ഡിവോയ്‌സി: ഭാഗം 40

divoysi

രചന: റിഷാന നഫ്‌സൽ

സച്ചു ടി വി യിലേക്ക് ആണ് ചൂണ്ടി കാണിച്ചത്. അതിൽ നല്ല അടിപൊളി റൊമാന്റിക് സീൻ നടന്നോണ്ടിരിക്കുവാണ്. ഞങ്ങൾ കണ്ടു കൊണ്ടിരുന്ന ഫിലിം ഒക്കെ തീർന്നു. ഇപ്പൊ വേറൊരു ഹിന്ദി മൂവി ആണ്. ഞാനും ആമിയും ഇതൊക്കെ എപ്പോ എന്ന രീതിയിൽ പരസ്പരം നോക്കി. ഞാൻ വേഗം ടി വി ഓഫ് ചെയ്തു. തിരിഞ്ഞപ്പോ എല്ലാം കയ്യും കെട്ടി എന്നെ നോക്കാ. ''ടാ റസ്റ്റ് എടുക്കാൻ വന്നിട്ട് രണ്ടും കൂടി റൊമാൻസ് ആണോ..'' സച്ചു ''അപ്പൊ ഇതിനായിരുന്നു എനിക്ക് റൂമിലേക്ക് പോയാ മതി എന്നും പറഞ്ഞു നീ കയറു പൊട്ടിച്ചത് അല്ലെ..'' ചാരു. ''ടാ നിങ്ങള് കാര്യം അറിയാതെ..'' ഞാൻ പറയാൻ തുടങ്ങിയതും സച്ചു എന്നെ തടഞ്ഞു. പിന്നേം അവര് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. എന്റെ തൊലി ഉരിഞ്ഞു പോയ പോലെ തോന്നി. ആമി ആണെങ്കി പാവം കളിയാക്കുന്നതൊക്കെ കേട്ട് ആകെ നാണം കെട്ട് താഴോട്ട് നോക്കി നിക്കാണ്. ഞാൻ സച്ചൂന്റെ വാ പൊത്തി പിടിച്ചു. ''ടാ ഇനി മിണ്ടരുത്... ഞങ്ങള് ഇതല്ല വേറൊരു ഫിലിം ആണ് കണ്ടോണ്ടു നിന്നെ. അതിനിടെൽ രണ്ടാളും ഉറങ്ങിപ്പോയി. നിങ്ങള് വന്നപ്പോളാ എണീറ്റത്..'' എന്നും പറഞു അവനെ വിട്ടു. ആമിയും അതെ എന്ന് പറഞ്ഞു. അപ്പൊ പ്രിയ ''ഓ ഞങ്ങള് വിശ്വസിച്ചു'' എന്ന് പറഞ്ഞു.

പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോളേക്കും ആഷിയും സിനുവും വന്നു. സൈറ ഷാജു വരാൻ ലേറ്റ് ആവും എന്നുള്ളത് കൊണ്ട് വന്നില്ല. പിന്നെ അവര് കൊണ്ട് വന്ന സ്നാക്സ് ഒക്കെ എടുത്തു പ്ലേറ്റിൽ ഇട്ടു. ഏതോ മലബാർ റെസ്റ്റോറന്റ് എന്നാ പറഞ്ഞത്. നമ്മളെ നാട്ടിലെ ഉന്നക്കായ, കല്ലുമ്മക്കായ, ചട്ടിപ്പത്തിരി തുടങ്ങി പഴംപൊരി കട്ലറ്റ് ചിക്കൻ റോൾ എല്ലാം ഉണ്ട്. ആമി ഇതൊക്കെ കണ്ടു വണ്ടറിച്ചു ഇരിക്കാണ്.. ''ഒരു രോഗിയെ കാണാൻ വരുമ്പോ ഇതൊക്കെ ആണോ കൊണ്ട് വരാ..'' ഞാൻ ചോദിച്ചു. ''ഒരു രോഗിയുടെ കൂടെ റൊമാൻസ് ആകാം, ഇതൊക്കെ കഴിക്കുന്നതാ കുഴപ്പം..'' ചാരുവാണ്.. വെറുതെ വടി കൊടുത്തു അടി വാങ്ങി. ''അതെന്താ ചാരു നീ അങ്ങനെ പറഞ്ഞത്..'' സിനുവാണ്. ഞാൻ അവളെ നോക്കി കണ്ണുരുട്ടിയപ്പോ ചാരു ''ഒന്നുമില്ലേ'' എന്ന് പറഞ്ഞു. പിന്നെ എല്ലാവരും കത്തി അടിച്ചു ഇരുന്നു. ഇന്ന് യാസിയും അർജുനും നയിട്ട് ഡ്യൂട്ടി എടുക്കും. നാളെ ഞാൻ പോണം, ആമിയും കൂടെ വരും പക്ഷെ അവളെ എങ്ങനേലും പിടിച്ചു നിർത്തി ഒരു ദിവസം കൂടി റസ്റ്റ് എടുപ്പിക്കണം. ഞാൻ നോക്കുമ്പോ ആമി ഫുഡ് നോക്കി ഇരിക്കുന്നു എന്നല്ലാതെ ഒന്നും കഴിക്കുന്നില്ല. ഞാൻ മെല്ലെ അവളുടെ അടുത്ത് പോയി.

