ഡിവോയ്‌സി: ഭാഗം 36

divoysi

രചന: റിഷാന നഫ്‌സൽ

''എന്താ ആമീ ലേറ്റ് ആയെ??'' യാസി ''അത് ബസ് വരാൻ ലേറ്റ് ആയി..'' ഞാൻ പറഞ്ഞു. ഉള്ളിലെ പേടി ഞാൻ പുറത്തു കാണിച്ചില്ല. അല്ലെങ്കിൽ ഞാൻ എന്തിനാ പേടിക്കുന്നെ. ''ആഹ് ഇന്നലെ അടിച്ചു പൊളിച്ചതിന്റെ ക്ഷീണം മാറീട്ടുണ്ടാവില്ല അല്ലെ.. മുഖത്ത് കാണാൻ ഉണ്ട് ക്ഷീണം..'' യാസി. ''ഏയ് അങ്ങനൊന്നുമില്ല. ഞാൻ നന്നായി ഉറങ്ങിയതാ.'' ഞാൻ പറഞ്ഞു. വേഗം ജോലിയിലേക്ക് ശ്രദ്ധ കൊടുത്തു. ''അല്ല ആഷിക് ആരാ തന്റെ..'' യാസി ''ഷാദിന്റെ ഫ്രണ്ട് ആണ്, പിന്നെ എന്റെ ഇക്കാക്കാനേ പോലെ ആണ്..'' ഇന്നലെ ആശിക്ക എന്റെ കൈ പിടിച്ചു കൊണ്ട് പോയത് ഇഷ്ടമായില്ലാന്നു അന്നേരത്തെ ഇവന്റെ മുഖഭാവത്തിൽ നിന്നും തന്നെ എനിക്ക് മനസ്സിലായതാ. ''ആഹ്, എന്നാലും ഇപ്പോളത്തെ കാലത്തു എല്ലാരേം വിശ്വസിക്കാൻ കൊള്ളില്ല. എല്ലാരുമായി ഒരു അകലം പാലിക്കുന്നത് നല്ലതാ.'' യാസി പറഞ്ഞു. അതോണ്ടാണല്ലോ നിന്റടുത്തു അകലം പാലിക്കുന്നത്.. ഞാൻ മനസ്സിൽ പറഞ്ഞു. അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെയും അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കൂടുതലും ഞാനും ആശിക്കയും സിനൂക്കയും ഷാജുക്കയും സച്ചുവേട്ടനും പ്രവീണേട്ടനും തമ്മിലുള്ള റിലേഷനെ കുറിച്ചാണ്.

സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു. ഇവനാരാ ഇതൊക്കെ പറയാൻ. ഞാൻ അവരുമായി അതികം അടുക്കാൻ പാടില്ല പോലും. ആരെയും വിശ്വസിക്കാൻ പറ്റില്ലാന്ന്. സ്വന്തം ആങ്ങളമാർ തന്നെ പെങ്ങന്മാരെ പീഡിപ്പിക്കുന്ന കാലം ആണ്, അതോണ്ട് പേരിനുള്ള ബന്ധത്തിലൊന്നും അതികം വിശ്വസിക്കേണ്ട എന്ന്. പിന്നെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഈ പറയുന്ന ആളുടെ നോട്ടം കാരണം എനിക്കിവനെ കാണുന്നത് തന്നെ പേടിയാ. ''യാസി പ്ളീസ്, വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കരുത്. അവരൊക്കെ എന്നെ സ്വന്തം പെങ്ങളെ പോലെ ആണ് കാണുന്നത്. അതെനിക്ക് ഫീൽ ചെയ്തിട്ടും ഉണ്ട്. പിന്നെ ഞാൻ ആരോട് എങ്ങനെ പെരുമാറണം എന്ന് ഞാൻ തീരുമാനിക്കും. താൻ അതിൽ ഇടപെടേണ്ട. എന്റെ ജീവിതത്തിൽ ഇപ്പൊ ഏറ്റവും ഇമ്പോർട്ടന്റ് ഇവരൊക്കെ ആണ്. പിന്നെ താൻ എന്റെ ഫ്രണ്ട് ഒക്കെ ആണ്, എന്ന് വച്ച് എന്നെ ഭരിക്കാനുള്ള ലൈസെൻസ് ഞാൻ ആർക്കും കൊടുത്തിട്ടില്ല. ഒരാളെ കണ്ടാൽ അയാളുടെ പെരുമാറ്റം കണ്ടാൽ അയാളുടെ ഉള്ളിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കുണ്ട്.'' ഞാൻ അത് അവനൊന്നു കൊള്ളിച്ചു പറഞ്ഞതാണ്. ഇപ്പൊ അവന്റെ മുഖം കാണണം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.

