ഡിവോയ്‌സി: ഭാഗം 39

divoysi

രചന: റിഷാന നഫ്‌സൽ

''അത് ഞാൻ വെറുതെ സ്റ്റെപ് കണ്ടപ്പോ ഇറങ്ങണം എന്ന് തോന്നി. പിന്നെ ഒന്നും നോക്കാതെ ഓടി ഇറങ്ങി. പക്ഷെ താഴെ എത്താൻ ആയപ്പോ പെട്ടെന്ന് സ്ലിപ് ആയി വീണു. പിന്നെ ഒന്നും ഓർമ്മ ഇല്ല.'' എന്ന് പറഞ്ഞു ഞാൻ ഇളിച്ചു കാണിച്ചു. ''ചെറിയ കുഞ്ഞല്ലേ സ്റ്റെപ് കാണുമ്പോ ഓടാൻ തോന്നാൻ.'' എന്നും പറഞ്ഞു അപ്പൊ തന്നെ ആ കൊരങ്ങൻ എന്റെ തലയ്ക്കു ഒരു തട്ട് തന്നു... ഞാൻ ആ എന്ന് അലറിപ്പോയി. കാരണം തല മുട്ടിയ സ്ഥലത്താ ആ കൊരങ്ങാൻ അടിച്ചേ. ''ഓ സോറി സോറി സോറി'' എന്നൊക്കെ പറഞ്ഞു അവൻ എന്റെ തല പിടിച്ചു തടവി തന്നു. ഞാൻ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി. ''എന്താ ആമീ വേദന ഒക്കെ കുറഞ്ഞോ???'' നോക്കിയപ്പോ അജിത് ഡോക്ടർ. ഷാദ് വേഗം എന്റെ അടുത്ത് നിന്ന് എണീറ്റ് മാറി. ''ആഹ് സർ കുറഞ്ഞു.'' ഞാൻ പറഞ്ഞു. ''ഓക്കേ അപ്പൊ ഞാൻ പോവാട്ടോ. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ഒരു മൂന്നാലു മണിക്കൂർ റസ്റ്റ് എടുത്ത മതി ആവും.. അത് കഴിഞ്ഞു വീട്ടിലേക്കു പോവാം..'' എന്നും പറഞ്ഞു സാർ ഒന്ന് പുഞ്ചിരിച്ചിട്ടു പോയി. അപ്പൊ ഷാദ് വീണ്ടും എന്നോട് എന്തൊക്കെയോ ചോദിക്കാൻ വന്നു.

ഞാൻ ആകെ പരുങ്ങി. അവിടെ ശരിക്കും നടന്ന കാര്യം പറഞ്ഞാൽ ഇവൻ എന്താ ചെയ്യാ എന്ന് എനിക്ക് ഊഹിക്കാൻ പോലും വയ്യ. ഷെസിന് എന്നോട് ചെയ്ത കാര്യങ്ങൾ അറിഞ്ഞപ്പോ തന്നെ അവനെ കൊല്ലാൻ നടക്കാ. ഇനി ഇന്ന് സംഭവിച്ചത് അറിഞ്ഞാൽ കൊലവെറി നടക്കും. പടച്ചോനെ ഇങ്ങള് തന്നെ തുണ. ''ആഹ് ഷാദ് നീ ആ റിപ്പോർട്ട് ഒന്ന് എടുത്തു തന്നെ.'' എന്നും പറഞ്ഞു ശരൺ വന്നു. ''ആഹ് തരാം ഒരു മിനിറ്റ്. ഞാൻ ഇവളോടൊന്നു സംസാരിക്കട്ടെ.'' ഷാദ് പറഞ്ഞു. ജന്തു എന്നേം കൊണ്ടേ പോവൂ. അതൊക്കെ പിന്നെ പറയാം. അവൾക്കിപ്പോ റസ്റ്റ് ആണ് വേണ്ടത്. എന്നും പറഞ്ഞു ശരൺ ഷാദിനെ വലിച്ചോണ്ടുപോയി. ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി. എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടാണ് ഞാൻ എണീറ്റത്. നോക്കുമ്പോ മുമ്പിൽ നമ്മളെ ടീമ്സിലെ എല്ലാ എണ്ണവും നിരന്നു നിക്കുന്നു. ആശിക്കയും സിനൂക്കയും ഷാജുക്കയും എന്തിനു അംന മോൾ അടക്കം ഉണ്ട്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.

എല്ലാരേം മുഖത്ത് ദേഷ്യം ആണ് കണ്ടത്. ഇടയ്ക്കു എല്ലാരും എന്റെ സൈഡിലേക്കും നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കിയപ്പോ ധാ കിടക്കുന്നു നമ്മളെ കെട്ടിയോൻ വെട്ടിയിട്ട വാഴ പോലെ. ആള് ചെയറിൽ ഇരുന്നു ബെഡിൽ തല വച്ച് കിടന്നു നല്ല ഉറക്കം. വായും തുറന്നു വച്ചുള്ള ആ കിടത്തം കണ്ടപ്പോ എനിക്ക് ചിരി വന്നു. ചിരിച്ചോണ്ട് എല്ലാരേം നോക്കിയപ്പോ അവിടെ ഒരു റിയാക്‌ഷനും ഇല്ല. ''എന്താ എല്ലാർക്കും, ഞാൻ ചത്തിട്ടൊന്നും ഇല്ല...'' ഞാൻ പറഞ്ഞു. അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു, പിന്നൊരു പൂരം ആരുന്നു. തൃശൂർ പൂരത്തിന് പോലും ഇത്രേം പടക്കം പൊട്ടീട്ടുണ്ടാവില്ല. അമ്മാതിരി ചീത്ത ആയിരുന്നു. അത് കേട്ടിട്ട് ഇവിടൊരുത്തൻ ഞെട്ടി എണീച്ചു. എന്നിട്ടു മുന്നിൽ ഉള്ളവരെ ഒക്കെ അന്തം വിട്ടു നോക്കാണ്. എനിക്കതു കണ്ടു ചിരി വന്നു. ഇപ്പോളും ചീത്ത പറച്ചിലും ചോദ്യങ്ങളും നിന്നിട്ടില്ല. ''നിനക്കെന്താടീ കണ്ണ് കാണില്ലേ...'' സച്ചുവേട്ടൻ. ''ഇത്രയും നല്ല ലിഫ്റ്റ് വച്ചിട്ട് നീ എന്തിനാ സ്റ്റെപ് ഇറങ്ങിയേ..'' ആഷിക്ക. ''സ്റ്റെപ് ഇറങ്ങിയത് പോട്ടെ, ചാടി ചാടി ഇറങ്ങാൻ നീ എന്താടീ കങ്കാരുവോ...'' സിനൂക്ക.

