ഡിവോയ്‌സി: ഭാഗം 22

divoysi

രചന: റിഷാന നഫ്‌സൽ

ഒരു സ്ത്രീയാണ് അയാളെ തടഞ്ഞത്. ഞാൻ വേഗം ആമിയുടെ അടുത്തേക്ക് പോയി. അവളെ അയാളെ അടുത്ത് നിന്നും മാറ്റി എന്റെ അടുത്ത് നിർത്തി. എന്നെ കണ്ടപ്പോ അവള് കണ്ണ് കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. ''ആമി എന്താ പറ്റിയെ??? ആരാ ഇയാൾ???'' ഞാൻ ചോദിച്ചു. ''അതു ചോദിക്കാൻ നീ ആരാടാ???'' എന്നും ചോദിച്ചു അയാൾ എന്റെ നേരെ വന്നു. അപ്പൊ സിനുവും ആഷിയും എന്റടുത്തേക്കു വന്നു. ''അയ്യോ വേണ്ട...'' എന്നും പറഞ്ഞു അവളെന്റെ മുന്നിൽ കേറി നിന്നു. ''എന്നാ പറ ആരാ ഇത്??? ആരുടെ കൂടെയാ നീ കറങ്ങി നടക്കുന്നെ???'' അയാൾ ചോദിച്ചു. ''ഇത്... ഇത്... എന്റെ... എന്റെ...'' അവൾ വിക്കുവാണ്. ''എന്തോന്നാടീ.. നിനക്കെപ്പോളാ വിക്കൽ തുടങ്ങിയെ. ഞാൻ നിനക്ക് മഹറ് തന്നവനാണെന്നു പറയാൻ നിനക്കെന്താ ഇത്ര മടി.. നീ എന്തിനാ വഴിയിൽ കണ്ടവരെ ഒക്കെ പേടിക്കുന്നെ.'' ഞാൻ ഒരു കണ്ണിറുക്കി കൊണ്ട് അവളോട് ചോദിച്ചു. ഞാൻ പറഞ്ഞ കേട്ട് അവളാകെ ഞെട്ടി. കാരണം സാധാരണ ഞാൻ ആണ് ആരോടും ഈ കാര്യം പറയരുത് എന്ന് പറയാറ്. അവളെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു...

''ആണോ.. ഇവൻ നിന്റെ ഭർത്താവ് ആണോ...'' അയാൾ ചോദിച്ചു. ''ഇതൊക്കെ ചോദിക്കാൻ താൻ ആരാ... താൻ തന്റെ ജോലി നോക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ കൈ പിടിച്ചു നടക്കാൻ തുടങ്ങി. ''അങ്ങനെ പോവല്ലേ... പറ അംനൂ ഇവൻ പറഞ്ഞതൊക്കെ സത്യമാണോ...'' അയാൾ ചോദിച്ചു. പണി പാളിയോ, ഇവളെ ഇയാൾക്ക് അറിയോ... ''ടീ നിനക്കിയാളെ അറിയോ???'' അവളെന്നെ ദേഷ്യത്തോടെ നോക്കി. ''അതു അജൂക്ക... അതു പിന്നെ...'' അയ്യോ ഇതാണോ ഇവളെ അജൂക്ക. ഞാൻ ഒന്ന് അയാളെ നോക്കി ഇളിച്ചു കാണിച്ചു. ''എന്താ അളിയാ വല്ല പച്ച മാങ്ങയും തിന്നോ??? ഇത്ര പുളിച്ച ചിരി മുഖത്ത്.'' അജു ചോദിച്ചു. ''അതു പിന്നെ ഞാൻ എനിക്ക് ആളെ മനസ്സിലായില്ല.'' ഞാൻ പറഞ്ഞു. ''എനിക്കുള്ള ഉത്തരം കിട്ടിയില്ല അംനൂ. നീ എന്താ എന്നെ ഒന്നും അറിയിക്കാതിരുന്നേ??? ഞാൻ അത്രക്കും അന്യൻ ആണോ...'' അജു ചോദിച്ചു. ''അജൂക്ക പ്ലീസ്'' എന്നും പറഞ്ഞു അവൾ അജൂനെ കെട്ടിപ്പിടിച്ചു കരഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@

