ഡിവോയ്‌സി: ഭാഗം 37

divoysi

രചന: റിഷാന നഫ്‌സൽ

''ആ വാർത്ത എന്നെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം കിട്ടിയ പോലെ ആയിരുന്നു. ഷെസിന് ദുബായിൽ ബിസിനെസ്സ് ഉണ്ട്. അത് ഒരു ഫ്രണ്ട് ആണ് നടത്തുന്നത്. അതിൽ എന്തൊക്കെയോ പ്രശ്നമാണ്. അത് തീർക്കാൻ അവനു ദുബായിലേക്ക് പോണം. ഒരു അഞ്ചാറു മാസത്തേക്ക് തിരിച്ചു വരാൻ പറ്റില്ല. ഉമ്മയും കൂടെ പോവുന്നുണ്ട്. എനിക്ക് നല്ല സന്തോഷം തോന്നി എങ്കിലും കൂടെ പേടിയും ആയി. എന്നെയും കൊണ്ട് പോയാലോ. അത് കൊണ്ട് ഞാൻ ഒരു ഐഡിയ എടുത്തു. ഞാൻ ഉമ്മാനോട് പോയിട്ട് ഞാനും ദുബായിലേക്ക് വരുന്നു എന്ന് പറഞ്ഞു. എന്നെ കൂടെ കൂട്ടാൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് എന്നെ കൂട്ടില്ല പറഞ്ഞു. അപ്പൊ ഞാൻ കുറച്ചു ദേഷ്യത്തിൽ എന്റെ ഭർത്താവിന്റെ കൂടെ പോവാൻ എനിക്കാണ് അവകാശം എന്നൊക്കെ പറഞ്ഞു. അത് കേട്ട ഷെസിൻ എന്നെ തല്ലി. നിന്നെ കൂടെ കൊണ്ട് പോവാൻ ആയിരുന്നു പ്ലാൻ, നിന്റെ വിസന്റെ പേപ്പറാ ഇത്. ഇനി നീ വരണ്ട എന്നും പറഞ്ഞു അതൊക്കെ കീറി കളഞ്ഞു. രണ്ടു അടി കൊണ്ടാൽ എന്താ ആറ്‌ മാസം സമാധാനത്തിൽ ഇരിക്കാലോ എന്ന് ഞാൻ സന്തോഷിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോ അവര് പോയി. ഞാൻ എന്റെ വീട്ടിലേക്കു വിളിച്ചെങ്കിലും ആരും എടുത്തില്ല. അങ്ങോട്ടു പോവാമെന്നു വച്ചപ്പോളാ ഷെസിന്റെ ഫോൺ വന്നത്. അവനില്ലാത്ത സമയത്തു എന്റെ വീട്ടിൽ പോവുമെന്ന് അവനറിയാമെന്നും, അതിനുള്ള പണിയൊക്കെ അവൻ അവിടെ ചെയ്തു വച്ചിട്ടുണ്ട് എന്നും പറഞ്ഞു. അതോണ്ടാവും ഞാൻ വിളിച്ചിട്ടു എടുക്കാഞ്ഞെ. പിന്നെ ഞാൻ ആ പ്ലാൻ ക്യാൻസൽ ചെയ്തു. അപ്പൊ ഷെറി ആണ് പറഞ്ഞത് ഇത്താക്ക് കോളേജിൽ പൊയ്ക്കൂടേ എന്ന്. പക്ഷെ എങ്ങനെ എന്ന് ഒരു ഐഡിയയും ഇല്ല. ഇനി അഞ്ചു മാസമേ ക്‌ളാസ് ഉള്ളൂ. പഴയ കോളേജ് കോഴിക്കോട് ആണ്. അങ്ങോട്ടേക്ക് പോക്ക് നടക്കില്ല. ഷെറിന്റെ കോളേജിൽ ഞാൻ പഠിച്ച കോസ് ഉണ്ട്. പക്ഷെ എങ്ങിനെ ജോയിൻ ചെയ്യുമെന്നതായിരുന്നു പ്രശ്നം. അതിനു ഷെറി തന്നെ വഴി കണ്ടു പിടിച്ചു തന്നു. അവൾ പറഞ്ഞിട്ട് ഞാൻ ശാമിക്കണേ വിളിച്ചു. ആദ്യം എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നെ എങ്ങനെ ഒക്കെയോ ഞാൻ കാര്യങ്ങൾ പറഞ്ഞു. ഇക്ക വീട്ടിൽ സംസാരിക്കാൻ നോക്കിയെങ്കിലും ആരും കാര്യമാക്കിയില്ല,

