ദൂരെ: ഭാഗം 3

Dhoore

രചന: ഷൈനി ജോൺ

" മായക്കണ്ണാ " മാളവിക കണ്ണനെ നോക്കി വിതുമ്പി ഈരേഴു പതിനാലു ലോകമൊട്ടാകെ വേർപെട്ട് തന്റെ തലയിൽ പതിച്ചാലുള്ള ഭാരം തോന്നി അവൾക്ക് ഉടൽ ആ ഭാരം താങ്ങാനാവാതെ വിറപൂണ്ടു "മനസിലായില്ലേ നിനക്ക്.. ഈ മന്ദനെയും ഈ തള്ളയേയും പോലീസ് പിടിച്ചോണ്ടു പോകുന്നത് കാണണോ നിനക്ക്.. ലൈംഗിക പീഡനമാ വകുപ്പ് .. " ശ്രീവിദ്യ കിതച്ചു ഒറ്റ അടിയ്ക്ക് കുഞ്ഞിമാളുവിനെ താഴെയിടാനുള്ള കോപമുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്. വിവാഹ ദിവസം തന്നെ ജി കെ യുടെ താൻ മുന്നിൽ നാണം കെട്ടിരിക്കുന്നു. ഈ അസത്ത് തന്നെ വിലയില്ലാത്തവൾ ആക്കി. മകളെ ചൊല്ലുവിളി നൽകാതെയാണോ വളർത്തിയതെന്ന് ജി കെ ചോദിച്ചു. അമ്മ വേലി ചാടിയാൽ മകളു മതിൽ ചാടുമെന്ന് നാട്ടുകാരെ കൊണ്ടു പറയിപ്പിക്കരുത് എന്ന് ..ഇത്ര വലിയ നാറ്റക്കേസ് ആകുമായിരുന്നെങ്കിൽ വിവാഹവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട ആ ലോഡ്ജ് മുറിയിലെങ്ങാനും ചെന്ന് കിടക്കുമായിരുന്നത്രേ അവൾക്ക് ഉള്ളു തരിച്ചു.

ജി കെ യുടെ മുന്നിൽ തല ഉയർത്തി നിൽക്കണമെങ്കിൽ ഇവൾ കൂടെ വന്നേ പറ്റൂ. തന്റെ വളർത്തുദോഷം എന്ന് ഇനിയും പറയിപ്പിക്കരുത്. മീരയെ പറഞ്ഞൊതുക്കാൻ കഴിഞ്ഞു. പക്ഷേ ഇവൾ ചെറിയ കുട്ടിയാണെന്ന് കരുതി മനസിളക്കി കൈയ്യിലെടുക്കാൻ ശ്രമിച്ചില്ല .. അറിയുമ്പോൾ അറിയട്ടെ.. അവൾ പ്രതികരിക്കില്ല എന്നു കരുതി. അതു തന്റെ ഭാഗത്തു വന്ന പിഴവാണ്. നീറുപോലെ നിൽക്കുന്ന ഇവളെ കൂടെ കൊണ്ടുപോകാൻ കരുതി വെച്ച ആയുധമാണ് ആ ഡേറ്റ് ഓഫ് ബർത്ത്. അതും കൂടി ഏറ്റില്ലെങ്കിൽ എങ്ങനെ ജി കെ യ്ക്ക് മുന്നിൽ തല ഉയർത്തി നിൽക്കും.. പോലീസ് ഇടപെട്ടാൽ നാട്ടുകാർ അറിയും. അപ്പേട്ടൻ മരിച്ച് അധികമാകുന്നതിന് മുമ്പ് താൻ വിവാഹം കഴിച്ചത് ഈ നാട്ടുകാർ അംഗീകരിക്കില്ല. അവർ കുഞ്ഞിമാളുവിന്റെ കൂടെയേ നിൽക്കു ശ്രീവിദ്യ മനസിൽ പലതും കണക്കു കൂട്ടി.