അജൂക്ക വന്നിട്ട് വിളിച്ചെങ്കിലും ഇത് വരെ മുന്നിൽ പോവാതെ മാറി നടക്കുവാരുന്നു. കല്യാണം കഴിഞ്ഞതൊക്കെ ഇക്ക ഇക്കാന്റെ ഫ്രണ്ട് വഴി അറിഞ്ഞു എന്ന് സംസാരത്തിൽ മനസ്സിലായി. എങ്ങനേലും ഒന്ന് തണുപ്പിക്കാം എന്ന് കരുതി നിക്കുമ്പോളാണ് ഷാദ് വന്നത്. പൊട്ടൻ എന്തൊക്കെ ഡയലോഗ് ആരുന്നു. ഇപ്പൊ നിന്നു വിയർക്കാണ്. എനിക്കാണെങ്കി സങ്കടം വന്നിട്ട് പാടില്ല. ''അംനൂ എന്തിനാ മോളെ കരയുന്നെ. നിനക്ക് ഒരു നല്ല ജീവിതം വേണം എന്ന് തന്നെ അല്ലെ ഞങ്ങളും ആഗ്രഹിച്ചത്. പക്ഷെ നീ എന്താ ഞങ്ങളോട് ഒന്നും പറയാനേ???'' ഫെമിത്താ ചോദിച്ചു. ''ഇത്താ സോറി. ഞാൻ പെട്ടെന്നായതു കൊണ്ട്.. ആരെയും അറിയിക്കാൻ പറ്റിയില്ല. പിന്നെ അജൂക്ക ഇവിടെ ഇല്ലാരുന്നല്ലോ. ഇത്തയുടെ പ്രസവവും മൂത്തുമ്മാന്റെ അസുഖവും ഒക്കെ ആയി ഇക്ക ആകെ ടെൻഷനിൽ ആയിരുന്നല്ലോ. അതാ ഞാൻ ഒന്നും പറയാനേ.'' ഞാൻ പറഞ്ഞു. ഇക്ക എന്റെ കണ്ണ് തുടച്ചു. ''പോട്ടെ കുഴപ്പമില്ല. നിനക്ക് നല്ലതു വരണമെന്നേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ.'' അജൂക്ക പറഞ്ഞു. ഇക്ക എന്നെ വിട്ടു ഷാദിന്റെ അടുത്തേക്ക് പോയി.

''ഹലോ അളിയാ.. ഞാൻ അജ്മൽ, അജു എന്ന് വിളിക്കും.'' എന്ന് പറഞ്ഞു കൈ കൊടുത്തു. ''ഞാൻ ഷാദ്..'' എന്നും പറഞ്ഞു അവര് പരിചയപ്പെട്ടു. ''ഇത്താ മോൾ എവിടെ???'' ഞാൻ പെട്ടെന്ന് ഓർമ്മ വന്നപ്പോ ചോദിച്ചു. ''ആഹ് ഇപ്പോളെങ്കിലും ചോദിച്ചാലോ.. അതാ മോള്'' എന്ന് പറഞ്ഞു അടുത്തുള്ള സ്ട്രോല്ലെർ കാണിച്ചു തന്നു. ഞാൻ അവളെ കയ്യിൽ എടുത്തു അജുവും ഷാദും കൂടെ വന്ന രണ്ടാൾക്കാരും പൊരിഞ്ഞ കത്തി അടി ആണ്. ''എന്താ ഇത്ത പേരിട്ടത്..'' ഞാൻ ചോദിച്ചു.. ''അജ്ഫിൻ.. അജ് ഫി എന്ന് വിളിക്കും..'' ഞാൻ അവളെ എടുത്തു നടന്നു. ഞങ്ങള് തിരിച്ചു ഫുഡ് കോർട്ടിലേക്ക് പോയി. ഷാദും അജൂക്കയും ആ രണ്ടു പേരും ഫുഡ് ഓർഡർ ചെയ്യാൻ പോയി. ഇപ്പൊ കഴിച്ചത് ആയോണ്ട് ഞാൻ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു. അവർ തിരിച്ചു വന്നു ഞങ്ങളെ അടുത്ത് ഇരുന്നു. ഞാൻ കൂടെ ഉള്ളത് ആരാ എന്നുള്ള രീതിയിൽ ഷാദിനെ നോക്കി. ''ആഹ് ആമി ഇത് ആഷിഖ് ഇത് സിനാൻ എന്റേം സച്ചൂന്റേം ഫ്രണ്ട്സ് ആണ്. ആഷി സിനു ഇത് ആമി.'' ഷാദ് പറഞ്ഞു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.

