ദൂരെ: ഭാഗം 9

Dhoore

രചന: ഷൈനി ജോൺ

മാധുരി ഓടി വന്ന് ഡോർ വലിച്ചു തുറന്ന് മാളവികയ്ക്ക് അരികിലായി ഇരുന്നു. പിന്നെ സ്റ്റൈപ് കട്ട് ചെയ്ത മുടി ഇടം കൈയ്യാൽ ഭംഗിയായി ഒതുക്കി ജി.കെയെ നോക്കി മന്ദഹസിച്ചു. " പോട്ടെ.. വണ്ടി പോട്ടേ.." ജി.കെ അമ്പരന്ന് അവളെ തന്നെ നോക്കി. തന്റെ ജീവിതത്തിൽ ഇത്ര സുന്ദരിയായ ഒരു സിനിമ നടിയെ പോലും കണ്ടിട്ടില്ലെന്ന് അയാൾക്ക് തോന്നി. അറബികഥയിൽ നിന്നിറങ്ങി വന്ന ജിന്നിനെ പോലെ ഒരു പെൺകുട്ടി. അവളുടെ വെള്ളക്കല്ല് വെച്ച അർധചന്ദ്രാകൃതിയിലുള്ള മുക്കുത്തി നക്ഷത്രം പോലെ മിന്നിക്കൊണ്ടിരുന്നു. ശ്രീവിദ്യയും അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവളാരാണെന്ന് ഒരൂഹവും കിട്ടിയില്ല. ജി.കെയ്ക്ക് മുന്നിൽ അത്രയും സുന്ദരിയായ ഒരു പെൺകുട്ടി ഞെളിഞ്ഞിരിക്കുന്നത് കണ്ട് ഈർഷ്യയും തോന്നി. "എന്തായിത്.. രണ്ടുപേരും പകച്ചിരിക്കുന്നത് .. ഞാൻ സുദീപേട്ടന്റെ കസിനാ.. അനിയത്തിയായി വരും. കുഞ്ഞിമാളു തിരിച്ചു പോകുമ്പോൾ ഞാൻ കൂടി പോകുന്നുണ്ടെന്ന് സുദീപേട്ടനോട് പറഞ്ഞിരുന്നു. ജി.കെ യുടെ ഉള്ളിൽ പൂത്തിരി കത്തി.

മൂന്ന് മയക്കുഗുളികയുടെ പ്രശ്നമേയുള്ളു. ഒന്ന് വിദ്യയ്ക്ക് .ഓരോന്നു വീതം മാളവികയ്ക്കും ഇവൾക്കും. വ്യക്തമായ ധാരണയോടെ തന്നെയാണ് അയാൾ ഇത്തവണ ഇറങ്ങിത്തിരിച്ചത്. നാട്ടിൻപുറത്തെ പേടിത്തൊണ്ടിയായ പെൺകുട്ടി എന്ന ഇമേജായിരുന്നു കുഞ്ഞിമാളുവിനെ കുറിച്ച് ഉണ്ടായിരുന്നത്. പക്ഷേ നഗരത്തിൽ പഠിക്കുന്നതിന്റെ വകതിരിവും ധൈര്യവും അവൾക്കുണ്ട്. തന്നോടുള്ള വാശിയ്ക്ക് കാമുകന് കന്യകാത്വം അടിയറവ് വെക്കാനും അവൾ മടിച്ചില്ല .അതാണ് അയാളിലെ പ്രതികാരാഗ്നി ആളിക്കത്തിച്ചത്. ഇനി ഒരു കാത്തുനിൽപ്പില്ല. ജി.കെ കാർ മുന്നോട്ടെടുത്തു. അത് തിരിഞ്ഞ് ഗേറ്റ് കടക്കുന്നതിനിടെ സിറ്റൗട്ടിൽ സുദിപും മീരയും നോക്കി നിൽക്കുന്നത് കണ്ടു. "എന്താണ് പേര് " ശ്രീവിദ്യ അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു. "മാധുരി " അവൾ മൊബൈലിൽ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു. "എന്തു ചെയ്യുന്നു " ? " ഡാൻസറാണ്.. എൽ.എൽ.ബി സ്റ്റുഡന്റ് ആണ്... സ്റ്റേജ് ആർട്ടിസ്റ്റാണ്. സാമൂഹിക പ്രവർത്തകയാണ്."

"സുദീപിന്റെ കൂടെ ഞാൻ കുട്ടിയെ കണ്ടിട്ടേയില്ല." ശ്രീവിദ്യ പറഞ്ഞു. "ഞാനും ഫാമിലിയും ബാംഗ്ലൂർ സെറ്റിൽഡാണ്.സുദീപേട്ടന്റെ മാര്യേജിനാണ് അവസാനമായി കേരളത്തിൽ വന്നത് " അവൾ ശ്രീവിദ്യയെ പഠിച്ചു കൊണ്ടാണ് മറുപടി നൽകിയത്. അവരുടെ ചോദ്യങ്ങളിൽ ഉടനീളം ഒരു ഇഷ്ടക്കേടുണ്ട്. അത് ജി.കെയ്ക്ക് തന്റെ ഈ വരവ് ഇഷ്ടമായില്ലെന്ന തോന്നൽ കൊണ്ടാണ്. ചുരുക്കത്തിൽ അയാളെ തൃപ്തിപ്പെടുത്തുക എന്നത് ജീവിത ചര്യയായി സ്വീകരിച്ച ഒരു സ്ത്രീയാണ് ഇത്. അണുവിട അതിൽ നിന്നും അവർ മാറില്ല. "ഓ.. അതാണ് .. അതു കഴിഞ്ഞിട്ടപ്പോൾ നാലുവർഷമായില്ലേ" ശ്രീവിദ്യ പറഞ്ഞു. അവളുടെ ശ്രദ്ധ മൊബൈലിലാണെന്നറിഞ്ഞപ്പോൾ ചോദ്യങ്ങൾ നിർത്തി. രാത്രി രണ്ടു മണി കഴിഞ്ഞു അവർ അമ്പലക്കുന്നിലെത്തിയപ്പോൾ . ശ്രീവിദ്യ ചെന്ന് വാതിൽ തുറന്നു. മാളവികയും മാധുരിയും അകത്തേക്ക് കയറി. ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. മാളവിക മാധുരിയേയും നേരെ തന്റെ റൂമിലേക്ക് പോയി.