എന്റെ അമീറിക്ക പോലും. അത്ര മാത്രം എന്നെ നെഗറ്റീവ് ആക്കി വച്ചിരുന്നു എന്റെ വീട്ടുകാരെ മുന്നിൽ. പിന്നെ ഉപ്പാപ്പ പറഞ്ഞു പോലും പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ ആണെന്ന്. അവൻ പറയുന്നത് അനുസരിച്ചു ജീവിക്കണം പോലും. ഒരുപാട് സങ്കടം തോന്നി. അതോടെ ഞാനും എന്റെ വീട്ടുകാരെ മറക്കാൻ തുടങ്ങി. ശാമിക്കയോട് കോളേജിന്റെ കാര്യം പറഞ്ഞപ്പോ ഇക്ക ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു. ഇക്ക തന്നെ പഴയ കോളേജിൽ നിന്നും ടി സി ഒക്കെ വാങ്ങി ഷെറിന്റെ കോളേജിൽ അഡ്മിഷൻ ശരിയാക്കി തന്നു. അങ്ങനെ ഞാൻ കോളേജിൽ പോവാൻ തുടങ്ങി. കല്യാണത്തിന് ശേഷം പർദ്ദ മാത്രമേ ഇടാവൂ എന്നത് ഷസിന്റെ ഓർഡർ ആയിരുന്നു. ആൾക്കാർക്ക് മനസ്സിലാവാതിരിക്കാൻ ഹിജാബ് കൂടി ഇടാൻ തുടങ്ങി. അങ്ങനെ ഞാൻ അവർ അറിയാതെ എന്റെ പഠിത്തം പൂർത്തി ആക്കി. ഫെബിത്ത എനിക്ക് സപ്പോർട് ആയിരുന്നു. ഷഹീക്ക പിന്നെ അതൊന്നും ശ്രദ്ധിക്കാൻ വന്നില്ല. ഒരാഴ്ച കൂടി കഴിഞ്ഞാൽ എന്റെ പരോൾ തീരുവാണ്. അതെ അവർ തിരിച്ചു വരുന്നു. അപ്പോളേക്കും എന്റെ എക്സാം ഒക്കെ കഴിഞ്ഞിരുന്നു. ആ ആഴ്ച ഞാൻ ഷെറിന്റെ കൂടെ സന്തോഷത്തോടെ ചിലവിട്ടു. എന്റെ സന്തോഷകരമായ ജീവിതത്തിനു വിരാമം ഇട്ടു കൊണ്ട് ഉമ്മയും മോനും തിരിച്ചു വന്നു.

പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ഷെസിൻ എന്നോട് പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. അത് പോലെ ഉമ്മ ചിരിച്ചില്ലെങ്കിലും എന്നോട് പോരിന് വന്നില്ല. ഞാൻ ആകെ ഷോക് ആയി. ഇതെന്തു മറിമായം എന്ന് ആലോചിച്ചു വട്ടായി. പിന്നെ അങ്ങോട്ട് എനിക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ഉമ്മാന്റെ മുഖം ഒരിക്കലും തെളിഞ്ഞില്ലെങ്കിലും ഷെസിൻ എന്നോട് ദേഷ്യം കാണിച്ചില്ല. ഞങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കാൻ തുടങി. അതികം സംസാരമോ സ്നേഹപ്രകടനങ്ങളോ ഇല്ലെങ്കിലും മുന്നത്തെ പോലെ അടിയും തൊഴിയും ഒന്നും ഇല്ലായിരുന്നു. എനിക്കെല്ലാം സ്വപ്നം പോലെ ആണ് തോന്നിയത്. ഷെറിയും ഫെബിത്തയും എന്റെ കൂടെ എന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് വീണ്ടും എന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്താൻ അവൻ വന്നത്. '' ഞാൻ പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു. ''ആര്..'' ഷാദ് ചോദിച്ചു. ആള് നല്ല കഥ കേൾക്കാൻ ഉള്ള മൂഡിൽ ഇരിക്കാണ്. ''സാജിദ്...അവനാണ് ഷെസിന്റെ ദുബായിലുള്ള ബിസിനെസ്സ് നോക്കുന്ന പാർട്ടണർ കം ഫ്രണ്ട് എന്ന് ഞാൻ അറിഞ്ഞത് അവൻ ഷെറിയെ പെണ്ണുകാണാൻ വന്നപ്പോൾ ആയിരുന്നു. അവനെ കണ്ടു ഞാൻ ആകെ ഷോക് ആയി. എന്ത് ചെയ്യണം എന്ന് ഒരു ഊഹവും കിട്ടിയില്ല.

സാജിദ് ആണെങ്കിൽ എന്നെ ആലുവാ മണപ്പുറത്തു വച്ച് കണ്ട പരിജയം പോലും കാണിക്കുന്നില്ല. ഞാൻ എല്ലാം ഷെസിനോടും ഷെറിയോടും പറയാമെന്നു വച്ചു. ഷെറിയോടാണ് ആദ്യം പറഞ്ഞത്. പക്ഷെ എന്നെ ഞെട്ടിക്കുന്ന തരത്തില് ആയിരുന്നു അവളുടെ മറുപടി. സാജിദും അവളുമായി ഇഷ്ടത്തിലാണ് പോലും. അവൾക്കു അവനില്ലാതെ പറ്റില്ല. പണ്ടെങ്ങോ നടന്ന കാര്യം വച്ചു അവളെ ജീവിതം തകർക്കരുത് എന്നും പറഞ്ഞു അവൾ കരഞ്ഞു. സാജിദും എന്നോട് സോറി പറഞ്ഞു. പിന്നെ ഞാൻ ഷെസിനോട് ഒന്നും പറയാൻ പോയില്ല. ഷെറിയുടെ കല്യാണം നല്ല ആഡംബരമായി തന്നെ നടത്തി. എന്റെ വീട്ടിൽ വിളിച്ചപ്പോൾ ആരും വന്നില്ല. കാര്യം ചോദിച്ചപ്പോൾ ആണ് അറിഞ്ഞത് എന്റെ ഉമ്മാമ മരിച്ചു എന്ന്. ആരും എന്നോടൊന്നും പറഞ്ഞിരുന്നില്ല. എനിക്കാകെ സങ്കടം ആയി. ഞാൻ അവർക്കു അത്രയ്ക്ക് അന്യ ആയി പോയോ എന്ന് തോന്നിപ്പോയി. കല്യാണത്തിന് പുറമെ ചിരിക്കുമ്പോളും അകത്തു ഞാൻ കരയുക ആയിരുന്നു. എല്ലാം നല്ല രീതിയിൽ നടന്നു. ഷെറി നല്ല സന്തോഷത്തിൽ ആയിരുന്നു.

