ദൂരെ: ഭാഗം 27 || അവസാനിച്ചു

Dhoore

രചന: ഷൈനി ജോൺ

മുമ്പത്തെ പോലെ പുലർച്ചയിൽ തന്നെയാണ് അമ്പലക്കുന്നിലെത്തിയത്. എന്തുകൊണ്ടോ ഗ്രാമത്തിൻ്റെ തണുപ്പു തങ്ങി നിൽക്കുന്ന കാറ്റ്ഓടി വന്നു കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോൾ മാളവികയ്ക്ക് ദേഹം കുളിർന്നു . ' എവിടെയായിരുന്നു ഇതുവരെ എന്ന് പുലരിവെയിൽ പരിഭവിച്ചു.കറുകപ്പുല്ലുകളിൽ മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. ടാക്സിയിൽ നിന്നിറങ്ങി ഒതുക്കു കയറി ചെല്ലുമ്പോൾ കാലടികൾ നനഞ്ഞു. അവൾ നട്ടു പിടിപ്പിച്ച പൂച്ചെടികൾ അവളെ വരവേൽക്കാൻ എന്ന ഭാവേന നിറയെ പൂത്തു മദിച്ചു നിന്നു. മുറ്റം അടിച്ചുവാരി വൃത്തിയാക്കി ഇട്ടിരിക്കുന്നു. അകത്തുനിന്ന് പാർവണ മോളുടെ പിണങ്ങി കരച്ചിൽ കേൾക്കുന്നുണ്ട്.. സുദീപേട്ടൻ്റെ ശാസന കേൾക്കാം.കുട്ടിയെ വഴക്കു പറയരുതെന്ന് അമ്മമ്മ വിലക്കുന്നു. കൈയ്യിലൊരു മൊബൈലുമായി പൂമുഖത്തേക്ക് ഓടി വന്ന എട്ടു വയസുകാരി പിടിച്ചുകെട്ടിയത് പോലെ നിന്നു. അവൾ ഓർമയിൽ പരതുകയാണെന്ന് തോന്നി. നീണ്ടു മെലിഞ്ഞ് മുടി ഇരുവശത്തേക്കും മെടഞ്ഞു കെട്ടിയ ഫ്രോക്കുകാരി പെൺകുട്ടി.

അവളുടെ നക്ഷത്ര കണ്ണുകൾ കണ്ടപ്പോൾ മാളവികയ്ക്ക് തൻ്റെ കുട്ടിക്കാലം ഓർമ വന്നു. ശരിയാണ്. മീരേച്ചിയുടെ ഛായയല്ല.. തൻ്റെ തനി പകർപ്പ്. അവൾക്കു വേണ്ടി ഒന്നും വാങ്ങിയില്ലല്ലോ എന്ന് വ്യസനം തോന്നി. "അമ്മേ " പാർവണ മോൾ അകത്തേക്ക് നോക്കി വിളിച്ചു. "ഇതാ ചിറ്റ വന്നു " അകത്തു നിന്നും മീര ഓടി വന്നു. മാളവികയെ കണ്ട് പിടിച്ചുകെട്ടിയതുപോലെ നിന്നു. തൊട്ടുപുറകേ ഇറങ്ങി വന്ന അമ്മമ്മയുടെ മുഖത്ത് ആനന്ദം തിരതല്ലി.അവർ അവശതയോടെ ഇറങ്ങി വന്ന് അവളെ കെട്ടിപ്പിടിച്ചു. "കുഞ്ഞിമാളൂ" എന്നൊരു കരച്ചിൽ.. " അമ്മമ്മേ" എന്ന് അവളും കരഞ്ഞു. വാക്കിങ് സ്റ്റിക്കും കൈയ്യിൽ ഊന്നി സുദീപും പുറത്തേക്ക് വന്നു. "കുഞ്ഞിമാളു എന്താ മുറ്റത്ത് തന്നെ നിൽക്കുന്നത്. കയറി വരൂ " സുദീപ് പറഞ്ഞു. "വാ മോളേ " അമ്മമ്മ അവളുടെ കൈ പിടിച്ചു. അവൾ കയറിച്ചെന്നു.