ഞങ്ങള് കുറെ നേരം സംസാരിച്ചു. അജൂക്കയും ഷാദും ആയി നല്ലോണം അടുത്തു. ആഷിക്ക ആള് ഇച്ചിരി ഗൗരവക്കാരൻ ആണ്. പക്ഷെ സിനൂക്ക ആളെ ചിരിപ്പിച്ചു കൊല്ലും. @@@@@@@@@@@@@@@@@@@@@@@@@@@@@ ''അല്ല ആമി നീ എന്ത് കണ്ടിട്ടാ ഈ പൊട്ടനെ പ്രേമിച്ചേ??? ആ ഹോസ്പിറ്റലിൽ നല്ല ആൾക്കാരൊന്നും ഇല്ലാരുന്നോ???'' സിനു എനിക്കിട്ടു വെക്കാണ്. ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി. ''എന്താ ചെയ്യാ സിനൂക്ക വരാനുള്ളത് ഓട്ടോ പിടിച്ചായാലും വരുമല്ലോ..'' ആമി പറഞ്ഞു. അതു കേട്ട് എല്ലാരും ചിരിച്ചു. ''അങ്ങനെ പറയണ്ട.. ഇവളെ കെട്ടിയതു ഇവന്റെ കഷ്ടകാലത്തിനാണെന്നു കൂട്ടിക്കോ..'' അജു പറഞ്ഞു. ആമി അജൂന്റെ വയറ്റിനൊരു കുത്തു കൊടുത്തു. എനിക്കും സച്ചൂനും ചാരൂനും അതു ഇടയ്ക്കിടയ്ക്ക് കിട്ടാറുണ്ട്. ''നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ... ഇപ്പോളും വയറ്റിനിട്ടു തന്നെ കുത്തു. വല്ലിക്ക ഒഴിച്ച് നിന്റെ കുത്തു കിട്ടാത്തതായി ആരെങ്കിലും ഉണ്ടോ???'' അതു കേട്ടതും അവളുടെ മുഖം മാറി. കണ്ണൊക്കെ നിറയാൻ തുടങ്ങി. എന്തോ തെറ്റ് പറഞ്ഞ പോലെ അജൂന്റെ മുഖവും മാറി. ഫുഡ് ആയിട്ടുണ്ടാവും നിങ്ങള് വാങ്ങീട്ടു വാ. എനിക്ക് വിശക്കുന്നു എന്ന് ഫെമി പറഞ്ഞു.