''ഇതും ഷെസിന് ഇഷ്ടമല്ലേ..'' ഞാൻ അമീടെ ചെവിയിൽ ചോദിച്ചു. അപ്പൊ എന്റെ നേരെ നോക്കി കണ്ണുരുട്ടിയിട്ടു അതൊക്കെ കഴിക്കാൻ തുടങ്ങി. അവളുടെ തീറ്റ കണ്ടു എല്ലാരും അന്തം വിട്ടു ഇരിക്കാ. ''ടീ നീ അല്ലെ ഇപ്പൊ പറഞ്ഞെ നിനക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്ന്..'' പ്രിയ. ''ആഹ് ഇപ്പൊ തിന്നാൻ തോന്നി.'' ആമി പറഞ്ഞു. ഞാൻ ഇതൊക്കെ കണ്ടു ചിരിച്ചു. രാത്രി ഫുഡും കഴിച്ചു എല്ലാരും കത്തി അടിച്ചു ഇരുന്നു. അപ്പോഴാ ഞാൻ ആമിയെ ശ്രദ്ധിച്ചേ. അവൾ എല്ലാരോടും സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. നല്ല ക്ഷീണം ഉണ്ട്. പിന്നെ ഇടയ്ക്കു കയ്യും പിടിച്ചു തടവുന്നുണ്ട്. ചിലപ്പോ വേദന ഉണ്ടാവും.. അത് കണ്ടപ്പോ ഞാൻ എല്ലാത്തിനേം ആട്ടി ഓടിച്ചു.. എന്നിട്ടു ആമിക്ക് മരുന്നും കൊടുത്തു ഉറങ്ങാൻ അയച്ചു, ഞാനും പോയി ഉറങ്ങാൻ കിടന്നു. ഇന്നും ഞാൻ അവളെ അനങ്ങാൻ വിട്ടില്ല. ഫുൾ റസ്റ്റ് എടുപ്പിച്ചു. വൈകീട്ട് ചാരുവും സച്ചുവും വന്നപ്പോ ഞാൻ ഡ്യൂട്ടിക്ക് പോവാൻ ഇറങ്ങി. ഇന്ന് ആമിക്ക് പകരം സച്ചു എന്റെ കൂടെ വന്നു. ചാരു ആമിയുടെ കൂടെ നിന്നു. ആമി കുറെ ഡ്യൂട്ടിക്ക് പോവാൻ വാശി പിടിച്ചെങ്കിലും എല്ലാരും പറഞ്ഞപ്പോ അവൾ മിണ്ടാതെ നിന്നു.

