ഡിവോയ്‌സി: ഭാഗം 35

divoysi

രചന: റിഷാന നഫ്‌സൽ

''ഡാ ഒരു ഫോൺ എടുക്കാൻ അര മണിക്കൂർ വേണോ???'' ആഷി ആണ് കൂടെ സിനുവും. ''അത് ഞാൻ...'' ഞാൻ പറയാൻ തുടങ്ങിയതും ഷാജു വന്നു. ''ആഹ് മതി, ഒന്നും പറയണ്ട. വേഗം പോയി വണ്ടീൽ കേറൂ. സച്ചു കയറു പൊട്ടിക്കുന്നുണ്ട്.'' ഷാജു അപ്പോളാണ് യാസിയും സജീവേട്ടനും വന്നത്. വന്നപാടെ യാസിയുടെ കണ്ണ് എന്റെ പിന്നിലേക്ക് പോയി. ഇവളെന്താ ഇങ്ങനെ ഒളിച്ചു നിക്കുന്നെ. അപ്പോഴാ അവൾ എന്റെ കാലിന്റെ സൈഡിൽ നിന്നും ഷാൾ എടുത്തു തലയിൽ ചുറ്റി ഇട്ടതു. അപ്പൊ അതാണ് ആരുടേയും മുന്നിൽ നിക്കാത്തതു. എനിക്ക് ചിരി വന്നു. ''ടീ നീ ഇവിടെ നിന്ന് തിരിയാതെ പോയി റെഡി ആവൂ.'' എന്നും പറഞ്ഞു ആഷി വന്നു എന്റെ പിറകിൽ നിന്നും ആമിയെ കൂട്ടി പുറത്തേക്കു കൊണ്ടുപോയി. അവളെ പിന്നാലെ സാറയും പ്രിയയും പോയി. സിനു വന്നു എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് പോയി. സച്ചു കാറിൽ ഇരുന്നു ഭദ്രകാളൻ ലുക്കിൽ എന്നെ നോക്കി. ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു വേഗം കാറിൽ കേറി. ഞങ്ങൾ ഹാളിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി.

പതിനൊന്നര ആയതും മണ്ഡപത്തിലേക്ക് ചാരുവിനെ കൊണ്ട് വന്നു. കൂടെ ബാക്കി പെണ്പടകളും. എല്ലാരും ഒന്നിനൊന്നു മൊഞ്ചത്തികൾ ആയിട്ടുണ്ട്. പക്ഷെ ആമി ആണ് ചാരുവിനേക്കാൾ മൊൻജെന്നു എനിക്ക് തോന്നി. ഇനി അതെന്റെ തോന്നൽ മാത്രവും ആവാം. @@@@@@@@@@@@@@@@@@@@@@@@@@ ആണുങ്ങളെല്ലാം പോയി എന്ന് കേട്ടപ്പോഴാ ഡ്രസ്സ് മാറാൻ അവരെ റൂമിലേക്ക് പോയത്. അവിടെ ഷാദിനെ കണ്ടപ്പോ ശെരിക്കും പേടിച്ചു. അവനിട്ടു രണ്ടെണ്ണം കൊടുത്തോണ്ടു നിന്നപ്പോളാ സാറയും പ്രിയയും പിന്നാലെ ബാക്കി ആൺപടകളൊക്കെ വന്നത്. അപ്പോളാ എന്റെ ഷാളിന്റെ കാര്യം ഓർമ്മ വന്നത്. ഷാദ് വന്നു പേടിപ്പിച്ചപ്പോ അതെന്റെ കയ്യിൽ നിന്നും താഴെ പോയെന്നു പിന്നെയാ മനസ്സിലായെ. ഷാൾ കിട്ടിയിട്ടും യാസി ഡോറിന്റെ അടുത്തുള്ളത് കൊണ്ട് എനിക്കെന്തോ പോവാൻ പേടി ആയി. അപ്പോഴാ ആഷിക്ക വന്നു എന്റെ കൈ പിടിച്ചു അവന്റെ സൈഡിലൂടെ പുറത്തേക്കു കൊണ്ട് പോയത്. ഞാൻ ഇക്കാനെ നോക്കിയപ്പോ ഇക്ക എന്നെ നോക്കി പുഞ്ചിരിച്ചിട്ടു കണ്ണടച്ചു കാണിച്ചു. ആശിക്കാക്ക് ഇന്നലെ രാത്രി തന്നെ യാസിയെ എനിക്ക് പേടി ആണെന്ന് മനസ്സിലായിട്ടുണ്ട്.