"കുട്ടീ.. "ഗോപീകൃഷ്ണൻ സംസാരിച്ചു. " പോലിസ് സ്റ്റേഷനിൽ പോയിട്ടുമതി ഇങ്ങോട്ട് വരുന്നതെന്ന് വിദ്യ പറഞ്ഞതാണ്. ഞാനാണ് പറഞ്ഞത് ആദ്യം ഇവിടെ വന്ന് കുഞ്ഞിമാളുവിനോട് സംസാരിക്കാമെന്ന് ..ഇതൊരു കേസായാൽ വിദ്യ പറഞ്ഞത് പോലെ നിയമകുരുക്കാവും.ഈ ചെറുക്കൻ പ്രതിയാകും.. ഇത്രയും സമയത്തിനകം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്കെതിരേ പീഡനക്കേസും ആകും" അയാൾ തുടരാനുള്ള ഭാവത്തിലായിരുന്നു. മാളവികയ്ക്ക് വിറഞ്ഞു വന്നു. " മതി .. നിർത്ത്" അവൾ കൈയ്യെടുത്തു വിലക്കി. "അങ്ങനെ അങ്ങ് പീഡിപ്പിക്കാൻ എന്റെ മായക്കണ്ണൻ നിങ്ങളല്ല. ഞങ്ങൾ ആദ്യമായിട്ടില്ല കാണുന്നതും. ഞാൻ ഈ നിൽക്കുന്ന സ്ത്രീയുടെ മകൾ ആയിരിക്കും പക്ഷേ അവരുടെ ചീത്ത സ്വഭാവമല്ല എന്റേത് .. അതു കൊണ്ട് നിങ്ങൾ ഈ പൊക്കി കാണിച്ച ഓലപ്പാമ്പിനെ എനിക്കു പേടിയും ഇല്ല". അവൾ കോപം കൊണ്ട് നിന്നു വിറച്ചു. ജി.കെ യുടെ ചെവിട്ടത്ത് അടിക്കണമെന്ന് അവൾക്കു തോന്നി. മകളുടെ പ്രായമുള്ള തന്നോട് എന്തു ഭാഷയാണയാൾ സംസാരിച്ചത്.

അയാളെ അയാളുടെ ശവത്തിനെ പോലെ അവൾക്കറച്ചു. " വൃത്തികെട്ടവൻ". എന്നിട്ടും ആ വാക്ക് അവളുടെ വായിൽ നിന്നും പുറത്തുവന്നു. "നീയെന്താടി പറഞ്ഞത് .. അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്.. നിയമവശത്തേക്കുറിച്ചാണ് ജി കെ പറഞ്ഞത് .. നീയത് വേറെയാക്കി ചിത്രീകരിക്കാൻ നിൽക്കണ്ട ". ശ്രീവിദ്യ ജ്വലിച്ചു. "വിദ്യാമേ.. "കണ്ണൻ മുന്നോട്ട് വന്നു. അവന്റെ തീഷ്ണമായ ഭാവം കണ്ട് ശ്രീവിദ്യ പകച്ചു. അവൾ പിന്നോട്ട് ചുവടുകൾ വെച്ചു. കണ്ണൻ വിരൽ ചൂണ്ടി. "എന്റെ കുഞ്ഞിമാളൂനെ വഴക്കു പറഞ്ഞാൽ വിദ്യാമ്മയെ ഞാൻ കൊല്ലും". അവന്റെ നോട്ടം കണ്ടപ്പോൾ ശ്രീവിദ്യ ഞെട്ടിപ്പോയി. പറഞ്ഞത് ചെയ്തു കളയും . അന്തവും കുന്തവുമില്ലാത്ത പൊട്ടൻ . അവളുടെ മുഖം വിളറി. അവൾ വിവർണതയോടെ ജികെയെ നോക്കി .അയാളും അവന്റെ ഭാവമാറ്റം കണ്ട് പകച്ചു നിൽക്കുകയായിരുന്നു. കാരിരുമ്പിന്റെ ദൃഢതയുള്ള ചെക്കൻ. വെളുത്ത് തുടുത്ത് ...ഒത്തവണ്ണവും ആറടി പൊക്കവും. കണ്ടാൽ സിനിമാ നടനാണെന്നേ തോന്നൂ. ബുദ്ധിയ്ക്ക് കുഴപ്പമുണ്ടെന്ന് കണ്ടാൽ തോന്നില്ല.