മാധുരി ബാത്റൂമിൽ ചെന്ന് ഫ്രഷ് ആയതിന് ശേഷം ഉറങ്ങാൻ കിടന്നു. മാളവിക വാതിൽ അടച്ചു ജാഗ്രതയോടെ കൊളുത്ത് പരിശോധിക്കുന്നത് മാധുരിശ്രദ്ധിച്ചു. "ജി .കെ.വാതിൽ ചവുട്ടി പൊളിച്ചു വന്നാലോ " ?മാധുരിയുടെ ചോദ്യം കേട്ട് മാളവിക ചിരിയോടെ അടുത്തു വന്നിരുന്നു. " അയാൾ അതിനും മടിക്കില്ല. വളർത്താനല്ല കൊല്ലാനാണ് ഈ തിരിച്ചു കൊണ്ടുവരവ്. " അവൾ ബുദ്ധിയുള്ള പെൺകുട്ടിയാണെന്ന് മാധുരി വിലയിരുത്തി. ധൈര്യവും തന്റേടവും ഉണ്ട്. ജി.കെയുടെ മനോരോഗം നാട്ടുകാർക്കു മുന്നിൽ വിളിച്ചു പറയാത്തത് അമ്മയെ ഭയന്നിട്ടാണ്.ശ്രീവിദ്യ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന പേടി. " അയാൾക്ക് സായ്കുമാറിന്റെ മുഖഛായ യുണ്ട്" മാധുരി പറഞ്ഞു. "മധു ചേച്ചിയ്ക്ക് ഇഷ്ടപ്പെട്ടോ.. എന്നാൽ വിവാഹം കഴിച്ചോളൂ. ഛായ മാത്രമല്ല സ്വഭാവോം വില്ലൻമാരുടെയാ.. " മുടി വാരിക്കെട്ടി മാളവിക അവൾക്കരികിൽ കിടന്നു .അവൾ മൊബൈലെടുത്തു നോക്കി. "മായക്കണ്ണൻ ഉറക്കത്തിലാവും... അല്ലെങ്കിൽ വിളിച്ചു നോക്കാമായിരുന്നു " അവൾ പറഞ്ഞു.. മാധുരി ചിരിച്ചു. അവളുടെ മുഖത്ത് കുസൃതി വിടർന്നു. "അതു വെറുതെ...ഇന്നലെ നടന്ന സംഭവങ്ങൾ ഓർത്താൽ ഇന്ന് മായക്കണ്ണൻ ഉറങ്ങില്ല." മാധുരി പറഞ്ഞു.

മാളവികയുടെ മുഖത്ത് അരുണിമ പടർന്നു. യാത്രാ ക്ഷീണം മൂലം കിടന്ന പാടെ മാളവിക ഉറങ്ങി. ഉണരുമ്പോൾ മുറിയിൽ വെളിച്ചമുണ്ട്. ഒരു ഷാൾ അരയിൽ കെട്ടി "ഹും.. ഹാ " എന്ന് ശബ്ദമുണ്ടാക്കി അന്തരീക്ഷത്തിലെ സങ്കൽപ്പശത്രുവിനെ ഇടിക്കുകയാണ് മാധുരി . മാളവിക കൗതുകത്തോടെ നോക്കിയിരുന്നു.. " ബോക്സിംങ് .. നിനക്കറിയോ കോളജിലെ ബോക്സിംങ് താരമായിരുന്നു ഞാൻ "മാധുരി പറഞ്ഞു മാളവിക അവളുടെ ചലനങ്ങൾ കൗതുകത്തോടെ നോക്കി ഇരുന്നു. പിന്നെ തോർത്തുമെടുത്ത് ബാത്റൂമിലേക്ക് പോയി. എത്രയും വേഗം മായക്കണ്ണനെ കാണാൻ ഓടിപ്പോകാനായി കാലുകൾ തരിച്ചു. ഒരു ദിവസത്തെ വിരഹത്തിന് തന്നെ ഒരുപാട് ദൈർഘ്യം. അവൾ ഫോണെടുത്ത് മായക്കണ്ണനെ വിളിച്ചു. ഇപ്പോഴും ഔട്ട് ഓഫ് സർവീസ്. അമ്പലത്തിൽ വെച്ച് കാണാമെന്ന് ഇനി എങ്ങനെ പറയും. "എന്താ ഒരു കള്ളത്തരം മുഖത്ത്‌."? മാധുരി അവളുട സങ്കടം കണ്ട് ചോദിച്ചു. " മായക്കണ്ണനെ വിളിച്ചിട്ട് കിട്ടുന്നില്ല മധുവേച്ചീ " മാളവിക തളർച്ചയോടെ കിടക്കയിലേക്ക് ഇരുന്നു. " ഞാൻ കോഴിക്കോടാണെന്നല്ലേ മായക്കണ്ണന്റെ ധാരണ.. ഇനിയിപ്പോൾ അമ്പലക്കുന്ന് പോയിട്ട് ഒരു കാര്യവുമില്ല." അവളുടെ ആവലാതി കേട്ട് മാധുരി ചിരിതൂകി.