പക്ഷെ സാജിദ് ഒരു ചെറ്റ ആയിരുന്നല്ലോ, അപ്പൊ ആ സ്വഭാവം അങ്ങനെ മറക്കില്ലല്ലോ. ഞാൻ കരുതിയത് പോലെ അവനു മാനസാന്തരം ഒന്നും വന്നിരുന്നില്ല. കല്യാണം കഴിഞ്ഞു ഒരു മൂന്നാലു ദിവസം കഴിഞ്ഞപ്പോ അവർ വീട്ടിലേക്കു വന്നു താമസിക്കാൻ. അവർ വന്നപ്പോൾ എല്ലാരേയും പോലെ എനിക്കും സന്തോഷം ആയി. പക്ഷെ എന്റെ സന്തോഷങ്ങൾക്കു ആയുസ്സു കുറവാണല്ലോ. പിറ്റേന്ന് ഉച്ചയ്ക്ക് ഞാൻ ആ സത്യം മനസ്സിലാക്കി. സാജിദ് അവൻ ഇപ്പോളും പഴയ ചെറ്റ സ്വഭാവം തന്നെ ആണ്. ഉച്ചയ്ക്കക്കുള്ള ഫുഡ് ഒക്കെ ആക്കി ഞാൻ കുളിക്കാൻ പോയി. കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തിറങ്ങിയപ്പോ ആ സാജിദ് എന്നെ കേറി പിടിക്കാൻ നോക്കി. ഞാൻ പെട്ടെന്ന് ഒഴിഞ്ഞു മാറി. അവന്റെ വായിൽ നിന്നും തന്നെ ഞാൻ കേട്ടു, അവൻ മാറീട്ടില്ല. ഷെറിയെ കെട്ടാൻ കള്ളം പറഞ്ഞതാണെന്ന്. അവൻ എന്നെയും കൊണ്ടേ പോവുള്ളു എന്ന് ഭീഷണിപ്പെടുത്തീട്ടു പോയി. ഞാൻ ആകെ തകർന്നു പോയി. എങ്ങനേലും ഷെസിനുമായി ഒരു നല്ല റിലേഷൻ തുടങ്ങാൻ നോക്കുന്ന എനിക്ക് വന്ന വലിയ തിരിച്ചടി ആയിരുന്നു സാജിദ്.''

''നിനിക്കു ഷസിനോടെല്ലാം പറഞ്ഞൂടായിരുന്നോ???'' ഷാദ് ചോദിച്ചു. ''എങ്ങനെ പറയും, എന്ത് തെളിവാ ഉള്ളത്. ഷെറി പോലും വിശ്വസിക്കില്ല. അത്രയും നല്ല പെരുമാറ്റം ആണ് അവന്റേത് മറ്റുള്ളവരുടെ മുന്നിൽ. അവർ രണ്ടു മൂന്നു ദിവസത്തേക്ക് താമസിക്കാൻ വന്നതല്ലേ, പെട്ടെന്ന് പോവുമല്ലോന്ന് ഓർത്തു. അതോണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. മൂന്നു ദിവസം കഴിഞ്ഞപ്പോ അവർ പോയി. അതിനിടയിൽ ഒന്ന് രണ്ടു വട്ടം സാജിദ് എന്റെ മുന്നിൽ വന്നെങ്കിലും ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഇതിനിടയിൽ എന്റെ റിസൾട്ട് വന്നിരുന്നു. ഡിസ്റ്റിംഗ്ഷൻ ഉണ്ടായിരുന്നു. ഷെറി എന്റെ സെര്ടിഫികറ്റ് ഒക്കെ എനിക്ക് വാങ്ങി തന്നു. ജീവിതം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരാഴ്ച മുന്നോട്ടു പോയി. പെട്ടെന്ന് ഒരു ദിവസം ഞാൻ തലകറങ്ങി വീണു. ചെക് ചെയ്തപ്പോ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഷെസിൻ എന്നെ നല്ലോണം കെയർ ചെയ്തു. എന്നാലും സംസാരമൊക്കെ കുറവായിരുന്നു. ഉമ്മ നല്ല സ്നേഹത്തിൽ തന്നെ പെരുമാറി.