അതു ആ സിറ്റുവേഷൻ ഒഴിവാക്കാൻ ആണെന്ന് എനിക്ക് തോന്നി. ഞാൻ മെല്ലെ ടേബിളിന്റെ അടിയിലൂടെ ആമിയുടെ കയ്യിൽ പിടിച്ചു. അവളെന്നെ നോക്കിയപ്പോ ഞാൻ എന്ത് പറ്റി എന്ന രീതിയിൽ അവളെ നോക്കി. അവൾ ഒന്നുമില്ലാന്നു കണ്ണടച്ചിട്ടു തലയാട്ടി. എന്നിട്ടൊന്നു പുഞ്ചിരിച്ചു എന്ന് വരുത്തി. ''ഡാ ഫുഡ് വാങ്ങാൻ ദാ അവിടെ വരെ പോണ്ടൂ.. അവളെ കൈ വിട്ടു മോൻ ഇങ്ങു വാ.'' എന്നും പറഞ്ഞു സിനു എന്നെ വലിച്ചോണ്ടു പോയി. എല്ലാരും അതു കേട്ട് ചിരിച്ചു. ഞങ്ങളാണെങ്കിൽ ആകെ ചമ്മി. ഞങ്ങള് ഫുഡ് വാങ്ങി വന്നപ്പോ ആമി അവിടെ ഇല്ലാരുന്നു. വാഷ്‌റൂമിൽ പോയതാണെന്ന് ഫെമി പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@ വല്ലിക്കന്റെ പേര് കേട്ടതും എന്തോ എനിക്ക് ആകെ സങ്കടം വന്നു. ഉപ്പാനെക്കാൾ ഞാൻ സ്നേഹിച്ചത് എന്റെ വല്ലിക്കയെ ആണ്. എന്നിട്ടും ഇക്ക എന്നെ മനസ്സിലാക്കിയില്ല. ഓരോന്നോർത്തു ഞാൻ വാഷ്‌റൂമിലേക്കു നടന്നു. മുഖമൊക്കെ കഴുകി ഫ്രഷ് ആയി. തിരിച്ചു ഫുഡ് കോർട്ടിലേക്ക് നടന്നു. ദൂരെ നിന്നെ അവര് ചിരിച്ചു സംസാരിക്കുന്നതു കണ്ടു.

ഷാദ് ഇപ്പൊ മുമ്പത്തെ പോലെ അല്ലാന്നുള്ളത് എനിക്ക് നല്ല ആശ്വാസം ആണ്. അവൻ ഇപ്പൊ എനിക്ക് നല്ലൊരു ഫ്രണ്ട് ആണ്. മുമ്ബ് ചീത്ത പറഞ്ഞതും അടി കൂടിയതും ഒക്കെ ഓർത്തു എനിക്ക് ചിരി വന്നു. ഓരോന്നോർത്തു നടന്നപ്പോ പെട്ടെന്ന് നടന്നു വന്ന ഒരാളെ മേൽ ഞാൻ മുട്ടി. സോറി എന്ന് പറഞ്ഞു ആ മുഖത്തേക്ക് നോക്കിയതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ''ഷെസിന്...'' അറിയാതെ തന്നെ ആ പേര് ഞാൻ പറഞ്ഞു. ''ആഹാ ഇതാരാ എന്റെ അംന കുട്ടിയോ... സുഖല്ലേ'' എന്നും ചോദിച്ചു അവൻ മുന്നോട്ടു വന്നതും ഞാൻ പിന്നോട്ടേക്കു മാറി. ''എന്താ ഞാൻ അടുത്തേക്ക് വരുന്നത് നിനക്ക് ഇഷ്ടല്ല..'' എന്നും ചോദിച്ചു അവൻ ചിരിച്ചു. എനിക്ക് നിന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല. കയ്യും കാലും ഒക്കെ തളരുന്ന പോലെ. ആരെ കാണരുതെന്ന് വിചാരിച്ചു ഈ വർഷങ്ങൾ അത്രയും നടന്നോ ഇന്ന് അവന്റെ മുന്നിൽ തന്നെ എത്തി. @@@@@@@@@@@@@@@@@@@@@@@@@@@@@@@@