" നമുക്ക് മായക്കണ്ണന്റെ വീട്ടിൽ പോയി കാണാമെന്നേ... കുഞ്ഞിമാളൂ.. ഞാനും വരാം നിന്റെ മായക്കണ്ണന്റെ അടുത്തേക്ക് .എനിക്കും കാണാലോ നിന്റെ ഗന്ധർവനെ ". അവളുടെ പറച്ചിൽ മാളവികയെ ചിരിപ്പിച്ചു.ഗന്ധർവൻ പോലും.. അതെ മായക്കണ്ണൻ ഗന്ധർവനാണ്... പ്രേമത്തിന്റെ ഗന്ധർവൻ "??? '' നനുത്ത മന്ദഹാസമണിഞ്ഞ മാളവികയെ മാധുരി ഇടംകണ്ണിട്ട് നോക്കി. ചുമൽ കവിഞ്ഞിറങ്ങിയ കനത്ത മുടി കിടക്കയിൽ വീണു കിടക്കുന്നു. ലക്ഷണമൊത്ത ഓവൽ ഷേപ്പുള്ള മുഖം. നിറയെ പീലികളുള്ള വലിയ കണ്ണുകൾ. പാകമൊത്ത വണ്ണം .. ആ ഇരിപ്പു തന്നെ രവിവർമ ചിത്രം പോലെ സുന്ദരം. വെറുതെയല്ല ജി.കെ.ഭ്രാന്തിളകി നടക്കുന്നത്. " ഞാൻ പോയി എന്തെങ്കിലും പണിയുണ്ടെങ്കിൽ ചെയ്യട്ടെ.. മധു ചേച്ചി വേഗം റെഡിയാവ്". അവൾ പട്ടുപാവാട ഉലച്ചു കൊണ്ട് എഴുന്നേറ്റു പോയി. കിച്ചനിൽ ഗ്യാസ് സ്റ്റൗവിന് മീതെ പുട്ടുകുറ്റിയിൽ നിന്ന് ആവി പറക്കുന്നു. അവൾ അത് പാത്രത്തിലേക്ക് കുത്തിയിട്ടു.അടുത്ത പുട്ടിന് മാവ് കുറ്റിയിൽ നിറച്ച് പുട്ടുകുടത്തിന് മേലെ അമർത്തിവെച്ചു.

ശ്രീവിദ്യ കല്ലിൽ അരച്ചെടുത്ത മസാലക്കൂട്ടുമായി വന്നു. ഇന്ന് മുട്ടക്കറിയാവണം. അമ്മ ഉണ്ടാക്കുന്ന പുട്ടും മുട്ടക്കറിയും ഭയങ്കര ടേസ്റ്റിയാണ്. മാളവികയെ കണ്ട് ശ്രീവിദ്യ തെളിച്ചമില്ലാതെ നോക്കി. "അവളെന്തിനാ ഇവിടേക്ക് വന്നത്.. ആ രംഭ".? മുഖം ചുളിച്ച് അവൾ ചോദിച്ചു. "എനിക്കറിയില്ല. വരണ്ടാന്ന് അമ്മയ്ക്ക് പറയാമായിരുന്നില്ലേ " മാളവിക ചൊടിച്ചു. " നിന്റെ കൂട്ടുപിടിച്ച് എന്നെ ഇനിയും ഉപദ്രവിക്കാനാണോ എന്നറിയാനാണ്. " ശ്രീവിദ്യ വിട്ടുകൊടുക്കാൻ ഭാവിച്ചില്ല. "എന്റെ പ്രൊട്ടക്ഷന് ഇവിടെ മധുചേച്ചി പോരാ.. ഗൺ പിടിച്ച ബ്ലാക്ക് ക്യാറ്റ് തന്നെ വേണ്ടി വരും." അവൾക്ക് ദേഷ്യം വന്നെന്നറിഞ്ഞപ്പോൾ ശ്രീവിദ്യ നിശബ്ദയായി. മാധുരി കുളി കഴിഞ്ഞ് ഒരു സ്ലീവ് ലെസ് ചുരിദാറുമിട്ട് പത്രം നോക്കാനായി ഹാളിലേക്ക് ചെന്നു. ജി.കെ അവിടെ ഇരിപ്പുണ്ടായിരുന്നു. ടീപ്പോയിൽ കിടന്ന പത്രമെടുത്ത് അവൾ അയാൾക്ക് അഭിമുഖമായി ഇരുന്നു. ജി.കെ മുഖമുയർത്തി തിളങ്ങുന്ന കണ്ണുകളോടെ അവളെ നോക്കി. "ഗുഡ്മോണിംഗ് ജി.കെ " അവൾ പറഞ്ഞു. അയാൾക്കുള്ളിൽ ആഹ്ളാദത്തിന്റെ ഒരു തിരമാല വന്നലച്ചു. ആ പെണ്ണ് ഇവളോടൊന്നും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അവളുടെ സൗന്ദര്യം ജി.കെയെ മത്തുപിടിപ്പിച്ചു.ചെമ്പക നിറമുള്ള നഗ്നമായ കൈകൾക്ക് തന്നെ എത്ര വശീകരണ ശക്തി! "ഗുഡ്മോണിംഗ് ബ്യൂട്ടി " അയാൾ പ്രതിവചിച്ചു

" ബ്യൂട്ടിയല്ല .. മാധുരി "അവൾ പറഞ്ഞു.ജി.കെ യുടെ മുഖമൊന്ന് വിളറി. "കുഞ്ഞിമാളുവിനെ പീഡിപ്പിച്ചേ തീരൂ എന്നുണ്ടോ " ? പെട്ടന്ന് അവൾ ചോദിച്ചു. എന്തോസാധാരണമായ ഒരു കാര്യം പോലെ ആയിരുന്നു മാധുരിയുടെ ചോദ്യം. ജി.കെ ഞെട്ടിപ്പോയി. അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു. മാധുരി അയാളെ നോക്കി മനം മയക്കുന്ന ഒരു പുഞ്ചിരി സമ്മാനിച്ചു. മാറിടത്തിൽ വിഷം പുരട്ടി എത്തിയ പൂതനയാണ് അവൾ എന്ന് ജി.കെയ്ക്കു തോന്നി. അയാളുടെ മുഖം വിയർത്തു. "ഭാര്യയെ പറഞ്ഞിളക്കി അവളെ ഇവിടെത്തന്നെ എത്തിച്ച ബുദ്ധി കൊള്ളാം.പക്ഷേ അത് അവളെ ചൂഷണം ചെയ്യാനുള്ള പദ്ധതി കൊണ്ടാണെങ്കിൽ അതു വേണ്ടാ .. ഇവിടെ കുടിക്കാനുള്ള വെള്ളം പോലും വിശ്വസിക്കാൻ വയ്യെന്ന് എനിക്കറിയാം. ഏതു നിമിഷവും ഭാര്യയെ ഉറക്കിക്കിടത്തി നിങ്ങൾക്ക് നിങ്ങളുടെ താത്പര്യം നടത്തിയെടുക്കാൻ പറ്റും .. അല്ലേ.. " ജി.കെ ഭയന്നു. ശ്രീവിദ്യ ഇതു കേട്ടുകൊണ്ടു വരുമോ എന്ന ഭയത്താൽ കണ്ണുകൾ അകത്തേക്ക് പാളി.ആ ഭാവം കണ്ട് മാധുരി ചിരിച്ചു.