അവൻ കൈ നീട്ടി ഒന്നു തന്നാൽ താൻ ഉറപ്പായും താഴെ വീഴും. "മോളെ.. "ലച്ചമ്മ ഇടപെട്ടു. അവർ മാളവികയെ ദയനീയമായി നോക്കി. " വയസുകാലത്ത് ജയിലിൽ കിടക്കണമെന്നാണ് എന്റെ വിധി എങ്കിൽ അതു നടക്കട്ടെ ..ലച്ചമ്മയ്ക്ക് എതിരൊന്നും ഇല്ല.. എന്റെ ചെക്കൻ വയ്യാത്തതാണെന്ന് കണ്ടാൽ നിയമം അവനെ സഹായിച്ചോളും.. നീ തീരുമാനിക്ക് .. ഇനിയും ഇവർ ഇവിടെ നിന്നാൽ കണ്ണൻ അവരെ എന്തെങ്കിലും ചെയ്തു പോകും. നിന്നെ വഴക്കു പറയുന്നത് അവൻ സഹിക്കില്ല.. തല്ലാനല്ല കൊല്ലാനാകും അവന്റെ ചിന്ത.. " മാളവിക കണ്ണനെ നോക്കി. ഒരു ആയുധത്തിനായി കണ്ണുകൾ കൊണ്ട് പരതുകയാണ് അവൻ. ദേഷ്യം വന്നാൽ അവനെ നിയന്ത്രിക്കാൻ തനിക്കു പോലും സാധിച്ചെന്നു വരില്ല. "എന്റെ മായക്കണ്ണാ " മാളവിക ഓടിച്ചെന്ന് അവന്റെ കൈ പിടിച്ചു. "എന്താ നോക്കുന്നത് " "ബാറ്റെവിടെ.. എന്റെ ക്രിക്കറ്റ് ബാറ്റ്'' അവൻ ചുറ്റും നോക്കി. അതു വെച്ച് തല്ലാനാണ് പദ്ധതി. " അത് അവിടെ എവിടെങ്കിലും കിടക്കട്ടെ .. ദേ നോക്ക് മായക്കണ്ണൻ എനിക്കൊരുമ്മ താ .." അവൾ കൊഞ്ചി. കണ്ണൻ സംശയത്തോടെ എല്ലാവരെയും നോക്കി. "താ മായക്കണ്ണാ " അവൾ കവിൾ തൊട്ടു കാണിച്ചു. " ഉമ്മ" അവൻ അവളുടെ കവിളിൽ ഒരു ചെറിയ ഉമ്മ നൽകി.

