ദൂരെ: ഭാഗം 4

Dhoore

രചന: ഷൈനി ജോൺ

" ത്ഫൂ " ചാടിയെഴുന്നേറ്റ് മാളവിക ഒരൊറ്റ തുപ്പ്. തുപ്പൽ കൃത്യം അയാളുടെ മുഖത്ത് വീണു. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ ജി.കെ ഒന്നു പകച്ചു. അടുത്ത നിമിഷം അയാളുടെ മുഖത്തേക്ക് കോപമിരച്ചു കയറുന്നത് അവൾ കണ്ടു. "ഇറങ്ങെടാ പട്ടി എന്റെ റൂമിൽ നിന്ന് " . അവൾ ആത്മാഭിമാനത്തിനേറ്റ മുറിവോടെ അലറി. കോപം കൊണ്ട് കവിളുകൾ വിറപൂണ്ടു. കണ്ണുകളിൽ കനലെരിഞ്ഞു. അയാൾ സ്പർശിച്ച മാറിടം ചുട്ടുപൊള്ളി. അപമാനത്തിന്റെ നാറുന്ന പഴുപ്പ് തന്നെയാകെ പൊതിഞ്ഞതായി മാളവികയ്ക്ക് അനുഭവപ്പെട്ടു. അവളുടെ ഭാവം കണ്ട് ജി കെ പതറി. "നീയത്ര പതിവ്രത ചമയണ്ട ..ആ മന്ദൻ ചെറുക്കനെ കൊണ്ട് പണിയെടുപ്പിക്കുന്നവളല്ലേടി നീ" അയാൾ അവളോട് അടുത്തു വന്ന് മുരണ്ടു. "നിന്റെ തള്ള സൂപ്പറാ.. അതിനേക്കാൾ * @പ്പ് ഉണ്ടായിരിക്കുമല്ലോ നിനക്ക്". അയാൾ പറഞ്ഞ വാക്കിന്റെ ആഘാതത്തിൽ മാളവിക പകച്ചു നിന്നു. അയാൾ പെട്ടന്ന് മുറിയിൽ നിന്ന് പുറത്തേക്ക് പോയി. അയാൾ തിരിച്ചു നടന്നപ്പോഴാണ് ബോധത്തിലേക്ക് മാളവിക തിരികെ എത്തിയത്.

"എടാ " എന്ന് വിളിച്ച് മേശപ്പുറത്തിരുന്ന പൗഡർ ടിൻ ഒരൊറ്റ ഏറായിരുന്നു അവൾ. "ടപ്പ് " എന്ന ശബ്ദത്തോടെ അയാളുടെ പുറത്ത് തന്നെ പതിച്ചു. അയാൾ പകച്ചു പോയി. പുറം നന്നായി വേദനിച്ചു. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. ഏതു നിമിഷവും ശ്രീവിദ്യ വാതിൽ തുറന്ന് വരാം. ആ ഓർമയിൽ അയാൾ തിരിഞ്ഞ് രൂക്ഷമായി ഒന്ന് നോക്കിയിട്ട് റൂമിനകത്ത് ചെന്ന് വാതിലടച്ചു പിന്നെ ബാഗെടുത്ത് തന്റെ വസ്ത്രങ്ങൾ അടുക്കാൻ തുടങ്ങി. ബാത്റൂമിന്റെ ഡോർ തുറന്ന് ശ്രീവിദ്യ മുറിയിലേക്ക് വന്നു. അവൾ കുളി കഴിഞ്ഞ് വെളുത്ത പൂക്കൾ വിതറിയ കരയുള്ള നീല സാരി ഉടുത്തിരുന്നു. സമൃദ്ധമായ മുടി നനഞ്ഞു ചിതറി കിടക്കുന്നത് പ്രത്യേക ഭംഗി തോന്നിച്ചു . മക്കൾക്ക് രണ്ടു പേർക്കും അമ്മയുടെ ഭംഗി കിട്ടിയില്ല എന്ന് അയാൾ വിലയിരുത്തി. അവളിൽ നിന്നും കണ്ണെടുത്ത് അയാൾ ബാഗടുക്കിത്തുടങ്ങി. മിഴികളിൽ നിറയെ വിനിമയവുമായി അവൾ അരികിലേക്കു ചെന്നു. "ഇതെന്താ ജി.കെ ചെയ്യുന്നത് " അവൾ തൊട്ടടുത്ത് വന്നപ്പോൾ പിയേഴ്സ് സോപ്പിന്റെ ഗന്ധം. "