ഇതൊക്കെ കേട്ട് ഇപ്പൊ ഉറക്കിൽ നിന്നും എണീറ്റ ആ കോന്തൻ നിന്ന് ചിരിക്കാ. ഞാൻ അവനെ നോക്കി പേടിപ്പിച്ചു. ''അല്ലെങ്കിലും അവൾക്കു കണ്ണ് കാണില്ലല്ലോ. ഈ പൊട്ടാ കണ്ണട വച്ചിട്ടും നിനക്ക് കാണാൻ പറ്റിയില്ലേ..'' ചാരു ''എങ്ങനെ കാണാനാ ഒറകത്തു ആവും നടന്നേ...'' പ്രിയ ''അല്ലെങ്കിലും ഈ പാതിരാത്രി ടെറസിൽ എന്തായിരുന്നു നിനക്ക് പണി..'' സൈറ. സൈറ അത് ചോദിച്ചതും ഞാൻ ഷാദിനെ നോക്കി. അവനെ പറയല്ലേ എന്നൊക്കെ ആക്‌ഷൻ കാണിക്കുന്നുണ്ട്. ഞാൻ അവനെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തു. ''അതെ ഒന്ന് നിർത്തുവോ... വീണുപോയി, ഇനി ഇപ്പൊ അത് മാറ്റാൻ ഒന്നും പറ്റൂല്ലല്ലോ.. അറിയാതെ സംഭവിച്ചതാ.. ക്ഷമിച്ചു കള. ഇനി ശ്രദ്ധിച്ചോള്ളാം..'' ഞാൻ കൈ കൂപ്പി കൊണ്ട് എല്ലാരോടും പറഞ്ഞു. അപ്പൊ എല്ലാരും ഒന്ന് അടങ്ങി. പിന്നെ ഉപദേശങ്ങൾ ആയി, തീറ്റിക്കൽ ആയി, ഒന്നും പറയണ്ട. ''അതെ നിങ്ങൾ എല്ലാരും എങ്ങനെ അറിഞ്ഞു, ഷാദ് വിളിച്ചു പറഞ്ഞോ??'' ഞാൻ സംശയത്തോടെ ചോദിച്ചു. അപ്പൊ ആ പൊട്ടൻ എന്നെ നോക്കി ഇളിച്ചോണ്ടു മെല്ലെ പുറത്തേക്കു നടക്കാൻ പോണൂ.

അപ്പൊ തന്നെ സച്ചുവേട്ടൻ അവനെ അവിടെ പിടിച്ചു വച്ചു. ''പറഞ്ഞു കൊടുക്കെടാ ഞങ്ങൾ എങ്ങനെ അറിഞ്ഞത് എന്ന്...???'' ആഷിക്ക പറഞ്ഞു. ''അത് പിന്നെ.. അത്..'' ഷാദ് നിന്ന് വിക്കുന്നു. ''പറഞ്ഞു കൊടുക്ക് മുത്തേ നീ എങ്ങനെയാ ഞങ്ങളെ അറിയിച്ചതെന്ന്..'' പ്രവീണേട്ടൻ ആണ്. ''അത് പിന്നെ എല്ലാരേം വിളിച്ചു പറയുന്നതൊക്കെ ബുദ്ധിമുട്ടല്ലേ... അതോണ്ട്..'' ഷാദ് പറഞ്ഞു നിർത്തി. ''അതോണ്ട്...'' ഞാൻ ചോദിച്ചു.. ''അതോണ്ട് ഞാൻ നിന്റെ ഫോട്ടോസ് എടുത്തു ഹോസ്പിറ്റലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും നമ്മളെ ഗ്രൂപ്പിലും ഇട്ടു. പിന്നെ രണ്ടെണ്ണം സ്റ്റാറ്റസുമാക്കി. കൂടെ ഒരു ക്യാപ്ഷനും കൊടുത്തു കൊച്ചു കുട്ടി സ്റ്റെപ്പ് കണ്ടു തുള്ളിച്ചാടി വീണു'' ഷാദ് പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം വന്നു. കഴിച്ചോണ്ടിരുന്ന ആപ്പിൾ എടുത്തു അവനു നേരെ എറിഞ്ഞു. ''ക്യാച്ച്'' എന്നും പറഞ്ഞു ആ ജന്തു അത് പിടിച്ചിട്ടു വായിലിട്ടു. ''കൊരങ്ങാ ഇതിലും ബേധം ന്യൂസ് പേപ്പറിൽ കൊടുക്കുന്നതാരുന്നു''. ഞാൻ അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

