ദൂരെ: ഭാഗം 24

Dhoore

രചന: ഷൈനി ജോൺ

കുഞ്ഞിമാളുവിൽ വന്ന മാറ്റം മാധുരിയെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. അടുക്കും ചിട്ടയുമുള്ള, നന്നായി പഠിക്കുന്ന, ആരോടും അമിതമായി അടുക്കാതെ സ്വന്തം ഭാവി മുൻ നിർത്തി പ്രയത്നിക്കുന്ന ആ പഴയ കുഞ്ഞിമാളുവിനെ അവൾക്ക് തന്നെ നഷടപ്പെട്ടുവെന്ന് തോന്നി. പഴയ ആ ഗൗരവ സ്വഭാവം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നുകിൽ എവിടെയെങ്കിലും ചടഞ്ഞുകൂടും. അല്ലെങ്കിൽ ബാഗുമെടുത്ത് സ്കൂട്ടിയിൽ പുറത്ത് പോകും.നതാഷയും അമീനയുമാണ് പലപ്പോഴും കൂട്ടെന്ന് മാധുരി തിരക്കിയറിഞ്ഞിരുന്നു. ഐ.ടി ഫീൽഡിലെ ഉയർന്ന ജോലികൾ രാജിവെച്ച് നാടകത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടവരാണ് നതാഷയും അമീനയും. അവിടെ നിന്നാണ് അവർ മാധുരിയുടെ സുഹൃദ് വലയത്തിൽ അകപ്പെട്ടത്. അവരെ പറ്റി ഇതുവരെ മോശമായ ധാരണകൾ ഒന്നുമില്ലായിരുന്നു മാധുരിയ്ക്ക്.

എന്നാൽ ജൂഹിയോടും ലോലയോടും അഖിലിനോടും തരുണിനോടുമൊന്നുമില്ലാത്ത ഒരടുപ്പം മാളവികയ്ക്ക് എങ്ങനെ അവരോടുണ്ടായി എന്നത് മാധുരിയെ അത്ഭുതപ്പെടുത്തി. ആ സൗഹൃദം തടയണമെന്ന് പലകുറി മാധുരി വിചാരിച്ചുവെങ്കിലും വലിയ ക്ഷതങ്ങളേറ്റുവാങ്ങിയ മാളവികയുടെ മനസിന് അൽപ്പമെങ്കിലും ആശ്വാസം കിട്ടട്ടെ എന്ന ചിന്ത അതിൽ നിന്നും മാധുരിയെ തടഞ്ഞു. മൂന്നാം സെമസ്റ്റർ പരീക്ഷയിൽ കുഞ്ഞിമാളു തീരെ പിന്നോട്ടു പോയതോടെ മാധുരി വല്ലാത്തൊരു സമ്മർദ്ദത്തിൽ അകപ്പെടുകയായിരുന്നു. ലോ കോളജിൽ നിന്ന് തീരെ മോശമായ അഭിപ്രായങ്ങളാണ് ഇപ്പോൾ മാളവിക എന്ന വിദ്യാർഥിനിയെ കുറിച്ചുള്ളത്.പകുതി ക്ളാസുകളിലും കയറാറില്ലത്രേ. ചില ക്ലാസുകളിൽ നിന്ന് പാതിയിൽ ഇറങ്ങിപ്പോകും. അല്ലെങ്കിൽ മേശമേൽ തലവെച്ചു കിടന്നുറങ്ങും. ചിലപ്പോൾ തേങ്ങിക്കരയും. മാധുരിയെ നേരത്തെ തന്നെ അറിയാവുന്ന പ്രിൻസിപ്പൽ ഇപ്പോൾ രണ്ടു തവണ വാണിംഗ് കൊടുത്തു കഴിഞ്ഞു.കോളജിന് അഭിമാനമാകേണ്ടിയിരുന്ന പെൺകുട്ടിയാണ്.