ഞങ്ങള് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടും ആമി എത്തിയില്ല. അജുവും ഫെമിയും അവളെ പറ്റി ഓരോന്ന് പറയുന്ന കേട്ട് എനിക്ക് അത്ഭുതം തോന്നി. അവളുടെ കുറുമ്പും കുരുത്തക്കേടും ഒക്കെ കേട്ടപ്പോ ഇവര് വേറെ ആമിയെ പറ്റി ആണോ പറയുന്നത് എന്ന് തോന്നിപ്പോയി. അപ്പോഴാണ് ഞാൻ ആഷിയെ ശ്രദ്ധിച്ചത്. അവൻ എന്തോ ആലോചനയിൽ ആണ്. ഞാൻ അവനെ ഒന്ന് തട്ടി. ''എന്താടാ???'' ''ഏയ് ഒന്നൂല്ലേടാ. ആമിയെ ഞാൻ എവിടെയോ കണ്ടപോലെ. പക്ഷെ എവിടെ എന്ന് ഓർമ്മ കിട്ടുന്നില്ല.'' ആഷി പറഞ്ഞു. ''ടാ അവൾ നമ്മളെ നാട്ടുകാരി തന്നെയാ. പിന്നെ നിനക്ക് ശാമിലിനെ ഓർമയില്ലേ അവന്റെ കസിൻ ആണ്.'' ഞാൻ പറഞ്ഞു. ''ആഹ് ചിലപ്പോ അവന്റെ അടുത്ത് നിന്ന് ഫോട്ടോ കണ്ടതാവും.'' ആഷി പറഞ്ഞു. അപ്പോഴാണ് ആമി വരുന്നത് കണ്ടത്. അവള് എന്തൊക്കെയോ ചിന്തിച്ചു എങ്ങോട്ടോ നോക്കിയാണ് നടക്കുന്നത്. ഇടയ്ക്കു ചിരിക്കുന്നും ഉണ്ട്. ഇവൾക്കെന്താ വട്ടായോ.. എനിക്കവളെ കാളി കണ്ടു ചിരി വന്നു. പെട്ടെന്ന് അവള് ആരെയോ തട്ടി. എങ്ങിനെ തട്ടാതിരിക്കും മാനത്തു നോക്കി അല്ലെ നടപ്പ്. അയാൾ അവളോട് സംസാരിക്കാൻ തുടങ്ങിയതും അവള് പിന്നോട്ട് നടക്കാൻ തുടങ്ങി. ആകെ പേടിച്ചു ഒരു പരുവം ആയിട്ടുണ്ട്. എന്റെ നോട്ടം കണ്ടാണെന്നു തോന്നുന്നു എല്ലാരും അങ്ങോട്ട് നോക്കി.

അജു പെട്ടെന്ന് എണീറ്റ് അങ്ങോട്ടേക്ക് ഓടി. അത് കണ്ടു ഞങ്ങളൊന്നു ഷോക് ആയെങ്കിലും അവന്റെ പിന്നാലെ ഞങ്ങളും പോയി. അജു ഓടി പോയി ആമിയെ കെട്ടിപ്പിടിച്ചു. അവള് അവനെ ഇറുക്കി പിടിച്ചിട്ടുണ്ട്. ''ആഹ് ഇതാര് അജ്‌മലോ.. സുഖല്ലേ.. ഞാൻ അവളോട്‌ വിശേഷങ്ങളൊക്കെ ചോദിക്കാരുന്നു. കുറെ ആയില്ലേ കണ്ടിട്ട്. കാണാൻ ഒന്നൂടി നന്നായിട്ടുണ്ട്..'' എന്നും പറഞ്ഞു ഒരു തരം വൃത്തികെട്ട നോട്ടം നോക്കി അവളെ. എനിക്കെന്തോ അവന്റെ നോട്ടവും സംസാരവും തീരെ ഇഷ്ടായില്ല. ഞാൻ അവനു നേരെ പോവാൻ നിന്നതിനു മുന്നേ അജു അവന്റെ കോളറിൽ പിടിച്ചു. ആമി നിന്ന് വിറക്കുന്നുണ്ട്. അവളുടെ കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട്. ''ആമി എന്താ..'' എന്ന് ഞാൻ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല. ''നിനക്കെന്താണടാ വേണ്ടത്...'' അജു അവനോടു ദേഷ്യത്തോടെ ചോദിച്ചു. ''അവളെ..'' എന്നും പറഞ്ഞു ആമിയുടെ നേരെ അവൻ വിരൽ ചൂണ്ടിയതും അവളെന്റെ പിന്നിലേക്ക് നിന്നു. എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ''ടാ അവളെ നേരെ നീ ഇനി നോക്കിയാൽ നിന്റെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും.

