ഡിവോയ്‌സി: ഭാഗം 1

divoysi

രചന: റിഷാന നഫ്‌സൽ

''ചാരൂ... ചാരൂ.. എണീക്കുന്നുണ്ടോ നീ... എന്തിനാ ഈ അലാറം ഒക്കെ വെക്കുന്നെ?? അലാറം ഓഫ് ആയിട്ടു തന്നെ അരമണിക്കൂർ ആയി..'' ഞാൻ മെല്ലെ പുതപ്പിൽ നിന്നും തല പുറത്തേക്കിട്ടു.

നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്റെ അമ്മയോ ചേച്ചിയോ മറ്റോ ആണെന്ന് അല്ലെ, എന്നാൽ അല്ല എന്റെ റൂംമേറ്റ് ആണ്, അംന നൗറീൻ, എന്റെ ആമി. 

ഞാൻ എല്ലാ ദിവസവും 6:30ക്കു അലാറം വെക്കും. അതും ഓഫ് ചെയ്തു ഞാൻ കിടന്നുറങ്ങും. ഒരു ഏഴു മണിക്കു ദേ പോയവൾ വന്നു എന്നെ കുത്തി പൊക്കും.

അല്ലെങ്കിലും ഈ മണലാനങ്ങൾ... അല്ല മണലാരങ്ങൾ... ഷോ അത് വേണ്ട, പല്ലു തേക്കാത്തൊണ്ട് നാക്കുളുക്കുന്നു. ഈ മരുഭൂമിയിൽ ജോലി ചെയ്യുന്നവർക്ക്‌ റൂംമേറ്റ്സ് തന്നെ ആണല്ലോ അമ്മയും അച്ഛനും ഒക്കെ.

ഇനി ഞാൻ ആരാണെന്നു പറയാം. ഞാൻ ചാരുത, ദുബായിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. നാട്ടിൽ കണ്ണൂർ, വീട്ടിൽ അച്ഛൻ 'അമ്മ ഒരു ചേട്ടൻ ഒരു ചേച്ചി. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. അവരെല്ലാം ഇവിടെ ഉണ്ട്. നാട്ടിൽ ഇപ്പൊ അച്ഛനും അമ്മയും മാത്രം. ഇപ്പൊ എന്നെ കെട്ടിച്ചു വിടാനുള്ള പ്ലാനിൽ ആണ്.

സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. ഞാൻ വേഗം ബാത്‌റൂമിൽ കേറട്ടെ, ഇല്ലെങ്കിൽ വണ്ടി പോവും.

@@@@@@@@@@@@@@@@@@@@@@@

''ആമി.. ആമി... എന്റെ ഡ്രസ്സ് കണ്ടോ???'' ഞാൻ കിടന്നു അലറുമ്പോൾ ദേ വരുന്നു ലവൾ മൊത്തം റെഡി ആയി. 

''എന്റെ ചാരൂ നിനക്ക് കുറച്ചു നേരത്തെ എണീറ്റാൽ എന്താ.. ദേ നോക്കിയേ ആമി ഫുൾ റെഡി ആയി.'' അവളെ കാണിച്ചു പ്രിയ പറഞ്ഞു.

''അതെന്നെ, രാവിലെ എണീറ്റ് നമ്മള്കുള്ള ബ്രേക്‌ഫാസ്റ്റും ലഞ്ചും ആക്കി റൂം ഫുൾ ക്ലീനും ചെയ്തു കഴിഞ്ഞു ആമി റെഡി ആയി ഇരിക്കാൻ തുടങ്ങീട്ട് അരമണിക്കൂർ ആയി.'' ആര്യയാണ്, എനിക്കിട്ടു കൊട്ടാനുള്ള ഒരു ചാൻസും ഇവളുമാര് വിടില്ല. 

''ഓ പിന്നെ അവള് രാവിലെ അഞ്ചു മണിക്ക് എണീറ്റ് പണി തുടങ്ങും. വെറുതെ ഒന്നും അല്ലല്ലോ പൈസ കൊടുത്തിട്ടല്ലേ.'' ഞാൻ പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞതെന്ന് ഓർത്തത്. 