അവളാണ് ഇങ്ങനെ നിരുത്തരവാദിത്തപരമായി പെരുമാറുന്നത്. പ്രിൻസിപ്പലിന് അതിൽ അമർഷവും ഉണ്ടായിരുന്നു. മാധുരി കോളജിൽ ചെന്ന് മാളവികയെ പറ്റി പറയുന്നത് വരെ ആ വിദ്വേഷം അയാൾ മനസിൽ സൂക്ഷിച്ചു.. മാധുരി പറഞ്ഞ അവളുടെ കഥ കേട്ടിട്ട് പ്രിൻസിപ്പലാണ് കൗൺസലിംഗ് നിർദ്ദേശിച്ചത്.അത് മാധുരിയും കണക്കു കൂട്ടിയിരുന്നു. മിററുമായി സഹകരിക്കുന്ന മൂന്ന് മാനസികാരോഗ്യ വിദഗ്ധരെയാണ് മാളവികയെ മാറി മാറി കാണിച്ചത്.ഒരു മാറ്റവും ഉണ്ടായില്ല. എന്തെങ്കിലും ചോദിച്ചാൽ മാളവിക തല കുമ്പിട്ട് മിണ്ടാതെ ഇരിക്കും. ചിലപ്പോൾ മുഖത്ത് നോക്കി വെറുതേ ചിരിക്കും. ചിലപ്പോൾ പൊട്ടിച്ചിരിക്കും. തരുൺ ആണ് മാളവിക ഡ്രഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചത്.അതിന് ഒരിക്കലും സാധ്യതയില്ലെന്നായിരുന്നു മാധുരി പറഞ്ഞത്. എങ്കിലും അവളുടെ ബാഗുകളും മറ്റു വസ്തുക്കളുമെല്ലാം മാധുരി പരതി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടു കിട്ടിയില്ല. അവളെ വേദനിപ്പിച്ച സംഭവങ്ങൾ എല്ലാം നടന്നിട്ട് ഒരു വർഷം കൂടി കടന്നു പോയിരിക്കുന്നു. ഈ ഒരു വർഷവും തനിക്ക് അജ്ഞാതയായ ഒരു കുഞ്ഞിമാളുവിനെയാണ് മാധുരി കണ്ടത്.

അവളുടെ രൂപം തന്നെ മാറിപ്പോയിരുന്നു. നീളൻമുടി പകുതിയും വെട്ടിക്കളഞ്ഞു. ഫാഷൻ്റെ അതിപ്രസരമുള്ള വസ്ത്രങ്ങൾ ധരിച്ചു. പുസ്തകങ്ങളെയൊക്കെ ഏറെക്കുറെ ഉപേക്ഷിച്ച മട്ടായിരുന്നു. അവളെ ബലം പ്രയോഗിച്ചോ സമ്മർദ്ദം ചെലുത്തിയോ ഒന്നിനും നിർബന്ധിക്കരുതെന്നാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശം. കഴിഞ്ഞു പോയ സംഭവങ്ങൾ സൃഷ്ടിച്ച മാനസികാഘാതത്തിൽ നിന്ന് ഇതുവരെയും അവൾ മോചിതയായിട്ടില്ല. അതിന് അവൾക്ക് സമയം വേണം. മാധുരി അതെല്ലാം മനസിലാക്കി.അവൾക്കൊപ്പം തന്നെ നിന്നു. മാളവിക പക്ഷേ മറ്റേതോ ലോകത്തിലായിരുന്നു. തലേ ദിവസം ഫ്ളാറ്റിൽ നിന്നു പോയ മാളവിക പിറ്റേന്ന് നേരം പുലർന്നിട്ടും തിരിച്ചെത്താതിരുന്നപ്പോഴാണ് മാധുരി തരുണിനെ വിളിച്ചത്. അവൾ കരയുന്നുണ്ടായിരുന്നു. " തരുൺ.. കുഞ്ഞിമാളു ഇന്നലെ വന്നിട്ടില്ല. ഞാൻ എവിടെ പോയി അവളെ തിരയും .. ഞാൻ കോടതി വിധി സമ്പാദിച്ച് കൂടെ കൂട്ടിയതാണവളെ.എന്തു സംഭവിച്ചാലും ഞാനാണ് ഉത്തരവാദിത്തം പറയേണ്ടത്.

