ദൂരെ: ഭാഗം 25

Dhoore

രചന: ഷൈനി ജോൺ

ഒരൊറ്റ ദിവസം, തികച്ചും യാദൃശ്ചികമായ മൂന്ന് സംഭവങ്ങൾ, അന്നത്തെ ദിവസം മാധുരിയ്ക്ക് ആകസ്മികമായിരുന്നെങ്കിൽ, മാളവികയ്ക്കത് അവളുടെ ജീവിതത്തിൻ്റെ അടിവേരുകൾ അറുക്കപ്പെടുന്നതായിരുന്നു. അത്രമേൽ പ്രക്ഷുബ്ധമായിരുന്നു. അതൊരു നിർണായക ദിവസമായിരുന്നു. അവിശ്വസനീയമായി അരങ്ങേറിയ സംഭവങ്ങൾക്ക് മാളവികയുടെ ജീവനു തന്നെ ചോദ്യചിഹ്നമാകുന്ന വിധം തീഷ്ണതയുണ്ടായിരുന്നു. തരുൺ ആവശ്യപ്പെട്ടത് പ്രകാരം കുഞ്ഞിമാളുവിൻ്റെ ബാഗ് പരിശോധിച്ച മാധുരിയ്ക്ക് നെറുകയിൽ ഒരു പ്രഹരമേറ്റതു പോലെയായിരുന്നു ആ പാക്കറ്റ്. കുഞ്ഞിമാളുവിൽ നിന്ന് അവൾ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രവൃത്തി .മാധുരിയുടെ ശരീരം വിറപൂണ്ടു. അവൾ നിസഹായതയോടെ തരുണിനെ നോക്കി. അവളുടെ അവസ്ഥ തരുണിനെയും വേദനിപ്പിച്ചു.

എത്ര ഭംഗിയായാണ് മധു മാളവികയെ സംരക്ഷിക്കുന്നതെന്ന് തരുൺ കണ്ടറിഞ്ഞതാണ്. അവളിലെ ഒരംശം പോലെ കുഞ്ഞിമാളുവിനെ എപ്പോഴും തന്നിലേക്ക് ചേർത്തു പിടിച്ചു. അമ്മയുടെയും അച്ഛൻ്റെയും സ്നേഹം അവർ രണ്ടു വഴി പിരിഞ്ഞതോടെ നഷ്ടമായവളാണ് മാധുരി. സ്നേഹിക്കാനോ സ്വന്തമെന്ന് കരുതാനോ ഒരാളും ഇല്ലാതിരുന്നപ്പോഴാണ് മാളവികയുടെ വരവ്.മാധുരി അവളെ സ്നേഹിച്ചു.ഒരുപാട് സ്നേഹിച്ചു.ആ സ്നേഹത്തിനാണ് ഇപ്പോൾ മുറിവേറ്റിരിക്കുന്നത്. "എനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നു. " തരുൺ പറഞ്ഞു. അമീനയും നതാഷയും അത്ര സത്യസന്ധരൊന്നുമല്ലെന്ന് അവരുടെ അനാർക്കിസ്റ്റ് മുഖം മൂടികൾ മറ്റെന്തോ കാര്യസാധ്യത്തിന് വേണ്ടിയാണെന്ന്. ജൂഹിയും ലോലയും ആ സംശയം എന്നോട് പങ്കുവെച്ചിട്ടുണ്ടായിരുന്നു. മധു പറഞ്ഞത് പോലെ ..