''സത്യം പറയാലോ രാവിലെ എണീറ്റ് ആദ്യം കണ്ടത് ഇവളെ ഈ ഫോട്ടോയെ. ആകെ ടെൻഷൻ ആയിപ്പോയി.'' സച്ചുവേട്ടൻ പറഞ്ഞു. ''അതെന്നെ, ഞാൻ കുളിച്ചു പോലും ഇല്ല. സാറാ എന്നെ എണീപ്പിച്ചു കൊണ്ട് വന്നതാ..'' ഷാജുക്ക പറഞ്ഞതും എല്ലാരും ചിരിച്ചു. ''ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ??'' ഞാൻ ഷാദിനെ നോക്കി ചോദിച്ചു. ''പിന്നെ പാതിരായ്ക്ക് ഞാൻ എല്ലാരേം ഫോൺ വിളിക്കാൻ നിക്കാ. അതല്ല പറയണ്ട വിചാരിച്ചു നിന്നിരുന്നെങ്കിൽ ഇവന്മാർ എന്നെ വെറുതെ വിടുമോ..'' ഷാദ് ചോദിച്ചു. ''ആഹ് അപ്പോ നിങ്ങളെ ഫയിറ്റു നടക്കട്ടെ. ഞങ്ങക്ക് ജോലിക്കു കേറണ്ട ടൈം ആയി.'' എന്നും പറഞ്ഞു ആശിക്കയും സിനൂക്കയും ഷാജുക്കയും പോവാൻ ഇറങ്ങി. പോവുന്നെനു മുന്നേ ആഷിക്ക എന്റെ അടുത്ത് വന്നിട്ട് മുറിവിൽ തൊട്ടു നോക്കീട്ടു വേദന ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞിട്ട് പുഞ്ചിരിച്ചു. റസ്റ്റ് എടുക്കണം എന്നും പറഞ്ഞു ഇക്ക പോയി. ചാരു എന്റെ കൂടെ നിക്കാം എന്ന് പറഞ്ഞെങ്കിലും ഷാദ് അവളെ അയച്ചു. എല്ലാരും നല്ലോണം ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് പോയി.

പ്രിയ മാത്രം കൂടെ നിന്നു. ''അല്ല ആമീ തല വീണു മുട്ടിയപ്പോ പൊട്ടിയത് തന്നെ ഓക്കേ, നിന്റെ കൈക്ക് എന്താ പറ്റിയെ???'' പ്രിയ ചോദിച്ചു. ''അതും വീണപ്പോ പറ്റിയതാ, അല്ലെ ആമീ...'' ഷാദ് പറഞ്ഞു. ''അല്ല നീ എന്താ അങ്ങനെ ചോദിച്ചേ..'' ''അത് ഇന്നലെ ഡ്യൂട്ടിലുണ്ടായ നേഴ്സ് പറഞ്ഞു എന്തോ കത്തിയോ ബ്ലേഡോ അല്ലെങ്കിൽ ഷാർപ് ആയ എന്തോ കൊണ്ട് മുറിഞ്ഞ പോലെ ഉണ്ടായിരുന്നു ആ കയ്യിലെ മുറിവ് എന്ന്.'' പ്രിയ അത് പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി. ഷാദ് എന്നെ നോക്കുന്നത് കണ്ടതും ഞാൻ എങ്ങനെ ഒക്കെയോ ചിരിച്ചു. ''അതെ ഒരു ആൾ എന്നെ കത്തി വച്ചു കൊല്ലാൻ നോക്കിയതാ..എന്തെ???'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''ഓ ഓവർ ആക്കണ്ട..'' എന്നും പറഞ്ഞു പ്രിയ എനിക്ക് മരുന്ന് എടുക്കാൻ പോയി. ഷാദ് ഇപ്പോളും എന്നെ നോക്കുന്നുണ്ട്. @@@@@@@@@@@@@@@@@@@@@@@@@@@@@@ ശരണിന്റെ കൂടെ പോയി തിരിചു വന്നപ്പോ ആമി നല്ല ഉറക്കം ആരുന്നു. കുറച്ചു സമയം അവളെയും നോക്കി ഇരുന്നു. അപ്പോഴാ ആരെയും അറിയിച്ചില്ലല്ലോ എന്ന് ഓർത്തത്.

വിളിച്ചാലോ എന്ന് ആദ്യം തോന്നിയെങ്കിലും പിന്നെ അത് വേണ്ടാന്നു വച്ചു. പറഞ്ഞില്ലെങ്കിൽ അവളെ ആങ്ങളമാരൊക്കെ കൂടി വന്നു എന്റെ കഴുത്തിന്റെ അളവെടുക്കും. അപ്പോഴാ ഒരു ഐഡിയ കിട്ടിയേ.. അവള് കിടക്കുന്ന മൂന്നാലു ഫോട്ടോസ് എടുത്തു നേരെ വാട്ട്സാപ്പിൽ കേറി ഗ്രൂപ്പിൽ ഇട്ടു. രണ്ടുമൂന്നെണ്ണം സ്റ്റാറ്റസും ആക്കി ഒരു ക്യാപ്ഷനും ഇട്ടു. അതാവുമ്പോ രാവിലെ എണീറ്റാൽ എല്ലാം കണ്ടോളും . അതും ചെയ്തു അവിടെ ഇരുന്നതാ, എപ്പോളോ ഉറങ്ങിപ്പോയി. പിന്നെ എണീറ്റത് നമ്മളെ ടീമിന്റെ പൂരപ്പാട്ട് കേട്ടിട്ടാ. നല്ല കണി, ഇന്നത്തെ ദിവസം പൊളിക്കും. അവരവളെ ചീത്ത പറയുന്ന കേട്ട് ഞാൻ നല്ല ചിരി ആയിരുന്നു. അപ്പോളാ സൈറ ചോദിച്ചേ അവൾക്കു ടെറസിൽ എന്തായിരുന്നു പണി എന്ന്. അപ്പൊ അവളോട്‌ ഞാൻ പറയല്ലേ എന്ന് പറഞ്ഞു. കാരണം ഞാൻ ആണ് അവളെ കൂട്ടീട്ടു പോയത് എന്നും അവളെ ഒറ്റയ്ക്ക് വിട്ടു എന്നും അറിഞ്ഞാൽ എല്ലാം കൂടി എന്നെ പഞ്ഞിക്കിടും. എന്തോ ഭാഗ്യം ആമി പറഞ്ഞില്ല. പിന്നെ എല്ലാരും പോയതിനു ശേഷം ആണ് പ്രിയ ആമീടെ കയ്യിലെ മുറിവിനെ പറ്റി ചോദിച്ചത്. അപ്പൊ അവൾ ഒന്ന് ഞെട്ടി. ഞാൻ അത് ശെരിക്കും കണ്ടതാ. ഞാൻ നോക്കുന്നത് കണ്ടതും അവള് ചിരിച്ചു. എന്തോ കാര്യം ഉണ്ട്.

