "എനിക്ക് അയാളെ കൊല്ലണം മധു ചേച്ചി. ജി.കെയെ . അയാളുടെ തോളിൽ വെട്ടി പരിക്കേൽപ്പിക്കാനേ കഴിഞ്ഞുള്ളു. കഴുത്തിൽ വെട്ടണം.. തലയും ഉടലും രണ്ടാക്കണം ... " അവളുടെ തീ പിടിച്ച ഭാവം കണ്ട് മാധുരിയിൽ ഒരു ഭയം പടർന്നു. കുഞ്ഞിമാളുവിന് അവളുടെ മനസ് കൈവിട്ട് പോകുകയാണോ? അതുണ്ടാവരുത്. അവൾ ഉടലോടെ, ജീവനോടെ കത്തിയെരിയുകയാണ്. അവളുടെ ആത്മാവിനെ തണുപ്പിച്ചേ പറ്റൂ. "വരൂ കുഞ്ഞിമാളൂ"മാധുരി അവളുടെ കൈ പിടിച്ചു. "ജി.കെയെ നമ്മൾ കൊല്ലാക്കൊല ചെയ്തു കഴിഞ്ഞു. അയാളുടെ എല്ലാ വിധ സത് പേരും നശിച്ചു കഴിഞ്ഞു. ഇനിയും ഞാനയാളെ പിന്തുടരും. ജീവിതം മടുത്ത് അയാൾ ആത്മഹത്യ ചെയ്യുന്നത് വരെ."

പക്ഷെ .. അയാൾ ജീവിക്കരുത്.ഞാനയാളെ കൊല്ലും " അവളുടെ വാക്കുകൾ മാധുരി അവഗണിച്ചു. മാളവികയുടെ കൈ പിടിച്ച് നടന്നു. അമ്പലക്കുന്ന് ചെന്ന് അധികനേരം ചെലവഴിക്കാനില്ലായിരുന്നു.. മാധുരി അവൾക്ക് എടുക്കാനുള്ളത് കൂടി അടുക്കിപ്പെറുക്കി വെച്ചു. പോകുകയാണ്. പക്ഷേ തിരിച്ചു വരേണ്ടി വരും. ജി.കെ ഉള്ളിടത്തോളം കാലം മാളവികയുടെ മനസടങ്ങില്ല. മാളവികയും കുളിച്ച് തയ്യാറായിരുന്നു. പാർവണ മോളും അമ്മമ്മയും മാത്രമാണ് ഇനിയിവിടെ.സുദീപേട്ടൻ്റെ അമ്മയും അനുജനും ഒരു കൂട്ടിന് നാളെ വരുമെന്ന് അവൾ അറിഞ്ഞിരുന്നു. ജനിച്ചു വളർന്ന വീട്ടിൽ നിന്ന് പലായനം ചെയ്യാൻ വിധിക്കപ്പെട്ടവൾ താൻ മാത്രമാണ് ' അവൾ ചിന്താധീനയായി ഇരിക്കുന്നത് കണ്ട് മാധുരി അരികിൽ ചെന്നിരുന്നു. "കുഞ്ഞിമാളുവിന് മായക്കണ്ണനെ കാണണമെന്നുണ്ടോ"? അവൾ ചോദിച്ചു.