പേര് കൊണ്ടുള്ള സാഹോദര്യ ബന്ധം ആണെങ്കിലും ആഷിക്ക എന്നെ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്. പെങ്ങളാവാൻ ഒരു വയറ്റിൽ ജനിക്കണമെന്നോ രക്ത ബന്ധം ഉണ്ടാവണമെന്നോ ഇല്ലല്ലോ. ആണുങ്ങമാരൊക്കെ പെട്ടെന്ന് തന്നെ ഹാളിലേക്ക് പോയി. പിന്നാലെ ചാരുവിനേം കൂട്ടി ഞങ്ങളും ഇറങ്ങി. പട്ടുസാരിയൊക്കെ ഉടുത്തു അവള് പൊളിച്ചു. ഞങ്ങൾ സജീവേട്ടന്റെ കൂടെ കാറിൽ പോയി. അവിടെ എത്തി പിന്നിലൂടെ അവിടുത്തെ റൂമിൽ ഇരുന്നു. മുഹൂർത്തം ആയി എന്ന് പറഞ്ഞു ചിത്ര ചേച്ചി വന്നു ഞങ്ങളെ വിളിച്ചു. മണ്ഡപത്തിലേക്ക് നടക്കുമ്പോൾ ആണ് എന്നെ തന്നെ നോക്കി നിക്കുന്ന ഷാദിനെ കണ്ടത്. ഇപ്പോള അവനെ ഞാൻ ശ്രദ്ധിച്ചേ, ഈ ഡ്രെസ്സിൽ ആള് ലുക്കായിട്ടുണ്ട്. ഞാൻ ചാരുവിന്റെ പിന്നിൽ ആണ് നിന്നതു. ഷാദ് എന്റടുത്തു ഉണ്ട്. ഞാൻ മെല്ലെ അവനോടു എന്താ നോക്കുന്നെ ചോദിച്ചപ്പോ എന്നെ കാണാൻ മൊഞ്ചത്തി ആയിട്ടുണ്ട് എന്ന് പറഞ്ഞു. തിരിച്ചു ഞാനും ലുക് ആയിട്ടുണ്ട് എന്ന് പറഞ്ഞു. പെട്ടെന്ന് നോക്കുമ്പോളാ അത് കണ്ടേ, സച്ചുവേട്ടനും ചാരുവും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്നു. ഞങ്ങൾ കുറെ ചൊറയാക്കാൻ നോക്കി എങ്കിലും നോ മൈൻഡ്. അവസാനം രണ്ടിന്റേം തലക്കോരോ കൊട്ട് കൊടുത്തപ്പോ രണ്ടാളും ഡീസന്റ് ആയി.

നല്ല രീതിയിൽ അവരുടെ താലികെട്ടൊക്കെ കഴിഞ്ഞു. അങ്ങനെ ഒഫീഷ്യലി ചാരു സച്ചുവേട്ടന്റെ സ്വന്തം ആയി. പിന്നെ എല്ലാരും സെൽഫി എടുക്കലൊക്കെ ആയി ആഘോഷിച്ചു. അപ്പോളാണ് ഷാജുക്ക മോളേം കൊണ്ട് വന്നത്. സാറാ പോയി അവളെ വാങ്ങി ഞങ്ങളെ അടുത്തേക്ക് വന്നു. ''മോളൂട്ടീ...'' ഞാൻ അവളെ വാങ്ങി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവളെന്റെ കയ്യിലേക്ക് വന്നു. ഞാനവൾക്കു ഒരുപാട് ഉമ്മ കൊടുത്തു. എന്റെ സാറയുടെ മോൾ.. എന്റെ കയ്യിൽ കിടന്നു വളരേണ്ട എന്റെ പൊന്നു മോൾ. പക്ഷെ ഞാൻ കാണുന്നത് ഇപ്പൊ ആണെന്ന് മാത്രം. ''മതിയാക്കെടീ അതിനു ശ്വാസം മുട്ടും.'' ഷാദ് ആണ്. ഞാൻ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു. ''മോളെ പേരെന്താ..'' സച്ചുവേട്ടൻ ചോദിച്ചു. ''അംന ഷാജഹാൻ...'' അവള് പറഞ്ഞതും എല്ലാരും എന്നെ നോക്കി. ഞാൻ സാറയെയും. അവളെന്നെ ഒരിക്കലും മറക്കുകയോ വെറുക്കുകയോ ചെയ്തിട്ടില്ല എന്ന് മനസ്സിലായി. ''അമ്മൂട്ടീ ഇങ്ങു വാ, നമ്മക്ക് ഫുഡ് കഴിക്കാലോ..'' എന്നും പറഞ്ഞു സാറാ അവളെ എടുത്തു പോയി. പിന്നാലെ ഞങ്ങളും. അവളെ ഊട്ടിയും അവളോടൊപ്പം കളിച്ചും കുറെ സമയം ഞാൻ ചിലവഴിച്ചു.