അങ്ങനെ ആ ആഴ്ച കടന്നു പോയി. ആമിയുടെ നെറ്റിയിലെ മുറിവ് ഉണങ്ങിയെങ്കിലും കയ്യിലേതു അങ്ങനെ തന്നെ ഉണ്ട്. സ്റ്റിച് എടുത്തെങ്കിലും ഉണങ്ങാൻ തുടങ്ങീട്ടില്ല, ഇപ്പോളും ഡ്രസ്സ് ചെയ്യണം. സ്റ്റിച് എടുക്കാൻ പോയതും ശരൺ കണ്ടം വഴി ഒരൊറ്റ ഓട്ടം ആയിരുന്നു. അവിടെ പുല്ലു പോയിട്ട് മണ്ണുണ്ടോ എന്ന് പോലും സംശയിക്കും. ഇവളിത്രക്കു ഭീകരി ആണോ എന്ന് ആലോചിച്ചു നിന്നു. അപ്പോളാ പ്രിയ പറഞ്ഞത് കഴിഞ്ഞ ദിവസം ഡ്രസിങ് ചെയ്യാൻ വന്നപ്പോ അവൻ ആയിരുന്നു ഉണ്ടായിരുന്നെ. എന്തോ അവന്റെ കഷ്ടകാലത്തിനു പ്ലാസ്റ്റർ എടുക്കുമ്പോ വലിഞ്ഞു ചോര വന്നു. ആമിക്ക് നല്ലോണം വേദന ആയി. ആ സമയത്തു ശരണിനാണ് അതിന്റെ റീയാക്‌ഷൻ കിട്ടിയത്. അവന്റെ മിഡിൽ സ്റ്റമ്പ് ഇവൾ ചവിട്ടി തെറിപ്പിച്ചു എന്നൊക്കയാ പ്രിയ പറഞ്ഞെ, പാവം ചെക്കൻ. പിന്നെ വെള്ളിയാഴ്ച എല്ലാരും ബീച്ചിലേക്ക് ഇറങ്ങി. അമ്മൂട്ടിയെയും കൊണ്ട് സാറാ പോയപ്പോ ആമിയും പിന്നാലെ വെള്ളത്തിൽ പോവാൻ നിന്നതാ. ഞാൻ അവളെ പിടിച്ചു അവിടെ തന്നെ ഇരുത്തി. പൂഴിയോ വെള്ളമോ ആയാൽ മുറിവ് പഴുക്കാൻ ചാൻസ് ഉണ്ട്.

അതോണ്ട് മുഖവും വീർപ്പിച്ചു ഇരിപ്പുണ്ട്. അപ്പോളാണ് സച്ചു പറഞ്ഞത് ''അടുത്ത ആഴ്ച ബുധൻ തൊട്ടു വെള്ളി വരെ ഗവണ്മെന്റ് ലീവ് ആണ്. നമ്മൾക്ക് റിസോർട്ടിലേക്കു പോയാലോ.. അതിന്റെ ലാസ്‌റ് ഡേറ്റ് ഈ മാസം ലാസ്‌റ് വരെ ഉള്ളൂ.'' ''ആഹ് നല്ല കാര്യം.. നാല് ദിവസം അടിച്ചു പൊളിക്കാം..'' പ്രവീൺ പറഞ്ഞു. ഞാനും ആമിയും പരസ്പരം നോക്കി. എല്ലാവരുടെയും സന്തോഷത്തിനു ഞങ്ങൾ സമ്മതിച്ചു. ആഷിയെയും സിനുവിനെയും വിളിച്ചെങ്കിലും അവർ വന്നില്ല. അവർ നാട്ടിലേക്ക് പോവാണ്, ഫാമിലിയെ കൊണ്ട് വരാൻ. രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ. അങ്ങനെ എല്ലാം സെറ്റ് ആക്കി ഞങ്ങൾ ബുധനാഴ്ച പോവാൻ തീരുമാനിച്ചു. ഷാജുവിന്‌ രണ്ടു ദിവസമേ ലീവ് ഉള്ളൂ, അതോണ്ട് അവൻ ബുധനാഴ്ച ലീവ് എടുക്കും. അപ്പൊ ഇനി പോവാനുള്ള പ്ലാനിംഗ് ആണ് എല്ലാരും. @@@@@@@@@@@@@@@@@@@@@@@@@@ താല്പര്യം ഇല്ലെങ്കിലും പോവാതെ പറ്റില്ല. പിന്നെ അവരുടെയൊക്കെ കൂടെ ആയോണ്ട് സന്തോഷം മാത്രമേ ഉള്ളൂ.. അങ്ങനെ ആ ആഴ്ച മൂന്നു ദിവസം കഴിഞ്ഞു കിട്ടാൻ ഉള്ള തത്രപ്പാടിൽ ആണ് എല്ലാരും. ചൊവ്വാഴ്ച രാത്രി ഞങ്ങൾ എല്ലാരും ഷോപ്പിങ്ങിനൊക്കെ ഇറങ്ങി