എന്തും ആവാം, പക്ഷേ അത് നിയമം അനുശാസിക്കുന്നതാണെങ്കിൽ മാത്രം എന്ന തിയറി ഒന്നും അവർ പിന്തുടരുന്നില്ല. നിയമപരമല്ലാത്ത പല ഏർപ്പാടുകളിലും അവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പുറത്ത് ഒരു റൂമർ ഉണ്ട്. പ്രത്യേകിച്ച് മധു ഇവിടെ ഇല്ലാതിരുന്ന ഒരു മാസക്കാലം പലരും സംശയാസ്പദമായ രീതിയിൽ നതാഷയുടെ ഗ്യാങ്ങിനെ കണ്ടിട്ടുണ്ട്. അതിൽ ആഫ്രിക്കക്കാരും സായിപ്പുമാരുമൊക്കെയുണ്ട്. എനിക്കു തോന്നുന്നത് മിററിൻ്റെ തണലിൽ നിന്നാൽ പെട്ടന്നൊന്നും ആരും സംശയിക്കില്ലെന്ന ചിന്തയാവാം നമ്മുടെ ഗ്യാങ്ങുമായി അവർ വളരെ പെട്ടന്ന് അടുക്കാൻ കാരണം എന്നാണ്. " തരുൺ പറഞ്ഞതെല്ലാം മാധുരി മൂളിക്കേട്ടു .കൂട്ടത്തിൽ ചേർന്ന് വിദഗ്ധമായി ചതിക്കുക. അതാണ് സംഭവിച്ചിരിക്കുന്നത്. അതേ നാണയത്തിൽ തന്നെയായിരിക്കണം മറുപടി.മാധുരി ഉറച്ചു.പിന്നെ മാളവികയുടെ ബാഗുമെടുത്ത് എഴുന്നേറ്റു. " തരുൺ .. നമുക്കൊരിടം വരെ പോകണം. ഇപ്പോൾ ഇറങ്ങിയാലേ പത്തു മണിക്ക് മുമ്പെങ്കിലും അവിടെയെത്തു." അവൾ പറഞ്ഞു.

പിന്നെ മാളവികയുടെ മുറിയിലേക്കു ചെന്ന് അവൾ എന്തു ചെയ്യുകയാണെന്ന് നിരീക്ഷിച്ചു. കിടക്കയിൽ ചെരിഞ്ഞു കിടന്ന് ഗാഢമായ ഉറക്കത്തിലായിരുന്നു അവൾ. തരുണിൻ്റെ ഫ്ളാറ്റിൽ നിന്നെത്തിയപ്പോഴേ കയറിക്കിടന്നതാണ്.മുഖം ഒരു കുഞ്ഞു പൈതലിനു സമം നിഷ്ക്കളങ്കമായിരുന്നു. ഒരു നിമിഷം നോക്കി നിന്നിട്ട് മാധുരി വാതിലടച്ചു.വിളിച്ചുണർത്താൻ തോന്നിയില്ല .മാളവികയുടെ മൊബൈലിലേക്ക് ഒരു സന്ദേശമയച്ചു. "മധു ചേച്ചി പുറത്തേക്ക് പോകുന്നു. വേഗം വരാം." എന്ന്. തരുണിൻ്റെ കാറിലാണ് പുറപ്പെട്ടത്. മനസ്സ് സദാ വഴുതിപ്പോയ്ക്കൊണ്ടിരിക്കുന്നതിനാൽ ഡ്രൈവിംഗ് വയ്യായിരുന്നു മാധുരിയ്ക്ക്. നേരെ പോയത് സൊനാലി ഐപി എസിനടുത്തേക്കാണ്. മാളവികയുടെ ബാഗ് അതേപടി അവർക്കു മുന്നിൽ വെച്ചു മാധുരി. നടന്നതെല്ലാം അവർ ശ്രദ്ധിച്ചു കേട്ടു .മാധുരിയ്ക്കൊപ്പം മാളവികയെ അവർ കണ്ടിട്ടുണ്ട്.ഒരു ചെറിയ പെൺകുട്ടി. അന്ന് വളരെ സ്മാർട്ടായിരുന്നു. മിടുക്കിയായിരുന്നു. അവളിങ്ങനെ ഒരു ഗ്യാങ്ങിൽ എത്തിപ്പെടുക എന്നത് തനിക്കു പോലും അസഹനീയം .