തരുൺ എത്രയും വേഗം കുഞ്ഞി മാളുവിനെ കണ്ടെത്താൻ നോക്കണം.' ഞാനും ഇറങ്ങുകയാണ്. ഫോൺ സംഭാഷണം അവസാനിപ്പിച്ചതും ഒരു ദുപ്പട്ട എടുത്തു കഴുത്തിലിട്ട് മാധുരി വാതിൽ പൂട്ടി ഇറങ്ങി. സമയം ആറു മണിയാകുന്നതേയുള്ളു. എന്നിട്ടും തരുണിനെ ബുദ്ധിമുട്ടിക്കാൻ മടിയുണ്ടായില്ല. തരുണിന് മാളവിക എവിടെയായിരിക്കുമെന്ന ഏകദേശ ധാരണയുണ്ടായിരുന്നു.അതു കൊണ്ടു തന്നെ അമീനയുടെയും നതാഷയുടെയും ഫ്ളാറ്റിനു നേർക്ക് തരുൺ വേഗത്തിൽ കാറോടിച്ചു പോയി. അവൻ്റെ പ്രതീക്ഷ തെറ്റിയില്ല. ഡോർ ബെൽ അടിച്ചപ്പോൾ അമീനയാണ് വാതിൽ തുറന്നത്. അപ്പോൾ സോഫയിൽ ചാരി കണ്ണടച്ചു കിടക്കുന്ന മാളവികയെ കണ്ടു. " തരുൺ "അമീന അവനെ കണ്ട് വിളറിപ്പോയി. "കുഞ്ഞിമാളുവിനെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. മധു പറഞ്ഞു വിട്ടതാണ്." കിരണിൻ്റെ വാക്കുകളിലെ കനം എതിരുപറയാനുള്ള അമീനയുടെ വാക്കുകളെ തടഞ്ഞു. അകത്തു നിന്നും നതാഷയും ഒരു ആഫ്രിക്കൻ യുവാവും പുറത്തേക്ക് വന്നു.

തരുണിനെ കണ്ട് നതാഷയുടെ മുഖത്തും വല്ലായ്മ പടർന്നു തരുൺ എന്നാൽ വളരെ സ്വാഭാവികമായ ഭാവം നടിച്ചു.. നതാഷയെ നോക്കി അവൻ പുഞ്ചിരിച്ചതോടെ അമീനയുടെ മുഖത്തും ഒരു ചിരി വിടർന്നു. "ഇതെൻ്റെ സുഹുത്ത് തരുൺ " നതാഷ ആഫ്രിക്കക്കാരന് അവനെ പരിചയപ്പെടുത്തി. " ഇത് ഡിസിൽവ .എൻ്റെ പുതിയ പാർട്നറാണ്." എന്ന് അയാളെ തരുണിനും പരിചയപ്പെടുത്തി.തരുൺ കൈ നീട്ടി. രണ്ടു പേരും ഷേക്ഹാൻഡ് നൽകി. " കുഞ്ഞിമാളുവിനെ കാണാതെ മധു പേടിച്ചിരിക്കുകയാണ്.മിസിംഗിന് പോലീസിൽ കംപ്ലയിൻ്റ് കൊടുക്കാനിരിക്കുകയായിരുന്നു " തരുൺ പറഞ്ഞത് കേട്ട് രണ്ടു പേരുടെയും മുഖഭാവം മാറി.ഡിസിൽവ എന്താണ് കാര്യമെന്നറിയാതെ അവരെ മാറി മാറി നോക്കി. പോലീസ് എന്നു കേട്ടതും ഭയന്ന നതാഷ വേഗത്തിൽ മുന്നോട്ട് വന്ന് സോഫയിൽ കിടന്ന മാളവികയെ തട്ടിയുണർത്താൻ ശ്രമിച്ചു. മാളവിക പതിയെ കണ്ണുകൾ തുറന്നു. ആദ്യം നോക്കിയത് തന്നെ തരുണിൻ്റെ മുഖത്തേക്കാണ്. അവളുടെ ഉള്ളിൽ ഒരാന്തൽ പടർന്നു.