ശെരിക്കും എനിക്ക് ജീവിതം തിരിച്ചു കിട്ടിയ പോലെ ആയിരുന്നു. കാലങ്ങൾക്കു ശേഷം ഞാൻ ചിരിച്ചു. ആ ചിരി കെടുത്താൻ എനിക്ക് ആറു മാസം ഉള്ളപ്പോൾ സാജിദ് വീണ്ടും വന്നു. ഷെറിയും അവനും ദുബായിൽ ആണ്. നാട്ടിൽ വന്നപ്പോ ഞങ്ങളെ വീട്ടിൽ നിക്കാൻ വന്നതാണ്. വീണ്ടും എനിക്ക് പേടിയുടെ കാലം തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഉച്ചയ്ക്ക് ഫുഡ് കഴിച്ചു റൂമിൽ കിടക്കുവാരുന്നു. പെട്ടെന്ന് ആരോ കയ്യിൽ തടവുന്ന പോലെ തോന്നി. ശസിന് ആവുമെന്ന് വിചാരിച്ചു ഞാൻ കണ്ണ് തുറന്നപ്പോ കണ്ടത് സാജിദിനെയാണ്. ഞാൻ അവനെ തളളി മാറ്റി. ഒരു ഗർഭിണി ആണെന്ന് പോലും ഓർക്കാതെ അവൻ എന്നെ കേറിപ്പിടിക്കാൻ നോക്കി. ശബ്ദം കെട്ടാണെന്നു തോന്നുന്നു ഉമ്മ റൂമിലേക്ക് വന്നു. ഞങ്ങളെ അങ്ങനെ കണ്ടപ്പോ ഞാൻ കരുതി ഉമ്മ എന്നെ സമാധാനിപ്പിക്കുമെന്നു. പക്ഷെ എന്റെ കവിളിൽ അടിച്ചു ഉമ്മ എന്നെ ബെഡിലേക്കു തള്ളിയിട്ടു. എല്ലാരേയും വിളിച്ചു ഷെസിനെ നോക്കി സാജിദ് റൂമിലേക്ക് വന്നപ്പോ ഞാൻ അവനോടു മോശം ആയി പെരുമാറി എന്നും മുന്നേ എനിക്ക് അവന്റെ മേലെ കണ്ണുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.

ഷെസിൻ പിന്നെ കേൾക്കാൻ കാത്തു നിന്ന പോലെ എന്നെ തല്ലി. ആദ്യമായി ഷഹീനിക്ക അവനെ പിടിച്ചു വച്ചു. അവൾ ഗർഭിണിയാണ് എന്ന കാര്യം മറക്കരുത് എന്ന് പറഞ്ഞു. പക്ഷെ ഷസിന്റെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു. ഞാൻ ഒരു മോശം പെണ്ണ് ആണെന്നും ഈ കുഞ്ഞു അവന്റെ അല്ല എന്നൊക്കെ പറഞ്ഞു. ഞാനാകെ തളർന്നു പോയി. ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ പഴയ പോലെ തന്നെ ആയി എന്റെ ജീവിതം. വീട്ടിലെ ജോലി ഒക്കെ ചെയ്യിക്കും. മരുന്നും ഭക്ഷണവും പക്ഷെ കൃത്യമായി തരും. മോന്റെ കുട്ടി ആണല്ലോ. എനിക്ക് എട്ടു മാസം ഉള്ളപ്പോൾ ഒരിക്കെ സാജിദ് വീട്ടിൽ വന്നു. തറ തുടക്കുകയായിരുന്ന എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പറഞ്ഞു മര്യാദക്ക് എന്നെ കെട്ടിയിരുന്നേൽ ഇതൊക്കെ അനുഭവിക്കണോ എന്ന്. സത്യം പറഞ്ഞാൽ ഒരു നിമിഷം ഞാനും ഓർത്തു പോയി ഞാനെന്തിനാ ഇതൊക്കെ അനുഭവിക്കുന്നെ എന്ന്. മരിക്കാൻ വിചാരിച്ചതാ, പക്ഷെ വയറ്റിലെ ജീവനെ ഓർത്തു മാത്രം വേണ്ടാന്നു വച്ചു. എനിക്ക് പടച്ചോനോട് തന്നെ ദേഷ്യം തോന്നി.

