ഡിവോയ്‌സി: ഭാഗം 20

divoysi

രചന: റിഷാന നഫ്‌സൽ

ഇവനെ പറ്റി ഞാൻ വിചാരിച്ചതൊക്കെ തെറ്റാണോ??? ഇവൻ വരുണിനേം സാജൻ ഡോക്ടറെക്കാളും ഒക്കെ വല്യ ഫ്രോഡ് ആണോ??? പക്ഷെ ഇത്ര ദിവസം ഒരു റൂമിൽ എന്നെ ഒറ്റയ്ക്ക് കിട്ടിയിട്ട് പോലും ഇവന്റെ ഭാഗത്തു നിന്ന് ഒരു മോശപ്പെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല. പിന്നെ ഇപ്പൊ എന്താണാവോ പറ്റിയെ??? ഇങ്ങനെ പല ചിന്തകളും എന്റെ മനസ്സിലൂടെ പോയി. അവന്റെ കൈ ഇപ്പോളും എന്റെ നേരെ വരുവാണ്. അപ്പോളാണ് അവൻ പറഞ്ഞത് എന്റെ കാതിൽ ശരിക്കും കേട്ടത്. സത്യം പറഞ്ഞാൽ എന്റെ കിളി പോയി. ''അതെ എന്റെ കയ്യിൽ പണം കായ്ക്കുന്ന മരം ഒന്നും ഇല്ല വെറുതെ ഫൈൻ കൊടുക്കാൻ. സീറ്റ് ബെൽറ്റ് ഇട്.'' എന്നും പറഞ്ഞു അവന്റെ കൈ കൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചു തന്നു. ''ഇതിനു ചെറിയ പ്രശ്നം ഉണ്ട്, അതോണ്ടാ ഞാൻ വലിച്ചു തന്നത്.'' എന്നും പറഞ്ഞു അവൻ വണ്ടി മുമ്പോട്ടു എടുത്തു. ഞാൻ ആകെ പ്ലിങ്ങി. പാവം ഇവനെ ഞാൻ രണ്ടു മിനിട്ടു കൊണ്ട് ബാലൻ കെ നായരും ഉമ്മറും ഒക്കെ ആക്കിയാലോ പടച്ചോനെ. എനിക്കാകെ ചിരി വന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

സത്യം പറഞ്ഞാ സീറ്റ് ബെൽറ്റിന് കുഴപ്പം ഒന്നും ഇല്ല. അവളെ ഒന്ന് പേടിപ്പിക്കാനാ ഇങ്ങനൊക്കെ ചെയ്തേ. പക്ഷെ സീറ്റ് ബെൽറ്റ് ഇവിടെ നിർബന്ധം ആണല്ലോ. പിന്നെ വെറുതെ റിസ്‌ക്കും ആണ്. എന്തായാലും ഇവളെ കുപ്പിയിൽ ആക്കണം. ഇവളെന്തിനാണാവോ ഒറ്റയ്ക്ക് ചിരിക്കുന്നത്. ഇനി വട്ടാണോ.. മെല്ലെ മെല്ലെ വേണം കുപ്പിയിലാക്കാൻ, ഇല്ലെങ്കിൽ ഇവൾ പിടിക്കും. ഒടുക്കത്തെ ബുദ്ധിയാണല്ലോ. ''അതെ എന്തേലും കഴിക്കണ്ടേ???'' ഞാൻ അവളോട് ചോദിച്ചു. ''ആഹ്, സച്ചുവേട്ടനും ചാരുവും വരണ്ടേ?? ഞാൻ വിളിച്ചു നോക്കട്ടെ.'' അവള് ഫോൺ എടുത്തു അവരെ വിളിക്കാൻ പോയി. ''വേണ്ട... അവര് ഇപ്പൊ കുറച്ചു തിരക്കിൽ ആവും.'' ഞാൻ പറഞ്ഞു. അവളെന്നെ സംശയത്തോടെ തല ചെരിച്ചു ഒരു പിരികം പൊക്കി നോക്കി. ആഹാ എന്ത് നല്ല കോപ്രായം. ''സച്ചു അവളേം കൂട്ടി അവന്റെ പാരന്റ്സിന്റെ അടുത്ത് പോയതാ. അവന്റെ ചേട്ടന്റെ റൂമിൽ ഉണ്ട് അവർ. ചാരൂന് ഒരു സർപ്രൈസ് കൊടുക്കാൻ.'' ഞാൻ അത് പറഞ്ഞതും അവളുടെ മുഖം 200 വാട്ടിന്റെ ബൾബ് മാതിരി തെളിഞ്ഞു.