പിന്നെ ഒരു പേന അയാൾക്ക് മുന്നിലേക്ക് വെച്ചു. "അതെടുത്തു നോക്ക്.. അതു വെറും ഒരു പേനയല്ല. ഹിഡൻ ക്യാമറയാണ്. നമ്മൾ സംസാരിച്ചതെല്ലാം അതിൽ റെക്കോഡ് ചെയ്തിട്ടുണ്ട്.... " ജി.കെ അതെടുത്തില്ല " ഇപ്പോൾ ഈ വീട്ടിൽ പലയിടത്തും ഇത്തരം ഹിഡൻ ക്യാമറകൾ ഒളിച്ചിരിപ്പുണ്ട്.പ്രത്യേകിച്ച് കുഞ്ഞിമാളുവിന്റെ മുറിയിൽ " അയാളുടെ കൃഷണമണികളിലേക്ക് തുളച്ച് കയറുന്ന നോട്ടവുമായി അവൾ ചിരിച്ചു. "സോ ഭാവി എം.എൽ.എ മി.ഗോപികൃഷ്ണന്റെ ഉടായിപ്പൊന്നും ഇവിടെ നടപ്പില്ല പണി പാളും.. ഇയാൾ അവളെ ഉപദ്രവിക്കുന്നതിന് രേഖകൾ ആ ക്യാമറകൾ തന്നോളും " ജി.കെ യുടെ മുഖത്തെ രക്തമയം വറ്റുന്നത് അവൾ കണ്ടു. അയാൾക്ക് മുന്നിലേക്ക് മാധുരി തന്റെ ഐ.ഡി കാർഡ് മലർത്തിവെച്ചു. അയാൾ അറിയാതെ നോക്കിപ്പോയി. മാധുരി പത്മ .എൻ .കെ. ഡയറക്ടർ ഓഫ് മിറർ വുമൺസ് സൊസൈറ്റി . അയാളുടെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നു പോയി. മിററിനെ കുറിച്ച് ഈയിടെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അയാൾ ശ്രദ്ധിച്ചിരുന്നു .സത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി പോരാടുകയും ചെയ്യുന്ന പോസ്റ്റ് മോഡേൺ ഗ്രൂപ്പിന്റെ സംഘടന.

എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കൂസലില്ലാതെ വിലസിയ കർണാടക രാഷ്ട്രീയ പ്രമുഖന് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രവർത്തിച്ച സംഘടന. പ്രതികാരം തീർക്കാൻ എന്നോണം മിറർ പ്രവർത്തകനായ രണ്ടു പേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതും വലിയ വാർത്തയായിരുന്നു. ഉമിനീർ പോലും ഇറക്കാനാവാതെ വിഷമിച്ച ജി.കെയെ നോക്കി മാധുരി വശ്യമായി മന്ദഹസിച്ചു. " കാര്യങ്ങളുടെ കിടപ്പ് മനസിലായല്ലോ.. ശ്രീവിദ്യ ഗോപീകൃഷ്ണന്റെ ആത്മഹത്യ ഭീഷണിയിൽ മാളവിക പതറിയേക്കും. പക്ഷേ മാധുരിയ്ക്ക് അവരോട് യാതൊരു സെന്റിമെൻസുമില്ല. മനസിലായല്ലോ.. " " അവൾ എഴുന്നേറ്റു പോയപ്പോൾ ജി.കെ യുടെ കാലിൽ നിന്നൊരു തരിപ്പ് പടർന്നു .മാളവിക ഒരു സ്വപ്നം മാത്രമായി മാറുമോ. ശ്രീവിദ്യയെ വിവാഹം ചെയ്തതുപോലും അവളിൽ ഒരു കണ്ണുവെച്ചിട്ടായിരുന്നു. ഓർക്കാപ്പുറത്ത് അതിശക്തയായ ഒരു എതിരാളി അവതരിച്ചിരിക്കുന്നു. പക്ഷെ അവൾക്ക് എത്ര നാൾ ഇവിടെ നിൽക്കാൻ കഴിയും?

മിറർ എന്ന ഭീഷണിയിൽ എല്ലാ കാലത്തും തന്നെ തളച്ചിടാമെന്നത് അവളുടെ മിഥ്യാധാരണയാണ്. മാളവികയുടെ കാര്യത്തിൽ അൽപ്പം കൂടി താമസം വരും എന്നേയുള്ളു. പയ്യെ തിന്നാൽ പനയും തിന്നാം.. ഇവളോട് പരാതിപ്പെടാൻ പോലും കെൽപ്പില്ലാതെ അവൾ തന്റെ വലയിൽ അകപ്പെട്ട് കുരുങ്ങി കിടക്കണം.. അതിനുള്ള വിദ്യ ജി.കെ കണ്ടെത്തും. പതിവ്രതാ രത്നമായിരുന്ന അവളുടെ തള്ളയെ വീഴ്ത്തി. പിന്നെയാണോ ഈ നരുന്തു പെണ്ണ്'. അടുത്ത നിമിഷം അയാൾ ആത്മവിശ്വാസം വീണ്ടെടുത്തു. മാധുരിയും മാളവികയും കൂടി കണ്ണന്റെ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോഴും അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. പെൺകുട്ടികൾ പോയി കഴിഞ്ഞപ്പോൾ അയാൾ ശ്രീവിദ്യയുടെ കണ്ണുവെട്ടിച്ച് മാളവികയുടെ റൂം പരിശോധിച്ചു. പുസ്തക അലമാര, ഫ്ളവർ വേയ്സ്, നിലക്കണ്ണാടി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് ഒളിക്യാമറകൾ കണ്ടെത്തി. ജി.കെ യുടെ നെറ്റി വിയർത്തു. അവൾ പുലിയാണ്.വെറും വാക്ക് പറഞ്ഞതല്ല. പക്ഷേ താൻ സിംഹമാണ്. പതുങ്ങി ഇരുന്നു