എന്നെ കൊല്ലാനുള്ള ദേഷ്യം എനിക്കാ മുഖത്ത് കാണാം. സത്യം പറഞ്ഞാൽ എന്റെ ഉള്ളൊന്നു കാളി. ''ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. അനുഭവിക്കുമ്പോ പഠിച്ചോളും..'' അത് സത്യം പറഞ്ഞാൽ ഒരു അലർച്ച ആയിരുന്നു. ''അനുഭവിക്കേണ്ടത് അവളല്ലേ, അപ്പൊ അവള് തീരുമാനിച്ചോളും എന്ത് ചെയ്യണം എന്ന്.'' ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി, ഷാദ്. ഇവനെങ്ങനെ ഇവിടെ. @@@@@@@@@@@@@@@@@@@@@@@@@@@@ ഇന്ന് ഞാൻ നായിട്ട് ഡ്യൂട്ടി ആണ് എടുക്കേണ്ടത് എന്ന് രാവിലെ സാറാ വിളിച്ചു പറഞ്ഞിരുന്നു. അവളുടെ മോൾക്ക് പിന്നേം പനിച്ചു. ഇന്നലെ ഫുൾ കളിച്ചു ടയേർഡ് ആയതല്ലേ. ഞാൻ പിന്നേം നല്ലോണം കിടന്നുറങ്ങി. എണീറ്റപ്പോ ഒരു മണി. അപ്പോളും ആമി എണീറ്റിട്ടില്ല. അവളെ വിളിക്കാൻ പോയെങ്കിലും ആള് നല്ല ഉറക്കം ആയിരുന്നു. ഞാൻ ഫ്രഷ് ആയി റൂമിന്നിറങ്ങി. ഡെബിറ്റ് കാർഡിൽ എന്തോ പ്രോബ്ലം, അത് ശരിയാക്കാൻ ഇന്ന് ഹോസ്പിറ്റലിൽ പോവുന്നെന് മുന്നേ ബാങ്കിൽ പോവാൻ ഇരിക്കുവായിരുന്നു. ഹോസ്പിറ്റലിൽ പോവുന്ന വഴിക്കു ബാങ്കിൽ കേറാൻ ആയിരുന്നു പ്ലാൻ. ഏതായാലും ആമി ഉറക്കമല്ലേ അതോണ്ട് ഞാൻ മെല്ലെ റൂമും പൂട്ടി പുറത്തിറങ്ങി. പക്ഷെ അവിടെ എത്തി നോക്കുമ്പോ എന്തോ മേജർ പ്രോബ്ലം ആണ്.

മൂന്നാലു മണിക്കൂർ അവിടെ പോയിക്കിട്ടി. റൂമിൽ തിരിച്ചെത്തിയപ്പോ ആമി ഇല്ല. ഞാൻ നായിട്ട് ആണെന്ന് പറയാത്തത് കൊണ്ട് അവൾ പോയതാവുമെന്നു കരുതി. അകത്തു കേറി ഫ്രഷ് ആയി. അടുക്കളയിൽ പോയപ്പോ അവൾ എനിക്ക് വേണ്ടുന്ന ഫുഡ് ഒക്കെ ആക്കീട്ടാണ് പോയതെന്ന് മനസ്സിലായി. അതും കഴിച്ചു ഞാൻ ഇറങ്ങി. ഹോസ്പിറ്റലിൽ എത്തി ലാബിലേക്ക് കേറാൻ പോവുമ്പോളാണ് യാസി ആമിയോട് സംസാരിക്കുന്നതു കേട്ടത്. അവന്റെ വർത്താനം കേട്ട് എനിക്ക് ചൊരിഞ്ഞു വന്നതാ. പക്ഷെ ഞാൻ അകത്തേക്ക് പോയില്ല. എപ്പോളും രക്ഷിക്കാൻ ആളുണ്ടായാൽ ഒറ്റയ്ക്ക് ഒന്നും നേരിടാൻ പഠിക്കില്ല. അവന്റെ സംസാരം അതിരു കടക്കുന്നു എന്ന് തോന്നിയപ്പോ ഞാൻ അകത്തേക്ക് കേറാൻ പോയി. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ആമി അവനോടു മറുപടി പറഞ്ഞത്. അപ്പൊ അവളുടെ പഴയ വെറും വാശിയുമൊക്കെ ഇപ്പോഴും ഉള്ളിൽ ഉണ്ട്. പിന്നെ അവന്റെ അലർച്ച കേട്ടപ്പോ അവളെന്തായാലും പിടിക്കുമെന്നു തോന്നി. അതാ ഞാൻ വേഗം അകത്തേക്ക് പോയത്. വിചാരിച്ച പോലെ തന്നെ ആമി പേടിച്ചു നിപ്പുണ്ട്. ''എന്താ യാസി പോവാൻ ആയില്ലേ..'' ഉള്ളിൽ വന്ന ദേഷ്യം ഒക്കെ മറച്ചു ഞാൻ ചോദിച്ചു. അപ്പൊ ആമിയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു. അപ്പൊ അവള് യാസിയാണ് കൂടെ എന്ന് കരുതി ഇരുന്നതാവും.

