ദൂരെ: ഭാഗം 7

Dhoore

രചന: ഷൈനി ജോൺ

വിചാരിച്ചത് പോലെ മായക്കണ്ണനെ വിട്ടു പോകുക എളുപ്പമായിരുന്നില്ല കുഞ്ഞിമാളുവിന്.. അവൻ അകന്നുപോയപ്പോൾ ഇടനെഞ്ചിൽ ആരോ ശൂലം കുത്തിയിറക്കിയത് പോലെ വേദനിച്ചു അവൾക്ക്. മുറിവുകളിൽ നിന്ന് രക്തം വാർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. ബസിൽ അടുത്തിരുന്ന സ്ത്രീ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. കോഴിക്കോടിന് ടിക്കറ്റെടുത്തിട്ട് അവൾ സീറ്റിലേക്ക് ചാരിക്കിടന്നു.നാലര മണിക്കൂറോളം യാത്രയുണ്ട് തൃശൂരിൽ നിന്നും. മാവൂർ റോഡിന് കുറച്ച് ഉള്ളിലായാണ് സുദീപേട്ടന്റെ വീട് തറവാട്ടുവീട്ടിലല്ല.. അവർ സ്വന്തമായി ഒരു വീട് നിർമിച്ചിരുന്നു. അതിന്റെ ഗൃഹപ്രവേശത്തിനാണ് അവസാനമായി പോയത്. തലേ ദിവസത്തെ രാത്രിയിലെ ഉറക്കമില്ലായ്മ കൊണ്ട് വളരെ വേഗം മാളവിക ഉറക്കത്തിലേക്ക് വഴുതി വീണു. സ്വപ്നത്തിൽ മായക്കണ്ണൻ വന്ന് കുഞ്ഞിമാളൂ എന്നു വിളിച്ചു. മായക്കണ്ണന്റെ മുറി തന്നെയാണ്.. അലക്കി വിരിച്ച ബെഡ്ഷീറ്റിൽ മുഖമുയർത്തി " നോക്ക് കുഞ്ഞിമാളൂ എന്തൊരു സോപ്പിന്റെ മണം" എന്ന് അത്ഭുതപ്പെടുന്നു.

"എനിക്കു മായക്കണ്ണന്റെ മണമാ അറിയേണ്ടത് " സ്വപ്നത്തിൽ പോലും ഉടൽ പൊട്ടിത്തരിച്ചു. മായക്കണ്ണന്റെ വിരലുകൾക്ക് തീപിടിച്ചിട്ടുണ്ടോ. ദേഹമാകെ തൊടുമ്പോൾ എന്തൊരു പൊള്ളൽ . ഉടയാടകളെല്ലാം ഊരിമാറ്റിയിട്ട് കുഞ്ഞിമാളുവിനെ ആകെ മണത്തു നോക്കി മായക്കണ്ണൻ. പിന്നെ ആകെ രുചിച്ചു നോക്കി. അമ്പലക്കുന്നിൽ നിറയെ പൂത്തു നിൽക്കുന്ന പവിഴമല്ലി പൂവിന്റെ മണമാണത്രേ കുഞ്ഞിമാളുവിന്റെ ദേഹത്തിന്. അവൻ അതു കാതിൽ പറഞ്ഞു ആർത്തിയോടെ ദേഹമാകെ പടരുന്നുണ്ട് കണ്ണൻ .. ശ്വാസമെടുക്കാൻ വയ്യാതെ കിതച്ചു. അടിവയറ്റിൽ നിന്നും എന്തൊരു വേദന.. വേദനയുടെ മിന്നൽപ്പിണരിൽ കുഞ്ഞിമാളു ആകെ ഉടഞ്ഞു ചിതറി. കണ്ണുകൾ മിഴിച്ചു. നിലവിളിക്കാൻ വായ് തുറന്നപ്പോൾ മായക്കണ്ണൻ " മിണ്ടല്ലേ അമ്മ വന്നാൽ കുഞ്ഞിമാളുവിനെ കൊല്ലുമെന്ന് "വായ് പൊത്തിപ്പിടിച്ചു കൊണ്ട് കാതിൽ പറഞ്ഞു. സൂചിയിൽ കോർത്തെടുത്ത ശലഭം പോലെ പിടയുകയായിരുന്നു. കിടക്ക വിരിയിൽ ചുവന്ന രക്ത വൃത്തങ്ങൾ പടർന്നപ്പോൾ മായക്കണ്ണൻ പേടിച്ചു.