''എന്നാ റൂമിൽ പോയി കഴിക്കാം..'' അവൾ പെട്ടെന്ന് പറഞ്ഞു. ''അതിനു ഇനിയും ഒരു മണിക്കൂർ എങ്കിലും എടുക്കും. നല്ല ട്രാഫിക് ഉണ്ട്. എനിക്ക് വിശക്കുന്നു.'' എന്നും പറഞ്ഞു ഞാൻ അവിടെ കണ്ട ഒരു കഫറ്റീരിയയുടെ മുന്നിൽ നിറുത്തി. ''തനിക്കു എന്താ വേണ്ടത്???'' ഞാൻ ചോദിച്ചു. ''ഒന്നും വേണ്ട.'' അവള് പറഞ്ഞു. ഞാൻ ഓക്കേ എന്നും പറഞ്ഞു അവിടെ പോയി രണ്ടു ഷവര്മക്ക് ഓർഡർ ചെയ്തു. സാധനം കിട്ടാൻ ഒരു പത്തു മിനിട്ടു എടുത്തു. ഞാൻ ശവർമയും രണ്ടു പെപ്സിയും കൊണ്ട് വണ്ടിയിൽ കേറി. കഴിക്കാൻ ആരംഭിച്ചു. അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിശപ്പുണ്ടെന്നു. ഇരുന്നിടത്തു നിന്ന് എന്തൊക്കെയോ കളിക്കുന്നുണ്ട്. വല്യ ജാഡ കാണിച്ചതല്ലേ, അനുഭവിച്ചോ.. എനിക്ക് ചിരി വന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ തെണ്ടി... ഒറ്റയ്ക്ക് തിന്നുന്ന കണ്ടില്ലേ. വേണോന്നു പോലും ചോദിക്കുന്നില്ല. അല്ലാഹ് വിശന്നിടാണെങ്കിൽ വയറു കത്തുന്നു. നിനക്കതു തന്നെ വേണം ആമി. അവനിന്നു ഡ്രാക്കുള സ്വഭാവം ഒക്കെ മാറ്റി മര്യാദക്ക് അല്ലെ നിന്നോട് ചോദിച്ചത്.

അപ്പൊ നിനക്ക് ജാഡ. ഇപ്പൊ അനുഭവിച്ചോ. ഞാൻ വയറിൽ കൈ അമർത്തി മെല്ലെ തല താഴ്ത്തി കണ്ണും അടച്ചു ഇരുന്നു. അപ്പോളാണ് ഒരു ശവർമ്മയുടെ മണം മൂക്കിൽ കേറിയത്. കണ്ണ് തുറന്നപ്പോ ഷാദ് ഒരു ഷവർമ്മ എന്റെ നേരെ നീട്ടി. ''ജാഡ കൊണ്ടൊന്നും വിശപ്പ് മാറില്ല. അതിനു ഭക്ഷണം തന്നെ കഴിക്കണം.'' എന്ന് അവൻ പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. വെറുതെ കൗണ്ടർ അടിച്ചു അവനെങ്ങാനും ഷവർമ്മ തിരിച്ചെടുത്താൽ പണി ആവും. ഞാൻ അത് വേഗം വാങ്ങി താങ്ക്സ് പറഞ്ഞു കഴിക്കാൻ തുടങ്ങി. അല്ല ഇവനെന്താ ഇന്ന് ഇത്ര നല്ല സ്വഭാവം, അല്ലെങ്കി എന്നെ കടിച്ചു കീറേണ്ട സമയം ആയല്ലോ. ഇനി ഇന്ന് ചാരുവിനെ ഹെല്പ് ചെയ്തത് അറിഞ്ഞോണ്ടാവോ. ആയിരിക്കും അതിനു ശേഷം ആണ് ഈ നല്ല സ്വഭാവം കാണുന്നത്. ഞാൻ ഓരോന്ന് ആലോചിച്ചു പെപ്സി എടുത്തു കുടിക്കുമ്പോളാണ് അവൻ എന്നെ നോക്കുന്നത് കണ്ടത്. അവൻ ഇമ വെട്ടാതെ എന്നെ നോക്കുവാണ്‌. ഞാൻ എന്താ എന്നുള്ള രീതിയിൽ നോക്കിയപ്പോ ഒന്നുമില്ല എന്ന് തോൾ പൊക്കി കാണിച്ചു. പിന്നെ പറഞ്ഞ കാര്യം കേട്ട് പെപ്സി മണ്ടേൽ കേറി.