ഓർക്കാപ്പുറത്ത് വേണം ആക്രമണം. മാധുരിയും മാളവികയും അപ്പോൾ മായക്കണ്ണന്റെ വീട്ടിൽ എത്തിയിരുന്നു. മാളവിക ഇതുവരെ കണ്ടു പരിചയമില്ലാത്തൊരു പെൺകുട്ടി മുറ്റമടിച്ച് വൃത്തിയാക്കുന്നു. അവരെ കണ്ട് അവൾ നിവർന്നു നിന്നു. അപരിചിതത്വം നിറഞ്ഞ നീണ്ട കണ്ണുകൾ .ഇരുനിറത്തിൽ ഐശ്വര്യമുള്ള പെൺകുട്ടി. ഭംഗിയുള്ള മെലിഞ്ഞ ശരീരം. ചുരുണ്ടുനീണ്ട മുടി കുളിപ്പിന്നലിട്ടിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി. പേsമാൻപോലെ പകച്ച ഭാവം അവൾക്കൊരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു.ഇരുപത് വയസു കാണുമായിരിക്കും. മാളവിക ഒറ്റനോട്ടത്തിൽ അവളെ അളന്നു. മനസു കുതറിപ്പിടഞ്ഞു. എവിടെ മായക്കണ്ണൻ. ഇവളേതാണ്. ഇവൾക്കിവിടെ എന്താണ് കാര്യം.. "ആരാ " അവളുടെ പതറിയ ചോദ്യം കേട്ടപ്പോൾ മാളവികയ്ക്ക് ദേഷ്യം വന്നു. " കണ്ണേട്ടൻ ഇല്ലേ ഇവിടെ.. വിളിക്ക് ".? അറിയാതെ ശബ്ദത്തിൽ കാർക്കശ്യം നിറഞ്ഞു. അധികാരവും അവൾ അന്തം വിട്ടുനിന്നു. " എന്താ വിളിക്കില്ലേ.. കുഞ്ഞിമാളു വിളിക്കണൂ ന്ന് പറയ്.. മായക്കണ്ണന്റെ കുഞ്ഞിമാളു " പെൺകുട്ടി വിറങ്ങലിച്ചു നിന്നു. "എന്താ മോൾടെ പേര് .. "മാധുരി ചോദിച്ചു. " ദിവ്യ "പേടിച്ച മട്ടിൽ അവളുടെ മറുപടി വന്നു. അവൾക്ക് ചേരുന്ന പേര് അതു തന്നെയാണെന്ന് മാധുരി ചിന്തിച്ചു.

"ആരാടീ അവിടെ " അകത്തുനിന്ന് ലച്ചമ്മയുടെ ശബ്ദം മാളവിക കേട്ടു .അവർ മുഷിഞ്ഞ സാരി ഇടുപ്പിൽ ചുറ്റി പുറത്തേക്കിറങ്ങി വന്നു. മാളവികയെ കണ്ട് അവർ നിന്നു. "ആരിത് തമ്പാട്ടിയോ ". അവരുടെ പരുഷ ഭാവം കണ്ട് മാളവിക ഞെട്ടിപ്പോയി. "ലച്ചമ്മേ കണ്ണേട്ടനെവിടെ ". മാളവിക മുന്നോട്ടുവന്നു.അവൾ ഒരു അംഗീകാരത്തിനായി അവരെ നോക്കി.ലക്ഷ്മിയമ്മയുടെ മുഖത്ത് പക്ഷേ കോപമാണ് പ്രകടമായത്. പുച്ഛവും. "എന്തിനാടി നീ കണ്ണനെ തിരക്കുന്നത്. അവനെ പിടിച്ച് കൂടെ കിടത്താനാണോ "? മാളവിക മാത്രമല്ല മാധുരിയും ഞെട്ടിപ്പോയി. മാളവികയ്ക്ക് വിശ്വസിക്കാനായില്ല. സ്നേഹോഷ്മളമായ പെരുമാറ്റമാണ് പ്രതീക്ഷിച്ചു വന്നത്.. പക്ഷേ.. അവൾ മാധുരിയ്ക്ക് മുന്നിൽ നിന്ന് ഉരുകി. ലക്ഷ്മിയമ്മയ്ക്ക് കലികയറിയതുപോലെയായി.അവർ നിന്നു വിറച്ചു "എന്റെ വീടിനകത്ത് കയറി എന്റെ ചെക്കന്റെ കൂടെ കേറിക്കിടന്ന് ശോഭകേട് കാണിച്ചല്ലേടി നീ.. അത്രയ്ക്കും കഴച്ചു നിൽപ്പായിരുന്നോടി നീ..

