ഡിവോയ്‌സി: ഭാഗം 2

divoysi

രചന: റിഷാന നഫ്‌സൽ

ആഹ് ചാരു പോയി അല്ലേ, ഇനി ഞാൻ പറയാം നിങ്ങളുടെ ആമി. കുറച്ചു ലേറ്റ് ആയി. അതിനു ഇനി ആ ഡ്രാക്കുളയുടെ വായിൽ ഇരിക്കുന്നത് കേക്കണ്ടി വരും. ചാരു ഉണ്ടായിരുന്നെങ്കിൽ അയാൾ ഒന്നും പറയില്ല. കാണാൻ നല്ല ലുക്ക് ആണെങ്കിലും വാ തുറന്ന കുറ്റം പറച്ചിലാ.. മറ്റുള്ളവരോടൊക്കെ ചിരിച്ചു തമാശ പറയും , എന്നെ കാണുമ്പോ മാത്രം എന്തോ ഒരു തരം സ്വഭാവം ആണ്. എന്താണെന്ന് അറിയില്ല അയാൾക്ക് എന്നെ കാണുമ്പോ തുടങ്ങും ചൊറിയാൻ.. വെറുതെ ഓരോന്ന് കണ്ടു പിടിച്ചു ചീത്ത പറഞ്ഞോണ്ടിരിക്കും. എന്ത് പറഞ്ഞാലും ഞാൻ ഒന്നും തിരിച്ചു പറയാറില്ല. കാരണം ഇതൊന്നും എന്റെ ജീവിതത്തിൽ പ്രാധാന്യം ഉള്ള കാര്യങ്ങൾ അല്ല. ആരെന്തു പറഞ്ഞാലും എനിക്ക് ഒന്നുമില്ല. എനിക്ക് ആകെ ഒരു ലക്ഷ്യമേ ഉള്ളൂ, പണം.. അതിനു വേണ്ടി ആണ് ഞാൻ ഈ മണലാരണ്യത്തിൽ കഷ്ടപ്പെടുന്നത്. ചാരു പറഞ്ഞ പോലെ പണത്തിനു വേണ്ടി തന്നെ ആണ് റൂമിൽ എല്ലാർക്കുമുള്ള ഫുഡ് ആക്കുന്നതും റൂം ക്ലീൻ ചെയ്യുന്നതും ഒക്കെ.

പറ്റുന്ന പോലെ ഓവർട്ടയിമും എടുക്കാറുണ്ട്.. മാന്യമായ രീതിയിൽ കഴിയുന്ന പോലെയൊക്കെ പണം ഉണ്ടാക്കുക അത് മാത്രം ആണ് എന്റെ ലക്‌ഷ്യം. ഓ നിങ്ങളോടു സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. ഇന്നലെ കൾച്ചർ ചെയ്ത വച്ച കുറച്ചു പ്ലേറ്റുകൾ ഉണ്ട്, അതിന്റെ റിസൾട്ട് എഴുതട്ടെ. ഇല്ലേ ആ ഡ്രാക്കുള വന്നപാടെ എന്റെ ചോര കുടിക്കാൻ തുടങ്ങും. ''ഓ എഴുന്നള്ളിയോ കുറേക്കൂടി കഴിഞ്ഞു വന്നാ മതിയായിരുന്നല്ലോ.'' ഞാൻ തിരിഞ്ഞു നോക്കുമ്പോ ദേ ആ ഡ്രാക്കുള കയ്യിൽ ഒരു കോഫി മഗ്ഗും പിടിച്ചു വിൻഡോ സൈഡിൽ നിക്കുന്നു. പടച്ചോനെ ഇയാള് എത്തിയോ, ഞാൻ കരുതി കാണാത്തൊണ്ടു വന്നിട്ടില്ലെന്ന്. അർജുനും സ്നേഹയും നേരത്തെ എത്തീട്ടുണ്ട്. അവരുടെ കല്യാണം കഴിഞിട്ടു ആറു മാസം ആവുന്നേ ഉള്ളൂ. ഇവിടെ ജോലി ചെയ്യുന്നതിനിടയിൽ പ്രേമിച്ചു കെട്ടിയതാ. ഡ്രാക്കുളയുടെ ചോദ്യം കേട്ട് അവരെന്നെ നോക്കി ചിരിച്ചു കണ്ണിറുക്കി കാണിച്ചു. ഞാൻ തിരിച്ചും, കാരണം ഇത് ദിവസവും ഉള്ളതാ. ഇനിയുള്ളത് ആനിയും താരയും ആണ്. അവർ നൈറ്റ് ഷിഫ്റ്റ് ആണ്.