എങ്കിലും മുഖത്തെ കലിപ്പ് മാഞ്ഞിട്ടില്ലെന്ന് മാളവിക കണ്ടു.ശ്രീവിദ്യയും ജി.കെ യും അനിഷ്ടത്തോടെ മുഖം തിരിച്ചു " ഞാൻ പോവാട്ടോ. നാളെ അമ്പലക്കുന്നിൽ കാണാം". അവൾ പറഞ്ഞു. എല്ലാവരും അമ്പരന്നു. കണ്ണനും . "കുഞ്ഞിമാളു പോവാണോ " അവന്റെ മുഖം മങ്ങി. " ഉം.. പോവാണ് .. താലി കെട്ടിയാലേ ഞാൻ കണ്ണേട്ടന്റെ ഭാര്യയാകൂ..... എന്നാലേ നമുക്ക് ഒന്നിച്ച് താമസിക്കാൻ പറ്റൂ.. എത്ര വട്ടം പറഞ്ഞു തന്നിട്ടുണ്ട് മായക്കണ്ണന് " അവന്റെ മുഖത്ത് ചമ്മൽ പടർന്നു. "വിദ്യാമ്മ നിന്നെ വഴക്ക് പറയും കുഞ്ഞിമാളൂ" അവൻ സംശയിച്ചു "താലികെട്ടാതെ താമസിക്കാൻ വന്നതിനാ വഴക്കു പറഞ്ഞത് .. മനസിലായോ .. താലികെട്ടീട്ട് വന്നാൽ വഴക്കു പറയില്ല.. മനസിലായോ മായക്കണ്ണന്." അവൻ ചിരിച്ചു. " എന്നാൽ പോട്ടെ" അവൾ അവനും കവിളിൽ ഒരുമ്മ നൽകി. " അപ്പോൾ പറയ്.. നമ്മളാരാ " "മായക്കണ്ണനും കുഞ്ഞിമാളൂം " അവൻ ചിരിച്ചു. " ഉം .. മായക്കണ്ണന്റെ കുഞ്ഞിമാളു .. കുഞ്ഞിമാളൂന്റെ മായക്കണ്ണൻ അതിന് മാറ്റംല്യ" അവൾ ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ചെന്നു. " ഞാൻ പോയിട്ടു വരാം ലച്ചമ്മേ " " പോയിട്ടു വാ മോളേ " അവർ അവളുടെ നെറുകിൽ കൈവെച്ച് അനുഗ്രഹം പോലെ പറഞ്ഞു. കുഞ്ഞിമാളു പടിയിറങ്ങിച്ചെന്നു. " തോറ്റിട്ടും പേടിച്ചിട്ടും വരുന്നതാണെന്ന് കരുതണ്ട..

വെറും മുപ്പത് ദിവസം കഴിഞ്ഞാൽ ഞാൻ മേജർ ആയ പെണ്ണായി .അത്രയല്ലേയുള്ളു. സഹിക്കാൻ തന്നെ തീരുമാനിച്ചു.. അതു കഴിഞ്ഞാൽ ഞാനൊരു വ്യക്തിയാ. പിന്നെ എന്റെ ജീവിതത്തിൽ ഒരിടത്തും നിങ്ങൾ എന്ന സ്ത്രീയോ ഇയാളോ ഉണ്ടാവില്ല." അവളുടെ നോട്ടമേറ്റ് ശ്രീവിദ്യ ദഹിച്ചു.എങ്കിലും അവൾ കൂടെ വന്നത് ജി.കെയ്ക്ക് മുമ്പിൽ തന്നെ ജയിപ്പിക്കുക തന്നെ ചെയ്തു. ഇനി അനുനയപൂർവം അവളെ മെരുക്കണം.. പെട്ടന്നുണ്ടായ ഷോക്കിലാവാം അവൾ ഇങ്ങനെയൊക്കെ പ്രതികരിച്ചത്. അതു മാറുമ്പോൾ അവൾ ഇണങ്ങിത്തുടങ്ങും. ശ്രീവിദ്യയ്ക്ക് ആശ്വാസമായി. മാളവിക ചെന്ന് കാറിന്റെ ബാക് ഡോർ തുറന്നു കയറിയിരുന്നു.എന്നിട്ട് കണ്ണനെ നോക്കി കൈ വീശി. അവൻ കൈ കൊണ്ട് താലികെട്ടുന്നതായി ആംഗ്യം കാണിച്ചു. " ശരിയാക്കാം " എന്ന് മാളവിക തള്ളവിരൽ കൊണ്ട് തിരിച്ചും ആംഗ്യം കാട്ടി. കാർ ഓടിത്തുടങ്ങി. അവർ ചെല്ലുമ്പോൾ എട്ടര കഴിഞ്ഞിരുന്നു. സുദീപും മീരയും പാർവണ മോളും പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു.