മായക്കണ്ണൻ. തന്നെ ഉറ്റുനോക്കി നിൽക്കുന്ന മായക്കണ്ണൻ. അവൾ തല കുടഞ്ഞു.ഓരോ ദിനവും സ്വപ്നങ്ങളിലെത്തുന്ന അതേ മായക്കണ്ണൻ. " മായക്കണ്ണാ " എന്ന കരച്ചിലോടെ അവൾ തരുണിന് നേർക്ക് കൈ നീട്ടി. "മായക്കണ്ണാ... ഒടുവിൽ എൻ്റെ മായക്കണ്ണൻ വന്നല്ലോ.. ഇനി ഞാൻ എവിടേക്കും വിടില്ല ... "ഹൃദയം തകർന്നുള്ള അവളുടെ പറച്ചിൽ എന്താണെന്ന് തരുണിന് മനസിലായില്ല. കേരള ലാംഗ്വേജ് ആണെന്ന് തോന്നി. പക്ഷേ അവൾ കരയുകയാണ്. തെല്ല് ബലം പ്രയോഗിച്ചു തന്നെ തരുൺ അവളെ പിടിച്ചെഴുന്നേൽപിച്ചു. അമീന മാളവികയുടെ ബാഗും മൊബൈലും അവനെ ഏൽപ്പിച്ചു. തരുൺ അവളുടെ കൈ പിടിച്ച് "വരൂ " എന്നു പറഞ്ഞു. "എൻ്റെ മായക്കണ്ണൻ ബാംഗ്ലൂര് വന്നിരിക്കുന്നു. ഹിന്ദി പറയുന്നു. എൻ്റെ മായക്കണ്ണൻ ബുദ്ധി ഇല്ലാത്തവനല്ല.. " അവൾ പറഞ്ഞു കൊണ്ടിരുന്നു. അവളെ കാറിൽ തൻ്റെ അടുത്തിരുത്താൻ തന്നെ തരുൺ ബുദ്ധിമുട്ടി. പിന്നെ മൊബൈലെടുത്ത് മാധുരിയെ വിളിച്ച് മാളവികയെ കണ്ടെത്തി എന്നു അറിയിച്ചു.