''സോറി ബസ് ട്രാഫിക്കിൽ കുടുങ്ങി.'' ഞാൻ പറഞ്ഞൊപ്പിച്ചു. ''അല്ലെങ്കിൽ നേരത്തെ എത്തിയേനെ അല്ലെ...'' അയാൾ വിടാനുള്ള ഭാവം ഇല്ല. ഞാൻ നോക്കുമ്പോൾ കുറെ ബ്ലഡ് സാമ്പ്ൾസ് ഒക്കെ കിടക്കുന്നു. ഞാൻ വേഗം ലാബ് കോട്ട് എടുത്തു പർദ്ദയ്ക്കു മുകളിൽ ഇട്ടു എന്റെ ജോലി തുടങ്ങി. ''ഓ എന്തൊരു ആത്മാർഥത. ഇത്രയും ഡെഡികേറ്റഡ് ആയിട്ടുള്ള ആൾ ഇത്ര വൈകിയതെന്താ...'' അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല. ഇത് പോലുള്ള കാര്യങ്ങൾ ഒന്നും എന്നെ ഇപ്പൊ എഫക്റ്റ് ചെയ്യാറില്ല. ഞാൻ മിണ്ടാതെ എന്റെ ജോലി തുടർന്നു. ''ഓ തുടങ്ങിയോ, നിനക്കിതെന്തിന്റെ കേടാ.. അവളെ കാണുമ്പോ തന്നെ തുടങ്ങും.'' നോക്കിയപ്പോ സച്ചുവേട്ടൻ ആണ്, കൂടെ ചാരുവും. സച്ചുവേട്ടന് ഞാൻ സ്വന്തം അനിയത്തിയെ പോലെ ആണ്. ഏട്ടൻ എല്ലാ കാര്യത്തിലും എന്നെ സപ്പോർട്ട് ചെയ്യും ചാരുവിനെ പോലെ തന്നെ. ''അതെന്നെ, ഇവന് ഇവളെ കാണുമ്പോ തുടങ്ങും ഇളക്കം. അവളൊന്നും തിരിച്ചു പറയാത്തത് കൊണ്ടല്ലേ.'' ചാരു ദേഷ്യത്തോടെ ചോദിച്ചു.

''പിന്നെ തിരിച്ചു പറയുന്നില്ലെങ്കിലും മനസ്സിൽ തെറി പറയുന്നുണ്ടല്ലോ.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ''അത് നിനക്കെങ്ങനെ അറിയാം.. നീ അവളെ മനസ്സ് തുറന്നു നോക്കിയോ...'' ചാരു ദേഷ്യത്തോടെ ചോദിച്ചു. ''അതിനു മനസ്സ് തുറന്നൊന്നും നോക്കണ്ട. ഇവളെ പോലെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ഡിവോഴ്‌സും വാങ്ങി സുഖിച്ചു ജീവിക്കുന്നവൾമാർക്കൊന്നും മനസ്സേ ഉണ്ടാവില്ല...'' ഷാദ് എന്നെ നോക്കി പറഞ്ഞു. ''ഷാദ്.. കുറച്ചു കൂടുന്നുണ്ട്... എന്താണ് പറയുന്നത് എന്ന ബോധം വേണം.'' സച്ചുവേട്ടന്റെ ശബ്ദം ഉയർന്നപ്പോൾ ഞാൻ തന്നെ പേടിച്ചു പോയി. എന്നെ പറ്റിയുള്ള കാര്യങ്ങൾ അറിയുന്നത് ചാരുവിനു മാത്രം ആണ്. ഡ്രാക്കുള അങ്ങനെ പറഞ്ഞിട്ടും എനിക്ക് സങ്കടമൊന്നും തോന്നിയില്ല. ഇതിലും വല്യ കാര്യങ്ങൾ ഒക്കെ കേട്ട് മനസ്സ് കല്ലായതാണ്. സച്ചുവേട്ടൻ ചൂടായതു കൊണ്ട് ഷാദ് പിന്നൊന്നും പറഞ്ഞില്ല. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കി ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഞങ്ങൾ ഞങ്ങളുടെ ജോലികളിലേക്ക് തിരിഞ്ഞു...