അവൻ മുട്ടി തരുന്നൊക്കെ ഉണ്ട്. ഞാൻ അവന്റെ കൈ തട്ടി മാറ്റി ഐ ആം ഓക്കേ എന്ന് പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഞാൻ ഇത് വരെ ഉള്ള കാര്യങ്ങൾ ഒക്കെ റീവൈൻഡ് ചെയ്യുവാരുന്നു. അവളോട്‌ ആദ്യമൊക്കെ സഹതാപം ആരുന്നു. പക്ഷെ ഡിവോയ്സി ആണെന്ന് അറിഞ്ഞപ്പോ ദേഷ്യം വന്നു. അതിന്റെ കൂടെ സാജൻ അന്ന് ഇവളെ പറ്റി മോശം ആയി പറഞ്ഞപ്പോ ആ ദേഷ്യം കൂടി. അത്കൊണ്ടാണ് സച്ചുവോ ചാരുവോ പറഞ്ഞതൊന്നും തലയിൽ കേറാതിരുന്നേ. ഇപ്പൊ പ്രവീണും ഒക്കെ അങ്ങനെ പറയുമ്പോ ഞാൻ ചിന്തിച്ചതും അറിഞ്ഞതും ഒക്കെ തെറ്റാണോ. സാജൻ എന്തിനു അങ്ങനൊക്കെ പറയണം. അന്ന് അവന്റെ റൂമിൽ പോവുമ്പോ ഇവൾ അവനോടു ചേർന്ന് നിക്കുന്നത് ഞാൻ കണ്ടതാ. എന്നെ കണ്ടപ്പോ തിരക്കിട്ടു ഇറങ്ങി പോയി. ഞാൻ ചോദിച്ചപ്പോ സാജൻ ആണ് പറഞ്ഞത് അവളവന്റെ പിന്നാലെ കൂടീട്ടുണ്ട് എന്ന്. പൈസക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ല എന്നൊക്കെ പറഞ്ഞു. അവൻ എന്തിനാ എന്നോട് കള്ളം പറയുന്നത്. അങ്ങനൊരു പെണ്ണാണ് എങ്കിൽ ചാരുവിനെ സഹായിക്കേണ്ട ആവശ്യം എന്താ. ആ റോഷനും മറ്റുള്ളവരും ഉപദ്രവിക്കാൻ നോക്കിയപ്പോ പ്രതികരിക്കേണ്ട ആവശ്യം എന്താ. എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എനിക്ക് ഒക്കെ മനസ്സിലാക്കണം.

ഇതൊക്കെ അവളെ മുഖം നോക്കി ആണ് ആലോചിച്ചത് എന്ന് അവള് പിരികം പൊക്കി എന്നോട് ചോദിച്ചപ്പോളാ മനസ്സിലായത്. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ഐഡിയ തോന്നി. ഞാൻ അവളെ നേരെ കൈ നീട്ടി ഫ്രണ്ട്സ് എന്ന് പറഞ്ഞതും അവള് കുടിച്ചോണ്ടിരുന്ന പെപ്സി അവളെ മണ്ടേൽ കേറി. ഞാൻ തട്ടി കൊടുത്തപ്പോ വേഗം നേരെ ഇരുന്നു ഓക്കേ ആയി എന്ന് പറഞ്ഞു. എനിക്കാണെങ്കി ചിരി വന്നിട്ട് പാടില്ല. ''എന്താ ഞാൻ ചോദിച്ചത്തിനു മറുപടി ഇല്ലേ??'' അവള് എന്ത് എന്ന രീതിയിൽ നോക്കി. ഫ്രണ്ട്സ് എന്നും പറഞ്ഞു കൈ നീട്ടിയപ്പോ അവൾ എന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ പടച്ചോനെ ഇവന് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ. ഞാൻ അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. ''അതെന്താ പെട്ടെന്നൊരു ഫ്രണ്ട്ഷിപ്പ് ഒക്കെ??'' ഞാൻ ചോദിച്ചു. ''ഞാൻ വിചാരിച്ച പോലെ അല്ല താൻ എന്നൊരു തോന്നൽ അതാ.'' ഷാദ് പുഞ്ചിരിച്ചോണ്ടു പറഞ്ഞു. ആഹാ കളിപ്പന് ചിരിക്കാനും അറിയാം.

''എന്താ വിചാരിച്ചിരുന്നത്???'' ഞാൻ ചോദിച്ചു. അത് കേട്ടപ്പോ അവനൊന്നു ഞെട്ടി. ''അത് ഒന്നുമില്ല. ഇതിനു മറുപടി പറ, ഫ്രണ്ട്സ്???'' അവൻ ചോദിച്ചപ്പോ മടിച്ചു മടിച്ചു ഞാൻ കൈ കൊടുത്തു. ''ഓക്കേ, പക്ഷെ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട്.'' ഞാൻ പറഞ്ഞപ്പോ അവൻ എന്താ എന്ന രീതിയിൽ നോക്കി. ''എനിക്ക് ഫ്രണ്ട്സ് വളരെ കുറവാ. ആത്മാർത്ഥമായ സൗഹൃദങ്ങൾ മാത്രമേ ഞാൻ കൊണ്ട് നടക്കാറുള്ളു. അതിൽ ട്രസ്റ് ആണ് ഏറ്റവും ഇമ്പോർട്ടന്റ്. വിശ്വാസം ആണല്ലോ ഏതൊരു റിലേഷന്റെയും അടിസ്ഥാനം. കള്ളത്തരം ഒന്നും ഇല്ലാത്ത സൗഹൃദങ്ങൾ മാത്രമേ നില നിൽക്കൂ. ഇയാളുടെ ഉള്ളിൽ കള്ളത്തരങ്ങൾ ഒന്നും ഇല്ലെങ്കിൽ മാത്രമേ ഫ്രണ്ട് ആകണ്ടൂ.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ മുഖത്തേക്ക് നോക്കി. അവൻ ഒന്ന് പുഞ്ചിരിച്ചു എന്റെ കൈ അമർത്തി ഷേക്ക് ഹാൻഡ് തന്നു. ഞാനും ഒന്ന് ചിരിച്ചു. ''പിന്നെ ഫ്രണ്ട്സ് ആയെന്നു വിചാരിച്ചു ഞാൻ ചീത്ത പറയൽ നിർത്തില്ലാട്ടോ. പിന്നെ അടി കൂടലും നിർത്തില്ല.'' എന്നും പറഞ്ഞു അവൻ വണ്ടി മുന്നോട്ടു എടുത്തു. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.