" ഒന്നുമില്ല മായക്കണ്ണാ .. പേടിക്കണ്ട.. ആദ്യമായതുകൊണ്ടാണ്. ഇനി ഉണ്ടാവില്ല "അവനെ മാറോടു ചേർത്തുകൊണ്ട് പറഞ്ഞു. വീണ്ടും വീണ്ടും അവൻ മണത്തു നോക്കുകയും ആർത്തു പെയ്യുകയും ചെയ്തു. വേദന സുഖമുള്ള മൊട്ടുകളായി. അനുഭൂതിയുടെ പവിഴമല്ലികൾ ഉടലാകെ പൂത്തുലഞ്ഞു. " മതിയാക്കൂ മായക്കണ്ണാ". എന്ന് കെഞ്ചിക്കൊണ്ടിരുന്നു. അയാൾ പറഞ്ഞതുപോലെ മായക്കണ്ണൻ ഒരു വെറും മന്ദനല്ല .. പെണ്ണിനെ അനുഭവിക്കാൻ അറിയാത്തവനല്ല.. കുഞ്ഞിമാളുവിന്റെ കന്യകാത്വത്തിലേക്ക് ഇനി ജി.കെ എന്ന എന്ന വൃത്തികെട്ടവൻ നോട്ടമെറിയരുത്. കുഞ്ഞിമാളുവിന്റെ കന്യകാത്വത്തിൽ ആദ്യത്തെ അടയാളമാകാൻ മോഹിക്കരുത്. അതുകൊണ്ടാണ് മായക്കണ്ണന്റെ കാൽക്കൽ സ്വയം സമർപ്പിച്ചത്. .. എന്നിട്ട് അതയാളുടെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞത് .. അമ്മയുടെ രണ്ടാം ഭർത്താവിന്റെ മുഖത്ത് .. "കുട്ടീ.. "ആരോ ചുമലിൽ തട്ടിയപ്പോഴാണ് ഞെട്ടിയുണർന്നത്. മുന്നിൽ കണ്ടക്ടർ .യാത്രക്കാർ ഇറങ്ങാൻ തിരക്കുകൂട്ടുന്നു. " എന്തൊരു ഉറക്കമാ കുട്ടി ..

കോഴിക്കോട് പുതിയ സ്റ്റാൻഡിലെത്തി ബസ്.." അവൾ സ്തബ്ധയായി.നാലു നാലര മണിക്കൂർ ബോധം നശിച്ച് ഉറങ്ങിപ്പോയെന്നോ .. എത്ര ദിവസമായി ആരെയും പേടിക്കാതെ ഒന്നുറങ്ങിയിട്ട് .. അവൾ ബാഗെടുത്തു.കണ്ടക്ടറെ നോക്കി ഒരു ചമ്മിയ ചിരി നൽകി വേഗം ബസിന് പുറത്തിറങ്ങി. സമയം അഞ്ചരയായി. വല്ലാതെ വിശപ്പും ദാഹവും തോന്നി.ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല. അവൾ ഒരു ഓട്ടോ വിളിച്ച് മീരേച്ചിയുടെ വീട്ടിലേക്ക് പോയി. ഓട്ടോ പറഞ്ഞയച്ച് അവൾ ഗേറ്റ് കടന്നു ചെല്ലുമ്പോൾ സിറ്റൗട്ടിലിരുന്ന് പഴുത്ത അടയ്ക്കയുടെ തൊണ്ട് കളയുകയായിരുന്നു അമ്മമ്മ . മാളവികയെ കണ്ട് അവരുടെ മുഖത്ത് അതിശയം തിങ്ങി. " കുഞ്ഞിമാളുവോ.നീയെന്താ പറയാതെ വന്നേ " അവർ തിരക്കി. മാളവികയുടെ മിഴികൾ തുളുമ്പിപ്പോയി. "നീയെന്താ കരയണേ കുഞ്ഞി " പരിഭ്രാന്തയായി. സംസാരം കേട്ട് പാർവണമോളെയും എടുത്ത് മീര അവിടേക്ക് വന്നു. അനിയത്തിയെ കണ്ട് അവളുടെ മിഴികൾ വിടർന്നു. "ചിറ്റ .." പാർവണ മോൾ മീരയുടെ കൈയ്യിൽ നിന്ന് ഊർന്നിറങ്ങി മാളവികയ്ക്കു നേരെ തെന്നിത്തെറിച്ച് ഓടി വന്നു.