മാളവികയെ ഈ കോലത്തിൽ മാധുരിയുടെ മുമ്പിലെത്തിച്ചാൽ അവൾ തകർന്നു പോകുമെന്ന് തരുണിന് തീർച്ചയുണ്ടായിരുന്നു.അതു കൊണ്ട് തരുൺ തൻ്റെ ഫ്ളാറ്റിലേക്കാണ് കാറോടിച്ചത്. കാറിൽ നിന്നിറങ്ങിയതും മാളവിക അവൻ്റെ കൈയ്യിൽ തൂങ്ങി . ''വരൂ.. ശബ്ദമൊന്നുമുണ്ടാക്കാതെ വാ ". തരുൺ വിളിച്ചു. " മായക്കണ്ണൻ വിളിച്ചാൽ ഞാനെവിടേക്കും വരും." മാളവിക പറഞ്ഞു. "ഈ ലോകത്തിൻ്റെ അറ്റത്തേക്കും വരും". രണ്ടു പിരിയൻ സ്റ്റയർകേസുകൾ പിന്നിട്ട് മൂന്നാം നിലയിലെ ഒരു ചെറിയ ഫ്ളാറ്റിന് മുന്നിൽ അവരെത്തി.തരുൺ കീയെടുത്ത് വാതിൽ തുറന്നു. " ഇതു മായക്കണ്ണൻ്റെ വീടാണോ. ഇനി നമ്മളിവിടെയാണോ താമസിക്കുക " ? മാളവിക മിഴികൾ വിടർത്തിക്കൊണ്ട് ചോദിച്ചു. അവളുടെ ഭാഷ മനസിലായില്ലെങ്കിലും അതേ എന്ന് തരുൺമുഖം ചലിപ്പിച്ചു. പിന്നെ അവളെ ഹാളിലേക്കു വിളിച്ചു. അവിടെ ടേബിളിന് മുന്നിലിരുത്തി. രാവിലെ ഹോട്ടലിൽ നിന്നു വരുത്തിച്ച ചപ്പാത്തിയും ചിക്കൻഗ്രേവിയും ഉണ്ടായിരുന്നു. ഫ്‌ളാസ്ക്കിൽ നിന്ന് ഒരു ഗ്ലാസ് ചായ കൂടി അവൻ പകർന്നെടുത്തു. "ഇതു മുഴുവൻ കഴിക്കണം" അതെല്ലാം മാളവികയുടെ മുന്നിൽ നിരത്തിവെച്ച് തരുൺ പറഞ്ഞു. "എൻ്റെ മായക്കണ്ണൻ പറഞ്ഞാൽ കുഞ്ഞിമാളു കഴിയ്ക്കും.." അവൾ ചിരിച്ചു.

അവൾ സാകൂതം അവനെ വീക്ഷിച്ചു. "പക്ഷേ മായക്കണ്ണൻ ഹിന്ദി പഠിച്ചതാണ് എനിക്ക് അത്ഭുതമായത് ". തരുൺ അവളെ നോക്കി വിഷണ്ണനായി നിന്നു .അവൾ പറയുന്നതൊന്നും അവന് മനസിലാകുന്നുണ്ടായിരുന്നില്ല. നന്നായി വിശപ്പു തോന്നിയത് കൊണ്ട് മാളവിക തരുൺ വിളമ്പിയതെല്ലാം വയറുനിറയെ കഴിച്ചു.അതു കഴിഞ്ഞപ്പോൾ അവൾക്ക് കാലുകൾ നിലത്ത് ഉറയ്ക്കുമെന്നായി.മുഖം അൽപ്പം ചിന്താധീനമായി കാണപ്പെട്ടു. തരുൺ ഒരു ചീപ്പെടുത്തുകൊണ്ടുവന്ന് അവളോട് മുടി ചീകി കെട്ടാൻ നിർദ്ദേശിച്ചു. മാളവിക അനുസരിച്ചു.മുഖവും കൈ കാലുകളും തുടയ്ക്കാൻ അവൻ നനഞ്ഞ ടർക്കി നൽകി. അതും അവൾ അനുസരിച്ചു. അവളുടെ ബാഗിൽ മാറി ധരിക്കാൻ വസ്ത്രങ്ങൾ ഉണ്ടോ എന്ന് തരുൺ പരിശോധിച്ചു. അപ്പോൾ നിറയെ സെല്ലോ ടേപ്പ് കൊണ്ടു പൊതിഞ്ഞ വലിയൊരു പൊതി കിട്ടി. തരുണിൻ്റെ മുഖം ചുളിഞ്ഞു. അൽപ്പം പ്രയാസപ്പെട്ടു തന്നെ അതിൻ്റെ ഒരു വശം പൊളിച്ച് നോക്കിയപ്പോൾ വെളുത്ത പൊടികൾ നിറച്ച ചെറിയ പാക്കറ്റുകൾ കണ്ടു. ബ്രൗൺഷുഗർ ...