നമുക്ക് എവിടേക്കെങ്കിലും യാത്രയുണ്ടോ ''.? ശ്രീവിദ്യ ആഗ്രഹത്തോടെ നോക്കി. "നമുക്കല്ല.. എനിക്ക്.. " അയാൾ അയഞ്ഞില്ല " ജി.കെ.എവിടെ പോകുന്നു". അവൾ ശാസനയോടെ ചോദിച്ചു. "എന്റെ ലോഡ്ജ് മുറി ഞാൻ വെക്കേറ്റ് ചെയ്തിട്ടില്ല. അവിടേക്ക് " അയാളുടെ ഭാവം കണ്ടപ്പോൾ അരുതാത്തതെന്തോ നടന്നെന്ന് അവൾക്കു മനസിലായി. "എന്താ കാര്യം ജി.കെ " അവൾ ഞയാളുടെ കൈ പിടിച്ച് തടഞ്ഞു. "എന്താണെന്നോ നിന്റെ മകൾ ദാ ആ കിടക്കുന്ന പൗഡർ ടിൻ കൊണ്ടെന്നെ എറിഞ്ഞു ". നീരസമുള്ള വാക്കുകൾ.ശ്രീവിദ്യയുടെ മനസു പിടഞ്ഞു. വാതിലിനരികെ കിടക്കുന്ന വലിയ ടിൻ അവൾ കണ്ടു. "എന്തിന് " ? അവൾ ചോദിച്ചു. "ഞാനിന്നലെ രാത്രി നിന്നോട് പറഞ്ഞില്ലേ വിദ്യ.. എന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കുകയാണ് അവളുടെ ഉദ്ദേശം.. അതിന് എന്നെ ഒരു സ്ത്രീ പീഡകനായി അവൾ ചിത്രീകരിക്കും.. ഞാനൊരു രാഷ്ട്രീയക്കാരനാണ്.. നിന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനാണ്.. ആ നിലയ്ക്ക് ഞാൻ ഒരു പെണ്ണുപിടിയൻ ഒന്നുമല്ലെന്ന് നിനക്കറിയാമല്ലോ..

പക്ഷേ നിന്റെ മോൾ എന്നെ അതാക്കും. ഈ നാട്ടിൽ പെൺകുട്ടിയുടെ വാക്കിനാണ് വില.. പേരു മോശമാകുന്നതിന് മുമ്പ് ഞാൻ പോകുന്നു." "ജി.കെ .. തത്ക്കാലം എനിക്കിവിടെ നിന്ന് വരാൻ കഴിയില്ല. ഞാനിവിടെ നിന്നിറങ്ങിയാൽ ഈ കണ്ട സ്വത്തിനും മുതലിനും അപ്പേട്ടന്റെ വീട്ടുകാർ അവകാശമുന്നയിച്ച് വരും.. " അവൾ വന്നു ബാഗ് പിടിച്ചു വാങ്ങി. "ഞാനില്ലാതെ പോകാൻ പറ്റുമോ ജി.കെയ്ക്ക് " അയാൾ പതറിയഭാവം നടിച്ചു. "നിന്നെ ഓർത്തു മാത്രാണ് ഞാനിത് ക്ഷമിച്ചത് .. ഞാൻ ആ മുറിയ്ക്ക് മുന്നിലൂടെ ഹാളിലേക്ക് പോകുകയായിരുന്നു. മുറിയിൽ കടക്കുന്നോടാ പട്ടി എന്ന് വിളിച്ച് ഒരേറ്.. ഞാൻ ഞെട്ടിപ്പോയി. " അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ശ്രീവിദ്യ കണ്ടു പാവം അല്ലെങ്കിൽ തന്നെ തനിക്കു വേണ്ടി ഒരുപാട് സഹിച്ചു. ഭ്രാന്ത് പോലെ ഒരു കോപത്തിന്റെ തിര ദേഹമാകെ ഒന്നുലച്ചു. "എടീ.. കുഞ്ഞിമാളൂ" എന്ന വിളിയോടെ ശ്രീവിദ്യ മകളുടെ മുറിയിലേക്കോടി കയറി. കിടക്കയിലിരുന്ന് മുഖം പൊത്തി കരയുകയായിരുന്നു മാളവിക .മകളുടെ കരച്ചിൽ കണ്ട് ശ്രീവിദ്യ നിന്നു പോയി.