മാളവിക വാത്സല്യത്തോടെ കുഞ്ഞിനെ എടുത്തു. "ചിറ്റയുടെ മുത്തേ.. പാറൂട്ടി" എന്ന് വിളിച്ച് കവിളിൽ ചുംബിച്ചു.പിന്നെ ബാഗ് തുറന്ന് ഒരു ഡയറി മിൽക്ക് എടുത്ത് കുഞ്ഞി കൈകളിൽ വെച്ചു കൊടുത്തു. "നീയെന്താ അവിടെ നിൽക്കുന്നെ... കേറി വാടീ " മീര വിളിച്ചു. " ഞാൻ ഇന്നു കൂടി പറഞ്ഞേയുള്ളു കുഞ്ഞിമാളുവിനെ കുറച്ച് ദിവസം ഇവിടെ വിളിച്ച് നിർത്താമെന്ന് .. അവർക്കൊരു കട്ടുറുമ്പാകണ്ടല്ലോ ... അല്ലേ അമ്മമ്മേ" ? മീരയുടെ വാക്കുകളിൽ സന്തോഷമുണ്ടായിരുന്നു. "അവൾക്കെന്തോ സങ്കടം ഉണ്ട് മോളേ" അമ്മമ്മ എഴുന്നേറ്റ് വന്ന് കുഞ്ഞിമാളുവിന്റെ മുഖത്തേക്കുറ്റു നോക്കി. "എന്തിനെടീ നീ കരയുന്നത് .. അതു പറയ്" അവർ ഉത്കണ്ഠാകുലയായി. " അയാൾ .. അമ്മയുടെ ഭർത്താവ് ഇന്നലെ രാത്രി എന്നെ റേപ് ചെയ്യാൻ വന്നു അമ്മമ്മേ". അവൾ വിതുമ്പിപ്പോയി. അമ്മമ്മയും മീരയും ഞെട്ടിപ്പോയി. നടന്ന സംഭവങ്ങൾ അവൾ പറഞ്ഞു. രാത്രി ലച്ചമ്മയുടെ വീട്ടിൽ കഴിഞ്ഞു കൂടി എന്നു മാത്രം പറഞ്ഞു. മീരയുടെ മുഖത്തേക്ക് കോപം ചുവന്നു വരുന്നത് കാണാമായിരുന്നു. "

നീ പറയുന്നതിൽ എത്രകണ്ട് ശരിയുണ്ടെന്നറിയില്ല. എന്തായാലും കുഞ്ഞിമാളു ചെന്ന് കുളിച്ച് റെസ്റ്റടുക്ക്.. എന്താ വേണ്ടത് എന്ന് സുദീപേട്ടൻ വരട്ടെ.. നമുക്ക് തീരുമാനിക്കാം." മീര പറഞ്ഞു. അവൾക്ക് ഉറങ്ങാനുള്ള മുറിയും ചൂണ്ടിക്കാട്ടി. മാളവിക ആ റൂമിൽ കടന്നതും അറ്റാച്ച്ഡ് ബാത്റൂമിൽ നിന്ന് വാതിൽ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി വന്നു. മാളവിക അമ്പരന്നു നിന്നു പോയി. ആരെയും അത്ഭുത സ്തബ്ധയാക്കാൻ പോകുന്ന സൗന്ദര്യമായിരുന്നു അവൾക്ക്. ഇരുപത്തിനാലിന് മേൽ പ്രായം തോന്നിച്ചു .വൈദ്യുത വെളിച്ചത്തിൽ അവളുടെ ദേഹം തങ്കം പോലെ തിളങ്ങി. കുളി കഴിഞ്ഞ് നനഞ്ഞു ചിതറിയ മുടിയ്ക്ക് സ്വർണ നിറം.. നേർത്ത ബനിയനും ഷോർട്സിനുമുള്ളിൽ തുളുമ്പുന്ന കടഞ്ഞെടുത്ത അംഗലാവണ്യം. പെൺകുട്ടികൾ പോലും അസൂയയോടെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഉടലഴകുകൾ. "ആരാ"? പരസ്പരം നോക്കി ഏതാനും നിമിഷം അത്ഭുതത്തോടെ നിന്നിട്ട് ആദ്യം അവൾ തന്നെ ചോദിച്ചു. " ഞാൻ ... മാളവിക .. മീരേച്ചിയുടെ അനിയത്തി " മാളവിക പറഞ്ഞു.