അപ്പോൾ മാധുരിയുടെ മനോവിഷമം എന്തായിരിക്കുമെന്ന് അവർ ഊഹിച്ചു. "മാധുരി പത്മ .. ഞാനിതു വേണ്ടതു പോലെ കൈകാര്യം ചെയ്തോളാം. ആക്ടിവിറ്റ്സിൻ്റെയും അനാർക്കിസ്റ്റിൻ്റെയും തീയറ്റർ ആക്ടേഴ്സിൻ്റെയും ഒക്കെ വേഷം ധരിച്ച് ലഹരിമരുന്നു വ്യാപാരം നടത്തുന്ന ഒരു സംഘമാണിത് എന്നാണ് ഞാൻ കരുതുന്നത്. മന:പ്പൂർവം തന്നെ അവർ മാധുരിയുമായി സൗഹൃദം സ്ഥാപിച്ചതാവാം.. മാളവികയെ എന്തൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്. അവളുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ഡ്രഗ്‌ ഒരു കിലോഗ്രാമിൽ അധികം വരും.. എനിക്കു തോന്നുന്നത് മാളവിക അറിയാതെ തന്നെ അവർ അവളെ കാരിയർ ആയി ഉപയോഗിക്കുന്നുണ്ടെന്നാണ്. എന്തായാലും ഞാനിന്നു തന്നെ ഈ സംഘത്തെ കസ്റ്റഡിയിലെടുക്കും. എനിക്കും അതൊരു ഹൈപ്പായിരിക്കും. മാളവികയുടെ പേര് ചിത്രത്തിൽ ഉണ്ടായിരിക്കില്ല പോരേ." സൊനാലി ഐപിഎസിൻ്റ ചോദ്യം മാധുരിയുടെ ഉള്ളിലെ തീ കെടുത്തി. " നന്ദി... എല്ലാത്തിനും "അവൾ സൊനാലിയുടെ കൈപിടിച്ചു. "ഞാനാണ് നന്ദി പറയേണ്ടത് " അവർ പറഞ്ഞു.

"എനിക്കുറപ്പുണ്ട് .. കുറച്ച് സമയത്തിനകം കർണാടക നടുങ്ങുന്ന ഒരു ഡ്രഗ് മാഫിയ തന്നെ വലയിലാകും എന്ന്. എനിക്ക് വിവരം തന്ന മാധുരിയെ ഞാൻ ഒരു തരത്തിലും കേസിലേക്ക് വലിച്ചിഴയ്ക്കില്ല.സൊനാലി ഐ പി എസ് നേരിട്ട് അന്വേഷിച്ച് കണ്ടെത്തിയ കേസായിരിക്കും ഇത് .. അങ്ങനെയേ മാധ്യമങ്ങൾ പറയൂ. അവർ എന്നെ നാളെ വാഴ്ത്തി പാടട്ടെ ...." അവർ ചിരിതൂകി.മാധുരിയും ചിരിച്ചു. അവൾ യാത്ര പറഞ്ഞിറങ്ങി. മനസ് ഏറെക്കുറെ ശാന്തമായിരുന്നു. നതാഷയും സംഘവും അറസ്റ്റിലാകുന്നത് വരെയുള്ള ടെൻഷനേയുള്ളു. അതു കഴിഞ്ഞാൽ കുഞ്ഞിമാളുവിനെ ഉപദേശിച്ച് പഴയത് പോലെയാക്കണം. തനിക്കതിന് കഴിയും. തരുണും അവളുടെ ആ പ്രതീക്ഷയോട് അനുകൂലിച്ചു. "നമുക്ക് മിററിലേക്ക് ഒന്നു പോകണം തരുൺ. ഞാനില്ലാത്തത് അവിടെ നന്നായി ബാധിച്ചിട്ടുണ്ട്. ജൂഹി ഒരു വിധം നന്നായി മാനേജ് ചെയ്തെങ്കിലും ഒരു നൂറ് കാര്യങ്ങൾ അവിടെ പെൻഡിംഗാണ് " അവൾ പറഞ്ഞു ' തരുൺ തലയാട്ടി. മാധുരി അവനെയൊന്ന് നോക്കി.