''ആഹ് ഞാൻ പോവാണ്. കുറച്ചു പെന്റിങ് വർക്സ് തീർക്കാൻ നിന്നതാ.'' എന്നും പറഞ്ഞു യാസി അവന്റെ സാധനങ്ങൾ എടുത്തു ആമിയെ ഒന്ന് നോക്കീട്ടു പുറത്തേക്കു പോയി. ഞാൻ അവൻ പോവുന്നതും നോക്കി നിന്നപ്പോൾ ആണ് പിറകിൽ നിന്നും തൊണ്ട ശരിയാക്കുന്ന പോലുള്ള ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ ആമി കയ്യും കെട്ടി എന്നെ നോക്കി നിക്കുന്നു. ഒരുമിച്ചു കൂട്ടാത്തതിന്റെ ദേഷ്യം ആണ്. ഞാൻ 32 പല്ലും കാണിച്ചു ഒന്ന് ചിരിച്ചു കൊടുത്തു. എവിടെ കള്ളിയങ്കാട്ടു നീലി പോലും തോറ്റു പോവും. അമ്മാതിരി നോട്ടം ആണ്. ''എന്താടീ ഉണ്ടക്കണ്ണീ നോക്കിപ്പേടിപ്പിക്കുന്നെ???'' ഞാൻ കലിപ്പിൽ ചോദിച്ചു. ''ഈ മോന്ത കണ്ടപ്പോ നോക്കി ഇരിക്കാൻ തോന്നി അതാ..'' ആമി പറഞ്ഞു. ''ആണോ ഞാൻ അത്ര ഗ്ലാമർ ആണോ..'' ഞാൻ താടി തടവി കൊണ്ട് ചോദിച്ചു. ''അതേല്ലോ, ഈ മോന്ത കണ്ടാൽ ചെരുപ്പ് മാറ്റാൻ തോന്നില്ല..'' അവള് പരുന്തും ഞാൻ കലിപ്പ് കൂട്ടി. ''ടീ വവ്വാലെ നീ എന്റെ കയ്യീന്ന് വാങ്ങിക്കാൻ നിക്കണ്ട. എന്നോട് മാത്രം അല്ലെ ഈ നാക്കുള്ളു.'' ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.