''അയ്യോ സോറി ആമി, സത്യായിട്ടും സോറി മോളെ.. വായിന്നു വീണു പോയതാ...'' ഞാൻ അവൾടെ അടുത്ത് പോയി രണ്ടു ചെവിയും പിടിച്ചിരുന്നു. ആര്യയും പ്രിയയും എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.

''വേഗം നോക്ക് ചാരൂ, സമയം ആയി.'' എന്നും പറഞ്ഞു ആമി എന്റെ കൈ വിടുവിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. 

അതാണെന്റെ ആമി, എന്റെ വായിന്നു മണ്ടത്തരങ്ങൾ മാത്രമേ വരൂള്ളു എന്ന് അവൾക്കറിയാം. അല്ലെങ്കിലും ആരെന്തു പറഞ്ഞാലും ചെയ്താലും അവളുടെ മുഖത്ത് ഒരു ചിരി മാത്രമേ ഉണ്ടാവൂ... 

എന്നോട് മാത്രമേ അവൾ മനസ്സ് തുറക്കാറുള്ളു. ഞാൻ എന്ത് പറഞ്ഞാലും അവൾക്കു ഫീൽ ആവും. അതോണ്ടാ ഇപ്പൊ സോറി പറഞ്ഞത്. അല്ലെങ്കിൽ സോറി ഞാൻ ആരോടും പറയാറില്ല. ആ വാക്കു തന്നെ എനിക്ക് അലർജി ആണ്.

ഞാനും ആമിയും പ്രിയയും ആര്യയും ആണ് ഒരു റൂമിൽ. ഞങ്ങൾ നാലാളും ഒരു ഹോസ്പിറ്റലിൽ തന്നെ ആണ് വർക്ക് ചെയ്യുന്നേ. ആര്യയും പ്രിയയും നഴ്‌സ്‌ ആണ്. ഞാനും ആമിയും ലാബിലും. ഹോസ്പിറ്റലിന്റെ തന്നെ അക്കൊമൊഡേഷൻ ആണ്. 

ഞങ്ങളതു ഒരു 2 ബെഡ്‌റൂം ഫ്ലാറ്റ് ആണ്. ഒരു റൂമിൽ ഞങ്ങൾ നാല് പേരാണ്. അപ്പുറത്തു നാല് ഫിലിപ്പൈനികൾ ആണ്. ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷനിൽ വർക്ക് ചെയുന്നു. കണ്ടാൽ ചിരിക്കുമെന്നലാതെ വല്യ പരിജയം ഒന്നുമില്ല.

''ചാരൂ വേഗം വാ, സമയം ആയി.'' ആമി എന്റെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. പിന്നാലെ റൂം പൂട്ടി അവർ രണ്ടാളും വന്നു.

ഓടി പോയത് കൊണ്ട് ബസ് മിസ് ആയില്ല. കേറി ഇരുന്നു കാഴ്ചകളിലേക്ക് മുഴുകി. കാര്യമായിട്ടൊന്നും ഇല്ല, കുറെ ബിൽഡിങ്ങുകളും മണലും വണ്ടികളും മാത്രം. ഞങ്ങൾ താമസിക്കുന്നത് കറാമയിൽ ആണ്. ഓഫീസിലേക്ക് 10 -20 മിനിട്ടു യാത്രയെ ഉള്ളൂ. പക്ഷെ ട്രാഫിക് ആണ് സഹിക്കാൻ പറ്റാത്തത്. 

''ഓ ഇന്ന് കുറച്ചു ട്രാഫിക് കൂടുതൽ ആണല്ലോ. ഇതിലിരുന്നു വെയിൽ കൊണ്ട് ഞാൻ കറുത്ത് പോവും.'' പ്രിയ പരിഭവം തുടങ്ങി. 

''ഓ പിന്നെ ബസ്സിന്റെ ഉള്ളിൽ വെയിലടിച്ചു നീ കറുക്കുവാണേൽ കറുത്തോട്ടെ. നിന്റെ പ്രവീണേട്ടൻ നിന്നെ ആദ്യായിട്ടൊന്നും അല്ലല്ലോ കാണാൻ പോണത്.'' ഞാനവളെ കുറേക്കൂടി വെയിൽ വരുന്നിടത്തു പിടിച്ചു നിറുത്തി.