ഉച്ച ആയപ്പോ എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി. കുറെ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ഒരുമിച്ചു ഫുഡ് കഴിക്കാൻ പോണത്. അല്ലെങ്കിൽ ആർക്കെങ്കിലും നൈറ്റ് ഡ്യൂട്ടി ഉണ്ടാവും. മിക്കവാറും ഞാൻ ഡ്യൂട്ടി കിട്ടുമ്പോ ആ ഡ്രാക്കുളയുടെ കൂടെ ആവാതിരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാലും ഇടയ്ക്കു അയാളുടെ കൂടെ ആവും. ''ചാരു ഞാൻ ഇവിടെ ഇരുന്നു കഴിച്ചോള്ളാം. നീ പോയിട്ട് വാ.'' ക്യാന്റീനിലേക്കു ഇറങ്ങുമ്പോ ഞാൻ ചാരുവിനോട് പറഞ്ഞു. സച്ചുവേട്ടനും ഡ്രാക്കുളയും ഒരുമിച്ചാണ് ഫുഡ് കഴിക്കാറ്. അതോണ്ടന്നെ ചാരുവും സച്ചുവേട്ടനും കൂടെ അയാളും ഉണ്ടാവും. വീണ്ടും ഒന്നും കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ''എന്നാ ഞാനും ഇവിടിരുന്നു കഴിച്ചോള്ളാം..'' എന്നും പറഞ്ഞു ചാരു എന്റടുത്തു ഇരുന്നു. സച്ചുവേട്ടൻ ദയനീയമായി എന്നെ നോക്കി. അവർക്കു സംസാരിക്കാൻ ആകെ കിട്ടുന്ന ചാൻസ് ആണ്. ഡ്യൂട്ടി സമയം അങ്ങനെ ഒരു കാര്യവും സച്ചുവേട്ടന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. ഞാൻ എണീറ്റ് അവളുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. പിന്നാലെ സച്ചുവേട്ടനും ഡ്രാക്കുളയും.

അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു ടേബിളിൽ ഇരുന്നു ഇയർഫോൺ എടുത്തു ചെവിയിൽ കുത്തി. മിക്കവാറും സമയങ്ങളിൽ അതെന്റെ ചെവിയിൽ ഉണ്ടാവും. മൊബൈലിൽ ഓഡിയോ പ്ലേയ് ചെയ്തു അത് കേക്കാൻ തുടങ്ങി. അറിയാതെ തന്നെ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ''ഇവൾക്ക് ചിരിക്കാനൊക്കെ അറിയോ???'' നോക്കിയപ്പോ ചോദിച്ചത് നമ്മളെ ഡ്രാക്കുള തന്നെ. ഞാനതൊന്നും കേക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി. ''ഓ പിന്നേം തുടങ്ങിയോ. ദേ ഷാദ് അവളെ വിട്ടേക്ക്, ഇല്ലെങ്കിൽ ഈ വെള്ളം ഞാൻ നിന്റെ തലയിലൂടെ ഒഴിക്കും.'' ചാരു ദേഷ്യത്തോടെ പറഞ്ഞു. അവൻ പിന്നേം എന്തോ പറഞ്ഞെങ്കിലും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. @@@@@@@@@@@@@@@@@@@@@ ഇവളുടെ മുഖത്ത് ഈ ചിരി കാണുമ്പോ ഒന്ന് കൊടുക്കാനാ തോന്നുന്നേ. എപ്പോളും അതെ ഇയര്ഫോണും വച്ച് പാട്ടും കേട്ട് ചിരിച്ചോണ്ടിരിക്കും. സോറേട്ടോ നിങ്ങള് വിചാരിക്കും ഞാനൊരു ചെകുത്താൻ ആണെന്ന്.