''ആഹ് അവനു വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്.'' അവള് പറഞ്ഞു. ''അത് ഞാൻ കേട്ടു. എന്ത് പറ്റി ഇന്ന് ഭൂമീദേവിക്ക് കലി ഇളകാൻ.'' ഞാൻ ചോദിച്ചു. കുറെ പേര് ഇവളും സച്ചുവുമായിട്ടുള്ള റിലേഷൻ മോശം രീതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്ത്യേകിച്ചു വരുൺ. പക്ഷെ ഒരിക്കലും ഇങ്ങനൊരു റെസ്‌പോൺസ് ഇവളെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ''അത് ഒന്നൂല്ല, പെട്ടെന്ന് അവൻ അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു, അതാ.'' ആമി പറഞ്ഞു. ''ഓ പിന്നെ, എന്നിട്ടു ആ വരുൺ ഒക്കെ പറഞ്ഞപ്പോ നീ ഒന്നും പറഞ്ഞില്ലല്ലോ. കാര്യം അതല്ല..'' ഞാൻ പറഞ്ഞു. ''ഷാദ് എവിടെ പോയതാ, ഞാൻ എണീറ്റപ്പോ കണ്ടില്ലല്ലോ??'' ആമി വിദഗ്ദ്ധമായി വിഷയം മാറ്റാൻ നോക്കി. ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലാരുന്നു. ''അഹ് അതെനിക്ക് ബാങ്കിൽ പോവാൻ ഉണ്ടായിരുന്നു. നീ വിഷയം മാറ്റണ്ട, കാര്യം പറ ആമി.'' ഞാൻ പറഞ്ഞു. ''അത് പിന്നെ...'' അവൾ നിന്ന് പരുങ്ങാൻ തുടങ്ങി. ''ഓ ഒന്ന് പറയുന്നുണ്ടോ???'' ഞാൻ പറഞ്ഞു. ''അത് മുമ്ബ് ശസിനും ഇങ്ങനെ ആയിരുന്നു. ഞാൻ ആരോടും സംസാരിക്കാൻ പാടില്ല.

എന്റെ ഉപ്പയോടും ഇക്കമാരോടും പോലും സംസാരിക്കാൻ പാടില്ല. എന്തിനു കാണാൻ പോലും പാടില്ല എന്നായിരുന്നു ഓർഡർ. ഒരിക്കെ ശാമിക്ക വീട്ടീന്ന് എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നിരുന്നു. ഞാൻ ഇക്കയുടെ സംസാരിച്ചിരുന്ന സമയത്താണ് ശസിന് പുറത്തു നിന്ന് വന്നത്. ഐക്കൺ കണ്ടപ്പോ നല്ല സംസാരം ഒക്കെ ആയിരുന്നു. പക്ഷെ ഇക്ക പോയതും എന്റെ മുഖത്തടിച്ചു. കണ്ട ആണുങ്ങളോട് കൊഞ്ചാനും കുഴയാനും നിക്കരുതെന്നു പറഞ്ഞിട്ടായിരുന്നു അടി. എന്റെ ഇക്കാക്ക അല്ലെ എന്ന് ചോദിച്ചപ്പോ പറഞ്ഞ മറുപടി ഒയ്ക്കലും ഒരു പെങ്ങളും കേൾക്കാൻ പാടില്ലാത്തതായിരുന്നു. അത്രയും വൃത്തികെട്ട രീതിയിൽ ആയിരുന്നു അവന്റെ സംസാരം. അത് കേട്ടു ദേഷ്യം വന്നു അവനോടു മറുപടി പറഞ്ഞതിന് എന്റെ രണ്ടു കണ്ണിലും മുളക് പൊടി ഇട്ടു. ഇനി ആരെയെങ്കിലും നോക്കുകയോ ആരോടേലും സംസാരിക്കുകയോ ചെയ്‌താൽ ഇതിലും വലിയ ശിക്ഷ ആയിരിക്കും എന്ന് പറഞ്ഞു പോയി. അതോടെ ഞാൻ എന്റെ വീട്ടിലേക്കു പോവുന്നത് നിർത്തി. അത് പോലെ അവർ ഇങ്ങോട്ടു വരാൻ നിക്കുമ്പോ ഓരോന്ന് പറഞ്ഞു തടഞ്ഞു.