അതും കൈയ്യിൽ പിടിച്ച് ഏതാനും നിമിഷം ആലോചനയോടെ തരുൺ നിന്നും പിന്നെ ബാഗിനുള്ളിൽ തന്നെ വെച്ചു.ബാഗിനുള്ളിൽ നിന്ന് ഒരു ജീൻസും ടോപ്പും കിട്ടി. അതുമായി കുഞ്ഞിമാളുവിനടുത്തെത്തി. തൻ്റെ മുറി ചൂണ്ടിക്കാട്ടി വസ്ത്രം മാറി വരാൻ നിർദ്ദേശിച്ചു. മാളവിക അത് അനുസരിച്ചു. വസ്ത്രം മാറ്റി വരുമ്പോഴേക്കും അവളുടെ മറഞ്ഞു പോയ ബോധം തിരിച്ചു വരാൻ തുടങ്ങിയിരുന്നു. താൻ ഇപ്പോൾ തരുണിൻ്റെ ഫ്ളാറ്റിലാണെന്ന് മാത്രം അവൾക്ക് പിടി കിട്ടി. മുന്നിലിരിക്കുന്നത് തരുൺ ആണ്.താൻ എങ്ങനെ ഇവിടെയെത്തി എന്ന് അവൾ തല കുടഞ്ഞു. "പേടിക്കണ്ട.. മധു ഇപ്പോൾ വരും. കുഞ്ഞിമാളു ഇവിടെയുണ്ടെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് " തരുൺ പറഞ്ഞു. "ഞാനെങ്ങനെ തരുണിൻ്റെ ഫ്ളാറ്റിലെത്തി " അവൾ ചോദിച്ചു. തരുൺ അതിന് മറുപടി നൽകിയില്ല. അര മണിക്കൂറിനകം മാധുരി എത്തിച്ചേർന്നു.അവളുടെ മുഖം കടുത്തിരുന്നു. ആ ഭാവം കണ്ട് മാളവികയുടെ ഉള്ളിലൂടെ ഒരു ഭയം പാഞ്ഞു. " ഞാൻ വൈകിട്ടുള്ള ട്രാവൽസ് ബുക്ക് ചെയ്തിട്ടുണ്ട്". അവൾക്ക് അഭിമുഖമായി ചെന്നു നിന്നു കൊണ്ട് മാധുരി പറഞ്ഞു.

"കുഞ്ഞിമാളുവിൻ്റെ ഗാർഡിയൻ പദവി ഞാനൊഴിയുകയാണ്. നീ നാട്ടിലേക്ക് തിരിച്ചു പോകുന്നു. ഇനി നിനക്ക് നിൻ്റെ വിധി. എനിക്ക് മടുത്തു " മാധുരിയുടെ സ്വരമിടറിയപ്പോൾ മാളവിക മുഖം കുനിച്ചു.അവളുടെ മിഴികൾ നിറഞ്ഞു. കണ്ണുനീരൊഴുകിത്തുടങ്ങി. "ഈ കരച്ചിൽ കള്ളത്തരമാണ് കുഞ്ഞിമാളൂ. ഒരു ബന്ധത്തിൻ്റെയും പേരിലല്ലാതെ നിന്നെ കൈക്കുമ്പിളിൽ കൊണ്ടു നടന്ന എന്നെ നീ ചതിക്കുകയാണ് " പറഞ്ഞു വന്നപ്പോൾ മാധുരിയുടെ മിഴികളും നിറഞ്ഞു. മാളവിക മുഖം കുനിച്ചിരുന്നു. "എനിക്ക് സഹിക്കാൻ പറ്റുന്നില്ല മധുചേച്ചി.. " അവൾ വിങ്ങി. "ഇന്നലെ ജി.കെ.പുറത്തിറങ്ങി എന്നറിഞ്ഞതു മുതൽ എനിക്ക് സഹിക്കാൻ വയ്യ.. എനിക്കയാളെ കൊല്ലണം.അതിനു വേണ്ടി സഹായം ചോദിച്ചാണ് ഞാൻ നതാഷയുടെ ഫ്ളാറ്റിൽ പോയത്." ആ വാക്കുകളിലെ അഗാധമായ വേദന മാധുരിയെ നോവിച്ചു. കുഞ്ഞിമാളുവിന് സഹിക്കാനാവില്ല .അതു തനിക്കറിയാം. ജി.കെ.തൻ്റെ സ്വാധീനം ഉപയോഗിച്ച് പുറത്തു വന്നിരിക്കുന്നു. ആരോപിക്കപ്പെട്ട എല്ലാ കേസുകളിലും താൻ നിരപരാധിയാണെന്ന പ്രസ്താവന മാധ്യമങ്ങളോട് നടത്തിക്കഴിഞ്ഞു.