എല്ലാരേം പൊട്ടന്മാർ ആക്കിയ പോലെ എന്നെ ആക്കാമെന്നു വിചാരിക്കണ്ട. എനിക്കെല്ലാം അറിയാം. ഇനി നീ ഇവളെ നേരെ വന്നാൽ നിന്നെ ഞാൻ കൊല്ലും.'' എന്നും പറഞ്ഞു അജു അവനെ അടിക്കാൻ പോയതും സെക്യൂരിറ്റിയും ആ വന്നവന്റെ ഫ്രണ്ട്സും അവരെ പിടിച്ചു മാറ്റി അവനെ കൊണ്ട് പോയി. ''നീ രക്ഷപ്പെട്ടെന്നു വിചാരിക്കണ്ട. ഞാൻ നിന്നേം കൊണ്ടേ പോവൂ..'' എന്ന് അവൻ ആമിയുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും ഞാൻ അവളെ മുന്നിലേക്ക് നിന്നു. അജു ആമിയെ ഒന്നുമില്ല എന്ന് പറഞ്ഞു കൂട്ടി ടേബിളിലേക്കു പോയി. പിന്നാലെ ഞങ്ങളും. ''അജു ആരാ അവൻ..'' ഞാൻ ചോദിച്ചു. ''അതാണ് ആമിയുടെ എക്സ് ഹസ്ബൻഡ് ഷെസിൻ.'' അജു പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി. ആമി മുഖം താഴ്ത്തി ഇരിക്കാണ്. ഇവൻ ആയിരുന്നോ അവളെ മുൻ ഭർത്താവ്. കാണാൻ നല്ല ലുക് ആണ്. പക്ഷെ കയ്യിലിരിപ്പു പോരാന്നു അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. ''ആളൊരു വല്ലാത്ത സ്വഭാവം ആണ്. അവന്റടുത്തു നിന്നു ഇവള് രക്ഷപ്പെട്ടത് തന്നെ ഭാഗ്യം.'' അജു പറഞ്ഞതും ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

കൂടുതൽ ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളെ മുഖം കണ്ടപ്പോ തോന്നിയില്ല. ''ദേ എന്റെ വയറ്റിലുള്ള എലിയൊക്കെ ഇപ്പൊ ചാവും. പിന്നെ പോലീസ് കൊലപാതക കുറ്റത്തിന് നിങ്ങളെ പിടിച്ചാൽ എന്നോട് പറയണ്ട കേട്ടോ. നിങ്ങക്കൊന്നും വേണ്ടെങ്കിൽ പോട്ടെ ഞാൻ കഴിക്കാൻ പോവാ.'' എന്ന് സിനു പറഞ്ഞു. അവൻ വിഷയം മാറ്റിയതാണെന്നു മനസ്സിലായി. ഞാൻ അവരോടു പറഞ്ഞിരുന്നു അവളുടെ സെക്കൻഡ് മാര്യേജ് ആണെന്ന്. ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി. എല്ലാരും ഓരോന്ന് പറഞ്ഞു അവളുടെ മൂഡ് മാറ്റാൻ നോക്കി. അവസാനം ഒന്ന് ചിരിച്ചു കണ്ടു. ''ടാ ഞങ്ങള് പോവാ. ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി.'' ആഷി പറഞ്ഞു. ''വെള്ളിയാഴ്ച അങ്ങോട്ട് വാ. ഉച്ചയ്ക്ക് ഫുഡ് അവിടുന്നാക്കാം.'' എന്ന് ആമി അവരോടു പറഞ്ഞു. പാവം ഇത്രേം സങ്കടം ഉണ്ടായിട്ടും ആഷിയും സിനുവും ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞപ്പോ അവരെ വിളിച്ചിരിക്കുന്നു. അവര് വരാം എന്നും പറഞ്ഞു പോയി. ഞങ്ങള് കൈ കഴുകാൻ എണീറ്റ് പോയി. അപ്പൊ അജു എന്റെ കയ്യിൽ പിടിച്ചു. ''ഷാദ് അവളെ ഇനി കരയിക്കരുത്.

