ദൂരെ: ഭാഗം 26

Dhoore

രചന: ഷൈനി ജോൺ

ലഹരിയ്ക്ക് അടിമയായ തൃശൂർ സ്വദേശിനി ബാംഗ്ളൂരിൽ കൊടിയ പീഡനങ്ങൾക്കിരയായി ആത്മഹത്യാശ്രമം നടത്തിയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പ്രത്യേകിച്ച് ഓൺലൈനിലെ ചില വാർത്താ സംരംഭങ്ങൾ തുമ്പും വാലുമില്ലാത്ത കഥകൾ തുടരെ തുടരെ പ്രചരിപ്പിച്ചു. നിറം പിടിപ്പിച്ച പീഡനക്കഥകൾ നിത്യേന വന്നുകൊണ്ടിരുന്നു. മിറർ സംഘടനയെ തകർക്കുക എന്ന ലക്ഷ്യം വെച്ച് ചില ഒളിപ്പോരാളികളും രംഗത്തെത്തി. മാളവികയുടെ ആത്മഹത്യാശ്രമം മാധുരിയ്ക്കെതിരേ പ്രയോഗിക്കാനുള്ള മാർഗങ്ങൾ ആണ് പലരും ചികഞ്ഞത്. പാർട്ടി അടിസ്ഥാനത്തിലും സംഭവം ഏറ്റെടുക്കാൻ കേരളത്തിലും ആളുകളുണ്ടായി. പ്രത്യേക താത്പര്യം പുലർത്തി ചില പാർട്ടിയുടെയും മതത്തിൻ്റെയും വക്താക്കൾ മാധുരി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നൽകി. മാളവികയെ മാധുരിയ്ക്ക് വിട്ടുകൊടുത്ത കോടതിയിലും പരാതികളെത്തി പ്രധാനമന്ത്രിയ്ക്ക് വരെ അപേക്ഷ സമർപ്പിച്ചതായി വാർത്തകളിൽ നിറഞ്ഞു.

പെൺകുട്ടിയെ ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാക്കിയെന്നും പ്രകൃതി വിരുദ്ധ പീഡനങ്ങൾ അടക്കം ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണമായത് എന്നുമായിരുന്നു പരാതിയിലെ പ്രധാന പരാമർശങ്ങൾ. മാളവിക മരിച്ചുവെന്നും ചില ഊഹാപോഹങ്ങൾ പ്രചരിക്കപ്പെട്ടു. എല്ലാത്തിനെയും നിസംഗതയോടെയാണ് മാധുരി നേരിട്ടത്. അവളെ സംബന്ധിച്ച് തനിക്കെന്ത് സംഭവിച്ചാലും അത് അവളെ ബാധിക്കുന്നതായിരുന്നില്ല. പക്ഷേ കുഞ്ഞിമാളുവിൻ്റെ ജീവൻ അതു തിരിച്ചു കിട്ടാനായി അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. അതും മാളവികയുടെ പ്രിയപ്പെട്ട അമ്പലക്കുന്ന് കണ്ണനോടു തന്നെ. ഒമ്പതാം ദിവസം ആ പ്രാർത്ഥന ഫലിച്ചു. മാളവിക ജീവിതത്തിലേക്ക് തിരിച്ചു വന്നു. തിരിച്ചു കിട്ടുന്ന മാളവിക ഇനിയുള്ള കാലം കിടക്കയിൽ തന്നെ തുടരേണ്ടി വരുമെന്ന് അവളെ ചികിത്സിച്ചിരുന്ന ഡോക്ടർ സംശയിച്ചിരുന്നു. അതുമുണ്ടായില്ല. അവൾ വീണ്ടും എഴുന്നേറ്റിരുന്നു. നടന്നു.മാധുരിയുടെ കൈപിടിച്ച് ആശുപത്രി വരാന്തയിലൂടെ അവൾ നടന്നു.