അകത്ത് എവിടെ നിന്നോ ജി.കെ യുടെ ശബ്ദം കേട്ടതു പോലൊരു തോന്നൽ. ഒരു നിമിഷം നിന്നു.പിന്നെ തൻ്റെ മുറിയിലേക്ക് ചെന്നു. അമ്മമ്മ പുറകെ വന്നു. " മീര മോളും സുദീപും വന്നിട്ട് നാലു ദിവസമായി മോളേ.. ഈ വീട് അടച്ചിടാൻ വയ്യല്ലോ. ഞാനിവിടെ നിന്നു. രാത്രി കൂട്ടിന് യശേദമ്മായിയുടെ രണ്ടാൺമക്കൾ വരും. ഞാൻ കിടപ്പാകുമ്പോഴേക്കും ശിക്ഷ തീർന്ന് വിദ്യ വരും. ഇനി രണ്ടു കൊല്ലം തികച്ചില്ലല്ലോ." '"അമ്മമ്മ എൻ്റെ കൂടെ വരുന്നോ ബാംഗ്ലൂരിലേക്ക് ." അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു. അവരുടെ മുഖത്ത് സന്തോഷം പ്രകടമായി. "ഞാനില്ല മോളേ.. അപ്പൂൻ്റെ അസ്ഥിതറയിൽ തിരിവെക്കണം .. എൻ്റെ മരുമകനായാലും മകനെ പോലെ ആയിരുന്നില്ലേ അപ്പു " മോള് കുളിച്ചിട്ടു വരൂ അമ്മമ്മ കഴിക്കാനെടുത്തു വെക്കാം എന്നു പറഞ്ഞ് അവർ അടുക്കളയിലേക്ക് പോയി. മാളവിക അത് അനുസരിച്ചു.

കുളി കഴിഞ്ഞ് ഒരു സെറ്റുസാരിയുടുത്ത് എത്തിയപ്പോഴേക്കും അമ്മമ്മ വന്നു വിളിച്ചു. മീര ഊൺ മേശമേൽ പത്തിരിയും കോഴിക്കറിയും വിളമ്പി വെച്ചിരന്നു. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മീര ഓർത്തു വെച്ചിരുന്നു. "കുഞ്ഞിമാളു വരുമെന്ന് ഞാൻ വിചാരിച്ചില്ല.മാധുരി പറഞ്ഞപ്പോഴും വരില്ലെന്നാണ് കരുതിയത് " മീര പറഞ്ഞു .ഒന്നു ചിരിച്ചെന്നു വരുത്തി.ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാർവണ മോളുമായി ചില്ലറ സംസാരങ്ങൾ ഒക്കെയായി ഇരുന്നു. അവൾ വാതോരാതെ സംസാരിച്ചു. ചിറ്റയെ അവൾക്കറിയാം. ചിറ്റയുടെ ഫോട്ടോ അമ്മ ഫേസ്ബുക്കിൽ കാണിച്ചു കൊടുക്കാറുണ്ട്. പാർവണ മോളും ചിറ്റയും ഒരു പോലെ തന്നെയാണെന്ന് പറയാറുണ്ട്.അങ്ങനെ കേൾക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അവൾ പറഞ്ഞു. കാരണം ചിറ്റ ഭയങ്കര ഭയങ്കര സുന്ദരിയാണ്.' ഇടയ്ക്ക് സുദീപും അവർക്കൊപ്പം ചെന്നിരുന്നു.