''എനിക്കും പെട്ടെന്നുള്ള ഈ ഫ്രണ്ട്ഷിപ്പിൽ ചെറിയൊരു സംശയം ഇല്ലാതില്ലാട്ടോ.. നോക്കട്ടെ വല്ല കള്ളത്തരവും ഉണ്ടോന്നു. എന്നും പറഞ്ഞു ഞാൻ ചിരിച്ചു.'' അപ്പൊ ഷാദ് ദേഷ്യം വന്ന പോലെ എന്നെ നോക്കി. ''ഇതാണ് ഈ പെണ്പിള്ളേരുടെ കുഴപ്പം. എന്ത് പറഞ്ഞാലും വിശ്വസിക്കില്ല.'' അവൻ പറഞ്ഞു. ''ആഹ് അത് ശരിയാ. ഞങ്ങൾക്ക് വിശ്വാസം വരാൻ കുറച്ചു സമയം എടുക്കു. പ്രത്ത്യേഗിച് എനിക്ക്, അത്രയ്ക്ക് പണികൾ കിട്ടീട്ടുണ്ടെന്നു വിചാരിച്ചോ മോനെ..'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. ''മോനോ.. ആഹാ ഫ്രണ്ട് ആക്കിയതല്ലേ ഉള്ളോ.. അപ്പോളേക്കും അവിടേം വരെ ഒക്കെ ആയോ..'' ഷാദ് ചോദിച്ചു. ''അത് പിന്നെ ആ ഒരു ഫ്ലോയിൽ..'' ഞാൻ ഒന്ന് പരുങ്ങി. അത് കണ്ടു അവൻ പൊട്ടിച്ചിരിച്ചു. പടച്ചോനെ ഇവനിങ്ങനെ ചിരിക്കാനൊക്കെ അറിയോ??? എന്നോട് ഒച്ചയെടുക്കൽ അല്ലാതെ ഇത് വരെ ചിരിച്ചിട്ടില്ല. ഞങ്ങൾ പിന്നെയും കുറെ സംസാരിച്ചു. ഇപ്പൊ സച്ചുവേട്ടനോടും ചാരുവിനോടും ഒക്കെ സംസാരിക്കുന്ന പോലെ തന്നെ എന്നോടും സംസാരിച്ചു. എന്തോ മനസ്സിൽ നല്ല റിലാക്‌സേഷൻ ഉണ്ട്.

അല്ലെങ്കിൽ ലാബിലേക്കും റൂമിലേക്കും പോവുന്നത് ഓർക്കുമ്പോ തന്നെ പേടിയാ. എപ്പോളും എവിടെയും ചീത്ത തന്നെ. @@@@@@@@@@@@@@@@@@@@@@@@@@@@@@@ ആദ്യം ഒക്കെ അഭിനയം ആയിരുന്നെകിലും ഇപ്പൊ അവളോട് സംസാരിക്കുമ്പോ നല്ല റിലാക്‌സേഷൻ ആണ്. മുന്നത്തെ പോലെ അവളെ കാണുമ്പോളൊ സംസാരിക്കുമ്പോളോ ദേഷ്യം ഒന്നും തോന്നുന്നില്ല. ശരിക്കും ഫ്രണ്ട് ആക്കണോ, വരട്ടെ നോക്കാം. രാത്രി റൂമിൽ എത്തിയ പാടെ ഞാൻ സോഫയിൽ പോയി കിടന്നു. അവളും വേഗം പോയി ഉറങ്ങി. രാവിലെ ഞാൻ എണീക്കുമ്പോ ആമി കിച്ചണിൽ പൊരിഞ്ഞ പണിയിൽ ആണ്. ഞാൻ ഫ്രഷ് ആയി അങ്ങോട്ടേക്ക് പോയി. അവള് പർദ്ദ ഒക്കെ ഇട്ടു റെഡി ആയി ഫുഡ് എടുത്തു പാക് ചെയ്യുവാണ്. വാഴ ഇലയിലാണ് ചോറും വരവും അച്ചാറും ഒക്കെ പാക് ചെയ്യുന്നേ. എന്നിട്ടു അലുമിനിയം ഫോയിലിൽ ആക്കി. കറി ചെറിയൊരു സ്റ്റീൽ ബോക്സിൽ ആണ് ആക്കുന്നത്. അവളെന്നെ കണ്ടതും ഒന്ന് ചിരിച്ചു. ''ആഹാ എണീറ്റോ.. ദാ ചായ ഇതിലുണ്ട്.. ഒഴിച്ച് കുടിച്ചോ. എനിക്ക് കുറച്ചു തിരക്കുണ്ട്.'' എന്നും പറഞ്ഞവൾ ഫ്ലാസ്ക് എന്റെ നേരെ നീട്ടി. ''നിനക്കിതെന്തിന്റെ കേടാ. ഇതൊക്കെ എത്ര ബുദ്ധിമുട്ടാണ്.'' ഞാൻ ചോദിച്ചു.