അതോടെ വീട്ടുകാർ എന്നെ വെറുക്കാൻ തുടങ്ങി. അതൊരു നല്ല കാര്യം ആയി കണ്ടു ഞാൻ അവരെ കൂടുതൽ വെറുപ്പിച്ചു.'' എന്ന് പറഞ്ഞു ആമി എന്നെ നോക്കി. സത്യം പറഞ്ഞാൽ അവളെ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് മടി തോന്നി. ഒരു ആണിന് ഇത്രയും അധപധിക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അവളോട് എന്ത് പറയണമെന്ന് എനിക്ക് മനസ്സിലായില്ല. അത് മനസ്സിലാക്കീട്ടാവും അവൾ വേഗം അവളുടെ ജോലി ആരംഭിച്ചു. കുറച്ചു കഴിഞ്ഞു ഞങ്ങക്ക് ബ്രേക്ക് എടുക്കാൻ സമയം ആയപ്പോ ഞാൻ ഫുഡ് എടുത്തു അവളെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. ആമി എങ്ങോട്ടേക്കാ എന്നൊക്കെ ചോദിച്ചു എന്റെ കൈ വിടീപ്പിക്കാൻ നോക്കുന്നുണ്ട്. ''പറ ഷാദ്, നമ്മളെങ്ങോട്ടാ പോവുന്നെ...'' ആമി ചോദിച്ചു. ''നിനക്കെന്നെ വിശ്വാസം ഇല്ലേ...'' ഞാൻ അവളെ കണ്ണിലേക്കു നോക്കി ചോദിച്ചു. പിന്നൊന്നും മിണ്ടാതെ അവളെന്റെ കൂടെ നടന്നു. ഞാൻ അവളേം കൊണ്ട് നേരെ ടെറസ്സിലേക്കു പോയി. അവിടെ എത്തിയപ്പോ അവളെന്റെ കൈ വിടീപ്പിച്ചു കൈവരിക്കും അടുത്ത് പോയി താഴേക്ക് നോക്കി. ''എന്നെ തള്ളി ഇട്ടു കൊല്ലാൻ ആണോ???'' ആമി ചോദിച്ചു. ''അതെ പക്ഷെ ഞാൻ ചോദിക്കുന്നതിനു മറുപടി തന്നില്ലെങ്കിൽ മാത്രം.'' ഞാൻ പറഞ്ഞു. ആമി എന്താണെന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

''നിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സാറാ പറഞ്ഞു എനിക്കറിയാം. പക്ഷെ അത് അപൂർണ്ണം ആണ്. ബാക്കി നീ എനിക്ക് പറഞ്ഞു താ.'' ഞാൻ പറഞ്ഞു. അത് കേട്ടതും അവൾ മുഖം തിരിച്ചു കളഞ്ഞു. ''നിന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു പറഞ്ഞാൽ അത്രയും ആശ്വാസം കിട്ടും..'' ഞാൻ പറഞ്ഞു. ''നിനക്കെന്നെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റിയെങ്കിൽ മാത്രം മതി.'' ആമി ഇപ്പൊ മോളിലോട്ടു നോക്കി നിക്കാണ്. നക്ഷത്രങ്ങൾ എണ്ണുവാനെന്നു തോന്നുന്നു. ''ടീ എണ്ണിക്കഴിഞ്ഞോ??? എവിടെ മറുപടി ഇല്ല.'' ഞാൻ അവിടെ ഉള്ള ഒരു സൈഡിൽ പോയി ഇരുന്നു. ആമിയെ നോക്കിയപ്പോ ഇപ്പോളും എന്തോ ആലോചനയിൽ ആണ്. ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. ''ഷാദിന് അറിയോ ഞാൻ ഈ നക്ഷത്രങ്ങളെ എത്ര വട്ടം എന്നീട്ടുണ്ടെന്നു??? എങ്ങനെ അറിയാൻ അല്ലെ...'' അവളുടെ സംസാരം കേട്ടപ്പോ വട്ടായോ എന്ന് എനിക്ക് സംശയം തോന്നി. ''വേറൊന്നും അല്ലാട്ടോ മിക്കവാറും ശസിന് എന്നെ ബാൽക്കണിയിൽ ആണ് കിടത്താറ്‌. അതും ഒരു പുതപ്പു പോലും ഇല്ലാതെ. രാത്രി ആ തണുപ്പും സഹിച്ചു മോളിലോട്ടു നോക്കി നിക്കുമ്പോൾ പിന്നെ വേറെന്തു ചെയ്യാനാ...''