കുഞ്ഞിമാളുവിന് ഇതുവരെ ഞങ്ങളോടൊക്കെയുള്ള ദേഷ്യം മാറിയില്ലേ എന്ന് അന്വേഷിച്ചു. നാലര വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ഒരു തിരിച്ചുവരവ് ഉണ്ടാകാത്തതിനെ ചൊല്ലി പരിഭവിച്ചു. അന്നത്തെ ആക്സിഡൻറിൽ സുദീപിൻ്റെ വലതുകാലിൻ്റെ സ്വാധീനം അൽപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചാൽ മാത്രമേ സുഖമായി നടക്കാൻ കഴിയൂ. നാളെ അമ്മയെ കൊണ്ടുവരാൻ വിയ്യൂരിലേക്ക് പോകണം.കുഞ്ഞി മാളു വന്നതറിഞ്ഞാൽ അമ്മയ്ക്ക് സന്തോഷമാകും. വർഷങ്ങളായി കാത്തിരിക്കുകയാണ്. ചെയ്തു പോയ തെറ്റുകൾക്ക് കുഞ്ഞുമാളുവിനോട് മനസു നിറയെ ഒന്നു മാപ്പു പറയണമെന്നുണ്ട് എന്ന് ഓരോ തവണ കാണാൻ ചെല്ലുമ്പോഴും അമ്മ പറയാറുണ്ട്. സുദീപേട്ടൻ്റെ വാക്കുകൾ മനസിനെ ഒന്നു തൊട്ടു.അമ്മയെ വീണ്ടും കാണാൻ തന്നെ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഏതൊരു ജീവിയുടെയും ഉളളിൽ പുതഞ്ഞു കിടക്കുന്ന അമ്മ എന്ന വികാരം നനുക്കെ ഉണരുന്നുവോ. അമ്മമ്മ അപ്പോൾ വന്ന് മുടിയിൽ തഴുകി. മായക്കണ്ണനെ കുറിച്ച് പറഞ്ഞു.മരിച്ചു കിടക്കുന്നത് കണ്ടാൽ ഉറങ്ങി കിടക്കുന്നുവെന്നേ തോന്നുകയുള്ളത്രേ.

അത്രയ്ക്ക് ചൈതന്യമായിരുന്നു. അമ്പലക്കുന്നുകാർ ഇപ്പോൾ പാടി നടക്കുന്ന പ്രണയഗാഥ മായക്കണ്ണൻ്റെയും കുഞ്ഞിമാളുവിൻ്റെയും പ്രണയമാണ്. അമ്പലക്കുന്നിലെ കാഞ്ചന മാലയാണത്രേ കുഞ്ഞിമാളു . അവളുടെ മുടിയിൽ തഴുകി അമ്മമ്മ പറഞ്ഞു, ഒരിക്കലും അങ്ങനെ ഒന്നുമാകരുത് കുഞ്ഞിമാളു.സ്നേഹിക്കാൻ ഒരാളു വേണം. മനസും ശരീരവും പങ്കുവെച്ച് സ്ത്രീയെന്ന ജന്മം പൂർണമാകുവാൻ ഒരാൾ വേണം. എന്നുമെന്നും മാധുരി കൂടെ ഉണ്ടാകുമെന്ന് കരുതരുത്. ഒപ്പം കൈ പിടിച്ചു നടക്കാൻ ഒരാളെ കണ്ടെത്തണം. ലക്ഷ്മി ഇവിടെ ഒരിക്കൽ വന്നിരുന്നു എന്ന് അമ്മമ്മ പറഞ്ഞു കേൾപ്പിച്ചു. മകൻ്റെ മരണത്തോടെ കടുത്ത വിഷാദത്തിലാണ് അവർ. ദിവ്യയുള്ളതാണ് ആകെ ആശ്വാസം . ഇനി ഒരു വിവാഹം വേണ്ടെന്ന വാശിയിൽ ആണത്രേ ആ കുട്ടി .പറഞ്ഞിട്ട് അമ്പിനും വില്ലിനും അടുക്കുന്നില്ലത്രേ. തൻ്റെ മകൻ കാരണം രണ്ടു പെൺകുട്ടികളുടെ ജീവിതം തകരുന്നത് സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരു പാട് കരഞ്ഞു. ദിവ്യയെ പറഞ്ഞു മനസിലാക്കാൻ കഴിയില്ല.കുഞ്ഞിമാളുവിനെ എങ്കിലും പറഞ്ഞു തിരുത്തണം.