''ആഹ് പൈസ ഉണ്ടാക്കണ്ടേ മോനെ.. അപ്പൊ കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടാവും.'' അവള് പറഞ്ഞു. ''മാളിയേക്കൽ തറവാട്ടിലെ കുട്ടിക്ക് എന്താ പൈസക്ക് ഇത്ര ആവശ്യം..'' ഞാൻ ചായ കുടിച്ചോണ്ടു ചോദിച്ചപ്പോ അവളുടെ മുഖം മാറുന്നത് കണ്ടു. മുഖത്തെ ചിരി പോയി ദേഷ്യം ആയി, പക്ഷെ പെട്ടെന്ന് തന്നെ ചിരി തിരിച്ചു വരുത്തി. ''ആഹ് തറവാട്ടു പേരൊക്കെ അറിയാലോ.. ആഹ് ശരിയാ ഇയാള് ഷാമിക്കാന്റെ ഫ്രണ്ട് ആണല്ലോ.. പിന്നെ സ്വന്തമായി നമ്മൾ ഉണ്ടാക്കുന്നത് മാത്രമേ നമ്മക്ക് ഉപയോഗത്തിന് എത്തൂ. എന്റുപ്പാപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് വച്ചിട്ട് എനിക്കെന്താ ബായി കാര്യം.'' അവള് ചിരിച്ചോണ്ട് പറഞ്ഞു. ആ സംസാരത്തിൽ തന്നെ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി. ''അതെ വേഗം കുളിച്ചിട്ടു വന്നോ. ഫുഡ് ഞാൻ ഇവിടെ എടുത്തു വെക്കാം. എന്റെ ബസ് വരാൻ ആയി.'' അവള് പറഞ്ഞു. ''ആഹ് അത് ഞാൻ പറയാൻ ഇരിക്കുവാരുന്നു. നാളെ തൊട്ടു എനിക്കും വേണം തന്റെ ഫുഡ്. എത്രയാ മാസത്തിലെ റേറ്റ്. സച്ചു നിന്റെ ഫുഡ് കഴിക്കുമ്പോളും എന്റെ ഈഗോ കാരണം ഞാൻ അതിനു നിന്നില്ല.

ഇനിയിപ്പോ നമ്മള് ഫ്രണ്ട്സ് ആയ സ്ഥിതിക്ക് ഈഗോ കളയാല്ലോ.'' ഞാൻ പറഞ്ഞു. ''നാളെ തൊട്ടു അല്ല, ഇന്ന് തൊട്ടു. ഇയാളെ ഫുഡ് ഞാൻ പാക് ചെയ്തിട്ടുണ്ട്. പിന്നെ പൈസ വേണ്ടാട്ടോ. ഒന്നൂല്ലെങ്കിലും എന്റെ കെട്ടിയോൻ അല്ലെ..'' എന്നും പറഞ്ഞു അവള് സയിട്ടടിച്ചു കാണിച്ചു. ചായ എനിക്ക് തരിപ്പിൽ ആയി. എന്റെ കളി കണ്ടു അവള് പൊട്ടിച്ചിരിച്ചു. ഇവൾക്ക് ഇങ്ങനെ ചിരിക്കാനൊക്കെ അറിയോ.. എന്തോ അതൊക്കെ കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം തോന്നി. ഞാൻ ഒരു ചിരിയും കൊടുത്തു ബാത്റൂമിലേക്കു നടന്നു. തിരിച്ചു ഇറങ്ങുമ്പോളെക്കും അവള് പോയിരുന്നു. ഞാൻ പോയി ബ്രേക്ക്ഫാസ്റ്റും കഴിച്ചു സച്ചൂനേം കൂട്ടി ഇറങ്ങി. ലാബിൽ എത്തിയപ്പോ ആമി ഇല്ലായിരുന്നു. ഞാൻ ചാരുവിനോട് ചോദിച്ചപ്പോ അവൾ വായും തുറന്നു എന്നെ നോക്കി. അപ്പോളാണ് അവള് വരുന്നത് കണ്ടത്. ''നീ എവിടെ ആയിരുന്നു.'' ഞാൻ ചോദിച്ചു. ''ആഹ് അത് ഐസിയൂവിൽ ബ്ലഡ് കൊടുക്കാൻ ഉണ്ടായിരുന്നു. ഇന്ന് ലേറ്റ് ആയല്ലോ?'' ആമി ചിരിച്ചോണ്ട് ചോദിച്ചു. ''ആഹ് ഇന്ന് കുറച്ചു ട്രാഫിക് ഉണ്ടായിരുന്നു.'' ഞാൻ പറഞ്ഞു തിരിഞ്ഞതും സച്ചുവും ചാരുവും വായും തുറന്നു നിക്കുന്നത് കണ്ടു. ഞാൻ ആമിയെ നോക്കി കണ്ണ് കൊണ്ട് അവരെ കാണിച്ചു കൊടുത്തു. രണ്ടും കണ്ണും തള്ളി വായും തുറന്നു നിപ്പാണ്. ഞാൻ പോയി സച്ചുവിന്റേം ആമി പോയി ചാരുവിന്റേം വാ അടച്ചു കൊടുത്തു.