അവരുടെ കൂട്ടത്തിൽ ഒരുങ്ങി നിൽക്കുന്ന അമ്മമ്മയെ കണ്ടപ്പോൾ മാളവികയുടെ മുഖം മങ്ങി. "എന്റെ കുഞ്ഞിമാളൂ നീയെന്തൊരു പോക്രിത്തരമാടി കാട്ടിയത് " അമ്മമ്മ അവളോട് ദേഷ്യപ്പെട്ടു. "ഇവിടെ നടക്കുന്നതൊക്കെ നല്ല കാര്യങ്ങൾ ആണല്ലോ " അവൾ ചോദിച്ചു. അവളുടെ മുഖത്തെ കടുപ്പം കണ്ടപ്പോൾ അവർ നിശബ്ദയായി. പാറു മോൾ മേമ എന്ന വിളിയുമായി വന്ന് കാലിൽ കെട്ടിപ്പിnച്ചപ്പോൾ മാളവികയുടെ മനസ് അലിഞ്ഞു. അവൾ കുഞ്ഞിനെ എടുത്തു. "മേമേടെ മുത്തേ " എന്നു വിളിച്ച് കവിളിൽ തുരുതുരെ ചുംബിച്ചു. എന്നിട്ട് അമ്മമ്മയെ നോക്കി. "അമ്മമ്മയും പോകാൻ ഒരുങ്ങി നിൽക്കുകയാണോ " ആ ചോദ്യത്തിലെ അരക്ഷിതാവസ്ഥ അവരുടെ കരളലിയിച്ചു. " സുധിയേട്ടന് നൈറ്റ് ഷിഫ്റ്റാ" രാവിലത്തെ പിണക്കം മറന്ന മട്ടിൽ മീര പറഞ്ഞു. സുദീപേട്ടന് രാത്രി ജോലി ഉള്ളപ്പോൾ മീര വന്ന് അമ്മമ്മയെ കൂട്ടിന് കൊണ്ടു പോകാറുണ്ട്.സുദീപിന്റെ അമ്മ മൂത്ത മകന്റെ കൂടെയാണ് താമസം.. അവരും മീരയും തമ്മിൽ ഒട്ടും ചേരില്ല. "

അമ്മമ്മ പോയാൽ എനിക്കിവിടെ ആരാ " അവൾ വിങ്ങി. "എന്റെ കുഞ്ഞേ.. ഞാനെന്താ ചെയ്യ" ആ സ്ത്രീ ഞരമ്പുകളെഴുന്ന വലം കൈയ്യാലെ അവളെ തലോടി. " ഞാൻ വേഗം വരൂലോ. നിയ്യ് എന്തിനാ പേടിക്കുന്നെ.. നിന്റെ അമ്മയല്ലേടി ഇവിടെ ഉള്ളത് '' അവരുടെ സ്വരം ഇടറിപ്പോയി. "ഓ.. അമ്മയോട് പിണങ്ങി കാമുകന്റെ അടുത്തേക്ക് ഓടിപ്പോയതല്ലേ നീ.. എന്നിട്ടെന്തേ പോന്നത്.. അല്ലെങ്കിലും ഓന്തോടിയാൽ എവിടം വരെ ഓടും "മീര പരിഹസിച്ചു. "ഓന്ത് ഒട്ടിയാൽ എവിടം വരെ ഒട്ടും എന്ന് അമ്മ മനസിലാക്കീട്ടില്ല .. നല്ല അസലായി നിറം മാറാനറിയുന്ന ഓന്തല്ലേ അമ്മേടെ മൂത്തമകൾ... നാവുകൊണ്ട് രക്തം വരെ ഊറ്റും " മാളവിക പറഞ്ഞത് മീരയ്ക്ക് കൊണ്ടു. അവളുടെ മുഖത്തെ രക്തമയം മാഞ്ഞു. "അമ്മമ്മ പോയിട്ട് വേഗം വരണേ." മാളവിക കുഞ്ഞിനെ താഴെ നിർത്തിയിട്ട് അവർക്കൊരുമ്മ നൽകി.ആ വൃദ്ധ നയനങ്ങൾ നിറഞ്ഞു. അവൾ തന്റെ മുറിയിലേക്ക് പോയി.ചെന്ന പാടേ കിടക്കയിലേക്ക് വീണു.ചുരുണ്ടു കിടന്ന് ഉള്ളു പൊട്ടുന്ന വിധം മൗനമായി ഏങ്ങലടിച്ചു കരഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ സുദീപിന്റെ കാർ പോകുന്ന ശബ്ദം കേട്ടു .ഒച്ചയും സംസാരവും നിലച്ചിരിക്കുന്നു. നിശബ്ദതയിൽ ശ്രീവിദ്യയുടെ കിലുങ്ങിയ ചിരി കേട്ടു .ശൃംഗാര മയം.