എന്നും പറഞ്ഞു ആമി ചിരിച്ചു. എന്നിട്ടവൾ എന്റെ അടുത്ത് വന്നു ഇരുന്നു. ''ഷെസിന്റെ നമ്പർ മിസ് ആയതും അവൻ വീട്ടിൽ വന്നതുമെല്ലാം സാറാ പറഞ്ഞിട്ടുണ്ടാവും ആല്ലേ. അവനെ കണ്ടപ്പോ സത്യം പറഞ്ഞാൽ സ്വർഗം കിട്ടിയ അവസ്ഥ ആയിരുന്നു. കല്യാണം കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു. ഷസിന്റെ കൂടെ എന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ഒരു തുള്ളി കണ്ണീരു പോലും എന്റെ കണ്ണിൽ നിന്നും വന്നിരുന്നില്ല. ചിലപ്പോ ഞാനാഗ്രഹിച്ചതു കിട്ടിയതോണ്ടാവും. ആ വീട്ടിൽ എത്തിയപ്പോളും നല്ല സന്തോഷം തോന്നി. അവന് ഉപ്പ ഇല്ല. ഉമ്മയും ഒരു ഇക്കയും ഒരു അനിയത്തിയും. ഷെഹീൻ ഇക്കാന്റെ കല്യാണം കഴിഞ്ഞു മൂന്നു വര്ഷം ആയി. ഫെബിൻ എന്നായിരുന്നു ഇത്താന്റെ പേര്. നല്ല സ്വഭാവം. ഷെറിൻ എന്നായിരുന്നു അനിയത്തിന്റെ പേര്. രണ്ടാളും വീട്ടിൽ എത്തിയതും ഞാനുമായി കൂട്ടായി. ഉമ്മ അതികം ഒന്നും മിണ്ടിയില്ല. തിരക്കിൽ ഞാനും ശ്രദ്ധിച്ചില്ല. ഇക്കയും അതെ എന്നെ നോക്കിയത് പോലും ഇല്ല. അന്ന് രാത്രി എന്നെ റൂമിലാക്കിയത് ഫെബിത്ത ആയിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഞാൻ ആ റൂമിലേക്ക് കേറിചെന്നതു. പക്ഷെ എല്ലാം ഒരു സെക്കൻഡ് കൊണ്ട് തീർന്നു..'' ആമി പറഞ്ഞിട്ട് ഒരു നെടുവീർപ്പിട്ടു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@

പഴയതൊന്നും ഓർക്കാൻ ആഗ്രഹം ഇല്ലെങ്കിലും ലോകത്തു ഒരാളെങ്കിലും എല്ലാം അറിഞ്ഞിരിക്കേണം എന്ന് എനിക്ക് തോന്നി. ഞാൻ ഷാദിന്റെ മുഖത്തേക്ക് നോക്കി. അവൻ എന്നെ തന്നെ ഉറ്റു നോക്കി ഇരിക്കാണ്. ''റൂമിൽ കേറി ഞാൻ ഷെസിന്റെ അടുത്തേക്ക് പോയി. അവൻ ജനൽ പിടിച്ചു പുറത്തേക്കു നോക്കി നിക്കുവാണ്. ഞാൻ അവന്റെ പിറകിൽ പോയി നിന്നതും അവൻ തിരിഞ്ഞു നിന്ന്. ആ മുഖം കണ്ടപ്പോ സത്യം പറഞ്ഞാൽ ഞാൻ രണ്ടടി പിറകോട്ടു വച്ച് പോയി. ചുവന്ന കണ്ണുകളും ദേഷ്യത്തോടെ ഉള്ള മുഖവും. ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവൻ പറയാൻ തുടങ്ങി. ഞാൻ വിചാരിച്ച പോലെ അല്ല നീ, എനിക്ക് എന്നെ പോലെ നല്ല വെളുത്ത പെണ്ണിനെ ആണ് വേണ്ടിയിരുന്നത്. നിന്നെ എനിക്ക് ഇഷ്ടം ആയില്ല. നിന്നെ കാണുമ്പോ തന്നെ വെറുപ്പ് തോന്നുവാണ്.. എന്നും പറഞ്ഞു അവൻ ബെഡിൽ നിന്നും ഒരു പില്ലോ എടുത്തു നിലത്തിട്ടു. അവൻ ബെഡിൽ കിടന്നു. എന്ത് ചെയ്യണമെന്നോ പറയണമെന്നു അറിയാതെ ഞാൻ അവിടെ നിന്ന്. കണ്ണിൽ നിന്നും കണ്ണീർ ഒളിച്ചു കൊണ്ടേ ഇരുന്നു. അവസാനം ക്ഷീണം കാരണം നിലത്തു കിടന്നു ഉറങ്ങിപ്പോയി. രാവിലെ തലയിൽ വെള്ളം വീണപ്പോളാ എണീറ്റത്. നീ എന്താടീ ഇവിടെ സുഗിക്കാൻ വന്നതാണോ.. എണീറ്റ് പോടീ..