. കാറിൽ നിന്ന് കഴിക്കാൻ സ്‌നാക്‌സും യാത്രക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ ഞങ്ങൾ വാങ്ങി. അങ്ങനെ ആ ദിവസം വന്നെത്തി. ഡ്രൈവ് ചെയ്യാനുള്ള മടി ക്ഷീണം പിന്നെ എല്ലാരിക്കും ഒരു കാറിൽ പോവാൻ പറ്റില്ല എന്നുള്ള കാരണം കൊണ്ട് ഞങ്ങൾ ഒരു മിനി വാൻ വാടകയ്ക്ക് എടുത്തു. ഒരു 9 സീറ്റർ വണ്ടി. ഡ്രൈവർ മലയാളി ആയോണ്ട് വല്യ ഭാഷാ കുഴപ്പങ്ങൾ ഒന്നും ഇല്ല. അങ്ങനെ ഞങ്ങൾ അബുദാബിയിൽ ഉള്ള റിസോർട്ടിലേക്കു പുറപ്പെട്ടു. മൂന്നു മണിക്കൂർ യാത്ര ഉണ്ടെന്നാ ഡ്രൈവർ പറഞ്ഞത്. ആദ്യം നല്ല ഉന്മേഷത്തിൽ എല്ലാരും പാട്ടും ഡാൻസും ഒക്കെ ആരുന്നു. ഞാൻ അതൊക്കെ നോക്കി സീറ്റിൽ തന്നെ ഇരുന്നു. എനിക്കൊന്നിനും മൂഡ് തോന്നിയില്ല. പിന്നെ ഷാദ് ഞാൻ കൈ ആനക്കുന്നുണ്ടോ നോക്കി എന്റെ പിന്നാലെ തന്നെ ഉണ്ട്. അമ്മൂട്ടിയെ പോലും എടുക്കാൻ സമ്മതിക്കില്ല. ആദ്യം ദേഷ്യം വന്നെങ്കിലും എന്നെ കെയർ ചെയ്യാൻ ഒരാൾ ഉണ്ടല്ലോ എന്ന സന്തോഷം തോന്നി. ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോ എല്ലാരും തളർന്നു. എന്റടുത്തിരുന്ന ചാരു മെല്ലെ എണീറ്റ് സച്ചുവേട്ടന്റെ അടുത്തേക്ക് പോയി.

അപ്പൊ ഷാദ് എന്റടുത്തു വന്നിരുന്നു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എന്തോ ഈ യാത്രയിൽ എന്തൊക്കെയോ നടക്കാൻ പോവുന്നെന്ന് എന്റെ മനസ്സ് പറയുന്നു. ''എന്തോ വല്യ ആലോചനയിൽ ആണല്ലോ???'' ഷാദ് ആണ്. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഒരു പുഞ്ചിരി നൽകി പുറത്തേക്കു നോക്കി ഇരുന്നു. പിന്നെ അവനും എന്നെ ശല്യപ്പെടുത്തിയില്ല. പെട്ടെന്ന് ഷാദ് എന്റെ തോളിലേക്ക് ചാഞ്ഞു. നോക്കിയപ്പോ അവൻ ഉറങ്ങീട്ടുണ്ട്. ഞാൻ ചുറ്റും ഒന്ന് നിരീക്ഷിച്ചപ്പോ ഡ്രൈവർ ഒഴിച്ച് ബാക്കി എല്ലാരും ഗാഢനിദ്രയിൽ ആണ്. ഉറങ്ങാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. എനിക്ക് യാത്ര ചെയ്യുമ്പോ ഉറക്ക് വരില്ല. അങ്ങനെ മൂന്നു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ റിസോർട്ടിൽ എത്തി. പുറത്തു നിന്നു നോക്കുമ്പോ തന്നെ മനസ്സിലായി അടിപൊളി സെറ്റ് അപ്പ് ആണെന്. ഷാദ് അപ്പോളും നല്ല ഉറക്കം ആണ്. ഞാൻ മെല്ലെ അവനെ തട്ടി ഉണർത്തി. എവിടെ നല്ല ഉറക്കം. ആ മുഖം ഒന്ന് കാണണം ആയിരുന്നു. പടച്ചോനെ ഇവനെ കാണാൻ ഇത്ര ഭംഗിയൊക്കെ ഉണ്ടോ.. നിഷ്കളങ്കമായ മുഖം, കട്ട താടിയും മീശയും, സ്പൈക്ക് ആക്കി വച്ച മുടി..