അല്ലാണ്ട് അവൾ വെറുതെ പോയി വീഴില്ല. പക്ഷെ ഇപ്പൊ ചോദിച്ചിട്ടു കാര്യം ഇല്ല. അവൾ പറയുന്നില്ലെങ്കിലും എന്തേലും കാര്യം ഉണ്ടാകും. വരട്ടെ കണ്ടു പിടിക്കാം. ''ആഹ് ആമീ, എങ്ങനെ ഉണ്ട്.'' നോക്കിയപ്പോ വിജി സാറും കമല മാഡവും. ''കുഴപ്പമില്ല സാർ..'' ആമി പറഞ്ഞു. ''എന്താ മോളെ ശ്രദ്ധിക്കണ്ടേ..'' കമല മാഡം അവളെ അടുത്ത് പോയി ഇരുന്നിട്ട് ചോദിച്ചു..'' അവൾ ഒന്ന് ചിരിച്ചു കൊടുത്തു. ''ആഹ് രണ്ടു ദിവസം റസ്റ്റ് എടുക്കു.. ലീവ് ഞാൻ ശരിയാക്കാം..'' വിജി സാർ പറഞ്ഞു. ''അയ്യോ അതൊന്നും വേണ്ട സർ.. ഞാൻ ഇപ്പൊ ഓക്കേ ആയി.. വീണപ്പോ ഒരു വേദന തോന്നി എന്നെ ഉള്ളൂ.'' ആമി പറഞ്ഞു. ''അതൊന്നും പറഞ്ഞാൽ പറ്റില്ല. നാളെ ഒരു ദിവസം എങ്കിലും ലീവ് എടുത്തേ പറ്റൂ, കയ്യിലെ മുറിവിൽ സ്റ്റിച്ചുള്ളതല്ലേ, അല്ലെ ഷാദ്.'' കമല മാഡം പറഞ്ഞു. ''അതെ, ഞാൻ ലീവിന് കൊടുത്തിട്ടുണ്ട്.'' അത് പറഞ്ഞതും ആ സാധനം കുറുക്കന്റെ മാതിരി ഒരു നോട്ടം. ഞാൻ മൈൻഡ് ചെയ്തില്ല. അപ്പോളേക്കും പ്രിയ വന്നു. അവൾ ആമിക്ക് മരുന്ന് കൊടുത്തു ബാക്കി മരുന്ന് എന്നെ ഏൽപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ ഡ്രസിങ് മാറ്റാം എന്നും പറഞ്ഞു പോയി. ''അപ്പൊ നിങ്ങൾ ഇറങ്ങിക്കോ..'' എന്നും പറഞ്ഞു വിജി സാറും കമല മാഡവും പോയി. ഞാൻ മെല്ലെ അവളെ മരുന്നും പേപ്പെസും ഒക്കെ എടുത്തു. ആമിയും എണീറ്റ് വന്നു. ഞങ്ങൾ പുറത്തേക്കു പോവുമ്പോൾ ആണ് യാസി വരുന്നത് കണ്ടത്. ഞാൻ ഉള്ളത് കൊണ്ടാവും,

''എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..'' എന്ന് മാത്രം ചോദിച്ചിട്ടു പോയി. ഞാൻ കൗണ്ടറിൽ പോയി ബിൽ തരാൻ പറഞ്ഞപ്പോ അതൊക്കെ പിന്നെ ചെയ്യാം എന്ന് പ്രവീൺ പറഞ്ഞു. അപ്പോളാ ഒരാൾ ഞങ്ങളെ നേരെ വന്നത്. കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ ആമിയെ നോക്കി, അവൾ പേടിച്ചിട്ടുണ്ടാവും എന്ന് കരുതി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ അയാളോട് പുഞ്ചിരിച്ചു. ''എന്താടോ ആമീ പറ്റിയെ??? ഞാൻ അങ്ങോട്ട് വരുവാരുന്നു, കുറച്ചു തിരക്കിൽ ആയിപ്പോയി..'' ശരത് സാർ പറഞ്ഞു. ''ഒന്നുമില്ല ശരത്തേട്ടാ, ഒന്ന് സ്ലിപ് ആയതാ..'' ശരത്തേട്ടനോ ഇതൊക്കെ എപ്പോ... ഞാൻ അത്ഭുതത്തോടെ ആമിയെ നോക്കി. ''ഏട്ടൻ എങ്ങനെ അറിഞ്ഞു..'' അവള് വീണ്ടും ചോദിച്ചു. ഇവര് സംസാരിച്ചിരുന്നു ശരത് സാർ സോറി പറഞ്ഞിരുന്നു എന്നൊക്കെ ആമി പറഞ്ഞിരുന്നെങ്കിലും ഇത്ര ഒന്നും പ്രതീക്ഷിച്ചില്ല. ''അതൊരാൾ ഗ്രൂപ്പിൽ ഇട്ടിരുന്നല്ലോ.'' എന്ന് പറഞ്ഞു ശരത് സാർ ചിരിച്ചു. ''എന്താടോ നോക്കി നടക്കണ്ടേ.. പോട്ടെ, ഇനി ശ്രദ്ധിക്കണം.. രണ്ടു ദിവസത്തേക്ക് വരണ്ട.'' ശരത് സാർ പറഞ്ഞു.