ഞങ്ങളെല്ലാരും ഒരുമിച്ചു അമ്മൂട്ടിയെയും അപ്പൂസിന്റേം കൂടെ കളിച്ചു. രണ്ടാളേം കണ്ടപ്പോ എന്റെ മോൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി. ഭാഗ്യമില്ല, അല്ല ആ ഭാഗ്യം എന്റെ കൂടപ്പിറപ്പു തന്നെ തട്ടിത്തെറിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു ഞാൻ ആ കുട്ടികളെ കൂടെ കളിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@ ആമി കുട്ടികളെ കൂടെ കളിക്കുന്ന കണ്ടപ്പോ അവളും ഒരു കുട്ടിയാണെന്ന് തോന്നിപ്പോയി. പാവം ഇടയ്ക്കു കണ്ണ് തുടക്കുന്ന കണ്ടപ്പോ അവൾ അവളുടെ മോനെ മിസ് ചെയ്യുന്നതാവുമെന്നു തോന്നി. ഞാൻ അവളെ അവരെ കൂടെ വിട്ടു സച്ചൂന്റെ അടുത്തേക്ക് പോയി. അവനാണെകി നിന്ന് ഞെരി പിരി കൊള്ളുവാന്.. ''എന്താടാ നിന്റെ ഡ്രെസ്സിന്റെ ഉള്ളിൽ ഉറുമ്പു കേറിയോ..'' ഞാൻ ചോദിച്ചു. ''പോടാ.. മനുഷ്യനിവിടെ വിശന്നു ചാവാൻ ആയി. രാവിലെ മുതൽ ഒന്നും കഴിക്കാൻ പറ്റിട്ടില്ല. അവളെ നോക്കിയേ, അവൾക്കാണെങ്കിൽ ഫോട്ടോ എടുത്തു മടുക്കുന്നില്ല.

അവളുടെ അമ്മൂമ്മന്റെ അമ്മൂമ്മ മുതൽ അയലത്തെ ചേട്ടന്റെ കുഞ്ഞമ്മേടെ മോളെ കൂടെ വരെ എടുത്തു. എനിക്ക് മടുത്തു..'' സച്ചു ദയനീയമായി പറഞ്ഞു. ഞാൻ ചിരിക്കാൻ തുടങ്ങി. ''ടാ, അവക്കറിയില്ലല്ലോ നീ ഒന്നും കഴിച്ചില്ലാന്നു. വാ ഞാൻ പോയി അവളെ വിളിക്കാം..'' എന്നും പറഞ്ഞു ചാരുവിനെ വിളിക്കാൻ പോയി. ''ചാരു വാ, ഭക്ഷണം കഴിക്കാം..'' ഞാൻ പറഞ്ഞു. ''ആഹ് ഷാദ് ഞാൻ നിന്റെ കൂടെ ഫോട്ടോ എടുത്തില്ലല്ലോ..'' എന്നും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു വലിച്ചു കൂടെ നിർത്തി ഫോട്ടോസ് എടുക്കാൻ തുടങ്ങി. ഞാൻ സച്ചൂനെ ദയനീയമായി നോക്കി. അപ്പോഴാണ് വിജി സാറും കമല മാഡവും വന്നത്. ''ആഹ് എന്താ ഫോട്ടോയെടുപ്പൊന്നും കഴിഞ്ഞില്ലേ..'' അവര് ചോദിച്ചു. രണ്ടാളേം കുറച്ചു മുന്നേ ഞാൻ ഫുഡ് കഴിക്കാൻ കൊണ്ട് പോയി ഇരുത്തി വന്നേ ഉള്ളൂ. അപ്പോളേക്കും സച്ചുവും ബാക്കിയുള്ളവരും ഞങ്ങളടുത്തേക്കു വന്നിരുന്നു. ഞങ്ങളൊക്കെ സാറിനോടും മാഡത്തോടും കുറെ സമയം സംസാരിച്ചു. ''ആഹ് ഞങ്ങളെ വക നിങ്ങക്ക് ഒരു സമ്മാനം ഉണ്ട്.