" ശ്ശ് ..... മുറീൽ ചെന്നിട്ട് " എന്നൊരു മന്ത്രണം. "ആദ്യരാത്രിയാണ് " അയാൾ ഓർമപ്പെടുത്തുന്നു. "ഒന്നു പോ ജി.കെ. എത്രയെത്ര രാത്രികൾ കഴിഞ്ഞിരിക്കുന്നു .. അയ്യോ രാത്രികൾ അല്ല .. പകലുകൾ " രണ്ടു പേരുടെയും ചിരി "എന്തായാലും വിവാഹം കഴിഞ്ഞുള്ള രാത്രിയാണ് യഥാർത്ഥ ആദ്യരാത്രി" അയാളുടെ ക്ലാസ്. ചെവിയിൽ വിരലുകൾ കടത്തി അവൾ ആ ശബ്ദങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചു. കുറച്ചു നേരം പിന്നെ അനക്കമൊന്നും കേട്ടില്ല. ഒമ്പതരയായപ്പോൾ ശ്രീവിദ്യ ചെന്ന് അവളുടെ റൂമിന്റെ വാതിലിൽ തട്ടി. "കുഞ്ഞിമാളൂ ഭക്ഷണം കഴിക്കാൻ എഴുന്നേറ്റു വാ ". കഴിയുന്നത്ര മധുരമായി ശ്രീവിദ്യയുടെ ക്ഷണം കേട്ടു . "എനിക്ക് വേണ്ട ". അവൾ പ്രതികരിച്ചു. "വിശന്നാൽ കഴിച്ചാൽ മതി". ശ്രീവിദ്യയുടെ മറുപടി വന്നു. മാളവിക വീണ്ടും ചുരുണ്ടു കിടന്നു 'കുറേ കഴിഞ്ഞപ്പോൾ അവൾക്ക് ദാഹിച്ചു വെള്ളമെടുക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ഗ്ലാസിലേക്ക് പഞ്ചസാര കുറുക്കിയ പാൽ പകരുകയാണ് ശ്രീവിദ്യ .മകളെ കണ്ട് അവരുടെ മുഖത്ത് ജാള്യത പ്രകടമായി. അവരെ കണ്ട് മാളവികയും വല്ലാതെയായി.