''അയ്യോ അത് വേണ്ട. ഒരു ദിവസത്തേക്ക് മതി. ഇന്ന് നയിട്ട് പറ്റില്ല, നാളെ രാത്രി ഡ്യൂട്ടിക്ക് വരും..'' ആമി പറഞ്ഞു. ഇവൾക്ക് ലീവ് അലർജി ആണെന്ന് തോന്നുന്നു. ഇവളെ പേരും പറഞ്ഞു രണ്ടു ദിവസം സുഖമായി റൂമിൽ ഇരിക്കാമെന്നു വച്ചപ്പോ സമ്മതിക്കുന്നില്ല, വവ്വാൽ. ''ആഹ് നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. എന്ന വിട്ടോ..'' ശരത് സാർ പറഞ്ഞു. ''ആഹ് ആമീ ഒരു ഗുഡ് ന്യൂസ് ഉണ്ട്.. വൈഫിനു വിശേഷം ഉണ്ട്, ഇന്നലെ കൺഫേം ആയി. താൻ സംസാരിച്ചതിന് ശേഷമാ അവള് പഴയ പോലെ ആയതു. അല്ലെങ്കിൽ എപ്പോളും ആകെ മൂഡി ആയി ഡിപ്രെസ്സ്ഡ്‌ ആയിരുന്നു.. തന്നോട് സംസാരിച്ച ശേഷം അവൾക്കു ആകെ ഒരു മാറ്റം ആയിരുന്നു. അല്ലെങ്കിൽ ആൾക്കാരുടെ ചോദ്യം ഭയന്ന് നാട്ടിൽ പോവാതിരുന്ന ആൾ സ്വയം ടികെട് ഒക്കെ എടുത്തു നാട്ടിൽ പോണം എന്ന് പറഞ്ഞു. രണ്ടു മാസം വാല് പഴയ നിഷ ആരുന്നു. വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. അതോണ്ട് തന്റെ കല്യാണ കാര്യം ഒന്നും അറിഞ്ഞില്ല.കോൺഗ്രാറ്സ് പിന്നെ താങ്ക്സ് ഉണ്ട്ട്ടോ നിഷയെ പഴയ പോലെ ആക്കിയതിനു...'' ശരത് സാർ പറഞ്ഞു.

''ആഹാ എനിക്ക് താങ്ക്സ് ഒന്നും വേണ്ട,ട്രീറ്റ് മതി. പിന്നെ ചേച്ചിയോട് നല്ലോണം കെയർ ചെയ്യാൻ പറയണം..'' ആമി പിന്നേം എന്തൊക്കെയോ ശരത് സാറിനെ ഉപദേശിച്ചു. ''എന്റെ പൊന്നോ, എല്ലാം ഞാൻ പറഞ്ഞോള്ളാം.. അല്ലെങ്കിൽ നീ തന്നെ ഫോൺ ചെയ്‌താൽ പറഞ്ഞാ മതി.'' ശരത് സാർ അവളെ നോക്കി കൈ കൂപ്പി. ഞാൻ നിന്നു ചിരിച്ചു. ''നിഷ ചേച്ചിനോട് പറയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞോള്ളാം. ഇതൊക്കെ ശരത്തേട്ടൻ ചെയ്യേണ്ട കാര്യങ്ങളാ. ഒരു ഭാര്യ തന്റെ ഭർത്താവിന്റെ സ്നേഹവും സാമീഭ്യവും ഏറ്റവും കൂടുതൽ കൊതിക്കുന്ന സമയമാ ഇത്. എല്ലാർക്കും അത് കിട്ടണം എന്നില്ല.'' ആമി പറഞ്ഞതും അവൾ അവളെ കാര്യം വച്ചാണ് പറഞ്ഞതെന്ന് മനസ്സിലായി. ''ഒക്കെ ഞാൻ നോക്കിക്കൊള്ളാം.. എട്ടു വര്ഷം കാത്തിരുന്നു കിട്ടിയതല്ലേ, ഞാൻ നല്ലോണം ശ്രദ്ധിച്ചോള്ളാം.. പിന്നെ നിന്റെ ട്രീറ്റ് നമ്മക്ക് നിന്റ മുറിവൊക്കെ മാറീട്ടു പരിഗണയിൽ എടുക്കാം.. പിന്നെ തിരിച്ചും വേണം ട്രീറ്റ്.'' ശരത് സാർ പറഞ്ഞു. ''ഇതൊക്കെ എന്ത് സാർ, ഇതൊക്കെ ഒരു മുറിവാണോ.. ഇതിലും വലുതൊക്കെ നമ്മള് കണ്ടതാ..''