പിന്നെ അവളോട് ഒന്നും ചോദിക്കരുത്. ഇനിയും പഴയതു ഓർമിപ്പിച്ചു അവളെ വിഷമിപ്പിക്കരുത് പ്ളീസ്. നല്ല കുട്ടിയ അവള്..'' എന്നും പറഞ്ഞു അവൻ പോയി. അവള് നല്ല കുട്ടി തന്നെയാ പക്ഷെ അവളെ നോക്കാൻ എനിക്ക് പറ്റില്ലല്ലോ. എന്റെ ഷാനുവിനെ ചതിക്കാൻ എനിക്ക് പറ്റില്ല. പിന്നെ ആമിക്കും അറിയാല്ലോ ഷാനുവിനെ പറ്റി. ഞാൻ ഓരോന്ന് ആലോചിച്ചു പുറത്തേക്കു പോയപ്പോ അജുവും ഫെമിയും പോവാണെന്നു പറഞ്ഞു. വെള്ളിയാഴ്ച വരാൻ പറഞ്ഞെങ്കിലും ഡ്യൂട്ടി ഉണ്ടെന്നു പറഞ്ഞു അവർ പോയി. @@@@@@@@@@@@@@@@@@@@@@@@@@@@@@ തിരിച്ചു റൂമിലേക്ക് പോവുമ്പോ മുഴുവൻ ഷെസി ആയിരുന്നു എന്റെ മനസ്സിൽ. അത് മനസ്സിലാക്കീട്ടാണെന്നു തോന്നുന്നു ഷാദ് എന്തൊക്കെയോ ചളി പറയുന്നുണ്ട്. ''ഒന്ന് മതിയാക്കോ, ഞാൻ നേരത്തെ കുളിച്ചതാ..'' ഞാൻ പറഞ്ഞു. ഷാദ് മനസ്സിലാവാത്ത പോലെ എന്നെ നോക്കി. ''എന്റെ മൂഡ് ശരി ആക്കാൻ ഇങ്ങനെ ചളി പറയണ്ട. എന്ന് പറഞ്ഞതും ആദ്യം അവൻ എന്നെ ദേഷ്യത്തോടെ നോക്കി പിന്നെ ഞങ്ങള് ചിരിച്ചു.

റൂമിൽ എത്തി സാധനങ്ങൾ ഒക്കെ എടുത്തു വച്ച് ഞാൻ ബാൽക്കണിയിൽ പോയിരുന്നു. എത്ര അടക്കാൻ നോക്കിയിട്ടും അടക്കാൻ പറ്റാത്ത ഒരു വാതിൽ ആണ് ഭൂതകാലത്തിലേക്കുള്ളത്. എത്ര വേണ്ടെന്നു വിചാരിച്ചാലും അത് വീണ്ടും തുറന്നു വരും. ഷെസിന്റെ മുന്നിൽ പേടിക്കണ്ട എന്ന് വിചാരിച്ചാലും അവനെ കണ്ടാൽ ശരീരം ആകെ തളർന്നു പോവും. എന്റെ പാസ്ററ് ആരും അറിയണ്ട.. ആരും.. @@@@@@@@@@@@@@@@@@@@@@@@ എങ്ങനെയാ അവളെ പാസ്ററ് ഒന്ന് അറിയാ. അവളോട് ചോദിച്ചാൽ ശരി ആവില്ല. പാവം വെറുതെ വീണ്ടും കരയും. എങ്ങനേലും കണ്ടു പിടിക്കണം. രാത്രി ഡ്യൂട്ടി കഴിഞ്ഞു എല്ലാരേയും ഇങ്ങോട്ടു വിളിച്ചു. ചാരുവിനെയും സച്ചുവിനെയും കണ്ടപ്പോ തന്നെ ആമിയുടെ മൂഡ് ഒക്കെ ഓക്കേ ആയി. അവളും ചാരുവും കൂടി ഭക്ഷണം ഉണ്ടാക്കാൻ പോയി. ഞാൻ ഇന്ന് നടന്നതൊക്കെ സച്ചൂനോട് പറഞ്ഞു. അവനും ആകെ ഷോക് ആയി. അവളെ പറ്റി അറിയാൻ അവനും ശ്രമിക്കാം എന്ന് പറഞ്ഞു. മൂന്നാലു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. അവളെ പറ്റി അറിയാൻ ഒരു വഴിയും തുറന്നില്ല.