ഷോ എന്റെ കെട്ടിയോനിത്ര സുന്ദരൻ ആയിരുന്നോ.. നോ ആമി, ഇവൻ നിനക്ക് ഫ്രണ്ട് മാത്രം ആണ്. ഷാനി അവൾക്കു മാത്രമേ ഇവനെ സ്നേഹിക്കാൻ അനുവാദം ഉള്ളൂ.. അവന്റെ മനസ്സിലും അവൾ മാത്രമേ ഉള്ളൂ. ഇപ്പൊ ഇവനെ എണീപ്പിക്കാൻ നോക്ക്.. ഞാൻ എന്നോട് തന്നെ പറഞ്ഞു. ''എന്താ ആമീ ഇറങ്ങുന്നില്ലേ..'' സാറയാണ്.. ''ആഹ് ദാ വരുന്നു. ഇതിനെ ഒന്ന് എണീപ്പിക്കട്ടെ..'' ഞാൻ പറഞ്ഞു. ''ഷാദ്.. ഷാദ്... എണീക്കു...'' എവിടെ ഒരു കുലുക്കവും ഇല്ല. പെട്ടെന്നൊരു ഐഡിയ തോന്നി. ഞാൻ മെല്ലെ ഷാദിന്റെ ചെവിടെ അടുത്ത് പോയി ''ട്ടോ'' എന്ന് പറഞ്ഞു. അപ്പൊ തന്നെ ചെക്കൻ ''ഉമ്മാ ഞാൻ കൊക്കയിൽ വീണേ'' എന്നും പറഞ്ഞു സീറ്റിന് താഴോട്ടേക്കു വീണു. ഇവന് കൊക്കയിൽ വീഴൽ ഹോബി ആണെന്ന് തോന്നുന്നു. അത് കണ്ടു ഞാൻ പൊരിഞ്ഞ ചിരി ആരുന്നു, കൂടെ മറ്റുള്ളവരും.. അവൻ ''ഡീ'' എന്ന് അലറി എന്റെ അടുത്ത് എത്തുമ്പോളേക്കും ഞാൻ ഓടി പുറത്തിറങ്ങി. മെല്ലെ ഷാദും പൊടിയൊക്കെ തട്ടി ഇറങ്ങി വന്നു. ഞാൻ അവനെ നോക്കി ചിരിച്ചെങ്കിലും നോ മൈൻഡ്. ഞങ്ങൾ അകത്തേക്ക് കേറി ആ കൂപ്പൺ കാണിച്ചു. അപ്പൊ തന്നെ അവര് ഞങ്ങൾക്ക് റൂമിന്റെ കീ ഒക്കെ തന്നു. ഓരോ കപ്പിൾസിനും ഓരോ റൂം ആണ്. പകൽ അബുദാബി ചുറ്റാൻ പോവാം എന്ന് തീരുമാനിച്ചു.

ഞങ്ങൾ എല്ലാരും റൂമിലേക്ക് വിട്ടു. ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങി. അപ്പൊ ദേ നമ്മടെ ചെക്കൻ വീണ്ടും കിടന്നു ഉറങ്ങുന്നു. ഇവനെ കൊണ്ട് തോറ്റല്ലോ.. വേഗം അവന്റെ കാലു പിടിച്ചു വലിച്ചു ബെഡിൽ നിന്നും താഴെ ഇട്ടു. ''ഉമ്മാ'' എന്നും പറഞ്ഞു ഒരു അലറൽ ആയിരുന്നു. എണീക്കാൻ നോക്കിയതും കട്ടിലിന്റെ സൈഡിൽ തല മുട്ടി വീണ്ടും വീണു. ഞാൻ അതൊക്കെ കണ്ടു നിന്നും ഇരുന്നും ഒക്കെ ചിരിച്ചു. ''ടീ പിശാശ്ശെ നിനക്കെന്താടീ വേണ്ടത്. എന്തിനാ എന്നെ കൊല്ലാക്കൊല ചെയ്യുന്നേ...'' അവൻ അലറി. ''ഓ പതുക്കെ പറ കൊരങ്ങാ.. എല്ലാരും റെഡി ആയി പുറത്തു കാറിന്റെ അടുത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. വേഗം പോയില്ലെങ്കി നമ്മൾ ഇവിടെ..'' പറയാൻ വന്നത് ഞാൻ പാതിയിൽ നിർത്തി. ''നമ്മളിവിടെ...'' ഷാദ് ചോദിച്ചു. ''കുന്തം, ഷാദ് വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാണ്..'' എന്നും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയതും അവൻ എന്റെ മുന്നിൽ വന്നു നിന്നു. ''പറ നമ്മളിവിടെ റൊമാൻസ് കളിക്കുവാണെന്നു കരുതും.. ഇതല്ലേ നീ പറയാൻ പോയത്.'' അവൻ കള്ളച്ചിരി ചിരിച്ചോണ്ട് ചോദിച്ചു. ''അയ്യടാ നല്ല പൂതി. നമ്മൾ ഇവിടെ അടി കൂടുവാണെന്നു കരുതും എന്നാ പറയാൻ വന്നത്. മോൻ പോയി ഫ്രഷ് ആവൂ.'' എന്നും പറഞ്ഞു ഷാദിനെ ബാത്റൂമിലേക്കു തള്ളി വിട്ടു.