അവന് മായക്കണ്ണൻ്റെ നല്ല ഛായ. ഇരട്ടകളെ പോലെ തോന്നുന്നു. വെറുതെയല്ല കുഞ്ഞിമാളു തരുണിൽ നിന്നും അകലം പാലിക്കുന്നത്. മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ആവർത്തിക്കുന്ന ഓർമപ്പെടുത്തലാണ് അവൾക്ക് തരുൺ. "എന്താ നോക്കുന്നത് " തരുൺ മുഖം ചെരിച്ച് നോക്കി. " മാളവികയുടെ മായക്കണ്ണൻ.." മാധുരി ചിരിച്ചു. " ഞാൻ പറഞ്ഞിട്ടില്ലേ കുഞ്ഞിമാളുവിൻ്റെ ലവ് അഫയറിനെ കുറിച്ച്.. മായക്കണ്ണൻ.. അയാളുടെ അതേ ഛായയാണ് തരുൺ.. പഴയ സിനിമകളിൽ കാണുന്നത് പോലെ പ്രസവമുറിയിൽ വെച്ച് നഴ്സോ ഡോക്ടറോ മറ്റോ നിങ്ങളെ വേർപിരിച്ചതാവാനും സാധ്യതയുണ്ട്. " അവളുടെ കുസൃതി കേട്ട് തരുണിന് ചിരി വന്നു. " ഒരാളെ പോലെ ഒമ്പതുപേർ ഉണ്ട് എന്നല്ലേ.. എനിക്ക് ഇപ്പോഴാണ്ടൊരു സംശയം മാറിപ്പോയത്.." അവൻ്റെ മുഖത്തേക്ക് എന്താണെന്ന ഭാവത്തിൽ മാധുരി നോക്കി. "കുഞ്ഞിമാളു പലപ്പോഴും ഞാനറിയാതെ എന്നെ നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് ... ഇപ്പോഴാണ് അതിൻ്റെ അർത്ഥം മനസിലാകുന്നത് "

"അതെ .. അതു തന്നെ "മാധുരി ശരിവെച്ചു.മിററിൽ ചെന്നതു മുതൽ അവൾ തിരക്കിലേക്ക് വീണു. തരുണും പല ഫോമുകളും ഡീറ്റെയിൽസുകളും ശേഖരിക്കാൻ സഹായിച്ചു. അതിനിടെയാണ് മിററിലെ സ്റ്റാഫ് റിയ ചെന്ന് ഹാളിലെ ടി.വി.ഓൺ ചെയ്തത്. "റിയ .. മലയാളം ന്യൂസൊന്നു വെക്കാമോ". മാധുരി വിളിച്ചു ചോദിച്ചു.പുറത്ത് നിന്ന് പ്രധാന വാർത്തകൾ വായിക്കുന്ന ന്യൂസ് റീഡറുടെ ശബ്ദം കേൾക്കാമായിരുന്നു. അതിനിടെ കേട്ട ഒരു തലക്കെട്ട് മാധുരിയെ ഞെട്ടിച്ചു കളഞ്ഞു. മകളെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയും രാഷ്ട്രീയ നേതാവുമായ ഗോപീകൃഷ്ണൻ ചാലിശേരി കൊല്ലപ്പെട്ട നിലയിൽ.... ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മാധുരി സംശയിച്ചു.പെട്ടന്ന് ജി.കെ യുടെ മുഖം മനസിൽ തെളിഞ്ഞു.മാധുരി ചാടിയെഴുന്നേറ്റ് ഹാളിലേക്ക് പാഞ്ഞു. "തൃശൂരിലെ ലോഡ്ജിൽ ഇന്നു പകൽ എട്ട്. മുപ്പതിനാണ് സംഭവം.ജി.കെ യുടെ നിലവിലെ ഭാര്യ ശ്രീവിദ്യയാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടത്തിയ ഇവർ വാതിൽ പുറത്തു നിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു.