മാളവിക ചലനമറിഞ്ഞ് മുഖമുയർത്തി നോക്കി. അമ്മ. അവളുടെ മനവും ഉടലും വിറച്ചു. ഈ സ്ത്രീയാണ് എല്ലാത്തിനും കാരണം .. പല്ലുകൾ ഞെരിഞ്ഞമർന്നു. "കുഞ്ഞിമാളു നീ ജി.കെയെ എറിഞ്ഞോ '' അലർച്ച പോലെ ശ്രീവിദ്യയുടെ ചോദ്യം വന്നു. " എറിയുകയല്ല .. കൊല്ലും ഞാനയാളെ " മാളവിക ചാടിയെഴുന്നേറ്റ് വിരൽ ചൂണ്ടി. " അമ്മ ഒരു കാര്യം പുതിയ ഭർത്താവിനോട് പറയണം.അയാൾ അമ്മയുടെ കൂടെ കിടന്നോട്ടെ. പക്ഷേ എന്നെ കൂടെ കിടത്താൻ നോക്കരുത്" "ഞാനിത് പ്രതീക്ഷിച്ചു " മാളവിക പ്രതീക്ഷിച്ച ഞെട്ടൽ ശ്രീവിദ്യയിൽ ഉണ്ടായില്ല. പകരം മുഖം നിറയെ പരിഹാസം .. പുച്ഛം. "ജി.കെയെ വർഷങ്ങളായി എനിക്കറിയാം. നിന്നെ കടന്നുപിടിച്ചു.. ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നൊന്നും പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഞാനിത് മുമ്പേ കരുതിയതാണ്. നിന്റെ ആരോപണം. ഇത് പറഞ്ഞ് നിനക്കിവിടുന്ന് ജി.കെയെ പടിയിറക്കി വിടണം അല്ലേ? ശ്രീവിദ്യ തിളച്ചുതൂവി.വാക്കുകളുടെ പൊള്ളൽ മാളവികയുടെ മനസ് നീറ്റി. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ശ്രീവിദ്യ .

അവൾ അകംപുറമെരിഞ്ഞു. തന്റെ ജീവിതത്തിന് വിലങ്ങുതടിയാവാൻ രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുന്നു ഇളയ മകൾ .. അതിന് വേണ്ടി അവളുടെ വൃത്തികെട്ട മനസ് ജി.കെയെ പറ്റി അനാവശ്യം മെനഞ്ഞിരിക്കുന്നു. ജി.കെ പറഞ്ഞതുപോലെ മകളായിട്ടു പോലും അവൾക്ക് തന്നോട് അസൂയയാണ്. തന്റെ നിറമോ സൗന്ദര്യമോ ആകർഷണമോ ഇല്ലാത്തതുകൊണ്ടായിരിക്കാം. സ്വയം അറിയുന്നത് കൊണ്ടാണല്ലോ അവൾ ആ മന്ദന് പിന്നാലെ നടക്കുന്നത്. ജി.കെയെ പോലെ സുമുഖനും ആകാര സൗഷ്ഠവവുമുള്ള ഒരു ഭർത്താവിനെ തനിക്ക് കിട്ടിയതിന്റെ അസൂയ.. അല്ലെങ്കിൽ പിന്നെ മീര മോൾക്കില്ലാത്ത എന്തു ദേഷ്യമാണ് ഇവൾക്ക് കൂടുതൽ ഉണ്ടാവേണ്ടത്. " നിന്റെ മനസ് എനിക്കു വായിക്കാൻ പറ്റും .. നീ എന്തൊക്കെ പറഞ്ഞാലും ശരി .. ജി.കെ എന്റെ കൂടെ ഇവിടെ കാണും.. "