സത്യം പറഞ്ഞാൽ അവൻ പറഞ്ഞ പോലെയാ ഞാൻ പറയാൻ പോയത്. പക്ഷെ അങ്ങനെ പറഞ്ഞാൽ ആ കൊരങ്ങൻ എന്നെ കളിയാക്കി കൊല്ലും. അവൻ ഫ്രഷ് ആയി ഇറങ്ങി. ഒരു ടി ഷർട്ടും ത്രീ ഫോർത്തും ആണ് വേഷം. ഇവന് മര്യാദക്ക് തുണി ഉടുത്തു നടന്നൂടെ.. ഞങ്ങൾ പുറത്തേക്കു നടന്നു. എല്ലാരും ഞങ്ങളെ വെയിറ്റ് ചെയ്തു നിക്കുവാരുന്നു. എല്ലാത്തിന്റേം മുഖം കടന്നാൽ കുത്തിയ മാതിരി ഉണ്ട്. ഞാൻ വേഗം കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തതും എല്ലാരും കൂടി ഷാദിനെ കൊന്നു വച്ച്. @@@@@@@@@@@@@@@@@@@@@@@@@@@@ അലവലാതി എല്ലാം കൂടി എന്റെ തലയിൽ ഇട്ടു. എല്ലാരും കൂടി എന്നെ തല്ലി പരുവമാക്കി. അമ്മൂട്ടി പോലും എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഞങ്ങൾ ഞങ്ങടെ യാത്ര തുടങ്ങി. നേരെ പോയത് ശൈഖ് സായിദ് പള്ളിയിലേക്കാണ്. ഉച്ച വരെ ആ വെള്ള കല്ലിൽ കൊത്തി വച്ച മാസ്മരിക ലോകത്തു ഞങ്ങൾ പറന്നു നടന്നു.. അവിടുന്ന് ഇറങ്ങി നേരെ ഫുഡ് കഴിക്കാൻ പോയി. അപ്പൊ എല്ലാം കൂടി അടി ആയി.

കുറെ പേർക്ക് ബിരിയാണി വേണം. കുറെ പേർക്ക് ഊണ് വേണം. കുറെ പേർക്ക് ചപ്പാത്തി മതി. അവസാനം ഞമ്മളെ വണ്ടിന്റെ ഡ്രൈവർ ഹക്കീമിക്ക നല്ല ചോറും മീൻ പൊരിച്ചതും കിട്ടുന്ന ഒരു സ്ഥലം ഉണ്ട്, സ്പെഷ്യൽ ആണ് എന്നൊക്കെ പറഞ്ഞു അങ്ങോട്ട് കൊണ്ട് പോയി. അവിടെ നല്ല വെറും ചോറും മത്തിക്കറിയും ശേരിയും അയിലയും പൊരിച്ചതും കിട്ടി. ആദ്യം കണ്ടപ്പോ എല്ലാർക്കും ദേഷ്യം വന്നെങ്കിലും പിന്നെ കഴിച്ചപ്പോ മാഷാ അല്ലാഹ്, ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. നല്ല പോലെ കഴിച്ചിട്ടാണ് അവിടുന്ന് ഇറങ്ങിയേ. അതോണ്ടെന്നേ ഇനി ഇക്ക പറയുന്ന പോലെ ചെയ്യുള്ളു എന്ന് ഉറപ്പിച്ചു. പിന്നെ ഞങ്ങൾ പോയത് യാസ് അയലണ്ടിലേക്കു ആയിരുന്നു. അവിടെ കറങ്ങി തിരിഞ്ഞു ആറു മണി ആയപ്പോ തിരിച്ചു റിസോർട്ടിലേക്കു പോയി. എല്ലാരും നേരെ റൂമിലേക്ക് പോയി, ഫ്രഷ് ആയി ഞങ്ങളെ റൂമിലേക്ക് വന്നു. അവിടെ ഇരുന്നു കത്തി അടിക്കാൻ തുടങ്ങി. ''ആഷിയും സിനുവും കൂടി ഉണ്ടെങ്കി അടിപൊളി ആയേനെ അല്ലെ..'' ഞാൻ പറഞ്ഞു. ''ആഹ് യാസിയും കൂടി വേണമായിരുന്നു..'' ആമി എന്നെ ചൂടാക്കാൻ വേണ്ടി പറഞ്ഞു. ''ആഹ് എന്നിട്ടു വേണമല്ലോ നിനക്ക് പേടിച്ചു നടക്കാൻ..'' ഞാൻ പറഞ്ഞതും എല്ലാരും ചിരിച്ചു. സെല്ഫ് ഗോൾ അടിച്ച നിർവൃതിയിൽ അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.