ഞങ്ങളും മെല്ലെ ആ കാര്യങ്ങൾ മറന്നു പോയി. ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിച്ചോണ്ടുക്കാരുന്നു. ''ഡീ ഇന്നത്തെ ഫുഡ് അടിപൊളി.. ബിരിയാണി എന്ന് പറഞ്ഞാൽ ഇതാണ്..'' ചാരുവാണ്. ''അതെ, ഇങ്ങനെ പോയാൽ ഞാൻ ജിം ജോയിൻ ചെയ്യേണ്ടി വരും. കല്യാണം ആവുമ്പോളേക്കും വയർ ഒക്കെ ചാടും.'' സച്ചു പറഞ്ഞു. ''അതിനി എന്താ ചാടാൻ ഉള്ളത്..'' ഞാൻ സച്ചൂനെ കളിയാക്കി. ''രണ്ടും ഒന്ന് മിണ്ടാതിരുന്നേ. ഇന്ന് നമുക്ക് എൻഗേജ്മെന്റിന്റെ ഡ്രസ്സ് എടുക്കാൻ പോണ്ടേ..'' ആമി ചോദിച്ചപ്പോളാ എല്ലാത്തിനും ഓർമ്മ വന്നേ. ''ആ പോണം വൈകീട്ട് പുറത്തു നിന്നാ മതി.'' സച്ചു പറഞ്ഞു. ''ആമീ തന്നെ റിസപ്ഷനിൽ നിന്നും വിളിക്കുന്നുണ്ട്.'' സാനിയ ആണ്... ഇവിടെ നേഴ്സ് ആണ്. ഷാനൂന്റെ ഫ്രണ്ട്. അവള് ഞങ്ങളെ ഒന്ന് നോക്കീട്ടു പോയി. ''ആ ഞാൻ പോയിക്കൊള്ളാം.. ആമി പറഞ്ഞു. ''അവിടെ നിനക്കെന്താ..'' ഞാൻ ചോദിച്ചു. ''അതെന്റെ പാസ്സ്‌പാർട്ടിന്റെ എന്തോ കാര്യത്തിന് പോവാൻ നേരത്തെ വിളിച്ചിരുന്നു. ഞാൻ നോക്കീട്ടു വരാം..'' എന്നും പറഞ്ഞു ആമി നടന്നു. അപ്പോളാണ് ആമി അവളുടെ ഫോൺ അവിടെ വച്ചിട്ടുണ്ടെന്നു കണ്ടത്. അതിൽ എന്തോ പ്ലേയ് ആവുന്നുണ്ട്. ഞാൻ എല്ലാരോടും അവളെ മൊബൈലിൽ ഉള്ളത് കേൾക്കണോ എന്നും ചോദിച്ചു അതെടുത്തു ഇയർഫോൺ ഊരി പ്ലേ ആക്കി. ചാരു വേണ്ടാന്നോക്കെ പറയുന്നുണ്ട്. അതിൽ ഉള്ള കാര്യം കേട്ട് ഞാനും സച്ചുവും തരിച്ചിരുന്നു പോയി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story