ശ്രീവിദ്യ അന്ത്യശാസനം നൽകി. "ഇയാളും ഞാനും ഒരു വീട്ടിൽ കാണില്ല.. ഇയാൾ എനിക്ക് പായ വിരിക്കാൻ അമ്മ കൂട്ടുനിൽക്കരുത്" മാളവിക ചീറ്റി നിന്നു. അവൾ പറഞ്ഞു തീരുന്നത് മുൻപേ അടി വീണു.കൈ കുടഞ്ഞു കൊണ്ട് ശ്രീവിദ്യ അവളെ നോക്കി. " അച്ഛനെ പോലെ കരുതേണ്ടയാളെ പറ്റി അനാവശ്യം പറയുന്നോടി" അവൾ പ്രകോപിതയായി ഗർജിച്ചു. ഭാര്യ പ്രകോപിതയായതു കണ്ട് ജി.കെ എത്തി പിടിച്ചു മാറ്റി. മുഖം പൊത്തി നിൽക്കുകയായിരുന്നു മാളവിക .അമ്മ തന്നെ അടിച്ചതിനേക്കാൾ പ്രഹരമേൽപിച്ചത് അയാൾക്കു മുന്നിൽ വെച്ച് അടിച്ചതാണ്. അയാളെ മാത്രം വിശ്വസിച്ചാണ് അമ്മ തന്നെ അടിച്ചത് .. "വിദ്യാ.. കുട്ടി ജയിക്കാൻ വേണ്ടി എന്തെങ്കിലും പറയട്ടെ.. പക്ഷേ എന്നെ തനിക്കറിയാമല്ലോ. അതു മതി.. എനിക്കിവൾ എന്റെ മകളെ പോലെയാണ്.അങ്ങനെയേ കണ്ടിട്ടുള്ളു" അയാൾ അഭിനയിച്ചു. " നിർത്ത്" മാളവിക അയാൾക്കു മുന്നിലേക്ക് ചെന്നു. " ഈ അഭിനയം ഭാര്യയുടെ മുന്നിലല്ലാതെ കോർട്ടിലും കാഴ്ചവെക്കേണ്ടി വരും തനിക്ക്. ഇനിയെന്നെ തൊട്ടാലുണ്ടല്ലോ.. താൻ ജയിലിലാ.. മനസിലാക്കിക്കോ".

ജി.കെ മാത്രമല്ല ശ്രീവിദ്യയും ഞെട്ടിപ്പോയി. കോപം കൊണ്ട് നിന്നു കത്തുകയാണ് മാളവിക .അവൾ രണ്ടും കൽപിച്ചു തന്നെയാണ് ഇന്നലെ കൂടെ പോന്നതെന്ന് ഇരുവരും മനസിലാക്കി. നാട്ടിൻ പുറത്തെ തൊട്ടാവാടി പെണ്ണൊന്നും അല്ല അവൾ.. ധൈര്യവും തന്റേടവും ഉള്ളവളാണ്. ശ്രീവിദ്യ വെറുപ്പോടെ നോക്കി. " ഈ വീട്ടിൽ വെച്ച് ജി.കെയ്ക്ക് അങ്ങനെ ഒരു ദുരനുഭവം ഉണ്ടായാൽ .. നിന്റെ ഒരു പരാതിയിൽ പോലീസ് സ്റ്റേഷനോ കോടതിയോ കയറേണ്ടി വന്നാൽ .... കുഞ്ഞിമാളു നിനക്ക് പിന്നെ അച്ഛൻ മാത്രമല്ല.. അമ്മയും ഉണ്ടാവില്ല. ജീവൻ കളയും ഞാൻ.. പറയുന്നത് ശ്രീവിദ്യയാ... ഓർത്തോ ." " "വിദ്യേ"ക്ഷോഭംകൊണ്ട് പൊട്ടിച്ചിതറായ ഭാര്യയെ ജി.കെ.ചേർത്തു പിടിച്ചു. "നീ വന്നേ.. ഞാനെവിടെയും പോകുന്നില്ല... അവൾ കുട്ടിയല്ലേ.. എനിക്കവൾ എന്റെ മകളെ പോലെയാണ്. ഞാൻ ക്ഷമിച്ചു പോരേ " ആ വാക്കുകൾ കല്ലിനെ പിളർക്കുന്നത്രയും ആർദ്രമായിരുന്നു. ശ്രീവിദ്യ കരഞ്ഞുപോയി. പാവം.. അവളുടെ മനസ് പിടച്ചു. തന്നെ മനസിലാക്കാനും സ്നേഹിക്കാനും ഇപ്പോൾ ജി.കെ മാത്രമേയുള്ളു.