അവൾ പഠിച്ച കുട്ടിയല്ലേ.. അവൾക്കെങ്കിലും ഒരു കുടുംബമുണ്ടായി കാണണം എന്നൊക്കെ പതം പറഞ്ഞ് കരഞ്ഞു. അമ്മമ്മ ഓരോന്നും പറയുമ്പോൾ അറിയാതെ മനസു നിറയെ കൂട്ടിയിട്ട ദു:ഖങ്ങൾ കണ്ണുനീരായി ഒഴുകി. ഒന്നു വിതുമ്പിപ്പോയി. സന്ധ്യയാകാറായിരുന്നു. മഴ ചിണുങ്ങിപ്പിണുങ്ങി പെയ്തു തുടങ്ങി. ഇവിടെ വന്നതു മുതൽ മറക്കാൻ കിണഞ്ഞ് പരിശ്രമിച്ച ചിന്തകളെ അമ്മമ്മ തട്ടിക്കുടഞ്ഞിട്ടു തന്നു. മായക്കണ്ണൻ മരിച്ചിട്ടില്ലെന്നൊരു തോന്നൽ.എന്തോ ഇവിടെ വന്നതുമുതൽ മായ കണ്ണനെ തിരിച്ചു കിട്ടുമെന്നൊരു തോന്നൽ...ഒരിക്കൽ കൂടി കാണാൻ കണ്ണും മനസും തുടിച്ചു.ഒന്നോടിപ്പോയി നോക്കിയാൽ ലച്ചമ്മയുടെ പൂമുഖ വരാന്തയിൽ മായക്കണ്ണനിരുന്ന് ചിത്രം വരയ്ക്കുന്നുണ്ടാവും എന്നൊരു ചിന്ത. അപ്പോഴൊക്കെയും ദിവ്യയുടെ കയ്യിൽ കാതിൽ മുഴങ്ങിക്കേട്ടു .. മായക്കണ്ണൻ മരിച്ചു... കരുണാകരേട്ടൻ്റെ കുളത്തിൽ ....

അടുക്കളപ്പുറത്ത് ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടില്ല. വീടിന് പിന്നിലെ ചവിട്ടുവഴിയിലൂടെ ഇറങ്ങിയോടി.ഇരുട്ട് പടർന്നു കഴിഞ്ഞു. പാമ്പും ഇഴജന്തുക്കളുമുണ്ടാവാം. ഒന്നും ശ്രദ്ധിച്ചില്ല. പേടിയും തോന്നിയില്ല. കരുണാകരേട്ടൻ്റെ പറമ്പിലെ കുളത്തിലെ പടവുകൾ ഇറങ്ങിച്ചെന്നു. അർധചന്ദ്രികാ വെളിച്ചത്തിൽ വെള്ളം മിനുങ്ങുന്നു. ഇവിടെ.. ഈ കൽപ്പടവിൽ തെന്നിയാണ് മായക്കണ്ണൻ... അന്നും ഇതുപോലൊരു മഴക്കാലമായിരുന്നത്രേ. നിറഞ്ഞു തുളുമ്പിക്കിടന്ന കുളത്തിൽ നിന്നും ജീവനറ്റ മായക്കണ്ണനെ എടുത്തു കിടത്തിയതും ഈ പടവിലാണ്.അനുനിമിഷം പെരുകി വന്ന മനസിലെ ഭാരം പൊട്ടിത്തെറിച്ചു. വലിയ ഒരു കരച്ചിൽ തൊണ്ട തകർത്ത് പുറത്തേക്ക് ചാടി.. മായക്കണ്ണാ എന്നു വിളിച്ച് അലച്ചാർത്ത് കരഞ്ഞുപോയി. എൻ്റെ മായക്കണ്ണാ എന്ന് തേങ്ങിത്തേങ്ങി കരഞ്ഞു. പ്രകൃതിയും കൂടെ കരഞ്ഞു. ആർത്തലച്ചു കരഞ്ഞു.മഴ.... എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഒരു ടോർച്ചു വെട്ടം വന്ന് മുഖത്ത് തട്ടിയപ്പോഴാണ് പരിസരബോധം വീണ്ടു കിട്ടിയത്.ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ, ഇരുട്ടിൽ തൊട്ടു പിന്നിൽ ടോർച്ച് വെളിച്ചത്തിൽ മീര നിൽക്കുന്നത് കണ്ടു.