ഒമ്പതരയോടെ സംശയം തോന്നിയ ജീവനക്കാർ ലോഡ്ജ് മുറി തുറന്നു നടത്തിയ പരിശോധനയിൽ കഴുത്ത് മുറിച്ച് കൊലപെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.പ്രതിയെന്ന് കരുതുന്ന ശ്രീവിദ്യ ലോഡ്ജിലേക്ക് കയറിച്ചെല്ലുന്നതും ഇറങ്ങി വരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മാധ്യമ പ്രവർത്തകൻ സുദീപ്.എസ്.കുമാറിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തുവെന്ന കേസിലും ബാറുമായി ബന്ധപ്പെട്ട രണ്ട് അഴിമതി കേസിലും സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെ അമ്പത് ലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിലും അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജി.കെയെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.. മാധുരി ശ്വാസമെടുക്കാനാവാതെ നിന്നു. പകൽ എട്ടരയ്ക്കാണ് സംഭവമെങ്കിൽ ആ സമയത്ത് താനും കുഞ്ഞി മാളുവും തരുണിൻ്റെ ഫ്ളാറ്റലായിരുന്നു.

ഇപ്പോൾ ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞിരിക്കുന്നു. സൊനാലി ഐ പി എ സിന് മുന്നിലിരിക്കുമ്പോഴാവണം വാർത്ത പ്രചരിച്ചു തുടങ്ങിയത്. എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് വിദ്യാൻറിയിൽ നിന്നുണ്ടായിരിക്കുന്നത്.മാധുരിയ്ക്ക് തൻ്റെ ഹൃദയമിടിപ്പ് സ്വന്തം കാതുകളിൽ തന്നെ കേൾക്കാമായിരുന്നു. വാർത്ത തുടർന്നു. അതിനൊപ്പം അവ്യക്തമായ രീതിയിൽ ജി.കെ യുടെ മൃതദേഹം നിലത്തു കിടക്കുന്നതും പോലീസ് പരിശോധന നടത്തുന്നതുമായ രംഗങ്ങൾ മിന്നി മാഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ശ്രീവിദ്യയെയും കാണിച്ചു. കുഞ്ഞിമാളു ഇതറിഞ്ഞിട്ടുണ്ടാകുമോ എന്ന ചിന്ത പെട്ടന്നാണ് മാധുരിയുടെ ഉള്ളിൽ വന്നലച്ചത്. ഫ്ളാറ്റിൽ അവൾ തനിച്ചേയുള്ളു. മാധുരി വേഗം തരുണിനെയും വിളിച്ചു കൊണ്ട് ഇറങ്ങി. വിവരമറിഞ്ഞപ്പോൾ തരുൺ ബ്ലോക്കിനിടയിലും പരമാവധി വേഗതയിൽ കാറോടിച്ചു .. അതിനിടെ സൊനാലി ഐ പി എസ് മാധുരിയെ വിളിച്ചു. മൊബൈലിൽ ഏതെങ്കിലും കന്നട ചാനൽ വെച്ചു നോക്കാൻ നിർദ്ദേശിച്ചു.മാധുരി വേഗം ഒരു വാർത്താ ചാനൽ തുറന്നു. "രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി ഒരു ആഫ്രിക്കൻ സ്വദേശിയടക്കം ഒമ്പതംഗ സംഘം അറസ്റ്റിൽ " എന്ന വാർത്ത അവിടെ തകർക്കുന്നുണ്ടായിരുന്നു.