എന്നും പറഞ്ഞു ആമി ചിരിച്ചു കൂടെ ശരത് സാറും. അവൾ തമാശ പറഞ്ഞതാ എന്നാണു സാർ കരുതിയെ, പക്ഷെ അവളെ ഉള്ളിലെ വേദന ആണ് അത് എന്ന് എനിക്കെ അറിയൂ.. ''നിങ്ങള് പൊക്കോ, ഷാദ് കുറെ സമയം ആയി പോസ്റ്റ് ആയിട്ട്.'' ശരത് സാർ പറഞ്ഞു. ഞാനൊന്നു ചിരിച്ചു. സാർ പോയപ്പോ ഞാൻ അവളേം കൂട്ടി കാറിലേക്ക് നടന്നു. ''ടീ നിനക്ക് മന്ത്രവാദം അറിയോ??'' ഞാൻ ചോദിച്ചു. ''എന്തോന്ന്??'' ആമി എന്നെ നോക്കി. ''അല്ല നീ എങ്ങനെയാ എല്ലാരേം ഇങ്ങനെ കയ്യിലെടുക്കുന്നെ??'' ഞാൻ ചോദിച്ചു. ''അതൊക്കെ ഒരു ട്രിക്ക് ആണ് മോനെ... പിന്നെ മനസ്സ് നല്ലതായിരിക്കണം.. ഡ്രാക്കുളയെ കൊണ്ടൊന്നും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'' ആമി പറഞ്ഞതും ഞാൻ ടീ എന്ന് പറഞ്ഞു അവളെ അടിക്കാൻ കയ്യോങ്ങി. അപ്പൊ ആ ജന്തു കൈ കുരിശു പോലെ വച്ചിട്ട് ''പോ സാത്താനെ പോ'' എന്ന് പറയാ.. എനിക്കതു കണ്ടു ചിരി വന്നു. അപ്പൊ അവളും ചിരിച്ചു. ഞങ്ങള് കാറിൽ കേറി റൂമിലേക്ക് വിട്ടു. കുറച്ചു കഴിഞ്ഞു അവളെ അനക്കമൊന്നും കേൾക്കാണപ്പോ ആള് നല്ല ഉറക്കം,

അതും ഒടിഞ്ഞു കുത്തി ഇരുന്നിട്ട്.. ഞാൻ കാർ സൈഡ് ആക്കി അവളെ സീറ്റിലേക്ക് തല ചാരി വച്ച് കൊടുത്തു. കാർ മുന്നോട്ടു എടുത്തപ്പോ ധാ വന്നു എന്റെ ഷോൾഡറിലേക്കു, മാറ്റി കിടത്തിയെങ്കിലും പിന്നേം ഇതെന്നെ. അങ്ങനെ അത് ശ്രദ്ധിക്കാതെ ഞാൻ റൂമിലേക്ക് വിട്ടു. @@@@@@@@@@@@@@@@@@@@@@@@@@@@@ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്. നോക്കുമ്പോ ഷാദ്, ഞാൻ കാറിൽ ഇരുന്നു ഉറങ്ങിപ്പോയതാ. ഞാൻ പുറത്തിറങ്ങി വേഗം നടന്നു. ഷാദ് സാധനങ്ങൾ ഒക്കെ എടുത്തു പിന്നാലെ വന്നു. റൂം തുറന്നതും ഞാൻ വേഗം ബെഡിലേക്കു വീണു. ''ആമീ വന്നു ഫുഡ് കഴിക്ക്...'' ഷാദ് വിളിച്ചു. ''എനിക്ക് വേണ്ട, ഞാൻ ഉറങ്ങട്ടെ... അല്ല ഫുഡ് എവിടുന്നാ..'' ഞാൻ ചോദിച്ചു. ''അതൊക്കെ വരുന്ന വഴി വാങ്ങി, നീ നല്ല ഉറക്കം അല്ലാരുന്നോ.. വന്നു കഴിക്ക്.'' ഷെഡ് പറഞ്ഞു. ''എനിക്ക് വേണ്ട, എനിക്ക് ഉറങ്ങിയാ മതി.'' ഞാൻ പറഞ്ഞു. ''അത് പറ്റില്ല, നല്ല ഹെവി ഡോസ് മരുന്നുകളാ കഴിക്കാൻ ഉള്ളത്. വന്നു ഫുഡ് കഴിക്ക്.'' ഷാദ് ''എനിക്ക് വേണ്ട.. പ്ളീസ്..'' എന്നും പറഞ്ഞു ഞാൻ പുതപ്പെടുത്തു മൂടി കണ്ണടച്ച് കിടന്നു.

''ടീ എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്നു കഴിച്ചോ.. ഇല്ലെങ്കിൽ പൊക്കി എടുത്തു ഇവിടെ കൊണ്ട് വന്നു ഇരുത്തും.'' ഷാദ് വിളിച്ചു പറഞ്ഞു. ''പറ്റുന്ന കാര്യം പറഞ്ഞാ പോരെ.. ആ ഒണക്ക ബോഡിയും കൊണ്ട് എന്നെ എടുത്ത മോൻ ഒടിഞ്ഞു പോവും..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. പിന്നെ അവന്റെ മറുപടി ഒന്നും വന്നില്ല. ഞാൻ നല്ല സമാധാനത്തിൽ കണ്ണും പൂട്ടി കിടന്നു. പെട്ടെന്ന് ആണ് ആരോ പുതപ്പു വലിച്ചു മാറ്റിയത്. ''ആഹാ സ്കാർഫ് പോലും ഊരാതെ ആണോ വന്നു കിടന്നതു...'' എന്നും പറഞ്ഞു ആ ജന്തു എന്നെ അവന്റെ കയ്യിൽ എടുത്തു. ''ഏയ് കൊരങ്ങാ.. വിട്.. ഞാൻ തമാശ പറഞ്ഞതാ. എന്നെ താഴെ ഇറക്ക്... ഞാൻ പോയി കഴിച്ചോല്ലാം..'' ഞാൻ പറഞ്ഞു, ആര് കേൾക്കാൻ. ''നിന്നോട് മര്യാദക്ക് പറഞ്ഞതല്ലേ, നീ കേട്ടില്ലല്ലോ... ജിമ്മിൽ അൻപതും അറുപതും കിലോ എടുക്കുന്ന എനിക്കാണോ മുപ്പതു കിലോ ഉള്ള നിന്നെ എടുക്കാൻ പറ്റാത്തത്.. മുമ്പത്തെ കാര്യം മോള് മറന്നു പോയോ.'' ഷാദ് പറഞ്ഞു. ''ഡാ ഡ്രാക്കുളെ കൊരങ്ങാ എന്നെ ഇറക്ക്..'' എന്ന് പറയുമ്പോളേക്കും അവൻ എന്നെ ടേബിളിന്റെ അടുത്ത് എത്തിച്ചിരുന്നു.