ആകെ നനഞ്ഞു കുളിച്ച് ജീവനപ്പാടെ വാരിയെടുത്തുള്ള ഓട്ടത്തിൽ അവൾ ആകെ നനഞ്ഞു കുതിർന്ന് കിതച്ചു കൊണ്ടു നിന്നു. "കുഞ്ഞിമാളൂ .... മോളേ " എന്ന് മീര ഹൃദയം തകർന്ന് വിളിച്ചു. " ഞാൻ പേടിച്ചു പോയി... .. " അവൾ കിതപ്പടക്കി നിന്നു.ആ നിമിഷം മുന്നിൽ മധു ചേച്ചിയാണെന്ന് തോന്നി. സഹോദര സ്നേഹത്തിൻ്റെ അദൃശ്യ വലയങ്ങൾ അവരെ ചുറ്റി. "കുഞ്ഞിമാളൂ" മീര അവളെ തൊട്ടു. പെട്ടെന്ന് ഒരു എങ്ങലോടെ മാളവിക മീരയുടെ മാറിലേക്ക് വീണു.വർഷങ്ങൾക്കു മുൻപേ അമ്പലക്കുന്നിലൂടെ ചേച്ചിയുടെ കൈപിടിച്ചു നടന്ന കുഞ്ഞിമാളു ആയി മാറി മാളവിക .വർഷങ്ങൾക്കപ്പുറമുള്ള പിണക്കങ്ങൾ അലിഞ്ഞു. "വാ.. പോകാം'' മീര അവളുടെ കൈ പിടിച്ചു. കണ്ണുനീർ മഴയ്ക്കു വിട്ടുകൊടുത്ത് മാളവിക പുറകേ നടന്നു. "മോളെ.. നാളെ നീ അമ്പലക്കുന്ന് കണ്ണനെ കാണാൻ പോകണം. പിണക്കം മറന്ന് കണ്ണനെ കാണണം. നിൻ്റെ മനസ് അപ്പോഴേ ശാന്തമാകൂ. എനിക്കറിയാം നഷ്ടപ്പെട്ടു പോയ കുഞ്ഞിമാളുവിനെ തിരിച്ചു തരാൻ ഇനി ഭഗവാനേ സാധിക്കൂ" മീര അവളെ ചേർത്തു പിടിച്ചു നടന്നു.