തള്ള വേലി ചാടിയാൽ മോള് മതിലുചാടും.. തൃപ്പതിയായി " മാളവിക തകർന്നുടഞ്ഞു. " വൃത്തികേട് പറയരുത്"മാധുരി ഇടപെട്ടു. "എന്തൊക്കെയാ നിങ്ങൾ വിളിച്ചു പറയുന്നത് "? ലക്ഷ്മിയമ്മ മാധുരിയെ നോക്കി. അവൾ ആരാണെന്ന് അവർക്ക് മനസിലായില്ല. " നീയാണോ ഇവളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് " അവർ മാധുരിയ്ക്ക് നേരെയായി. വേലിക്കൽ ഒരു പാട് പേരുടെ തലകൾ മാളവിക കണ്ടു.അടുത്ത വീട്ടിലെ ആളുകളാണ്. എല്ലാവർക്കും മുന്നിൽ പ്രതീഷും നിൽപ്പുണ്ട്. "എന്താ ലക്ഷ്മി പ്രശ്നം ".? ഒരു വയോധികൻ വിളിച്ചു ചോദിച്ചു. "എന്താ പ്രശ്നമെന്ന് ഞാനിനി പറഞ്ഞു തരണോ .നാടു മുഴുവൻ പാട്ടാണല്ലോ ".ലക്ഷ്മിയമ്മ തിമിട്ടി. അവർ എന്തൊക്കെയോ പറഞ്ഞ് പരിഹസിച്ചു ചിരിക്കുന്നതും ദ്വയാർത്ഥ പ്രയോഗം നടത്തുന്നതും മാളവിക കേട്ടു .അവൾക്ക് തൊലിയുരിഞ്ഞു. "ലച്ചമ്മേ കണ്ണേട്ടനെ വിളിക്ക്.. എനിക്ക് മായക്കണ്ണനെ കാണണം". മാളവിക തേങ്ങിക്കരഞ്ഞുകൊണ്ട് കെഞ്ചി. "എന്റെ മായക്കണ്ണനെ കാണാതെ ഞാൻ പോവില്ല". " നീ പോയി നിന്റെ രണ്ടാനച്ഛന് പായ വിരിക്കെടി ... ചെല്ല്.. " ലക്ഷ്മിയമ്മയുടെ വാക്കുകൾ മാളവികയുടെ ശിരസിൽ ഇടിത്തീ പോലെ വീണു. താൻ നിന്നു കത്തി ഒരു പിടി ചാരമായി തീർന്നെങ്കിൽ എന്ന് മാളവിക ആശിച്ചു.

വിശ്വസിക്കാനാവാതെ അവൾ ലച്ചമ്മയെ നോക്കി. "അതെന്തു വർത്തമാനമാ ലക്ഷ്മി" വേലി കടന്ന് മൂന്നാലു പേർ മുറ്റത്തേക്ക് വന്നു. "നിങ്ങളുടെ ചെക്കനും തെറ്റുകാരനാണല്ലോ. അവനെ വിളിക്ക്.. ഇവൾക്ക് ചോദിക്കാനുള്ളത് ചോദിക്കട്ടെ ". മാളവിക നാണക്കേടിൽ അമർന്നു നിന്നു. "അമ്മ ഭർത്താവിനൊപ്പം കാട്ടി കൂട്ടുന്നതൊക്കെ മോള് കണ്ടിട്ടുണ്ടാവും. പൂതി കേറണ പ്രായല്ലേ.. അതല്ലേ രാത്രി ഇവിടെ വന്ന് വയ്യാത്ത കുട്ടീന്റെ കൂടെ കേറി കിടന്നത്..." പുറകിൽ നിന്നൊരാൾ ചിരിക്കുന്നു. "എന്നാലും നമ്മുടെ അപ്പേട്ടന്റെ മോള് " ഒരു സ്ത്രീ പരിതപിക്കുന്നത് കേട്ടു.മാധുരി അവരെ രൂക്ഷമായി നോക്കിയപ്പോൾ സംസാരം നിന്നു. "ദിവ്യേ മോള് പോയി കണ്ണനെ വിളിച്ചു കൊണ്ടു വാ ".ലക്ഷ്മിയമ്മ ആ പെൺകുട്ടിയോട് പറഞ്ഞു. അവകാശത്തോടെ അവൾ അകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോൾ മാളവികയുടെ ഉള്ളു പിടഞ്ഞു. ഏതാനും നിമിഷങ്ങൾക്ക് ശേഷം മായക്കണ്ണൻ അവൾക്കൊപ്പം പുറത്തേക്കിറങ്ങി വരുന്നത് അവൾ കണ്ടു. "മായക്കണ്ണാ.. "

അവൾ ഒരൊറ്റ കുതിപ്പ്. ഓടിച്ചെന്ന് കണ്ണന്റെ നെഞ്ചിലേക്ക് വീണു. "മായക്കണ്ണാ .." എന്ന് വിതുമ്പിയപ്പോൾ അവൻ പിന്നോട്ട് മാറി. മാളവിക നടുങ്ങി. " കുഞ്ഞിമാളു.. പോ.. കുഞ്ഞിമാളു ഇവിടെ നിൽക്കണ്ട "അവൻ പറഞ്ഞു. "അതെന്താ മായക്കണ്ണാ.മായക്കണ്ണന് എന്നെ പേടിയാണോ ". അവൾ അടുത്തേക്ക് ചെന്നു. " എന്നെ കാണണ്ടാന്നാണോ മായക്കണ്ണൻ പറയുന്നത് " അവൻ മുഖമുയർത്തി അവളെ നോക്കാൻ മടിച്ചു. " മായക്കണ്ണാ.. കുഞ്ഞിമാളൂനെ കാണണ്ടേ കണ്ണേട്ടന് " അവൻ മിണ്ടിയില്ല. മുഖം ഉയർത്തിയുമില്ല. മാളവിക ഹൃദയം പൊട്ടി നിന്നു. ലക്ഷ്മിയമ്മയുടെ നോട്ടം അവളെ പൊള്ളിച്ചു. " എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്. ഇനി ഈ പെണ്ണ് ഈ മുറ്റത്ത് കയറാൻ പാടില്ല. കയറിയാൽ കേസ് കൊടുക്കും ഞാൻ .. എന്റെ ബുദ്ധി ഉറയ്ക്കാത്ത ചെറുക്കനെ വീട്ടിൽ വന്നു കയറി വേണ്ടാതീനം കാണിച്ചെന്നും പറഞ്ഞ് '"ലച്ചമ്മ നിന്നു തുള്ളി "അതൊക്കെ ഭയങ്കര കേസാണ്. കുട്ടി സ്ഥലം വിടാൻ നോക്ക് " കഷണ്ടിയായ ഒരാൾ അവജ്ഞയോടെ പറഞ്ഞു. " പോകുമ്പോൾ ഇതു കൂടി കേട്ടിട്ട് പൊയ്ക്കോളണം..