''അല്ല ഈ റിസോർട്ടിൽ എന്താ രാത്രി പ്രോഗ്രാംസ് ഒന്നും ഇല്ലേ...'' ആമി വേഗം വിഷയം മാറ്റാനായി ചോദിച്ചു. ''പിന്നെ ഞങ്ങൾ രാത്രി ആവാൻ കാത്തിരിക്കുവാണ്..'' എന്നും പറഞ്ഞു സച്ചു ചാരുവിന്റെ കൈ പിടിച്ചു. അവള് വേഗം അത് തട്ടി മാറ്റി അവനെ നോക്കി പേടിപ്പിച്ചു.. ഞങ്ങൾ അതൊക്കെ കണ്ടു ചിരിക്കുമ്പോൾ ആണ് ഇവിടെ ഒരു ട്യൂബ് ലയിറ്റിന്റെ ചോദ്യം വന്നത്. ''ഏ എന്നിട്ടു എന്നോടാരും പറഞ്ഞില്ലല്ലോ... എന്താ പ്രോഗ്രാം.. ഡാൻസും പാട്ടും ഒക്കെ ആണോ.. എന്റർടൈനിംഗ് ആയിരിക്കോ??? അതോ വല്ല ഒണക്ക ഡാൻസും ആവോ???'' ആമിയാണ്. ''ഡാൻസും പാട്ടും ഒന്നും അല്ല. പക്ഷെ എന്റർടൈനിംഗ് ആയിരിക്കും അല്ലെ മോളെ..'' എന്നും ചോദിച്ചു സച്ചു ചാരുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു. ''ആണോ അതെന്താ പ്രോഗ്രാം..'' ആമി വീണ്ടും ചോദ്യവും കൊണ്ട് വന്നു. ഇങ്ങനൊരു സാധനം.. എന്നെ നാണം കെടുത്താൻ അല്ലാണ്ടെന്തു. ''അതേ കപ്പിൾ കോമ്പറ്റിഷൻ ആണ്...'' പ്രവീൺ പറഞ്ഞു. ''ക്വിസ് ആണോ എന്ന നമ്മക്കും പങ്കെടുക്കാം ഷാദ്..'' അവൾ മൊത്തം എക്‌സൈറ്റഡ് ആയി. എല്ലാരും അവളെ പറച്ചിൽ കെട്ട് ഇരുന്നു ചിരിക്കാണ്. അവളെ കളിയാക്കാൻ നോക്കീട്ടു ഞാൻ ശരിക്കും ചമ്മി അല്ലാണ്ടെന്തു. ''ക്വിസ് അല്ലെടീ കിസ്.. ഇങ്ങനൊരു മോയന്ത്‌...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

എല്ലാരും ചിരിക്കാൻ തുടർന്നു. അത് കണ്ടപ്പോ അവൾ ഇരുന്നു എന്തോ ആലോചിക്കാൻ തുടങ്ങി. അവസാനം അവൾക്കു കാര്യം മനസ്സിലായി എന്ന് അവളെ മുഖം കണ്ടപ്പോ മനസ്സിലായി. ''ടാ ദുഷ്ടൻ ഏട്ടൻമാരെ..'' എന്നും പറഞ്ഞു അവൾ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്തു സച്ചുവിനെയും പ്രവീണിനെയും അടിക്കാൻ തുടങ്ങി. ''അങ്ങനെ തന്നെ നല്ലോണം കൊടുക്ക്.. കൊച്ചു കുട്ടികളോട് ഇങ്ങനെ ആണോ സംസാരിക്കുക. അവൾക്കിതു വരെ മാപ് പറഞ്ഞു കൊടുക്കാതെ വീട്ടിലേക്കു പോവാൻ പോലും അറിഞ്ഞൂടാ..'' ഷാജു ആണ്. ''മാപ്പോ...'' ഞാൻ ചോദിച്ചു. ''അതെ നിനക്കറിയില്ലേ ഡോറയുടെ മാപ്പ്... അതിനോട് ചോദിച്ചിട്ടാ അവള് വീട്ടി പോവാറ് അല്ലെ ആമീ...'' ഷാജു ''പോടാ ഇക്കാക്കാ.. ഡോറയുടെ മാപ്പ് അല്ല ഇങ്ങളെ കെട്ടിയോളെ മാപ്പ്..'' എന്നും പറഞ്ഞു ഷാജുനെയും പില്ലോ വച്ച് നല്ലോണം അടിച്ചു. ഞാൻ ഇതൊക്കെ കണ്ടു ചിരിച്ചു മരിക്കായിരുന്നു. ''അയ്യോടാ മോന് ചിരി കൺട്രോൾ ചെയ്യാനേ പറ്റുന്നില്ലേ...'' എന്നും ചോദിച്ചു ആമി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. കയ്യിൽ ആണെങ്കിൽ ഇപ്പൊ പില്ലോക്കു പകരം ഫ്ലവർ വേസ് ആണ്. ''ഏയ് ആര് പറഞ്ഞു.