കുളിച്ചൊരുങ്ങി സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവു ചൂടി ഒരു നവോഢയെ പോലെ ഒരുങ്ങി ലജ്ജ വിവശയായി കൈയ്യിൽ പാലുമായി നിൽക്കുന്നു ..അമ്മ!! ഒരു നിമിഷം മകൾക്കു മുമ്പിൽ മടിച്ച് നിന്നിട്ട് അവളെ ശ്രദ്ധിക്കാത്തതുപോലെ ശ്രീവിദ്യ മുന്നോട്ട് പോയി. ഫ്രിഡ്ജ് തുറന്ന് മിനറൽ വാട്ടർ ബോട്ടിലുമെടുത്ത് മാളവിക തിരിച്ചു പോയി. വാതിലടച്ചപ്പോൾ അടുത്ത മുറിയിൽ നിന്ന് കളി ചിരികൾ കേട്ടു .തോലുരിഞ്ഞു. അവൾ രാവിലെ ഇട്ടെറിഞ്ഞു പോയ മൊബൈലും ഹെഡ്സെറ്റും എടുത്തു. മൊബൈൽ ഓൺ ചെയ്തു. അവളുടെ പ്രിയപ്പെട്ട പാട്ടുകളുടെ കളക്ഷൻ ഓപ്പൺ ചെയ്ത് ഹെഡ്സെറ്റ് ചെവിയിൽ തിരുകി. " കോലക്കുഴൽ വിളി കേട്ടോ രാധേ എൻരാധേ കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൻ " .. അവൾ എന്നും മായക്കണ്ണനെ ഓർത്തോർത്ത് ഉറങ്ങുന്ന പാട്ട്. മായക്കണ്ണനെ പറ്റിച്ചേർന്ന് പകൽ ഏതാനും നിമിഷങ്ങൾ കിടന്നതോർത്തു. ഒടുവിൽ കാറിൽ കയറിയപ്പോൾ താലികെട്ടുന്ന ആംഗ്യം കാണിച്ചേക്കുന്നു ചെക്കൻ. "എന്റെ മായക്കണ്ണാ .. എന്റെ കുസൃതി കണ്ണാ".

അവന്റെ ആ ഭാവം ഓർത്ത് മാളവിക ചിരിച്ചു. അടുത്ത പാട്ടു വന്നു "ഗോപികാവസന്തം തേടീ വനമാലി.. എൻ മനമുരുകും വിരഹതാപമറിയാതെന്തേ " രാധയുടെ വിരഹ ദുഃഖം അറിയാതെ ഗോപികമാരുടെ വായിൽ നോക്കി നടക്കുകയാണത്രേ ആ കണ്ണൻ തിരുമാലി.. എന്റെ മായക്കണ്ണാ .. നീ വല്ല ഗോപികമാരെയും നോക്കിയാലുണ്ടല്ലോ. കൊല്ലും ഞാൻ.. അവൾ ഊറി ചിരിച്ചു. മനസിൽ ലാഘവത്വം നിറയുന്നു. ഒരു മാസം സഹിച്ചാൽ മതിയല്ലോ. പിന്നെ ഈ നരകത്തിൽ നിന്ന് രക്ഷപെടും. കണ്ണേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഡിഗ്രിക്ക് ചേരണം. പഠിക്കാനുള്ള തുക ഒക്കെ അച്ഛൻ തന്റെ അക്കൗണ്ടിൽ ഇട്ടു തന്നിട്ടുണ്ട്. ബി.എഡ് ചെയ്യണം. ടീച്ചർ ആവണം.. അതു വരെ കുട്ടികൾ ഒന്നും വേണ്ട.. അവൾ മന്ദഹസിച്ചു.. "പ്രണയമയി ഈ രാധ വിരഹിണി അനുരാധ സ്മര താപമാർന്നലയുന്നൊരു യമുനാ തരംഗമിവൾ കൃഷ്ണാ " അടുത്ത പാട്ടു വന്നു. ഏറെ ഇഷ്ടമുള്ള ആ ഗാനത്തിനൊപ്പം അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.മെല്ലെ മെല്ലെ ഉറക്കത്തിന്റെ ആഴത്തിലേക്ക് വീണു. പകൽ അനുഭവിച്ച വേദനകൾ നൽകിയ ക്ഷീണത്തിൽ എല്ലാം മറന്ന ഉറക്കം. ഉണർന്നത് മാറിടത്തിലൂടെ എന്തോ ഇഴയുന്നതറിഞ്ഞാണ്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോൾ കണ്ടു മുന്നിൽ വഷളൻചിരിയുമായി അയാൾ ജി.കെ....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story