''ചാരു എന്നെ ഒന്ന് നുള്ളിയെ.. ഞാൻ ഇതുവരെ ഉറങ്ങി എണീറ്റില്ല എന്ന് തോന്നുന്നു.'' സച്ചുവാണ്. ''ഓ ഞാൻ ചെയ്യാലോ..'' എന്നും പറഞ്ഞു ഞാൻ അവന്റെ കയ്യിൽ നല്ല ഒരു നുള്ളു കൊടുത്തു. അവൻ അലറി വിളിച്ചു. അത് കണ്ടു ഞങ്ങളെല്ലാവരും പൊരിഞ്ഞ ചിരി ആരുന്നു. ''നിനക്ക് വേണോ ചാരു..'' ഞാൻ ചോദിച്ചതും അവള് കൈ പിന്നിൽ ഒളിപ്പിച്ചു വേണ്ടാന്നു തലയാട്ടി. രണ്ടും കൂടി ഞങ്ങളെ പിന്നാലെ നടന്നു കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി. ''എന്തൊക്കെ ആരുന്നു... മലപ്പുറം കത്തി.. അമ്പും വില്ലും.. എന്നിട്ടിപ്പോ ഒരു കാരണവും ഇല്ലാതെ ഫ്രണ്ട് ആക്കിയിരിക്കുന്നു.'' സച്ചു പുച്ഛത്തോടെ പറഞ്ഞു. ''ആര് പറഞ്ഞു കാരണം ഇല്ലാന്ന്. കാരണം ഉണ്ട് ...'' ഞാൻ പറഞ്ഞതും മൂന്നും എന്നെ നോക്കി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@ എനിക്കെന്നെ അത്ഭുതം ആയി. ഷാദ് എന്ത് കാരണം കൊണ്ടാണ് എന്നെ ഫ്രണ്ട് ആക്കിയത്... ''എന്റെ പെങ്ങളെ വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചില്ലേ, അതെന്നെ കാരണം..'' ഷാദ് ചാരുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. '

'ഓ അതായിരുന്നു...'' ഞങ്ങൾ മൂന്നാളും ഒരുമിച്ചു ചോദിച്ചു. ''ആഹ് അതെന്നെ.. പിന്നെ നമ്മൾ ചിന്തിക്കുന്നത് തെറ്റാണെന്നു തോന്നിയാൽ മാറ്റി ചിന്തിക്കുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ..അല്ലെ..'' ഷാദ് പറഞ്ഞു. ''ആഹ് അത് ശരിയാ. പക്ഷെ ഇപ്പോളും എനിക്ക് എന്തൊക്കെയോ പുകഞ്ഞു മണക്കുന്നുണ്ട്. നോക്കട്ടെ ഈ ഫ്രൻഷിപ്പ് എവിടെ വരെ പോവുമെന്ന്.'' ഞാൻ പറഞ്ഞു. ''ആഹ് അതിവാൻ രണ്ടു ദിവസമായി കുളിക്കാത്തോണ്ടാ പൊകഞ്ഞു മണക്കുന്നതു.'' ഷാദ് സച്ചുവേട്ടനെ കാണിച്ചു കൊണ്ട് പറഞ്ഞു. ''ടാ..'' സച്ചുവേട്ടൻ ഷാദിന്റെ പിന്നാലെ ഓടി. ഞാനും ചാരുവും അതും നോക്കി നിന്നു. ഷാദിന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു കാര്യം ഞാൻ പ്രതീക്ഷിക്കാത്തതാണ്. ഇതിനു പിന്നിൽ എന്തോ കള്ളത്തരം ഉണ്ടോന്നു ഒരു സംശയം ഇല്ലാതില്ല. വരട്ടെ കണ്ടു പിടിക്കാം. മുമ്പത്തെ അനുഭവങ്ങൾ വച്ച് ഒരാളേം കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റില്ല. പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ചിന്തകൾ തെറ്റിച്ചു ഷാദ് എനിക്ക് നല്ലൊരു സുഹൃത്തായി. അവന്റെ സൗഹൃദത്തിൽ കള്ളം ഒന്നും എനിക്ക് കാണാൻ പറ്റിയില്ല. നാളെ തൊട്ടു എനിക്കും ഷാദിനും നായിട്ട് ഡ്യൂട്ടി ആണ്. മുമ്പത്തെ പോലെ പേടി ഒന്നും ഇല്ലാരുന്നു. ''ടീ നീ ഇറങ്ങാൻ ആയില്ലേ..'' ഷാദ് ആണ്. ഇപ്പൊ ഇങ്ങനൊക്കെ ആയി വിളി.