ഒരു മകൾ പണത്തിനു വേണ്ടി പറ്റിക്കൂടുന്നു. ഒരു മകൾ ശത്രുവായിയിരിക്കുന്നു. എല്ലാം ജി.കെ സ്നേഹിച്ചു എന്ന കുറ്റം കൊണ്ടു മാത്രം സംഭവിച്ചതാണ്. അപ്പേട്ടൻ ഒരിക്കലും തനിക്കു ചേരുന്ന ഒരു ഭർത്താവായിരുന്നില്ല .. പഠിപ്പും വിവരവുമില്ല. പത്രാസില്ല. പെരുമാറാൻ അറിയില്ല. ഒരു നാടൻ കർഷകൻ. ഭൂസ്വത്തും വീടും പരിസരവും കണ്ടാണ് വീട്ടുകാർ നിർബന്ധിച്ച് തന്നെ അയാളുടെ ഭാര്യയാക്കിയത്. എങ്കിലും ജീവിതം മുന്നോട്ട് പോയപ്പോൾ സ്നേഹിച്ചു പോയി. രണ്ടു മക്കളും നനേഹമുള്ള ഭർത്താവുമായി മുന്നോട്ട് ജീവിക്കുകയായിരുന്നു. വർഷങ്ങൾ മുന്നോട്ടു പോയി. അതിനിടെയാണ് തന്റെ ഓഫീസിലേക്ക് ജി.കെ.സീനിയർ പോസ്റ്റിൽ എത്തിയത്. അറിയാതെ അടുത്തു പോയി . ശ്രീവിദ്യയെ പോലെ ഒരു പെണ്ണ് പൊട്ടക്കുളത്തിലെ തവളയെ പോലെ അപ്പേട്ടന്റെ ഭാര്യയായി ഒതുങ്ങിയത് കഷ്ടമായിപ്പോയി എന്ന് ജി.കെ.പറഞ്ഞു. മനസിൽ ഒളിപ്പിച്ച മോഹഭംഗങ്ങൾ ഇറക്കി വെക്കാൻ ഒരിടമായിരുന്നു അയാൾ. പതിയെ പതിയെ ജീവിതത്തിന്റെ ഭാഗമായി ജി.കെ.

ഒരുപാട് അനുഭവിച്ച മനുഷ്യൻ. സംശയ രോഗിയായിരുന്ന ഭാര്യയുടെ ആത്മഹത്യ . ഏക മകൾ തള്ളിപ്പറഞ്ഞ് അമ്മവീട്ടിലേക്ക് പോയത്.. എല്ലാം ആ മനുഷ്യനെ പാടേ തകർത്തിരുന്നു. പരസ്പരം ആശ്രയത്വത്തോടെ ഒന്നു ചേർന്നു.ഇനി പിരിക്കാൻ പറ്റില്ല... അത് മകൾ എന്തു വില കുറഞ്ഞ തന്ത്രം പ്രയോഗിച്ചാലും ശരി. അവൾ ദൃഢനിശ്ചയത്തോടെ മാളവികയെ നോക്കി. "കേട്ടില്ലേടി ആ മനുഷ്യൻ പറഞ്ഞത്. അദ്ദേഹത്തിന്റെ മകളെ പോലെയാ നീ എന്ന് ... എനിക്കും അറിയാം. ജി.കെയെ ഈ വീട്ടിൽ നിന്നിറക്കിവിടാനുള്ള സൂത്രം നീ മനസിൽ വെച്ചാൽ മതി." അവൾ അട്ടഹസിച്ചു "മതി നീ വന്നേ " അയാൾ ഭാര്യയെ താങ്ങി. ശ്രീവിദ്യ തന്റെ ഭാരവും ജീവിതവും കൂടി ആ ചുമലിൽ അർപ്പിച്ചു.റൂമിലേക്ക് പോകുന്നതിനിടയിൽ മുഖം ചെരിച്ച് മാളവികയെ നോക്കി. ഒരു വഷളൻ നോട്ടം. അവൾ നിന്നുരുകി. കണ്ണുകൾ നിറഞ്ഞൊഴുകി. ആരോടാണ് ഈ സങ്കടമെല്ലാം പറഞ്ഞു കരയാൻ പറ്റുക.. മായക്കണ്ണനോട് പറഞ്ഞാൽ അത് പ്രശ്നമാകുമെന്ന് തീർച്ച. പിന്നെ ആരോട്.. കഷ്ണനോടല്ലാതെ മറ്റാരോടാണ്. അവൾ വേഗം കുളിച്ചൊരുങ്ങി. അമ്മയോട് പറയാൻ പോലും മെനക്കെടാതെ അമ്പലക്കുന്നിലേക്ക് നടന്നു.