എന്നിട്ടു ചെയറിൽ ഇരുത്തി. ഞാൻ അവനെ ദേഷ്യത്തോടെ നോക്കിയപ്പോ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഒരു മസാല ദോശ മുന്നിൽ വച്ച് തന്നു. ഞാൻ അതിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി. @@@@@@@@@@@@@@@@@@@@@@@@@ ഫുഡ് കഴിക്കാൻ വിളിച്ചിട്ടു അവൾക്കു മടി. കുറെ വിളിച്ചിട്ടും അവൾ എന്നെ കളിയാക്കാ. പിന്നൊന്നും നോക്കീല, നേരെ പോയി അവളെ പൊക്കി എടുത്തു കൊണ്ട് വന്നു ചെയറിൽ ഇരുത്തി. അവൾ കുറെ എതിർക്കാൻ നോക്കി എങ്കിലും ഞാൻ വിട്ടില്ല. മുന്നിൽ മസാല ദോശ വച്ച് കൊടുത്തപ്പോ അവൾ അതിലേക്കു എന്നെയും മാറി മാറി നോക്കാ. ''എന്താടീ നീ മസാല ദോശ ഇതുവരെ കണ്ടിട്ടില്ലേ... അതോ എന്നെ കണ്ടിട്ടില്ലേ..'' ഞാൻ ചോദിച്ചു. ''ഇതെപ്പോ വാങ്ങി..'' ഞാൻ ചോദിച്ചു. ''അതൊക്കെ വരുമ്പോ കാർ സൈഡ് ആക്കി വാങ്ങി. നീ നല്ല ഉറക്കം ആയിരുന്നല്ലോ..'' ഞാൻ പറഞ്ഞു. പിന്നെ അവൾ ഒന്നും മിണ്ടാതെ അതും നോക്കി ഇരിക്കാ.. ''എന്തെ കഴിക്കുന്നില്ല...'' ഞാൻ ചോദിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ല. എന്തോ ആലോചിച്ചു ഇരിക്കാ.. ''എന്താടീ..'' എന്ന് ഉറക്കെ ചോദിച്ചതും അവളെന്നെ നോക്കി. ''ഞാൻ മസാല ദോശ കഴിക്കാറില്ല.'' ആമി പറഞ്ഞു. അവളെ കണ്ണൊക്കെ നിറഞ്ഞിരുന്നു.

''എന്താ ഷെസിന് അതും ഇഷ്ടല്ലേ..'' ഞാൻ ചോദിച്ചു. അവൾ എന്ത് വേണ്ട എന്ന് വച്ചിട്ടുണ്ടെങ്കിലും അത് അവൻ കാരണം ആണല്ലോ. അവൾ ഒന്നും പറയാതെ എന്നെ നോക്കി പുഞ്ചിരിച്ചു. ''ഹമ്മ് പറ എന്താ കാര്യം..'' ഞാൻ ചോദിച്ചു. ''ഞാൻ പ്രെഗ്നന്റ് ആയ സമയത്തു എനിക്ക് മസാല ദോശ ഭയങ്കര ഇഷ്ട്ടം ആയിരുന്നു. ആദ്യത്തെ ആറു മാസം അവൻ നല്ല സ്വഭാവം ആയിരുന്നല്ലോ. അപ്പൊ ഞാൻ ചോദിച്ചാൽ വാങ്ങാം എന്ന് പറയും. പക്ഷെ അവൻ മറക്കും. ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ട് രണ്ടു തവണ കൊണ്ട് തന്നിട്ടുണ്ടാവും. എന്നാലും ഞാൻ ഹാപ്പി ആരുന്നു. പിന്നെ സാജിദുമായുള്ള പ്രശ്നത്തിന് ശേഷം ഒരിക്കെ അവൻ വീട്ടിലേക്കു വരുമ്പോ ഇത് കൊണ്ട് വന്നിരുന്നു. ഞാൻ കരുതി എന്നോട് പുറമെ ദേഷ്യം ഉണ്ടെങ്കിലും ഉള്ളിൽ സ്നേഹം കാണുമെന്നു. പക്ഷെ എന്റെ എല്ലാ ധാരണയും തെറ്റി. അവൻ വീട്ടിലുള്ള എല്ലാവര്ക്കും കൊണ്ട് വന്നിരുന്നു, എനിക്കൊഴിച്ചു. എന്നിട്ടു എന്റെ മുന്നിൽ വച്ച് എല്ലാരോടും കഴിക്കാൻ പറഞ്ഞു. പിന്നെ ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇതാവർത്തിച്ചു.