ക്ഷീണിച്ചപ്പോൾ മാധുരിയുടെ ചുമലിൽ മുഖമർപ്പിച്ചു നിന്നു. പിന്നെ മാധുരിയെ കെട്ടിപ്പിടിച്ചൊരുമ്മ വെച്ചു. "വേഗം നന്നായി നടക്കാൻ നോക്ക്. എന്നിട്ട് വേണം കോടതികൾ കയറിയിറങ്ങാൻ. ഇതാണ് ഇന്നത്തെ കാലത്ത് ആരും ആരെയും സഹായിക്കാത്തത്. എട്ടിൻ്റെ പണിയല്ലേ തിരിച്ചു തരുന്നത് "മാധുരി പരിഭവിച്ചു. മാളവിക മന്ദഹസിച്ചു. " മായക്കണ്ണൻ പോയെന്ന് കേട്ടപ്പോൾ വേറെന്താ ഞാൻ ചെയ്യുക മധു ചേച്ചീ " അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. "എന്തെല്ലാം ചെയ്യാനുണ്ട്. പഠിത്തം പൂർത്തിയാക്കണം. മിററിൻ്റെ പ്രവർത്തനങ്ങൾ പകുതിയും ഏറ്റെടുക്കണം. പിന്നെ നിൻ്റെ മായക്കണ്ണനെ പോലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി നമുക്കൊരു ട്രസ്റ്റ് തുടങ്ങണം. അങ്ങനെ ഒരു പാട് മായക്കണ്ണൻമാരുടെ ജീവിതത്തിൽ വെളിച്ചം പകരണം " മാളവികയുടെ കണ്ണുകളിൽ ഒരു പുതിയ പ്രകാശം വിടരുന്നത് മാധുരി കണ്ടു. " മയക്കുമരുന്നും കഞ്ചാവും ഒക്കെയായി നടക്കാനാണ് ഉദ്ദേശമെങ്കിൽ അതിപ്പോൾ പറയണം.എനിക്കു പോയി തൂങ്ങി ചാകാനാണ്.

നിനക്കെന്ത് സംഭവിച്ചാലും ഞാൻ വേണം പേരുദോഷം കേൾക്കാനും കോടതികൾ കയറിയിറങ്ങാനും ...മടുത്തു." മാധുരി കുറ്റപ്പെടുത്തലോടെ നോക്കിയപ്പോൾ മാളവിക ആ കൈ പിടിച്ചു. "ഇനി എൻ്റെ പേരിൽ മധു ചേച്ചി വിഷമിക്കേണ്ടി വരില്ല.. ഇത് ഞാൻ തരുന്ന വാക്കാണ്. അമ്പലക്കുന്ന് കണ്ണനാണേ സത്യം" "അമ്പലക്കുന്ന് കണ്ണനും കുഞ്ഞിമാളുവും തമ്മിൽ പിണക്കമല്ലേ " മാധുരി മിഴികൾ കൂർപ്പിച്ചു. "പിണക്കമാണ് .. എന്നോട് ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് മനസിലാക്കണ്ടേ.. ഭഗവാനാണ് പോലും.." അവൾ ചിരിച്ചെങ്കിലും മിഴികൾ നിറഞ്ഞിരുന്നു.മാധുരി സമാധാനിപ്പിക്കുന്നത് പോലെ അവളുടെ കൈ പിടിച്ചു. മാളവിക സാധാരണ നിലയിലേക്ക് തിരിച്ചു വന്നതറിഞ്ഞ് ആശുപത്രിയിൽ അവളെ സന്ദർശിക്കാൻ ജൂഹിയും ലോലയും അഖിലും സണ്ണിയും തരുണുമെല്ലാം എത്തിയിരുന്നു .തരുണിനെ കണ്ടതും ഒരു വിറയൽ മാളവികയിലൂടെ കടന്നു പോയി. മായക്കണ്ണൻ.ആ മുഖം .. ചിരി .. മറക്കാൻ കഴിയാത്ത ഓർമകൾ ഹൃദയത്തെ കുത്തിപ്പിളർക്കാൻ തുടങ്ങി. വയ്യ.

മായക്കണ്ണൻ ഈ ലോകത്ത് ഇല്ലെന്ന ചിന്ത സഹിക്കാനാകുന്നില്ല. എങ്കിലും മിഴികൾ ഇടയ്ക്കിടെ അവനിലേക്ക് നീണ്ടു. മായക്കണ്ണൻ തൊട്ടരികെ നിൽക്കുന്നത് പോലെ. മായക്കണ്ണൻ അലിവോടെ തന്നെ നോക്കുന്നത് പോലെ. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ തരുൺ മാധുരിയോട് യാത്ര പറഞ്ഞു പോയി. മാളവികയുടെ ഹൃദയം നൊന്തു .അൽപ്പനേരം കൂടി തരുൺ അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഒരു മോഹം.. തൻ്റെ മായക്കണ്ണൻ അവനിലൂടെ വന്ന് ഉറ്റുനോക്കുന്നത് പോലെ .. അവൾ മിഴികളടച്ചു കിടന്നു. കണ്ണുനീർ ചെന്നികളിലൂടെ ഒഴുകിപ്പടർന്നു. പതിനാലാം ദിവസമാണ് മാളവികയെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രി കെട്ടിടം വളഞ്ഞ മാധ്യമ പ്രവർത്തകരോട് മാളവിക പറഞ്ഞു. "നിങ്ങൾ മെനഞ്ഞുണ്ടാക്കിയ കഥകൾക്ക് ഞാൻ ഉത്തരവാദിയല്ല .മധു ചേച്ചി എനിക്ക് ദോഷമായിട്ട് ഒന്നും ചെയ്തിട്ടുമില്ല.അതേത് കോടതിയിലും ഞാൻ പറഞ്ഞോളാം.പിന്നെ ആത്മഹത്യാശ്രമം.. അതെൻ്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുണ്ടായ ഒരു മണ്ടത്തരം മാത്രം. "