മകൾ നൽകിയ പരാതി വരെ കള്ളക്കേസാണത്രേ. അയാളുടെ പാർട്ടിയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ ജി.കെയെ വെള്ളപൂശൽ ആരംഭിച്ചു കഴിഞ്ഞു.അണിയറയിലെ ചരടുവലികൾ മുഖേന ജി.കെ.സർവ സ്വതന്ത്രനായി പുറത്തിറങ്ങുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കുഞ്ഞിമാളുവിൻ്റെ മനസ് തകരാതിരിക്കുന്നതെങ്ങനെ. മാളവികയെ ഫ്ളാറ്റിൽ എത്തിച്ചതിനു ശേഷം ഒമ്പതരയ്ക്ക് മാധുരിയ്ക്ക് ഒരാളെ കാണാനുണ്ടായിരുന്നു. തന്നോടൊപ്പം തരുണും വരണമെന്ന് അവൾ ആവശ്യപ്പെട്ടു. മാളവികയേയും തരുണിനെയും കൂട്ടി മാധുരി വേഗം തന്നെ പുറപ്പെട്ടു. കാറിൽ മാളവിക നിശബ്ദയായിരുന്നു. തരുണിനെ നേരിടാനോ നോക്കാനോ പോലും അവൾ മടിച്ചു.മധുചേച്ചി തന്നെ നാട്ടിലേക്ക് അയക്കുകയാണെന്ന ഭീഷണിയിൽ മനസ് എരിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ സംഭവിച്ചാലും അതിൽ അതിശയോക്തിയില്ല. മധു ചേച്ചി പറഞ്ഞത് ശരിയാണ്. കൈക്കുമ്പിളിൽ ഒരു കുഞ്ഞു പക്ഷിയെ പോലെ മധു ചേച്ചി തന്നെ സൂക്ഷിച്ചു.ചതിയാണ് പകരം കൊടുത്തത്. അവൾ സീറ്റിലേക്ക് ചാരിക്കിടന്നു.

എല്ലാം ഉപേക്ഷിക്കണമെന്നും ജീവിതം ആ കാലടികളിൽ സമർപ്പിക്കണമെന്നും മാളവിക ആഗ്രഹിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അതേ സമയം ശ്രീവിദ്യ തൃശൂരിൽ ജി.കെ താമസിക്കുന്ന ലോഡ്ജ് മുറിയുടെ വാതിൽക്കൽ എത്തിയിരുന്നു. അവൾ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി കാത്തു നിന്നു.ജി.കെ വന്നു വാതിൽ തുറന്നു.പുറത്ത് ഒരു ദു:ഖ ശില പോലെ നിൽക്കുന്ന ശ്രീവിദ്യയെ കണ്ട് അയാൾ അമർത്തിയൊന്നു നോക്കി. എന്താണ് ഈ വരവിൻ്റെ ഉദ്ദേശം. എല്ലാം മനസിലായിയുള്ള വരവാണോ. അതോ പഴയ ഭാര്യാ പദവിയിലേക്കുള്ള തിരിച്ചു വരവാണോ. " ജി.കെ " ശ്രീവിദ്യ വിളിച്ചു. ആ വിളിയിൽ ഉണ്ടായിരുന്നു എല്ലാം. ഒരു വർഷത്തെ കാത്തിരിപ്പിൻ്റെ വിലാപം. ഉപേക്ഷിച്ച് പോയെന്ന പരിഭവം.ഇനിയുമെന്നെ സ്നേഹിക്കൂ എന്ന അപേക്ഷ.ആ നിമിഷം അയാളുടെ മനസിലെ ചതുരംഗ പലകയിൽ കരുക്കൾ ഇടംവലം നീങ്ങി. ഈ കേസിൽ നിന്ന് തലയൂരാൻ വിദ്യയുടെ മാത്രമല്ല