"നീ പോകാതിരിക്കരുത്. നിൻ്റെ മായക്കണ്ണൻ്റെ ആത്മാവിന് വേണ്ടി ഹൃദയമുരുകി പ്രാർത്ഥിക്കണ്ടേ കുഞ്ഞിമാളുവിന്.." മീരേച്ചിയുടെ ഓരോ വാക്കുകളും കൂടുതൽ നോവിച്ചു.എങ്കിലും പൊട്ടിപ്പോയ ചങ്ങലക്കണ്ണികൾ പോലെ ആ ബന്ധം കൂട്ടിയിണക്കപ്പെട്ടു. മീര ചായ്പിൽ നിന്ന് തോർത്തെടുത്ത് മുടി ഒന്നാകെ തോർത്തിക്കൊടുത്തു.അമ്മമ്മയുടെ കണ്ണിൽ പെടാതെ ഒരു വിധം മുറിയിലേക്കു പോന്നു .അന്നു രാത്രി മുഴുവൻ മായക്കണ്ണനെ കുറിച്ചോർത്ത് കരഞ്ഞു. മായക്കണ്ണൻ ഇനിയില്ലെന്ന സത്യത്തിനെ എന്നിട്ടും അംഗീകരിക്കാൻ വയ്യായിരുന്നു. ഒന്ന് കണ്ണടച്ചു കൂടിയില്ല. പുലർച്ചെ അമ്പലക്കുന്ന് കണ്ണൻ്റെ ക്ഷേത്രത്തിൽ നിന്ന് ഭക്തിഗാനം ഉയർന്നപ്പോൾ അവൾ എഴുന്നേറ്റു. കുളി കഴിഞ്ഞ് മീരയെ തിരഞ്ഞു ചെന്നു. അവൾ അതികാലത്തു തന്നെ എഴുന്നേറ്റ് അടുക്കളയിൽ കയറിയിരുന്നു. മാളവികയെ കണ്ട് മീര മന്ദഹസിച്ചു. " അമ്മ വരുമ്പോഴേക്ക് അമ്മയ്ക്ക് ഇഷ്ടമുള്ളതെല്ലാം പാചകം ചെയ്യണം" മീര പറഞ്ഞു. "എന്നാൽ മാമ്പഴ പുളിശേരി വെക്ക് .. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം അതാണ്. " മാളവികയുടെ മറുപടി കേട്ട് മീര വിടർന്ന കണ്ണുകളോടെ നിന്നു. കുഞ്ഞിമാളു അമ്മയുടെ ഇഷ്ടങ്ങൾ ഓർത്തു വെച്ചിരിക്കുന്നു. വെറുപ്പും വിദ്വേഷവും ഉരുകി തുടങ്ങി. ബന്ധങ്ങൾ പരസ്പരം തൊട്ടു തുടങ്ങി.

മീരയുടെ മിഴികൾ നിറഞ്ഞു. "രാത്രി മുഴുവൻ ഞാൻ മീരേച്ചി പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അമ്പലക്കുന്ന് കണ്ണനോട് ഇനി പിണങ്ങാൻ വയ്യ.. പോകണം.. എൻ്റെ മായക്കണ്ണനു വേണ്ടി പ്രാർത്ഥിക്കണം." മീരയോട് പറഞ്ഞ് മാളവിക ഇറങ്ങി നടന്നു. മായക്കണ്ണൻ്റെ കൈ പിടിച്ച് നടന്ന വഴികൾ, കാട്ടിക്കൂട്ടിയ കുറുമ്പുകൾ .. ഓരോ ചുവടിലും കണ്ണുകൾ നിറഞ്ഞു തൂവി, നീർത്തുള്ളികൾ നിലത്ത് വീണുടഞ്ഞു. നെൽപ്പാടം കടന്ന് ക്ഷേത്രപടവുകൾ കയറുമ്പോൾ "കുഞ്ഞിമാളൂ" എന്ന വിളി പലകുറി കാതിൽ കേട്ടു .തിരിഞ്ഞു നോക്കുമ്പോഴൊക്കെയും ശൂന്യതയായിരുന്നു ഫലം. മനസ് നൊന്തു നൊന്ത് അവിടെ വീണു മരിക്കുമെന്ന് തോന്നി. അമ്പലക്കുന്ന് കണ്ണൻ്റെ തേജോമയമായ രൂപത്തിന് മുന്നിൽ കൈകൾ കൂപ്പി നിന്നു. എത്ര വട്ടം ക്ഷമാപണം ചെയ്തെന്നറിയില്ല. കുഞ്ഞിമാളുവിനോട് ക്ഷമിക്കണേ കണ്ണാ എന്നു പറഞ്ഞു പറഞ്ഞു നിന്നു.പിന്നെ പരിഭവങ്ങൾ അറിയാതെ ചിതറി വീണു. മായക്കണ്ണനെ തിരിച്ചെടുത്തല്ലോ എന്ന് മനംനൊന്ത് ചോദിച്ചു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ വെച്ചാണ് മായക്കണ്ണനെ അവസാനമായി കണ്ടത്.