അല്ലാട്ടോ എനിക്കീ കുടുംബം നോക്കാതെ ജീവിക്കുന്ന സ്ത്രീകളെ കാണുന്നതേ കലി ആണ്. അത് കൊണ്ട് തന്നെ ഇവളെ കാണുമ്പോ തന്നെ ദേഷ്യം വരും. ഇവൾ ഇവിടെ വന്നപ്പോ തന്നെ എല്ലാരും ശ്രദ്ധിച്ചിരുന്നു. ആരോടും മിണ്ടാതെ എന്ത് പറഞ്ഞാലും പുഞ്ചിരിക്കുന്ന ഒരു പെണ്ണ്. അതോണ്ടന്നെ ഒരു സഹതാപം ഉണ്ടായിരുന്നു. പിന്നല്ലേ അറിഞ്ഞത് കെട്ടിയോന്റെ അടുത്ത് നിന്നും ഡിവോഴ്‌സും വാങ്ങി വന്നതാണെന്ന്. അപ്പൊ തൊട്ടു കാണുന്നതേ കലി ആണ്. അതോണ്ടന്നെ എത്ര ശ്രമിച്ചാലും ഇവളെ കാണുമ്പോ എനിക്ക് ദേഷ്യം വരും. സച്ചു കുറെ വട്ടം പറഞ്ഞിട്ടുണ്ട് ഇവൾ പാവമാണ് ഡിവോഴ്സ് ഒക്കെ എന്തെങ്കിലും കാരണം ഉണ്ടാകും എന്നൊക്കെ. പക്ഷെ കാരണം അവനും അറിയില്ല. വേറെന്തു കാരണം ഫെമിനിസം തലയ്ക്കു പിടിച്ചു കാണും... അല്ലാതെന്ത്.. അവനു ഇവള് പെങ്ങളെ പോലെ ആണ്. അതോണ്ട് മാത്രമാ ഇപ്പോളും ഇവിടെ ജോലി ചെയ്യുന്നത്.. ഇല്ലേ പണ്ടേ ഞാൻ ഓടിച്ചു വിട്ടിട്ടുണ്ടാകും. ''ഹലോ ഫ്രണ്ട്സ്, എല്ലാരും ഉണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോ സാജൻ ഡോക്ടർ ആയിരുന്നു.''