എന്നും പറഞ്ഞു അവൻ പുറത്തേക്കു പോയി. ഞാൻ ആ ഷോക്കിൽ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു എണീറ്റ് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി താഴേക്ക് പോയി. ഫെബിത്തയും ശെരിയും എന്തൊക്കെയെ പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല. ഉള്ളിൽ മുഴുവൻ സങ്കടം ആരുന്നു. പിന്നെ സ്വയം സമാധാനിച്ചു ശരിയാവും എന്ന്. പക്ഷെ ദിവസം കഴിയുന്നെന്നെ എനിക്ക് മനസ്സിലായി ഒന്നും ശരി ആവാൻ പോവുന്നില്ല എന്ന്. ശസിന് എന്നോട് സംസാരിക്കാരെ ഇല്ല. രാത്രി റൂമിൽ പോയാൽ മാത്രം ആണ് അവനെ കാണാറ്. പകല് മുഴുവൻ മറ്റൊരു റൂമിൽ കതകടച്ചു ഇരിക്കും. ദിവസവും നിലത്തു കിടത്തും. ഒരിക്കെ അതിനെ എതിർത്തതിനു ബാല്കണിയിലേക്കു തള്ളി ഡോർ അടച്ചു. ആ ഇരുട്ടത്ത് എങ്ങനെ ഞാൻ ഇരുന്നു എന്ന് പടച്ചോന് മാത്രമേ അറിയൂ. അതിലും കഷ്ട്ടം ആയിരുന്നു ഉമ്മാന്റെ സ്വഭാവും. എപ്പോളും ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തും, ഫെബിത്തയോടും അങ്ങനെ തന്നെ. ഇത്താക്ക് കുട്ടികൾ ആകാത്തത് കൊണ്ട് അതിനാണ് ഫുൾ കുത്തു വാക്കുകൾ. പക്ഷെ ഇത്ത ഒന്നും മിണ്ടാറില്ല, കാരണം ഷഹീനിക്ക നല്ല സ്നേഹത്തോടെ ആണ് ഇത്താനോട് പെരുമാറിയത്. പക്ഷെ ഇക്ക എന്നോടൊന്നും മിണ്ടാറില്ല. എന്തിനു മൈൻഡ് ആക്കാര് പോലും ഇല്ല. ഞാനിന്നൊരു വ്യക്തി ആ വീട്ടിൽ ഉണ്ടെന്നു പോലും തോന്നാത്ത രീതിയിൽ ആണ് ഇക്കാന്റെ സ്വഭാവം. അതിനിടയിൽ വീട്ടിൽ നിന്നും വിളിച്ചാൽ ഞാൻ ഹാപ്പി ആയി തന്നെ സംസാരിക്കും.

കാരണം ഞാൻ ആയി തിരഞ്ഞെടുത്തത് ആണല്ലോ. വീട്ടീന്ന് കുറെ വട്ടം അങോട്ടു പോവാൻ വിളിച്ചെങ്കിലും ശസിന് സമ്മതിച്ചില്ല. പിന്നെ വീട്ടീന്ന് അവനെ കുറെ വിളിച്ചു നിര്ബന്ധിച്ചപ്പോ കൂടീട്ടു പോയി. പക്ഷെ എന്നെ ആരോടും ഒന്നും സംസാരിക്കാൻ വിടാതെ എന്റെ കൂടെ തന്നെ നടന്നു. അവരോടൊക്കെ ഞാൻ ആണ് ഇങ്ങോട്ടു വരാത്തത് എന്നൊക്കെ പറഞ്ഞു. എന്നെ പറ്റി ഫുൾ നെഗറ്റീവ് ആയി സംസാരിച്ചത് കൊണ്ട് എല്ലാര്ക്കും എന്നോട് ദേഷ്യം ആയി. പഠിത്തത്തിന്റെ കാര്യം ചോദിച്ചപ്പോൾ ഇനി എനിക്ക് പഠിക്കാൻ താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു എന്നവൻ എല്ലാരോടും പറഞ്ഞു. അവിടുന്ന് ഇറങ്ങുമ്പോ ആരും എന്നോടൊന്നും ചിരിച്ചു പോലും ഇല്ല. ദിവസം കഴിഞ്ഞു പോവുന്നു എന്നല്ലാതെ ഷസിനു എന്നോടുള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കണ്ടില്ല. വീട്ടിലെ ജോലി മുഴുവൻ ഞാൻ ചെയ്യണം. ഫെബിത്തയോ ഷെറിയോ സഹായിക്കാൻ വന്നാൽ അവർക്കും കിട്ടും ശിക്ഷ. എന്ത് ചെയ്താലും അതിൽ കുറവ് കണ്ടെത്തും. കാണുന്നതിനൊക്കെ കുറ്റം പറയും. എന്തേലും തെറ്റ് പറ്റിയാൽ ശിക്ഷ കടുത്തതാവും. ഉമ്മയും മോനും കൂടി എന്നെ കൊല്ലാതെ കൊന്നു. അവസാനം ഞാൻ ഒരു ദിവസം പൊട്ടിത്തെറിച്ചു.