ഈ നിൽക്കുന്ന ദിവ്യ എന്റെ ബന്ധത്തിൽ ഒരു കുട്ടിയാ. അതിന് തന്തയും ഇല്ല തള്ളേം ഇല്ല .. അവളെ ഞാനെന്റെ മോന് കെട്ടിച്ചു കൊടുക്കാൻ പോകുവാ .അവൾ ഒന്നാന്തരമായി തയ്ക്കും .. അവർക്ക് ജീവിക്കാനൊള്ള കാശുണ്ടാക്കാൻ അവൾ മതി... അവര് ജീവിച്ചോട്ടെ.. ഒരു കൊമ്പത്തെ പെണ്ണും എന്റെ മോന്റെ ജീവിതത്തിലേക്ക് വലിഞ്ഞ് കേറി വരണ്ടാ " മാളവിക മായക്കണ്ണനെ നോക്കി. ആരെയും നോക്കാതെ നിൽക്കുകയാണ് അവൻ.കുഞ്ഞിമാളുവിനെ ആരെങ്കിലും ദേഷ്യപ്പെട്ടു നോക്കിയാൽ അവരുടെ കണ്ണു കുത്തി പൊട്ടിക്കാൻ പോകുന്ന മായകണ്ണൻ കുഞ്ഞിമാളുവിനെ കരയിപ്പിക്കുന്നവരെ കൊല്ലാൻ പുറപ്പെടുന്ന മായക്കണ്ണൻ.. അവൾ മുഖം പൊത്തി തേങ്ങിക്കരഞ്ഞു. വിരലുകൾക്കിടയിലൂടെ കണ്ണുനീർ ഒഴുകി വീഴുന്നത് കണ്ട് മാധുരി മുന്നോട്ട് വന്ന് അവളുടെ ചുമലിൽ പിടിച്ചു. " കുഞ്ഞിമാളൂ മതിയായില്ലേടി നിനക്ക്.. ഇനി ഇറങ്ങി വാ .." മാധുരി അവളെ പിടിച്ച് മുന്നോട്ടു നടന്നു. " ഇനി എന്റെ ചെക്കന്റെ പിന്നാലെ നടന്നാൽ കേസും കൂട്ടവുമാകും.. മറക്കണ്ട

"ലക്ഷ്മിയമ്മ പിന്നിൽ നിന്ന് കൽപ്പിച്ചു. മാധുരി നിന്നു. മുഖം ചെരിച്ച് അവരെ നോക്കി. അവൾക്ക് അവരുടെ ചെകിട്ടത്ത് ഒന്നു കൊടുക്കണമെന്നുണ്ടായിരുന്നു.എന്നിട്ടും സംയമനം പാലിച്ച് പല്ലുകൾ ഞെരിച്ച് ഇത്രയും പറഞ്ഞു. "ഇങ്ങോട്ടു വരുമ്പോൾ നൂറു നാവായിരുന്നു ഇവൾക്ക്.. അവളുടെ മായക്കണ്ണൻ.. അവരുടെ പ്രണയം.. പിന്നെ സ്നേഹവതിയായ ലച്ചമ്മ .. അവളുടെ അച്ഛന്റെ ബാല്യകാല കാമുകി.. അച്ഛനൊപ്പം ഒന്നിച്ചു ജീവിക്കാൻ കഴിയാതിരുന്ന വിഷാദ പ്രണയിനി. പിറക്കാത്ത മകളായ ഇവളോടുള്ള ലച്ചമ്മയുടെ സ്നേഹം... ആഹാ.. " മാധുരി പുച്ഛിച്ചു ചിരിച്ചു. " എല്ലാം കണ്ടു തൃപ്തിയായി.. നിങ്ങൾ എന്താണ് കരുതിയത് സ്ത്രീയേ..സുന്ദരിയും മിടുക്കിയുമായ കുഞ്ഞിമാളുവിന് നിങ്ങളുടെ ഈ ബുദ്ധിയില്ലാത്ത മകനെ മാത്രമേ കിട്ടൂ എന്നോ .. നിങ്ങൾ ഈ നാട്ടുകാരൊക്കെ എന്തൊക്കെ അപവാദം പറഞ്ഞാലും കുഞ്ഞിമാളുവിനെ കൊത്തിക്കൊണ്ടു പോകാൻ വരും നല്ല ഒന്നാന്തരം ബുദ്ധിയുള്ള പയ്യൻമാര്... അല്ലെങ്കിൽ തന്നെ കല്യാണം കഴിക്കണം എന്നൊക്കെ എന്താ നിർബന്ധം ?.

. അവൾ അന്തസോടെ ജീവിച്ചോളും. നിങ്ങളുടെ മകനെ ദേ ഈ നിൽക്കുന്നവൾക്ക് തന്നെ കൊടുത്തേക്ക്.. " ദിവ്യയെ ചൂണ്ടിയുള്ള ആ രോഷപ്രകടനത്തിൽ ലക്ഷ്മിയമ്മ നിരായുധ യായി നിന്നു പോയി. മാളവികയിൽ ഒരു ഞെട്ടലുണ്ടായത് മാധുരി അറിഞ്ഞു. "വാ മോളേ "മാധുരി അവളുടെ വലംകൈയ്യിൽ മുറുകെ പിടിച്ച് നടന്നു പോയി. അവർ ചെല്ലുമ്പോൾ ജി.കെ മുറ്റത്ത് കാറിനടുത്തുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ മിഴികളുമായി വരുന്ന മാളവികയെ തെല്ല് പരിഹാസത്തോടെ അയാൾ നോക്കി. മാധുരി അതു മൈൻഡ് ചെയ്യാതെ മാളവികയേയും കൊണ്ട് അവളുടെ റൂമിൽ കയറി വാതിലടച്ചു. " നീയും കണ്ണനും തമ്മിൽ സെക്ഷ്വൽ റിലേഷൻ ഉണ്ടായതിനെ പറ്റി നീ ഒന്നും പറഞ്ഞില്ല " മാധുരി അവളെ നോക്കി. മാളവിക മുഖം കുനിച്ചു നിന്നു.ആ ഒരൊറ്റ കാര്യം മാത്രം അവൾ മാധുരിയിൽ നിന്നും ഒളിപ്പിച്ചിരുന്നു. "ഓ.കെ .. അതൊക്കെ സാധാരണ കാര്യമാണ്. ലൈംഗിക ഹോർമോണുകൾ പ്രവർത്തനം തുടങ്ങുന്നതോടെ ശാരീരിക ബന്ധത്തിൻ ഏർപ്പെടാൻ സ്ത്രീയും പുരുഷനും മോഹിക്കും. അതിൽ ഒരു തെറ്റും ഇല്ല ..