പുലരിയിലെ മഞ്ഞു തുള്ളികൾ നെൽച്ചെടികളിൽ പറ്റിക്കിടന്ന് അവളുടെ പാവാടത്തുമ്പ് നനച്ചു കൊണ്ടിരുന്നു. "എടി .. കുഞ്ഞിമാളൂ" പിന്നിൽ മായക്കണ്ണന്റെ ശബ്ദം. ഇതെപ്പോൾ വന്നു.. കാലൊച്ച പോലും കേൾപ്പിക്കില്ല. അതല്ലേ മായ കണ്ണൻ എന്ന് പേരിട്ടത് താൻ. തിരിഞ്ഞു നോക്കിയപ്പോൾ കുളിച്ച് സുന്ദരനായി നിൽക്കുന്നു. കസവു വേഷ്ടി പുതച്ചിട്ടുണ്ട്. ബുദ്ധിക്കുറവുണ്ടെന്ന് പറഞ്ഞറിയിക്കണം. എന്തൊരു പൗരുഷം .. കുട്ടിക്കാലത്ത് ആ പനി വന്നില്ലായിരുന്നെങ്കിൽ.. എങ്കിൽ എന്റെ മായക്കണ്ണന് ഈ ഗതി വരില്ലായിരുന്നല്ലോ. എന്റെ കണ്ണാ നീയെന്റെ മായക്കണ്ണനെ എന്തിനിങ്ങനെ ശിക്ഷിച്ചു. അറിയാതെ മിഴികൾ നിറഞ്ഞൊഴുകിപ്പോയി. " കഞ്ഞിമാളു എന്തിനാ കരയുന്നത് ". കണ്ണന്റെ മുഖത്ത് പരിഭാന്തി പടർന്നു. "വിദ്യാമ തല്ലിയോ നിന്നെ "? എത്ര പെട്ടന്നാണ് മുഖഭാവം മാറുന്നത്. ഇപ്പോൾ നിറഞ്ഞ ദേഷ്യമാണ്. "കുഞ്ഞിമാളു " കണ്ണൻ അവളെ പിടിച്ച് നെഞ്ചോട് ചേർത്ത് ആ കണ്ണീരു തുടച്ചു കളഞ്ഞു. "കരയണ്ട .. താലികെട്ടി കൊണ്ടുപോയിക്കഴിഞ്ഞാൽ വിദ്യാമയുടെ അടുത്തേക്ക് കുഞ്ഞിമാളുവിനെ വിടില്ലട്ടോ". "വിട്ടാലും ഞാൻ പോവില്ല" അവൾ പറഞ്ഞു. " അമ്മയെ എനിക്കിഷ്ടമല്ല ഇപ്പോൾ " "അതെന്താ വിദ്യാമയും ഒരാളെ താലി കെട്ടിയതുകൊണ്ടാണോ ".?