ഞാൻ ചിരി നിർത്തിയല്ലോ.. ഇപ്പൊ കരച്ചില് വരുന്ന പോലെ ഉണ്ട്..'' ഞാൻ പറഞ്ഞു. ''ആണോ എന്നാ ഞാൻ ശരിക്കും വരുത്തിച്ചു തരാം'' എന്നും പറഞ്ഞു അവൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. അത് കണ്ടതും ഞാൻ എണീറ്റ് ഓടി. ബുദ്ധിയില്ലാത്ത പെണ്ണാ ചിലപ്പോ അത് വച്ച് എന്റെ തല അടിച്ചു പൊളിച്ചെന്നും വരും. മറ്റവർക്കൊക്കെ ഇടി കിട്ടിയാൽ നോക്കാൻ ഭാര്യമാരുണ്ട് ഞമ്മക്കങ്ങനെ വല്ലോം ആണോ.. ഞാൻ ഓടി റൂമിന്റെ ഡോർ തുറന്നു പുറത്തിറങ്ങി. അത് കണ്ടാൽ അവൾ അടങ്ങുമെന്നാ വിചാരിച്ച. എവിടെ അവളും എന്റെ പിന്നാലെ വന്നു. ഞങ്ങള് ആ റിസോർട്ടിന്റെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുവാണ്. അവളെ കയ്യിലാണെങ്കിൽ ആ ഫ്ലവർ വേസും ഉണ്ട്. ബാക്കി ജന്തുക്കളൊക്കെ ഞങ്ങളെ കളി കണ്ടു പുറത്തിറങ്ങി. ഇപ്പൊ എല്ലാ എണ്ണവും ഭാര്യമാരെ മടിയിൽ തലയും വച്ച് മോളിലോട്ടു നോക്കി കിടക്കാണ്.

തെണ്ടികൾ ഓരോന്ന് തുടങ്ങി വച്ചിട്ട് ഒന്നും അറിയാത്ത പോലെ കിടക്കുന്ന കണ്ടില്ലേ. ഞാൻ ഓടുന്നതിനിടയിൽ ആദ്യം സച്ചുവിനും പിന്നെ പ്രവീണിനും ഓരോ ചവിട്ടു കൊടുത്തു തള്ളിയിട്ടു. ഷാജു സേഫ് സൈഡ് നോക്കി അമ്മുക്കുട്ടിയെ എടുത്തു മേത്തു കിടത്തി. അവസാനം തളർന്നു ആമി പോയി അവിടെ സ്റ്റെപ്പിന്റെ സൈഡിൽ ഇരുന്നു. ഞാനും മെല്ലെ എന്റെ ഓട്ടം നിർത്തി അവളുടെ അടുത്തേക്ക് നടന്നു. ഏതായാലും ആമിയുടെ മുഖത്ത് പഴയ ചിരി കാണാൻ ഉണ്ട്. അല്ലെങ്കിൽ അന്നത്തെ രാത്രിക്കു ശേഷം എപ്പോളും ഒരു തരാം ടെൻഷൻ ആണ്. അവളുടെ ചിരിക്കുന്ന മുഖം ആണ് എനിക്ക് ഇഷ്ട്ടം. അറിയാതെ ഞാനും പുഞ്ചിരിച്ചു. പെട്ടെന്ന് മുറ്റത്തുന്നു അകത്തേക്ക് കേറുമ്പോ പുറത്തേക്കിറങ്ങുന്ന ഒരാളുമായി ഞാൻ കൂട്ടി ഇടിച്ചു. ''ഓ സോറി.. ഞാൻ കണ്ടില്ല'' എന്നും പറഞ്ഞു ഞാൻ ആ മുഖത്തേക്ക് നോക്കിയതും ആളെ കണ്ടു ഞാൻ ഒന്ന് ഷോക്ക് ആയി. ഞാൻ തിരിഞ്ഞു ആമിയെ നോക്കിയപ്പോ അവളും ഞെട്ടിയിട്ടുണ്ട്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story