അയാൾ നടന്നു ഞങ്ങളെ അടുത്ത് വന്നതും ആ വവ്വാൽ എണീറ്റ് സൈഡിൽ നിന്നു. അവൾ എപ്പോളും കറുപ്പഡി കളർ ഡ്രസ്സ് ആണ് ഇടാറു. ഒന്നോ രണ്ടോ വട്ടം അവളെക്കാൾ വല്യ രണ്ടാൾക്ക് ഇടാൻ പറ്റുന്ന ഡ്രെസ്സുകളിലും കണ്ടിട്ടുണ്ട്, പക്ഷെ ഫുൾ കറുപ്പ് ആയിരിക്കും. മനസ്സിൽ കറുപ്പുള്ളോണ്ടാവും പുറത്തും ആ കളർ തന്നെ ഇടുന്നെ. എന്തൊരു ബഹുമാനം. അവൾക്കറിയാം അയാൾ നേരെ പോയി അവളുടെ ടിഫിനിൽ നിന്നും എന്തേലും എടുത്തു തിന്നും എന്ന്. ''ഹ്മ്മ് അടിപൊളി ആമി, ഇന്നത്തേതും വളരെ നന്നായിട്ടുണ്ട്. താൻ നല്ലൊരു കുക്ക് ആണ് കേട്ടോ..'' അയാൾ അങ്ങനെ പറഞ്ഞതും അവൾ താങ്ക്സ് എന്നും പറഞ്ഞു ഇരുന്നു. എന്തൊരു ബഹുമാനം, അല്ല എന്തൊരു അഭിനയം.. ആണുങ്ങളോട് മാത്രമേ ഉള്ളൂ ഈ മാതിരി ബഹുമാനം ഒക്കെ, പ്രത്ത്യേകിച്ചു സാജനോട്. ഒന്നൂല്ലെങ്കിലും നല്ല കാണാൻ സ്റ്റൈൽ ഉള്ള യുവ ഡോക്ടർ അല്ലെ. മുമ്പേ ശ്രദ്ധിച്ചിരുന്നു അയാൾ അവളോട്‌ വന്നു സംസാരിക്കുന്നതു. ചാരു അതും പറഞ്ഞു കളിയാക്കാറും ഉണ്ടായിരുന്നു.

വെറുതെ അല്ല കെട്ടിയോനെ ഇട്ടു പോന്നത്, ഇങ്ങനെ കൊഞ്ചാനൊന്നും പറ്റില്ലല്ലോ. @@@@@@@@@@@@@@@@@@@@ ഹോ അയാള് വരുന്നത് കണ്ടപ്പോ തന്നെ ഉള്ളൊന്നു കാളി. ആദ്യമേ കണ്ടത് കൊണ്ട് മാറി നിന്നു. മുമ്പൊക്കെ ഇങ്ങോട്ടു വന്നു സംസാരിക്കുമ്പോ നല്ലൊരു ആളായെ തോന്നീട്ടുള്ളു. ശരിക്കും ഒരു ആശ്വാസം ആയിരുന്നു. സച്ചുവേട്ടനെ പോലെ ഒരാൾ എന്നാണു കരുതിയത്. ക്യാന്റീനിൽ കണ്ടാൽ അടുത്ത് വന്നു ഫുഡ് ഒക്കെ ടേസ്റ്റ് ചെയ്തു നല്ല അഭിപ്രായം പറയുമായിരുന്നു. ഫുഡ് എടുക്കുമ്പോ ഒന്ന് രണ്ടു വട്ടം ശരീരത്തിൽ തട്ടിയപ്പോ അറിയാതെ പറ്റിയതാവുമെന്നെ കരുതിയില്ല. എന്നാൽ ഡിവോഴ്സി ആണെന്ന് അറിഞ്ഞതോണ്ട് അയാളുടെ മനസ്സിൽ മറ്റു പലതും ആണെന്ന് പിന്നീടുള്ള സംസാരത്തിൽ മനസ്സിലായി. തട്ടലും മുട്ടലും ഒക്കെ അറിഞ്ഞോണ്ട് തന്നെ ആയിരുന്നു. ഇടയ്ക്കു എന്താവശ്യം ഉണ്ടെങ്കിലും പറയണം, എന്തും ചോദിക്കാൻ മടിക്കരുത് എന്നൊക്കെ ഉള്ള മുന വച്ച വർത്തനങ്ങൾ കേട്ടതോടെ അയാളോടുള്ള സംസാരം കുറച്ചു. കണ്ടാൽ മാറിപ്പോകും. കൂടുതലും നൈറ്റ് ഷിഫ്റ്റ് എടുക്കും.