തമ്മിൽ ഗാഢം പുണർന്ന് അന്നെത്ര കരഞ്ഞു. അന്നായിരുന്നു അവസാന കാഴ്ച. ഇവിടെ വെച്ച് കുഞ്ഞിമാളുവിന് അവളുടെ മായക്കണ്ണനെ നഷ്ടപ്പെടുകയായിരുന്നു. എന്നേയ്ക്കുമായി . "കുഞ്ഞിമാളൂ" അപ്പോൾ കാതരികെ ഒരു സ്വരം വീണു. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ തൊട്ടു പിന്നിൽ മായക്കണ്ണൻ .വിശ്വസിക്കാൻ കഴിഞ്ഞില്ല. സർവചരാചരങ്ങളും ഒരു നിമിഷം നിശ്ചലമായെന്ന് തോന്നി. കണ്ണുകളെ വിശ്വസിക്കാൻ വയ്യ! " അമ്പലക്കുന്ന് കണ്ണനോട് കുഞ്ഞിമാളുവിനെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ വന്നതാണ്." ഹിന്ദിയിലാണ് അടുത്ത വാക്കുകൾ കേട്ടത്. ഞെട്ടലോടെ നിന്നു. മായക്കണ്ണനല്ല. തരുൺ. കൂപ്പിയ കരങ്ങളോടെ അമ്പലക്കുന്ന് കണ്ണനെ നോക്കി കൺമിഴിഞ്ഞ് നിൽക്കവേ തൊട്ടു പിന്നിൽ വീണ്ടും അതേ ശബ്ദം.. " പ്രൊപ്പോസ് ചെയ്യുന്നത് ഇവിടെ വെച്ചു മതിയെന്ന് മധുവാണ് പറഞ്ഞത്.

കുഞ്ഞിമാളു ഇന്നിവിടെ വരുമെന്നും പറഞ്ഞു. ഇന്നലെ താൻ കയറിയ ബസിൽ ഞാനുമുണ്ടായിരുന്നു .. എല്ലാം മധുവിൻ്റെ പദ്ധതികളാണ്." മാളവിക നിന്ന നിൽപ്പിൽ നിന്നു.ചലിക്കാൻ കഴിഞ്ഞില്ല .ഒന്ന് അനങ്ങിയാൽ ഒരു മണൽശിൽപ്പം പോലെ താൻ പൊടിഞ്ഞു വീഴുമെന്ന് അവൾ ഭയന്നു. "എന്നെ മായക്കണ്ണനായി കരുതിയാൽ മതി.. ഈ കൃഷ്ണ ഭഗവാൻ മായക്കണ്ണനെ കുഞ്ഞിമാളുവിന് തിരിച്ചു തന്നെന്ന് കരുതിയാൽ മതി" മാളവിക കൺചിമ്മി തുറന്നപ്പോൾ അമ്പലക്കുന്ന് കൃഷ്ണൻ്റെ തൂ മന്ദഹാസം കണ്ടു. "എന്തൊരു മായയാണിത് കണ്ണാ ... എൻ്റെ മായക്കണ്ണനെ തിരിച്ചെടുത്തിട്ട് മറ്റൊരു മായക്കണ്ണനെ മനസിലേക്കിട്ടു തരികയാണോ " കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. (അവസാനിച്ചു) * വിശദമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. സ്റ്റിക്കറും ഗുഡും സൂപ്പറും അല്ല.. 😁

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story