"കുഞ്ഞിമാളു " അവൾ ചോദ്യഭാവത്തിൽ നോക്കി. "അതെ.. " മാളവിക ആ സൗന്ദര്യത്തിൽ വിസ്മയിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ മാധുരി. സുദീപേട്ടന്റെ അപ്പച്ചിയുടെ മകളാണ്". അവൾ പരിചയപ്പെടുത്തി.മാളവികയിൽ ഒരു ചിരി വിടർന്നു. "ഞങ്ങൾ എല്ലാം ബാംഗ്ലൂർ സെറ്റിൽഡാണ്. എനിക്ക് ഒരു കേസുമായി ബന്ധപ്പെട്ട് ഇവിടെ വരെ വരേണ്ടി വന്നു. കുറച്ച് ഡീറ്റെയിൽസ് എടുക്കണം. ഒരാഴ്ച ഞാനിവിടെ കാണും." അവൾ പറഞ്ഞു. " ബാംഗ്ലൂരിൽ കുറച്ച് സോഷ്യൽ ആക്ടിവിറ്റീസ് ഒക്കെ ഉണ്ടെനിക്ക് .. ഞാനൊരു നാടകക്കാരിയാണ് അതറിയ്യോ കുഞ്ഞിമാളുവിന് ... പിന്നെ സ്വന്തമായി ഒരു ഡാൻസ് സ്ക്കൂളും നടത്തുന്നുണ്ട് അവിടെ. പിന്നെ ഞാനും ഫ്രണ്ട്സും കൂടി മിറർ എന്ന പേരിൽ ഒരു സംഘടന നടത്തുന്നുണ്ട്. സ്ത്രീകളുടെ വെൽഫെയർ ഉദ്ദേശിച്ചുള്ളതാണ്. അവിടെ ഒരു കുട്ടി പരാതിയുമായി വന്നു.. കേസുമായി ഞങ്ങൾ കോടതിയിൽ പോകും.. അതിന് വേണ്ട ചില രേഖകൾക്കു വേണ്ടിയാണ് വന്നത്.പെൺകുട്ടി മലയാളിയാണ്.ഇവിടെ കോഴിക്കോട് തന്നെ." മാധുരിയുടെ ചിരി മാഞ്ഞു.

" പതിനാറുകാരിയായ മകളെ സ്വന്തം ബാപ്പ തന്നെ പണത്തിനായി ബാംഗ്ലൂരെത്തിച്ച് വിൽക്കുക .. ഇതാണ് പരാതി.. ആ കുട്ടി എങ്ങനെയോ മിററിന്റെ നമ്പർ കണ്ടെത്തി വിളിച്ചതാണ്. ഞങ്ങളുടെ ഗ്യാങ്ങിൽ അഡ്വക്കേറ്റ്സ് ഒക്കെയുണ്ട്.നിയമസഹായം, ഷെൽട്ടർ ഒക്കെ സൗജന്യമായി നൽകാൻ ഞങ്ങൾക്ക് കഴിയും". കേൾക്കാൻ അൽപ്പം പരുക്കനായ ശബ്ദം ത്തിൽ അവൾ വിശദീകരിച്ചു. അവളിലെ മൃദുലത രൂപത്തിനേയുള്ളു. അവളുടെ ഉറച്ച വ്യക്തിത്വം ചലനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. അവൾ വന്ന് മാളവികയുടെ ചുമലിൽ കൈവെച്ചു "ഇവിടെ വന്നപ്പോൾ മുതൽ കേൾക്കുന്ന പേരാണ് കുഞ്ഞിമാളുവിന്റേത്.. മീരേച്ചിയുടെ എത്രയെത്ര കഥകൾ.. കുഞ്ഞിമാളൂം ഞാനും അമ്പലക്കുന്ന് ക്ഷേത്രത്തിൽ പോയപ്പോൾ ... കുഞ്ഞിമാളൂം ഞാനും പണ്ട് അടി കൂടുമ്പോൾ ... അങ്ങനെ കുറേ കേട്ടു . കുഞ്ഞിമാളുന് ശർക്കര വരട്ടി ഭയങ്കര ഇഷ്ടമാണെന്ന് ദേ കുറച്ച് മുൻപേ കൂടി കേട്ടതേയുള്ളു". മാളവിക കൗതുകത്തോടെ നിന്നു.