ജൈവിക ചോദന മാത്രമാണത്.. അതിന്റെ പേരിൽ ജീവിതം നശിപ്പിക്കാനും പഴി കേട്ട് ജീവിക്കാനും നശിച്ചവൾ എന്ന് സ്വയം കരുതി വിലകെട്ട് ജീവിക്കാനും ശ്രമിക്കരുത്.." മാളവിക അവളെ നോക്കി. "മായ കണ്ണന് എന്തു കിട്ടിയോ അത് കുഞ്ഞിമാളുവിനും കിട്ടി. പ്രണയപൂർവമുള്ള ആ ഒത്തുചേരലിൽ അവനൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ നിനക്കും നഷ്ടപ്പെട്ടിട്ടില്ല. മനസിലായോ .നിനക്ക് ഒരു കളങ്കവും ഇല്ല .. അത്തരം തോന്നലുകളൊക്കെ സ്ത്രീയെ കുരുക്കിയിടാൻ സമൂഹം സൃഷ്ടിച്ച ചങ്ങലകളാണ് .. " മാളവിക നിശബ്ദയായി നിന്നു. " പക്ഷേ അമ്പലക്കുന്നിലെ പ്രാകൃത സമൂഹം അതൊന്നും മനസിലാക്കില്ല. നിന്നെ കല്ലെറിയും. അതെല്ലാം സഹിക്കാൻ നീ ശ്രമിച്ചാലും ഈ വീട്ടിൽ നീ ഒരിക്കലും സുരക്ഷിതയല്ല .. ജി.കെയെ തത്ക്കാലത്തേക്ക് പേടിപ്പിച്ച് ഒതുക്കാനേ പറ്റൂ. പഷേ ഒതുക്കിയാൽ ഒതുങ്ങുന്നവനല്ല ജി.കെ. അയാൾ തക്കം പാർത്തു നടക്കുന്ന വൃത്തികെട്ട ജീവിയാണ്. ഈ വീട്ടിൽ നിന്ന് മാറി നിന്നാലും അയാൾ നിന്നെ വിടില്ല. "

മാധുരി പറഞ്ഞതെല്ലാം യാഥാർത്ഥ്യമാണെന്ന് മാളവികയ്ക്ക് അറിയാമായിരുന്നു. " ഞാൻ മരിക്കും". അവൾ വിതുമ്പി. " നിന്റെ ജീവൻ നശിപ്പിച്ചത് കൊണ്ട് നിനക്കെന്തു നേട്ടം.." മാധുരി അവളുടെ കവിളിൽ തട്ടി. "ഒരുപക്ഷേ ചിലപ്പോൾ നിന്റെ മായക്കണ്ണനെ നിനക്ക് കിട്ടും..പക്ഷേ അതിന് സാധ്യതയൊന്നും അവശേഷിക്കാത്തത് കൊണ്ട് ഞാൻ ചോദിക്കുകയാണ്... നീ വരുന്നോ എന്റെ കൂടെ .. ബാംഗ്ലൂരിലേക്ക് " മാധുരിയുടെ ചോദ്യം അവളെ ഉലച്ചു. ദൂരെ.. ദൂരേയ്ക്കാണ് വിളിക്കുന്നത്. മായക്കണ്ണനിൽ നിന്നും ഒരുപാട് ദൂരേയ്ക്ക്. അമ്പലക്കുന്ന് ക്ഷേത്രവും പതിവായി കാണുന്ന ഇടങ്ങളും അവളുടെ മനസിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു. മായക്കണ്ണനെ കാണാതെ താൻ മരിച്ചു പോകും.

അപ്പോൾ ദിവ്യയുടെ മുഖം മനസിലേക്കു വന്നു.ലച്ചമ്മ മായക്കണ്ണനെ അവൾക്ക് കൊടുത്താൽ അതു കണ്ട് ഇവിടെ ജീവിക്കാൻ തനിക്ക് കഴിയുമോ. മായക്കണ്ണൻ ഒരിക്കലും അവളെ കല്യാണം കഴിക്കാൻ സമ്മതിക്കില്ല .അത് തന്റെ വിശ്വാസമാണ്.. പക്ഷേ ഒരു മാസത്തോളം കഴിയാതെ മായക്കണ്ണന്റെ ജീവിതത്തിലേക്ക് ചെല്ലാൻ തനിക്ക് പറ്റില്ല.. അതു വരെ മാധുരിയുടെ കൂടെ പോകുന്നതാണ് നല്ലതെന്ന് തോന്നി. തന്നെ കാണാതെ മായക്കണ്ണൻ വാശി പിടിക്കും. വഴക്കുണ്ടാക്കും. ഒടുവിൽ ലച്ചമ്മ തന്നെ തന്റെ ഫോണിലേക്ക് വിളിക്കും. മാപ്പു പറയും. തിരിച്ചു വരാൻ നിർബന്ധിക്കും.. അതു വരെ സുരക്ഷിതമായ ഒരിടം തനിക്ക് വേണം. അവൾ മാധുരിയെ നോക്കി. മാളവികയുടെ മറുപടിയ്ക്കായി കാത്തു നിൽക്കുകയായിരുന്നു അവൾ. "ഞാനും വരുന്നു". മാളവിക പറഞ്ഞു. ദൂരേയ്ക്ക്.. എന്റെ മായക്കണ്ണനിൽ നിന്ന് ഒരുപാട് ദൂരേയ്ക്ക്......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story