ഒരു മാസമായി സൊനാലി ഐ പി എസ് നടത്തിവന്ന രഹസ്യാന്വേഷണത്തെ തുടർന്നാണ് സംഘം പിടിയിലായത്.ബന്നാർഘട്ടയിലെ വാടക ഫ്ളാറ്റിൽ നിന്നും പിടികൂടിയ ഇവരിൽ നിന്നും ബ്രൗൺഷുഗർ, ഹഷീഷ്, തുടങ്ങിയ മയക്കുമരുന്നുകളും പിടിച്ചെടുത്തു .രാജ്യാന്തര തലത്തിൽ ലഹരി മരുന്നു കടത്തുന്ന വൻ സംഘത്തിൽ ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് സൊനാലി ഐപിഎസ് പറഞ്ഞു .. തുടർന്ന് സൊനാലിയുടെ ബൈറ്റ്. നതാഷയുടെയും അമീനയുടെയും മറ്റ് ഏഴു പേരുടെയും അറസ്റ്റിലാകുന്ന രംഗങ്ങൾ. മാധുരി മൊബൈൽ താഴെ വെച്ചു. ഒരു ദിവസം നേരിടേണ്ടി വന്നത് ദു:ഖജനകവും സന്തോഷിക്കാവുന്നതുമായ രണ്ടുവാർത്തകൾ .രണ്ടും കുഞ്ഞിമാളുവുമായി ബന്ധപ്പെട്ടത്. താൻ അരിയിൽ എത്തുന്നത് വരെ അവൾ ഇതൊന്നും അറിയരുതേ എന്ന് അവൾ പ്രാർത്ഥിച്ചു. പക്ഷേ ആ പ്രാർത്ഥന ഫലിച്ചില്ല. മാളവിക ഉണർന്നപ്പോൾ പന്ത്രണ്ടു മണിയായിരുന്നു .തലേദിവസം നതാഷയുടെ ഫ്ളാറ്റിൽ പോയത് അവൾ ഓർമിച്ചു. മറ്റൊന്നും ഓർമയില്ല. തലച്ചോർ ശൂന്യമായത് പോലെ. മനസ് ചരടറ്റ പട്ടം പോലെ പാറി നടന്നു.

നല്ല ഉറക്കക്ഷീണമുള്ളത് കൊണ്ട് മാധുരി ചേച്ചി കൂട്ടിക്കൊണ്ടു വന്നതും മുറിയിലെത്തിയതും മാത്രമേ ഓർമയുണ്ടായിരുന്നുള്ളു.ബോധംകെട്ട് കിടന്നുറങ്ങിപ്പോയി. ഉണർന്ന ഉടനെ കുളിച്ചു വന്നു. തരുണിൻ്റെ ഫ്ളാറ്റിൽ നിന്ന് ചപ്പാത്തി കഴിച്ചത് ദഹിച്ചിട്ടില്ലെന്ന് തോന്നി. തീരെ വിശപ്പുണ്ടായിരുന്നില്ല. മൊബൈലെടുത്ത് നോക്കിയപ്പോൾ പുറത്ത് പോകുകയാണെന്ന മധു ചേച്ചിയുടെ മെസേജ് കണ്ടു. അതോടെ വല്ലാതെ ബോറടിച്ചു. ഹാളിൽ ചെന്ന് ടി.വി ഓൺ ചെയ്തു. ഒരു മലയാളം ന്യൂസ് ചാനൽ വെച്ചപ്പോൾ കണ്ടത് അമ്മ ജി.കെയെ കൊന്നെന്ന വാർത്ത. സ്തബ്ധയായി ഇരുന്നു പോയി. കുഞ്ഞിമാളുവിന് മുമ്പ് അമ്മ അത് ചെയ്തിരിക്കുന്നു... കുഞ്ഞിമാളുവിന് വേണ്ടി അമ്മ ഇനി ജയിലിൽ .. സഹിക്കാൻ കഴിഞ്ഞില്ല. കണ്ണുകളിൽ നിന്നും നിയന്ത്രണമില്ലാതെ നീരൊഴുകി വീണു.അമ്മയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ അവളെ നടുക്കി.ജി.കെ മരിച്ചു.താൻ കൊല്ലുന്നതിന് മുമ്പേ മരിച്ചു. പക്ഷേ സന്തോഷിക്കാനാവുന്നില്ല .. അമ്മയുടെ ജീവിതമാണ് ആ മരണത്തിന് പകരം കൊടുക്കേണ്ടി വന്നത്.