നിങ്ങക്ക് മാത്രം അല്ല, ഷാദിനും പ്രവീണിനും ഉണ്ട്.'' എന്നും പറഞ്ഞു വിജി സാർ ഒരു എൻവലപ് ഞങ്ങൾക്ക് തന്നു. സച്ചു അത് തുറന്നു നോക്കിയതും 100 വാട്ട്സിന്റെ ചിരി വന്നു. അവൻ അവരോടു കുറെ താങ്ക്യൂ ഒക്കെ പറയുന്നുണ്ട്. ഞാൻ വേഗം കവർ തുറന്നു നോക്കി. അതൊരു റിസോർട്ടിൽ താമസിക്കാൻ ഉള്ള പാസ് ആയിരുന്നു, അതും ഹണിമൂൺ സ്പെഷ്യൽ. ഞാൻ ആമിയെ നോക്കിയപ്പോ അവളും എന്റതെ അവസ്ഥേൽ ആയിരുന്നു. ബാക്കി എല്ലാരും ഭയങ്കര സന്തോഷത്തിലാ. ''പിന്നെ സാറാ തനിക്കും പോവാട്ടോ, ഞങ്ങളെ വക ഒരു ഗിഫ്റ് നിങ്ങക്കും'' എന്ന് പറഞ്ഞു അവർക്കും കൊടുത്തു. ഇവർക്ക് വല്ല ലോട്ടറിയും അടിച്ചോ ആവോ. ''എന്നാൽ ഞങ്ങൾ ഇറങ്ങാട്ടോ. ഒരിക്കൽ കൂടി വിഷ് യൂ എ വെരി ഹാപ്പി മാരീഡ് ലൈഫ്..'' എന്നും പറഞ്ഞു വിജി സാർ പോയി. ഞങ്ങൾ എല്ലാരും ഭക്ഷണം കഴിക്കാൻ പോയി. നല്ല അടിപൊളി സദ്യയും കഴിച്ചു പായസവും കുടിച്ചു. പിന്നെ ഞങ്ങടെ വക സച്ചൂന് ചെറിയൊരു സർപ്രൈസ്. രണ്ടു ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ്. പെണ്പടകൾക്കും ഒരു സർപ്രൈസ് ആയിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@

ഫുഡ് ഒക്കെ കഴിച്ചു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ഷാദും ഷാജുക്കയും സിനൂക്കയും ആശിക്കയും പ്രവീണേട്ടനും സജീവേട്ടനും യാസിയും ശരണും ഒക്കെ സ്റ്റേജിലേക്ക് കേറിയത്. പിന്നൊരു അടിപൊളി ഡാൻസ് ആരുന്നു. എല്ലാരും അത്ഭുതപ്പെട്ടുപ്പോയി. അത്രയും തകർത്തു അവരൊക്കെ. അവസാനം സച്ചുവേട്ടനെയും ചാരുവിനെയും സ്റ്റേജിലേക്ക് കൊണ്ട് പോയി. അവരും കുറച്ചു സ്റ്റെപ് ഒക്കെ വച്ചു. ഞങ്ങള് താഴെ ഇരുന്നു കൈ മുട്ടി പ്രോത്സാഹിപ്പിച്ചു. പെട്ടെന്ന് അവർ താഴെ വന്നു ഞങ്ങളെ ഒക്കെ വിളിച്ചു. എന്നെ എല്ലാരും കുറെ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല. ഞാൻ അമ്മൂട്ടിയെയും അപ്പൂസിനെയും പിടിച്ചു താഴെ ഇരുന്നു വിഡിയോ ഒക്കെ എടുത്തു. രാത്രി ആയപ്പോ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കുടുംബക്കാരൊക്കെ ഹാളിൽ നിന്നും തന്നെ പോയി. വില്ലയിലേക്കു സച്ചുവേട്ടന്റേം ചാരുവിന്റേം പേരെന്റ്സും സഹോദരങ്ങളും ഞങ്ങൾ ഫ്രണ്ട്സും മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെത്തി അവരുടെ മണിയറയൊക്കെ ഞങ്ങൾ സെറ്റ് ആക്കി.