സംസാരിക്കുമ്പോൾ ആകർഷകമായി ചലിക്കുന്ന അവളുടെ കണ്ണുകളും ചുണ്ടുകളും അറിയാതെ നോക്കി നിന്നു പോയി. എത്ര സുന്ദരിയാണിവൾ. അതിന്റെ ജാഡ ഒട്ടും ഇല്ലല്ലോന്ന് മനസിൽ ഓർമിച്ചു. "താനിങ്ങനെ തുറിച്ച് നോക്കാതെ കുഞ്ഞിമാളൂ.. പോയി കുളിച്ച് വേഷം മാറി വാ.. ഒരാഴ്ച ഈ റൂമിൽ എന്റെ ശല്യം കൂടി ഉണ്ടാവും. ഒരു കൂട്ടില്ലാതെ വിഷമിക്കുകയായിരുന്നു ഞാൻ.. ഇപ്പോൾ സന്തോഷമായി " മാനത്തു നിന്നു പൊട്ടിവീണ നക്ഷത്രം പോലെ അവൾ ചിരിതൂകി നിന്നു. മാളവികയ്ക്ക് സങ്കോചം തോന്നി. അവൾ സംസാരിക്കാൻ നിൽക്കാതെ കുളിച്ചു വന്നു. അപ്പോഴേക്കും മീര വന്നു വിളിച്ചു. '"വാ കഴിക്കാനെടുത്തു വെച്ചിട്ടുണ്ട്. " ഊൺമേശയിൽ നല്ല മൊരിഞ്ഞ ദോശയും സാമ്പാറും ചട്ണിയും ഉഴുന്നുവടയും മാധുരിയും കഴിക്കാനെത്തി. രണ്ടു പേരും ഭക്ഷണം കഴിച്ചു തുടങ്ങി. "വിശന്നിട്ട് കുഞ്ഞിമാളുവിന്റെ കൊടല് കത്തുന്നുണ്ടാവും". അമ്മമ്മ പറഞ്ഞു. " പാവം.. പച്ച വെള്ളം കുടിക്കാതിറങ്ങി പോന്നതാ അവള്'' "അതെന്താ കുഞ്ഞിമാളു ഒന്നും കഴിക്കാതെ പോന്നത് "മാധുരി കൗതുകത്തോടെ നോക്കി. " ഞാൻ പറഞ്ഞില്ലേ മധൂ... അമ്മ ജി.കെയെ വിവാഹം കഴിച്ചത് മുതൽ വീട്ടിൽ പ്രശ്നങ്ങളാണ്.. കുഞ്ഞിമാളു "മീര അറിയിച്ചു മാധുരി മാളവികയെ നോക്കി.നിശബ്ദയായിരുന്ന് കഴിക്കുകയാണവൾ. ''അമ്മ സെക്കന്റ് മാര്യേജ് ചെയ്യുന്നതൊന്നും ഒരു പ്രശ്നമായി വിചാരിക്കരുത് കുഞ്ഞിമാളൂ..