മാളവികയുടെ മിഴികൾ നിറഞ്ഞു. വേണ്ട .. ഇനിയൊരു കൂടിക്കാഴ്ചയിൽ മായക്കണ്ണൻ തന്നെ വിട്ടയക്കില്ല. കൂടെ വരണമെന്ന് വാശി പിടിക്കും. അത് താങ്ങാൻ വയ്യ. അമ്പലക്കുന്ന് കണ്ണൻ്റെ മുമ്പിൽ വിവാഹിതനാകാനായി വെളുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് മായക്കണ്ണൻ പോയത് അവൾ ദൂരെ നിന്നും നോക്കി നിന്നിരുന്നു. ചുവന്ന പട്ടുസാരിയുടുത്ത് മുടി നിറയെ മുല്ലപ്പൂവു വെച്ച് ദിവ്യ പുറകെ നടന്നു. പിന്നെ ലച്ചമ്മ , ബന്ധുക്കൾ, നാട്ടുകാർ. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഹൃദയം പിടച്ചുപിടച്ച് പൊട്ടാറായിരുന്നു. കുട്ടിക്കാലം മുതലേ ആ കൈയ്യിൽ തൂങ്ങി അമ്പലക്കുന്ന് എന്ന ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും തൊട്ടു കാണിച്ചതൊക്കെയും ഓർമ വന്നു. മായക്കണ്ണൻ്റെ ചുംബനങ്ങളിൽ ആകെ വിറങ്ങലിച്ച് കിടക്കവേ അടിവയറ്റിൽ അനുഭവപ്പെട്ട കഠിനമായ വേദന ഓർമ വന്നു മാളവികയ്ക്ക് . വിരിപ്പിൽ നിറയെ ചോരക്കുത്തുകൾ വീഴ്ത്തിക്കൊണ്ട് കുഞ്ഞിമാളു മായക്കണ്ണൻ്റെ പെണ്ണായത് ഓർമ വന്നു.മുഖം പൊത്തി നിന്ന് തേങ്ങിക്കരഞ്ഞു. ഓടിച്ചെന്ന് ആ കൈ പിടിച്ച് മായക്കണ്ണാ എൻ്റെ കൂടെ വരൂ എന്നു കരയാൻ തോന്നി.

പിന്നെ മനസടക്കി നിന്നു. പോകട്ടെ... മായക്കണ്ണൻ. പോയി നന്നായി ജീവിക്കട്ടെ.. മായക്കണ്ണനൊപ്പം ജീവിക്കുകയല്ല ഇപ്പോൾ തൻ്റെ ലക്ഷ്യം. മറ്റൊരു ലക്ഷ്യമുണ്ട്.അതു നടന്നാൽ ജയിലിലേക്ക് പോകേണ്ടവളാണ് കുഞ്ഞിമാളു .ലച്ചമ്മ ഇല്ലാതെ ആയാൽ പിന്നെ മായക്കണ്ണന് ആരുമില്ലാതാകും. ദിവ്യ മിടുക്കിയാണ്. മായക്കണ്ണനെ നോക്കാൻ അവൾക്ക് കഴിയും. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ചിത്രമാകെ മാറി. അമ്മമ്മയാണ് വന്നു പറഞ്ഞത്. അമ്പലക്കുന്ന് കണ്ണൻ്റെ മുന്നിൽ വെച്ച് ദിവ്യയുടെ കഴുത്തിൽ താലികെട്ടാൻ മായക്കണ്ണൻ തയ്യാറായില്ലത്രേ. എല്ലാവരും നിർബന്ധിച്ചപ്പോൾ മായക്കണ്ണൻ പൊട്ടിക്കരഞ്ഞു. കുഞ്ഞിമാളുവിനെ മാത്രമേ താലികെട്ടാൻ പാടുള്ളൂ എന്ന് കുഞ്ഞിമാളു പറഞ്ഞിട്ടുണ്ടത്രേ. എന്നിട്ടും നിർബന്ധം മുറുകിയപ്പോൾ ദിവ്യയെ ഉന്തി താഴെയിട്ടു. പൂമാലകൾ വലിച്ചെറിഞ്ഞു.

താലി ചെന്ന് വീണത് അമ്പലക്കുന്ന് കണ്ണൻ്റെ അനുഗ്രഹിക്കുന്ന വലതു കൈവിരലുകളിലാണ്. മായക്കണ്ണൻ എല്ലാം തട്ടിപ്പറിച്ച് ഇറങ്ങിയോടി. ഓടിയോടിപ്പോന്നു. ലച്ചമ്മ അലമുറയിട്ടു കരഞ്ഞു കേൾക്കുമ്പോൾ മിഴികളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി വീണു.എൻ്റ മായക്കണ്ണൻ... എൻ്റെ മായക്കണ്ണൻ എന്ന് പിടച്ചു .പക്ഷേ അമ്മമ്മയുടെ അടുത്ത വാക്കുകൾ ഹൃദയം പൊടിച്ചു കളഞ്ഞു. നടന്നത് ഒരു കല്യാണമായി കരുതാനാണ് കരയോഗം കൂടി തീരുമാനിച്ചതത്രേ. ഇനി മുതൽ ദിവ്യ മായക്കണ്ണൻ്റെ ഭാര്യയാണ്. സബ്ബ് രജിസ്ട്രാർ ഓഫിസിൽ ചെന്ന് അപേക്ഷ നൽകി ഒപ്പുവെയ്പിച്ച് നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തിയാൽ മതിയാകും. ഒപ്പുവെക്കരുതെന്ന് കുഞ്ഞിമാളു പറഞ്ഞിട്ടില്ലല്ലോ. അന്നു രാത്രി പുലരുവോളം കുഞ്ഞിമാളു കിടന്നു കരഞ്ഞു. മായക്കണ്ണനെ എല്ലാവരും കൂടി പൊട്ടനാക്കുകയാണ്.താലികെട്ടാതെയും ഒരു പെണ്ണിന് അവൻ്റെ ഭാര്യയായി മാറാൻ കഴിയുമെന്ന് മായക്കണ്ണന് അറിയില്ല. കുഞ്ഞിമാളു ഇനി ആ ജീവിതത്തിലില്ല.