ആ സമയത്താണ് മൊബൈൽ ശബ്ദിച്ചത്. ഫോണെടുത്ത് നോക്കിയപ്പോൾ ഞെട്ടിപ്പോയി. മായക്കണ്ണൻ കാളിംഗ്. ദിവ്യ തൻ്റെ നമ്പർ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയല്ലേ. അമ്പലക്കുന്ന് നിന്ന് വന്നിട്ട് ഒരു വർഷം കഴിഞ്ഞു പോയി. ഇതിനിടെ ദിവ്യയുമായുള്ള രജിസ്റ്റർ മാര്യേജ് കഴിഞ്ഞു കാണും. മായക്കണ്ണൻ അവളുടെ ഭർത്താവാണ് ഇപ്പോൾ .. അമ്മയെ പോലീസ് കൊണ്ടുപോയത് അറിയിക്കാനാണോ ഈ വിളി. വീണ്ടും വീണ്ടും വിളി തുടർന്നപ്പോൾ അറിയാതെ പച്ച ബട്ടൺ തൊട്ടു.. ഹൃദയം ക്രമാതീതമായി മിടിച്ചു. കൈകൾ വിറച്ചു. മായക്കണ്ണൻ... കുഞ്ഞിമാളുവിൻ്റെ മായക്കണ്ണൻ. പക്ഷേ കേട്ടത് ദിവ്യയുടെ ശബ്ദമാണ്. തീരെ പതിഞ്ഞ ശബ്ദത്തിൽ ദിവ്യ പറഞ്ഞു "കുഞ്ഞിമാളു .. നിന്നെ നോവിച്ചതിന് എനിക്ക് ശിക്ഷ കിട്ടി... എൻ്റെ കണ്ണേട്ടൻ പോയി... ഞാൻ വിധവയായി... കന്യകയായ വിധവ .." അവൾ തേങ്ങിക്കരയുന്നത് കേട്ടു. മനസിലേക്ക് ഒരു മഹാ പർവതമൊട്ടാകെ ഇടിഞ്ഞു വീഴുകയായിരുന്നു.എന്താണ് ദിവ്യ പറഞ്ഞത്. മായക്കണ്ണൻ.... "

തക്കം കിട്ടിയാൽ കണ്ണുവെട്ടിച്ച് അമ്പലക്കുന്ന് ക്ഷേത്രത്തിലേക്ക് ഓടും. അവിടെ ചെന്നാൽ കുഞ്ഞിമാളുവിനെ കാണാമത്രേ.ഒരിക്കൽ കണ്ടു.. കെട്ടിപ്പിടിച്ചൂന്ന് പറഞ്ഞ് പിന്നെയും പിന്നെയും ഓടും.. ഒരിക്കൽ അമ്മ പറഞ്ഞു കരുണാകരേട്ടൻ്റെ കുളപ്പടവിൽ വെച്ച് കുഞ്ഞിമാളുവിനെ കണ്ടൂന്ന്. പിന്നെ അവിടേക്കായി ഓട്ടം.. മഴ പെയ്ത് കുളമാകെ നിറഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെയായിരുന്നു .. സന്ധ്യയ്ക്ക് ..പടിയൊക്കെ തെന്നിക്കിടക്കുകയായിരുന്നു ... കാലു തെന്നിവീണതാ...കണ്ടപ്പോഴേക്കും ... ഇന്ന് പത്തു മണിയ്ക്കായിരുന്നു അടക്കം " അവളുടെ ആർത്തലച്ച കരച്ചിൽ കേട്ടു .. ഒന്നും വിശ്വസിക്കാനായില്ല. സ്വപ്നം കാണുകയാണോ കുഞ്ഞിമാളു. മായക്കണ്ണൻ ഇന്നലെ മരിച്ചു പോയെന്ന്. കുഞ്ഞിമാളുവിൻ്റെ മായക്കണ്ണൻ. മായക്കണ്ണൻ മരിച്ചു പോയിട്ടും കുഞ്ഞിമാളു ജീവിച്ചിരിക്കുന്നുവെന്ന്. ഹൃദയം നൂറായിരം കഷ്ണങ്ങളായി നുറുങ്ങി. ഒന്നോർത്താൽ മായക്കണ്ണൻ മരിച്ചു പോകാൻ താനാണ് കാരണം.കുഞ്ഞിമാളുവിനെ തിരഞ്ഞു തിരഞ്ഞാണ് മായക്കണ്ണൻ മരിച്ചത്.