കുറെ ബലൂണും റോസും മെഴുകിതിരികളും ഒക്കെ വച്ചാണ് ഡെക്കറേറ്റ് ചെയ്തേ. രണ്ടാളേം രണ്ടു റൂമിൽ ആക്കി കാവലിന് ആൾക്കാരേം ആക്കീട്ടാണ് വന്നത്. അങ്ങനെ രാത്രി ഒരു പത്തു മണി ആയപ്പോ ഞങ്ങൾ അവരെ മണിയറയിലേക്ക് കൊണ്ട് പോയി. രണ്ടാളേം ഒരുമിച്ചു അകത്തേക്ക് കേറ്റി. ''ഓൾ ദി ബെസ്റ്..'' എല്ലാരും കൂടി പറഞ്ഞു. ''താങ്ക്യൂ.. ഏഴെട്ടു കൊല്ലം ആയി കാത്തിരിക്കാൻ തുടങ്ങീട്ട്, ഈ രാത്രി കുളമാക്കാൻ നിങ്ങളൊന്നും ചെയ്യരുത്..'' സച്ചുവേട്ടൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. ''ഏയ് ഞങ്ങളങ്ങനെ ഒക്കെ ചെയ്യോ..'' ഷാദ് ആണ്. ''എല്ലാരും ഇല്ല, പക്ഷെ നിന്നെയും നിന്റെ ഈ കുരുത്തം കെട്ട ഭാര്യയേയും എനിക്ക് തീരെ വിശ്വാസം ഇല്ല.'' സച്ചുവേട്ടൻ ''കുരുത്തം കെട്ടതോ, ആര് ആമിയോ??? വെറുതെ പറയല്ലേ സച്ചൂ.'' പറഞ്ഞത് മറ്റാരുമല്ല ഞമ്മളെ സ്വന്തം യാസി. ''ഏയ് ഇവളുടെ കയ്യിലിരുപ്പ് എന്താണെന്ന് എനിക്കല്ലേ അറിയൂ...'' ചാരുവാണ്. ഷോ ഞാൻ എത്ര പാവമാ എന്നിട്ടും പറയണ കേട്ടില്ലേ.. ''അങ്ങനെ ഒന്നും ഇല്ലാന്നേ നിങ്ങള് പോയി ഉറങ്ങാൻ നോക്ക്, സമയം ലേറ്റ് ആയി.'' ഞാൻ കുറച്ചു ഗൗരവം ഒക്കെ മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു. അപ്പൊ തന്നെ രണ്ടാളും അകത്തു കേറി ഡോർ അടച്ചു. ഞങ്ങൾ പുറത്തു നിന്ന് ഡോർ ലോക് ചെയ്തു.

ഒന്ന് മുതൽ പത്തു വരെ എണ്ണാൻ തുടങ്ങി. യാസിയും ശരണും സജീവേട്ടനും ശ്യാമേട്ടനും ചിത്ര ചേച്ചിയുമൊക്കെ എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞങ്ങൾ പത്തു വരെ എണ്ണിയതും ഉള്ളിൽ നിന്നും ബലൂണ് പൊട്ടുന്ന സൗണ്ട് കേക്കാൻ തുടങ്ങി. കൂടെ സച്ചുവേട്ടന്റെയും ചാരുവിന്റെയും അലർച്ചയും. ഞങ്ങൾ പുറത്തിരുന്നു ചിരിച്ചു ചത്തു. ഡോർ അവർ മുട്ടിപൊളിക്കുന്നുണ്ട്. അഞ്ചു മിനിട്ടു കഴിഞ്ഞതും ഞങ്ങൾ മെല്ലെ ഡോർ തുറന്നു കൊടുത്തു. സജീവേട്ടൻ മെല്ലെ പോയി അത് തള്ളി തുറന്നതും കളറിൽ കുളിച്ച രണ്ടു രൂപം പുറത്തു വന്നു. ഞങ്ങളത് കണ്ടതും വീണ്ടും ചിരിക്കാൻ തുടങ്ങി. സച്ചുവേട്ടനും ചാരുവും ദേഷ്യത്തോടെ ഞങ്ങളെ നോക്കി. പിന്നെ രണ്ടാളും ഞങ്ങളെ പിന്നാലെ ഓട്ടം ആയിരുന്നു. അവസാനം സച്ചുവേട്ടന്റേം ചാരുന്റേം അച്ഛനുമമ്മയും വന്നു അവർക്കു രണ്ടടി കൊടുത്തു രണ്ടിനേം വേറെ റൂമിലേക്ക് വിട്ടു. ഞങ്ങളും മെല്ലെ അവിടുന്ന് സ്കൂട്ട് ആയി. എല്ലാരോടും പറഞ്ഞിട്ട് ഞങ്ങൾ തിരിച്ചു പോവാൻ ഇറങ്ങി. റൂമിലെത്തുന്നത് വരെ ഞങ്ങൾ ഇതും പറഞ്ഞു ചിരിച്ചു.