''ആഹ് കഴിഞ്ഞു.'' എന്നും പറഞ്ഞു ഞാൻ പുറത്തിറങ്ങി. അവൻ റൂമിൽ കേറി റെഡി ആവാൻ വേണ്ടി. ഞാൻ വേഗം ഫുഡ് എടുത്തു പാക് ചെയ്തു. ബാക്കിയുള്ളവർക്ക് ഉള്ളത് എടുത്തു കവറിൽ വച്ചു. അപ്പോളേക്കും ഷാദ് വന്നിരുന്നു. ''ഞാൻ ഇറങ്ങാട്ടോ ഇത് ചാരുവിനെ ഏൽപ്പിച്ചിട്ടു വേണം എനിക്ക് പോവാൻ. ബസ് ഇപ്പൊ വരും.'' ''വേണ്ട.'' അവൻ പറഞ്ഞു. ''ഏഹ്..'' ഞാൻ എന്താന്നുള്ള രീതിയിൽ അവനെ നോക്കി. ''ടീ നമ്മൾ ഒരു സ്ഥലത്തല്ലേ പോവുന്നെ. പിന്നെ നീ എന്തിനാ ഒറ്റയ്ക്ക് പോവുന്നെ. എന്റെ കൂടെ വന്നാ മതി. ബാക്കി ഉള്ള സമയം ആര്യയും കൂടി ഉള്ളുണ്ട നിങ്ങളെ ഒരുമിച്ചു കൂട്ടാത്തത്.'' ഷാദ് ശരിക്കും ഓർഡർ ചെയ്യുവാരുന്നു. അത് കൊണ്ട് തന്നെ അവനോടു വേണ്ടാന്നു പറയാൻ തോന്നിയില്ല. ഓക്കേ ഞാൻ ഇത് ചാരുവിനെ ഏൽപ്പിക്കട്ടെ. അവള് സച്ചുവേട്ടനും ശരണിനും കൊടുത്തോളും. ആഹ് ഇപ്പൊ സച്ചുവേട്ടന്റെ കൂടെ ശരൺ ആണ് ഉള്ളത്. ''ചാരു ഇതാ ഫുഡ്.'' ഞാൻ കവർ അവളെ കയ്യിൽ കൊടുത്തു. ''നീ എന്താ ലേറ്റ് ആയെ, ബസ് പോയല്ലോ.'' ചാരു പറഞ്ഞു. ''ആഹ് അത് ഷാദ് പറഞ്ഞു അവന്റെ കൂടെ പോവാമെന്നു.'' ഞാൻ പറഞ്ഞതും അവളെന്നെ വല്ലാത്തൊരു നോട്ടം നോക്കി. ''ഓഹോ അവിടെ വരെ ഒക്കെ ആയി അല്ലെ.. കൊച്ചു കള്ളി...'' ചാരു എന്നെ നുള്ളി കൊണ്ട് പറഞ്ഞു.

''പോടീ.. അവനെന്റെ നല്ലൊരു ഫ്രണ്ട് ആണ്. പ്രവീണേട്ടനെയൊക്കെ പോലെ..'' ഞാൻ പറഞ്ഞു. ''സ്വന്തം ഭർത്താവിനെ സഹോദരനെ പോലെ കാണുന്ന ആദ്യത്തെ ഭാര്യ നീ ആരിക്കും..'' ചാരു പറഞ്ഞു. ''എന്തോന്ന്...'' ഞാൻ ചോദിച്ചു. ''പ്രവീണേട്ടൻ നിനക്ക് സഹോദരനെ പോലെ അല്ലെടി, അപ്പൊ ഷാദും..'' അവളെങ്ങനെ ചോദിച്ചതും ഞാനൊരു കുത്തു കൊടുത്തു. ''മണവാട്ടി വേണ്ടാത്തത് ആലോചിച്ചു തല പുണ്ണാക്കണ്ട. പോയി സൗന്ദര്യം കൂട്ടാൻ ഉള്ള വഴി നോക്ക്.'' ഞാൻ പറഞ്ഞു. അടുത്ത ആഴ്ച സച്ചുവേട്ടന്റേം ചാരുവിന്റേം എൻഗേജ്മെന്റും നിശ്ചയവും ആണ്. രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം. അവരുടെ രണ്ടാളുടേം പേരെന്റ്സും കുറെ റിലേറ്റീവസും ഇവിടെ ഉണ്ട്. നാട്ടിൽ കുറെ ആൾക്കാർക്ക് അവരെ കല്യാണത്തിന് വല്യ താല്പര്യം ഇല്ല. അത്കൊണ്ടാണ് ഇവിടുന്നു നടത്തുന്നത്. കല്യാണം ആവുമ്പോളേക്കും പ്രിയയും പ്രവീണേട്ടനും വരും. ''ടീ എന്താലോചിച്ചു നിക്കാ... പോണ്ടേ..'' തലയിലൊരു കൊട്ട് കിട്ടിയപ്പോളാ ബോധം വന്നത്. ഞാൻ ഷാദിനെ നോക്കി പേടിപ്പിച്ചു.