അവളുടെ പെൺമക്കളുടെ ശരീരവും ഉപകരിച്ചേക്കും.സുദീപിൻ്റെ കേസിൽ നിന്ന് തലയൂരാൻ വിദ്യയെ സ്വാധീനിക്കുകയാണ് ഏറ്റവും എളുപ്പമായ മാർഗം. " കയറി വാ.. " അയാൾ അകത്തേക്കു വിളിച്ചു. അവൾ കയറിച്ചെന്നു. ജി.കെ വാതിലടച്ചു കുറ്റിയിട്ടു. പിന്നെ "വിദ്യേ" എന്ന കുറുകലോടെ, ആവേശത്തോടെ അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് മുറുകെ പുണർന്നു. ചുണ്ടുകൾ വടിവൊത്ത കഴുത്തിലൂടെ ഇഴഞ്ഞു.ശ്രീവിദ്യ അയാളിലേക്ക് അമർന്നു നിന്നു. അവളുടെ വലംകൈ സാരിയുടെ മടിക്കുത്തിൽ ചേർത്തൊളിപ്പിച്ച കത്തി തിരഞ്ഞു. വളരെ അപ്രതീക്ഷിതമായിരുന്നു ആക്രമണം. ജി.കെ യുടെ തൊണ്ടക്കുഴിയിലെ ഞരമ്പ് രണ്ടായി മുറിഞ്ഞു.

ചോര പതഞ്ഞ് ചീറ്റി. അയാൾ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വീണു പോയി. ഒരു മഹാമേരു പോലെ ശ്രീവിദ്യ അയാൾക്ക് മുന്നിൽ നിന്നു. ഇതെൻ്റെ കുഞ്ഞിമാളുവിനെ നശിപ്പിച്ചതിന്. വിറ്റഴിച്ചതിന്. ഇതെൻ്റെ മീര മോളുടെ ജീവിതം കടപുഴക്കിയതിന് ..ഇത് വിഡ്ഢിയായ എന്നെ പറഞ്ഞു പറ്റിച്ച് എൻ്റെ മക്കൾക്കു നേരെ പിടിച്ച ആയുധമാക്കിയതിന്. മരണവെപ്രാളം കാട്ടുന്ന അയാൾക്കു നേരെ ശ്രീവിദ്യ തുറിച്ചു നോക്കി നിന്നു. രക്തം തറയിലൂടെ ഒഴുകിത്തുടങ്ങിയപ്പോൾ അവൾ പുറത്തിറങ്ങി. വാതിൽ പുറത്തു നിന്ന് തഴുതിട്ടു. സാരിയിൽ പുരണ്ട രക്തം സാരിത്തലപ്പു കൊണ്ട് മറച്ച് മുമ്പ് എത്രയോ വട്ടം ജി.കെ യുടെ ഒപ്പം നടന്ന ആ ഇടനാഴിയിലൂടെ അവൾ വേഗത്തിൽ നടന്നു.ഓരോ കാൽപ്പാടിലും രക്തം പടർന്നു.....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story