റൂം തുറന്നു അകത്തു കേറിയാതെ ഓർമ്മ ഉള്ളൂ പിന്നെ എണീറ്റത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ഇന്ന് നായിട്ട് ഡ്യൂട്ടി ആയോണ്ട് അലാറം വച്ചില്ല. റൂമിന്ന് ഇറങ്ങി നോക്കിയപ്പോ സോഫയിൽ ഷാദ് ഇല്ല. ഇവനിതെവിടെപ്പോയി എന്ന് ആലോചിച്ചപ്പോളാ അവൻ ഡ്യൂട്ടിക്ക് പോയതാരിക്കും എന്ന് ഓർമ്മ വന്നേ. ഞാൻ സ്നേഹയെ വിളിച്ചപ്പോ സാറയാണ് എന്റെ കൂടെ എന്ന് പറഞ്ഞു. കുറച്ചു അലക്കാനും വൃത്തിയാക്കാനും ഒക്കെ ഉള്ളത് തീർത്തു ഞാൻ റെഡി ആയി ഇറങ്ങി. താഴെ എത്തിയപ്പോ പ്രിയയും പ്രവീണേട്ടനും വരുന്നത് കണ്ടു. ''ആഹ് നീ ഡ്യൂട്ടിക്ക് ഇറങ്ങിയോ.. ഷാദ് എവിടെ???'' പ്രവീണേട്ടൻ ചോദിച്ചു. ''അറിയില്ല, ഡ്യൂട്ടി കഴിഞ്ഞു എത്തിയില്ല.'' ഞാൻ പറഞ്ഞു.

''ആഹ് ഇന്ന് കുറച്ചു തിരക്കായൊണ്ട് ഉച്ചയ്ക്ക് ലേറ്റ് ആയി. അതോണ്ട് ആരേം കാണാൻ പറ്റിയില്ല. ഇവള് എന്നേം കത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ. പിന്നെ സച്ചുവും ചാരുവും മൂന്നു ദിവസം കൂടി ലീവ് ആണല്ലോ.'' പ്രവീണേട്ടൻ പറഞ്ഞു. ''ആഹ് ഞാൻ പോട്ടെ, ബസ് ഇപ്പൊ വരും..'' എന്നും പറഞ്ഞു ഞാൻ നടന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ ചാരുവിനെയും ഷാദിനെയും മിസ് ചെയ്തു. ഇപ്പൊ അവരെ കൂടെ ആണല്ലോ നായിട്ട് ഡ്യൂട്ടി എടുക്കാറ്. പിന്നെ സാറാ ആയോണ്ട് കുഴപ്പമില്ല. ലാബിലേക്ക് കേറി കോട്ടൊക്കെ എടുത്തു ഇട്ടതും ആരോ ലാബിലേക്ക് കേറുന്നത് കണ്ടു. തിരിഞ്ഞു നോക്കിയതും ആ മുഖം കണ്ടെന്റെ കിളി പോയി. ￰യാസി, പടച്ചോനെ ഇവനാണോ ഇന്ന് എന്റെ കൂടെ ഡ്യൂട്ടി.. സാറാ നീ മുങ്ങി അല്ലെ അലവലാതീ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story