രണ്ടു മാസം കഴിഞ്ഞാൽ പ്രിയേടെ കല്യാണം ആണ്. അവളുടെ മുറച്ചെറുക്കൻ പ്രവീണുമായിട്ടു. അവനും നമ്മളെ ഹോസ്പിറ്റലിൽ തന്നെ, എച് ആർ ഡിപ്പാർട്മെന്റിൽ..

''നീ പോടീ കല്യാണം ആവുമ്പോളേക്കും ഒന്ന് വെളുക്കണം.'' എന്നും പറഞ്ഞു അവൾ ആമിയെ പിടിച്ചു അവളുടെ മുമ്പിൽ വെയിൽ കൊള്ളുന്നിടത്തു നിർത്തി.

''ആഹാ അപ്പൊ എന്റെ ആമി കറുത്തോട്ടെന്നു അല്ലെ.'' ഞാൻ ആമിയെ പിടിച്ചു എന്റടുത്തു നിറുത്തി.

''ഓ പിന്നെ.. അജു വർഗീസ് പറഞ്ഞ പോലെ ഇവളുടെ ഈ അഞ്ചടി അഞ്ചിച്ചു ശരീരത്തിൽ ആകെ പുറത്തു കാണുന്നത് അവളുടെ കണ്ണാണ്.. ഇടയ്ക്കു മുഖവും.. പിന്നെന്തു കറുക്കാനാ.." ആര്യ ഫോണിൽ കുത്തി കളിക്കുന്നതിനിടയിൽ പറഞ്ഞു.

''ഓ നിങ്ങള് നിങ്ങളെ കെട്ടിയോനോട് സൊള്ളാൻ നോക്ക്... ഇത് നമ്മള് നോക്കിക്കോളാ...'' ഞാൻ പറഞ്ഞു.

ആര്യയുടെ കല്യാണം കഴിഞ്ഞു അഞ്ചു വയസ്സായ ഒരു മോളുണ്ട്. പാവത്തിന് എപ്പോളും സങ്കടമാണ്. അഞ്ചു മോളെയും സുനിലേട്ടനെയും കാണാത്തതു കൊണ്ട്. ഞങ്ങളെക്കാൾ നല്ല പ്രായം ഉണ്ടെങ്കിലും ചേച്ചി എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല. 

അങ്ങനെ ട്രാഫിക് ബ്ലോക്കിൽ പെട്ട് വലിഞ്ഞു വലിഞ്ഞു അവസാനം ബസ് ഹോസ്പിറ്റലിൽ എത്തി. ഞങ്ങൾ വേഗം ഇറങ്ങി ലാബിലോട്ടു നടന്നു.

''ഓ ആ മാരണം എത്തീട്ടുണ്ടാവും.. ലേറ്റ് ആയതിനു ഇപ്പൊ തുടങ്ങും ചീത്ത.. അയാൾക്കിതെന്തിന്റെ കേടാണ് എന്നെ കാണുമ്പോ..'' ആമി തുടങ്ങീട്ടൊ... ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ മാത്രമേ ഇതുപോലെ അവൾ മിണ്ടൂ.. അല്ലാത്തപ്പോ ഒരു പാവം പൂച്ച കുട്ടി ആയിരിക്കും.

''ഏയ് അങ്ങനൊന്നുമില്ല.. നീ വാ..'' ഞാൻ ആമീടെ കയ്യിൽ പിടിച്ചു. 

''നിനക്കതു പറയാം, നിന്നോടൊന്നും പറയില്ലല്ലോ. എന്നെ കാണുമ്പോ അയാൾക്കെന്താ പ്രശ്നം ആവോ. ഡ്രാക്കുള ..'' അവൾക്കു ദേഷ്യം അടക്കാൻ വയ്യ.