അവർ ഒരു വ്യക്തിയാണ്. വ്യക്തിപരമായ തീരുമാനമാണ് തനിക്ക് ഭർത്താവ് വേണമോ വേണ്ടയോ എന്നൊക്കെ നിങ്ങൾ രണ്ടു പെൺമക്കൾ വിവാഹിതരായി പോകും.. അമ്മ തനിച്ചാകും. അതൊക്കെ ഒഴിവാക്കാൻ ഈ മാര്യേജിന് കഴിഞ്ഞില്ലേ.", മാധുരി പറഞ്ഞു. " അയാൾ എന്നെ ഉപദ്രവിക്കാൻ നോക്കുന്നതും നാട്ടുനടപ്പാണോ " മാളവിക പെട്ടന്ന് പ്രകോപിതയായി. നോട്ടം കൊണ്ട് മാധുരി അവളെ അളന്നു. "ഏയ്... ആ കഥ ഞാനറിഞ്ഞില്ലല്ലോ. അങ്ങനെ ആണെങ്കിൽ അത് വെറുതെ വിടാൻ പറ്റില്ല."മാധുരി സമാശ്വസിപ്പിച്ചു. "കുഞ്ഞിമാളു അങ്ങനെ ഒക്കെ പറയുന്നു. എന്തിനും സുദീപേട്ടൻ വരട്ടെ.." മീര അസുഖകരമായ ആ സംഭാഷണം നിർത്തി. അപ്പോഴേക്കും മീരയുടെ മൊബൈൽ റിംഗ് ചെയ്തു. ശ്രീവിദ്യയായിരുന്നു വിളിക്കുന്നത്. മീര കോൾ എടുത്തു. "കുഞ്ഞിമാളു അവിടേക്ക് വന്നോ " അതറിയാനായിരുന്നു മീര വിളിച്ചത് - " അവൾ ഇവിടെണ്ട്... എന്താമ്മേ പ്രശ്നം "മീര തിരക്കി "അവിടേക്ക് തന്നെയാണോ വന്നതെന്ന് അറിയാൻ വിളിച്ചതാ.... ബാക്കി പിന്നെ.. "

ശ്രീവിദ്യ കോൾകട്ടു ചെയ്തു. മാളവികയും മാധുരിയും എഴുന്നേറ്റ് കൈ കഴുകാനായി പോയിരുന്നു. സുദീപ് വരുന്നത് വരെ ഇക്കാര്യം സംസാരിക്കേണ്ടതില്ല എന്ന് മീര തീരുമാനിച്ചു. മാളവിക കൈയ്യും പ്ലേറ്റും കഴുകി വന്നിട്ട് പാർവണമോളെയും വാരിയെടുത്ത് റൂമിലേക്ക് പോയി. അവളെ കിടക്കയിലിരുത്തി ഓമനിച്ചു കൊണ്ടു തന്നെ അവൾ ഫോണെടുത്ത് മായക്കണ്ണന്റെ നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ചു. താങ്കൾ വിളിക്കുന്ന നമ്പർ പരിധിയ്ക്ക് പുറത്താണ് എന്നായിരുന്നു മറുപടി കേട്ടത്. മാളവിക വിഷാദത്തോടെ ഇരുന്നു. മാധുരി വന്ന് അടുത്തിരുന്നു. "എന്താ കുഞ്ഞിമാളൂ ശരിക്കും ഉണ്ടായത്." അവൾ പതിഞ്ഞ സ്വരത്തിൽ തിരക്കി. തന്നെ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നതായിരുന്നു കുഞ്ഞിമാളുവിന്റെ ഏറ്റവും വലിയ ആവശ്യം നടന്നതെല്ലാം അവൾ ഒന്നൊന്നായി പറഞ്ഞു കേൾപ്പിച്ചു.മാധുരിയുടെ മുഖം മുറുകി.

"എന്തായാലും അയാളെ നിയമകുരുക്കിൽ അകപ്പെടുത്താൻ ഇതു മതി." മാധുരി പറഞ്ഞു. "അമ്മ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി " മാളവിക വിതുമ്പിപ്പോയി. " എന്നാൽ അതു വേണ്ട .. എന്തു തന്നെയായാലും കുഞ്ഞിമാളു അയാൾക്ക് കീഴടങ്ങാൻ പോകുന്നില്ല.... ഓ.കെ." മാധുരി അവളുടെ ചുമലിൽ തട്ടി. " ഉം".. മാളവിക തലയാട്ടി. അപ്പോഴും മായക്കണ്ണൻ എവിടെ എന്ന വിഷമം മനസിനെ മഥിച്ചു കൊണ്ടിരുന്നതിനാൽ അവളുടെ മുഖം തെളിഞ്ഞില്ല. അവർ രണ്ടു പേരും പതിയെ പാറു മോളുടെ കളി ചിരികളിൽ ലയിച്ചു. അവൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ മാളവിക കുഞ്ഞിനെയുമെടുത്ത് മീരയുടെ റൂമിലേക്ക് പോയി. സമയം രാത്രി പത്തു കഴിഞ്ഞിരുന്നു. അപ്പോൾ പോർച്ചിലേക്ക് ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് ജി.കെയും സുദീപും ശ്രീവിദ്യയും ഇറങ്ങി......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story