ഒന്നും ചെയ്യാതെ തന്നെ എന്നെ ഓരോ സങ്കടങ്ങളിൽ ചാടിക്കുന്നതിനു.'' ഞാൻ പൊട്ടിക്കരഞ്ഞു പോയി. ''ഏയ് ആമി... പോട്ടെ... സാരമില്ലെടോ.. പടച്ചോൻ എല്ലാരേയും പരീക്ഷിക്കും എന്നും അവൻ തന്നെ എല്ലാത്തിനും വഴി കാണിക്കും എന്ന് നീ തന്നെ അല്ലെ പറയാറ്.'' എന്ന് പറഞ്ഞു ഷാദ് എന്നെ ആശ്വസിപ്പിച്ചു. ഞാൻ എങ്ങനെ ഒക്കെയോ കരച്ചിൽ നിർത്തി. ''അതെ ഷാദ് പടച്ചോൻ എനിക്ക് അന്ന് രാത്രി തന്നെ വഴി കാണിച്ചു തന്നു, സത്യങ്ങളിലേക്കുള്ള വഴി. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിക്കാൻ ഞാൻ ഉമ്മാന്റെ റൂമിലേക്ക് പോയപ്പോൾ ആണ് അതിന്റെ ഉള്ളിലെ സംസാരം കേട്ടത്. ഷഹീനിക്ക ഉമ്മയോട് ദേഷ്യപ്പെടുന്നു, അടുത്ത് സാജിദും ഷെസിനും ഉണ്ട്. ''മതിയാക്കികൂടെ ഉമ്മാ, എന്തിനാ ഇത്ര ക്രൂരത. അറിയാതെ ചെയ്ത അല്ല അറിഞ്ഞോണ്ടാണെങ്കിലും അവൾ ചെയ്തത് ശരി ആയിരുന്നില്ലേ. അതിനു എന്ത് മാത്രം ദ്രോഹം നിങ്ങൾ അവളോട് ചെയ്തു. ഇവൻ അവളെ പറ്റിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നു കൊല്ലാക്കൊല ചെയ്തു. ഉമ്മയും അതിനു കൂട്ട് നിന്നു. ഒരു പെണ്ണാണെന്ന പരിഗണന കൊടുക്കാതെ അതിനെ അടിക്കേം പുറത്താക്കേം എല്ലാം ചെയ്തു. ഇപ്പൊ ഗർഭിണിയാണെന്ന് പോലും നോക്കാതെ അതിനെ വീണ്ടും നരകിപ്പിക്കുന്നു.

അവളും അവളുടെ ഉപ്പയും ചെയ്ത ഒരു തെറ്റിന്റെ പേരിൽ തന്നെ ആണ് ഞാനും നിങ്ങളവളെ ഉപദ്രവിച്ചപ്പോൾ മനസ്സ് കല്ലാക്കിയത്. ഇനി പറ്റില്ല, ഇങ്ങനെ പോയാൽ ആ കുഞ്ഞിനും എന്തേലും സംഭവിക്കും.'' ഷഹീനിക്ക പറഞ്ഞു. ''ഇല്ലെടാ ഒന്നും പറ്റില്ല, കുഞ്ഞിന് വേണ്ടുന്ന മരുന്നും ഭക്ഷണവും ഞാൻ സമയാസമയം അവൾക്കു കൊടുക്കുന്നുണ്ട്. പിന്നെ നരകിപ്പിക്കുന്നതു എന്തിനാണെന്ന് വച്ചാൽ പ്രസവിച്ചു കഴിഞ്ഞാൽ അവളെ ഇവിടുന്നു ഇറക്കി വിടണം. കുഞ്ഞിനെ നിങ്ങള്ക്ക് വളർത്താം. അതിനാണ് സാജിദിനെ കൊണ്ട് അന്ന് അങ്ങനൊരു നാടകം കളിപ്പിച്ചത്. ഞാൻ പുറത്തു നിന്നിട്ടാ അന്നിവനെ റൂമിലേക്ക് വിട്ടത്. അവളുടെ സ്വഭാവം മോശം ആണെന്ന് ഇപ്പൊ ഷെറിക്കും ഫെബിക്കും കൂടി തോന്നുന്നുണ്ട്. അതോണ്ട് പ്രസവം കഴിഞ്ഞു അവളെ ഇറക്കി വിട്ടാൽ ആരും ചോദിക്കാൻ വരില്ല.'' ഉമ്മ പറഞ്ഞു. ''അത് വേണ്ട ഉമ്മ. ഒരു കുഞ്ഞിനെ അതിന്റെ ഉമ്മയിൽ നിന്നും അടർത്തി മാറ്റുന്നത് ശരി അല്ല. ഞങ്ങൾ ഒരു കുട്ടിയെ ദത്തെടുത്തോള്ളാം.'' ഷഹീനിക്ക പറഞ്ഞു.