അന്ന് കണ്ണൻ്റെ മുന്നിൽ നിന്ന് ഗാഢം പുണർന്ന് നിന്നതോടെ തീർന്നു മായക്കണ്ണനും കുഞ്ഞിമാളുവും തമ്മിലുള്ള ബന്ധം. രാധയ്ക്ക് അമ്പാടിക്കണ്ണനെയെന്ന പോലെ കുഞ്ഞിമാളുവിന് മായക്കണ്ണനെ നഷ്ടമാകുകയാണ്. കൃഷ്ണന് രുഗ്മിണിയെ എന്ന പോലെ മായക്കണ്ണന് ദിവ്യയെ പകരം ലഭിക്കുന്നു. മഥുരാപുരിയിലേക്ക് കൃഷണൻ പുറപ്പെട്ട് പോയത് പോലെ മായക്കണ്ണനെ പിന്നിൽ ഉപേക്ഷിച്ച് കുഞ്ഞിമാളു ബാംഗ്ലൂരിലേക്ക് മടങ്ങുന്നു. ഇനി ഒരിക്കലും ആ പ്രണയഗാഥകളിൽ അവർ ഇരുവരും ഉണ്ടായിരിക്കില്ല. വേർപാടിൻ്റെ ദു:ഖഭാരവും ഓർമകളുടെ വിരഹ വേദനയും മാത്രമേ ഇനിയവരുടെ പ്രണയകഥയിൽ ബാക്കിയാകുകയുള്ളൂ. രാധയും കൃഷ്ണനും വീണ്ടുമൊരു കണ്ടുമുട്ടലില്ല.പുന:സമാഗമ വേളയിൽ കാട്ടുവളളിപ്പടർപ്പുകൾക്കിടയിൽ അവർ സ്വയം മറന്ന് പുണർന്നു നിൽക്കില്ല. കുഞ്ഞിമാളുവും മായക്കണ്ണനും ഇനിയൊരിക്കലും കാണരുത് ... ഒരിക്കൽപ്പോലും..... മിഴികൾ മഴ പോലെ പെയ്തു.മാധുരി അവളെ കെട്ടിപ്പിടിച്ചു. സമയമായപ്പോൾ അവർ ബാഗുകളുമായി ഇറങ്ങി.

അമ്മമ്മ കുഞ്ഞിമാളുവിനെ കെട്ടിപ്പിടിച്ച് കുറേയധികം കരഞ്ഞു. പാർവണ മോളുടെ കവിളിൽ ഒരുമ്മ നൽകി അവൾ മാധുരിയ്ക്കൊപ്പം ഇറങ്ങി നടന്നു. സൂര്യ ട്രാവൽസിൽ തന്നെയായിരുന്നു മടക്കം. പുലർച്ചെ നാലിന് ബാംഗ്ലൂരിലെത്തി. നതാഷയും അമീനയും ഒന്നിച്ച് കാറുമായി എത്തിയിരുന്നു. ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്ന് അവർ അവരെ ഡ്രോപ് ചെയ്തു. കുഞ്ഞിമാളു ബാംഗ്ലൂർ നഗരത്തെ കാറിലിരുന്ന് വിക്ഷിച്ചു. അഭിമാനത്തോടെ ഇവിടെ നിന്നും പുറപ്പെട്ടു. അപമാനിതയായി തിരികെ വരുന്നു. ഇനിയെന്താവും സംഭവിക്കുക. കാറിലിരുന്ന് തന്നെ മാധുരി മാളവികയ്ക്ക് സംഭവിച്ച കാര്യങ്ങൾ അവരോട് ചുരുക്കി പറഞ്ഞു. അപ്പോഴേക്കും ഫ്‌ളാറ്റിലെത്തി.അഖിലും സണ്ണിയും ലോലയും ജൂഹിയും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. വീടെല്ലാം അടിച്ച് തുടച്ച് വൃത്തിയാക്കി ഇട്ടിരുന്നു. ചെന്ന പാടേ മാളവികയും മാധുരിയും കുളി കഴിഞ്ഞു വന്നു. ജൂഹി ഭക്ഷണമെടുത്തു വെച്ചിരുന്നു. ചോറും കറികളും ചിക്കൻ ഫ്രൈയും. ഭക്ഷണം കഴിക്കുന്നതിനിടെയും അവർ മാളവികയെക്കുറിച്ചാണ് സംസാരിച്ചത്.