മാധ്യമങ്ങൾ നൽകിയ വാർത്തകൾക്കെതിരേ സൊനാലി ഐപിഎസും പ്രതികരിച്ചിരുന്നു. "ആരാണ് ഈ നുണക്കഥകൾ പ്രചരിപ്പിച്ചത്.. മാളവിക എന്ന പെൺകുട്ടി ഡ്രഗ് അഡിക്ടല്ല. പീഡനങ്ങൾ ഏറ്റതായി ഡോക്ടർമാരുടെ റിപ്പോർട്ടുകളിലും പറയുന്നില്ല. കുട്ടിയുടെ അമ്മ ഒരു കൊലക്കേസ് പ്രതിയായതറിഞ്ഞ മനോവിഷമത്തിൽ ചെയ്തു പോയൊരു തെറ്റ്.. അത് പർവതീകരിച്ച് കാണിച്ചുണ്ടാക്കിയ അനാവശ്യ വിവാദങ്ങളാണിത്" മാളവിക മരണപ്പെടുന്നതോടെ ചൂടുപിടിപ്പിക്കാനിരുന്ന വിവാദങ്ങൾക്ക് അതോടെ ഒരു വിധം അറുതിയായി. ഫ്ളാറ്റിൽ മാധുരി അവൾക്കായി തൻ്റെ റൂം വിട്ടു നൽകി. പഴയ റൂം അവളെ പഴയതെല്ലാം ഓർമിപ്പിക്കുമെന്ന് മാധുരി ഭയന്നു.പുതിയ മുറി ഭംഗിയായി അലങ്കരിച്ചിരുന്നു.പുതിയൊരു ചൈതന്യം വീണു കിട്ടുന്ന രീതിയിൽ ചൈനീസ് ഫെങ്ഷൂയി വരെ അവൾ പരീക്ഷിച്ചു. അവൾക്ക് തനിച്ചാവാൻ ഒരു അവസരം ഉണ്ടാക്കാതെ മാധുരി കൂടെക്കൂടി.പുറത്തു പോകുമ്പോഴെല്ലാം കൂടെക്കൂട്ടി. ഇരുപത്തിരണ്ടാം ദിവസം മുതൽ മാളവിക ലോ കോളജിൽ പോയിത്തുടങ്ങി.

എല്ലാം പഴയതുപോലെ വീണ്ടെടുക്കണമായിരുന്നു അവൾക്ക്. മധു ചേച്ചിയ്ക്ക് വേണ്ടി. ഇനി ഒരിക്കലും ആ മനസ് നോവിക്കാതിരിക്കാൻ വേണ്ടി. അതിലുപരി മധു ചേച്ചി മനസിലിട്ടു തന്ന സ്വപ്നം .. മായക്കണ്ണനെ പോലെ ഉള്ളവർക്കു വേണ്ടി ഒരു സ്ഥാപനം .. ആ ചിന്ത തന്നെ പ്രചോദനമായിരുന്നു. അതിനെല്ലാം വേണ്ടിയുള്ള പ്രയത്നങ്ങൾക്കിടെ നാലരവർഷങ്ങൾ കൂടി ഓടി മറഞ്ഞു പോയി. കുഞ്ഞിമാളു എന്ന കൗമാരക്കാരി 23 വയസെത്തിയ യുവതിയായി.ചിന്തകൾ ഉറച്ചു. സ്വപ്നങ്ങൾ ലക്ഷ്യങ്ങളായി. മധു ചേച്ചിയുടെ കൂടപ്പിറപ്പായി. ഉയർന്ന മാർക്കോടെ എൽ.എൽ.ബി ജയിച്ചു.മാധുരിയുടെ ഇടപെടൽ കൊണ്ട് ഇന്ത്യയിൽ തന്നെ പ്രശസ്തനായ ശ്രീനിവാസ ഗൗഢയുടെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങി. മിററിൻ്റെ പ്രവർത്തനങ്ങളിൽ മാധുരിയെപോലെ മറ്റൊരു തീപ്പൊരിയായി മാളവിക . അപ്പോഴും വിട്ടു പോകാതെ മായക്കണ്ണൻ മനസിലുണ്ടായിരുന്നു. ഓരോ നിമിഷവും അമ്പലക്കുന്ന് കൃഷ്ണ ക്ഷേത്രത്തിലേക്ക് മായക്കണ്ണൻ്റെ കൈ പിടിച്ച് നടക്കുന്ന ആ കൗമാരക്കാരിയായിരുന്നു അവൾ.