അമ്മ ജയിലിൽ പോകാൻ കാരണവും കുഞ്ഞിമാളുവാണ്. അമ്മ ഒരുപാട് ലാളിച്ചു വളർത്തിയ കുഞ്ഞിമാളുക്കുട്ടി. എല്ലാവരുടെയും നാശത്തിന് കാരണം താൻ ഒരുത്തി മാത്രമാണ്. കുഞ്ഞിമാളൂ എന്ന വിളി കാതിൽ മുഴങ്ങി.അതേ മായക്കണ്ണൻ വിളിക്കുന്നു.മായക്കണ്ണൻ തന്നെ തിരഞ്ഞ് നടക്കുകയാണ്.അമ്പലക്കുന്ന് കണ്ണൻ്റെ മുമ്പിൽ ചെന്നു നിന്ന് എൻ്റെ കുഞ്ഞിമാളുവിനെ കാണിച്ചു താ എന്ന് യാചിക്കുകയാണ്. കുഞ്ഞിമാളുവിനെ ലച്ചമ്മ കണ്ടുവെന്നു പറഞ്ഞ കുളക്കടവിലേക്ക് പാഞ്ഞുവരികയാണ് മായക്കണ്ണൻ. തനിക്ക് പോകണം. മായക്കണ്ണൻ്റെ കൂടെ പോകണം. അമ്മയുടെ ജീവിതം നശിപ്പിക്കാൻ ഒരു മകൾ ഇനി വേണ്ട. എല്ലാത്തിൽ നിന്നും ദൂരേയ്ക്ക് ഓടിയൊളിക്കണം .. ദൂരെ.. ദൂരേയ്ക്ക്.. അവിടെ മായക്കണ്ണനുണ്ട്. കാത്തു നിൽക്കുകയാണ്. ആ കൈ പിടിക്കണം. ചിന്തകൾ കാടുകയറി.കൺമുന്നിൽ ചില ഭ്രാന്തൻ രൂപങ്ങൾ ആടി തിമിർക്കുന്നു.

പാദങ്ങൾ അമർത്തി ചവുട്ടി റൂമിലേക്ക് പോയി. അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച വെളുത്ത പൊടി പാക്കറ്റ് എടുത്ത് അപ്പാടെ വായിലേക്ക് കമിഴ്ത്തി. പിന്നെ മായക്കണ്ണൻ്റെ അടുത്തെത്താനായി ഒരായുധത്തിന് കണ്ണുകൾ ചുറ്റും പരതി. മാധുരിയും തരുണും എത്തുമ്പോൾ ടി.വിയിൽ വാർത്ത തുടരുന്നുണ്ടായിരുന്നു.അതു കണ്ടപ്പോൾ മാധുരി നെഞ്ചിൽ കൈവെച്ചു. മാളവികയുടെ മൊബൈൽ നിലത്ത് വീണു കിടക്കുന്നത് കണ്ടു. തരുൺ അതെടുത്തു നോക്കി. മൊബൈൽ ചാർജ് തീർന്ന് സ്വിച്ച്ഡ് ഓഫായിരുന്നു.മാധുരി മാളവികയുടെ മുറിയിലേക്കോടിക്കയറി. കിടക്കയിൽ ഉറങ്ങിയ മട്ടിൽ തന്നെ മാളവിക കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം മാധുരി നിന്നു. കിടക്കയുടെ അങ്ങേ വശത്തേക്ക് ചെരിഞ്ഞാണ് കിടപ്പ്.വലതു കൈ താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. കാലിൽ എന്തോ പശപശപ്പ് അറിഞ്ഞ് മാധുരി ഞെട്ടി മാറി. കട്ടിലിനടിയിലൂടെ ഒഴുകി വന്ന രക്തം തളം കെട്ടിക്കിടക്കുന്നു. അതിനു മേൽ ചവിട്ടിയാണ് താൻ നിൽക്കുന്നത് .. അലറിക്കരയാനായി വായ് തുറന്നെങ്കിലും മാധുരി ബോധം നശിച്ച് നിലത്തേക്ക് വീണു.....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story