ഞങ്ങളുടെ ഹെഡിൽ ഒരാളെ പറ്റി ആണ് ഇവൾ പറയുന്നത്. വർക്കിൽ ഇവൾ പെർഫെക്റ്റ് ആണെങ്കിലും അവനു ഇവളെ കാണുമ്പോ തന്നെ ഇളകാൻ തുടങ്ങും. വെറുതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. ഇവൾ മറുപടി പറയാത്തത് കൊണ്ട് വീണ്ടും വീണ്ടും ചൊറിഞ്ഞോണ്ടിരിക്കും. 

ഞാൻ ഒന്നും പറയില്ല കാരണം ഞങ്ങൾ കട്ട ഫ്രണ്ട്സ് ആണ്. അല്ലെങ്കി ഇവളെ ചൊറിയുന്നവനെയൊക്കെ എടുത്തു ഞാൻ പണ്ടേ പൊട്ടകിണറ്റിലിട്ടേനെ..

പിന്നൊരു കാര്യം ഉള്ളത് അവൻ സച്ചുവേട്ടന്റെ ബെസ്റ്റിയാ. സച്ചുവേട്ടൻ ആരാന്നാവും അല്ലെ, എന്റെ കണവൻ... അല്ല ആവാൻ പോവുന്ന ആൾ. ആറേഴു വര്ഷം ആയി തുടങ്ങീട്ട്. എന്റെ സീനിയർ ആയിരുന്നു. ഏട്ടന്റെ കെയർ ഓഫിൽ ആണ് എനിക്ക് ഇവിടെ ജോലി കിട്ടിയത്.

വീട്ടിൽ പറഞ്ഞിട്ടുണ്ട്, പക്ഷെ രണ്ടിടത്തും ആരും സമ്മതിച്ചിട്ടില്ല. ജാതിയാണ് പ്രശ്നം, താഴ്ന്ന ജാതിക്കാരനുമായി ചേരാൻ പാടില്ല പോലും. അതോണ്ടാണ് ഞങ്ങടെ കല്യാണം ഇങ്ങനെ നീണ്ടു പോവുന്നത്. കുഴപ്പമില്ല. ഇങ്ങനെ പ്രേമിച്ചു നടക്കുന്നതും ഒരു സുഖമാണ്.

പറഞ്ഞു പറഞ്ഞു ലാബ് എത്തി. അപ്പൊ ഞാൻ എന്റെ സച്ചുവേട്ടനെ ഒന്ന് കാണട്ടെ. ഏട്ടൻ രാവിലെ തന്നെ എത്തീട്ടുണ്ടാവും. ഏട്ടനും ഷാദും ഒരുമിച്ചാണ് താമസം ഒരുമിച്ചു ഷാദിന്റെ വണ്ടിയിൽ വരുകേം ചെയ്യും.

ഓ ഷാദ് ആരാണെന്നാവും അല്ലെ... നേരത്തെ ആമി പറഞ്ഞില്ലേ, ആ ഡ്രാക്കുള തന്നെ. മുഹമ്മദ് ഷഹ്‌സാദ് ബിൻ അലി, ഞങ്ങടെ ഷാദ്. ആളിച്ചിരി ചൂടനാ. ഷാദും സച്ചുവേട്ടനും ഒരുമിച്ചു പഠിച്ചതാ, കട്ട ഫ്രണ്ട്സ്.

പിന്നെ ഷാദ് ആൾക്കാരുടെ മുന്നിലുള്ള ചാട്ടം മാത്രമേ ഉള്ളൂ കേട്ടോ. ആള് പാവമാ. മുമ്പ് ഇങ്ങനൊന്നും അല്ലാരുന്നു. സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ മാറ്റുന്നത്.

കഥ പറഞ്ഞു സമയം പോയി. ഞാൻ പോട്ടെ... നിങ്ങള് കരുതും കഥ പറയാതെ എങ്ങോട്ടാണെന്ന് അല്ലെ. അതിനിതു എന്റെ കഥ അല്ലല്ലോ. ഞാൻ വെറും ഇൻട്രോ തന്നതാ.. അപ്പൊ പിന്നെ പാക്കലാം... 

ഇതവളുടെ കഥയ... അവളുടെ കഥ അവള് തന്നെ നിങ്ങളോടു പറയട്ടെ.

തുടരും

Share this story