മാളവിക മുഖം കുനിച്ചിരുന്നു. വേഗം ഭക്ഷണം കഴിച്ച് കഴിഞ്ഞെഴുന്നേറ്റു.കൈ കഴുകിയിട്ട് അവൾ തൻ്റെ റൂമിലേക്ക് പോയി. അൽപ്പം കഴിഞ്ഞ് മാധുരി റൂമിലേക്ക് വന്നു. അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.അതു കൊണ്ട് ഉറങ്ങട്ടെ എന്നു പറഞ്ഞ് തൻ്റെ റൂമിലേക്ക് പോയി. വാതിലടച്ച് കിടന്നിട്ടും മാളവികയ്ക്ക് ഉറക്കം വന്നില്ല. മായക്കണ്ണനെ തനിക്ക് നഷ്ടപ്പെട്ടു എന്ന ചിന്ത അസഹനീയമായിരുന്നു. വിവാഹ വേഷത്തിൽ മായക്കണ്ണൻ നടന്നകലുന്നത് നോക്കി നിസഹായയായി നിൽക്കേണ്ടി വന്നു. തന്നെ ക്രൂരമായി കീഴ്പ്പെടുത്തിയ ജി.കെ. ഇന്നും ജീവിച്ചിരിക്കുന്നു .അത് അനുവദിക്കാൻ വയ്യ.. അഗ്നിലാവ പോലെ പൊള്ളിക്കുന്ന മനസുമായി അൽപ്പനേരം പുറത്തേക്കു ചെന്നു.

' അവിടെയിരുന്ന് പുലരി വെളിച്ചത്തിൻ്റെ ഉണർവ്വിലേക്ക് കണ്ണുകൾ നീട്ടിയിരിക്കവേ ചുമലിൽ ആരോ തൊട്ടു. മുഖം തിരിച്ച് നോക്കിയപ്പോൾ നതാഷയാണ്. "കുഞ്ഞമാളുവിന് വല്ലാത്ത സങ്കടമുണ്ടല്ലേ " - അവൾ ഹിന്ദിയിൽ തിരക്കി. മാളവിക മിണ്ടിയില്ല. "വിഷമം മാറാൻ ഒരു സംഗതി ഉണ്ട്.പക്ഷേ ഞാനിത് തന്നതായി മാധുരി അറിയരുത്. " നതാഷ ജീൻസിൻ്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ കവ റെടുത്തു. അതിലെ വെളുത്ത പൊടി മാളവികയ്ക്ക് സിനിമയിൽ കണ്ടു മാത്രമ കണ്ടു പരിചയം ഉണ്ടായിരുന്നുള്ളു. നതാഷ അവളുടെ വലംകൈ പിടിച്ചെടുത്ത് കൈവെള്ളയിലേക്ക് അൽപ്പം തട്ടിയിട്ടു " രുചിച്ചു നോക്കൂ.. കഴിഞ്ഞതെല്ലാം മറക്കാനും ഓർമയിൽ സൂക്ഷിക്കേണ്ടത് രാകി മിനുക്കാനും ഇതുകൊണ്ട് സാധിക്കും: "അവൾ ചിരിച്ചു. മാളവിക നതാഷയെ ഇമവെട്ടാതെ നോക്കി. " അയാളെ കൊല്ലാനുള്ള ധൈര്യം കിട്ടുമോ". അതൊരു മൂർച്ചയുള്ള ചോദ്യമായിരുന്നു. നതാഷ തലയാട്ടി. മാളവിക നാവു നീട്ടി അതുനുണഞ്ഞു......(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story