''ഇങ്ങനെ നോക്കല്ലേടീ ഉണ്ടക്കണ്ണീ.. ആ കണ്ണിപ്പൊ പുറത്തു ചാടും..'' ഷാദ് പറഞ്ഞു. ''നീ പോടാ ഡ്രാക്കുളേ..'' എന്നും പറഞ്ഞു അവനൊരു തല്ലു വച്ചു കൊടുത്തു. ''ഹോ വെറുതെ വേലിലിരിക്കുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച പോലായി.. പണ്ടത്തെ പോലെ മതി ആരുന്നു. ഇപ്പൊ കാണുന്നില്ലേ പോടാന് വരെ വിളിക്കാൻ തുടങ്ങി...'' ഷാദ് പറഞ്ഞു. ''നിനക്കെങ്ങനെ തന്നെ വേണം..'' ചാരു പറഞ്ഞു. ''വാ നടക്കു...'' ഞങ്ങൾ ഷാദിന്റെ വണ്ടീടെ അടുത്തേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@@@@@ ആദ്യമൊക്കെ ആമിക്ക് എന്നോട് സംസാരിക്കാൻ തന്നെ മടി ആയിരുന്നു. ഇപ്പൊ നല്ല കംഫർട്ടബ്ൾ ആണ്. എനിക്കും അഭിനയം ഒക്കെ പോയി ഇപ്പൊ അവളൊരു നല്ല ഫ്രണ്ട് ആണ്. ഞാൻ മുമ്ബ് വിചാരിച്ചതൊക്കെ തെറ്റാണ്. അവളുടെ ജീവിതത്തെ പറ്റി കുറെ വട്ടം ചോദിക്കാൻ തുടങ്ങിയെങ്കിലും പിന്നെന്തോ വേണ്ടാന്നു വച്ചു. ''എന്താ മാഷേ നല്ല ആലോചനയിൽ ആണല്ലോ... ഈ റിപ്പോർട്ട് ഇപ്പോളെങ്ങാനും ടൈപ്പ് ചെയ്തു കയ്യുമൊ..'' ആമിയാണ്. ''എനിക്കെന്തോ ഉറക്കം വരുന്നു..'' ഞാൻ പറഞ്ഞൊപ്പിച്ചു. ''ഓ എന്ന ഇങ്ങോട്ടു മാറ്, ഞാൻ ചെയ്തോലാം..'' എന്നും പറഞ്ഞു അവൾ അത് ചെയ്യാൻ രഹുടങ്ങി.

''ടീ ആ ഇയർഫോണിനു കുറച്ചു റസ്റ്റ് കൊടുത്തൂടെ.. അത് നിന്നെ ശപിക്കുന്നുണ്ടാവും..'' ഞാൻ പറഞ്ഞു. ''ആഹ് കുഴപ്പമില്ല, ഇതുള്ളപ്പോലുള്ള റിലാക്‌സേഷൻ മറ്റൊന്നിലും കിട്ടില്ല മോനെ..'' ആമി പറഞ്ഞു. ''എന്ന ഇങ്ങോട്ടു താ, ഞാനും കേക്കട്ടെ നിന്റെ പാട്ടു.'' എന്നും പറഞ്ഞു ഞാൻ ഇയർഫോൺ എടുക്കാൻ പോയതും അവള് മാറി, ഫോൺ എടുത്തു കയ്യിൽ പിടിച്ചു. ''അത് വേണ്ട കേട്ടാ.. മോൻ പോയി ഉറങ്ങിക്കോ.'' ഇവളിങ്ങനാ ഫുൾ ടൈം ആ ഇയർഫോൺ ഉണ്ടാവും. ഒന്ന് പാട്ടു കേൾക്കാൻ ചോദിച്ചാൽ തരുകേം ഇല്ല. ഞാൻ നിർബന്ധിച്ചാൽ ആണ് ടി വി യുടെ മുന്നിൽ പോലും ഇരിക്കുന്നത്. പക്ഷെ പട്ടു കേൾക്കലിന് മാത്രം കുറവില്ല. ''ആമി ഈ റിപ്പോർട്ടിൽ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ..'' നോക്കിയപ്പോ വിജി സാർ ആണ്. ''എന്ത് പറ്റി സാർ..'' ഞാനും അങ്ങോട്ട് പോയി. ''ഇതെനിക്കൊന്നു എക്സ്പ്ലൈൻ ചെയ്തു തരണം.'' സാർ പറഞ്ഞു. ''ഷുവർ സാർ..'' ആമി പറഞ്ഞു. ''എങ്കിൽ എന്റെ കൂടെ വരൂ..'' ആമി വിജി സാറിന്റെ കൂടെ പോയി. അപ്പോളാണ് ഞാനതു കണ്ടത്. ആമി തിരക്കിൽ അവളെ ഫോൺ എടുത്തിട്ടില്ല. കൂടാതെ ഫോണിൽ എന്തോ പ്ലേയ് ആവുന്നുണ്ട്. ഞാൻ ഇയർഫോൺ എടുത്തു ചെവിയിൽ വച്ചു. അതിലുള്ള പാട്ടു കേട്ട് എനിക്ക്￰ ചിരി വന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story