അന്നു രാത്രി വക്കീൽ ഓഫീസിൽ നിന്ന് പത്മത്തിലെത്തുമ്പോൾ മാധുരി അവളെ കാത്തു നിൽക്കുകയായിരുന്നു. വെളുത്ത സാരിയും കറുത്ത കോട്ടും അണിഞ്ഞ് തനിക്കു നേരെ നടന്നെത്തുന്ന മാളവികയെ അവൾ കൗതുകത്തോടെ നോക്കി നിന്നു. കുഞ്ഞിമാളു .. അവളെത്ര വളർന്നിരിക്കുന്നു എന്ന അഭിമാനം മിഴികളിൽ തിങ്ങി. " നോക്കിക്കൊല്ലുകയാണോ.' മാളവിക അടുത്തുവന്ന് ചോദിച്ചു. "നാളെ വിദ്യാൻ്റി പരോൾ കിട്ടി വരുന്നുണ്ട്. ഇത്തവന്ന അമ്മയും മകളും തമ്മിൽ കാണും.. എല്ലാ പരിഭവവുo പറഞ്ഞു തീർക്കും.. വേഗം ഒരുങ്ങി വരൂ.. ഞാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.ഒരു ഉറക്കം കഴിയുമ്പോൾ അമ്പലക്കുന്നിലെത്താം " അവളുടെ മന്ദഹാസത്തിലേക്ക് ഉറ്റുനോക്കി മാധുരി പറഞ്ഞു. മാളവികയുടെ മുഖം വിളറിപ്പോയി. " ഇത്രയും വർഷം കുഞ്ഞിമാളു പലതും പറഞ്ഞൊഴിഞ്ഞു .. ഇനി ഞാൻ അനുവദിക്കില്ല. കുഞ്ഞിമാളു പോയേ പറ്റൂ.. പഴയ കുഞ്ഞിമാളുവല്ല ഇത്. തീയിൽ കുരുത്ത ധീരയാണ്. ഇനി ഒരു പിൻമാറ്റം ഒന്നിൽ നിന്നും വേണ്ട കുഞ്ഞിമാളൂ".

മാളവിക ആ തീർപ്പുകൽപ്പിക്കലിന് മുന്നിൽ നിശ്ചലയായി നിന്നു. പാമ്പ് പടം പൊഴിച്ചിട്ടത് പോലെ അവൾ ഉപേക്ഷിച്ചു കളഞ്ഞ പഴയ ജീവിതം. അതിലേക്കൊരു മടങ്ങിപ്പോക്ക് .. ഒരിക്കൽ .. അങ്ങനെ ഒരു യാത്രയുണ്ടായി. അത് തൻ്റെ ജീവിതം പാടേ കടപുഴക്കി കളഞ്ഞു. എല്ലാത്തിൻ്റെയും ഗതി മാറി ഒഴുകൽ അവിടെ നിന്ന് ആരംഭിച്ചു. എല്ലാം ശാന്തമായപ്പോൾ വീണ്ടും തിരിച്ച് അവിടേക്ക് തന്നെ ... പോകാൻ തീരെയും ഇഷ്ടമുണ്ടായിരുന്നില്ല. അവിടെ ഇനി തനിക്കെന്തെങ്കിലും അവശേഷിക്കുന്നതായും തോന്നിയില്ല ... ജന്മബന്ധങ്ങൾ പുതുക്കാനോ കണ്ണികൾ ഇണക്കി ചേർക്കാനോ മോഹിച്ചിരുന്നില്ല. പക്ഷേ മധു ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നും എതിർത്തു പറയാൻ തോന്നിയില്ല. വേഗം പോയി കുളിച്ചു വന്ന് കൊണ്ടുപോകാനുള്ളതെല്ലാം അടുക്കിത്തുടങ്ങി. അമ്പലക്കുന്നിലേക്ക് വീണ്ടും. മായക്കണ്ണനില്ലാത്ത അമ്പലക്കുന്നിലേക്ക് .....(തുടരും)

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story