" അതു മാത്രമല്ല.. അമ്മയ്ക്കിപ്പോ കുഞ്ഞിമാളു ശത്രുവാണ്. മകളെ മനസിലാക്കാത്ത വിഡ്ഡിയാകുകയാണ് അമ്മ.. " കണ്ണൻ ഒന്നും മനസിലാകാതെ നോക്കി. " അങ്ങനെയുള്ള അമ്മമാരാണ് മക്കളുടെ ശാപം .. മായക്കണ്ണന് അറിയാഞ്ഞിട്ടാണ് " അമ്പാടി കൃഷ്ണന് മുമ്പാകെ കൈകൂപ്പി നിന്ന് മനസിലെ വ്യഥയെല്ലാം പറഞ്ഞു തീർത്തപ്പോൾ ഒരാശ്വാസം കിട്ടി. തിരിച്ചു വരുമ്പോൾ കണ്ണൻ ചേർത്തു പിടിച്ച് നെറ്റിയിൽ ചന്ദനം തൊടുവിച്ചു. മായക്കണ്ണനൊപ്പം കുറേ നേരം കൂടി സംസാരിച്ചു നിന്നാണ് അവൾ വീട്ടിലെത്തിയത്. ചെന്നപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. സംശയം തീരാതെ അടുക്കള വശത്തും ചെന്നു നോക്കി. അവിടെയും താഴുണ്ട്. അകത്തുനിന്ന് പൂട്ടിയാലും പുറത്തു നിന്നു കൂടി പൂട്ടിയാലേ അമ്മയ്ക്ക് സമാധാനമാകൂ. എല്ലാം കണ്ടു തിട്ടപ്പെടുത്തി വേണം ഇനി ഇവിടെ നിൽക്കാൻ .അമ്മയുടെ ഭർത്താവിനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിച്ചു കൂടാ. അവൾ താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നു. ഒന്നും കഴിക്കാനേ തോന്നിയില്ല. മുറി അടച്ചു പൂട്ടി കിടന്നപ്പോൾ വല്ലാതെ ഉറങ്ങിപ്പോയി.കോളിംഗ് ബെൽ ശബ്ദിച്ചപ്പോഴാണ് ഉണർന്നത്. ചെന്നു വാതിൽ തുറന്നപ്പോൾ മുറ്റത്ത് വട്ട മുഖമുള്ള ഒരു സുന്ദരിക്കുട്ടി നിൽക്കുന്നു. " മാളവിക .. അല്ലേ "

അവൾ ചിരിച്ചു. " അയാൾ എവിടെ.. അകത്തുണ്ടോ" അവൾ ചോദിച്ചു. "ഇവിടെ ആരുമില്ല .. എവിടെ പോയി എന്നറിയില്ല " മാളവിക പൂമുഖത്തേക്കിറങ്ങി വന്നു. "എന്റെ അച്ഛനെന്ന് പറയുന്ന ആളാണ് ഇവിടെ ഉള്ളത്.. ഞാൻ ഗോപിക.. അയാളെ കാണാനില്ല മാളുവിനെ കാണാനാണ് ഞാൻ വന്നത് " മാളവിക സംശയത്തോടെ നോക്കി. "കൗമാരക്കാരികളെ കാണുമ്പോൾ പീഡിപ്പിക്കാൻ തോന്നുന്ന മാനസിക രോഗിയാണ് അയാൾ .. " " മാളവിക നടുക്കത്തോടെ നിന്നു. "നല്ലയാളെയാണ് തന്റെ അമ്മ ജീവിത പങ്കാളിയാക്കിയത്.. എന്റെ അമ്മ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് മാളുന്നറിയ്യോ.. മകൾ ആണെന്നു ചിന്തിക്കാതെ അയാൾ എന്നെ റേപ് ചെയ്യാൻ ശ്രമിച്ച രംഗത്തിന് അമ്മ സാക്ഷിയായി .. അതുകൊണ്ടാ.. ഞങ്ങളുടെ ഒക്കെ വീട്ടിൽ നിന്നും ജീവിതത്തിൽ നിന്നും ആട്ടി ഓടിച്ചതാ അയാളെ .. മാളു കരുതി ജീവിച്ചോളു". ഒന്നും കേൾക്കാനോ പറയാനോ നിൽക്കാതെ അവൾ പിന്തിരിഞ്ഞു. ഒതുക്കിന് താഴെ വെച്ചിരുന്ന സ്ക്കൂട്ടി നടവഴി വളവ് തിരിഞ്ഞ് കാണാതെയായി.. മാളവിക ചലിക്കാനാവാതെ നിന്നു....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story