എനിക്ക് ഇങ്ങനെ നരകിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. ഇഷ്ടമായില്ലെങ്കിൽ കല്യാണത്തിന് മുന്നേ പറഞ്ഞാൽ പോരായിരുന്നോ എന്ന് ചോദിച്ചു. അതിനു ഉമ്മയും മോനും കൂടി എന്നെ തല്ലി റൂമിൽ ഇട്ടു പൂട്ടി. ഒരു ദിവസം പട്ടിണി കിടത്തി. എങ്ങനേലും വീട്ടിൽ അറിയിക്കാം എന്ന് വെച്ച് വിളിച്ചപ്പോ അവിടുത്തെ അവസ്ഥ അതിലും ഭീകരം ആയിരുന്നു. ഞാൻ ഇവിടെ തന്നിഷ്ടത്തിനു നടക്കാണെന്നും ആരെയും വില കല്പിക്കാറില്ല എന്നും ഉമ്മാനെ പോലും ദേഷ്യം വന്നപ്പോ തല്ലി എന്നൊക്കെ എന്റെ വീട്ടിൽ പറഞ്ഞിരിക്കുന്നു. അതോടെ അവരും എന്നെ വിളിക്കാതായി. എനിക്ക് മനസിലാവുന്നില്ലാരുന്നു ഇത്രയും എന്നെ സ്നേഹിച്ച ആൾ എങ്ങനെ ഇങ്ങനെ മാറിപ്പോയി എന്ന്. ഒരിക്കെ ശെറിക്കു ഫ്രണ്ടിന്റെ കല്യാണത്തിന് പോവാൻ മൈലാഞ്ചി ഇട്ടു കൊടുക്കാൻ പറഞ്ഞു. അവൾക്കിട്ടു കൊടുത്തു കഴിഞ്ഞപ്പോ എന്തോ എനിക്കിടാൻ ഒരു പൂതി തോന്നി. ഞാൻ ഇട്ടു കഴിഞ്ഞപ്പോ ഉമ്മ വന്നു എന്നെ ചീത്ത പറഞ്ഞു. പണി എടുക്കാതിരിക്കാൻ ആണ് ഇങ്ങനെ മൈലാഞ്ചി ഇട്ടതെന്നു പറഞ്ഞു. അങ്ങനെ അല്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല.

ഞങ്ങളെ സംസാരം കേട്ടു വന്ന ഷെസിൻ എന്റെ കൈ എണ്ണയിൽ മുക്കി. വേദന കൊണ്ട് പുളഞ്ഞപ്പോ ശെരി വന്നു ഷെസിന്റെ കാലു പിടിച്ചു. അപ്പോളാണ് അവൻ എന്റെ കൈ എണ്ണയിൽ നിന്നും പുറത്തെടുത്തത്. ഉമ്മ അപ്പോളും ചിരിക്കുകയായിരുന്നു. പിന്നെ എന്ത് തെറ്റ് പറ്റിയാലും ആ കയ്യിൽ ആണ് അതിന്റെ ശിക്ഷ തന്നത്. രണ്ടുമൂന്നു മാസം ആ കൈ കൊണ്ട് തന്നെ ആണ് ഞാൻ ജോലിയൊക്കെ ചെയ്തത്. വീണ്ടും അവൻ അതിൽ മുറിവേൽപ്പിച്ചത് കാരണം അത് സുഖപ്പെടാൻ കുറെ നാൾ എടുത്തു. അവിടുന്ന് രക്ഷപ്പെട്ടാലോ എന്ന് കുറെ ആലോചിച്ചു. പക്ഷെ എങ്ങോട്ടു പോവും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. വീട്ടിലേക്കു പോവാൻ പറ്റാത്ത രീതിയിൽ ഇവർ ആക്കി വച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു വാർത്ത എന്നെ തേടി എത്തിയത്.''.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story