അതാവുമ്പോ ഇയാളെ കാണണ്ട, പിന്നെ ഡ്രാക്കുളയെയും സഹിക്കണ്ട. എന്നാലും ഡ്രാക്കുളയെ കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നുമില്ല. രാത്രിയും പകലും കൂടെ ജോലി ചെയ്തിട്ടും മോശമായ ഒരു വാക്കോ നോക്കോ അയാളിൽ നിന്നും ഉണ്ടായിട്ടില്ല. സാജൻ ഡോക്ടർ അടുത്ത് വരുന്നത് കാണുമ്പോ തന്നെ മാറി നിക്കും ഇല്ലെങ്കിൽ തട്ടലും മുട്ടലും ഉറപ്പാ. ലാബിലേക്ക് വന്നാലും ദൂരെ എങ്ങോട്ടെങ്കിലും നിക്കും. ആരോടെങ്കിലും പറയാമെന്നു വച്ചാ അവർക്കു നല്ല ഡോക്ടറെ ആണ് ആവശ്യം, ലാബ് അസിസ്റ്റന്റ്മാരെ ഒക്കെ ഇഷ്ട്ടം പോലെ കിട്ടും. ആവശ്യം എന്റേതായുണ്ട് സഹിക്കുക തന്നെ. മുമ്പായിരുന്നെങ്കിൽ അയാൾ പണ്ടേ ചത്ത് കിടന്നേനെ. ഇപ്പൊ അത് പറ്റില്ലല്ലോ. ഒരു ആശ്വാസത്തിന് ചാരുവിനോട് .. അവളോടും മുമ്ബ് ഒന്ന് രണ്ടു വട്ടം ഇങ്ങനെ ഉണ്ടായിരുന്നു പോലും. പിന്നെ സച്ചുവേട്ടന്റെ പെണ്ണാണെന്ന് അറിഞ്ഞപ്പോ ശല്യം നിന്നു.

ആൾക്കാരുടെ മുമ്പിൽ എന്ത് മാന്യൻ, പക്ഷെ ഉള്ളിലിരുപ്പ് മഹാമോശം തന്നെ. ചാരു പറഞ്ഞതാ സച്ചുവേട്ടനോട് പറയാമെന്നു, ഞാനാ പറഞ്ഞേ വേണ്ടെന്നു. വെറുതെ ഒരു പ്രശ്നം ഉണ്ടായാൽ എന്റെ ജോലി പോവും എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവില്ല.. ഫുഡ് കഴിച്ചു കഴിഞ്ഞപ്പോ ഞാൻ ചാരുവിനോട് പറഞ്ഞു നേരെ ലാബിലേക്ക് വിട്ടു. ഞാൻ പോയപ്പോളാണ് അർജുനും സ്നേഹയും ഫുഡ് കഴിക്കാൻ പോയത്. അവിടുള്ള ജോലിയൊക്കെ തീർത്തോണ്ടു നിക്കുമ്പോളാണ് പ്രിയ പ്രവീണേട്ടനെയും കൂട്ടി വന്നത്. ഞാൻ അവരെ നോക്കി ചിരിച്ചപ്പോ അവരും ഒരു പുഞ്ചിരി തരാൻ ശ്രമിച്ചു. അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു. ഞാൻ എന്തെ എന്ന രീതിയിൽ പ്രിയയെ നോക്കിയപ്പോ അവൾ എന്റടുത്തേക്കു വന്നു. അപ്പോളേക്കും ബാക്കി മൂന്നാളും ഫുഡ് കഴിച്ചു തിരിച്ചെത്തിയിരുന്നു. അവരെ കണ്ടപ്പോ തന്നെ സച്ചുവേട്ടന് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്നു. ''എന്താ പ്രവീൺ വല്ലാതിരിക്കുന്നെ?'' സച്ചുവേട്ടൻ ചോദിച്ചു. ''അത് സച്ചിൻ ചെറിയൊരു പ്രശ്നമുണ്ട്..'' പ്രവീണേട്ടൻ പറഞ്ഞതും എല്ലാരും ടെൻഷൻ ആയി. ''എന്ത് പ്രശ്നം???'' ചാരു ടെന്ഷനോടെ ചോദിച്ചു. ''അത്...''......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story