അവനിതൊക്കെ ഒരു രസം ആയിരുന്നു. എന്നെ ശാരീരികമായി വേദനിപ്പിക്കാൻ പറ്റില്ലല്ലോ, അതോണ്ട് മാനസികമായി വേദനിപ്പിക്കും. പലപ്പോളും ഉമ്മയും മോനും പറയുമായിരുന്നു നോക്കി കൊതി വിടല്ലേ, ഞങ്ങൾക്ക് വയറു കേടാവും എന്ന്. എന്നാ അവിടുന്ന് പോവാമെന്നു വച്ചാലോ അതിനും സമ്മതിക്കില്ല. അവര് കഴിക്കുന്നത് ഞാൻ കാണണം. ആദ്യമൊക്കെ സങ്കടം ആയിരുന്നു. പിന്നെ ഒരുതരം വെറുപ്പായി, എന്റെ ഫേവറിറ്റ് ആയിട്ടുള്ള പല ഭക്ഷണങ്ങളും പല കാര്യങ്ങളും ഞാൻ ഇന്ന് ഏറ്റവും വെറുക്കുന്നു. കാരണം അത് കാണുമ്പോ തന്നെ അവനെ ഓർമിപ്പിക്കും വിധം എന്തേലും അവൻ ചെയ്തിട്ടുണ്ടാവും.'' അവള് പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു. എത്ര ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും നമ്മളെ മനസ്സിനെ വേദനിപ്പിക്കാൻ ഉള്ള കഴിവുണ്ടെന്ന് അവളെ സംസാരത്തിൽ നിന്നും മനസ്സിലാക്കി. ഞാൻ മെല്ലെ ഒരു പീസ് മുറിച്ചെടുത്തു ആമിയുടെ വായിൽ വച്ച് കൊടുത്തു. അവൾ വേണ്ട പറഞ്ഞെങ്കിലും നിർബന്ധിച്ചു അവളെ കൊണ്ട് മുഴുവനും കഴിപ്പിച്ചു. ''ആമീ ഷെസിന് നിന്റെ ജീവിതത്തിൽ നിന്നും പോയി, ഇനി ഒരിക്കലും അവൻ തിരിച്ചു വരില്ല. അത് കൊണ്ട് അവന്റെ ഓർമ്മകളും നിനക്ക് വേണ്ട.. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും അവനെ ഓർക്കരുത്..

പഴയ കുറെ നല്ല ഓർമ്മകൾ ഇല്ലേ, അത് മാത്രം മതി.'' ഞാൻ പറഞ്ഞു. അവളെന്നെ ദയനീയമായി നോക്കി. അവന്റെ ഓരോ പ്രവർത്തിയും അവളെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അവിടുന്ന് എണീറ്റ് അവൾക്കു മരുന്ന് കൊടുത്തിട്ടു പോയി കിടന്നോളാൻ പറഞ്ഞു. അവള് പോയി റൂമിൽ കിടന്നു ഞാനും സോഫയിൽ കിടന്നു ഉറങ്ങി. ഉച്ചയ്ക്ക് ചാരു കഞ്ഞിയും കൊണ്ട് വന്നപ്പോളാ എണീറ്റത്. ചാരുവും സച്ചുവും വന്നപ്പോ ആമി കുറച്ചു ഓക്കേ ആയി. കുറച്ചു കഴിഞ്ഞു അവർ പോയി. കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ, നാട്ടിലെ പോലെ അല്ലെങ്കിലും ഇവിടുള്ള റിലേറ്റീവ്‌സിന്റെ ഒക്കെ അടുത്ത് പോണം പോലും. ഉച്ചക്കെത്തെ മരുന്ന് കഴിച്ചു അവൾ വീണ്ടും ഉറങ്ങാൻ കിടന്നു. ഞാൻ മെല്ലെ റൂം ഒക്കെ ക്ലീൻ ചെയ്തു, അലക്കാൻ ഉള്ളതൊക്കെ വാഷിംഗ് മെഷീനിൽ ഇട്ടു. അപ്പോളേക്കും ആമി എണീറ്റിരുന്നു.

അവൾ ആകെ ടയേർഡ് ആയിരുന്നു. ഉറങ്ങാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. അങ്ങനെ ജോലി ഒക്കെ കഴിഞ്ഞു ഞങ്ങൾ ടി വി കാണാൻ ഇരുന്നു. ഏതോ ഒരു കച്ചറ ഡബ്ബ് ചെയ്ത ഹിന്ദി മൂവി കണ്ടു ഇരുന്നു. പകുതി ആയപ്പോ ഞാൻ ഉറങ്ങിപ്പോയി. ബെൽ അടിക്കുന്ന സൗണ്ട് കേട്ടിട്ടാ എണീറ്റത്. നോക്കുമ്പോ ആമിയും ഉറക്കം.. ഞാൻ എണീറ്റ് ആമിയെ വിളിച്ചിട്ടു ഡോർ തുറക്കാൻ പോയി. ഡോർ തുറന്നപ്പോ മുന്നിൽ സച്ചുവും പ്രവീണും ചാരുവും പ്രിയയും സാറയും.. ബാക്കിയുള്ളവരൊക്കെ വരുന്നുണ്ട് പറഞ്ഞു അവർ അകത്തേക്ക് കേറി. പെട്ടെന്ന് എന്തോ കണ്ടു സ്റ്റക്കായ പോലെ അവിടെ നിന്നു. ഞാൻ നോക്കിയപ്പോ ആമി അവരെ നോക്കുന്നുണ്ട്. അവൾക്കും കാര്യം മനസ്സിലായില്ല. പിന്നെ സച്ചു ചൂണ്ടി കാണിച്ച കാര്യം കണ്ടു ഞാനും ആമിയും മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story