''എന്നാ എന്റെ മോൻ ഭാര്യയെ തലാക്ക് ചെല്ലാൻ തയ്യാറായിക്കോ. എനിക്ക് ഈ കുടുംബത്തിലെ ചോര തന്നെ വേണം എന്റെ പേരക്കുട്ടി ആയിട്ട്. അതോണ്ടാ ദുബായിൽ നിന്നും വന്നാൽ ഇറക്കിവിടാൻ നിന്ന അവളെ ഇവിടെ തന്നെ നിർത്തിച്ചത്. ഇവനും ഞാനും സ്നേഹം അഭിനയിച്ചതുമൊക്കെ കുഞ്ഞിനെ മുന്നിൽ കണ്ടത് കൊണ്ട് മാത്രമാ.'' ഉമ്മ പറഞ്ഞു. ''ഉമ്മ നിങ്ങള് ചെയ്യുന്നത് ക്രൂരത ആണ്...'' ഷഹീനിക്ക പറഞ്ഞു. ''ഇക്കാക്ക് എന്താ പ്രശ്നം. എനിക്കില്ലാത്ത സഹതാപം ആണല്ലോ അവളോട്. ഇക്കാക്കും എന്തേലും കൈവിഷം തന്നോ.. കളി കണ്ടാൽ ഇങ്ങളെ കുട്ടി ആണെന്ന് തോന്നുന്നല്ലോ.'' ഷെസിൻ ആണ് അത് ചോദിച്ചത്. ''പ്പ .....മോനെ അനിയനാണെന്നും ഞാൻ നോക്കില്ല, അടിച്ചു പല്ലു കൊഴിച്ചു കളയും. ഞാനൊരു മനുഷ്യനാടാ, അപ്പൊ എനിക്ക് സങ്കടമൊക്കെ തോന്നും. നിന്നെ ഒന്നും പോലെ മൃഗം അല്ല.'' എന്നും പറഞ്ഞു ഷഹീനിക്ക പുറത്തേക്കു നടന്നു. ഞാൻ വേഗം അവിടെ നിന്നും ഇക്ക കാണാതെ മാറി. കേട്ടതൊന്നും അപ്പോളും ഉൾകൊള്ളാൻ ആവാതെ നിക്കുകയായിരുന്നു ഞാൻ. അവിടെ നിന്ന് ഒരുപാട് കരഞ്ഞു.'' ''ഡീ ഇത്ര ഒക്കെ ചെയ്യാനും മാത്രം എന്ത് തെറ്റാ നീയും ഉപ്പയും അവരോടു ചെയ്തേ..'' ഷാദ് ചോദിച്ചു. ''അതും അവരെ വായിൽ നിന്നും തന്നെ ഞാൻ കേട്ടു.'' വീണ്ടും ഓർമ്മകൾ ആ രാത്രിയിലേക്ക് പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story